Home Latest ഇതെന്റെ ഗർഭമല്ല,,, എന്റെ ഗർഭം ഇങ്ങനെയല്ല…

ഇതെന്റെ ഗർഭമല്ല,,, എന്റെ ഗർഭം ഇങ്ങനെയല്ല…

0

രചന : Vipin PG

” ഇതെന്റെ ഗർഭമല്ല,,, എന്റെ ഗർഭം ഇങ്ങനെയല്ല ”

മൂന്ന് വർഷത്തെ നോർത്തിന്ത്യൻ യാത്രയ്ക്ക് ശേഷം ഞാൻ നാട്ടിലേക്ക് തിരിച്ചു വരികയാണ്. ഇതിനിടയിൽ ഒരു മിന്നായം പോലെ മൂന്ന് തവണ വന്നു പോയി. വന്നപ്പോഴൊന്നും ഒരാഴ്ച തികച്ചു നിന്നിട്ടില്ല. ഈ വരവ് ഒരു വരവാണ്. സംഭവം വേറൊന്നുമല്ല, കേരളത്തിലേക്ക് ട്രാൻസ്ഫറായി.

നാട്ടിൽ ഇലക്ഷൻ അടുത്തിരിക്കുന്ന സമയമാണ്. തൊട്ട് അയൽവാസി തോട്ടത്തിൽ കുര്യൻ പാർലമെന്റ് സ്ഥാനാർഥിയും. ആ നാട്ടിലെ ലക്ഷോപലക്ഷം വരുന്ന യുവാക്കളുടെ വോട്ട് മുഴുവൻ പിടിച്ചു കൊടുക്കാമെന്നേട്ടിട്ടാണ് കുര്യൻ ചേട്ടൻ ട്രാൻസ്ഫർ ഒപ്പിച്ചു തന്നത്.

കുര്യൻ ചേട്ടൻ നിലവിൽ സിറ്റിങ് എംപി ആണ്. ഒരുതവണ അധികാരക്കസേരയിൽ ഇരുന്നാൽ പിന്നെ വിട്ടു പോകാൻ വലിയ പാടാണ് ന്നാ കുര്യൻ ചേട്ടൻ പറയുന്നേ.

മൂന്നു വർഷത്തെ കാനന വാസത്തിനു ശേഷം നാട്ടിലേക്ക് എന്റെ വരവ് എന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടി ആർമാദിച്ചു. അമ്മ എനിക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി.

പശുവിനെ വിറ്റപ്പോൾ കിട്ടിയ കാലിത്തൊഴുത്തിൽ ലിറ്റർ കണക്കിന് കുപ്പി പൊട്ടിച്ചു നമ്മൾ ആർമാദിച്ചു. ലാലേട്ടൻ പറഞ്ഞ പോലെ, കാൽ നിലതുറക്കുന്ന തല നേരെ നിൽക്കുന്ന ഒരുത്തനും അന്ന് വീട്ടിൽ പോയില്ല. എല്ലാവരും കാലിത്തൊഴുത്തിൽ ഓഫ്ഫ്.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ബോധം വന്നവർ ഓരോരുത്തരായി അവരവരുടെ വീട്ടിൽ പോയി. രണ്ടാംദിനം കുടുംബക്കാർക്ക്. എല്ലാ കുടുംബ വീട്ടിലും ഒന്ന് കയറി ഇറങ്ങി.മൂന്നാം ദിനംതൊട്ട് ഒരാഴ്ച കാമുകി ബുക്ക് ചെയ്തിരിക്കുകയാണ്.

