രചന : റാഷിദ് ചെട്ടിപ്പടി
സുഖലോലുപതയിൽ ബീജമായി പുറത്തേക്ക് വരുമ്പോഴും ഈ ലോകത്ത് ജീവിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ലക്ഷകണക്കിനുള്ള അണുക്കളിൽ നിന്നും ഒരുവനായ് മാത്രം ഉള്ളിൽ കയറിയപ്പോൾ യുദ്ധം ജയിച്ചടക്കിയ യോദ്ധാവിനെ പോലെയായിരുന്നു.
കൊഴുപ്പിൽ നിന്നും രക്തത്തുള്ളിയായി രൂപാന്തരപ്പെട്ടപ്പോഴും, പതിയെ ഇറച്ചി പിണ്ഡമായി മാസങ്ങൾക്ക് ശേഷം ജീവന്റെ തുടിപ്പ് വന്നപ്പോഴും ജീവിക്കുമെന്ന് കരുതി.
ഇഷ്ടമില്ലാത്ത പപ്പായയും പൈനാപ്പിളും കഴിച്ച് ആദ്യകാലങ്ങളിൽ ‘അമ്മയെന്നെ ബുദ്ധിമുട്ടിച്ചു.
അതിനെയെല്ലാം തരണം ചെയ്യാൻ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു.
ആറ് മാസങ്ങൾക്ക് ശേഷം ഞാൻ ചവിട്ടുമ്പോഴും കുത്തുമ്പോഴും അമ്മ സ്നേഹിക്കുമെന്ന് കരുതി.
പക്ഷെ……!
അപ്പോഴും കുത്ത് വാക്കും അച്ഛനുള്ള തെറിയും മാത്രമായിരുന്നു.
എന്റെ തുടിപ്പ് അച്ഛൻ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.’അമ്മ ഇതുവരെ ആരോടും പറയുന്നതും ഞാൻ കേട്ടിട്ടില്ല്യ.
നിന്റെ വയറെന്താടി ഇങ്ങിനെ എന്ന് ചോദിക്കുന്നവരോട് ?
ശരീരം തടിച്ചത് കൊണ്ടാണ് “വയറെന്ന്” പലരോടും കളവ് പറയുന്നതും ഞാൻ കേട്ടു.
അമ്മയ്ക്ക് നാണം കാരണമാണ് എന്റെ വരവ് പറയാത്തതെന്ന് ഞാൻ കരുതി.
ഒന്ന് രണ്ട് തവണ അച്ഛന് നാട്ടില്‍ വന്നപ്പോൾ വല്ലാതെ വീർപ്പ് മുട്ടി.
മലർന്ന് കിടന്നന്നെ ശ്വാസം മുട്ടിച്ചു.
അച്ഛന്റെ ഭാരം വന്ന് കഴുത്തുവരെ മുറുകി.
അന്നത്തോടെ തലഭാഗം മുകളിലോട്ടായി.ശരീരത്തിൽ പൊക്കിൾക്കൊടി ചുറ്റി. ശ്വാസം നിലയ്ക്കുമെന്ന് തോന്നി.
അപ്പോഴും എന്റെ ജീവന് നഷ്ടപ്പെടാതെ നില്ക്കാൻ ദൈവം സഹായിച്ചു.
അമ്മയുടെ വേദനയോടെയുള്ള കരച്ചില് പുറത്തേക്ക് കേൾക്കാതിരിക്കാൻ ഉച്ചത്തില്‍ പാട്ട് വെച്ചു.
കഠിന വേദന സഹിച്ച് ആരും അറിയാതെ ‘അമ്മ പ്രസവിച്ചു.
എന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ച രക്ത തുള്ളികള്‍ ‘അമ്മ ചെറിയ ശീലകൊണ്ട് തുടച്ചു.
എന്റെ മുഖം കണ്ടാലെങ്കിലും അമ്മയുടെ ദേഷ്യം തീരുമെന്ന് കരുതി.
പക്ഷെ ‘അമ്മ മുഖത്തേക്ക് നോക്കിയില്ലാ.
നല്ലോണം വിശക്കുന്നുണ്ട്…!
ഉച്ചത്തിൽ കരഞ്ഞു.
കരഞ്ഞപ്പോൾ ‘അമ്മ മാറോട് ചേർക്കുമെന്ന് കരുതി.
പൊക്കിൾ കൊടിയിലൂടെ ഇതുവരെ കിട്ടിയ അമൃതം ഇനി വായില്‍ കിട്ടുമെന്നും നിനച്ചു.
കരച്ചില് തുടർന്നപ്പോൾ തൂവാല കൊണ്ട്
വായും മൂക്കും മുറുക്കി പിടിച്ചു.
“നല്ല ശക്തിയുണ്ടായിരുന്നു അമ്മയുടെ കരങ്ങൾക്ക്.”
കാലിട്ടടിച്ചെങ്കിലും എന്റെ കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് തള്ളിയിരുന്നു.
കണ്ട് നിന്ന രണ്ട് മാലാഖമാര്‍ എന്നെയും കൊണ്ട് ഉയരത്തിലേക്ക് പറന്നു.
