Home Article പ്രിയ സ്ത്രീ സൗഹൃദങ്ങളെ ഇത് എന്റെ മാത്രം അനുഭവം ആണ്. പലർക്കും പല അനുഭവം ആകാം…

പ്രിയ സ്ത്രീ സൗഹൃദങ്ങളെ ഇത് എന്റെ മാത്രം അനുഭവം ആണ്. പലർക്കും പല അനുഭവം ആകാം…

0

വേദ് ചികിത്സ (വേദ് കുളി) എന്ന നന്മയുള്ള ദ്രോഹം

രചന : മായാ പ്രശാന്ത്

10 ദിവസത്തെ ആസ്പത്രി വാസം കഴിഞ്ഞു പതിനൊന്നാം ദിവസം, നിറവയറോടെ 8മാസത്തിൽ ആസ്പത്രി പോയ ഞാൻ തിരികെ കുഞ്ഞാവ ആയി വീട്ടിൽ എത്തി..

പ്രസവ വേദന എന്താണ് എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ ല്ലേ, ഒരുപാട് പേര് എഴുതിയ ലേഖനങ്ങൾ വായിച്ചിട്ടുണ്ടാകുമല്ലോ നിങ്ങളിൽ പലരും…

നിങ്ങൾ ഇവിടെ ഇപ്പോ വായിക്കാൻ പോകുന്നത്, വേദ് ചികിത്സയെ പറ്റി ആണ്, പ്രിയ സ്ത്രീ സൗഹൃദങ്ങളെ ഇത് എന്റെ മാത്രം അനുഭവം ആണ്. പലർക്കും പല അനുഭവം ആകാം..

ആശൂത്രിയിൽ നിന്ന് വീട് എത്തിയപ്പോ തന്നെ എന്തോ വല്യ ആശ്വാസം ആയിരുന്നു… എത്ര ഒക്കെ നല്ല പോലെ മാലാഖമാർ നമ്മളെ ശുശ്രൂഷിച്ചാലും ഹോസ്പിറ്റൽ അന്തരീക്ഷം ഒരു മടുപ്പ് തന്നെ ആണല്ലോ.. വീട്ടിൽ വന്നു മുറ്റത്തു നിന്ന് നീട്ടി വീട്ടിലെ ഹരിതാപം നിറഞ്ഞ വായു വലിച്ചു കയറ്റി നിന്നപ്പോ വല്യമ്മ (അമ്മ നാട്ടിൽ ഇല്ലായിരുന്നു, അമ്മയുടെ സഹോദരി ആണ് നിക്ക് ഒപ്പം ഉണ്ടായിരുന്നത്) “നീ ഇത് എന്തോന്നാ കാണിക്കുന്നേ പെട്ടെന്ന് അകത്തു കയറിയെ, ഉച്ച സമയം ഇങ്ങനെ ഒന്നും പെറ്റ പെങ്കൊച്ചുങ്ങൾ നില്ക്കാൻ പാടില്ല ” അവിടം തൊട്ടു തുടങ്ങി കർശന നിയന്ത്രണങ്ങൾ…

വീട്ടിൽ വന്നു പിറ്റേന്ന് രാവിലെ തന്നെ വല്യമ്മ വിളിച്ചു ഉണർത്തി, “ഇന്ന് മുതൽ തന്നെ ആവി പിടിച്ചു തുടങ്ങണം”.
“ആവിയോ?”
“ആ, വേദ് ഇട്ടു കുളി”വല്യമ്മ വ്യക്തമാക്കി.
മീന വേനലിൽ കൊടും ചൂടത്തും ചൂട് വെള്ളത്തിൽ കുളിക്കുന്ന എനിക്ക് അപ്പോ യാതൊന്നും തോന്നിയില്ല, എന്ത് തോന്നാൻ സുഖം അല്ലെ, ആ ഒരു അവസ്ഥയിൽ ചൂട് വെള്ളം കിട്ടിയാൽ അത്രേം നല്ലത് എന്ന് ഞാൻ ഓർത്തു

കൊച്ചിന് പാല് കൊടുത്തു ഉറക്കി പതിയെ ഞാൻ എഴുന്നേറ്റു.

