Home Latest ആരോടു ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറീത്….. എനിക്കത് ഇഷ്ടല്യാന്നറിഞ്ഞൂടെ കുട്ടിക്ക് ?? Part – 1

ആരോടു ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറീത്….. എനിക്കത് ഇഷ്ടല്യാന്നറിഞ്ഞൂടെ കുട്ടിക്ക് ?? Part – 1

0

ഉണ്ണ്യേട്ടൻ..

രചന : Afan Yousuf

“” ആരോടു ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറീത്….. എനിക്കത് ഇഷ്ടല്യാന്നറിഞ്ഞൂടെ കുട്ടിക്ക് ?? “”

നിരഞ്ജന്റെ ദേഷ്യം കലർന്ന വാക്കുകൾ കേട്ട്, ആ മുഖത്തെ നേരിടാൻ കെൽപ്പില്ലാതെ എന്റെ മിഴികൾ തറയിൽ തന്നെ ഉറച്ചു നിന്നു……

“”” അമ്മ…. അമ്മയാ പറഞ്ഞേ വീടൊക്കെ വൃത്തിയാക്കാൻ “”” ചുണ്ടുകൾ വിറയാർന്ന സ്വരത്തിൽ മന്ത്രിച്ചു…..

“”” ഓഹ് ഞാനതു മറന്നു കുട്ട്യോട് പറയാൻ….
ഞാനോ ഇവനോ അല്ലാതെ ഇവന്റെ മുറീല് മറ്റാരും കേറണത് ഇവന് ഇഷ്ടല്യ….. “”” എന്നു പറഞ്ഞ് അമ്മ അടുത്തേക്ക് വന്നപ്പോഴും ഞാൻ തല താഴ്ത്തി തന്നെ നിന്നു….

“”” സാരല്യ, മോള് ചെന്ന് ബാക്കിള്ളോടൊക്കെ വൃത്തിയാക്ക്….. “”” അവർ വാത്സല്യത്തോടെ തഴുകിയപ്പോൾ ,, ചൂലുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി…..

“”” എന്തൊരു സ്വഭാവാ ഉണ്ണീ ഇത്….. പാവം! അത് നന്നായി പേടിച്ചൂന്ന് തോന്നണു…. നീയൊരു മനുഷ്യൻ തന്നാണോന്ന് സംശയിച്ചിട്ടൂണ്ടാവും ആ കുട്ടി….. “”” അമ്മ ശകാരിച്ചു.

“”” എന്റെ മനുഷ്യത്വം അതിനെ ബോധിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ലല്ലോ….. ഞാൻ പോണു… “””

മേശമേൽ കൊണ്ടുവച്ച ചോറ്റുപാത്രം ധൃതിയിൽ ബാഗിലാക്കി കടന്നു പോകുന്ന അയാളെ , ഒളികണ്ണാലെ നോക്കിക്കൊണ്ട് ഞാൻ പിറുപിറുത്തു
“”” ഇങ്ങനുണ്ടോ മനുഷ്യര്…. തനി വെട്ടുപോത്ത് ! “””

“”” അവന് അവന്റെ അച്ഛന്റെ സ്വഭാവാ….. സ്നേഹം പ്രകടിപ്പിക്കാനറിയില്ല , ഒക്കെ ഉള്ളില് പൂട്ടിവെക്കണ പ്രകൃതാ…… അതോണ്ട് അവനെന്തു പറഞ്ഞാലും മോളതൊന്നും കാര്യാക്കണ്ടാട്ടോ….. “”” പുഞ്ചിരിയോടെ അമ്മ അരികിലേക്ക് വന്നു പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞത് അമ്മ കേട്ടു കാണുമോ എന്ന പേടിയായിരുന്നു എന്റെയുള്ളില്…… അത് പുറത്തു കാട്ടാതെ ഞാനും ചിരിച്ചോണ്ട് പതിയെ തലയാട്ടി…..

