Home Latest കാഴ്ചകൾ അതിവേഗം പിന്നിലേക്കോടുമ്പോൾ ബോധത്തിനും അബോധത്തിനും ഇടയിൽ പെട്ടുഴറി കൊണ്ടവൾ കാറിനുള്ളിലെ അപരിചിതരെ നോക്കി മിഴിച്ചിരുന്നു..

കാഴ്ചകൾ അതിവേഗം പിന്നിലേക്കോടുമ്പോൾ ബോധത്തിനും അബോധത്തിനും ഇടയിൽ പെട്ടുഴറി കൊണ്ടവൾ കാറിനുള്ളിലെ അപരിചിതരെ നോക്കി മിഴിച്ചിരുന്നു..

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 12

രചന : Vineetha

തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
തടവിലാക്കപ്പെട്ട പട്ടാളക്കാരുടെ മോചനത്തെ കുറിച്ച് പുതിയ പ്ലാനിങ് നടത്തുന്ന ക്യാപ്റ്റനും ടീമും.
മണിക്കുട്ടൻ ദാസിന്റെയും ഷാനവാസിന്റെയും ഡെഡ് ബോഡി സൈനികർക്ക് ലഭിക്കുന്നു.
*തുടർന്ന് വായിക്കുക*
പ്രഭാതത്തിലെ മഞ്ഞുവീഴ്ച കൊണ്ട് റിക്ഷ വളരെ പതുക്കെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. റിക്ഷയിൽ തണുത്തു ചൂളി മധുബാല മുഖം കുനിച്ചിരുന്നു.
പതിവ് പോലെ മിത്ര ഇന്നും ഹോസ്പിറ്റലിലേക്ക് ഒപ്പം ചെല്ലാൻ നിർബന്ധിച്ചത് കൂട്ടാക്കാൻ എന്നത്തേയും പോലെ ഇന്നും കഴിഞ്ഞില്ല.

തരിശ് നിലമായിരുന്ന തന്റെ മനസ്സ് വെട്ടിയൊരുക്കി നനവുള്ള മണ്ണാക്കി പ്രണയ വിത്തുകൾ പാകി മുളപ്പിച്ചവൻ എവിടെയോ ജീവിതത്തിനും മരണത്തിനുമിടയിൽ അന്ത്യ വിധി കാത്തു കിടക്കുമ്പോൾ
എങ്ങനെ ഹോസ്പിറ്റലിൽ ചെന്നു ജോലിയിൽ ശ്രദ്ധിക്കാൻ പറ്റും..

മിത്ര ഇറങ്ങിയ ഉടനെ വെള്ളം ഒന്ന് ചൂടാക്കുവാൻ പോലും ക്ഷമയില്ലാതെ ടാപ്പിൽ നിന്നൊഴുകിയ ഐസ് വെള്ളത്തിൽ കുളിച്ചിറങ്ങി കിട്ടിയ ചുരിദാറുമെടുത്തിട്ട് ഇറങ്ങിയതാണ്.

റിക്ഷ നിന്നപ്പോൾ പരിസര ബോധം നഷ്ടപെട്ടവളെപ്പോലെ മുഖമുയർത്തി.
സ്വർഗ്ഗാശ്രമ ഗേറ്റിന് മുന്നിൽ എത്തിയിരിക്കുന്നു.
ഇറങ്ങി പണം കൊടുത്തിട്ട് അകത്തേക്ക് കയറി.
തണുത്ത ടൈലിൽ ചവിട്ടിയപ്പോൾ ഐസിൽ തൊട്ടതു പോലെ പാദങ്ങൾ പെരുത്തു.
പ്രാർത്ഥനാ ഹാളിൽ രോമക്കുപ്പായങ്ങളിൽ പൊതിഞ്ഞ സ്ത്രീകൾ ‘രാമ കൃഷ്ണ ‘സ്തോത്രം നീട്ടി ചൊല്ലുന്നു.

“ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ ”

മധുബാല മുന്നിലെ ജീവൻ തുടിക്കുന്ന വെണ്ണക്കൽ ശില്പങ്ങളിലേക്ക് മിഴികൾ അർപ്പിച്ചു.

