Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.
സ്വർണ്ണനക്ഷത്രങ്ങൾ part – 10
രചന : Vineetha
തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
*തുടർന്ന് വായിക്കുക*
കണ്ട്രോൾ റൂമിലേക്ക് ക്യാപ്റ്റൻ രവി ചന്ദ്രകുമാർ എത്തുമ്പോൾ മേജർ ആസാദ് കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ തറഞ്ഞിരിക്കുകയായിരുന്നു.
ക്യാപ്റ്റൻ അറ്റൻഷനായി സല്യൂട്ട് അടിച്ചത് ശ്രദ്ധിക്കാതെ ആസാദ് മോണിറ്ററിലേക്ക് വിരൽചൂണ്ടി.
സ്ക്രീനിൽ തലകീഴായി കെട്ടിത്തൂക്കിയ നിലയിൽ റോയ് കുര്യൻ കിടന്നു തുള്ളുന്നു. അവന്റെ മുഖം ഉരുകി അടർന്നിരുന്നു.
ക്യാപ്റ്റൻ മുഖം തിരിച്ചു പോയി. ആസിഡിൽ ഉരുകി വീഴുന്ന റോയിയുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കാൻ ആകാതെ നിൽക്കുമ്പോൾ റോയിയുടെ അലർച്ച ക്യാപ്റ്റന്റെ കാതുകളിൽ തുളഞ്ഞിറങ്ങി.
പിന്നെ സ്ക്രീനിൽ തെളിഞ്ഞത് വെടിയേറ്റ് കിടക്കുന്ന മണിക്കുട്ടൻ ദാസിന്റെ ഡെഡ്ബോഡി യാണ് .
മേജർ ആസാദ് തിരിഞ്ഞു.
” ഏഴ് പേരിൽ രണ്ടുപേരെ അവർ തീർത്തു. ഇനിയും ഇതുപോലുള്ള വീഡിയോകൾ നമുക്ക് അയച്ചുതരാൻ അവർക്ക് അവസരം ഉണ്ടാകരുത്.
ആ വാക്കുകൾ ഒരു താക്കീത് പോലെയായിരുന്നു.
” ഈ വീഡിയോ പാസ്സ് ചെയ്ത പവർ മതി നമുക്ക്. അവരുടെ ടീമിൽ ഒരാളെയെങ്കിലും കിട്ടാതിരിക്കില്ല. ആ ഒരാളിലൂടെ നമുക്കവരുടെ ഷെൽട്ടർ കണ്ടെത്താനാകും.”
ക്യാപ്റ്റൻ തല കുടഞ്ഞു.
” സർ നമ്മൾ അവിടെയെത്തുമ്പോഴേക്കും അവരുടെ പൊടിപോലും അവിടെ കാണണമെന്നില്ല. പകരം അവശേഷിച്ച 5 ജവാന്മാരുടെ ഡെഡ്ബോഡിയാവും ഉണ്ടാവുക”
മേജർ ക്യാപ്റ്റനെ നോക്കി.
“അതേ സർ.. ഫാറൂഖിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും ഗവൺമെന്റ് ഒരിക്കലും അയാളെ മോചിപ്പിക്കാൻ പോകുന്നില്ല. അതവർക്ക് മിക്കവാറും ഉടനെ മനസ്സിലാവുകയും ചെയ്യും. അതോടെ നമ്മുടെ സൈനികരെ ജീവനോടെ കത്തിച്ചിട്ട് അവരാ ഷെൽട്ടർ ഉപേക്ഷിക്കും.
അരികിൽ ഉണ്ടായിരുന്ന കമാൻഡോ ഓഫീസർ രാജാറാം അതനുകൂലിച്ചു.
പക്ഷേ മേജർ തന്റെ നിലപാടിലുറച്ചു നിന്നു.
“ഫാറൂക്കിനെ മോചിപ്പിക്കുന്ന ചർച്ചയിലാണ് ഗവൺമെന്റ് എന്നാണല്ലോ നമ്മൾ അവർക്ക് കൊടുത്തിരിക്കുന്ന മെസ്സേജ്.
ഫാറൂഖിന്റെ വധശിക്ഷ ഒഴിവാക്കിയിട്ടും അവർ നമ്മുടെ രണ്ടു ജവാന്മാരെ കൊലപ്പെടുത്തി. ഇനിയൊരു നയ തന്ത്ര രീതി ആവശ്യമില്ല”
ഒന്നിളകിയിരുന്ന മേജർ മുന്നിലിരിക്കുന്ന മിടുക്കന്മാരായ ഉദ്യോഗസ്ഥരെ നോക്കി. ക്യാപ്റ്റൻ രവിചന്ദ്ര കുമാറിന്റെ കണ്ണുകളിലെ യുദ്ധവീര്യം അദ്ദേഹത്തെ നവോന്മേഷിതനാക്കി.
