Home Latest ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്താണ്‌? ആ ചോദ്യത്തിന് ഇതാ ഒരു ഉത്തരം!

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്താണ്‌? ആ ചോദ്യത്തിന് ഇതാ ഒരു ഉത്തരം!

0

ഒരു സ്ത്രീ തന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്‌ എന്നൊരു ചോദ്യം ചോദിച്ചാൽ അതിനുള്ള ഉത്തരം എന്തായിരിക്കും? പലരുടെയും മനസ്സിനെ അലട്ടിയിരുന്ന ആ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചിരിക്കുന്നു. ആ ഉത്തരമാണ് ഒരു കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്‌.

പണ്ടു പണ്ടു സോമേശ്വരന്‍ എന്നൊരു രാജാവ് തെക്കേ ഇന്ത്യയിലെ ഒരു കൊച്ചു നാട്ടു രാജ്യം ഭരിച്ചിരുന്നു. തൊട്ടയല്‍പക്കത്തുള്ള കൂടുതല്‍ സൈനിക ശേഷിയുള്ള ഒരു രാജാവ് സോമേശ്വരനെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും അയാള്‍ ഭരിച്ചിരുന്ന രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. സോമേശ്വരന്റെ ചെറുപ്പവും ചുറുച്ചുറുക്കും കണ്ടു തല്‍പ്പരനായ രാജാവ് അയാളെ പതിവുപോലെ കല്‍ത്തുറൂങ്കില്‍ അടക്കാതെ, ഒരു അവസരം കൊടുത്തു. രാജാവ് ചോദിക്കുന്ന ഒരു ചോദ്യത്തിന് ശരിയായ ഉത്തരം ഒരു വര്‍ഷത്തിനുള്ളില്‍ കൊടുക്കുകയാണെങ്കില്‍ അയാള്‍ ജീവിതകാലം സ്വതന്ത്രനായിരിക്കും. അല്ലെങ്കില്‍ അയാളെ തൂക്കി കൊല്ലും… ഇതായിരുന്നു ആ ഓപ്ഷന്‍.

സോമേശ്വരന്‍ സമ്മതിച്ചു. അല്ലാതെ വേറെ വഴിയില്ലല്ലോ. ഒരു സ്ത്രീ തന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്താണ്‌ എന്നതായിരുന്നു ആ ചോദ്യം…! രാജാവ് കുറെ നാളുകളായി ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് പിന്നാലെയായിരുന്നു എന്നതായിരുന്നു സത്യം. ഒരവസരം കിട്ടിയപ്പോള്‍ ബുദ്ധിമാനും ചെറുപ്പക്കാരനുമായ സോമേശ്വരന്‍റെ തലയിലേക്ക് ഇട്ടു കൊടുത്തു എന്ന് മാത്രം.

സോമേശ്വരന്‍ ഉടനെ തന്റെ അന്വേഷണം ആരംഭിച്ചു. തന്റെ രാജ്യത്തിലെ പ്രധാനപെട്ട എല്ലാവരുടെ അരികിലും അയാള്‍ ഈ ചോദ്യവുമായി അലഞ്ഞു. പണ്ഡിതര്‍ രാജകുടുംബത്തിലുള്ള സ്ത്രീകള്‍, ആരാധനാലയങ്ങളിലും തെരുവുകളിലും അയാള്‍ കണ്ട ആളുകള്‍ അങ്ങനങ്ങനെ.. ആരില്‍ നിന്നും തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. നാളുകള്‍ കടന്നു പോയ്കൊണ്ടിരുന്നു. ആ രാജ്യത്തില്‍ ഒരു മന്ത്രവാദിനി താമസിച്ചിരുന്നു, ചിലര്‍ പറഞ്ഞു അവര്‍ക്ക് അയാളെ സഹായിക്കാന്‍ കഴിയുമെന്ന്. സോമേശ്വരന്‍ മന്ത്രവാദിനിയെ കാണാന്‍ തീരുമാനിച്ചു.

മന്ത്രവാദിനിയെ കണ്ട സോമേശ്വരന്‍ ശരിക്കും ഞെട്ടി. ഒരു കരാള രൂപം. ഒറ്റപ്പല്ലു മാത്രമുള്ള മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ. ഒരു പ്രത്യക തരം വാട അവര്‍ക്കു ചുറ്റും ഉള്ളതായി അയാള്‍ക്കു തോന്നി. അയാള്‍ നേരെ കാര്യം പറഞ്ഞു. മന്ത്രവാദിനി കുറച്ചു നേരം ആലോചിച്ചു നിന്നിട്ട് മറുപടി പറഞ്ഞു: “ഇതിന്റെ ഉത്തരം ഞാന്‍ പറയാം.. പക്ഷെ പ്രതിഫലമായി നീയെന്നെ വിവാഹം കഴിക്കണം. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഞാനിതിന്റെ ഉത്തരം പറയാം..”

