Home Latest ഓ, അവനു പെണ്ണിനെ ബലാൽക്കാരം ചെയ്യാൻ കഴിയില്ലല്ലോ.. ശിഖണ്ഡിയ ല്ലേ അവൻ..? Part – 14

ഓ, അവനു പെണ്ണിനെ ബലാൽക്കാരം ചെയ്യാൻ കഴിയില്ലല്ലോ.. ശിഖണ്ഡിയ ല്ലേ അവൻ..? Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 14

രചന : Vineetha

തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
തടവിലാക്കപ്പെട്ട പട്ടാളക്കാരുടെ മോചനത്തെ കുറിച്ച് പുതിയ പ്ലാനിങ് നടത്തുന്ന ക്യാപ്റ്റനും ടീമും.

മണിക്കുട്ടൻ ദാസിന്റെയും ഷാനവാസിന്റെയും ഡെഡ് ബോഡി സൈനികർക്ക് ലഭിക്കുന്നു. മധുബാല അജ്ഞാതരാൽ കിഡ്നാപ് ചെയ്യപ്പെടുന്നു. ഒരു ദുസ്വപ്നംത്തിലൂടെ ബിനോയ്‌ മധുവിന് ആപത്തു ഉണ്ടായത് മനസിലാക്കുന്നു. ബിനോയിയെയും കൂട്ടുകാരെയും മോചിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു ക്യാപ്റ്റൻ രവിചന്ദ്രകുമാറും ടീമും ദേവതാരു വനത്തിലേക്ക് പുറപ്പെടുന്നു.

*തുടർന്ന് വായിക്കുക*

കൺപോളകളിലെ ഭാരത്തോടെ മധുബാല മിഴികളുയർത്തി. തുറന്ന മിഴികൾക്കു മുൻപിൽ ഇരുട്ടു മാത്രം. വിജനതയിൽ നിന്ന് വന്നലയ്ക്കുന്നതുപോലെ ചില ശബ്ദങ്ങൾ.

സ്ത്രീകളുടെ തർക്കങ്ങളും പശുക്കളുടെ അമറലും കുട്ടികളുടെ കരച്ചിലും എല്ലാം അതിലുണ്ട്.
കിടന്ന കിടപ്പിൽ തന്നെ മധുബാല കൈകൊണ്ട് ചുറ്റും തപ്പി നോക്കി. തണുത്ത പരുക്കൻ പ്രതലം.

തളർച്ചയോടെ കൈകുത്തി എഴുന്നേറ്റിരുന്നു.
തണുപ്പിൽ കുളിർന്നു വിറച്ചപ്പോൾ മനസിലായി പുതച്ചിരുന്ന ഷാൾ ഇല്ലെന്ന്. ആ തിരിച്ചറിവിൽ ചില മിന്നൽപിണരുകൾ മനസ്സിലുണ്ടായി.

കഴിഞ്ഞുപോയ സമയമത്രയും എന്താണ് സംഭവിച്ചത്..?
ഓർമ്മകളുടെ അവസാന നിമിഷങ്ങളിലേക്ക് അവളൊന്നു ചികഞ്ഞു നോക്കി.
ഭക്തിയേക്കാളുപരി പ്രശാന്തത നിറഞ്ഞുനിൽക്കുന്ന സ്വർഗ്ഗാശ്രമത്തിൽ നിന്ന് ഇറങ്ങി നടന്നുവരികയായിരുന്നല്ലോ..

അവൾ തിടുക്കത്തിൽ ശരീരം പരിശോധിച്ചു. ചുരിദാറും അതിനുള്ളിലെ അടിയുടുപ്പുകളും സുരക്ഷിതമാണ്.. ശരീരത്തിൽ എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നില്ല.

അപ്പോളവർ തന്നെ ബലാൽക്കാരം ചെയ്തില്ലേ..??
അല്ലങ്കിൽ, തന്നെ പിടിച്ചു കൊണ്ട് വന്നത് കലേഷ് നിയോഗിച്ച വരാണെങ്കിൽ അവൻ…..

