Home Latest മിണ്ടാതിരുന്നാൽ ബുജി ആണെന്ന് വിചാരിക്കും എന്ന് കരുതിയാണൊ ഇയാൾ വാ തുറക്കാത്തത്? Part – 1

മിണ്ടാതിരുന്നാൽ ബുജി ആണെന്ന് വിചാരിക്കും എന്ന് കരുതിയാണൊ ഇയാൾ വാ തുറക്കാത്തത്? Part – 1

0

സ്വർണ്ണനക്ഷത്രങ്ങൾ part – 1

രചന : Vineetha

സൂര്യരശ്മികൾ ഏറ്റു തിളങ്ങുന്ന സ്വർണ്ണം വിളയുന്ന പാടങ്ങൾ. ട്രെയിനിന്റെ താളാത്മകമായ ഉലച്ചിൽ നിന്നും ബിനോയ് കണ്ണുകൾ തുറന്നത് ആന്ധ്രയിലെ അന്നം വിളഞ്ഞുകിടക്കുന്ന ആ പാടങ്ങളിലേക്ക് ആയിരുന്നു. അതി പ്രഭാതത്തിൽ തന്നെ കർഷകർ കൈയടക്കിയ നെൽവയലുകൾ തന്ന കണ്ണിയുടെ പ്രസരിപ്പ് ബിനോയുടെ മുഖത്ത് പ്രതിഫലിച്ചു. താനുൾപ്പെടുന്ന മലയാളികൾ പള്ള നിറച്ച് ഉണ്ണുന്നത് ഇവർ വിളയിക്കുന്ന അരിയാണെന്ന ഓർമയിൽ ആരാധനയും അതേസമയം ജാള്യതയുംതോന്നി.

നെൽപ്പാടങ്ങൾ കാലഹരണപ്പെട്ടു പോയ മലയാള നാടിന്റെ പച്ചപ്പ് ഒരു വിദൂര കാഴ്ചയായി മനസ്സിൽ തെളിഞ്ഞു. സ്വന്തം നാട് ആരുടെയൊക്കെയോ കൈകളിലെ പാവയായി തീർന്നതിൽ ഓരോ മലയാളിക്കും നിഷേധിക്കാനാകാത്ത പങ്കില്ലേ?

രോഗങ്ങളാൽ, പ്രകൃതിക്ഷോഭങ്ങളാൾ , വർഗീയ ഭ്രാന്തിൽ വർണ്ണവെറികളിൽ മാവേലി മന്നന്റെ മലയാളനാട് ചവിട്ടിക്കുഴച്ചു ചേറു പോലെ രൂപം ഇല്ലാതായി തീർന്നല്ലോ. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി താനുൾപ്പെടുന്ന ലക്ഷക്കണക്കിന് ജവാന്മാർ അതിർത്തികളിൽ ഉറക്കം വെടിഞ്ഞ് ദിനരാത്രങ്ങൾ ചെലവിടുമ്പോൾ ശത്രുക്കൾക്കു തകർക്കാനാവാത്ത രാജ്യസുരക്ഷ രാജ്യദ്രോഹികൾ തകർത്തു തരിപ്പണമാക്കുന്ന വിരോധാഭാസം ഓർത്ത് അയാളുടെ മനം പിടഞ്ഞു.

“ചായ ചായ.. ”

അരുകിലേക്ക് എത്തിയ രാജു ചേട്ടൻ ഡിസ്പോസിബിൾ ഗ്ലാസിലേക്ക് ചൂട് ചായ പകർന്നു ബിനോയിക്ക്‌ നൽകിക്കൊണ്ട് ബർത്തുകളിൽ മൂടിപ്പുതച്ചു ഉറങ്ങുന്നവരെ നോക്കി.

” കൊള്ളാം ആന്ധ്രയിലെ ഉഷ്ണം അടിച്ചിട്ടും ആരും എഴുന്നേറ്റില്ലേ? എന്താണ് പ്രാതലിന് വേണ്ടത്. ഇഡ്ഡലി ദോശ ഉഴുന്നുവട.. ”

“‘ ചേട്ടാ രണ്ട് പേർക്ക് ഇഡ്ഡലി മൂന്നുപേർക്ക് ദോശ പോരട്ടെ. ”

