Home Latest എല്ലാവരും അലറി വിളിച്ചു. റോയിയുടെ കണ്ണുകൾ ഒന്ന് തള്ളി. മുസാഫിർ വികൃതമായി പല്ലിളിച്ചു. Part –...

എല്ലാവരും അലറി വിളിച്ചു. റോയിയുടെ കണ്ണുകൾ ഒന്ന് തള്ളി. മുസാഫിർ വികൃതമായി പല്ലിളിച്ചു. Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 9

രചന : Vineetha

തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
തുടർന്നു വായിക്കുക.

അലിയുടെ ക്രൂരത മാത്രം ഉറഞ്ഞുകിടക്കുന്ന മിഴികൾ അവരേഴു പേരിലും മാറിമാറി പതിഞ്ഞു.
വൈരൂപ്യത്തിന്റെ പ്രതീകമായ മുസാഫിറിന്റെ വലിയ മഞ്ഞിച്ച ഉണ്ടക്കണ്ണുകൾ കൂട്ടത്തിലേറ്റവും ചെറുപ്പവും സുന്ദരനുമായ മണിക്കുട്ടനിൽ
തങ്ങിയത്
നിലച്ചുപോകുന്ന ഹൃദയമിടിപ്പോടെയാണ് അവർ കണ്ടത്. അപ്പോൾ തീ പോലെ മുസാഫിർ വാക്കുകൾ തുപ്പി.

” ഗവൺമെന്റ് ഞങ്ങളുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ”

ആ വാക്കുകൾ പ്രത്യാശയുടെ ഒരു ചെറിയ കണിക അവരിൽ ഉണ്ടാക്കി. എന്നാലടുത്തനിമിഷം തന്നെ അത് പൊലിഞ്ഞു. കലിയോടെ തോക്കിൻ പാത്തി കൊണ്ട് ഓരോരുത്തരുടെയും പുറത്തും മുഖത്തും തലയിലും പ്രഹരിച്ചുകൊണ്ട് അലി അലറി.
” പട്ടികൾ… നിന്റെ ഒന്നും ജീവനിത്ര വില ഇല്ലാതെ പോയല്ലോ.. ”

പനിച്ചൂടിൽ വിറച്ചു കൊണ്ടിരുന്ന രോഹിത് മേത്ത തലക്കടിയേറ്റു ബോധം കെട്ടു വീണു. തനിക്കേറ്റ അടിയുടെ വേദന വിസ്മരിച്ച് രോഹിത്തിനെ കുലുക്കി വിളിച്ച റോയിയുടെ തൊണ്ടക്കുഴിയിൽ മുസാഫിറിന്റെ ഇരട്ടക്കുഴൽ അമർന്നു.

“വേണ്ട വേണ്ട.. ”
എല്ലാവരും അലറി വിളിച്ചു. റോയിയുടെ കണ്ണുകൾ ഒന്ന് തള്ളി. മുസാഫിർ വികൃതമായി പല്ലിളിച്ചു. അയാളുടെ വിരലുകൾ കാഞ്ചിയിൽ അമരുന്നത് കണ്ടു ശബ്ദിക്കാൻ മറന്ന നിമിഷങ്ങൾ.

മരണത്തെ റോയ് കൺമുന്നിൽ കണ്ടു. നാടും വീടും ഉറ്റവരും എല്ലാം നിശ്ചലമായ കണ്ണുകളിൽ തെളിഞ്ഞു.
അവൻ ഉമിനീരിറക്കി. ഈ ഭൂമിയിലെ തന്റെ ജീവിതം, കർമ്മങ്ങൾ അവസാനിക്കാൻ പോകുന്നു. റോയ് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു. ശ്വാസം നെഞ്ചിൽ തടഞ്ഞു നിൽക്കുന്നു . കണ്ണുകൾ അവൻ ഇറുക്കിയടച്ചു. പെട്ടെന്ന് മുസാഫിർ റൈഫിൽ വലിച്ചെടുത്തു.അര നിമിഷം കൊണ്ടത് കണ്ണുകളടച്ച് മുന്നോട്ട് കുനിഞ്ഞിരുന്ന മണിക്കുട്ടന്റെ നെറ്റിയിൽ ചേർന്നു.