അവൾ കാമുകി ആയിട്ട് ഏകദേശം ഒന്നര കൊല്ലമായി. നാട്ടിൽ നിൽക്കാത്തത് കൊണ്ടാണ് ഇതുവരെ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിക്കാത്തത്. ഇത്തവണ അക്കാര്യത്തിലും ഒരു തീരുമാനം എടുക്കണം. അവളെയും കൂട്ടി ഒരു കറക്കം കറങ്ങാൻ വേണ്ടി കുളിച്ചൊരുങ്ങി കണ്ണാടിയുടെ മുന്നിൽ മുടി ജീവി കൊണ്ടിരിക്കുമ്പോഴാണ് സംഭവം, ,,, അനിയത്തി വന്നു പറഞ്ഞു,,,,,

” ഏട്ടാ ഏട്ടൻ ഒരു ഗസ്റ്റ് വന്നിട്ടുണ്ട് ”

” ഗസ്റ്റോ,,,,, ആര് ”

” ആ,,, താഴെ വന്നിട്ടുണ്ട്,,,,, ഒരു ബംഗാളി പെണ്ണും കൊച്ചും ”

ബംഗാളി പെണ്ണോ, അതാരാ. ഞാൻ താഴെ ഇറങ്ങി ചെന്നു. അവിടെ ചെന്നപ്പോൾ വന്ന പെണ്ണും അമ്മയും തമ്മിൽ അഡാർ യുദ്ധം. അത്യാവശ്യം ഹിന്ദി അറിയുന്ന അമ്മയ്ക്ക് പെണ്ണ് പറയുന്നത് കറക്റ്റ് ആയി മനസ്സിലാകുന്നുണ്ട്. വന്ന പെണ്ണ് ചോദിക്കുന്നത് ഇങ്ങനെയാണ്

” മേരാ ബച്ചാ ക്കാ അച്ഛാ കിതർ ഹേ ”

മലയാളത്തിൽ പറഞ്ഞാൽ കൊച്ചിന്റെ അച്ഛനെയാണ് ചോദിക്കുന്നത്. ആരുടെ അച്ഛൻ.അച്ഛനെ അന്വേഷിച്ച് ഇവിടെ വന്നതെന്തിനാ

താഴെ എത്തി ഞാൻ അവളോട് ചോദിച്ചു

” കോൻ ഹേ തും തും ”

” ഓ മേരാ ദാദാ ”

എളിയിൽ ഇരുന്ന കൊച്ചിനെ താഴെ ഇട്ട് ആ പെണ്ണ് എന്റെ ദേഹത്തേക്ക് ചാടിവീണു. ആരുടെ ദാദാ ആരുടെ ബച്ചാ. എന്റെ പൊന്നമ്മേ എനിക്കൊന്നും അറിയാൻ പാടില്ല. പെണ്ണ് എന്റെ ദേഹത്തുനിന്ന് പിടിവിടുന്നില്ല. ഒരു തരത്തിൽ എല്ലാവരും കൂടി പെണ്ണിനെ പിടിച്ചു മാറ്റി.

എല്ലാവരും വട്ടത്തിലിരുന്നു. അമ്മ എന്നെ രൂക്ഷമായി ഒന്ന് നോക്കി.അമ്മ, അനിയത്തി,വന്ന പെണ്ണ്. എല്ലാവരും എന്നെ നോക്കുന്നു, മാറിമാറി നോക്കുന്നു.

” നീ ഇവിടുന്ന് പോയിട്ട് മൂന്നര കൊല്ലം കൊല്ലം,,,ഈ കുട്ടിക്ക് രണ്ടര വയസ്സ്,,, ഈ തോന്ന്യവാസം കാണിച്ചപ്പോൾ വീട്ടിൽ ഒരു പെങ്ങൾ ഉള്ള കാര്യം നീ ഓർത്തോഡാ സാമദ്രോഹി ”

” ഇല്ലമ്മേ ഇല്ല,,, ഇവളെ വിശ്വസിക്കരുത്,,, ഇതെന്റെ ഗർഭമല്ല,,, എന്റെ ഗർഭം ഇങ്ങനെയല്ല ”