ഓ, അവനു പെണ്ണിനെ ബലാൽക്കാരം ചെയ്യാൻ കഴിയില്ലല്ലോ.. ശിഖണ്ഡിയ ല്ലേ അവൻ..?

താള ഭ്രംശം വന്ന ചിരിയോടെ മധുബാല കാൽമുട്ടുകളിൽ മുഖം കുനിച്ചിരുന്നു.
എവിടെനിന്നോ സ്ത്രീകളുടെ സ്ഫുടം അല്ലാത്ത ഭാഷയിലെ അട്ടഹാസം കാതിൽ വന്നലച്ചു. ആ ശബ്ദങ്ങളെ തിരസ്കരിച്ചവൾ കണ്ണും കാതും തന്നിലേക്കൊതുക്കി.

സുപരിചിതമായ ഒരു നനുത്ത ഗന്ധം അരികിൽ..
ഈ ഗന്ധം..
മനസ്സും ശരീരവും ലയിപ്പിച്ചെടുക്കാൻ തീവ്രമായി മോഹിച്ച ഈ ഗന്ധം…

ഒരു വിഭ്രാന്തിയോടെവൾ എഴുന്നേറ്റു തലങ്ങും വിലങ്ങും നടന്നു. എങ്ങും എത്തുന്നില്ല. ചുവരുകളില്ലാത്ത മുറിയോ?
കണ്ണുകളെ ഇരുട്ടുമായി പൊരുത്തപ്പെടുത്താനവൾ ശ്രമിച്ചു.

മെല്ലെമെല്ലെ ഒരവക്ത വെളിച്ചം മിഴികളിൽ നിറഞ്ഞു.
ഒരു വലിയ ഗോഡൗൺ.. ഒരറ്റത്ത് തുണിയോ പാത്രങ്ങളൊ കിടക്കയോ എന്തൊക്കെയോ കിടക്കുന്നു. ഒരു നിമിഷത്തേക്കെങ്കിലും തന്നെ പുളകം കൊള്ളിച്ച ഗന്ധത്തിന് പകരം ക്രീമിന്റെയും പൗഡറിന്റെയും പെർഫ്യൂംമിന്റെയും തല പെരുപ്പിക്കുന്ന വാസനകൾ.

മധുബാല നടുങ്ങി.
ഇത്.. ഈ മണം…
ലാജ്പത് നഗറിലെ അനിയങ്കിളിന്റെ ഫ്ലാറ്റിലെ ടെറസിൽ വച്ച് സിരകളെ മരവിപ്പിച്ച മണം..

ഹിജഡകൾ… !

തളർന്നു പോയി.
കലേഷ് മധുബാല എന്ന പാവം പെണ്ണിന് ഒരുക്കിവെച്ചിരിക്കുന്ന നീചമായ ചതിക്കുഴിയുടെ ആഴം ഇപ്പോഴാണവൾ തിരിച്ചറിഞ്ഞത്.

മധുബാലയെ.. ബിനോയിയുടെ ഭാര്യയാവാൻ കൊതിച്ച, അവന്റെ അരുമക്കുഞ്ഞുങ്ങളുടെ അമ്മയാവാൻ മോഹിച്ച മധുബാലയെ ഒരു നപുംസകമാക്കി എന്നെന്നേക്കുമായി നരകത്തിൽ തളയ്ക്കുവാൻ കലേഷ് ഒരുക്കിയ കെണി..

അവൾ ബലം ചോർന്നു പോയ കാലുകൾ വലിച്ചു വെച്ച് സ്വപ്നത്തിലെന്നപോലെ രണ്ടുമൂന്നടി വെച്ചു. നിലത്തെ സിമന്റ് അടർന്ന പ്രതലത്തിൽ കാൽവിരൽ തട്ടി മുന്നോട്ടാഞ്ഞു. അസഹ്യമായ വേദന ഒരു നിമിഷം കൊണ്ട് തള്ള വിരലിൽ നിന്ന് പാദത്തിലേക്ക് പടരുന്നതറിഞ്ഞവൾ നിലത്തേക്കിരുന്നു. ചൂടുള്ള ദ്രാവകത്തിന്റെ നനവിൽ തൊട്ടപ്പോൾ കൈ വിരലുകൾ വിറച്ചു.

