Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.
സ്വർണ്ണനക്ഷത്രങ്ങൾ part – 8
രചന : Vineetha
കഥാസാരം.
[ ദില്ലിയിലേക്കുള്ള തീവണ്ടി യാത്രയിൽ മധുബാലയെ പരിചയപ്പെടുന്ന ഓർമ്മകൾ ഭീകരവാദികളുടെ തടവിൽ കഴിയുന്ന സമയത്തു ‘ബിനോയ് റൊസാരിയോ’ എന്ന പട്ടാളക്കാരൻ പാതി മയക്കത്തിൽ വീണ്ടും സ്വപ്നം പോലെ ഓർക്കുന്നു.
ബിനോയ് ഉൾപ്പെടെ ഏഴു പട്ടാളക്കാരുടെ മോചനത്തിനു പകരം തീഹാർ ജയിലിൽ കഴിയുന്ന പാക്തീവ്രവാദി ഫഗദ് ഫറൂക്കിനെ വിട്ടു കിട്ടണം എന്ന ആവശ്യം ടെറസ്റ്റുകൾ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.
അമ്മാവൻ അനിരുദ്ധനോടൊപ്പം ദില്ലിയിലെത്തിയ മധുബാല അനിയങ്കിളിന്റെ മകൻ കലേഷിൾ നിന്നും രക്ഷപെട്ടാണ് നേഴ്സ് ആയ മിത്രയോടൊപ്പം ചേരുന്നത്. സുഭാഷ് നഗറിലെ പൂനം ദീദിയുടെ വീട്ടിൽ ഇരുവരും റെന്ററിനു താമസിക്കുന്നു. ബിനോയോടൊപ്പം നാട്ടിലേക്കു പോകാനിരിക്കെ ബിനോയിയും കൂട്ടരും കിഡ്നാപ് ചെയ്യപ്പെട്ടതറിഞ്ഞ് മധുബാല മാനസികമായി തകരുന്നു. അനിയങ്കിളിന്റെ വീട്ടിൽ നേരിട്ട ദുരനുഭവങ്ങൾ ഓർമകളിൽ മധുബാല.
തുടർന്നു വായിക്കുക.
———–
അശാന്തമായൊരു നിദ്രയിൽ നിന്നും ബിനോയ് ബോധതലങ്ങളിലേക്ക് വന്നു. നിദ്ര എന്നു പറയാൻ കഴിയില്ല. പട്ടിണിയും പീഡനങ്ങളും സഹിക്കുന്ന ശരീരത്തിന്റെ ദുർബലതയും മാനസിക വൃഥയുടെ ആഘാതവും ഏറ്റു കൊണ്ടിരിക്കുന്ന തലച്ചോറിന്റെ മന്ദതയും ഒത്തു ചേർന്നൊരു അസുഖകരമായ അബോധാവസ്ഥ.
നേരം പുലർന്നതിന്റെ അവ്യക്തമായ വെളിച്ചം ഹാളിൽ അരിച്ചു നടക്കുന്നു.
ആർത്തിയോടെ പീള കെട്ടിയ മിഴികൾ കിളിവാതിലിനു നേർക്ക് ചെന്നു. ഹാളിൽ ഇടയ്ക്കിടെ ഞരക്കങ്ങൾ കേൾക്കുന്നു. രോഹിത്തിന് രാത്രിമുതൽ പനിച്ചു തുടങ്ങിയതോർത്തപ്പോൾ ബിനോയിക്ക് നെഞ്ച് വിങ്ങി.
മരുന്നോ വേണ്ടത്ര ഭക്ഷണമോ ഇല്ലാതെ അവനെത്ര നേരം പിടിച്ചു നിൽക്കാൻ സാധിക്കും..
സാവധാനം വശം ചരിഞ്ഞു എഴുന്നേറ്റിരുന്നു. വേദനയും കഴച്ചിലും അസഹ്യമായ കൈത്തണ്ടകൾ മരവിച്ചു തടിക്കഷ്ണം പോലെ ആയിരിക്കുന്നു.