ബംഗാളി പെണ്ണ് എണീറ്റ് വായിലിരുന്ന മുറുക്കാൻ മുറ്റത്തേക്ക് ആഞ്ഞു തുപ്പി. എന്നെ നോക്കി മന്തി ഭാഷയിൽ പറഞ്ഞു
( ഹിന്ദിക്കാർ പറയുന്ന വ്യക്തമല്ലാത്ത മലയാളം – മന്തി )

” നാട്ടിൽ പോകുമ്പോൾ എന്നെ കൂടെ കൊണ്ടു പോകാം എന്ന് പറഞ്ഞതല്ലേ സേട്ടാ, സെട്ടൻ എന്നെ കൂട്ടാതെ വന്നപ്പോൾ നാൻ അടുത്ത ട്രെയിനിൽ ഇങ്ങോട്ട് കയറി വന്നു. അമ്മ എന്നെ അനുഗ്രഹിക്കണം ”

അവൾ അമ്മയുടെ കാലിൽ വീണു.

” പിടിച്ചോണ്ട് പോടാ ഇവളെ ”

അമ്മ അലറി. പക്ഷേ അവൾ അമ്മയുടെ കാലിൽ പിടിച്ച പിടി പിന്നെ വിട്ടില്ല. ഞാൻ അവളുടെ കാലിൽ പിടിച്ചുവലിച്ചു. അവൾ അമ്മയുടെ കാലിൽ പിടിച്ചുവലിച്ചു. ഞാൻ പുറകോട്ട് പോകുന്തോറും അവളും അമ്മയും മുന്നോട്ടു വന്നു കൊണ്ടിരുന്നു. അവസാനം അമ്മ നടുവും തല്ലി വീണു.

അയൽക്കാരും നാട്ടുകാരും ഒക്കെ അറിഞ്ഞു തുടങ്ങി. ഓരോരുത്തരായി മതിലിന്റെ മൂലയിലും വീടിന്റെ ഉത്തരത്തിലും കേറി ഒളിഞ്ഞു നോക്കാൻ തുടങ്ങി. ആകെ നാണക്കേടായി. ഒരു വൃത്തിയുള്ള കോലം ആണേലും വേണ്ടിയല്ല. ഇതിപ്പോ ഈ പെണ്ണ് വെള്ളം കണ്ടിട്ട് ഒരാഴ്ചയായി.ഞാൻ തെളിവ് വേണമെന്ന് ആവശ്യപ്പെട്ടു. അത് കേട്ടപാടെ അത്രസമയം അവളുടെ മടിയിൽ ഇരുന്ന കുട്ടി അച്ചാന്നു വിളിച്ച് എന്റെ അടുത്തേക്ക് ഓടി വന്നു.

ഞാൻ ചാടി വരാന്തയിൽ കയറിയിരുന്നു. എല്ലാവരും ഉറപ്പിച്ചു, ഇത് എന്റെ തന്നെ.

” എന്റെ പര ദൈവങ്ങളെ,,,, മാനം മര്യാദയ്ക്ക് ജോലി ചെയ്ത് നാട്ടിൽ ജീവിക്കാൻ വന്ന എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു. ഈ കൊച്ച് ഏതാ കൊച്ചിന്റെ തന്ത ഏതാ ഒന്ന് കാണിച്ചു തരണേ ”

കാര്യങ്ങൾക്ക് ഒരു പിടിയും കിട്ടാതെ ഞാൻ മുറ്റത്തൂടെ ഉലാത്തുകയായിരുന്നു. അമ്മ ആ പെണ്ണിനെ കൂട്ടി അകത്തേക്ക് പോയി. കുളിമുറി കാണിച്ചു കുളിക്കാൻ പറഞ്ഞു. പിന്നെ ഒരു സെറ്റ് സാരി ഉടുപ്പിച്ചു കൊണ്ടുവന്നു. അവളോട് മുറ്റത്തേക്കിറങ്ങി നിൽക്കാൻ പറഞ്ഞു. എന്നോട് അവളെ ചേർന്നുനിൽക്കാനും. അനിയത്തി തളികയിൽ ദീപം കത്തിച്ചു കൊണ്ടുവന്നു രണ്ടാളെയും ഉഴിഞ്ഞു.