“” അമ്മമ്മയെ കൂടാണ്ട് വേറെ ആരൊക്കെ ഉണ്ട് കൺമണീടെ വീട്ടില് ?? “””

“”” വേറെ ആരൂല്യ…. അച്ഛൻ , അമ്മയെന്നെ ഗർഭിണിയായ സമയത്ത് ഞങ്ങളെ ഇട്ടേച്ചു പോയതാത്രേ….
നിക്ക് പത്തു വയസ്സുള്ളപ്പോ അമ്മേം മരിച്ചു…
പിന്നെ ഇതുവരെ അമ്മമ്മയാ ന്നെ വളർത്തീതും പഠിപ്പിച്ചതും എല്ലാം….. ഇപ്പോ അതിനും വയ്യാതായി…. അതോണ്ടാ പണിക്ക് വിളിച്ചപ്പോ അമ്മമ്മയ്ക്ക് പകരം ഞാൻതന്നെ പോന്നത്…. ഇപ്പഴാണേല് വെക്കേഷനല്ലേ ക്ലാസില്ലല്ലോ….. “””

ഒരു ചോദ്യത്തിനുള്ള ,എന്റെ ഒന്നിലധികം ഉത്തരങ്ങൾ കേട്ട് അവർ അലിവോടെ എന്നെ നോക്കുന്നതും ആ കണ്ണുകൾ നിറയുന്നതും കാൺകെ ഞാൻ വേഗം വിഷയം മാറ്റി……

“”” ഉച്ചയ്ക്ക് ഊണിന് കൂട്ടാനെന്താ വെക്കണ്ടേ ?? പാചകൊന്നും ഇക്കത്ര വശല്യാട്ടോ…. “””

“”” അതൊക്കെ ഞാൻ ചെയ്തോളാം…. എല്ലാം കൂടി നീയൊറ്റയ്ക്ക് ചൊമക്കണ്ട…. ഭാരം താങ്ങി തളരാന്ള്ള പ്രായല്ല നെനക്കിപ്പോ….. “””

ആയമ്മേടെ വാക്കുകൾ എന്റെ കണ്ണും മനസ്സും ഒരുപോലെ നിറയിച്ചു…..
ഇന്നലെ , ഈ പടി കടന്നു വരുമ്പോൾ ഉള്ളു നിറയെ ആധിയായിരുന്നു…..
ആദ്യായിട്ടാണ് മറ്റൊരാളുടെ അടുക്കളപ്പണിക്ക് പോകുന്നത്….. അതും കണ്ടു പരിചയം പോലുമില്ലാത്ത , ഈ നാട്ടില് പുതുതായി വന്ന ആൾക്കാർ…..
എന്ത് ,എങ്ങനെ എന്നൊന്നും അറിയാതെ നെഞ്ചിടിപ്പോടെയാണ് ആദ്യ ദിവസം കടന്നു പോയത്…..
പക്ഷേ ,, പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഇവിടത്തെ സുഭദ്രാമ്മ…..
പെറ്റമ്മയെ പോലെ സ്നേഹവും കരുതലും നൽകുന്നൊരമ്മ…..!
പിന്നെ ആകെക്കൂടിയുള്ളത് അമ്മേടെ മോനാണ്….. നിരഞ്ജൻ ….. അമ്മയ്ക്കയാൾ ഉണ്ണിയാണ്…..
അയാളെപ്പറ്റി കൂടുതലൊന്നും അറിയില്ല…..
ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നു നടന്നത്.. ഇനി അറിയാതെ പോലും ആ കൺവെട്ടത്ത് ചെല്ലാതെ നോക്കുന്നതാ നല്ലത്…..
വെറുതെയെന്തിനാ വഴിയേ പോകുന്നത് ഇരന്നു വാങ്ങണത്……

“”” ഉണ്ണീടെ ഒന്നു രണ്ട് മുഷിഞ്ഞത് കെടപ്പുണ്ട് മോള് പോയി അതൊന്ന് കഴുകിയിട്ടേക്ക്….””” അമ്മേടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്……
തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നെങ്കിലും എന്നിൽ സംശയം മുളപൊട്ടി…..

“”” മുറീല് കയറാവോ…. നിക്ക് പേടിയാ….””””

“”” കഴുകാനുള്ളത് അവൻ മാറ്റി ഇട്ടിട്ടുണ്ടാവും…. നീയ് ചെന്ന് അതെടുത്തിങ്ങ് പോര്….. അവനിപ്പോ ഇവടില്ലല്ലോ “””” അമ്മ പറഞ്ഞെങ്കിലും മുറിയിലേക്കു കാലെടുത്തു വെക്കുമ്പോ എന്തോ ഒരു ഉൾഭയം വന്നു മൂടും പോലെ…..
ഓടിച്ചെന്ന് മാറ്റിയിട്ട തുണികൾ വാരിയെടുത്ത് തിരിഞ്ഞു നടക്കുമ്പോഴാണ് കുസൃതിച്ചിരിയോടെ തന്നെ നോക്കുന്ന ആ ഫോട്ടോയിൽ കണ്ണുകളുടക്കിയത്…..
അപ്പോഴാണ് ആ മുഖം ശരിക്കു കാണുന്നത്…

“”” ഇങ്ങനെ കണ്ടാല് ആരേലും പറയോ ആളിത്രയ്ക്ക് ചൂടനാന്ന്…..”””

