Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.
സ്വർണ്ണനക്ഷത്രങ്ങൾ part – 15
രചന : Vineetha
തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
തടവിലാക്കപ്പെട്ട പട്ടാളക്കാരുടെ മോചനത്തെ കുറിച്ച് പുതിയ പ്ലാനിങ് നടത്തുന്ന ക്യാപ്റ്റനും ടീമും.
മണിക്കുട്ടൻ ദാസിന്റെയും ഷാനവാസിന്റെയും ഡെഡ് ബോഡി സൈനികർക്ക് ലഭിക്കുന്നു. മധുബാല അജ്ഞാതരാൽ കിഡ്നാപ് ചെയ്യപ്പെടുന്നു. ഒരു ദുസ്വപ്നംത്തിലൂടെ ബിനോയ് മധുവിന് ആപത്തു ഉണ്ടായത് മനസിലാക്കുന്നു. മധുബാല അജ്ഞാതമായ ഒരിടത്തു തടവിൽ ആക്കപെട്ടിരിക്കുന്നു. ക്യാപ്റ്റനും ടീമും സൈനികരെ മോചിപ്പ B4ക്കാൻ ദേവദാരു വനത്തിലേക്ക് പുറപ്പെടുന്നു.
*തുടർന്ന് വായിക്കുക*
മുസാഫിർ വാതിൽ മലർക്കെ തുറന്നിട്ടു. ഇരുട്ടും തണുപ്പും അഴുകിയ ഗന്ധവും നിറഞ്ഞുനിന്നിരുന്ന മുറിയിൽ വെളിച്ചവും കാറ്റും കടന്നുവന്നു. അലി രണ്ടു ചുവടു മുന്നോട്ടു നീങ്ങി നിന്ന് എല്ലാവരെയും വിശദമായി ഒന്നു നോക്കി.
” നിങ്ങളുടെ ഗവർമെന്റ്നോ ഇന്ത്യൻ പട്ടാളത്തിനൊ നിങ്ങളെ വേണമെന്നില്ല കാവൽപട്ടികളെ ”
അലി കാർക്കിച്ചു തുപ്പിയ വാചകങ്ങൾ അയാളുടെ വിസർജ്യം പോലെ അവരുടെ മേൽ വന്നു വീണു.
” തെറ്റുപറ്റിയത് ഞങ്ങൾക്കാണ്. തട്ടിക്കൊണ്ടു വരേണ്ടിയിരുന്നത് നിങ്ങളെ ആയിരുന്നില്ല. വല്ല മന്ത്രിമാരുടേയും വളർത്തു നായ്ക്കളെ ആയിരിക്കണമായിരുന്നു. എങ്കിൽ ഞങ്ങളുടെ ലീഡറെ മാത്രമല്ല. ആവശ്യപ്പെട്ടാൽ തീഹാർ ജയിലിൽ കഴിയുന്ന മുഴുവൻ പ്രവർത്തകരെയും മോചിപ്പിക്കു മായിരുന്നു നിങ്ങളുടെ ഗവൺമെന്റ്”
ആത്മരോഷത്താൽ അവരുടെ തല മരവിച്ചു. രാജ്യത്തെ ഒരു മന്ത്രിയുടെ വളർത്തുനായയുടെ വില പോലും പട്ടാളക്കാരനില്ലന്നു പറഞ്ഞ ആ നാവ് അരിഞ്ഞു തള്ളുവാൻ മനം കുതിക്കുന്നത് അവർ ഓരോരുത്തരുമറിഞ്ഞു. കണ്ണുകളിൽ ആളിക്കത്തുന്ന തീ ഒളിപ്പിച്ചു ബിനോയ് അലിയെ നോക്കി. അവന്റെ ചുണ്ടിലെ പരിഹാസച്ചിരി അലി തിരിച്ചറിഞ്ഞു.
” ഗവൺമെന്റ് ഞങ്ങൾക്ക് വിലകുറച്ചത് കൊണ്ടല്ല നിങ്ങളുടെ ആവശ്യം അംഗീകരിക്കാത്തത്. പട്ടാളക്കാരന്റെ ജീവനും സ്വത്തിനുമല്ല, ഇന്ത്യൻ ജനതയുടെ ജീവനും സ്വത്തിനുമാണ് ഞങ്ങളുടെ ഗവൺമെന്റ് മുൻതൂക്കം കൊടുത്തിരിക്കുന്നത്. ഞങ്ങൾക്ക് പകരം നിങ്ങളുടെ നേതാവ് മോചിപ്പിക്കപ്പെട്ടാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തിനിടയ്ക്ക് മറ്റൊരു മഹാ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും രാജ്യത്തിന്..
ആ ദുരന്തത്തിൽ ഏഴ് പേരുടെ ജീവൻ അല്ല 700 പേരുടെ ജീവൻ പൊലിയും. അതൊഴിവാക്കാൻ ഗവൺമെന്റിന് ഞങ്ങളേഴ് പേരെ ത്യജിക്കേണ്ടി വരുന്നെങ്കിൽ അത് എന്റെ രാജ്യത്തിന്റെ ഏറ്റവും മികച്ച പൗര സ്നേഹമാണ്. അതിനു മുന്നിൽ ഞങ്ങൾ നമിക്കുന്നു”
മരണത്തെ അവർ ഭയക്കുന്നില്ലെന്ന് മനസ്സിലാക്കിയ അലിയുടെ മുഖത്തെ ചിരി മാഞ്ഞു. ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു. പിന്നാലെ മുസാഫിറും.
