Home Latest തട്ടിക്കൊണ്ടുപോയ പട്ടാളക്കാരുടെ കൂട്ടത്തിൽ നിന്റെ ആരെങ്കിലുമുണ്ടോ? Part – 7

തട്ടിക്കൊണ്ടുപോയ പട്ടാളക്കാരുടെ കൂട്ടത്തിൽ നിന്റെ ആരെങ്കിലുമുണ്ടോ? Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 7

രചന : Vineetha

ഈവനിംഗ് ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ മിത്ര നല്ല ടെൻഷനിലായിരുന്നു. എത്ര നിർബന്ധിച്ചിട്ടും ഡ്യൂട്ടിക്ക് വരാൻ തയ്യാറാകാതെ റൂമിൽ തനിച്ചായ മധുബാലയുടെ അടുത്ത് എത്താനുള്ള വെമ്പൽ അവളുടെ ചലനങ്ങളിൽ ഉണ്ടായിരുന്നു.
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അനുനിമിഷം തണുപ്പ് കൂടുന്നത് പോലെ തോന്നി.
” ഈ നശിച്ച ജനുവരി ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ.. ”
അവൾ പിറുപിറുത്തു. ഷൂവും സോക്സും കാലുകളിൽ ഉണ്ട്. എന്നിട്ടും തണുപ്പിൽ പെരുക്കുകയാണ് പാദങ്ങൾ. കനത്ത മൂടൽ മഞ്ഞിൽ കാഴ്ചകൾ പോലും അവ്യക്തമാണ്. സുഭാഷ് നഗറിലേക്കുള്ള 108 ലൈൻ ബസ്സ് അടുത്തു വന്നപ്പോഴാണ് നമ്പർ വ്യക്തമായത്. ബസ്സിൽ കയറി ഇരുന്നപ്പോൾ രാവിലെ പൂനം ദീദി പറഞ്ഞതോർത്തു.
” മിത്രാബേട്ടി, ഈ തുണി റജായി കൊണ്ടൊന്നും തണുപ്പിനെ ചെറുക്കാൻ പറ്റില്ല. അതിന് ജീവനുള്ള റജായി തന്നെ വേണം. ”
” ജീവനുള്ള റജായോ.. അങ്ങനത്തെ റജായി യും കിട്ടുമോ?
അതുകേട്ട് അറുപതാം വയസ്സിലും അവരുടെ മുഖത്ത് നാണം വന്നു.
” അതെ, ജീവനുള്ള റജാന്നു വെച്ചാൽ നീ പോയി കല്യാണം കഴിക്കാനാണ് പറഞ്ഞത്. അപ്പോൾ നിനക്ക് ജീവനുള്ള ഒരു റജാ കിട്ടും.”
ആകെ ചുവന്നു പോയി അതുകേട്ട്. തള്ള ഇത്ര വലിയ ഗോൾ അടിക്കുമെന്ന് കരുതിയില്ല. അടുത്ത വാക്കുകളിൽ ദീദി തന്റെ ലജ്ജയെ തൂത്തെറിഞ്ഞു.
” എനിക്കും ഉണ്ടായിരുന്നല്ലോ ജീവനുള്ള ഒരു കമ്പിളി.. കളഞ്ഞിട്ട് പോയില്ലേ.. ”
വളരെ പെട്ടെന്ന് ആ മിഴികൾ നിറഞ്ഞു.
അപ്പോൾ കഴുകിയെടുത്ത പാത്രങ്ങളുമായി മധുബാല അകത്തേക്ക് കയറി വന്നു.
” മോളേ നിനക്ക് തണുപ്പ് ഒന്നുമില്ലേ..?
ഈ മഞ്ഞിൽ ഇരുന്ന് തണുത്തവെള്ളത്തിൽ പാത്രം കഴുകുകയും തുണി അലക്കുകയും ചെയ്യുന്നു. സമ്മതിച്ചു നിന്നെ കേട്ടോ”
മധു വിളറിയ ചിരിയോടെ ഒറ്റ മുറിയുടെ കോണിൽ പാത്രങ്ങൾ അടുക്കി വച്ചു. അവളുടെ ഭാവം കണ്ടപ്പോഴേ തോന്നി. ഇന്നിനി ഡ്യൂട്ടിക്കില്ലന്നു. ചാനലുകളിൽ ഇപ്പോൾ ആ ഒരു വാർത്ത മാത്രമാണല്ലോ പ്രാധാന്യത്തോടെ ഉള്ളത്. അവളുടെ ന്യൂസ് കാണാനുള്ള വെപ്രാളം കണ്ടു ദീദി ഇന്നലെ ചോദിച്ചു.
” തട്ടിക്കൊണ്ടുപോയ പട്ടാളക്കാരുടെ കൂട്ടത്തിൽ നിന്റെ ആരെങ്കിലുമുണ്ടോ?
അവളപ്പോൾ മുഖം കുനിച്ചു കളഞ്ഞു.