അമ്മ അവളുടെ കയ്യിൽ നിലവിളക്ക് കൊടുത്തു വലതുകാൽ വച്ച് അകത്തേക്ക് കയറാൻ പറഞ്ഞു.

” ഏയ് പറ്റില്ല,,,, ഞാനിത് സമ്മതിക്കില്ല. എവിടുന്നോ വലിഞ്ഞു കയറി വന്ന ഒരു പെണ്ണിന്റെ നാഥനാകാനും ആരാന്റെ കൊച്ചിന്റെ തന്തയാകാനും എന്നെക്കൊണ്ട് പറ്റില്ല ”

ദീപം തട്ടിത്തെറിപ്പിച്ച് നിലവിളക്ക് ഊതിക്കെടുത്തി ഞാൻ അടുക്കളയിലേക്ക് ഓടി. ആ ബംഗാളി പെണ്ണ് എന്റെ പുറകെ ഓടി വന്നു. ബംഗാളി പെണ്ണ് അതേ പോലെ തിരിച്ചു മുറ്റത്തെകോടി. അടുക്കളയിൽ കയറിയ ഞാൻ വെട്ടുകത്തിയുമായി ബംഗാളിപെണ്ണിന്റെ പുറകെ ഓടി. ബംഗാളിപെണ്ണിനെ ഞാൻ പറമ്പിൽ മുഴുവൻ ഓടിച്ചു. എന്റെ പുറകെ സ്കൂൾവിട്ട പോലെ ആൾക്കാർ ഓടിവന്നു.

സംഭവം സീനായി,,,, കയ്യീന്ന് പോയി. കൂട്ടുകാരെല്ലാം വിവരമറിഞ്ഞു നാലുഭാഗത്തുനിന്നും ഓടിയെത്തി. അമ്മ എല്ലാവരെയും ചോദ്യം ചെയ്തു. അവർക്കാർക്കും ഇങ്ങനെയൊരു സംഭവം അറിയില്ല. കൂട്ടുകാരെല്ലാം എനിക്ക് ഒത്താശ ചെയ്യുകയാണെന്ന് പറഞ്ഞ് അമ്മ അവരെ തെറി പറഞ്ഞു. ഈ നേരം കൊണ്ട് കാമുകി വിവരങ്ങളെല്ലാം അറിഞ്ഞിരുന്നു.

അവൾ വാട്സാപ്പിൽ തുരുതുരാ ഫോട്ടോസ് ഇട്ടു.കറങ്ങാൻ പോകാൻ ഇട്ട ഡ്രസ്സിൽ തന്നെ തൂങ്ങിച്ചാകാൻ വേണ്ടി കയറും കഴുത്തിലിട്ടു നിൽപ്പാണ്. ഇതിൽ ഒരു തീരുമാനം ആകുമോന്ന് അറിഞ്ഞിട്ട് വേണം ചാവാൻ. ആരു പറഞ്ഞാലും വാതിൽ തുറക്കൂല. അവളുടെ അമ്മ ഫോണിൽ വിളിച്ച് കരച്ചിലും നിലവിളിയും.

പാമ്പുകടിച്ചവന്റെ തലയിൽ തേങ്ങ വീണു എന്നതും ചെകുത്താനും കടലിനും നടുക്കായി എന്നതും ഇപ്പോ എന്റെ കാര്യത്തിൽ ഒരേപോലെ പറയാം.