മനസ്സിൽ ഓർത്തുകൊണ്ട് ഒരുവട്ടം കൂടി ആ ചിരിയ്ക്കുന്ന മുഖത്തേക്ക് നോക്കി…. ഈ ചിരി നേരിൽ കാണാൻ എന്തായാലും ഒക്കില്ലല്ലോ…… ഇങ്ങനേലും മതിയാവോളം കാണട്ടെ…..

പണികളൊക്കെ തീർത്ത് ഇറങ്ങാൻ നേരത്താണ് ഉണ്ണ്യേട്ടൻ കയറി വന്നത്…..
ഞാൻ വേഗം വാതിലിനു പിറകിൽ സ്ഥാനം പിടിച്ചു…..

“”” അമ്മേ എന്റെ പാന്റിന്റെ പോക്കറ്റിൽന്ന് ഒരു പേപ്പറ് കിട്ടിയിരുന്നോ….?? “””

വന്നപാടെ മുറി പരിശോധിച്ചു കൊണ്ട് ചോദിച്ചു…..

“”” നീയ് കണ്ടാരുന്നോ മോളേ തുണി അലക്കാനെടുത്തപ്പോ ?? “””

അമ്മ എന്നോടു ചോദിച്ചതും ഉള്ളിലൂടൊരു മിന്നൽപ്പിണർ പാഞ്ഞു പോയി…..

“” ഈശ്വരാ….””” ഞാനറിയാതെ വിളിച്ചു….

ഓടിച്ചെന്ന് അഴയിൽ വിരിച്ച പാന്റിന്റെ പോക്കറ്റിൽ പരതുമ്പോൾ ,, മനസ്സ് പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു……
കയ്യിൽ കിട്ടിയ നനഞ്ഞൊട്ടിയ വെള്ളപ്പേപ്പർ എന്റെ ഉള്ളം കയ്യിലിരുന്ന് വിറയൽ കൊണ്ടു….

“”” അലക്കാനെടുക്കുമ്പോ പോക്കറ്റൊക്കെ ചെക്ക് ചെയ്യണംന്ന് അറിയില്ലേ…..
അതെങ്ങനാ , എട്ടും പൊട്ടും തിരിയാത്തതിനെയൊക്കെ ജോലിക്ക് നിറുത്തിയാ ഇതല്ല ഇതിനപ്പുറോം സംഭവിക്കും…… ആരോട് പറയാനാ “”””

ഉറക്കെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞ് കയ്യിലിരുന്ന കുതിർന്ന പേപ്പർ വലിച്ചെടുക്കുമ്പോ ഞാൻ നിശ്ശബ്ദം കരയുകയായിരുന്നു……

“”” ഞാൻ… ഞാനുണക്കിത്തരാം “”” ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും, ‘വേണ്ട’ എന്ന ഉണ്ണ്യേട്ടന്റെ മറുപടി വളരെ ഉച്ചത്തിലായിരുന്നു…..

“”” ഇനിയതിനെ വഴക്ക് പറഞ്ഞിട്ടെന്താ ഉണ്ണീ…. ആ കുട്ടിയത് ശ്രദ്ധിച്ചിട്ട്ണ്ടാവില്യ….. ന്നാലും കീറിപ്പോയിട്ടൊന്നും ഇല്യല്ലോ…. പിന്നെന്താ “”” പറഞ്ഞത് അമ്മയായതു കൊണ്ട് മാത്രമാവണം മറുപടി ഒരു അമർത്തിയുള്ള മൂളലിൽ മാത്രമൊതുക്കി ഉണ്ണ്യേട്ടൻ പൊയ്ക്കളഞ്ഞത്….

“” സാരല്യ… കരയാതെ വീട്ടില് പോകാൻ നോക്ക്…. നേരം ഇരുട്ടണ്ട “””

അമ്മ, വിതുമ്പി നിൽക്കുന്ന എന്നെ നോക്കി ആശ്വസിപ്പിക്കാനെത്തിയപ്പോൾ ,, സകല നിയന്ത്രണവും വിട്ട് ഞാൻ പൊട്ടിക്കരഞ്ഞു….