പൊട്ടിയടർന്ന തള്ളവിരലിന്റെ അഗ്രഭാഗത്തു നിന്നും ചോര പ്രവഹിക്കുന്നു. കുറച്ചു മാറി നടുവേ വലിച്ചു കെട്ടിയിരിക്കുന്ന അയയിൽ തൂങ്ങുന്ന തുണികളിൽ കണ്ണുകൾ ഉടക്കിയപ്പോൾ എഴുന്നേറ്റു അരികിലേക്ക് വേച്ചു വേച്ചു നടന്നു.

പലനിറങ്ങളിൽ തൂങ്ങികിടക്കുന്ന സാരികൾ. നീട്ടിയ കൈ അവൾ പെട്ടന്ന് പിൻവലിച്ചു.

വേണ്ട.. അർത്ഥ നാരികളുടെ ഉടുചേല കൊണ്ട് മധുബാലയുടെ ചുടുചോര പൊതിയേണ്ടതില്ല..

ചോര ഒഴുകുന്ന, അനുനിമിഷം വേദന ഏറുന്ന പാദങ്ങളോടയവൾ തിരിഞ്ഞു നടന്നു. അടഞ്ഞ ഷട്ടറിനു മുന്നിൽ അതവസാനിച്ചു. നേരത്തെ കേട്ട ഒച്ചകൾ ഇപ്പോൾ വളരെ അടുത്ത് കേൾക്കുന്നു. പശുക്കളുടെ ചിനപ്പും സ്ത്രീപുരുഷന്മാരുടെ തെറിപദങ്ങളും കുട്ടികളുടെ കാറലും മാത്രം.
വാഹനങ്ങളുടെ ശബ്ദം തീരെ ഇല്ല. അപ്പോളിത് ഏതോ ജൂഹിയിലെ പുറംപ്പോക്ക് ഏരിയ ആണ്.ഷട്ടറിൽ ചാരി നിലത്തേക്കിരുന്നു.
നിർബന്ധിതമായി പൂട്ടിയ മിഴികൾക്കുള്ളിലേക്കവൾ വീണ്ടും ചുരുണ്ടു കൂടി.

കാതുകൾക്കരികെ മഞ്ഞിന്റെ നനവുള്ള സ്വരം..

“മധൂ.. ”
“ഉം ”
അവളൊന്നു മൂളി.

“മധൂ നിനക്കു റൊമാന്റിക് ആയിട്ടൊന്നു സംസാരിച്ചൂടെ?
ലഡാക്കിലെ ഇരുന്നൂറു വർഷങ്ങൾ പരം പഴക്കമുള്ള ഐസ് ഉരുക്കിയെടുക്കാനിതിലും എളുപ്പമാണല്ലൊ . ”

കാശ്മീരിലെ മഞ്ഞുമലകളിൽ എവിടെയോ നിന്ന് ഫോൺ അധരത്തോടു ചേർത്ത് തീവ്രമായ അനുകമ്പയോടെ ബിനോയി അതു പറയുമ്പോൾ
ഹൃദയത്തിൽ പൂത്തു വിടർന്ന പ്രണയഭാവം അവിടെത്തന്നെ ബലാത്കാരമായി അടക്കി ഗൗരവത്തോടെ പരിഭവിച്ചു.

” എപ്പോഴും പ്രണയത്തെക്കുറിച്ചു മാത്രം സംസാരിക്കുന്നത് കള്ളന്മാരുടെ ലക്ഷണമാണ്. വാർധക്യകാലത്തെ ജീവിതത്തെക്കുറിച്ച് പറയൂ.. മകൻ പറയുന്നു, അപ്പൻ മകളുടെ കൂടെ നിൽക്കട്ടെയെന്ന്. അമ്മ അവരുടെ കൂടെയും അതാകുമ്പോ അവന്റെ കുട്ടികളെ നോക്കാനും അടുക്കളപ്പണി ചെയ്യാനും ഒരാളാകുമല്ലോ..
എന്ത് പറയുന്നു..? എന്നെ അവന്റെ ഭാര്യയ്ക്ക് വിട്ടുകൊടുത്തു മകളുടെ ഫ്ലാറ്റിലെ ഒറ്റപ്പെടലിലേക്ക് ചേക്കേറുമോ?

