Home Abhijith Unnikrishnan പെട്ടെന്ന് അമ്മ ചായയുമായി വന്നു, ഉണ്ണിയൊന്ന് ഞെട്ടിയെങ്കിലും അമ്മയുടെ മുഖത്ത് ഭാവമാറ്റമൊന്നും വന്നില്ല.. Part –...

പെട്ടെന്ന് അമ്മ ചായയുമായി വന്നു, ഉണ്ണിയൊന്ന് ഞെട്ടിയെങ്കിലും അമ്മയുടെ മുഖത്ത് ഭാവമാറ്റമൊന്നും വന്നില്ല.. Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം- 16)

രശ്മി മൂന്നുപേരുടെയും അരികിലായിരുന്നു..
ഇനിയാണ് തുടങ്ങുന്നത്..

എന്ത്..
പ്രിയ ആകാംക്ഷയോടെ ചോദിച്ചു..

അയ്യോ പ്രിയയോടല്ല.. മറ്റുള്ളവരോട്..

ആണോ.. ഭാഗ്യം ഞാൻ രക്ഷപെട്ടു..

ഉണ്ണിയോന്ന് അവളെ നോക്കി..
ദുഷ്ടത്തി..

രശ്മി അകത്തേക്ക് കയറി, വീടൊന്ന് മുഴുവൻ നോക്കിയിട്ട്..
ഞാൻ ആ മുറി എടുക്കുന്നുണ്ടേ..

ഗായത്രി ഉണ്ണിയോട്…
ഇത് പണിയാവും..

എന്തേലുമാവട്ടെ.. എത്ര ദിവസം പോവുമെന്ന് നോക്കാലോ..

ഗായത്രി ചിരിച്ചു..
നീ പേടിക്കണ്ട, ഞാൻ ശരിയാക്കിക്കോളാം..

അപ്പോൾ കുഴപ്പമില്ല..
സംസാരത്തിനിടയിലാണ് ഉണ്ണിക്ക് ഫോൺ വന്നത്, എടുത്തപ്പോൾ അവന്തിക..
ഒന്ന് കാണാൻ പറ്റോ.. എന്റെ വീട്ടിലേക്ക് വന്നാൽ മതി..

ഉണ്ണി പ്രിയയോട് പറഞ്ഞ് പുറത്തേക്കിറങ്ങി, വഴിയിൽ അവന്തിക കാത്തു നിൽക്കുന്നുണ്ടായിരുന്നു, അവിടുന്ന് നേരെ വീട്ടിലെത്തി..

ഉണ്ണി അകത്തേക്ക് കയറാനൊരുങ്ങിയപ്പോൾ അവന്തികയുടെ അമ്മയെ കണ്ട് പുറത്ത് നിന്നു, അമ്മ ചിരിച്ചുകൊണ്ട്..
എന്തേ മോനെ അവിടെ തന്നെ നിന്നത്, അകത്തേക്ക് വായോ..

ഉണ്ണി അറിയാതെ കുറച്ച് വർഷങ്ങൾ പുറകിലേക്ക് പോയി, ഇനി ഈ വീട്ടിൽ കാല് കുത്തിയാൽ ഇവളെയും കൊന്ന് ഞാനും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ അമ്മ തന്നെ അകത്തേക്ക് ക്ഷണിക്കുന്നത് കണ്ടപ്പോൾ അത്ഭുതത്തോടെ കുറെ നോക്കികൊണ്ടിരുന്നു, അവന്തിക വന്ന് കയ്യിൽ പിടിച്ചു..
നീ വാ..

ഉണ്ണി അകത്തേക്ക് നടക്കുമ്പോഴും അമ്മയെ തന്നെ നോക്കികൊണ്ടിരുന്നു, മുറിയിൽ കയറി കസേരയിലിരുന്നിട്ട് ഉണ്ണി ചുറ്റിലും ശ്രദ്ധിച്ചു, അന്ന് കണ്ടതിൽ കൂടുതലൊന്നും മാറ്റങ്ങൾ സംഭവിച്ചിട്ടില്ല, അവന്തിക ഉണ്ണിയെ കുറച്ച് നേരം നോക്കിയിട്ട് തോളിൽ നിന്ന് ഷാൾ അഴിച്ചു മാറ്റി, ഉണ്ണി അവളോട്..
ഞാൻ പുറത്തേക്കിരിക്കണോ..