ബിനോയ് കൂട്ടുകാരെ നോക്കി. അവരെല്ലാം ജാഗരൂകരായിരുന്നു. ജീവിതവും മരണവും തമ്മിലുള്ള ഒരു അവസാന പോരാട്ടമാണ്. ജീവിതത്തിലേക്ക് മടങ്ങുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പോരാട്ടം.
നാടും വീടും ഉറ്റവരും ഉടയവരും ഓർമ്മകളിലെ തോണിയിൽ കടലോളങ്ങളിൽ ആടിയുലയുന്ന വിദൂര കാഴ്ചയിലേക്ക് ഒരു നിമിഷം മനസ്സ് പറന്നു.
സ്നേഹവാത്സല്യങ്ങളുടെയും സൗഹൃദങ്ങളുടെയും ഹൃദയത്തെ തൊട്ടറിഞ്ഞ ആദ്യ പ്രണയത്തിന്റെ വികാരതുടുപ്പുകളുടെ ഊഷ്മളതയും വേർപാടിന്റെ വേദനയും മോഹഭംഗങ്ങളും അവിടെ മിഴിവോടെ തെളിഞ്ഞു. ആ അവർണ്ണനീയമായ വികാരവിചാരങ്ങൾ അമൂല്യമായ അനുഭൂതികളാൾ അനാവരണം ചെയ്യപ്പെട്ട് അവരുടെ ഹൃദയത്തെ ആനന്ദിപ്പിക്കുകയും അതികഠിനമായി നോവിക്കുകയും ചെയ്തു.
ഇനി അതൊന്നും ഇല്ല എന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ഏതൊരു മനുഷ്യനെയും എന്നപോലെ അവരുമറച്ചു നിന്നു . ഒരിക്കലും മടങ്ങി വരില്ലെന്നുറപ്പായാലും ഒരു നോക്കു കൂടി ഒന്ന് കാണുവാൻ കൊതിച്ച്, ഒരിക്കലും സാധ്യമാകാത്ത ആശയിൽ ദഹിച്ചു മരിച്ചു ജീവിക്കുന്നവരെ കുറിച്ചുള്ള ചിന്ത അവരെ ഭ്രാന്ത് പിടിപ്പിക്കാൻ പോന്നതായിരുന്നു.
മരണത്തേക്കാളുമധികം അതവരെ നടുക്കി…
വയ്യാ..
മരണത്തെക്കാൾ ഭയാനകമായ ഈ കാത്തിരിപ്പിനി വയ്യ. അവസാനമായി രാജ്യത്തിനുവേണ്ടി ശത്രു നിരയിൽ ഒരാളെയെങ്കിലും അവസാനിപ്പിച്ചു കൊണ്ടു വേണം പോകാൻ. ആ ചിന്ത തന്നെ അവരെ ശാന്തരാക്കി. മണിക്കുട്ടനും റോയിയും മുന്നിൽ നിൽക്കുന്നത് പോലെ..
അവരുടെ മുഖത്ത് മരിച്ചവന്റെ നിസ്സഹായത അല്ലെന്നവർ തിരിച്ചറിഞ്ഞു. പ്രതികാരത്തിന്റെ അഗ്നി..
ഷാനവാസ് രോഹിത്തിനെ നോക്കി. നേരിയ ഞരക്കം ഉണ്ടെന്നു മാത്രം. ബിനോയിയും ഷാനവാസും ചേർന്ന് രോഹിത്തിനെ നീക്കി വാതിലിനരികിലെ ഭിത്തിക്കരുകിലെത്തിച്ചു വശം ചരിച്ചു കിടത്തി. ഉണ്ണികൃഷ്ണനും സന്ദീപും വാതിലിന് മറുവശത്ത് ചുവർ ചേർന്നും ഷാനവാസും ബിനോയിയും ഇപ്പുറത്ത് ചേർന്നും നിലയുറപ്പിച്ചു.
ഹൃദയം പുറത്തേക്ക് തെറിച്ചു പോകുന്ന നിശബ്ദത. ശക്തമായ ശ്വാസഗതി നിയന്ത്രിക്കുവാൻ ശ്രമിച്ചുകൊണ്ടവർ ചുമരൊട്ടി നിന്നു.
തുറന്നുകിടന്ന വാതിലിൽ മുന്നിലേക്ക് നിഴലുകൾ അടുത്തുവരുന്നു.
നിമിഷങ്ങൾ…
തലച്ചോറിലെ സർവ്വ ഞരമ്പുകളും വലിഞ്ഞു മുറുകുന്നു..
മിഴികൾ ഒന്നടച്ചു തുറന്നു. ചങ്ങല ഉരഞ്ഞ കൈകളെ ചെയ്യേണ്ട കർത്തവ്യം ഓർമ്മപ്പെടുത്തി..
മുസാഫിറിന്റെ പാദങ്ങൾ വാതിലിനു നേരെ വരുന്നു..
എത്ര ശ്രമിച്ചിട്ടും കഴിയാതെ മധുബാലയുടെ മുഖം ബിനോയുടെ കണ്ണുകളിൽ ഒരു മാത്ര തെളിഞ്ഞു. അറിയാതെ അധരം’ മധൂ ‘എന്ന് മന്ത്രിച്ച ആ നിമിഷത്തിൽ തന്നെ വാതിലിനു കുറുകെ ഷാനവാസ് നീട്ടിയ കാലുകളിൽ തട്ടി മുസാഫിർ മുറിയിലേക്ക് ഒരലർച്ചയോടെ കമിഴ്ന്നടിച്ചു വീണു.
തുടരും