വന്നവരെയും നിന്നവരെയും എല്ലാവരെയും അമ്മ വെറുപ്പിച്ചു. നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങി

” രണ്ടാളെയും കെട്ടുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല,,, വലത്തു മലയാളി, ഇടത്തു ബംഗാളി,,, അപ്പോ ആ കുട്ടിയെ എവിടെ കിട്ടും ”

” കുട്ടിയെ അവന്റെ നെഞ്ചത്ത്കിടത്തി ക്കോളും. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ, ഒരാളുടെ കുടുംബം തകർന്നു ഇരിക്കുമ്പോഴാണോ ചേട്ടാ നിങ്ങളുടെ തമാശ ”

” ഒരാളുടെ കുടുംബം തകരുമ്പോൾ അല്ലെ മോനെ അതിനെ വിലയിരുത്തി സംസാരിക്കാൻ പറ്റൂ. ഒന്നും അറിയാത്ത ഒരു പാവം ബംഗാളിപെണ്ണിനെ നശിപ്പിച്ചിട്ട് നിന്ന് ന്യായം പറയുന്നോ. മര്യാദയ്ക്ക് ജീവിച്ച പയ്യനെ നീയൊക്കെക്കൂടിയല്ലേടാ ഈ അവസ്ഥയിൽ ആക്കിയത്. എന്നിട്ട് ഞങ്ങളെ മെക്കിട്ട് കേറിയാൽ മതി. പോടാ,,, പോയി ഗർഭത്തിന് സമാധാനം പറയടാ. ഇങ്ങനെ കുറെ പിഴച്ചസന്തതികൾ ഉള്ളതുകാരണം കാരണവന്മാർക്ക് ഒരു സമാധാനവും ഇല്ലാതെയായി ”

നാട്ടുകാരും കൂട്ടുകാരും തമ്മിൽ അടിയും വഴക്കും ഉന്തും തള്ളുമായി. അതിനിടയിൽ
ഒരുത്തൻ എന്റെ അടുത്ത് വന്നു ചോദിച്ചു

” ഡാ നിനക്കിനി വല്ല കയ്യബദ്ധവും, അറിയാതെ എങ്ങാനും ”

” പ് ഭാ, കയ്യബദ്ധവും ഇല്ല ഒരു തേങ്ങയും ഇല്ല, അറിയാതെമില്ല അറിഞ്ഞുകൊണ്ടുമില്ല, എനിക്കിവളെ അറിയില്ല ”

ഞാൻ പറമ്പിൽ കുത്തിയിരുന്നു കരഞ്ഞു. ഈ സമയം കൊണ്ട് ഈ വാർത്ത കാട്ടുതീപോലെ പടർന്നു. കല്യാണത്തിന് സമ്മതിക്കുകയല്ലാതെ മറ്റു മാർഗ്ഗം ഇല്ലാത്ത അവസ്ഥയായി. അങ്ങനെ ഞാനും ബംഗാളി പെണ്ണുമായുള്ള കല്യാണം അമ്മ തീരുമാനിച്ചു. അമ്പലത്തിൽ പോയി കാര്യങ്ങൾ എല്ലാം ശരിയാക്കി അത്യാവശ്യം വേണ്ട മുന്നൊരുക്കങ്ങൾ ഒക്കെ വീട്ടിൽ നടത്തി.

ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ട് പോയാൽ മതി എന്ന് പറഞ്ഞു ഞാൻ ഫ്രണ്ട്സിനെയെല്ലാം കാലിത്തൊഴുത്തിലെക്ക് കയറ്റി. ഭക്ഷണവും വെള്ളവുമെല്ലാം അവിടെ കൊടുത്തു.

അന്ന് രാത്രിതന്നെ ബംഗാളി പെണ്ണ് അടുക്കളഭരണം തുടങ്ങി. നോർത്ത് ഇന്ത്യൻ ഫുഡ് ഉണ്ടാക്കി ഡൈനിങ് ടേബിളിൽ നിരത്തി. ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും. കഴിച്ചവരോക്കെ നല്ല അഭിപ്രായം പറഞ്ഞു. കൈപ്പുണ്യമുള്ള കുട്ടി ആണത്രേ.

കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആയെന്ന് കാമുകി അറിഞ്ഞപ്പോൾ അവള് കയറിൽ തൂങ്ങി. ദ്രവിച്ചിരുന്ന കയറു പൊട്ടി നടുവും തല്ലി അവൾ നിലത്തുവീണു. ഒരു കൈയും പൊട്ടി ഒരു കാലും പൊട്ടി. അവളുടെ വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് അവളെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി പ്ലാസ്റ്റർ ഇട്ടു. ഹോസ്പിറ്റലിൽ കിടന്ന് പൊട്ടിയ കയ്യിന്റെയും കാലിന്റെയും കുറെ ഫോട്ടോസ് എടുത്തു അവൾ വാട്സാപ്പിൽ തന്നു.

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ പാടെ വിഷം കുടിച്ച് മരിക്കും എന്നാണ് ഭീഷണി. എന്നാ പിന്നെ കുറച്ച് എനിക്കും കൂടി കലക്കി തരാൻ ഞാനും പറഞ്ഞു.

ഇതെല്ലാം കണ്ടും കേട്ടും രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. ബംഗാളി പെണ്ണ് അമ്മയോടൊപ്പം കിടന്നു. ഈ രാത്രി നേരം നേരം വെളുക്കുന്നതിനു മുന്നേ ലോകം അവസാനിക്കട്ടെ ദൈവമേ. അല്ലെങ്കിൽ ഈ വീട് ഇടിഞ്ഞു അവളുടെ തലയിൽ വീഴട്ടെ ദൈവമേ. അങ്ങനെ ഓരോ രീതിയിൽ അവളെ പ്രാകിക്കൊണ്ട് ഞാൻ മുകളിലെ ബാൽക്കണിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു.

അപ്പോഴതാ പറമ്പിലെ കുറ്റിക്കാട്ടിൽ ഒരു അനക്കം. ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. നോക്കിയപ്പോൾ ബംഗാളിപെണ്ണാണ്. ഇവൾ ഈ പാതിരാത്രിക്ക് എങ്ങോട്ടാ പോകുന്നേ. ഞാൻ അവളുടെ പുറകെ പോയി. പോയി പോയി അവൾ മതിലുചാടി. ഞാനും മതിലുചാടി. ഞാൻ കാലിത്തൊഴുത്തിൽ കിടന്നുറങ്ങിയിരുന്ന എന്റെ കൂട്ടുകാരെ എല്ലാം ഫോണിൽ വിളിച്ചു.

എല്ലാവരും മതിലിന് പുറത്തേക്ക് വന്നു. മതിലിനപ്പുറത്തെ റോഡ്സൈഡിൽ അതാ ഒരു വണ്ടി. വണ്ടിക്കുള്ളിൽ തൊരപ്പൻ കൊച്ചുണ്ണി. കുര്യൻ ചേട്ടന്റെ എതിർ പാർട്ടിയിലെ മൂത്ത നേതാവിന്റെ റൈറ്റ് ഹാൻഡ്.

അവൾ ഓടി വണ്ടിയിൽ കയറി. ഞാൻ പുറകെ ഓടി വണ്ടിയുടെ താക്കോൽ പിടിച്ചുവാങ്ങി. ഒറ്റ വെച്ച് നിലവിളിച്ച് ആളെക്കൂട്ടി. ഫ്രണ്ട്സ് എല്ലാവരും കൂടി വണ്ടി വളഞ്ഞു.പച്ച പാതിരാത്രി എന്റെ നിലവിളികേട്ട് ആൾക്കാർ പേടിച്ചു വിറച്ചു. എനിക്ക് എന്തോ അപകടംപറ്റി എന്ന് കരുതി എല്ലാവരും ഓടി വന്നു.