മേജർ നര വീണു തുടങ്ങിയ നേർത്ത മീശ രോമങ്ങളിൽ തഴുകി തുമ്പ് ഒരല്പം ഉയർത്തി വച്ചു.
ആ നേരം അദ്ദേഹത്തിന്റെ കണ്ണുകൾ ക്യാപ്റ്റന്റെ കറുത്ത കട്ടിയുള്ള തുമ്പ് സ്വാഭാവികമായും മുകളിലേക്ക് വളഞ്ഞു കൂർത്തിയിരിക്കുന്ന മേൽമീശയിലായിരുന്നു. അതുകണ്ട രാജാറാമിനു സങ്കീർണമായ അവസ്ഥയിലും ചെറു ചിരി ഉണർന്നു .
ആറടി ഉയരവും അതിനൊത്ത മസിൽ ബോഡിയുടെയും ഉടമ ആയിരുന്ന മേജർ മീശയുടെ കാര്യത്തിൽ വളരെ ദരിദ്രനായിരുന്നു.
നേരിയതും ചെമ്പൻ നിറം ഇടകലർന്നതുമായ മീശയുടെ പേരിൽ അദ്ദേഹത്തിനുള്ള അപകർഷതാബോധം എല്ലാവർക്കും സുപരിചിതമാണ്.
ആരുമറിയാതെ രാത്രികാലങ്ങളിൽ കരടി നെയ്യ് പുരട്ടി മീശയുടെ ചെമ്പൻ നിറം ഇല്ലാതാക്കാനും കട്ടി കൂട്ടുവാനും ഉള്ള പൊടിക്കൈകൾ നടത്തുന്നത് ഒരിക്കൽ രാജാറാം നേരിൽ കണ്ടതാണ്.
അപ്പോൾ ക്യാപ്റ്റന്റെ മുഖത്തുനിന്നും മിഴികൾ പിൻവലിച്ച് ഇരുവരുടെയും മീശയിലേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് മേജർ പറഞ്ഞു.
” ഞാൻ പറഞ്ഞു വന്നത്… ഇനി അവർ ഉടനെ കൊലക്കു മുതിരില്ല എന്നാണ്. ഓരോരുത്തരെയായി കൊന്നു തള്ളിയാൽപ്പിന്നെയവരുടെ ആവശ്യത്തിന് എന്ത് പ്രസക്തി?
പിൻവലിച്ച വധശിക്ഷ വീണ്ടും ഉറപ്പാക്കുകയും ചെയ്യും.
ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി തട്ടിക്കൊണ്ടുപോകുന്ന ജവാൻ മാരിൽ ഒന്നോ രണ്ടോ പേരെ കൊന്നു കൊണ്ട് ഗവൺമെന്റിനെ സമ്മർദത്തിൽ ആക്കുക എന്നത് അവരുടെ സ്ഥിരം രീതിയാണല്ലോ. അതവർ നടത്തിക്കഴിഞ്ഞു. ഇനി നമുക്കായി വെയിറ്റ് ചെയ്യും.”
ക്യാപ്റ്റന്റെ മുഖം ചുവന്നു വിങ്ങി.
“സർ.. അവർ നമുക്ക് വേണ്ടി വെറുതെ വെയിറ്റ് ചെയ്യുകയില്ലെന്നോർക്കണം. ഏഴ് പേരിൽ രണ്ടുപേരെ അവർ ആറാംദിവസം കൊലപ്പെടുത്തി കഴിഞ്ഞു. ഈ ആറു ദിവസങ്ങൾ കൊണ്ട് അവർ എന്തെല്ലാം പീഡനങ്ങൾ സഹിച്ചു കാണും അവശേഷിച്ചവർ ഇനി എത്ര പീഡകൾ സഹിക്കണം?
എന്ത് സംഭവിച്ചാലും ഗവൺമെന്റ് ഒരു കൊടുംകുറ്റവാളിയെ മോചിപ്പിക്കാൻ പോകുന്നില്ല. അപ്പോൾ പിന്നെ സമയം കഴിയും തോറും അവരുടെ ജീവൻ അപകടത്തിൽ ആവുകയാണ്. അവരുടെ ജീവന് ഒരു വിലയും ഇല്ലേ??
ക്ഷോഭം അടക്കാൻ പാടുപെടുന്ന ക്യാപ്റ്റന്റെ മുഖത്തേക്ക് മേജർ വിസ്മയത്തോടെയാണ് നോക്കിയത്.
