Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.
സ്വർണ്ണനക്ഷത്രങ്ങൾ part – 2
രചന : Vineetha
പ്രാതൽ ഓർഡർ അനുസരിച്ച് വിതരണം ചെയ്യുമ്പോൾ ബിനോയ്ക്ക് വീർപ്പുമുട്ടി. മിത്രയും മധുബാല യും എന്തു വിചാരിക്കും എന്ന ചിന്തയിൽ. അപ്പോൾ മിത്ര ലഞ്ച് ബോക്സ് എടുത്തു തുറന്നു. നെയ് തേച്ച ചപ്പാത്തിയുടെയും ബീഫ് ഫ്രൈ യുടെയും കൊതിപ്പിക്കുന്ന ഗന്ധം അവിടെ നിറഞ്ഞു. ഷാൻ ഏറുകണ്ണിട്ട് ഒന്നു നോക്കി. കയ്യിലിരിക്കുന്ന ഇഡ്ഡലിയും സാമ്പാറും അവൻ പുറത്തേക്ക് വലിച്ചെറിയും എന്ന് തോന്നി. മിത്ര തുറന്ന ലഞ്ച് ബോക്സ് അവർക്കു നീട്ടി. “നോ താങ്ക്സ് ” മണിക്കുട്ടൻ ചാടിക്കയറി പറഞ്ഞതുകേട്ട് ഷാൻ പല്ലുകൾ കടിച്ചവനെ നോക്കി. എന്നാൽ മിത്ര നിർബന്ധപൂർവ്വം അത് അവരെ ഏല്പിച്ചു. മധുബാല യിലേക്ക് വീഴുന്ന മിഴികളെ ശാസിച്ചു കൊണ്ടാണ് ബിനോയ് പ്രാതൽ കഴിച്ചത്. പ്രാതൽ കഴിഞ്ഞ് കളിചിരികളുടെ ലോകത്തേക്ക് എല്ലാവരും കടന്നപ്പോൾ അവൾ പെരുമ്പടവത്തിന്റെ ‘സങ്കീർത്തന’ത്തിലേക്കു മുഖം പൂഴ്ത്തിയിരുന്നു. നേരം കടന്നു പോയത് അറിഞ്ഞില്ല. കൃഷ്ണ നദിയുടെ മീതെ ബോഗികൾ പ്രവേശിച്ചപ്പോൾ മധുബാല എഴുന്നേറ്റു വാതിലിനു നേർക്ക് പോകുന്നത് കണ്ടപ്പോൾ മനസ്സൊന്നു കുതിച്ചുയർന്നു. പിന്നാലെ ചെല്ലുവാനുള്ള പ്രേരണയിൽ.. മുഖമൊന്നു കഴുകി വരാമെന്നു പറഞ്ഞുകൊണ്ട് എഴുന്നേറ്റു.ബാത്റൂമിനരുകിലേക്കു ചെന്നപ്പോൾ കണ്ട കാഴ്ച.. . വാതിൽക്കൽ നിന്ന് നദിയുടെ ആഴങ്ങൾ ലക്ഷ്യംവച്ച് കുതിക്കാനൊരുങ്ങുന്ന രണ്ടു പാദങ്ങൾ. കാൾ നിമിഷത്തിന് വേഗതയിൽ മുന്നോട്ടാഞ്ഞു ആ ചുമലിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു മാറ്റി. നടുങ്ങിപോയ അവൾ പകച്ചു നോക്കി. അതേ പകർപ്പിൽ തിരിച്ചും. നാലു മിഴികൾ മൗനം കൊണ്ട് വാചാലമായ നിമിഷം. അവൾക്കു മുൻപിൽ വാതിലിനരികിൽ നിലയുറപ്പിച്ചുകൊണ്ട് പറഞ്ഞു. ” ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഭീരുത്വം മാത്രമാണിത്.. ” വല്ലാതെ ഉലഞ്ഞു പോയ മനസ്സോടെയാണ് പറഞ്ഞത്. അവൾ തേങ്ങി കൊണ്ട് തിരിഞ്ഞു നടന്നു. ആ രാത്രി പിന്നിടുമ്പോഴേക്കും മനസ്സ് ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അവളിൽ, മധുബാലയിൽ മരണ ചിന്തകൾ നശിപ്പിച്ചു ജീവിതത്തിന്റെ വിത്ത് പാകണമെന്ന്. മൂന്നാം ദിവസം ദില്ലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവളുടെ കയ്യിലിരുന്ന ഫോൺ പിടിച്ചെടുത്തതിൽ നിന്നും സ്വന്തം നമ്പറിലേക്കൊരു കാൾ.. ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ സേവ് ചെയ്തു കൊണ്ട് പറഞ്ഞു. ” ഞാൻ വിളിക്കും. കാൾ എടുക്കാതിരിക്കരുത്. ” നിർവികാരതയോടെ തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഹൃദയത്തിൽ നിന്നുണ്ടായൊരു മന്ദഹാസത്തോടെ മിഴികൾ കൊണ്ട് യാത്ര പറഞ്ഞു. . മുഖത്ത് ചെറുചൂടു ദ്രാവകം വീണതറിഞ്ഞ ബിനോയ് ഞെട്ടി ഉണർന്നു. ചൂടും ദുർഗന്ധവും മുഖത്ത് ഒഴുകുന്നു. ഒരു ഓക്കാനത്തോടെ അവൻ ഉയർന്ന് കമിഴ്ന്നു. പരുക്കൻ തറയിൽ അമർന്ന കൈപ്പത്തിക്ക് മീതെ അമരുന്ന ബൂട്ടിട്ട പാദം. “ആ… ” ഞരക്കത്തോടെ നീരു വിങ്ങിയ കണ്ണുകൾ വലിച്ചു തുറന്ന് മുകളിലേക്ക് നോക്കി. മുന്നിൽ ഇബ്രാഹിം അലി..! ക്രൂരമായ ആനന്ദത്തോടെ അയാൾ ബിനോയിയുടെ കൈപ്പത്തി ചവിട്ടി ഞെരിച്ചു കൊണ്ട് അമറി. ” സാലെ കുത്തേ.. തും സ്വപ്ന ദെക്കിലിയെ? അയാൾ കയ്യിലിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ അവശേഷിച്ച മൂത്രം ചുരുണ്ടുകൂടി കിടന്ന മറ്റുള്ളവരുടെ തലവഴി ഒഴിച്ചു. ” ഇന്ത്യൻ പട്ടികളെ.. ഉറങ്ങിയത് മതി. ” പച്ച മലയാളത്തിലെ സംബോധനയിൽ ബിനോയിയുടെ തല പെരുത്തു. അവൻ തല തിരിച്ചു കൂട്ടുകാരെ നോക്കി. ഷാനവാസ്, റോയ്, മണിക്കുട്ടൻ, ഉണ്ണിപട്ടർ, സന്ദീപ് ചോപ്ര, രോഹിത് മേത്ത….. അഞ്ചു ദിനരാത്രങ്ങളുടെ പീഡനങ്ങൾ കൊണ്ടുതന്നെ മൃത പ്രായരായവർ. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞ് ഇബ്രാഹിം പിന്തിരിഞ്ഞപ്പോൾ ഹൃദയവേദനയോടെ ബിനോയ് തിരിച്ചറിഞ്ഞു.. സ്വപ്നത്തിലായിരുന്നു ഇത്രനേരവും.. അതുപക്ഷേ വെറുമൊരു സ്വപ്നം ആയിരുന്നില്ലന്ന് മാത്രം.. മധുബാലയെ.. തന്റെ മധുവിനെ ആദ്യമായി കണ്ട ഓർമ്മകളിലൂടെ മനസ്സിന്റെ മടക്കം.. നീറി നിറഞ്ഞ മിഴികൾ ഹൃദയത്തിൽ ഉറവ എടുത്ത നോവിൽ ബിനോയ് ഇറുകെ പൂട്ടി. . തുടരും