ഞാൻ തൊരപ്പൻ കൊച്ചുണ്ണിയെ പൊക്കിയെടുത്ത് ബോണറ്റിന്റെ മുകളിലേക്കിട്ട് നാലടി ഇടി ഇടിച്ചു. കിന്റൽ വെയിറ്റ് ഉള്ള ഇടി കൊണ്ടപാടെ എന്റെ കാലിൽ വീണു കൊച്ചുണ്ണി കാര്യം പറഞ്ഞു. ബംഗാളി പെണ്ണ് വാടകയ്ക്ക് വന്നതാണ്. പക്ഷേ വീട് മാറിപ്പോയി,,,,

എലെക്ഷനോടനുബന്ധിച്ച് കുര്യൻ ചേട്ടനെ നാറ്റിക്കാൻ വേണ്ടി തൊരപ്പൻ കൊച്ചുണ്ണി അങ്ങ് ഉത്തർപ്രദേശിൽ നിന്ന് കൊണ്ടുവന്നതാണ് ഈ മുതലിനെ. കുര്യൻ ചേട്ടൻ നാറണം,,,, അങ്ങനെ ഇലക്ഷൻ തോക്കണം…

പെണ്ണിന് വീട് മാറി പോയ കാര്യം വളരെ വൈകിയാണ് തുരപ്പൻ അറിഞ്ഞത്. അതിനുശേഷമാണ് കല്യാണക്കാര്യം അറിഞ്ഞത്.എല്ലാ പ്ലാനിങ്ങും തെറ്റിയപ്പോൾ പെണ്ണിന് മെസ്സേജ് അയച്ചു. രാത്രി മതിൽ ചാടി കൊള്ളാൻ പറഞ്ഞു. നാട്ടുകാർ എല്ലാവരുംകൂടി തൊരപ്പൻകൊച്ചുണ്ണിയെ വട്ടം നിന്ന് അടിച്ചു. അമ്മയുടെ വക ബംഗാളി പെണ്ണിന്റെ കരണത്ത് കിട്ടി നല്ല പുകയുന്ന ഒരെണ്ണം.

തൊരപ്പനെയും ബംഗാളിപെണ്ണിനെയും പോലീസിനെ ഏൽപ്പിച്ച് ഞാൻ തിരികെ വീട്ടിലേക്ക് വന്നു. എല്ലാം കലങ്ങി തെളിഞ്ഞു. ബച്ചാ കാ അച്ഛാ ഞാൻ അല്ല എന്ന് എല്ലാവർക്കും മനസ്സിലായല്ലോ. സ്വസ്തി യോടും സമാധാനത്തോടും കൂടി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലേക്ക് ചെന്നു. കുറച്ച് വിഷം കലക്കി അവളുടെ അണ്ണാക്കിൽ ഒഴിച്ചു കൊടുക്കാനാണ്. കാമുകനെ വിശ്വാസമില്ലാത്ത കാമുകി.

അവളുടെ ഒടിഞ്ഞ കയ്യിൽ പിടിച്ചു രണ്ട് ഞെക്കി. എന്നിട്ട് ഒരു സെൽഫി എടുത്ത് ഡിപി ഇട്ടു. നേരെ അവളെ കൂട്ടി വീട്ടിലേക്ക് പോയി. ഇത്തവണ അനിയത്തി ഉഴിഞ്ഞപ്പോൾ ഞാൻ തട്ടിയില്ല. അമ്മ വിളക്ക് കൊടുത്തപ്പോൾ ഞാൻ ഊതിയില്ല.

ഒരു കൈയും നിലവിളക്ക് പിടിച്ചു കൊണ്ട് ഒരു കാൽ ചട്ടിചട്ടി അവൾ വലതുകാൽ വച്ചു വീട്ടിലേക്ക് കയറി,,,,, ഇനി വച്ച്നീട്ടണ്ടെന്ന് കരുതിയിട്ടാ,,,,, ശുഭം,,,, സന്തോഷം,,,,,,,

LEAVE A REPLY

Please enter your comment!
Please enter your name here