Home Abhijith Unnikrishnan നീ വല്ലാതെ ആളാവണ്ട, അവളെന്റെ മരുമകളാണേൽ എങ്ങനെ എന്റെ കൂടെ നിർത്തണമെന്ന് എനിക്ക് നന്നായിട്ടറിയാം.. Part...

നീ വല്ലാതെ ആളാവണ്ട, അവളെന്റെ മരുമകളാണേൽ എങ്ങനെ എന്റെ കൂടെ നിർത്തണമെന്ന് എനിക്ക് നന്നായിട്ടറിയാം.. Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം- പതിമൂന്ന് )

ദേഷ്യത്തിൽ നിൽക്കുന്ന അമ്മയോട്…
അമ്മയ്ക്ക് മിണ്ടാനും പറയാനും ഞാനില്ലേ.. അമ്മ പറയൂ വിശേഷങ്ങൾ.. ഞാൻ കേൾക്കാം..

അമ്മയൊന്ന് ഗായത്രിയെ നോക്കിയിട്ട്..
നീ വല്ലാതെ ആളാവണ്ട, അവളെന്റെ മരുമകളാണേൽ എങ്ങനെ എന്റെ കൂടെ നിർത്തണമെന്ന് എനിക്ക് നന്നായിട്ടറിയാം..

ഗായത്രി ചിരിച്ചു..
ഓ എന്നെ നിർത്തിയതുപോലെയാണോ..
പക്ഷെ അത് ദുരാഗ്രഹമാവാനേ സാധ്യതയുള്ളൂ, കാരണം അമ്മയുടെ രണ്ടാമത്തെ മകന് കുറച്ച് ബുദ്ധി കൂടുതലാണ്..

നീ പോടീ… അവനെന്റെ കാലിന്റെ ചുവട്ടിൽ നിന്ന് മാറാതെ നിന്ന കൊച്ചാ, നീയൊന്ന് പാട്ടിലാക്കിയെന്ന് വെച്ച് എന്റെ മോനല്ലതാവുകയൊന്നുമില്ല, അവനെങ്ങനെ തിരിച്ചു കൊണ്ടുവരണമെന്ന് എനിക്ക് നന്നായിട്ടറിയാം..

ഗായത്രി വീണ്ടും ചിരിച്ചു..
നോക്കിക്കേ എന്തൊക്കെ ആഗ്രഹങ്ങളാ മനസ്സിൽ, പക്ഷെ ഒന്നും നടക്കില്ല..

നമ്മുക്ക് കാണാം..

ഗായത്രി തിരിഞ്ഞു നടന്നു..
കാണാലോ..

ഗായത്രി വീടിനുള്ളിലേക്ക് കയറിയപ്പോൾ ഉണ്ണി സോഫയിലിരുന്ന് പേപ്പർ നോക്കുകയായിരുന്നു, ഉണ്ണിയൊന്ന് ഗായത്രിയെ നോക്കിയിട്ട്..
രാവിലെ തന്നെ അമ്മയുടെ കൂടെ തല്ലുണ്ടാക്കാൻ പോയല്ലേ..

അയ്യോ അമ്മയെ പറഞ്ഞപ്പോൾ സങ്കടമായോ, ഞാൻ പോയി സോറി പറയട്ടെ..

ഉണ്ണി പേപ്പറിലേക്ക് തന്നെ തിരിഞ്ഞു..
ഞാനൊന്നും ചോദിക്കുന്നില്ലേ..

ഗായത്രി ഉണ്ണിയുടെ അരികിലിരുന്നു..
അമ്മ പ്രിയയെ കൂടെ കൂട്ടണമെന്ന് വിചാരിക്കുന്നുണ്ട്, ഞാൻ തത്കാലം വിട്ട് തരില്ലെന്ന് പറഞ്ഞു..

ഉണ്ണി ചിരിച്ചിട്ട്..
അതായിരുന്നോ… എന്നാൽ ഞാൻ വിട്ടുകൊടുക്കും..

ഗായത്രി മനസ്സിലാവാതെ..
എന്തിന്..?

അമ്മ കുറച്ച് അനുഭവിക്കട്ടേന്ന്…

ഗായത്രി ചിരിച്ചുകൊണ്ട്..
അവള് കേൾക്കണ്ട.

ഞാൻ കേട്ടു..
പ്രിയ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു, ഉണ്ണിയെ നോക്കികൊണ്ട്..
ഞാൻ എപ്പോഴാടാ നിനക്ക് ശല്യമായത്..

ഉണ്ണി പേപ്പർ താഴെ വെച്ചു..
അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ..