ഡയറിയിൽ അത് കുറിച്ചെടുത്തു കൊണ്ട് രാജു ചേട്ടൻ അടുത്ത് കമ്പാർട്ട്മെന്റിലേക്ക് പോയി അപ്പോഴാണ് ബിനോയ് അവരെക്കുറിച്ച് ഓർത്തത്. സൈഡ് സീറ്റ് ബെർത്തിൽ ഒരു പുതപ്പിനുള്ളിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന അവരെ കുറിച്ച്.. s

പുതപ്പിന് താഴെ മധുബാലയുടെ പാദം. അതിനു മിത്രയുടെയും. അവർക്ക് എന്താവും വേണ്ടത്. അവർക്കുവേണ്ടി എന്തെങ്കിലും പറയാമായിരുന്നു. അയാൾ കുണ്ഡിതം തോന്നി. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിക്ക് ആണ് അവരെ ആദ്യമായി കാണുന്നത്.

തുള്ളിച്ചാടി ഉറക്കെ സംസാരിച്ചുകൊണ്ട് മിത്രയും തന്റെ സാന്നിധ്യം മറ്റൊരു മനുഷ്യജീവിയെ അറിയരുതെന്ന ഭാവ ചലനങ്ങളുടെ മധുബാലയും കോച്ചിലേക്ക് കയറി വന്ന ആ നിമിഷങ്ങൾ.. അതുവരെ പട്ടാളക്കാരുടെ ജാഡ യോടെ ഇരുന്ന റോയി കുര്യനും ഷാനവാസും മണിക്കുട്ടനും കോളേജ് കുമാരൻമാരായി. അത് കണ്ടു ഉണ്ണി പട്ടർ രഹസ്യമായി തന്റെ കാതിൽ മൊഴിയുകയും ചെയ്തു.

” അവന്മാർക്ക് ഇനി ഡൽഹി എത്തുംവരെ ബോറടിക്കില്ല.”

മിത്ര വളരെ പെട്ടെന്ന് എല്ലാവരുമായി കമ്പനിയായി. നിഷ്കളങ്കമായ പുഞ്ചിരിയോടെയും വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളിലൂടെയും സൗഹൃദം ഉറപ്പിക്കുമ്പോൾ മധുബാല നിശബ്ദതയുടെ പൊത്തിനുള്ളിൽ മുഖം പൂഴ്ത്തി ഇരിക്കുന്നത് വളരെ കഴിഞ്ഞാണ് ശ്രദ്ധയിൽപ്പെട്ടത്.

” മിണ്ടാതിരുന്നാൽ ബുജി ആണെന്ന് വിചാരിക്കും എന്ന് കരുതിയാണൊ ഇയാൾ വാ തുറക്കാത്തത്?

മണിക്കുട്ടൻ സൈഡ് സീറ്റിൽ അവൾക്ക് അഭിമുഖമായി ചെന്നിരുന്നു കൊണ്ടാണ് ചോദിച്ചത്. അവൾ പുറം കാഴ്ചകളിൽ നിന്ന് മിഴികൾ മണിക്കുട്ടനി ലേക്ക് തിരിച്ചു.

“ഗാനകോകിലം ആകേണ്ടതാണ്.” മിത്രയുടെ ആ വെളിപ്പെടുത്തലിൽ മധുബാല ചൂളി.

” എങ്കിൽ ഒരു പാട്ടു പാടൂ ഞങ്ങൾക്കുവേണ്ടി”

മണിക്കുട്ടൻ പറഞ്ഞതുകേട്ട് മധുബാല രൂക്ഷ ത്തോടെ മിത്രയെ നോക്കി. ചൂടു പഴംപൊരി രുചിയോടെ അകത്താക്കി കൊണ്ടിരുന്ന അവൾ ഉമിനീരിറക്കി.

” കുറച്ചു കഴിയട്ടെ, ഈ കമ്പാർട്ട്മെന്റിലെ യാത്രക്കാരൊക്കെയൊന്നുറങ്ങട്ടെ. എന്നിട്ട് മതി”

റോയ് അവൾക്കു നേരെ തിരിഞ്ഞു. ” അതെന്താ ഇതിനുള്ളിൽ കവിത പാടില്ലെന്ന് നിയമമുണ്ടോ? മിത്ര ചിരിച്ചു. “അതല്ല അവരെല്ലാവരും കൂടി ചെയിൻ വലിച്ച് ട്രെയിൻ നിർത്തിക്കാൻ നോക്കിയാലൊ, ഓടി രക്ഷപ്പെടാൻ വേണ്ടി”

