Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.
സ്വർണ്ണനക്ഷത്രങ്ങൾ part – 4
രചന : Vineetha
കലേഷ്.. !
അനിയങ്കിളിന്റെ മകൻ. ലാജ്പത് നഗറിലെ അവരുടെ ഫ്ലാറ്റിൽ വച്ചവനെ ആദ്യമായി കണ്ട ഓർമ തന്നെ വെറുപ്പിന്റെ ചുഴി മനസ്സിൽ നിറച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. താൻ നാട്ടിൽ നിന്നും വന്നതിന്റെ പിറ്റേദിവസം.
അമ്മയുടെ മരണത്തിന് നാട്ടിലെത്തിയ അനിയങ്കിളിനൊപ്പം ബിന്ദു ചിറ്റ തന്നെ നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു.
നാട്ടിൽ തന്നെ ഏതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്യാൻ ആയിരുന്നു തനിക്ക് ഇഷ്ടം. പക്ഷേ ബിന്ദു ചിറ്റ സമ്മതിച്ചില്ല. അച്ഛൻ ഉപേക്ഷിച്ച, അമ്മ മരിച്ച ഒരു പെൺകുട്ടി ബന്ധുക്കൾക്ക് ഒഴിവാക്കേണ്ട ഭാരം തന്നെയാണല്ലോ..
ഡൽഹിയിൽ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ജോലി കിട്ടിയാൽ ജീവിതമായി എന്ന് അനിയങ്കിളും വാദിച്ചു.
അന്ന് മനസ്സില്ലാമനസ്സോടെ അങ്കിളിനോടൊപ്പം പോരുകയായിരുന്നു. ദില്ലിയുടെ ആദ്യ കാഴ്ചയുടെ കൗതുകങ്ങൾ കണ്ടിരുന്ന തന്നോട് അനിയങ്കിൽ ഫ്ലാറ്റിലേക്ക് ഉള്ള യാത്രയിൽ കാറിൽ വച്ചേ പറഞ്ഞു.
” ഇനി നിനക്ക് ഈ ദില്ലി വിട്ടു പോകേണ്ടി വരില്ല എന്ന് തന്നെ കൂട്ടിക്കോ.. ഈ തലസ്ഥാന നഗരിയുടെ ഭാഗമാവാൻ പോവുകയാണ് നീയും ”
കണ്ണുകളെ മറച്ച് പറന്ന മുടിയിഴകൾ ഒതുക്കി വെച്ച് അനിയങ്കിളിന്റെ ക്ലീൻഷേവ് മുഖത്തേക്ക് നോക്കി. ആ മുഖത്ത് അർത്ഥം വെച്ച മന്ദഹാസം. അറിയാതെ അപരിചിതമായൊരു ഭയത്തിന്റെ പത്തി മനസ്സിലുയർന്നു. 30 വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയ ആളാണ് അമ്മയുടെ ഈ അനുജൻ. നാലോ അഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രം കണ്ടു പരിചയമുള്ള ഒരാൾ.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നോർത്തിന്ത്യൻ അമ്മായി.. അവരുടെ മകൻ..
ഭയത്തോടെ വന്നുകയറിയ തന്നെ അമ്മായി സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ തന്നെ നോക്കി ഏറെ നേരം ഇരുന്നു അവർ. അമ്പതിനടുത്തു പ്രായമുള്ള ഇറുകിയ ചുരിദാർ ധരിക്കുന്ന കൈത്തണ്ടകൾ നിറയെ ഫാൻസി വളകൾ അണിഞ്ഞ ചുണ്ടിൽ ലിപ്സ്റ്റിക്കിട്ട സുന്ദരിയായ കുസും ആന്റി.!
2 ബെഡ് റൂമുകളും ഹാളും കിച്ചനും ഉള്ള ഒരു ചെറിയ ഫ്ലാറ്റ് ആയിരുന്നു അവരുടേത്. രണ്ടു മുറികളിൽ ഒന്നിൽ ആന്റി തന്നെ തന്റെ ലഗേജുകൾ കൊണ്ടുവച്ചു.
” നീ ഈ ബെഡ്റൂം ഉപയോഗിച്ചോളൂ മധു, ഇത് കലേഷിന്റെ മുറിയാണ്. പക്ഷേ അവനിപ്പോൾ ഇവിടെയില്ല. വരുമ്പോൾ മാറി കൊടുത്തേക്കാം”
ആന്റി പോയപ്പോൾ മുറിയാകെ കണ്ണോടിച്ചു. ഒരു ആൺകുട്ടി ഉപയോഗിച്ച മുറിയുടെ ഒരു ലക്ഷണങ്ങളും അവിടെ കണ്ടില്ല.
ബെഡ്, ഒരു ചെയർ, ചുവരലമാര, അത്രമാത്രം. പോരാത്തതിന് ആ മുറിയിൽ നിറഞ്ഞു നിന്ന ഗന്ധം തീരെ ഇഷ്ടപ്പെട്ടില്ല. അപരിചിതത്വം.. അജ്ഞാതമായ ഭീതി.. മാനസിക തളർച്ചയോടെ യാണ് കുളിക്കാൻ കയറിയത്. കുളികഴിഞ്ഞ് വന്നപ്പോഴേക്കും ആന്റി റൊട്ടിയും സോയാബീൻ കറിയും വസുമതി റൈസിന്റെ ചോറും മീൻകറിയും വിളമ്പി വച്ചിരുന്നു. മീൻ കറിയുടെ മണം അടിച്ചപ്പോൾ തന്നെ ഒരു ദ്രാവകം വയറ്റിൽനിന്നു തൊണ്ട കുഴിയിലേക്ക് ഇരമ്പി കയറി. കുത്തരി ചോറും കുടമ്പുളിയിട്ട മീൻ കറിയും കഴിച്ചു ശീലിച്ച തനിക്ക് ആ മീൻകറിയുടെ അ രുചികരമായ ഗന്ധവും ശോഷിച്ചു നീണ്ട ചോറും ആദ്യ കാഴ്ചയിൽ തന്നെ മനം മടുപ്പിച്ചു. അതു മനസ്സിലാക്കി അങ്കിൾ പറഞ്ഞു.
