Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.
സ്വർണ്ണനക്ഷത്രങ്ങൾ part – 6
രചന : Vineetha
ഓക്കാനത്തിന്റെ ഒച്ച കേട്ടു റോയി തണുത്ത നിലത്തൊട്ടി കിടന്ന മുഖം തെല്ലുയർത്തിയത്.
കമിഴ്ന്നു കിടന്നു ഛർദിക്കുന്ന മണിക്കുട്ടൻ. ഷാനവാസ് ചങ്ങല കുടുങ്ങിയ കൈ കൊണ്ടു ആയാസപ്പെട്ട് പുറം തടവി കൊടുക്കുന്നു. പിത്ത വെള്ളത്തിന്റെ ദുർഗന്ധമടിച്ചപ്പോൾ റോയിക്കും തൊണ്ടയിൽ തികട്ടൽ അനുഭവപെട്ടു.
ഛർദിക്കാൻ ശ്രമിച്ചിട്ട് പക്ഷെ കഴിഞ്ഞില്ല. അപ്പോഴാണ് ശ്രദ്ധിച്ചത്.
ബിനോയും ഉണ്ണിയും എവിടെ..?
കലങ്ങിച്ചുവന്ന മിഴികളാൽ ഹാളിലുടനീളം പരതി. കമ്പിയഴിയിട്ട കിളിവാതിലിൽ കൂടി പ്രവേശിക്കുന്ന വെളിച്ചത്തിനു ആ ഹാളിലെ മുഴുവൻ ഭാഗങ്ങളെയും വ്യക്തമാക്കാൻ കഴിയുന്നില്ല. പെട്ടന്ന് പുറത്തൊരു ആർത്തനാദം മുഴങ്ങി. അതിവേദനയിൽ ഒന്നലറുകയും പിടിച്ചു നിർത്തിയത് പോലെ നിലക്കുകയും ചെയ്ത ഒച്ചയിൽ നടുങ്ങി. ബിനോയുടെ ഒച്ച തിരിച്ചറിഞ്ഞ റോയ് നിലവിളിച്ചു.
“ബിനോ.. ”
വാതിലിനരുകിൽ ചുമരിൽ ചാരി തളർന്നിരുന്ന സന്ദീപും രോഹിത്തും ഞെട്ടി കണ്ണുകൾ മിഴിച്ചു സ്ഥല കാല ബോധമില്ലാതെ മിഴിച്ചു നോക്കി. വീണ്ടും പുറത്ത് നിന്നുള്ള അലർച്ച. രോഹിത് ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്ന കരങ്ങൾ ഉയർത്തി ഡോറിൽ ആഞ്ഞടിച്ചു കൊണ്ട് ആവുന്നത്ര ഒച്ചയിൽ വിളിച്ചു പറഞ്ഞു.
“വാതിൽ തുറക്ക്.. പ്ലീസ് ഈ വാതിലൊന്നു തുറക്ക്.. ”
അടുത്ത നിമിഷം കനത്ത ഇരുമ്പ് സാക്ഷ അകലുന്ന ഒച്ചയിൽ അവർ ആകാംഷയോടെ ശിരസു തിരിച്ചു നോക്കി.
അകത്തേക്കാദ്യം വന്നു വീണത് ഉണ്ണി പട്ടർ ആയിരുന്നു. പിന്നാലെ പ്രതിഷേധം അടങ്ങാത്ത ചലനങ്ങളോടെ ബിനോയും. നിലത്ത് വീണ ഉണ്ണിയുടെ ശരീരം വിറക്കുന്നതു അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു.
വാതിൽ നിറഞ്ഞ് നിന്ന് അലി ഉച്ചിയിൽ പൊതിഞ്ഞു കെട്ടി വെച്ച ചെമ്പൻ മുടിക്കെട്ടിൽ തപ്പിക്കൊണ്ട് അവജ്ഞയോടെ കുരച്ചു.
“നിയൊക്കെ ഇന്ത്യൻ ആർമിയുടെ പുഴുക്കളാണ്. നിന്റെയൊക്കെ സ്ഥാനത്തു ഞങ്ങൾ വല്ല മന്ത്രിയേയും കിഡ്നാപ് ചെയ്തിരുന്നുവെങ്കിൽ ഞങ്ങളുടെ ആവശ്യം ഗവൺ മെന്റ് എപ്പോഴേ സമ്മതിച്ചേനെ… ”
ആ വാക്കുകൾ അയാളുടെ ആയുധങ്ങൾ ഏൽപ്പിച്ച മുറിവിനേക്കാൾ അവരെ വേദനിപ്പിച്ചു. ഏഴുപേരെയും മാറി മാറി നോക്കി അയാൾ വികൃതമായി ചുണ്ടുകൾ കോട്ടി.
“നാളെ.. നാളെ നിങ്ങളിലൊരാൾ വീരമൃത്യുവിന് അർഹൻ ആവും.. അടുത്ത ദിവസം മറ്റൊരാൾ, അതിനടുത്ത ദിവസം അടുത്ത ആൾ.. അങ്ങനെയങ്ങനെ.. ”
അപ്രതീക്ഷിതമായി ഷാനവാസ് ചീറി.