“”” നോക്കീതാ ഞാൻ…. എല്ലാതും നോക്കീതാ…. പക്ഷേ,, കണ്ടില്ല…. നിക്ക് കിട്ടീല്യ…. അല്ലാതെ ശ്രദ്ധിക്കാഞ്ഞിട്ടല്ല…..
ഇഷ്ടല്യാച്ചാ പൊക്കോളാം ഞാൻ…. ഇനി ഇങ്ങട് വരാതിരുന്നോളാം “”” തേങ്ങലടക്കി ഞാൻ പറഞ്ഞു നിറുത്തിയപ്പോഴേക്കും ,,, അമ്മയുടെ കൈകളെന്നെ ചുറ്റിപ്പിടിച്ചിരുന്നു…..

“” അയ്യേ ഇത്രേള്ളൂ കൺമണി…. ഞാൻ കരുതീത് നീയ് വല്യേ വാല്യക്കാരത്തിയാണ്ന്നാ….. ഇതിപ്പോ വെറും തൊട്ടാവാടി….. “”””

താടി പിടിച്ചുയർത്തി സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പിക്കൊണ്ട് എന്നെ നോക്കി ചിരിച്ചു

“”” അവന് ദേഷ്യം വന്നാപ്പിന്നെ കണ്ണൂല്യ മൂക്കൂല്യ…. ദുർവാസാവിനേക്കാളും കഷ്ടാ അവന്റെ കാര്യം…. അതിനൊക്കെ കരയാൻ നിന്നാല് നെനക്കതിനേ നേരം കാണൂ…. മോള് ചെല്ല് “””

ആയമ്മയെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടക്കുമ്പോഴും കാതില് മുഴങ്ങിയത് ഉണ്ണ്യേട്ടന്റെ ശബ്ദമായിരുന്നു……

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

“”” അമ്മേ… നാളെ മുതല് ഞാൻ നേരത്തെ പോവൂട്ടോ…. ഇക്ക് ക്ലാസ് തൊടങ്ങി….
പണികളൊക്കെ ഞാൻ നേരത്തെ കഴിച്ചോളാം…. വൈകീട്ടും വന്നോളാം….”””

ഇറങ്ങുന്നേരം ഞാനത് പറഞ്ഞപ്പോ അമ്മയെന്റെ ശിരസ്സിൽ കൈവച്ചു…..

“”” എങ്ങനാന്നു വച്ചാ നെന്റെ ഇഷ്ടം…. പണിണ്ട്ന്ന് വച്ച് പഠിപ്പ് കളയര്ത്ട്ടോ നീയ്…. നന്നായി പഠിക്കണം….. നല്ല ഉദ്യോഗോം വാങ്ങിക്കണം ട്ടോ….. “””

ഒരുനിമിഷം ,, ന്റെ അമ്മ പുനർജനിച്ചു വന്നതാണോന്ന് ചിന്തിച്ചു പോയി ഞാൻ…..
ആ കരങ്ങളിൽ പിടിമുറുക്കുമ്പോൾ ,,, അറിയാതെ മിഴികളും നിറഞ്ഞു പോയിരുന്നു…….

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

“”” കൺമണീ , നമ്മടെ കെമിസ്ട്രി സാറ് ലീവിലാത്രേ…. പകരം വന്ന സാറിനെ നീയൊന്നു കാണണം മോളേ….. എന്താ ഗ്ലാമറ് ! “”””

അടുത്തിരിക്കുന്ന സോണിയ സ്വകാര്യം പോലെ പറഞ്ഞതു കേട്ട് ,, പഴയ സാറ് ലീവെടുക്കാനുണ്ടായ കാരണത്തെ പറ്റി കൂലങ്കഷമായ ചിന്തയിലായിരുന്നു ഞാൻ…..
അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് പുതിയ സാറ് കേറി വന്നത്……
ആളെ കണ്ടതും , എന്റെ കണ്ണു രണ്ടും പുറത്തേക്കു തള്ളിവന്നു……

“”” ഉണ്ണ്യേട്ടൻ….!””” ഞാൻ മന്ത്രിച്ചു…..

ഉണ്ണ്യേട്ടന്റെ പുഞ്ചിരിയോടെയുള്ള പെരുമാറ്റവും , അതി വിദഗ്ദമായ ക്ലാസെടുക്കലും കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെങ്കിലും ,,, പെട്ടന്നൊന്നും ആ കാഴ്ചയിൽ കുരുങ്ങാതിരിക്കാനായി ഞാൻ കിണഞ്ഞു പരിശ്രമിച്ചു……
ക്ലാസ് കഴിഞ്ഞ് ആള് പുറത്തേക്കിറങ്ങിയതും
ദീർഘമായൊരു നിശ്വാസത്തോടെ നിവർന്നിരുന്ന എന്നെ , പുഞ്ചിരിയുടെ പിൻബലമില്ലാത്തൊരു നോട്ടം ജനലഴികൾക്കിടയിലൂടെ തേടിയെത്തിയിരുന്നു…….!!