അവന്തിക ചിരിച്ചുകൊണ്ട്..
എന്തിന്..

നിനക്ക് ഡ്രസ്സ്‌ മാറണ്ടേ…

അവള് വീണ്ടും ചിരിച്ചുകൊണ്ട്..
നിനക്ക് നാണം വരുന്നുണ്ടോ..

ഉണ്ണി അവളെ തന്നെ നോക്കി..
അതുകൊണ്ടല്ല… എന്തിനാ വെറുതെ.. ഞാൻ പുറത്തേക്കിരിക്കാം..
ഉണ്ണി എഴുന്നേറ്റു..

അവന്തിക കയ്യിൽ പിടിച്ചു നിർത്തി..
എടാ ഇരിക്ക്… ഞാൻ ഡ്രസ്സ്‌ മാറ്റാൻ പോവൊന്നുമല്ല, ഷാളിൽ ചളിയായി മാറ്റിയിട്ട് നമ്മുക്ക് പുറത്തേക്ക് പോവാം..

ഉണ്ണിയൊന്ന് അവളെ നോക്കി..
അപ്പോൾ ഡ്രസ്സ്‌ മാറുന്നില്ലേ..

അയ്യടാ… കല്യാണം കഴിഞ്ഞെന്ന് വിചാരമൊന്നുമില്ലേ,നിൽക്ക് അവളോട് ഞാൻ പറയുന്നുണ്ട്..

നീ പറഞ്ഞോ..

ഉം.. പേടിയില്ലാന്ന് സാരം..

അവന്തിക വേറെ ഷാൾ എടുത്തിട്ട് അവനരുകിലേക്കിരുന്ന് തോളിൽ ചാഞ്ഞു..
എത്ര ദിവസായി ഇങ്ങനെയൊന്ന് ഇരുന്നിട്ട്..

ഉണ്ണി അവളുടെ തലമുടിയിൽ തൊട്ടു..
ഞാൻ വിചാരിച്ചത് നീ മാറിയിട്ടുണ്ടാവുമെന്നാ.. വർഷങ്ങൾ കടന്നുപോകുന്തോറും നീ ചെറുപ്പമാവുകയാണല്ലോ..അന്ന് കണ്ടതിൽ നിന്നെന്തെങ്കിലും വ്യത്യാസം..

അവന്തിക തലചെരിച്ചു ഉണ്ണിയെ നോക്കി..
ഞാൻ പറഞ്ഞ ഡയലോഗ് എനിക്കു തന്നെ തിരിച്ചു തരാണോ..

ഇത് ഞാൻ പറയില്ലായിരുന്നു.. ഇപ്പോൾ അമ്മയെ കണ്ടപ്പോൾ പണ്ടത്തെ ആ ഓർമ്മകളൊക്കെ മനസ്സിൽ വന്ന് പോവുന്നു.. എന്തെന്നില്ലാത്തൊരു സന്തോഷം… കുറെ പുറകെ നടന്നതല്ലേ..

അവന്തിക ഉണ്ണിയുടെ തോളിൽ നിന്ന് തലയെടുത്തിട്ട് നെറ്റിയിലൊരു ഉമ്മ കൊടുത്തു..
എന്റെയടുത്ത് എപ്പോഴും ചോദിക്കാറുള്ളത്..

ഉണ്ണിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ..
എന്താടാ നീ ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കും വിചാരിച്ചു വിളിച്ചാ എന്നെ കൂടി കരയിക്കുന്നോ..

അവന്തിക കണ്ണ് തുടച്ച് കൊടുത്തു, പെട്ടെന്ന് അമ്മ ചായയുമായി വന്നു, ഉണ്ണിയൊന്ന് ഞെട്ടിയെങ്കിലും അമ്മയുടെ മുഖത്ത് ഭാവമാറ്റമൊന്നും വന്നില്ല..
മോൻ ചായയെടുക്ക്..

ഉണ്ണി ചായഗ്ലാസ് എടുത്ത് കയ്യിൽ വെച്ചു, അമ്മ ഉണ്ണിയെ കുറച്ച് നേരം നോക്കിയിട്ട്..
മോന് സുഖം തന്നെയല്ലേ..