രാധാമാധവൻ…
ശ്രീരാമ സീതാ ഹനുമാൻ..
കൈലാസപതി ശ്രീ പാർവതി…
ഷിർദി സായി ബാബ, പിന്നെ സാക്ഷാൽ ആദിപരാ ശക്തിയായ ദേവി ദുർഗ്ഗ … !

മുട്ടുകുത്തി മുഖം കുനിച്ചിരുന്നപ്പോൾ
കണ്ണിൽ കെട്ടി കിടന്ന കടൽ പൊട്ടിയൊഴുകി ടൈൽ നിലത്തേക്ക് ഊക്കോടെ പതിച്ചു.

നേരമെത്ര കടന്നു പോയെന്നറിഞ്ഞില്ല.. ആരോ ചുമലിൽ മൃദുവായി തൊട്ട് വിളിച്ചപ്പോൾ നനഞ്ഞൊട്ടിയ മിഴികൾ ഉയർത്തി.

സുന്ദരിയായൊരു വൃദ്ധ…..
“എഴുന്നേൽക്കു.. ”
അനുസരിക്കാതിരിക്കാനായില്ല. പ്രാർത്ഥനാ ഗീതങ്ങൾ നിലച്ച ഹാളിൽ അവരും താനും മാത്രമേ ഉള്ളുവെന്ന് കണ്ടപ്പോൾ തിരിഞ്ഞു നടക്കുവാൻ തുനിഞ്ഞു. വീണ്ടും ആ കരസ്പർശനം.

പ്രസാദത്തിന്റെ ചെറു പായ്ക്കറ്റവർ
കയ്യിലേക്ക് വെച്ച് കൊടുത്തു.

” കഴിക്ക് മോളെ..
മനസൊന്നു മധുരിക്കട്ടെ.. ”
നെയ്യ് മണക്കുന്ന ഉരുണ്ട കുഞ്ഞു മിഠായിയുടെ ആകൃതിയിലുള്ള ബൂന്ദി പ്രസാദത്തിലേക്ക് അറിയാതെ നോക്കി നിന്നപ്പോൾ അവർ വീണ്ടും പറഞ്ഞു.

“ദേവി ആരാണന്നാ വിചാരം..
ഈ അനന്ത വിസ്തൃത ഭൂമിയിലെ ‘എൺപത്തിനാലു ലക്ഷം’ ജീവജാലങ്ങളും പിന്നെ അവരുടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളും സാക്ഷാൽ ആദിപരാശക്തി തന്നെ അല്ലയോ.. ”
ആ വാക്കുകളുടെ ഇമ്പത്തിൽ
മധുബാല വിസ്മയത്തിൽ ദേവിയുടെ കമനീയ ശില്പത്തിലേക്കു നോക്കി സ്വയം മറന്നു നിന്നു.

“എല്ലാ ഭാരങ്ങളും ഇറക്കി വെച്ചു മടങ്ങിക്കോളൂ.. ”

അവർ മന്ദഹസത്തോടെ പറഞ്ഞപ്പോൾ എവിടുന്നോ ലഭിച്ച ആത്മ ബലത്തോടെ അവൾ തല ഉയർത്തി പിടിച്ചു പുറത്തേക്കിറങ്ങി.

തിരക്ക് നന്നേ കുറഞ്ഞ റോഡിലൂടെ ഓരം പറ്റി നടക്കുമ്പോൾ ചുറ്റുപാടുകൾ പാടേ വിസ്മരിച്ചിരുന്നു.

ഏതാനും അടികൾ നടന്നു തീരുമ്പോൾ തനിക്കരുകിലായി എത്തി സ്ലോ ചെയ്ത കാറിലേക്ക് നിഷ്കളങ്കതയോടെ ദൃഷ്ടി ഉയർത്തിയ അവൾക്ക് മുന്നിൽ കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ
അതിന്റ ഡോറുകൾ തുറന്നടഞ്ഞു.

കാറിനു പുറത്തെ കാഴ്ചകൾ അതിവേഗം പിന്നിലേക്കോടുമ്പോൾ ബോധത്തിനും അബോധത്തിനും ഇടയിൽ പെട്ടുഴറി കൊണ്ടവൾ കാറിനുള്ളിലെ അപരിതരെ നോക്കി മിഴിച്ചിരുന്നു..
തുടരും

LEAVE A REPLY

Please enter your comment!
Please enter your name here