എല്ലാവരും ചിരിച്ചു പോയി. മധുബാല പാടിയില്ല. എന്നാൽ ആ നിമിഷം മുതലാണ് തന്റെ മിഴികൾ താനറിയാതെ അവൾ അറിയാതെ അവളെ തേടി ചെന്നു തുടങ്ങിയത്. സന്ധ്യക്ക് വാതിലിന് അരികെ ഒറ്റയ്ക്ക് നിന്നവൾ പ്രകൃതിഭംഗി ആസ്വദിക്കുന്നത് കണ്ടുകൊണ്ടാണ് ചെന്നത്. ട്രെയിനിന്റെ വേഗത അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു. കാറ്റുപിടിച്ച പോലെ നിൽക്കുന്ന അവളെ കണ്ടപ്പോൾ ഏതുനിമിഷവും പുറത്തേക്ക് തെറിച്ചു വീഴുമോ എന്ന് തോന്നി. അതുകൊണ്ടാണ് പറഞ്ഞത്.

” ആ വാതിൽ അടച്ചേക്കു… ” അവൾ ഞെട്ടി തിരിഞ്ഞു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഷാൾ ഉയർത്തി മിഴികളെ മറച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി. അരികിലൂടെ കടന്നു പോയപ്പോൾ ഒരു പ്രത്യേക ഗന്ധം അനുഭവപ്പെട്ടു. അറിയാതെ മൂക്കു വിടർത്തി വീണ്ടും സുതാര്യമായ ആ ഗന്ധത്തിനു വേണ്ടി ദാഹിച്ചു. പിന്നീട് സൈഡ് സീറ്റിൽ ആടിയുലയുന്ന പ്രതിമ കണക്കെ ഇരിക്കുന്ന അവളിൽ എന്തുകൊണ്ടാണ് തന്റെ കണ്ണുകൾ മനസ്സിന്റെ ശാസന വകവെക്കാതെ പാഞ്ഞു ചൊല്ലുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

” പട്ടാളക്കാരുടെ ഒരു ആരാധികയാണ് ഇവൾ കേട്ടോ.. ” മിത്ര പറഞ്ഞപ്പോൾ ഫോണിൽ നിന്ന് മുഖമുയർത്തി ഇരുവരെയും നോക്കി. ” ആണോ എന്നിട്ടാണോ ആരാധന പാത്രങ്ങളെ ഇത്ര അടുത്തു കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഇരിക്കുന്നെ..? റോയി മധുര മന്ദഹാസത്തോടെ അത് ചോദിച്ചപ്പോൾ അവൾ മുഖം കുനിച്ചു. പിന്നെ മെല്ലെ പറഞ്ഞു.

“അങ്ങനെയൊന്നുമില്ല, രാജ്യം മുഴുവനും സുഖമായി ഉറങ്ങുമ്പോൾ രാജ്യ സുരക്ഷയ്ക്ക് വേണ്ടി ഉറങ്ങാതെ കാവലിരിക്കുന്നവരല്ലേ പട്ടാളക്കാർ.. ”

അത്ഭുതത്തോടെയാണ് അത് കേട്ടത്. വാക്കുകൾ വെറുതെ ഉപയോഗിക്കുവാനുള്ള തല്ലെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു വത്. ” ഞങ്ങൾക്ക് പക്ഷേ ആരാധന നിങ്ങളുടെ വർഗ്ഗത്തോട് ആണ്. ” മണിക്കുട്ടൻ വലവീശിയെറിഞ്ഞു. ” അതെപ്പോതൊട്ടു.,? ഷാനവാസിന്റെ അപ്രതീക്ഷിത ചോദ്യം അവനെ ചൊടിപ്പിച്ചു. “ദാ ഇപ്പൊത്തൊട്ടു.. ഒന്ന് പോട,, നമ്മളൊക്കെ ജനിച്ചു വീണത് ആരുടെ കൈകളിലേക്കാ.. ഏതെങ്കിലും ഒരു നേഴ്സിന്റെ കരങ്ങളിലേക്ക് അല്ലേ? ” അത് ശരിയാണ് പിന്നെ ആണല്ലോ നമ്മുടെ പെറ്റമ്മ പോലും തൊടുന്നതും കാണുന്നതും.” റോയിയുടെ വെളിപ്പെടുത്തൽ മണിക്കുട്ടന് ഉപകാരമായി. ” അതാണ് ഞാൻ പറഞ്ഞത് ഞങ്ങൾ ഒക്കെ നിങ്ങളുടെ ഫാൻസ് ആണെന്ന്..”