സ്തംഭിച്ചു പോയിരിക്കണം. ആ നിശബ്ദത അങ്ങനെ തോന്നിപ്പിച്ചു. നാലുനിമിഷങ്ങൾക്ക് ശേഷം അരിശത്തോടെ പ്രതിവചിച്ചു.

” ഇതിന്റെ മറുപടി ഈ ഫോണിലൂടെ അല്ല നേരിട്ട് പറഞ്ഞു തരാം ഞാൻ. ”

” പോര..ഇപ്പോ ഇപ്പൊ പറയണം…
മക്കൾ പങ്കുവയ്ക്കാനൊ രുങ്ങിയാൽ, വേർപ്പെടുത്താനൊ രുങ്ങിയാൽ, ഇന്ന് നെഞ്ച് വിരിച്ചു നിൽക്കുന്ന ഈ പട്ടാളക്കാരൻ അന്ന് നെഞ്ചു തടവി മുഖം കുനിച്ചു നിൽക്കുമോയെന്നെനിക്കിപ്പോൾ അറിയണം”

വീണ്ടും മറുപുറം മൗനനിശ്വാസം..
ഒടുവിൽ..

” ഇങ്ങനെ ഒരു ഭയം ഇപ്പോഴെ ആ മനസിനെ കുത്തിനോവിക്കുന്നുവെങ്കിൽ… ”

“എങ്കിൽ..?

പൂരിപ്പിക്കാൻ തിടുക്കപ്പെട്ടു.

” എങ്കിൽ വേർപ്പെടുത്താൻ മാത്രമായി നമുക്കെന്തിന് മക്കൾ.. മാതാപിതാക്കളെ പങ്കുവയ്ക്കുന്ന ആ മക്കളെ ജനിപ്പിക്കണോയെന്ന് എനിക്കൊന്നു ആലോചിക്കണം..”

ഉള്ളിൽ അടക്കിപ്പിടിച്ച ചിരി പൊട്ടി പോയി. എല്ലാം മറന്ന് പൊട്ടിച്ചിരിച്ചു. അങ്ങേത്തലയ്ക്കലെ മൗനം ആ ചിരി ഏറ്റുവാങ്ങുന്ന ആനന്ദത്തിൽ ആണെന്നറിഞ്ഞു പിന്നെയും പിന്നെയും ചിരിച്ചു.

മധുബാല ഹൃദയത്തിൽ നിന്നലച്ചൊരു ഏങ്ങലോടെ നിലത്തേക്ക് ചാഞ്ഞു വീണു. പരുക്കൻ നിലത്തെ പൊടിയിൽ കിടന്നവൾ ഉരുണ്ടു.

“ബിനോ…
അവസാനിക്കുകയാണ്.. എല്ലാമെല്ലാം അവസാനിക്കുകയാണ്..
നിന്റേതു മാത്രമാവാൻ ദഹിച്ച മധുബാലയുടെ ജീവിതം കലേഷിന്റെ കാൽചുവട്ടിൽ എന്നന്നേക്കുമായി അവസാനിക്കുകയാണ്…
മിത്ര ആശ്വസിപ്പിക്കാൻ പറയുമ്പോലെ ബിനോ ഇനി മടങ്ങി വരില്ല..
മനസ്സു ഒരായിരം തവണ അത് പറഞ്ഞു കഴിഞ്ഞു. മധുബാലയോട് മനസ്സു പറഞ്ഞതൊന്നും പാഴായി പോയിട്ടില്ല..”

തണുത്ത പരുക്കൻ പ്രതലത്തിൽ കിടന്നവൾ വാവിട്ടു നിലവിളിച്ചു.
ഹൃദയം തകർന്ന ആ നിലവിളി ആരും കേൾക്കാനില്ലാതെ നാലു ചുവരുകളിൽ തട്ടി അവളിലേക്ക് തന്നെ ആഴ്ന്നിറങ്ങി..
തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here