പെട്ടെന്നുള്ള ചോദ്യത്തിൽ ചായ ഉണ്ണിയുടെ തരിപ്പിൽ കയറി, അവന്തിക തലയിൽ കൊട്ടികൊണ്ട്..
അമ്മ അവനോട് തൽകാലം ചോദ്യങ്ങളൊന്നും ചോദിക്കല്ലേ.. അവന്റെ അത്ഭുതമൊക്കെ ഫസ്റ്റ് മാറട്ടെ..

അമ്മയൊന്ന് ചിരിച്ചിട്ട് പുറത്തേക്ക് പോയി, ചായ കുടിച്ച് ഉണ്ണി എഴുന്നേറ്റു, അവന്തികയുടെ പുറകെ പുറത്തേക്കിറങ്ങി, പോവാൻ നേരമാണ് അനിയൻ വീട്ടിലേക്ക് വന്നത്, അവന്തിക അവനെ ചേർത്ത് നിർത്തിയിട്ട്..
ഉണ്ണിക്ക് ഇവനെ ഓർമ്മയുണ്ടോ..

എന്റെ അളിയനല്ലേ..

അവന്തിക അനിയന്റെ കൈ വിട്ടു..
അളിയൻ തന്നെ.. ഇപ്പൊ പ്ലസ് വൺ ആയി ആള്..

ഉണ്ണിയൊന്ന് അവനെ നോക്കി ചിരിച്ചു..
ശരിയാണ് ആള് വലുതായിട്ടുണ്ട്..

അവന്തിക ഉണ്ണിയെയും കൂട്ടി മുന്നോട്ട് നടന്നു, പോവുന്ന വഴിയിൽ അമ്മയോട്..
അമ്മേ കുറച്ച് കഴിഞ്ഞിട്ട് വരാം..

ആ.. മോളെ നോക്കി പോയിട്ട് വാ..
അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു..

അവന്തിക ഉണ്ണിയെയും കൊണ്ട് പാടവരമ്പിലൂടെ നടന്നു, തോടിനു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ രണ്ടുപേരും ഇരുന്നു, അവന്തിക ഉണ്ണിയെ നോക്കി ചിരിക്കാൻ തുടങ്ങി..
എങ്ങനെ എന്റെ പുറകെ നടന്ന ആളാലെ ഇപ്പോൾ കുടുംബനാഥനായി വന്ന് അരികിലിരിക്കുന്നെ..

ഉണ്ണി അവളുടെ നേരെ തിരിഞ്ഞിട്ട്..
അതൊന്നും നീ പറയണ്ട.. എന്നെ വിട്ടിട്ട് പോയില്ലായിരുന്നേൽ നിന്റെ പേരും എന്റെ റേഷൻകാർഡിൽ ഉണ്ടാവായിരുന്നല്ലോ..

അവന്തികയുടെ മുഖമൊന്ന് മങ്ങിയെങ്കിലും പെട്ടെന്ന് ഭാവം മാറ്റിയിട്ട്..
അല്ല നീ എന്താ അമ്മയോട് ഒന്നും മിണ്ടാതിരുന്നേ..

ഞാൻ അത്‌ നിന്നോട് ചോദിക്കണം വിചാരിച്ചേയുള്ളൂ..
ഉണ്ണി അവളുടെ മുഖത്തേക്ക് നോക്കിയിട്ട്..
എന്തുപറ്റി നിന്റെ അമ്മയ്ക്ക്..

ദേ എന്റെ അമ്മയെ പറഞ്ഞാലുണ്ടല്ലോ..

നീ ഉത്തരം പറ… എന്നെ എവിടെ കണ്ടാലും തല്ലാൻ വന്നിരുന്ന അമ്മ ഇപ്പോഴെന്നെ ചിരിച്ചുകൊണ്ട് ക്ഷണിക്കുന്നു..

നീ അതുവിട് ഉണ്ണി.. ഓരോ മാറ്റങ്ങളാണെന്ന് കൂട്ടിക്കോ..

ആ ഇനി അങ്ങനെ സമാധാനിക്കാം..

അവന്തിക ഉണ്ണിയുടെ തോളിൽ ചാരി..
ഇനി എന്താ പരിപാടി..