പിന്നെ എന്ത് ഉദ്ദേശിച്ചാണാവോ സാർ അങ്ങനെ പറഞ്ഞത്..

ഉണ്ണി ആലോചിക്കാൻ തുടങ്ങി..
ഈശ്വരാ ഇവളുടെ വാ എങ്ങനെ അടപ്പിക്കും..

നീ നുണ ആലോചിക്കാണോ..
പ്രിയ ഉണ്ണിയെ തട്ടി വിളിച്ചു..

ഏയ്‌… ഞാൻ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് ആലോചിക്കാ..

അത് തന്നെയാ ഞാൻ ചോദിച്ചത് നീ ആ പറഞ്ഞതിനുള്ള നുണ വല്ലോം ആലോചിക്കാണോന്ന്..

ഉണ്ണി കൈകൂപ്പി..
ശരിക്കും എന്നെ കൊണ്ട് സാധിക്കുന്നില്ല നിന്നെ സംസാരിച്ചു തോൽപ്പിക്കാൻ..

ആ അങ്ങനെ വഴിക്ക് വാ..
പ്രിയ ഉണ്ണിയെ ചേർന്നിരുന്നു.

അല്ല ഈയിടെ ആയിട്ട് ഇവൾക്ക് കുറച്ച് സംസാരം കൂടിയിട്ടുണ്ടല്ലേ, ഉണ്ണി നീയത് ശ്രദ്ധിച്ചായിരുന്നോ..

ഗായത്രി അത് പറഞ്ഞപ്പോൾ പ്രിയ പെട്ടെന്ന് നോക്കിയിട്ട്..
ചേച്ചീ…

ഗായത്രി പ്രിയയുടെ നേരെ തിരിഞ്ഞപ്പോൾ..
നൈസ് ആയിട്ടെനിക്ക് പാര വെക്കാണോ..

അല്ലെടി പ്രിയകുട്ടി ഞാൻ നിന്നെ കുറിച്ചൊരു സത്യം പറഞ്ഞതല്ലേ..

പ്രിയ ഇരുവരെയും നോക്കിയിട്ട്..
ഓഹോ രണ്ടുപേരും രാവിലെ തന്നെ കളിയാക്കാൻ ഇറങ്ങിയതാണോ…

ഉണ്ണി അവളുടെ തോളിലൂടെ കയ്യിട്ടു..
ഞാൻ അങ്ങനെ ചെയ്യോ..

പ്രിയ കൈ എടുത്ത് മാറ്റിയിട്ട് ..
നീയേ അങ്ങനെ ചെയ്യൂ..

ശരി..ആയിക്കോട്ടെ… നിനക്ക് സ്നേഹമില്ലേൽ ഞാനൊന്നും മിണ്ടുന്നില്ല.

പ്രിയ ഉണ്ണിയെയൊന്ന് നോക്കിയിട്ട്..
പൈങ്കിളി ഡയലോഗ് അടിക്കല്ലേ ചെക്കാ.

നീ കുറച്ച് ബഹുമാനം തരുമോ എനിക്ക്..

പ്രിയ ഉണ്ണിയുടെ മുഖത്തേക്ക് കാര്യമായി നോക്കിയിട്ട്..
എവിടുന്ന് കിട്ടും..

എന്ത്..?

ബഹുമാനം കുറച്ച് വാങ്ങാൻ..

ഉണ്ണി എഴുന്നേറ്റ് പുറത്തേക്ക് വന്നു..
ഇവളോട് വല്ലോം പറയുന്നതും നല്ലത് റോഡിലൂടെ പോവുന്ന വണ്ടികളെ നോക്കിയിരിക്കുന്നതാ..

ഗായത്രിയും എഴുന്നേറ്റ് മുറിയിലേക്ക് പോയി, പ്രിയ പതിയെ ഉണ്ണിയുടെ അരികിൽ വന്നിരുന്നു, ഉണ്ണി തന്നെ ശ്രദ്ധിക്കുന്നില്ലാന്ന് മനസ്സിലായപ്പോൾ ഒന്നമർത്തി മൂളിയിട്ട്..
എന്താടാ നമ്മളിങ്ങനെ ഏത് നേരവും തല്ലുകൂടി കൊണ്ടായത്..

ഉണ്ണിയൊന്ന് ചിരിച്ചു, പ്രിയയെ അരയിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തു..
അതാ നല്ലത്, ആരും നമ്മളെ കണ്ണ് വെക്കില്ലല്ലോ…

അതും പറഞ്ഞ് എന്തിനാ എന്നോട് ദിവസവും തല്ലുണ്ടാക്കുന്നതെന്ന്..