വല്യമ്മ പറഞ്ഞു മഞ്ഞൾ എണ്ണ തേയ്ക്കാൻ വേണ്ടി ഡ്രസ്സ്‌ എല്ലാം ഊരാൻ…

“എനിക്ക് ഒന്നും വയ്യ, അയ്യേ നാണക്കേട്” !! (ഇപ്പ ഈ ഇടക്കാലത്തും അമ്മ എന്നോട് ചോയിച്ചു ലേശം നാണം വരാൻ എന്ത് പൂജ ചെയ്യണം എന്ന്)

“ങേ നിന്റെ നാണം തീർന്നില്ലേ? ഇനി എന്തോന്ന് നാണം?” “ഞാൻ കാണാത്തതു ഒന്നും അല്ലല്ലോ ചെറുതിലെ ഞാൻ തന്നെയാ നിന്നെ കൂടുതൽ കുളിപ്പിച്ചത്” ലെ വല്യമ്മ

“അത് ചെറുത് ആയിരുന്നപ്പോ ഞാൻ ഇപ്പോ വലുത് ആയി അറിഞ്ഞില്ലേ? വേണേൽ ന്റെ കൊച്ചിനെ കുളിപ്പിച്ചോ “!!

“അത് ഞാൻ കുളിപ്പിച്ചോളാം ഇപ്പോ നീ ഇട്ടിരിക്കുന്നത് ഊര്” വല്യമ്മ പറഞ്ഞു

അമ്മയോട് ഒക്കെ ആണേൽ പിന്നെ തർക്കിച്ചു നിൽക്കാമായിരുന്നു ഇതിപ്പോ അതും പറ്റില്ലല്ലോ…
നൂൽ ബന്ധം ഇല്ലാണ്ട് ഒരു സ്റ്റൂളിൽ ഇരുത്തി…. ശേ ലേശം നാണം മറച്ചിരുന്നു തോന്നണു… എന്തോ ഒരു തരം എണ്ണ ശരീരം ഫുൾ തേച്ചു, നല്ല മണം ഒക്കെ ഉണ്ടായിരുന്നു… ആഹാ എന്ത് സോഫ്റ്റ്‌ ആയാണ് വല്യമ്മ എണ്ണ തേയ്ക്കുന്നെ എന്ന് ഞാൻ പറയുകയും ചെയ്തു… കുറെ പ്രസവം എടുത്ത കൈ ആണെന്ന് തിരിച്ചു തള്ളി മറിച്ചപ്പോ ഓർത്തു പറയണ്ടായിരുന്നു എന്ന്…

ഒരു അര മണിക്കൂർ അങ്ങനെ ഇരുന്നു… അപ്പോ അറിയില്ലായിരുന്നു, എണ്ണയിൽ ഇട്ട് fry ആക്കാൻ വേണ്ടി മസാല പെരട്ടി വച്ച കോഴിയുടെ അവസ്ഥ ആണ് എനിക്ക് എന്ന്..

കുളിമുറിയിലേക്ക് എന്നെ കൊണ്ട് പോയി…

അകത്തു കയറിയപ്പോ ഞാൻ എന്തോ മരുഭൂമിയിലെ പുക ചൂടിൽ നിൽക്കുന്ന ഒരു പ്രതീതി…. നിറയെ പുക…

“എന്തോന്നിത് വല്യമ്മേ? ഇത്രേം ചൂടോ?എനിക്ക് ഒന്നും വയ്യ… ” ഞാൻ കരഞ്ഞ പോലെ പറഞ്ഞു

“ചൂട് കൊണ്ടാലേ ഭാവിയിൽ ഒരു അസുഖങ്ങളും വരാതെ ഇരിക്കൂ..ചെറിയ ചൂട് മാത്രമേ ഉള്ളൂ “മറുപടി കിട്ടി

അതിനകത്തു തടി കസേരയിൽ ഞാൻ ഇരുന്നു.

