Home Article അവൻ പെണ്ണു കെട്ടിയിരുന്നു. ഭാര്യക്ക് ആറു മാസം വയറ്റിലുണ്ടായിരുന്നു….

അവൻ പെണ്ണു കെട്ടിയിരുന്നു. ഭാര്യക്ക് ആറു മാസം വയറ്റിലുണ്ടായിരുന്നു….

0

രചന : ഹക്കീം മൊറയൂർ

എന്റെ ഒരു സുഹൃത്ത് മരണപ്പെട്ടത് സൗദിയിൽ വെച്ചായിരുന്നു. അവന്റെ ഖബറടക്കവും അവിടെയായിരുന്നു.

മരണപ്പെട്ടു എന്ന് കേട്ടപ്പോൾ സങ്കടത്തേക്കാൾ കൂടുതൽ ഒരു മരവിപ്പായിരുന്നു.

അവൻ പെണ്ണു കെട്ടിയിരുന്നു. ഭാര്യക്ക് ആറു മാസം വയറ്റിലുണ്ടായിരുന്നു. ഉമ്മയും ഉപ്പയും കല്യാണ പ്രായമായ അനിയത്തിമാരും പഠിക്കുന്ന അനിയനും ഉണ്ടായിരുന്നു.

അവൻ മരിച്ചിട്ട് ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു പോയി. എന്നിട്ടും എന്റെ മനസ്സിൽ അവൻ ഇപ്പോഴും മരിക്കാത്തത് പോലെയാണ്. അവൻ മരിച്ചു എന്നു മനസ്സിലായിട്ടും മനസ്സിന് അംഗീകരിക്കാൻ എന്തോ ഒരു മടി പോലെ.

അവന്റെ മയ്യത്ത് ഞാൻ കണ്ടിരുന്നില്ല. ജനാസയുടെ കൂടെ പള്ളിയിലേക്ക് അനുഗമിച്ചിരുന്നില്ല. ഖബറിലേക്ക് പ്രാർത്ഥനയോടെ മൂന്ന് പിടി മണ്ണ് വാരിയിട്ടിരുന്നില്ല. ചിലപ്പോ അത്‌ കൊണ്ടാവണം മരിച്ചു എന്ന് മനസ്സിന് ഇന്നും വിശ്വാസം വരാത്തത്.

എന്നാൽ എന്റെ മറ്റൊരു സുഹൃത്ത് മരണപ്പെട്ടത് നാട്ടിൽ വെച്ചായിരുന്നു.

മയ്യത്ത് ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്നത് മുതൽ എല്ലാത്തിനും ഞാൻ കൂടെ ഉണ്ടായിരുന്നു. ബന്ധുക്കളുടെ കരച്ചിലിനും സങ്കടത്തിനും മുഴുവൻ ഞാൻ സാക്ഷിയായിരുന്നു. ഖബറടക്കം കഴിഞ്ഞും കുറെ സമയം പള്ളിക്കാട്ടിൽ ഞാൻ നിന്നിരുന്നു. വെള്ളിയാഴ്ചകളിൽ അവന്റെ ഖബറിടം ഞാൻ സന്ദർശിക്കാറുണ്ടായിരുന്നു.

എന്നിട്ടും അവനും മരിച്ചു പോയി എന്ന് വിശ്വസിക്കാൻ മനസ്സിനു ഇപ്പോഴും മടിയാണ്.

വേറൊരു സുഹൃത്ത് മരണപ്പെട്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു.

ഓപ്പറേഷൻ കഴിഞ്ഞു ഐസിയൂവിൽ അവൻ കിടക്കുമ്പോൾ ഞാൻ പോയി കണ്ടിരുന്നു.

പിന്നീട് ഞാൻ അവനെ കാണുന്നത് പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റിയതിനു ശേഷമാണ്.

പോലീസ് ഇൻക്വസ്റ്റ് നടത്താൻ സാക്ഷിയായി ഞാനും കൂടെ ഉണ്ടായിരുന്നു. ദേഹത്തെ ഓരോ മുറിവുകളും അളന്നു നോക്കി അവർ എഴുതി എടുക്കുമ്പോൾ തണുത്തു മരവിച്ച ആ ദേഹം പൊക്കാനും നീക്കാനും ഞാനും കൂടിയിരുന്നു. അപ്പോഴൊക്കെ അവന്റെ ഓരോ കളിചിരികൾ വണ്ട് മൂളും പോലെ എന്റെ ചെവിയിൽ മൂളി കൊണ്ടിരുന്നു.

ആംബുലൻസിനു പിന്നാലെ ബൈക്കിൽ ഞാനും അവനെ അനുഗമിച്ചിരുന്നു. ഒടുവിൽ ചിതയിൽ അവൻ കത്തി എരിയുന്നത് കാണാനാവാതെ തിരിഞ്ഞു നടന്നതും ഞാനായിരുന്നു.

എന്നിട്ടും അവനും മരിച്ചു പോയി എന്ന് വിശ്വസിക്കാൻ മനസ്സിന് ഇപ്പോഴും മടിയാണ്.

എന്താണെന്നറിയില്ല. ഉറപ്പുണ്ടായിട്ടും നടക്കില്ലെന്നറിഞ്ഞിട്ടും ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ നമ്മളെയും കാത്ത് അക്ഷമരായി അവർ നിൽക്കുന്നത് പോലെ ഒരു തോന്നൽ.

ഇനി ഒരു പക്ഷെ അത്‌ എന്റെ മാത്രം തോന്നലുകൾ ആവുമോ?.

എന്തായാലും ഈ മരണം എന്നത് വല്ലാത്ത ഒരു പ്രഹേളിക തന്നെയാണ്.

മതമോ ജാതിയോ പേരോ വയസ്സൊ നോക്കാതെ അവനു പ്രിയപ്പെട്ടവരെയെല്ലാം അവനങ്ങു കൊണ്ട് പോവും.

ഈ ലോകത്ത് ഉറപ്പുള്ള ഒരേ ഒരു കാര്യം നമ്മളെ തേടിയും അവൻ വരുമെന്നത് തന്നെയാണ്.

ഇന്നല്ലെങ്കിൽ നാളെ.

(ഹക്കീം മൊറയൂർ )

LEAVE A REPLY

Please enter your comment!
Please enter your name here