കണ്ണിറുക്കി മണിക്കുട്ടൻ പറഞ്ഞതുകേട്ട് മിത്ര കള്ളച്ചിരിയോടെ ചോദിച്ചു. ” എങ്കിൽ പിന്നെ നിങ്ങൾ എല്ലാവരും നേഴ്സുമാരെ കെട്ടിക്കോ. ആരാധന ജീവിതകാലം മുഴുവൻ വ്യാപിച്ചങ്ങനെ കിടക്കുമല്ലേ.. ” അത്രയ്ക്ക് അങ്ങോട്ട് വേണോ.. ആരാധനമൂത്ത് ഒടുവിൽ ഡിവോഴ്സ് ആയാലോ? മണിക്കുട്ടൻ പറഞ്ഞത് കേട്ട് മധുബാല ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സൊന്നു തണുത്തു. രാത്രി ഭക്ഷണം എല്ലാവരും പാർസൽ ആയി കൊണ്ടുവന്നത് ഒന്നിച്ചിരുന്നു കഴിച്ചു. രണ്ടു ബർത്തുകൾ ഉണ്ടായിരുന്നിട്ടും അവർ രണ്ടുപേരും മുകളിലെ ബർത്തിൽ ഒന്നിച്ചു കിടന്നു. കിടന്നിട്ടും ഉറക്കം വരാതെ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. ബിനോയ്‌ ചായ ഊതി കുടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി. ഭൂമിയുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. ഉറക്കം ഉണർന്ന യാത്രക്കാർ ബാത്റൂമിലേക്ക് പോകുന്ന തിരക്കുകളിൽ. ഷാനു റോയി മെല്ലെ തലപൊക്കി. അവരുടെ നോട്ടം ആദ്യം ചെന്നത് മുകളിലേക്ക് ആയിരുന്നു. അതുകഴിഞ്ഞ് ബിനോയിലും. എഴുന്നേറ്റിരുന്നു കൊണ്ട് റോയി ചോദിച്ചു. ” നീ ഇന്ന് ഇത്ര രാവിലെ എഴുന്നേറ്റൊ? ബിനോയ് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. ” നേരത്തെ ഉണർന്നു. ” റോയി വീണ്ടും മുകളിലേക്ക് നോക്കി. ” നല്ല കണി” അവൻ പിറുപിറുത്തു. പത്തു മിനിട്ടിനകം എല്ലാവരും എഴുന്നേറ്റു. മിത്ര നടുക്കത്തെ ബർത്തിൽ ചവിട്ടി താഴേക്ക് ചാടിയപ്പോൾ ഉണ്ണി പട്ടർ വിരണ്ടു പോയി. അവൻ ചാടിയെഴുന്നേറ്റു. ” ഒന്നു പറഞ്ഞിട്ട് ചാടിയ പോരായിരുന്നോ? കയ്യിൽ നിന്ന് തുളുമ്പി വീണ ചായയിലേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു. ” അതുശരി നല്ല രാജ്യ ഭടൻ. ശത്രു സൈനികർ ഇയാളോട് പറഞ്ഞിട്ടാണോ ആക്രമിക്കാൻ തുടങ്ങുന്നേ? ഉണ്ണി ജാള്യത അടക്കി അവളെ തുറിച്ചു നോക്കി. റോയിയും ഷാനവാസും അതുകേട്ട് പൊട്ടിച്ചിരിച്ചു. “ബാക്കിയുള്ളവരുടെ മാനം കൂടി കളഞ്ഞു കുളിക്കല്ലേ എന്റെ അവിഞ്ഞ പട്ടരെ ” മണിക്കുട്ടൻ പറഞ്ഞപ്പോൾ ഉണ്ണി അരിശം മടക്കി ഇരുന്നു. മധുബാല സങ്കോചത്തോടെ മെല്ലെ പാദങ്ങൾ ബർത്തിൽ ചവിട്ടി ഇറങ്ങി. അവളുടെ ചെറിയ ശരീരത്തിന്റെ ആകൃതി അപ്പോഴാണ് ബിനോയിയുടെ മിഴികൾ കണ്ടെത്തിയത്. അറിയാതെ ശരീരത്തിലും മനസ്സിലും ഒരു തരിപ്പുണർന്നത് ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു. തുടരും.

വിനീത ബാബു.

LEAVE A REPLY

Please enter your comment!
Please enter your name here