Home Article സാറെ നിങ്ങൾ എല്ലാവരും കൂടെയാണ് എന്റെ അച്ഛനെ കൊന്നത്, ഇനി അമ്മയും കൂടെ ആണ് ഉള്ളത്

സാറെ നിങ്ങൾ എല്ലാവരും കൂടെയാണ് എന്റെ അച്ഛനെ കൊന്നത്, ഇനി അമ്മയും കൂടെ ആണ് ഉള്ളത്

0

രചന : Dr. Anuja Joseph

“സാറെ നിങ്ങൾ എല്ലാവരും കൂടെയാണ് എന്റെ അച്ഛനെ കൊന്നത്, ഇനി അമ്മയും കൂടെ ആണ് ഉള്ളത് ”
ആ അമ്മയും ആ കുട്ടികളെ വിട്ടു പോയി.
തിരുവനന്തപുരം നെല്ലിമൂട് ഭാഗത്തു 47വയസ്സുള്ള രാജന്റെയും ഭാര്യ അമ്പിളിയുടെയും ദാരുണ മരണം വീഡിയോ ആയിട്ടു പലരും ഇതിനോടകം കണ്ടു കഴിഞ്ഞു. വസ്തു തർക്കവും കുടിയൊഴിപ്പിക്കലും അവസാനിച്ചത് രാജന്റെയും അമ്പിളിയുടെയും മരണത്തിലായിരുന്നുവെന്നതാണ് ദുഃഖംകരം.

വീട്ടിൽ നിന്നും അവരെ ഒഴിപ്പിക്കാൻ എത്തിയ മേലധികാരികൾ ഒരല്പം വിവേകത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിൽ നമുക്ക് രണ്ടു ജീവൻ നഷ്‌ടപ്പെടില്ലായിരുന്നു. രണ്ടു കുട്ടികൾ അനാഥർ ആകില്ലായിരുന്നു.

ചോറ് കഴിക്കുന്നതിനിടയിൽ വീട്ടിലേക്കു കടന്നു വന്ന അധികാരികൾ ബലപ്രയോഗം നടത്തി രാജനെ പുറത്തേക്കു കൊണ്ടു വരുകയും തങ്ങൾക്ക് കുറച്ചു കൂടെ സാവകാശം നൽകണമെന്ന അപേക്ഷ പോലും തള്ളിക്കളഞ്ഞവർക്ക് മുന്നിൽ ഗത്യന്തരമില്ലാതെ ഭാര്യയുടെ മേലും തന്റെ മേലും പെട്രോൾ ഒഴിക്കുകയും തുടർന്നു പോലീസിന്റെ ഇടപെടലിൽ തീ പടർന്നു പിടിക്കുകയും രാജനും ഭാര്യയും മരണപ്പെടുകയും ചെയ്തു.

പ്രസ്തുത സംഭവത്തിൽ, തങ്ങളുടെ പപ്പയെയും അമ്മയെയും കണ്മുന്നിൽ നിമിഷനേരത്തിനുള്ളിൽ നഷ്‌ടപ്പെട്ട രണ്ടു കുട്ടികളുടെ സങ്കടത്തിനു എന്തു പകരം വയ്ക്കാനാകും.
അവരുടെ മാനസിക നില പോലും കണ്ടു നിൽക്കാനാകുന്നില്ല. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ബാലവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പെടെ മേലധികാരികൾ എല്ലാം ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി നടപടികൾ എടുക്കുമെന്ന് കരുതുന്നു, അപ്പന്റെയും അമ്മയുടെയും വേർപാട് ആ കുഞ്ഞുങ്ങളെ എത്ര മേൽ തളർത്തിയിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതേ ഉള്ളു.

സമൂഹമാധ്യമങ്ങളിലെ നമ്മുടെ വാക്കുകൾ ഒന്നു കൊണ്ടും ആ കുഞ്ഞുങ്ങളുടെ വേദനക്ക് പകരമാകില്ല. കഴിയുന്നവർ ആ കുഞ്ഞുങ്ങളുടെ അടുക്കലേക്കു എത്തിച്ചേരുക (Trivandrum, Nellimmoodu),
അവർക്ക് ആശ്വാസമാകാൻ കഴിഞ്ഞാൽ അത്രയും നല്ലത്, അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥയിൽ ദയവു ചെയ്തു പോലീസിന്റെ സാന്നിധ്യം ഒഴിവാക്കാനെങ്കിലും അധികാരികൾ ശ്രദ്ധിക്കു. ആ കുട്ടികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ തക്ക നടപടികൾ ഉണ്ടാകണം.

മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യനായി വീട്ടിൽ നിന്നും ഇറങ്ങി പോരേണ്ടുന്നവന്റെ മനസ്സു കാഴ്ചക്കാർക്കും ആക്രോശം നടത്തിയവർക്കും മനസ്സിലായില്ല , രാജനും ഭാര്യക്കും ഉണ്ടായ ദാരുണാന്ത്യം വിരൽ ചൂണ്ടുന്നത് മുതലാളിത്ത വാഴ്ചയുടെ മറ്റൊരു മുഖം, ആവർത്തിക്കാതിരിക്കട്ടെ ഇത്തരം സംഭവങ്ങൾ. ആറടി മണ്ണിനവകാശമെങ്കിലും നല്കരുതോ, നിങ്ങൾ എന്റെ പപ്പയെ കൊന്നു, അടക്കാനും സമ്മതിക്കില്ലെയെന്നു ആ കുഞ്ഞു ചോദിക്കുമ്പോൾ തകരുന്നത് സാക്ഷര കേരളത്തിന്റെ മുഖമാണെന്നതു മറന്നു കൂടാ.

Dr. Anuja Joseph
Trivandrum.

LEAVE A REPLY

Please enter your comment!
Please enter your name here