പാർക്കിനു പിറകിലെ സി 223 നമ്പർ വീടിനു മുന്നിലെത്തിയപ്പോൾ റോഡരികിൽ ഇരുന്ന് തീ കായുക യായിരുന്ന പഞ്ചാബി കുടുംബം ചൂടു കായാൻ ക്ഷണിച്ചത് നിരസിച്ചു കൊണ്ട് മിത്ര തിടുക്കത്തിൽ വീടിന്റെ ടെറസ്സിലെ താങ്കളുടെ ഒറ്റ മുറി ലക്ഷ്യമാക്കി ഇരുമ്പ് ഗോവണി കയറി.
ചുവന്ന കണ്ണും മൂക്കും ആയി മധുബാല വാതിൽ തുറന്നപ്പോൾ മിത്ര ദേഷ്യത്തോടെ അവളെ തള്ളി മാറ്റി അകത്തേക്ക് കയറി.
” അല്ല, നീ ഇത് എന്തു ഭാവിച്ചാണ്.. ഈ കണക്കിന് അവരെ ഭീകരവാദികൾ വെടിവെച്ചു കൊന്നാൽ നീ ഇവിടെ തൂങ്ങിച്ചാവുമല്ലോ”
മധുബാല നടുങ്ങിപ്പോയി. പെയ്യാൻ വെമ്പി നിന്ന മിഴികൾ വിറച്ചു. പറഞ്ഞത് അല്പം കടുത്തുപോയി എന്ന് മിത്രയ്ക്ക് തോന്നി. എങ്കിലും ദേഷ്യവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ അവൾ തുടർന്നു.
” മധു.. ജോലിക്ക് പോലും പോകാതെ നിരാഹാരം കിടന്നു വിഷമിക്കാൻ അവൻ നിന്റെ ഭർത്താവല്ല. അതോർമ്മവേണം”
” മനസ്സുകൊണ്ട് അങ്ങനെയായി കഴിഞ്ഞില്ലേ?
ആ മറുചോദ്യം കേട്ട് മിത്ര അമ്പരന്നു.
” നല്ല കാര്യം. എന്നാ പിന്നെ ഒരു വൈറ്റ് സാരി കൂടി ബുക്ക് ചെയ്തേക്കു. വേണ്ടിവരും. ”
മധുബാല തേങ്ങലോടെ ബെഡിലേക്കിരുന്നു.
” മിത്ര.. ഇത്ര ക്രൂരമായി സംസാരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു?
മിത്രയും അവൾക്കരികിലേക്ക് ഇരുന്നു.
” ക്രൂരത കൂടിപ്പോയതുകൊണ്ട് പറഞ്ഞതല്ല. ഒരു പട്ടാളക്കാരന്റെ ജീവിതം എന്താണെന്ന് മനസ്സിലാകുമെനിക്ക്. ഒരു വെടിയുണ്ടയിൽ ഏതു നിമിഷവും ചിതറി പോകാവുന്ന ഒന്നാണ് അവരുടെ ജീവിതം. അതുകൊണ്ടാണ് തുടക്കംമുതലേ നിങ്ങളുടെ ബന്ധത്തിൽ ഞാനെതിർത്തത്”

” അവർ നെഞ്ചും വിരിച്ചു നിന്ന് വെടിയുണ്ടകൾ ഏറ്റുവാങ്ങുന്നത് നീയും ഞാനും ഉൾപ്പെടുന്ന ഈ രാജ്യത്തിന് വേണ്ടിയല്ലേ? മഞ്ഞുമലകളിൽ അവർ ഉറക്കമിളച്ച് കാവലി രിക്കുന്നത് കൊണ്ടല്ലേ നമുക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നത്?

വികാര ക്ഷോഭത്താൽ ഉലയുന്ന മധുബാലയെ മിത്ര അത്ഭുതത്തോടെ നോക്കിനിന്നു. എത്ര പെട്ടെന്നാണ് പെൺമനം മാറിമറിയുന്നത്. അനി അങ്കിളിന്റെ ഫ്ലാറ്റിലെ തടവറയിൽനിന്ന് രക്ഷപ്പെടുമ്പോൾ ഇവൾക്ക് പുരുഷ വർഗ്ഗത്തോട് തന്നെ വെറുപ്പായിരുന്നു. കലേഷ് എന്ന വൃത്തികെട്ടവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മരിക്കാനും തയ്യാറായി നടന്നവൾ..