“കൊല്ലെടാ.. കൊന്നു തിന്നു നീയൊക്കെ ഞങ്ങളെ.. പക്ഷെ ഞങ്ങളുടെ പേരിൽ ഒരു കൊടും ഭീകരൻ രക്ഷപെടില്ല. എത്ര ദ്രോഹിച്ചാലും ഞങ്ങളാരും നിങ്ങളുടെ മുന്നിൽ ജീവന് വേണ്ടി യാചിക്കുകയുമില്ല”
അലി വൃത്തിയില്ലാത്ത ദന്ത നിരകൾ പ്രദർശിപ്പിച്ചു ചിരിച്ചു.
“അറിയാം സാലെ.. പക്ഷെ നിനക്കൊക്കെ വേണ്ടി നിങ്ങളുടെ ഗവൺമെന്റ് യാചിക്കും. യാചന മാത്രമേ ഉണ്ടാവു.. യാചിച്ചുകൊണ്ടവർ ഞങ്ങൾക്ക് വേണ്ടി വലകൾ വിരിക്കും. വല വിരിച്ചവർ എത്തുമ്പോൾ നിന്റെയൊക്കെ കരിക്കട്ടയെ അവർക്ക് കിട്ടു.. ”
കയ്യിലിരുന്ന റൈഫിളിന്റെ പത്തി കൊണ്ട് ചുമർ ചാരിയിരുന്ന സന്ദീപിന്റെ തലക്കൊരു തട്ട് കൊടുക്കുകയും ചെയ്തു. അയാൾ വേദന കടിച്ചമർത്തി ഒരു വശത്തേക്ക് ചരിഞ്ഞു. അലി ഒരിക്കൽ കൂടി എല്ലാവരെയും ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി. വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞപ്പോൾ അവർ പരസ്പരം നോക്കി.
“അവർ എത്ര പേരുണ്ടന്ന് ഊഹമുണ്ടോ?
ഷാനവാസ് ചിതറിയ ഒച്ചയിൽ ചോദിച്ചു.
“പതിനഞ്ചോളം വരും ”
വായിൽ ഇളകിയ പല്ലിന്റെ വേദന കടിച്ചു പിടിച്ചു കൊണ്ടത് പറയുമ്പോൾ ബിനോയുടെ കണ്ണിൽ തീ ആളി. കരങ്ങൾ ബന്ധിച്ച സ്റ്റീൽ ചങ്ങലയിലേക്ക് നോക്കിക്കൊണ്ട് ബിനോയ് നിരങ്ങി നീങ്ങി ചുവരിൽ ചാരിയിരുന്നു.
തണുപ്പ് ശരീരത്തെ തൊടാത്തതിൽ അത്ഭുതം തോന്നി. അയഞ്ഞു തൂങ്ങി കിടക്കുന്ന ളോഹ പോലത്തെ ഒറ്റയുടുപ്പിന്റെ ചൊറിച്ചിൽ ആയിരുന്നു അസഹനീയം. ബിനോയ് തല ചുവരോട് ചേർത്ത് വച്ചു മിഴികൾ അടച്ചു.
ജീവന് ഏതാനും ലക്ഷങ്ങളുടെ വില മാത്രം ഉള്ള പട്ടാളക്കാരൻ.. ഭംഗിക്കൊരു വീര മൃത്യു പട്ടവും.. !
അതുമാത്രം ആണോ ഒരു പട്ടാളക്കാരൻ.. അവനൊരു കുടുംബമില്ലേ.. അച്ഛനും അമ്മയും സഹോദരങ്ങളും ഇല്ലേ.. ഭാര്യയും മക്കളുമില്ലേ.. അവരും അവന്റെ അവകാശികളല്ലെ.. എല്ലാത്തിലും ഉപരി അവനൊരു മനുഷ്യനല്ലെ.. ! സ്വപ്നംങ്ങളും വികാര വിചാരങ്ങളുമുള്ള പച്ചയായ മനുഷ്യൻ.. !
ബിനോയുടെ മുഖത്തു വേദനയിലും ആത്മ നിന്ദയിൽ പൊതിഞ്ഞൊരു ചിരി തെളിഞ്ഞു.
മരിക്കാൻ തെല്ലും ഭയമില്ല.. പക്ഷെ ആ മരണം ചിലരെങ്കിലും പാടേ തകർത്തു കളയും. അതിലേറ്റവും മുന്നിൽ “മധു… തന്റെ മധു.. ”
എത്ര ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാനാവാതെ ബിനോയ് തേങ്ങിപ്പോയി.
ഇനിയൊരു കൂടികാഴ്ച്ച ഉണ്ടോ..
ഒരിക്കൽ കൂടി.., ഒരിക്കൽകൂടിയാ നെയ് വിളക്കിന്റെ പ്രകാശം നേർത്തു ജ്വലിക്കുന്ന മുഖമൊന്നു കാണുവാൻ ഭാഗ്യമുണ്ടാവുമോ..? നിർമലരാഗ പൂരിതമായ ആ മിഴിസ്പെർശനം ഏൽക്കുവാനിനി കഴിയുമോ..?
ബിനോയുടെ വീങ്ങിയ കണ്ണുകളിലെ പൊള്ളുന്ന ബാഷ്പം നിലത്തേക്കിറ്റു വീണലിഞ്ഞു.
തുടരും