” അവർ വെറും സാധാരണ മനുഷ്യർ അല്ല രവി.. പട്ടാളക്കാരാണ്.”
“സോ വാട്ട്..? അവരും മനുഷ്യരല്ലേ…? ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവൻ തന്നെയല്ലേ അവരുടേതും??
മേജറിന്റെ മുഖത്തു അസംതൃപ്തി നിറഞ്ഞു.
” നിങ്ങൾ മറക്കുന്നു..
ഒരു പട്ടാളക്കാരന്റെ ജീവനേക്കാൾ വിലയുണ്ട് സാധാരണ പൗരന്റെ ജീവന്.. സ്വന്തം ജീവൻ ബലി കൊടുത്തു അത് സംരക്ഷിക്കേണ്ടത് പട്ടാളക്കാരന്റെ ധർമ്മമാണ്”
“യെസ്.. ഐ നോ സർ.. ബട്ട് ദിസ് വെരിമച്ച് ബാഡ് ആക്ഷൻ..
ഈ ആറാം ദിവസവും അവരുടെ കാര്യത്തിൽ യാതൊരു തീരുമാനവും ഗവൺമെന്റ് കൈക്കൊണ്ടിട്ടില്ല.”
മേജർ ഇളകിയിരുന്നു.
“ചോരത്തിളപ്പും എടുത്തുചാട്ടവും നിങ്ങൾ സൗത്ത് ഇന്ത്യൻസിന്റെ പാരമ്പര്യമാണ്. പക്ഷേ അത് എല്ലായിടത്തും ചിലവാക്കാൻ ശ്രമിക്കരുത്”
ക്യാപ്റ്റന്റെ മുഖം കൂടുതൽ കടുത്തു.
“യെസ് സർ.. ”
സല്യൂട്ടടിച്ചു ക്യാപ്റ്റൻ പുറത്തേക്ക് പിൻവാങ്ങി. ശ്രീനഗറിൽ മാവോയിസ്റ്റ് ആക്രമണം നടന്ന ഒരു രാത്രിയുടെ ഓർമ അദ്ദേഹത്തിനുണ്ടായി.
ജീവൻ വച്ചുള്ള പ്രതിരോധം ആയിരുന്നു അത്. 117 കുടുംബങ്ങളെ ഒറ്റരാത്രികൊണ്ട് ഒഴിപ്പിച്ചു ട്രക്കുകളിൽ കൊണ്ടുപോവുകയായിരുന്നു. ചീറി വരുന്ന വെടിയുണ്ടകൾ ക്കെതിരെ പ്രതിരോധ ഷൂട്ട് നടത്തിക്കൊണ്ടുള്ള പ്രയാണം. കിലോമീറ്ററുകൾ പിന്നിട്ടുകഴിഞ്ഞാണ് ഒരു വൃദ്ധൻ വിളിച്ചു പറയുന്നത്, അഞ്ചു മാസങ്ങൾക്ക് മുമ്പ് ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട അയാളുടെ ഏക മകന്റെ പൂർണ്ണ ഗർഭിണിയായ ഭാര്യ കൂട്ടത്തിൽ ഇല്ലെന്ന്.
വീണ്ടും ജീവൻ പണയം വെച്ച് ഗ്രാനേടുകൾക്കിടയിലേക്കു മടങ്ങിപോകാൻ ഒപ്പം നിന്നവർ അവരായിരുന്നു. അവിടെ തകർക്കപ്പെട്ട വീടുകളിലൊന്നിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ റേപ്പ് ചെയ്തുപേക്ഷിക്കപ്പെട്ട മരണാസന്നയായ യുവതിയെ കണ്ടെത്തിയത് റോയ് ആയിരുന്നു. ജീവന്റെ തുടിപ്പുകൾ മാത്രം അവശേഷിച്ച അവളെ ചുമന്നു ട്രക്കിൽ എത്തിച്ച യുടനെ അവൾ പ്രസവിച്ചു. തന്റെ ഷർട്ടൂരി ആ യൂണിഫോം ഷർട്ടിലേക്കാണയാൾ ചാപിള്ളയായ ശിശുവിനെ ഏറ്റു വാങ്ങിയത്..
മണിക്കുട്ടനോ.. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു ജവാന്റെ മകൻ.. ഒരു വിധവയുടെ ത്യാഗം..
ക്യാപ്റ്റന്റെ പദവിക്കിപ്പുറം രവിചന്ദ്രകുമാറിന്റെ ഹൃദയം വികാര ക്ഷോഭത്താൽ വിതുമ്പി.
തുടരും