“”” ന്നാലും ഉണ്ണ്യേട്ടൻ മാഷായിരിക്കുംന്ന് ഞാൻ കരുതീല്യാട്ടോ…… അമ്മ ന്നോട് പറഞ്ഞും ഇല്ല്യാലോ….. “””

വൈകീട്ടു വന്ന മുറ്റം തൂക്കുന്നതിനിടയിലാണ് ഞാനത് അമ്മയോട് ചോദിച്ചത്……

“”” അതിന് അവനെക്കുറിച്ച് എന്തേലും കേൾക്കണതു പോലും നെനക്ക് പേട്യല്ലേ….””
അമ്മ കളിയാക്കി….

“”” മാഷന്നേണ്… ഇതുവരെ പ്രൈവറ്റ് കോളേജിലാർന്നു…. ഇതിപ്പോ താൽക്കാലികാന്നാ അവൻ പറഞ്ഞേ…..
അന്ന് നീയ് നനച്ചത് ഈ ജോലീടെ കടലാസാത്രേ…. കീറിപ്പോയിര്ന്നേല് അവൻ നെന്നെ കൊന്നു തിന്നേനെ….”””

അമ്മ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും, ഓർമ്മയിലെ ആ നിമിഷം എന്നിൽ ഉൾക്കിടിലമുണ്ടാക്കി…..

“”” അമ്മേ ഞാനൊരു കാര്യം ചോദിച്ചാ അമ്മ സത്യം പറയോ ന്നോട്….?? “”””

“”” ഉം… നീയ് ചോദിക്ക് “”””

“”” ന്നോടെന്താ ഉണ്ണ്യേട്ടനിത്രയ്ക്ക് വിരോധം ??
കോളേജില് വച്ച് കണ്ടിട്ടും പരിചയഭാവം പോലും കാട്ടീല്യ… അതുപോട്ടെ,, ഇത്ര ദിവസായീല്ലേ ഞാനിവടെ വരണു…. ന്ന്ട്ടും ഒരിക്കൽ പോലും ന്നോടൊന്ന് ചിരിക്ക്യ കൂടി ചെയ്തില്യ….. ഒന്നു നോക്കും കൂടി ചെയ്യണില്ല്യ…..
ന്നെ ഇഷ്ടായിട്ട്ണ്ടാവില്യാലേ ഉണ്ണ്യേട്ടന്……”””

എന്റെ പരിഭവം കേട്ടിട്ടാണോ എന്തോ , അമ്മേടെ കണ്ണു നിറഞ്ഞു വന്നപ്പോ ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയെനിക്ക്……

“”” അവന്…. ന്റെ ഉണ്ണിക്ക് ആരേം വെറുക്കാനൊന്നും അറിയില്യ മോളേ….. ഇന്നോളം അവനെല്ലാരേം സ്നേഹിച്ചിട്ടേള്ളൂ..
ന്ന്ട്ടും….. “”””

പാതി മുറിഞ്ഞ വാക്കുകളോടെ ഇറ്റുവീണ അമ്മയുടെ കണ്ണുനീർ തുള്ളികൾ , ഒരു പേമാരി കണക്കെ എന്റെ ഹൃദയത്തിലേക്ക് കുതിച്ചൊഴുകി……
പക്ഷേ ,,, ആ മഴയ്ക്കു പോലും തണുപ്പിക്കാൻ കഴിയാത്ത വിധം ആയമ്മയുടെ മനസ്സ് നീറിപ്പുകയുന്നുണ്ടെന്ന് എന്റെ ഉള്ളിലിരുന്നാരോ മന്ത്രിക്കും പോലെ എനിക്ക് തോന്നി……!

കാത്തിരിക്കണേ 💕💕

(ഒരു ഭാഗം കൂടിയേ ഉള്ളൂട്ടോ…. അഭിപ്രായം കമന്റായി കുറിക്കണേ….)

https://www.facebook.com/groups/1725045934377816/permalink/2847611495454582/?sfnsn=wiwspmo

LEAVE A REPLY

Please enter your comment!
Please enter your name here