സോമേശ്വരന്‍ ആകെ ചിന്താ കുഴപ്പത്തിലായി. ഇവരെ വിവാഹം കഴിക്കുന്നതാണോ കൊല്ലപെടുന്നതാണോ നല്ലത്..? ഒരല്പ്പം ആലോചിച്ചതിനു ശേഷം അയാള്‍ പറഞ്ഞു : “എനിക്ക് സമ്മതമാണ്..” സ്വന്തം ജീവന്‍ തന്നെ മനുഷ്യന് ഏറ്റവും വലുത്…! അടുത്ത ദിവസം തന്നെ അവര്‍ വിവാഹിതരായി. ഒരു മന്ത്രവാദിനിയെ വിവാഹം കഴിക്കേണ്ടി വന്നല്ലോ എന്ന സങ്കടത്തില്‍ തരക്കേടില്ലാതെ മദ്യപിച്ചാണ് രാത്രി വീട്ടിലേക്ക്‌ കയറി വന്നത്.

മുറി തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച കണ്ടു അയാള്‍ ഞെട്ടി. തന്റെ ജീവിതത്തില്‍ ഇതു വരേയ്ക്കും കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ അതാ അയാളുടെ കിടക്കയില്‍ ഇരിക്കുന്നു. അയാളുടെ അങ്കലാപ്പ് കണ്ടു അവള്‍ പറഞ്ഞു: ഇതു ഞാന്‍ തന്നെയാണ്. ഞാന്‍ ഇങ്ങനെയാണ്.. പകല്‍ ഒരു ദുഷ്ട മന്ത്രവാദിനിയുടെ രൂപം, രാത്രി സുന്ദരമായ ഈ രൂപം… നിങ്ങള്‍ക്ക് വേണേല്‍ ഞാന്‍ ഒരു ഓപ്ഷന്‍ തരാം.. പകല്‍ സുന്ദര രൂപം.. രാത്രിയില്‍ മന്ത്രവാദിനിയുടെയും.. അത് നിങ്ങള്‍ക്ക് തീരുമാനിക്കാം…

ഇതുകേട്ട് സോമേശ്വരന്‍ ആലോചിക്കാന്‍ തുടങ്ങി.. പകല്‍ സുന്ദരിയായാല്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുമ്പില്‍ അവളെ സുന്ദരിയായി അവതരിപ്പിക്കാം.. പക്ഷെ രാത്രി…? ഇതിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നവരോടോന്നു ചോദിക്കട്ടെ.. ഇതുപോലൊരു അവസരം നിങ്ങള്‍ക്ക് വരുകയാണെങ്കില്‍ എന്തായിരിക്കും ഉത്തരമെന്നു ചിന്തിച്ചു നോക്കു… കിട്ടിയോ..? കിട്ടികാണുമെന്നു കരുതുന്നു…!

സോമേശ്വരന്‍ ആലോചിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തന്റെ മറുപടി അവളെ അറിയിച്ചു. “നീ ഏതു രൂപം ധരിക്കണമെന്നോ എങ്ങനെ ജീവിക്കണമെന്നോ നീ തന്നെയാണ് തീരുമാനിക്കേണ്ടത്. ഞാനല്ല. സാമാന്യ ബുദ്ധിയുള്ള ഒരു സ്ത്രീ എന്ന നിലക്ക് അത് നീ തന്നെ നിശ്ചയിച്ചു കൊള്ളൂ. നിന്‍റെ ഏതു തീരുമാനവും അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.”

ഇതു കേട്ടപ്പോള്‍ നമ്മുടെ മന്ത്രവാദിനി വളരെ സന്തുഷ്ടയായി. പകലും രാത്രിയും അവള്‍ തന്‍റെ ഇപ്പോഴുള്ള സുന്ദര രൂപത്തില്‍ തന്നെ അയാളുടെ കൂടെയുണ്ടാകും എന്ന് അയാള്‍ക്ക്‌ ഉറപ്പു കൊടുത്തു. അയാള്‍ക്ക് വലിയ സന്തോഷമായി. പെട്ടന്നെന്തോ ഓര്‍ത്തിട്ടു അയാള്‍ ചോദിച്ചു : അതൊക്കെ പോട്ടേ, ഇന്നു രാത്രിയില്‍ എന്നോട് പറയാമെന്നേറ്റ ഉത്തരമെവിടെ..?!

അതിനുള്ള ഉത്തരം നിങ്ങളിപ്പോള്‍ പറഞ്ഞു കഴിഞ്ഞു കുമാരാ സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹി ക്കുന്നത് അപ്പോള്‍ മാത്രമാണ് അവളുടെ യഥാര്‍ത്ഥ സൗന്ദര്യം പുറത്തുവരുന്നത്‌ മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ വിധിക്കപെടുന്ന ഒരു സ്ത്രീയുടെ ജീവിതം അത്രമേല്‍ വികൃതമായിരിക്കും!!!

രചന : സജീവ്

LEAVE A REPLY

Please enter your comment!
Please enter your name here