” വല്ല്യ അരി കിട്ടാത്തൊണ്ടല്ല. ഇവൾക്ക് പിടിക്കില്ല. പിന്നെ ഞാനും അതങ്ങു ശീലിച്ചു. കുറച്ചുദിവസം കഴിയുമ്പോൾ നിനക്കും ശീലമായിക്കൊള്ളും”
വല്ലവിധേനയും 2 റൊട്ടി കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.
ഉറക്കം.. രാത്രിയിൽ പലതവണ ആരോ തൊട്ടു വിളിച്ചത് പോലെ ഞെട്ടി ഉണർന്നു. ആ തോന്നലുകളുടെ ഭീതിയിൽ തളർന്നിരുന്നു നേരം വെളുപ്പിച്ചു.
ഏലക്കാ ഇട്ട ചായയുമായി ആന്റി വന്നു വിളിച്ചപ്പോൾ ഉറക്കം ശരിയാവാത്ത ക്ഷീണവുമായി എഴുന്നേറ്റു.
അപ്പോഴേക്കും അങ്കിൾ ഓഫീസിൽ പോകാൻ തയ്യാറായി ഇറങ്ങി കഴിഞ്ഞിരുന്നു.
” ഇന്ന് കുറച്ച് നേരത്തെ പോകണം. പതിനഞ്ചു ദിവസത്തെ അവധി കഴിഞ്ഞ് ചൊല്ലുകയല്ലെ.. ”
ഒരു ചിരിയോടെ പറഞ്ഞിട്ട് പുറത്തേക്ക് പോയി.ഹെന്ന കുത്തിവെച്ച് തലയുമായി ആന്റി ചിരിച്ചു.
” ക്ഷീണമൊക്കെ മാറിയെങ്കിൽ അടുക്കളയിൽ എന്നെ സഹായിക്കാമോ..?
നല്ല മലയാളത്തിൽ ആന്റി ചോദിച്ചത് കേട്ട് തല കുലുക്കി. അടുക്കളയിൽ ഒരു മണിക്കൂറേ വേണ്ടിവന്നുള്ളൂ.
” ഇനി നീ പോയി വിശ്രമിച്ചോളൂ ”
കുസുമ ആന്റി ബാത്ത് റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞു. തിരികെ അസുഖകരമായ ഗന്ധം തങ്ങിനിൽക്കുന്ന മുറിയിലെത്തി കട്ടിലിൽ കയറി കിടന്നു. നാടും വീടും കാവും കുളവും വയലുകളും മനസ്സിലൂടെ ഇഴഞ്ഞു നടന്നു. കുടുംബ വീട്ടിലെ കൊച്ചു മുറിയുടെ ഓർമ്മ മാത്രം നഷ്ട ബോധത്തിൻ വ്യെസനം മനസ്സിൽ ഉണ്ടാക്കി.
ആ മുറികൾ പൂരത്തിന്റെ ഗന്ധമായിരുന്നു ഏറ്റവും പ്രിയമുള്ള ഗന്ധം.. ആ ഓർമയിൽ തിടുക്കത്തിൽ എഴുന്നേറ്റു കട്ടിലിനടിയിൽ നിന്നും ട്രാവൽ ബാഗ് വലിച്ചെടുത്തു.സൈഡ് ഉറയിൽ നിന്ന് കർപ്പൂര പായ്ക്കറ്റ് എടുത്തു തുറന്നു കൈവെള്ളയിൽ തട്ടിയിട്ട് മുഖത്തേക്ക് അടുപ്പിച്ചു. ആ നിമിഷമാണ് ആരോ വാതിൽ അകത്തേക്ക് തുറന്നത്. മുഖം ഉയർത്തിയപ്പോൾ അറിയാതൊരു പിടച്ചിൽ ഉണ്ടായി. അപരിചിതനായ ഒരു യുവാവ്..
അവൻ തുറിച്ചു നോക്കിക്കൊണ്ട് അടുത്തേക്ക് വന്നു.
“ആരാ നീ..?
ദയാരഹിതമായ ചോദ്യം.
“ഞാ.. ഞാൻ.. ”
അവൻ യാതൊരു മര്യാദയും ഇല്ലാതെ തന്നെ ആപാദചൂഢം നോക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു തളർച്ചയും പെരുപ്പും ശരീരത്തെ ദുർബലപ്പെടുത്തി. കയ്യിലിരുന്ന കിറ്റ് ബെഡിലേക്കിട്ടവൻ പെട്ടന്ന് തന്റെ കയ്യിൽ പിടിച്ചുലച്ചു.
“ആന്റി… കുസും ആന്റി.. ”
ഉറക്കെ വിളിച്ചു. അല്ല അക്ഷരാർത്ഥത്തിൽ അതൊരു നിലവിളി തന്നെയായിരുന്നു.
അപ്പോൾ തന്നെ ആന്റി മുറി വാതിൾക്കലെത്തി..
തുടരും