എന്ത്… നിന്നെ കാണുമെന്നേ ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.. ഇപ്പോൾ കണ്ടു, പഴയതുപോലെ വീട്ടിൽ വന്നു, നിന്നെ ചേർന്നിരിക്കാൻ പറ്റി..

അവന്തിക ഉണ്ണിയെ കുറച്ച് നേരം നോക്കിയിട്ട്..
നിന്നെ എനിക്കു മതിയാവോളം പ്രേമിക്കാൻ പോലും പറ്റിയില്ലല്ലോടാ..

ഞാൻ പറഞ്ഞിരുന്നോ വേണ്ടാന്ന്..

ശരിയാണ് എനിക്കു തെറ്റ് പറ്റി പോയി, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.. അല്ലെങ്കിൽ നീ എന്നെ രണ്ടാമത് കെട്ടുന്നോ..

ഉണ്ണിയൊന്നും മിണ്ടിയില്ല..
മനു എപ്പോഴാ തിരിച്ചു വന്നത്..

അവനെന്നാ അതിന് എന്നെ വിട്ടിട്ട് പോയത്, കോളേജിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തൊട്ട് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, ഇടയ്ക്ക് വീട്ടിൽ വരും..

എല്ലാവരുടെയും നമ്പർ കഴിഞ്ഞിട്ടാണോ എന്നെ കാണണമെന്ന് തോന്നിയത്..

അവന്തിക ഉണ്ണിയെ നോക്കിയിട്ട്..
ശരി സമ്മതിച്ചു.. നിനക്കെന്നോട് നല്ലോം ദേഷ്യമുണ്ട്, വേണം വെച്ചിട്ട് ചെയ്തതൊന്നുമല്ലല്ലോ, അറിയാതെ സംഭവിച്ചു പോയി, നീ ക്ഷമിക്ക്..

ക്ഷമിച്ചില്ലെങ്കിൽ… നിനക്ക് അവനോടുള്ള സ്നേഹമെങ്കിലും എന്നോട് ഉണ്ടായിരുന്നേൽ എപ്പോഴേ വന്ന് കണ്ടേനെ..

അവന്തിക ഉണ്ണിയുടെ നേരെ നിന്നു..
എങ്ങനെ മനസ്സിലായില്ല.. ഇതാരാ പറയുന്നേ കൂട്ടുകാരൻ നോക്കികൊണ്ടിരുന്ന പെണ്ണിനെ വളച്ച മഹാനായ പുരുഷനോ..

ഉണ്ണിയൊന്ന് ചിരിച്ചു..
അത്‌ ഞാനല്ലല്ലോ.. ഞാൻ ആരുടേയും പുറകെ നടന്ന് വളച്ചിട്ടില്ല… ഏതോ ഒരു പെണ്ണ് ഞാൻ എഴുതിയ കത്ത് വായിച്ചിട്ട് എന്നോട് പ്രേമം തോന്നി വന്നതല്ലേ…

അവന്തിക ഉണ്ണിയുടെ കാലിൽ ചവിട്ടി..
ഞാൻ ആ കത്ത് വായിച്ചാണോടാ നിന്റെ പുറകെ വന്നത്..

ഉണ്ണി വേദനയിൽ കാല് മാറ്റി..
ആ.. തമാശ പറഞ്ഞതല്ലേ.. പക്ഷെ അതിലും സത്യമുണ്ടല്ലോ..