ഒരു തീവണ്ടി യാത്ര അവളുടെ ചിന്തകളെയും ജീവിതത്തെയും മാറ്റിമറിച്ചിരിക്കുന്നു. ബിനോയ് റൊസാരിയോ എന്ന പട്ടാളക്കാരൻ അവളിലൊരു പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നു.
മിത്രയ്ക്ക് സങ്കടം വന്നു.
ബിനോയിയും കൂട്ടരും ജീവനോടെ മടങ്ങി വരികയില്ലായെന്നുറപ്പാണ്. ഇവളത് എങ്ങനെ ഉൾക്കൊള്ളും.
മിത്ര നിറഞ്ഞു വന്ന മിഴികൾ മധുബാല കാണാതെ ഒളിപ്പിച്ചുകൊണ്ട് എഴുന്നേറ്റു.

ആ രാത്രി ഒന്നും കഴിക്കാതെ മധുബാല കട്ടിലിൽ ചുരുണ്ടുകൂടി.
അവളുടെ കലങ്ങി ചുവന്ന മിഴികളിൽ ലാജ്പത് നഗറിലെ അനിയങ്കിളിന്റെ ഫ്ലാറ്റ് തെളിഞ്ഞു തെളിഞ്ഞു വന്നു.

കലേഷിനെ ഭയന്ന് കഴിച്ചുകൂട്ടിയ രാപ്പകലുകൾ..
അവൻ ശരിക്കും ഒരു മനോരോഗി തന്നെയായിരുന്നു. താൻ അവിടെ ചെന്നതിന്റെ പിറ്റേദിവസം വന്നുകയറിയവൻ പിന്നെ പോയില്ല. അവന് കളിക്കാൻ വാങ്ങിക്കൊടുത്ത ഒരു കളിപ്പാട്ടം പോലെയാണ് അവൻ തന്നെ കണ്ടത്.
അവനെ പ്രേമിച്ചു വശത്താക്കാൻ കുസും ആന്റി നിരന്തരം തന്നെ ഉപദേശിച്ചു കൊണ്ടിരുന്നു.
ഏതു നിമിഷവും അവൻ തന്റെ മേൽ ചാടി വീഴും എന്നും അത് കണ്ടു കൊണ്ട് അമ്മാവനും അദ്ദേഹത്തിന്റെ ഇന്ത്യൻ ഭാര്യയും മുറിയിൽ കയറി വാതിൽ അടക്കുമെന്നും ഭയന്ന് ഓരോ നിമിഷവും അഗ്നികുണ്ഡത്തിൽ എന്നപോലെ കഴിഞ്ഞു.

എന്നാൽ അങ്ങനെ ഒരു ഉദ്ദേശം അവനില്ലായെന്ന് പതിയെ മനസ്സിലായി. അതിന്റെ രഹസ്യം മറ്റൊരു നടുക്കമായിരുന്നു. ഹിജഡകൾ മാത്രം ആയിരുന്നു അവന്റെ കൂട്ട്കാർ. ഒരു ദിവസം അവൻ അവരെയും കൂട്ടി ഫ്ളാറ്റിലെത്തി. സാരിയുടുത്ത ചുണ്ടിൽ ചായം തേച്ച തലയിൽ പൂവും ചൂടി പെണ്ണായി മാറിയ ആ പുരുഷന്മാരുടെ കൂടെ ടെറസിൽ കിടന്നു അവൻ നൃത്തം ചെയ്തു. തന്നെ അവിടേയ്ക്ക് വലിച്ചു കൊണ്ടു ചെന്നു. അറപ്പുളവാക്കുന്ന അവരുടെ ചലനങ്ങൾ. പൊട്ടിക്കരഞ്ഞുകൊണ്ട് കൈ കൂപ്പിയപ്പോൾ ഒരു ഭർത്താവിന്റെ അധികാരത്തോടെ കലേഷ് തന്നെ ചുറ്റിപ്പിടിച്ചു. പിടഞ്ഞു . കുതറിയ തന്റെ കാതിലവൻ തുപ്പിയ വാക്കുകൾ.. !
” നീയൊക്കെ പെണ്ണാണെന്നേയുള്ളൂ.. റിയൽ രതി എന്താണെന്ന് അറിയണമെങ്കിൽ ദാ ഇവരുടെ കൂടെ.. ”
അറപ്പിലും വെറുപ്പിലും കണ്ണുകളിൽ ഇരുട്ട് കയറി. എല്ലാം അവസാനിച്ചു എന്ന് തോന്നിയ നിമിഷങ്ങൾ. എന്നാൽ അടുത്ത നിമിഷം തന്നെ ഒരു വശത്തേക്ക് തള്ളി എറിഞ്ഞിട്ട് അവൻ വീണ്ടും അവരോടുകൂടെ ചേർന്നു. പെണ്ണായി മാറിയ ആ ആണുങ്ങൾ ക്കിടയിൽ നിന്നും അന്ന് താൽക്കാലികമായി രക്ഷപ്പെട്ടു.
മധുബാല എല്ലാ കാഴ്ചകളെയും തിരസ്കരിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.

തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here