രചന : Jishnu Ramesan
ഒരു വൈകുന്നേരം വീട്ടിലേക്ക്
കയറി ചെന്നപ്പോ മുറിയിൽ
അമ്മ നിലത്ത് വീണു കിടക്കുന്ന
കാഴ്ചയാണ് കണ്ടത്…
ഭയത്തോടെ ഓടി ചെന്ന് അമ്മയെ
എടുത്തപ്പോ മുഷിഞ്ഞ നീല ഉടുപ്പിൽ
ചോര നനവുണ്ട്… അന്നാദ്യമായി
കണ്ണിൽ തെളിഞ്ഞ ചോര കണ്ട്
കൈ വിറച്ചില്ല, നെഞ്ച് ഇടിച്ചില്ല…
അമ്മയെ എടുത്തപ്പോ വയറ് കൊളുത്തി
പിടിച്ചു… നടന്നപ്പോ കാലുകൾ വിറച്ചു…
വെള്ളം തിങ്ങിയത് കൊണ്ട് കണ്ണുകൾക്ക്
കാഴ്ച കുറവായത് പോലെ തോന്നി…!!
ആശൂത്രിയില് വെച്ച് അച്ഛനോട്
അമ്മയുടെ യൂട്രസ് എടുത്ത് കളയണം
എന്ന് പറഞ്ഞപ്പോ അന്നാദ്യമായി
വിറയലോടെ അച്ഛൻ്റെ കൈയ്യിൽ
മുറുകെ പിടിച്ചു…
ആയുസിൽ ആദ്യമായി ദൈവത്തെ
ഇത്രയും സ്പർശമായി കൂട്ട് പിടിച്ച
ദിവസങ്ങളില്ല… കുറച്ച് ദിവസത്തെ
ആശുപത്രി വാസത്തിനു ശേഷം
വീട്ടിലെത്തിയ നാള് പുതു ശ്വാസം
ഉള്ളിലേക്കെത്തി…
പിന്നീട് അടുക്കള ഭരണം അച്ഛനായിരുന്നു…
പാതി വെന്ത ചോറും, മെഴുക്കുപുരട്ടിയും
പൂർണ്ണമല്ലാത്ത സ്വാദോടെ കഴിച്ചു…
ആദ്യമായി കുനിഞ്ഞു നിന്ന് മുറ്റമടിച്ച
എന്നെ നോക്കി മുറ്റം മിഴിച്ചു നിന്നു…
“പുതിയൊരു തഴമ്പില്ലാത്ത കൈകൾ എന്നെ
തഴുകുന്നു” എന്നാവാം മുറ്റം കരുതിയത്…
അമ്മയ്ക്ക് കുളിക്കാനുള്ള ചൂടു വെള്ളം
കുളി മുറിയിൽ കൊണ്ടു വെച്ചപ്പോ
കുറച്ച് വെള്ളം തുളുമ്പി എൻ്റെ കൈ വെള്ളയിൽ
വീണിരുന്നു… എനിക്കത് പൊള്ളലായി
തോന്നിയില്ല… അമ്മയുടെ കൈവെള്ള
എത്രയോ പാടുകൾ കൊണ്ട് നിറഞ്ഞിരുന്നു…
അച്ഛൻ അമ്മയെ കുളിപ്പിക്കുമ്പോ
പുറത്ത് ഒരു ചെറു ഭയത്തോടെ,
ഭൂതകാലം ഓർത്തു കൊണ്ട് ഞാനും
നിന്നിരുന്നു…
കിടക്കും മുൻപ് ചില്ല് കുപ്പിയിൽ ചൂട്
പിടിച്ച് കൊടുക്കും നേരം എനിക്ക്
കൈകൾ വിറച്ചിരുന്നു…എൻ്റെ കണ്ണുകൾ
നിറഞ്ഞിരുന്നു…
അടുക്കളയിൽ അമ്മ എന്നോടും
അച്ഛനോടുമുള്ള ചില ദേഷ്യം
പാത്രങ്ങളിൽ പ്രകടിപ്പിച്ചപ്പോ അച്ഛൻ
അടുക്കളയിൽ നിശബ്ദനായിരുന്നു…
ഭൂതകാലത്തെ ഒരു നാലുമണിക്ക്
ചായയ്ക്ക് പലഹാരമായി അമ്മ അരി വറുത്ത്
പൊടിച്ച് ശർക്കര കൂട്ടി കൊഴച്ച പലഹാരം
രാജകീയമായി തിന്നിരുന്നു…
ഇന്നിപ്പോ നാലുമണികൾ കട്ടൻചായ കൊണ്ട്
ദരിദ്രമായിരുന്നു…
വീട്ടിലെ ആടിനും കോഴികൾക്കും അവരുടെ
പരിപാലനത്തിൽ പൂർണ്ണത ഇല്ലാത്ത
ദിനങ്ങൾ…
അമ്മിക്കല്ല് വരണ്ടുണങ്ങി, മാറാല പൊതിഞ്ഞു…
വിറകടുപ്പിലെ ചാരത്തിന് നാളുകളുടെ
പഴക്കം ചെന്നിരുന്നു…
ദിവസവും വെള്ളം തളിച്ചിരുന്ന
അലക്കുകല്ല് കാരക്കറ കൊണ്ട്
വരണ്ടു…
ചില രാവിലെകളിൽ ചില്ലറ തപ്പിയിരുന്ന
അടുക്കളയിലെ ജീരക ചെപ്പ് ശൂന്യമായി…
വീടെന്ന ചെറു സ്വർഗ്ഗം ശൂന്യമായി…
“ചെറു സ്വർഗ്ഗത്തിലെ അമ്മയുടെ അവധി ദിനങ്ങൾ”
(വെറുമൊരു എഴുത്ത് മാത്രം…. മുൻപ് എപ്പോഴോ എഴുതിയിരുന്നത്…)
ജിഷ്ണു രമേശൻ