അവന്തിക ആലോചിക്കാൻ തുടങ്ങി..
ശരിയാണ്.. ആ കത്ത് കിട്ടുന്ന വരെ ഞാൻ വെറുതെ നടക്കായിരുന്നു, മനു അന്നെന്റെ കയ്യിൽ ആ പേപ്പർ തരുമ്പോൾ എനിക്കത് തുറന്ന് വായിച്ചു നോക്കാൻ പോലും തോന്നിയില്ല, ഫ്രീ പീരിയഡിൽ അറിയാതെ തുറന്ന് നോക്കി പോയി, ഇടയിലെ രണ്ട് വരികളോട് തോന്നിയ ഇഷ്ടം, അതെന്താണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് അവനെ തേടി ലഞ്ച് ബ്രേക്കിൽ ഓടുകയായിരുന്നു, അവന് എത്ര നോക്കിയിട്ടും അതിന്റെ അർത്ഥം പറയാൻ കഴിയുന്നില്ലാന്ന് കണ്ടപ്പോൾ വീണ്ടും ആകാംക്ഷ കൂടി, അവനെ അന്ന് തല്ലി പറയിക്കുംപോലെ നിന്റെ പേര് പറയിച്ച് നിന്റെ അരികിലേക്ക് ഓടുമ്പോൾ എനിക്കെന്താ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലും ഓർമ്മയുണ്ടായിരുന്നില്ല, നിന്നെ കണ്ടിട്ടും നീ എന്നെ ഒരു തവണ പോലും തിരിഞ്ഞു നോക്കുന്നത് കാണാഞ്ഞപ്പോൾ വീണ്ടും വീണ്ടും ആകാംക്ഷ, ഒരു തവണപോലും എന്നെ ശ്രദ്ധിക്കാത്ത ഒരാൾ ഇങ്ങനെ എഴുതോന്ന് സംശയം, ആ കത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് നിന്റെ മുഖത്തിന്‌ നേരെ നീട്ടുന്നത് വരെ എനിക്ക് ധൈര്യം തന്നത് അതായിരുന്നു, ഒരൊറ്റ ചിരിയിൽ ഇത്രേയുള്ളോ, നീ സുന്ദരിയാണ് നിന്നെ കുറിച്ച് ഞാൻ എഴുതി എന്ന നിന്റെ മറുപടി എനിക്ക് നിന്നെ പ്രണയിക്കാനുള്ള ആദ്യ കാരണമായിരുന്നു, വീണ്ടും എനിക്കു വേണ്ടി എഴുതോന്ന് ഞാൻ അറിയാതെ തന്നെ ചോദിച്ചു പോയ നിമിഷം ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ, പിന്നെ ഓരോ തവണ മനുവിനെ കാണുമ്പോഴും കൂട്ടുകാരൻ കത്ത് തന്നിട്ടുണ്ടോന്ന് ചോദിക്കുമ്പോൾ എനിക്ക്‌ വല്ലാത്ത സന്തോഷം തോന്നാറുണ്ടായിരുന്നു, അവിടെ മുതൽ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതാ, കോളേജിൽ അത്യാവശ്യം എല്ലാവരും അറിയുന്ന ആളായിട്ടും ഒരു പെൺകുട്ടിയോട് പോലും പ്രണയമില്ലെന്ന് അറിഞ്ഞപ്പോൾ എനിക്കു ലക്ഷ്യമായിരുന്നു നിന്നെ സ്വന്തമാക്കണമെന്ന്, നല്ല കുട്ടിയാണെന്ന് മനസ്സിലായപ്പോൾ തിരഞ്ഞെടുത്തത് ശരിയാണെന്ന് തോന്നി, അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് നിന്റെ മുന്നിൽ ഒരു റോസ് നീട്ടുമ്പോഴും എനിക്കാ തീരുമാനം നൂറ് ശതമാനം ശരിയാണെന്നു അറിയായിരുന്നു, നീട്ടിയ പൂവ് വാങ്ങി വലിച്ചെറിഞ്ഞിട്ട് കൂട്ടുകാരന്റെ പെണ്ണിനെ പ്രേമിക്കേണ്ട അവസ്ഥ എനിക്കിപ്പോൾ ഇല്ലാന്ന് മാസ്സ് ഡയലോഗ് അടിച്ചു പോയപ്പോഴും ഉണ്ണിയോട് എനിക്ക് പ്രേമം തലയ്ക്കു മുകളിൽ എത്തിയിരുന്നു..

അവന്തിക ഉണ്ണിയെ നോക്കിയിട്ട്..
എനിക്കു പ്രണയം തോന്നിയത് പോട്ടെന്നു വെക്കാം, സാർ ഇത്രേം ഡയലോഗ് പറഞ്ഞിട്ട് എന്തിനാണാവോ എന്റെ പുറകെ നടന്നത്..