ഉണ്ണി അവളിലെ പിടുത്തം വിട്ടു..
എഴുന്നേറ്റ് മിണ്ടാതെ പോയേ..

ആഹാ അങ്ങനെയാണോ ഞാൻ പോവുന്നില്ല, നീ എന്ത് ചെയ്യുമെന്ന് കാണട്ടെ..

അത്രക്കായോ ..
ഉണ്ണി അവളെ വലിച്ച് നെഞ്ചിലേക്കിട്ടു, പ്രിയ എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട്..
എടാ വൃത്തികെട്ടവനെ നാട്ടുകാര് കാണുമെന്ന്..

കണ്ടോട്ടെ ഞാനെന്റെ ഭാര്യയെ അല്ലെ കെട്ടിപിടിക്കുന്നെ അതിന് അവർക്കെന്താ..

പ്രിയ ഉണ്ണിയെ ചേർത്തുപിടിച്ചു..
ആണോ എന്നാൽ കുഴപ്പമില്ല, ആരേലും കണ്ടിട്ട് ചോദിച്ചാലും നീ തന്നെ പറഞ്ഞാൽ മതി..

ആരെയാ പേടിക്കുന്നെ..

എന്നെ പേടിക്കണം..

പ്രിയ പെട്ടെന്ന് ശബ്ദം കേട്ടിടത്തേക്ക് നോക്കിയിട്ട് ചമ്മിയ ചിരിയോടെ..
ചേച്ചി… ഞാനല്ല ഇവൻ കണ്ണിലെന്തോ പോയി പറഞ്ഞപ്പോൾ എടുത്ത് കൊടുക്കാ വിചാരിച്ച് ഇരുന്നതാ..

ഗായത്രി ഉണ്ണിയെ തട്ടി..
അനിയാ ഒന്നിങ്ങട് നോക്ക്..

ഉണ്ണി പതിയെ തലചെരിച്ചു നോക്കി..
എവിടുന്നായെന്ന് അറിയില്ല ഒരു കരട് കണ്ണിൽ പോയി…

ഗായത്രി ചിരിച്ചുകൊണ്ട്..
അയ്യോ കരട് പോയോ പാവം, ആ കരടിന് ഏകദേശം എന്ത് വലിപ്പം വരും..

എടത്തിയമ്മക്ക് ഉറക്കമൊന്നും വരുന്നില്ലേ.. ഇന്നലെ കുറെ ഉറക്കമൊഴിച്ചതല്ലേ..

എന്താ സ്നേഹം.. ഞാൻ ഉറങ്ങാൻ വേണ്ടി ഇരിക്കാണോ… എന്നാൽ എന്റെ അനിയൻ എഴുന്നേറ്റ് വന്നൊരു താരാട്ട് പാടി താ..

അതു വേണോ..
ഉണ്ണി സംശയത്തോടെ ചോദിച്ചു..

എനിക്കത് കേട്ടാലേ ഉറക്കം വരൂ അതോണ്ടാ, വേഗം എഴുന്നേറ്റ് വാ..

ഉണ്ണി പ്രിയയെയൊന്ന് നോക്കിയിട്ട് ഗായത്രിയുടെ പുറകെ നടന്നു, മുകളിലെ ഗായത്രിയുടെ മുറിയിലെത്തിയപ്പോൾ ഉണ്ണി ചിരിച്ചുകൊണ്ട്…
എന്താ സംഭവം..

ഒരു പ്രശ്നം… എങ്ങനെയാ നിന്നോട് പറയേണ്ടതെന്ന് അറിയില്ല..

ഉണ്ണി ഗായത്രിയുടെ കയ്യിൽപിടിച്ചിട്ട് കട്ടിലിലിരുത്തി..
ഇരിക്ക് സമാധാനായിട്ട് പറ..

ഗായത്രിയൊന്ന് ശ്വാസമെടുത്തിട്ട് സാവധാനത്തിൽ ഉണ്ണിയോട്..
നമ്മള് തമ്മിൽ എന്തേലും മോശം ബന്ധമുണ്ടെന്ന് ആരേലും പറഞ്ഞാൽ എന്ത് ചെയ്യണം..?

അടിച്ചവന്റെ പല്ലുകൊഴിക്കണ്ടേ..

എന്നാൽ നമ്മുക്ക് ഒരാളെ തല്ലേണ്ടി വരും..

ആരാ പറഞ്ഞത്..?