ഈ ചങ്ങല ഒന്നഴിച്ചു മാറ്റിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ആ കാര്യം മുസാഫിർ എന്ന പന്നിയോടു പറഞ്ഞപ്പോൾ അവൻ ഗറില്ലയെ പോലെ പല്ലിളിച്ചമറി.
“എന്നിട്ട് നിനക്കെന്നെ കൊല്ലാമല്ലോ അല്ലെ?
ഭീരു.. വെടിയുണ്ടകൾ ലോഡ് ചെയ്ത റൈഫിൾ കയ്യിൽ ഉണ്ടായിട്ടുമവൻ നിരായുധനും അവശനുമായ പട്ടാളക്കാരനെ ഭയക്കുന്നു.
ഇവന്മാരെ വക വരുത്തി ഒരു രക്ഷപെടൽ സാധ്യമാകുമോ.. വെറുതെ എങ്കിലും മോഹിച്ചു പോയി.
പുറത്ത് ഉച്ചത്തിൽ ആരുടെയോ സംഭാഷണം. ബിനോയ് ചെവിയോർത്തു.
പെട്ടന്ന് ഒരു വെടിയൊച്ചയും അലർച്ചയും ഒന്നിച്ചു കഴിഞ്ഞു. തറയിൽ തലങ്ങും വിലങ്ങും കിടന്ന മറ്റുള്ളവർ ആ ഒച്ചയിൽ നടുങ്ങിയുണർന്നു. ചുറ്റുപാടുമായി പരിചയിക്കാത്ത മിഴികളിൽ ഭീതി നിറഞ്ഞു.
ചങ്ങല ഇട്ട കരങ്ങൾ ഉയർത്തി വായുവിൽ പരതി ഷാൻ ചോദിച്ചു.
” ആരാ.. ആരെയാ.. ”
ബിനോയ് അരികിൽ ഉണ്ടായിരുന്ന ഉണ്ണിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
“ഇവിടെ അല്ല, പുറത്ത്.. അവരുടെ ആളുകളിലാരോ ആണ്. ”
അവർ ആശ്വാസത്തോടെ ദീർഘമായി നിശ്വസിച്ചു.
ഇതിപ്പോൾ രണ്ടാമത്തെ തവണ ആണ്. തന്റെ തീരുമാനത്തിന് വിരുദ്ധമായി സംസാരിക്കുന്നതു സ്വന്തം കൂട്ടത്തിൽ ഉള്ള ആൾ ആന്നെങ്കിൽ പോലും ഇബ്രാഹിം അലിയുടെ ഇരട്ടക്കുഴൽ അവന്റെ നെഞ്ചിന് നേരെ ഉയരും.
അങ്ങനെ ആരോ ആവണം ഇപ്പോൾ പിടഞ്ഞു വീണത്.
ഇബ്രാഹിം അലിയുടെ കനത്ത ഒച്ച വാതിലിനു പുറത്ത് അടുത്ത് കേട്ടപ്പോൾ അവർ ഉഗ്രമായി നടുങ്ങി.
ഇന്നാണ് തങ്ങളിൽ ഒരാളുടെ വിധി നിച്ഛയ്ക്കപ്പെടുന്നത്.
അവർ പരസ്പരം നോക്കി..
വാതിലിന്റെ ഇരുമ്പ് സാക്ഷ ഉലഞ്ഞു. ഓടാമ്പൽ ശ്രമകരമായി അകന്നു മാറുന്നു.
ഞരക്കത്തോടെ വാതിൽ തുറക്കപ്പെട്ടു. വെളിച്ചം കുട്ടിയെ പോലെ അകത്തേക്ക് കുതിച്ചെത്തി നാലു പാടും വ്യാപിച്ചു.
ഇബ്രാഹിം അലിയും മുസാഫിറും വാതിൽ കടന്നു നിറഞ്ഞു നിന്നു.
തുടരും