ഉണ്ണി ചിരിച്ചു..
അതുപിന്നെ ആരായാലും പെട്ടെന്ന് ഒരു പെണ്ണ് വന്ന് ഇഷ്ടാണെന്ന് പറഞ്ഞാൽ നുണയാണോ സത്യമാണോന്ന് ചെക്ക് ചെയ്യില്ലേ, ജസ്റ്റ്‌ അറിയാനുള്ളൊരു ആഗ്രഹം കൊണ്ട് ഒന്ന് ശ്രദ്ധിച്ചതാ..

അവന്തിക ഉണ്ണിയെ വിടാതെ നോക്കികൊണ്ട്..
ശ്രദ്ധിച്ചപ്പോൾ..

ഉണ്ണി നാണത്തോടെ..
ശ്രദ്ധിച്ചപ്പോൾ ഈ കോളേജിൽ ഇത്രേം നല്ലൊരു പെൺകുട്ടിയുണ്ടോന്ന് തോന്നിപോയി..

അവന്തിക ചിരിച്ചു..
ഫസ്റ്റ് എന്റെ പുറകെ നടക്കാൻ തുടങ്ങിയത് എപ്പോഴാണെന്ന് ഓർമ്മയുണ്ടോ..

ഉണ്ണി ആലോചിക്കാൻ നിൽക്കാതെ..
പിന്നെന്താ… ക്ലാസ്സിൽ തല്ല് നടക്കുമ്പോൾ നീ മാത്രേ അന്ന് പുറത്തേക്ക് ഇറങ്ങിയുള്ളൂ, നിന്നെ ഒറ്റയ്ക്ക് കിട്ടിയ നിമിഷം.. അന്ന് എത്ര ദൂരമാണ് ഞാൻ നടന്നതെന്ന് അറിയോ..

അവന്തിക ഉണ്ണിയെ നോക്കി..
നീയും മനുവും തല്ലുകൂടുന്ന നിമിഷം വരെ..

ഉണ്ണി കവിളിലൊന്ന് തൊട്ടു..
ചെറുപ്പം തൊട്ട് കൂടെ പഠിച്ച കൂട്ടുകാരനെ ചതിച്ചിട്ട് ഒരു പെണ്ണിന് വേണ്ടി തല്ലു കൂടിയ നിമിഷം..

അത്രയേ ഉണ്ടായിരുന്നുള്ളോ ഞാൻ നിനക്ക്..

അങ്ങനെ എപ്പോഴേലും തോന്നിയിട്ടുണ്ടോ..

അവന്തിക പുഞ്ചിരിച്ചു..
അല്ല ഞാൻ ചോദിച്ചെന്നേയുള്ളൂ..

അവളൊന്ന് ചുറ്റിലും നോക്കി..
എത്ര പെട്ടെന്നാ പിരിഞ്ഞു പോയതല്ലേ..

ഞാനോ..

അവന്തിക ഉണ്ണിയെ നോക്കി..
അല്ല ഞാൻ.. ഉണ്ണിയെ ഞാൻ കുറ്റം പറയില്ല, എന്റെ ഭാഗത്ത്‌ പറ്റിയൊരു മിസ്റ്റേക്ക്.. ഇല്ലേൽ ഞാനിപ്പോൾ നിന്നെയും കെട്ടിപിടിച്ച് ഇതിലൂടെ നടന്നേനെ..

ആ ഓർമ്മ നിനക്ക് ഉണ്ടായാൽ മതി, അന്നത്തെ ദിവസം മഴയത്ത് നിന്റെ കാലിൽ വീണത് കൊണ്ടാവണം നിനക്കെന്റെ കണ്ണീർ കാണാൻ പറ്റാത്തിരുന്നത്..

ഉണ്ണി പ്ലീസ്..
അവന്തിക തടഞ്ഞുകൊണ്ട് പറഞ്ഞു..
ആ സംഭവത്തെ കുറിച്ച് എന്നെ ഓർമ്മിപ്പിക്കരുത്… ഞാൻ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കാണ്..

ശരി ഓർമ്മിപ്പിക്കുന്നില്ല… എനിക്കൊരു കാര്യമറിയണം..

എന്താണത്..
അവന്തിക സംശയത്തോടെ ഉണ്ണിയെ നോക്കി..

മനുവിന് ഇപ്പോൾ നീയുമായുള്ള ബന്ധം..

അവന്തിക ചിരിച്ചു..
ആഹാ സംശയമാണോ..