ഗായത്രി ഫോണെടുത്ത് കയ്യിൽ കൊടുത്തു..
അതിലെ ലാസ്റ്റ് നമ്പർ കണ്ടോ, അതിൽ നിന്നാ വിളിച്ചത്..

ഉണ്ണി ഫോൺ വാങ്ങി നമ്പർ നോക്കി, ഡയൽ ചെയ്യാനൊരുങ്ങിയപ്പോൾ പെട്ടെന്ന് കട്ടാക്കിയിട്ട്..
അല്ലേൽ നമ്മുക്കിത് നേരിട്ട് തീർത്താലോ..

എങ്ങനെ… അതിന് നിനക്ക് ആളെ മനസ്സിലായോ..
ഗായത്രി സംശയത്തോടെ ചോദിച്ചു.

പിന്നെന്താ…
ഉണ്ണി ഫോൺ ഗായത്രിയെ തിരിച്ചേൽപ്പിച്ച് താഴേക്കിറങ്ങി, പ്രിയയെ കണ്ടപ്പോൾ..
നിനക്കും താരാട്ട് വേണോടി…

പ്രിയ തൊഴുത്കൊണ്ട്..
അയ്യോ ആ കഴുതരാഗം എനിക്ക് വേണ്ടായേ..

ഉണ്ണി വേഗത്തിൽ താഴെക്കിറങ്ങിക്കൊണ്ട്..
എടി എന്നെ കളിയാക്കുന്നോ…

എന്നെ കൊല്ലാൻ വരുന്നേ..
പ്രിയ പുറത്തേക്കിറങ്ങി, ഉണ്ണിയും മുറ്റത്തേക്കിറങ്ങിയപ്പോൾ രണ്ടുപേരും നിന്നിട്ട് ഏട്ടന്റെ വീട്ടിലേക്ക് നോക്കി..
സൂപ്പറായിട്ടുണ്ടല്ലേ… നമ്മുടെ കല്യാണത്തിനും ഇതുപോലെ സെറ്റാക്കണം…

കാശ് നീ കൊടുക്കുമെങ്കിൽ ഇതിലും സൂപ്പറായി സെറ്റാക്കാം..

പ്രിയ ഉണ്ണിയെ നോക്കികൊണ്ട്..
എന്ത് ദാരിദ്ര്യമാടോ നീ…

എങ്ങനെ ഉണ്ടാവാതിരിക്കും നീയല്ലേ കൂടെ..

ഇത് തമാശയാണോ കാര്യമായിട്ടാണോ..

ഉണ്ണിയൊന്ന് ദീർഘാശ്വാസമെടുത്തിട്ട്..
കാര്യമായിട്ട്.

തമാശയാണേൽ കാണായിരുന്നു, ഇതിപ്പോൾ സത്യമായതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു..

രണ്ടുപേരും തിരിച്ചു വീടിനുള്ളിലേക്ക് പോയി…

കല്യാണദിവസം രാവിലെ എല്ലാവരും റെഡിയായിരുന്നു, പക്ഷെ ഗായത്രി മാത്രം ഒരുങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഉണ്ണി അരികിലേക്ക് ചെന്നിട്ട് തോളിൽ തട്ടി..
ഏയ്‌ പുറപ്പെടുന്നില്ലേ…?

ഗായത്രിയൊന്ന് ഉണ്ണിയെ നോക്കിയിട്ട് ഞാനെന്തിനാടാ വെറുതെ അവിടെ വന്ന് നിന്നെയൊക്കെ നാണം കെടുത്തുന്നെ…

എന്ത് നാണക്കേട്..

കാണുന്നവരൊക്കെ ചോദിക്കും, അതൊരു രസമുള്ള പരിപാടിയല്ലല്ലോ, നീ എത്രയെന്നു വെച്ചാ എല്ലാവരോടും മറുപടി പറയാ..

ഉണ്ണി ഗായത്രിയുടെ കൈപിടിച്ചെഴുന്നേൽപ്പിച്ചു..
എടത്തിയമ്മ വന്നില്ലേൽ ഞാനും പോവില്ല, ഏതാ വേണ്ടതെന്ന് തീരുമാനിക്ക് നോക്കട്ടെ..

ഗായത്രി കുറച്ച് നേരം ആലോചിച്ചിട്ട്..
ശരി പക്ഷെ…

ഉണ്ണി ചിരിച്ചുകൊണ്ട്..
ഒരു പക്ഷെയുമില്ല ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം…

ഞാനും …
പ്രിയ മുല്ലപ്പൂ തലയിൽ ചൂടിയിട്ട് പുറത്തേക്ക് വന്നു..