ഒരു വെടിവെച്ച യിൽ ഒറ്റമുറിക്കെട്ടിടം കിടുങ്ങിപ്പോയി.
ഒരു ആർത്തനാദത്തോടെ മണിക്കുട്ടൻ ഉയർന്നു പൊങ്ങി. പൂർത്തിയാകാത്ത അലർച്ചയോടെ തന്നെ അവൻ പിന്നിലേക്ക് മലർന്നു വീണു. ഒന്ന് പിടയുക പോലും ചെയ്യാതെ ആ ശരീരം നിശ്ചലമായി..
എന്താണ് സംഭവിച്ചതെന്ന് നിമിഷങ്ങൾ കഴിഞ്ഞാണ് മറ്റുള്ളവർക്ക് മനസ്സിലായത്. മരണത്തെ മുഖാമുഖംകണ്ട റോയി ഇമകൾ വിറയ്ക്കുന്ന കണ്ണുകളോടെ മണിക്കുട്ടന്റെ തുളവീണ നെറ്റിയിലേക്ക് നോക്കി അധരങ്ങൾ വിടർത്തി.
അടുത്ത നിമിഷം ഒരു ചിരിയിൽ പിന്നെ ഒരു പൊട്ടിച്ചിരിയിൽ ഷാൻ നിലത്തേക്ക് വീണുരുണ്ടു.
അലിയും മുസാഫിറും കൊല്ലുന്ന ഇളിയോടെ അതു നോക്കി നിന്നു.
അസ്തപ്രജ്ഞയറ്റ് മറ്റഞ്ചു പേരും തറഞ്ഞിരിക്കെ മുസാഫിർ തുറിച്ച മിഴികളോടെ കിടന്ന മണിക്കുട്ടന്റെ കാലിൽ പിടിച്ചു.
ഒരു ചോരച്ചാലവശേഷിപ്പിച്ചു കൊണ്ടു മണിക്കുട്ടന്റെ ശരീരം കണ്മുന്നിലൂടെ അകന്നുപോകുന്നത് ചുട്ടുപൊള്ളി അടർന്നുവീണ കണ്ണീർക്കാഴ്ചയിൽ അവർ കണ്ടു.
ആ നിമിഷം ചിരിച്ചു കുഴഞ്ഞ റോയിയിൽ നിന്നും ഒരു കരച്ചിൽ പൊട്ടിത്തെറിച്ചു. അതിന്റെ ഒച്ച ആ കെട്ടിടത്തെ തന്നെ കുലുക്കാൻ പോന്നതായിരുന്നു.
പൊട്ടിക്കരയുകയും ഇടയ്ക്ക് മാലപ്പടക്കത്തിനു തീ കൊടുത്തതുപോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന റോയിയെ മിഴിച്ചു നോക്കിയവർ തറഞ്ഞിരിക്കവേ മുസാഫിർ വീണ്ടും അകത്തേക്ക് കയറി വന്നു. മനസ്സ് കൈ വിട്ടു കിടന്നു ചിരിക്കുന്നറോയിയെ നോക്കി.
മുന്നോട്ടു ചെന്ന് കുനിഞ്ഞ് അവന്റെ കയ്യിലെ ചങ്ങലയിൽ പിടിച്ചു. പിന്നെ ഒരു നായക്കുട്ടിയെ വലിച്ചുകൊണ്ടു പോകുന്നതുപോലെ പുറത്തേക്കു വലിച്ചിഴച്ചു. അത് കണ്ടു ഷാനവാസ് അലറി.

” എവിടെ കൊണ്ടു പോകുന്നു അവനെ.. പച്ചക്ക് കത്തിക്കാനോ?
ഗറില്ലയെ വെല്ലുന്ന ചിരിയോടെ അയാൾ ഷാനവാസിനെ നോക്കി. ആ കണ്ണുകളിലെ ക്രൗര്യം ഷാനവാസിനെ ആ നിമിഷം പച്ചക്ക് കടിച്ചു പറിച്ചു തിന്നു കളയുമെന്നു തോന്നി.
എന്നാൽ അയാൾ റോയിയെം കൊണ്ട് പുറത്തേക്കു പോയി.

ഷാൻ ബിനോയിയുടെ കരങ്ങളിൽ കൂട്ടിപ്പിടിച്ച് അലറി.
” കൊണ്ടുപോയത് കണ്ടില്ലേടാ? മണിക്കുട്ടനെ കൊന്നു.. റോയിയെ കൊല്ലാൻ കൊണ്ടുപോയി.. ഇനി അടുത്തത് ആരാണ്..? ഞാൻ…നീ.. സന്ദീപ്…. രോഹിത്.. ഉണ്ണി.. അങ്ങനെ അങ്ങനെ…”

ഷാനവാസിനെ സ്വരം ദുർബലമായി. ബിനോയ് ചങ്ങല അണിഞ്ഞ ഷാനവാസിന്റെ കയ്യിൽ തഴുകി പിടിച്ചു.

” ഇപ്പോൾ എന്ത് സംഭവിച്ചാലും പ്രതികരിക്കാൻ കഴിയില്ല. നിരായുധരും ബന്ധിതരുമാണ് നമ്മൾ.
ഒരു പ്രകോപനം നമ്മളിൽ നിന്നും ഉണ്ടായാൽ ചിലപ്പോളവർ എല്ലാവരെയും ഒന്നിച്ച് ഇതിനകത്തിട്ട് കത്തിക്കും.”

അതുപറയുമ്പോൾ ബിനോയുടെ കണ്ണുകളിൽ മരണഭയം ഉണ്ടായിരുന്നില്ല. പ്രതികാരത്തിന്റെ പ്രതിരോധത്തിന്റെ അഗ്നിയാളുകയാ യിരുന്നു. അത് തിരിച്ചറിഞ്ഞ ഷാനവാസ് നഷ്ടപ്പെട്ട ആത്മ ബലത്തോടെ തലകുലുക്കി.

” ശരിയാ.. നീ പറഞ്ഞത് ശരിയാ..
ഒരാളു പോലും അവശേഷിക്കാതെ നമ്മളിവിടെ തീർന്നു കൂടാ.. ഇവരുടെ ചോര ചീന്താൻ നമ്മളിൽ ഒരാളെങ്കിലും ഉണ്ടാവണം.. എനിക്കുറപ്പുണ്ട്.. രവിചന്ദ്രൻ സാറിന്റെ ടീം ഇവിടെയെത്താതിരിക്കില്ല. അപ്പോൾ നമ്മളിൽ ഒരാളെങ്കിലും ജീവനോടെ ഉണ്ടായിരിക്കണം..”

ആ നിമിഷം പുറത്ത് റോയിയുടെ പൊട്ടിച്ചിരി നിലയ്ക്കുകയും പകരം പ്രാണൻ പിടഞ്ഞു തുള്ളുന്ന ഒരു ആർത്ത നാദമായി ആ ശബ്ദം മുഴങ്ങി താഴുകയും ചെയ്തു.

തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here