സംശയമാണ്… അവൻ എന്നെ മാത്രമല്ല നിന്നെയും ഉപദ്രവിച്ചിട്ടുള്ളതാണെന്ന് നല്ല ഓർമ്മയുണ്ടായിരുന്നിട്ടും ഇപ്പോഴും ആ കൂട്ടിന്റെ ആവശ്യമെന്താണെന്നാ ചോദിക്കുന്നത്..

ഉണ്ണി വിചാരിക്കും പോലെയുള്ള കൂട്ടൊന്നുമില്ല, പഴയ സുഹൃത്തിനെ കാണാൻ വരുന്നു അത്രേയുള്ളൂ, എന്നെ ഒരുപാട് ഇഷ്ടമുള്ള ആളല്ലായിരുന്നോ, ഇനിയും വഴക്ക് പറയാൻ തോന്നിയില്ല..

നിന്റെ ഇഷ്ടം… എന്നെയല്ല നിന്നെയാണ് വെല്ലുവിളിച്ചിരുന്നതെന്ന് ഓർമ്മയുണ്ടായാൽ മതി..

അവന്തിക ഉണ്ണിയുടെ തോളിൽ ചാരിയിരുന്നു..
അവനോട് പോയി പണി നോക്കാൻ പറ എന്റെ ഉണ്ണിയുള്ളപ്പോൾ ഞാൻ ആരെ പേടിക്കണം…

ഉം ഇതും പറഞ്ഞിരുന്നോ..
പെട്ടെന്ന് ഉണ്ണിയുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി, ഫോണെടുത്തപ്പോൾ പ്രിയ..
എടാ നീ എവിടെ..

ഞാൻ ടൗണിൽ..

നുണ പറയണ്ട.. ഒരു വണ്ടിയുടെ ശബ്ദം പോലും കേൾക്കാനില്ലല്ലോ, സത്യം പറ എവിടെ..

ഉണ്ണി ചിരിച്ചു..
ശരി നിന്നോട് നുണ പറയാൻ പറ്റില്ല ഞാൻ ഫ്രണ്ടിന്റെ വീട്ടിലുണ്ട്.. ഇപ്പോൾ വരാ.. എന്താ ആവശ്യം..

വേഗം വാ ദേ നിന്റെ രശ്മി എടത്തിയമ്മ വീടിനെ തലകീഴായി മറിക്കുന്നു..

അയ്യോ.. ഒരു 5 മിനിറ്റ് ഇപ്പോൾ വരാം.

വന്നാൽ കൊള്ളാം..
പ്രിയ ഫോൺ കട്ടാക്കി..

ഉണ്ണി അവന്തികയെ നോക്കിയിട്ട്..
എനിക്കൊരു അർജന്റ്… നീ നാളെ ടൗണിലേക്ക് വാ..

ആ അതു വരാം, ഇപ്പോൾ എന്താ അവിടെ പ്രശ്നം..

അതൊക്കെ വന്നിട്ട് പറയാം..
ഉണ്ണി പോകാനൊരുങ്ങിയപ്പോഴാണ് ഒരു കാർ വേഗത്തിൽ വന്ന് മുന്നിൽ നിന്നത്, കാറിൽ നിന്ന് മനു ഇറങ്ങി..
ഹായ് അമ്മു..

അവന്തിക ചിരിച്ചു..
ആ നീയെന്താ ഇവിടെ..

ഞാൻ നിന്നെ കാണാൻ വന്നതാ..

ഓ ആയിക്കോട്ടെ..

ഉണ്ണി അവന്തികയെ നോക്കിയപ്പോൾ..
ഉണ്ണി പൊയ്ക്കോ ഞാൻ വിളിക്കാം..

മനു മുന്നിലേക്ക് കയറി നിന്നു..
ആ അങ്ങനെയങ്ങ് പോയാലോ..

മനു പ്ലീസ്.. വെറുതെ എന്തിനാ പ്രശ്നമുണ്ടാക്കുന്നെ..
അവന്തിക ഇടയിൽ കയറി.

ഒരു പ്രശ്നവുമില്ല..
കാറിന്റെ ഡോർ തുറന്ന് രണ്ട് ഫ്രണ്ട്‌സ് പുറത്തിറങ്ങി..
ഇനി പ്രശ്നമുണ്ടാക്കാം..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here