“പക്ഷെ താഴെ നടക്കുന്നതെല്ലാം അപ്പോഴും കാണുന്നുണ്ടായിരുന്നു.”
‘അമ്മ എന്റെ ശരീരം തുണിയില്‍ പൊതിഞ്ഞു കട്ടിലിനടിയിലേക്ക് നീക്കി.
മാതൃ ഹൃദയമുള്ള ഉറുമ്പുകൾ കരഞ്ഞു കൊണ്ട് കട്ടിലിനടിയിലേക്ക് ഓടി വന്നു.
എന്റെ നെറ്റിയിലും ചുണ്ടിലും തുരുതുരാ അവർ ഉമ്മ വെച്ചു.
ഇക്കിളിയാവുന്നുണ്ടായിരുന്നു…!
എനിക്ക് വേണ്ടി ചുറ്റും അവർ കാവൽ നിന്നു. എന്റെ കുഞ്ഞു ശരീരത്തിൽ കുത്താൻ വന്ന കൊതുകിനെ ദേഹത്ത് ഇരിക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല.
ക്രൂരയായ അമ്മയെയും സ്നേഹ നിധിയായ ഉറുമ്പിനെയും ജീവനും കൊണ്ട് പോകുന്ന മാലാഖമാര്‍ കാണിച്ചു തന്നു.
‘അമ്മ ഭ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.
പെട്ടെന്ന് മൺവെട്ടിയുമായി പിറക് വശത്തെ കക്കൂസിന് അടുത്തേക്ക് നടന്നു.
ഉറങ്ങുന്ന എന്റെ ശരീരത്തിനടുത്തിരുന്ന് ഉറുമ്പുകൾ താരാട്ട് പാടി.
കാലിനിടയില്‍ ഒലിച്ചിറങ്ങുന്ന രക്തങ്ങൾ അമ്മയെ തളർത്തുന്നുണ്ട്.
തളർന്ന മിഴിയോടെ വെട്ടിയെടുത്ത കുഴിയുടെ ആഴം നോക്കി
“വീതിയും വിസ്തീർണ്ണവും കുറവാണ്.”
ചുറ്റും നോക്കുന്നുണ്ട്.
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി.
കട്ടിലിനടിയിൽ ശരീരത്തിന് കാവല്‍ നിന്ന ഉറുമ്പുകളെ ചൂലുകൊണ്ട് നീക്കിയെന്നേ ചുരുട്ടിയെടുത്തു.
വേഗം കുഴിയിലേക്ക് ഇറക്കി വെച്ചു.
എന്നിട്ടൊന്ന് തലോടി……അമ്മയുടെ കരങ്ങൾക്ക് നല്ല മിനുസമുണ്ട്.
ഒരിറ്റ് ചൂടുവെള്ളം എന്റെ ദേഹത്ത് വീണു.
“കുഞ്ഞേ മാപ്പെന്ന് ” എന്തോ പറഞ്ഞതായ് കേട്ടു…!
വേഗത്തിൽ തന്നെ ശരീരത്തിന്റെ മുകളിലേക്ക് മണ്ണ് നിറച്ചു.
അതിന് മുകളില്‍ വലിയ രണ്ട് കല്ലുകളും വെച്ചു.
അതെന്തിനാണെന്ന് ഉയരത്തിലേക്ക് പറക്കുന്ന മാലാഖയോട് ചോദിച്ചപ്പോൾ ?
നായയും കുറുക്കനും നിന്റെ ശരീരം കുഴിച്ചെടുക്കാതിരിക്കാനാണെന്ന് പറഞ്ഞു.
“അപ്പൊ എന്റെ അമ്മയ്ക്കെന്നോട് സ്നേഹം തന്നെ ആയിരുന്നു”……അല്ലെ എന്ന് ചോദിക്കുമ്പോൾ…?
മാലാഖ മറുപടിയൊന്നും പറഞ്ഞില്ല.
അവസാനമായി ഒരിക്കല്‍ കൂടി താഴോട്ട് ഞാൻ നോക്കുമ്പോൾ ‘അമ്മ എല്ലാം വൃത്തിയാക്കി കുളിക്കാനുള്ള ഒരുക്കത്തിലാണ്.
പത്തുമാസക്കാലത്തെ ഭാരം ഇറക്കിവെച്ച സന്തോഷമൊന്നും അപ്പോൾ അമ്മയുടെ മുഖത്ത് കാണുന്നില്ല.
ഇതാണ് നിന്റെ വീടെന്ന് മാലാഖ പറയുമ്പോൾ……!
പൂക്കളേന്തി ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.
മഹാരാഷ്ട്ര ബാന്ദ്രയിലെ ഹോസ്പിറ്റലിൽ ഇന്നലെ തീപൊള്ളലേറ്റ് മരിച്ച പത്ത് നവജാത ശിശുക്കൾക്ക് ആദരാഞ്ജലി.………!
✍🏻
റാഷിദ് ചെട്ടിപ്പടി