“ചെറിയ ചൂട് കാണും കേട്ടോ ” വല്യമ്മ പറഞ്ഞു തീരും മുന്നെ ആവി എടുത്ത കോട്ടൺ തുണി എന്റെ മേത്തു പതിഞ്ഞു…

അപ്പൊ കുളിമുറിയിൽ വിളിച്ച നിലവിളി, പ്രസവിക്കാൻ നേരം പോലും ഞാൻ വിളിച്ചു കാണില്ല…. അമ്മാതിരി ഒച്ചയിൽ “അയ്യോ എന്നെ വേവിച്ചു കൊല്ലുന്നേ, എനിക്ക് ഇത് ചെയ്യണ്ടേ എന്ന് അലറി കീറി കൊണ്ടേ ഇരുന്നു… ആര് കേൾക്കാൻ, ന്റെ നിലവിളി ശബ്ദം ks ചിത്ര ma’am ന്റെ സംഗീതം കേൾക്കും പോലെ വല്യമ്മ ആസ്വദിച്ചു ചിരിച്ചു കൊണ്ട് എനിക്ക് ആവി പിടിച്ചു, സഹിമുട്ടി ഞാൻ ഒരു കപ്പ്‌ വെള്ളം എടുത്തു വല്യമ്മയുടെ മേത്തു ഒഴിച്ച്, തിളച്ച പാലിൽ തലയിട്ട പൂച്ചയെ പോലെ വല്യമ്മ പിന്നോട്ട് മാറിയിട്ട് “നീ ഇത് എന്തോന്ന് കാണിച്ചേ” ചോയിച്ചു !
” സുഖം ഉണ്ടായിരുന്നോ”? ഞാൻ ചോയിച്ചു
എന്നിട്ട് പൈപ്പ് തുറന്നു കുറച് വെള്ളം ചേർത്ത് അതിൽ ആവി പിടിച്ചു തന്നാൽ മതി എന്ന് കെഞ്ചി പറഞ്ഞു

“ആ ഇതിനൊക്കെ ഇപ്പ അനുഭവിക്കില്ല, പിന്നെ ആണ് ഇതിന്റെ ഒക്കെ വേദന” എന്നൊരു താക്കീത് തന്നു

“ആ ഞാൻ അനുഭവിച്ചോളാ, ഇതിന്റെ അത്ര എന്തായാലും കാണില്ലല്ലോ..”

ഈ കലാപരിപാടി കുറച്ചു ദിവസം ഉണ്ടായിരുന്നു …

തിളപ്പിച്ച് വെള്ളത്തിൽ പുഴുങ്ങുന്ന ഏർപ്പാട് ആലോചിക്കുമ്പോ തന്നെ ന്റെ പകുതി ജീവൻ പോകും അമ്മാതിരി ആണ് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ…. cs ചെയ്തവർക്ക് വേറെ രീതിയിൽ ആണ് തോന്നണു… വല്യ രീതിയിൽ ചൂട് പിടിക്കാൻ പാടില്ല… അങ്ങനെ എന്തോ…

എന്റെ നിലവിളി ഒന്നുമല്ലായിരുന്നു എന്ന് എനിക്ക് മനസിലായത് വീടിന്റെ അടുത്ത് ഒരു കൊച്ചിന്റെ പ്രസവ ശുശ്രൂഷ ആയിരുന്നു,, വേദ് പിടിച്ചോണ്ട് ഇരുന്ന അവൾ ചൂട് സഹിക്കാൻ വയ്യാതെ കുളിമുറിയിൽ നിന്ന് ഇറങ്ങി ഓടി ബാഹുബലി നിന്ന പോലെ ഒരു നിൽപ്പ് ആയിരുന്നു… കയ്യിൽ ഒന്നും ഇല്ലായിരുന്നു… മേത്തു കർചീഫ് പോലെ ഒരു തോർത്ത്‌ എന്തോ ഉണ്ടായിരുന്നു തോന്നണു..

അവളുടെ മൂന്നാമത്തെ പ്രസവത്തിൽ ആണ് ഇങ്ങനെ ചെയ്തേ, അത്ര ഒന്നും ഞാൻ ചെയ്തില്ലല്ലോ ഓർക്കുമ്പോ എനിക്ക് ഒരു സമാധാനം ആണ്

എന്തൊക്കെ പറഞ്ഞാലും, ഇടയ്ക്ക് നടുവേദന വല്ലതും വരുമ്പോ ഞാൻ ഓർക്കാറുണ്ട് അമ്മാതിരി ഒരു ആവി പിടുത്തം കിട്ടിയിരുന്നെങ്കിൽ എന്ന്…
#maya_prasanth

LEAVE A REPLY

Please enter your comment!
Please enter your name here