ഉണ്ണി അവളെ കണ്ട് ഞെട്ടികൊണ്ട്..
നീ ഇങ്ങനെ ഒരുങ്ങിയിട്ട് എങ്ങോട്ടാ..

കല്യാണത്തിന് അല്ലാതെങ്ങോട്ടാ..

ഉണ്ണി തലയിൽ കൈവെച്ചുകൊണ്ട്..
ഈശ്വരാ ഇനി ഇതിനെ ആ തിരക്കിന്റെ ഇടയിൽ ആരും കണ്ണ് വെക്കാതെ സംരക്ഷിക്കണോല്ലോ..

അതോർത്ത് സങ്കടപെടണ്ട ഞാൻ പൊട്ടൊന്നും വെക്കുന്നില്ല, ചെറുതായി പൗഡർ മാത്രേ ഇടുന്നുള്ളൂ..

സംസാരിക്കുന്നതിനിടയിലാണ് ഗായത്രി മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്, ഗായത്രിയെ കണ്ടപ്പോൾ പ്രിയ അത്ഭുതത്തോടെ…
ചേച്ചീ… ഇന്ന് ചേച്ചിയുടെ കല്യാണമല്ല അത് ഓർമ്മയുണ്ടല്ലോലെ..

ഉണ്ണി ഇടയിൽ കയറി..
നീ മിണ്ടരുത്, എന്റെ എടത്തിയമ്മ അല്ലേലും സുന്ദരിയാ… കണ്ടില്ലേ മഹാലക്ഷ്മിയേ പോലെയുണ്ട്…

പ്രിയ ഉണ്ണിയെ നോക്കിയിട്ട്..
ഞാൻ പിന്നെ കാണാൻ യക്ഷിയെ പോലെയായിരിക്കും അല്ലെ..

ഹാവൂ ഇപ്പോഴേലും ഒരു സത്യം പറഞ്ഞല്ലോ, ശരിക്കും അതേ പോലെ തന്നെയുണ്ട്..

പ്രിയ കണ്ണാടിയിൽ നോക്കികൊണ്ട്..
ഏയ്‌ അത്രയ്ക്ക് നന്നായിട്ടില്ല… എന്തായാലും നിനക്ക് കറക്റ്റാണ്..

ഉം…
ഉണ്ണിയൊന്ന് മൂളി, മൂവരും പുറത്തേക്കിറങ്ങി, അച്ഛമ്മ വരുന്നില്ലെന്ന് മുൻകൂട്ടി പറഞ്ഞിരുന്നതുകൊണ്ട് യാത്ര പറഞ്ഞ് നേരെ അമ്പലത്തിലേക്ക് വിട്ടു, നല്ല തിരക്കുണ്ടായിരുന്നു, ഉണ്ണിയെ കണ്ടപ്പോൾ അമ്മ അരികിലേക്കോടി വന്നു…
എടാ നിന്നോട് കുറച്ച് നേരത്തെ ഇറങ്ങാൻ പറഞ്ഞതല്ലേ…

ഉണ്ണി വാച്ചിൽ നോക്കിയിട്ട്..
നേരത്തെയാണല്ലോ വന്നിരിക്കുന്നേ…

ഒന്നങ്ങട് തന്നാലുണ്ടല്ലോ.. സമയം കളയാതെ അവന്റെ കൂടെ പോയി നിൽക്ക്..

ഉണ്ണി രതീഷിനരുകിലേക്ക് നീങ്ങി, കുറച്ച് കഴിഞ്ഞപ്പോഴാണ് ഉണ്ണി ശ്രദ്ധിച്ചത് ആളുകളിൽ ചിലർ ഗായത്രിയെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നത്, ഉണ്ണി ഗായത്രിയെയും കൂട്ടി മാറി നിന്നു..
ഞാൻ പറഞ്ഞതല്ലേ നാണക്കേടാവുമെന്ന്..

ഉണ്ണിയൊന്ന് ചിരിച്ചു..
അതിനൊന്നുമല്ല, എടത്തിയമ്മയോട് ഫോണിൽ സംസാരിച്ച ആളെ കാണണ്ടേ..

ഗായത്രി ചുറ്റിലും നോക്കികൊണ്ട്…
എവിടെ…

മുന്നിലേക്ക് നോക്ക്…

ഗായത്രി മുന്നിലേക്ക് നോക്കിയിട്ട്…
ഇവനാരാ… ആരാണേലും രണ്ടെണ്ണം കൊടുക്കണം..

ഉണ്ണി വീണ്ടും ചിരിച്ചു..
കൊടുക്കാലോ..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here