Home Latest മീൻ പൊരിച്ചതും, മുട്ട വറുത്തതും കൂട്ടുകാരുടെ ചോറ്റു പാത്രത്തില് കണ്ടപ്പോ വെറുതെ നോക്കി നിന്നിട്ടുണ്ട് ഒരുച്ചയ്ക്ക്…

മീൻ പൊരിച്ചതും, മുട്ട വറുത്തതും കൂട്ടുകാരുടെ ചോറ്റു പാത്രത്തില് കണ്ടപ്പോ വെറുതെ നോക്കി നിന്നിട്ടുണ്ട് ഒരുച്ചയ്ക്ക്…

0

രചന : ജിഷ്ണു രമേശൻ

പനി പിടിച്ച് വിറച്ച് കിടന്നപ്പോ ഓട്ടോ വിളിക്കാൻ കാശില്ലാത്തത് കൊണ്ട് അച്ഛൻ അടുത്ത വീട്ടിലെ കർക്കശകാരൻ ചേട്ടൻ്റെ സൈക്കിൾ കെഞ്ചി വാങ്ങി ആശൂത്രിയിൽ പോയിട്ടുണ്ട് ഒരിക്കൽ…

വിറയ്ക്കുന്ന പനിയിലും സൈക്കിളിൻ്റെ മുന്നിലിരുന്ന് പോകുമ്പോ എനിക്കൊരു ഗമയാണ്… അച്ഛന് നോവിൻ്റെ കൊറച്ച് കണ്ണീരും…

അയൽക്കൂട്ടത്തില് അമ്മയുടെ കൂടെയുള്ള ചേച്ചിമാര് “എൻ്റെ മോന് അതുണ്ട്, ഇതുണ്ട്, അവൻ ഇതേ കഴിക്കൂ” എന്ന് പറയുമ്പോ അമ്മ അവർക്കിടയിൽ ഇരുന്ന് വെറുതെ വിതുമ്പും…

അവിടെയിവിടെ തുന്നി കൂട്ടിയ കുപ്പായം മാത്രമുള്ളത് കൊണ്ട് വീട്ടില് പിടിപ്പതു ജോലിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളുടെ കല്യാണത്തിന് പോകാതിരുന്നിട്ടുണ്ട് ഒരിക്കല്…

അനിയൻ ചെക്കന് ഫിറ്റ്സ് വന്ന് വായില് നിന്ന് നൊരയും പതയും വന്ന് അച്ഛനും അമ്മയും വാരിക്കൂട്ടി ആശൂത്രിയിലേക്ക് ഓടിയപ്പോ പേടിച്ച് നെലോളിച്ചിട്ടുണ്ട് ഒരു ദിവസം…

ചങ്ങായിമാരുടെ ചൊമല സൈക്കിള് കണ്ടിട്ട് അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോ, “പത്താം ക്ലാസ്സ് ജയിക്കട്ടെ വാങ്ങി തരാം” എന്ന് പറഞ്ഞത് ചുണ്ട് കൂട്ടി പിടിച്ച് ചെറുതായി ഏങ്ങലടിച്ചിട്ടുണ്ട് ഒരു രാത്രി…

അന്ന് രാത്രി അടുക്കളയിൽ വെച്ച് അച്ഛൻ അമ്മയോട് കാശില്ലാത്ത സങ്കടം പറഞ്ഞിട്ടുണ്ടാവും…
അന്നും ഉറങ്ങാൻ കിടക്കുമ്പോ പ്രാർത്ഥിച്ചത് പെട്ടന്ന് പത്താം ക്ലാസ്സ് ആവണെ എന്ന് തന്നെയാണ്…

മീൻ പൊരിച്ചതും, മുട്ട വറുത്തതും കൂട്ടുകാരുടെ ചോറ്റു പാത്രത്തില് കണ്ടപ്പോ വെറുതെ നോക്കി നിന്നിട്ടുണ്ട് ഒരുച്ചയ്ക്ക്…

ചെല ഞായറാഴ്ച അച്ഛൻ വാങ്ങിക്കൊണ്ടു വരണ നാല് കോഴി മുട്ട അമ്മയോട് വഴക്കിട്ട് പിറ്റേന്ന് സ്കൂളിൽ കൊണ്ട് പോകാൻ എടുത്ത് വെച്ചത് ദാ ഇന്നലെ എന്ന പോലെ…

താഴത്തെ അമ്പലത്തിലെ പൂരത്തിന് ബലൂണും കളിപ്പാട്ട കാറും വെറുതെ തൊട്ടു നോക്കിയിട്ടുണ്ട്… അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോ അമ്മ എൻ്റെ കയ്യിലൊന്ന് ഇറുക്കി പിടിക്കും…

അങ്ങനെ ഒരു ദിവസം പത്താം ക്ലാസ്സ് ജയിച്ചപ്പോഴും സൈക്കിള് കിട്ടിയില്ല… പിന്നീട് ഞാൻ ചോദിച്ചിട്ടില്ല…എനിക്കറിയാം അച്ഛൻ എന്ത് കൊണ്ട് വാങ്ങി തരുന്നില്ല എന്ന്…

ഒന്നും തിന്നാൻ ഇല്ലാണ്ട് അരി വറുത്ത് പൊടിച്ച് പഞ്ചാര ഇട്ട് കൊഴച്ച് തിന്നുമ്പോ വേറൊന്നും തിന്നാൻ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല നല്ല സ്വാദായിരുന്നു…

അത് കൊണ്ട് ഇന്നും പട്ടിണി ഇടയ്ക്ക് വന്ന് ഓർമിപ്പിച്ചിട്ട് പോവും…

ദാ ഇത്രയൊക്കെ പോരെ ചെലോർടെ ജീവിതത്തില് അഹങ്കാരം എന്ന വാക്ക് ഇല്ലാതിരിക്കാൻ…

ജിഷ്ണു രമേശൻ

LEAVE A REPLY

Please enter your comment!
Please enter your name here