Home Latest ഇനിയെന്നും ഈ കൊലുസ്സു പോലെ എൻ്റെ പെണ്ണിനോട് പറ്റി ചേർന്ന് കിടക്കണമെനിക്ക്.. Part – 23...

ഇനിയെന്നും ഈ കൊലുസ്സു പോലെ എൻ്റെ പെണ്ണിനോട് പറ്റി ചേർന്ന് കിടക്കണമെനിക്ക്.. Part – 23 അവസാന ഭാഗം

0

Part -22 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 23 അവസാന ഭാഗം

രചന : രജിഷ അജയ് ഘോഷ്

“ഞാൻ.. ഞാൻ മാത്രം ഒന്നുമറിഞ്ഞില്ലല്ലോ .. ഇത്രമേൽ സ്നേഹിക്കുന്നയാളെ ദേഷ്യത്തോടെയേ
നോക്കീട്ടുള്ളൂ .. “കണ്ണുകൾ നിറച്ച് പതം പറയുന്നവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുണ്ടമർത്തിയവൻ..

✨✨✨✨✨✨✨✨✨✨

” ദാ.. ഇവിടൊക്കെ നിറയെ പൂച്ചെടികൾ നടണം.. ”
മഴ തോർന്ന ശേഷം മുറ്റത്തിറങ്ങിയതാണ് സൗദാമ്മ ..അരികിൽ നിൽക്കുന്ന യദുവിനോടാണ് പറയുന്നത് ..
“നടണം.. എല്ലാം നട്ടുണ്ടാക്കീട്ട് വേണം .. എന്തായാലും നല്ല സ്ഥലം കിട്ടീലോ.. അതന്നെ സമാധാനം.. “യദു ആശ്വാസത്തോടെ പറഞ്ഞു.

ഉറക്കമുണർന്ന വേദൂട്ടി എല്ലായിടത്തും ഓടിപ്പാഞ്ഞു നടപ്പാണ്.. ഫ്ലാറ്റിനകത്ത് മാത്രം ഓടി നടന്നവൾക്ക് മുറ്റത്തൊക്കെ ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷമാണ് ..
“ദേ.. കുഞ്ഞൂ പതിയെ.. ഓടി വീഴൂട്ടോ..” യദു ശാസിച്ചു കൊണ്ട് എടുക്കാനായി കൈ നീട്ടി.
“നാനൊക്കെ ഒറ്റച്ച് നന്നോളും.. വല്യ കുത്തിയായല്ലോ.. “യദുവിനെ എടുക്കാൻ സമ്മതിക്കാതെ വേദൂട്ടി പറഞ്ഞു.

“ഓ.. എന്നാപ്പിന്നെ വല്യമ്മ തന്നെ നടന്നോ.. “യദു അവളെ കളിയാക്കി പറഞ്ഞുവൻ..

യദുവിന് നാളെ മുതൽ ഇവിടത്തെ കൃഷി ഓഫീസിൽ ജോലിക്ക് കയറണം.ബാലയുടെ ലീവും കഴിഞ്ഞിരുന്നു.. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് സൗദാമ്മ കിടന്നിരുന്നു.. അച്ഛനും മോളും ഉറങ്ങാൻ കിടന്നത് കണ്ടാണ് ബാല രണ്ടാളുടെയും ഡ്രസ്സെല്ലാം അയൺ ചെയ്യാനായി പോയത്.. അയൺചെയ്ത് വെച്ച ശേഷം റൂമിലെത്തുമ്പോൾ പതിവുപോലെ അച്ഛനും മോളും കിടന്നിരുന്നു. ..

വേദൂട്ടിയുടെ നെറ്റിയിലൊന്ന് മുത്തി.. യദുവിനെ നോക്കി..അവൻ പ്രണയിച്ചത് തന്നെയായിരുന്നു എന്നറിഞ്ഞതുമുതൽ ഹൃദയം വല്ലാത്തൊരു തുടിക്കലാണ്… പതിവില്ലാത്ത വിധം തന്നിലും പ്രണയത്തിൻ്റെ മൊട്ടുകൾ വിരിയുന്നുണ്ടെന്നവൾ അറിഞ്ഞിരുന്നു… കൈവിരലുകൾ കൊണ്ട് അവൻ്റെ മുടിയൊന്ന് മടിയൊതുക്കി, വെറുതെയവനെ നോക്കിക്കിടന്നു.. യദു പെട്ടന്ന് കണ്ണ് തുറന്നതും ബാല ചമ്മലോടെ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു..

ആൾ എഴുന്നേൽക്കുന്നതറിഞ്ഞപ്പോൾ ഒന്നുമറിയാത്തത് പോലെ കിടന്നവൾ…. കുറച്ച് കഴിഞ്ഞപ്പോൾ കാലിൽ തണുപ്പ് തോന്നിയതും ചാടിയുണർന്നിരുന്നു..
“ഇതെൻ്റെ പെണ്ണിൻ്റെ കാലിൽ കിടന്നോട്ടെ..” എന്നു പറയുന്നവനെ കണ്ടവൾ കണ്ണു മിഴിച്ചു.
അവനപ്പോഴും അവനവൾക്കായ് വാങ്ങിയ കൊലുസ്സവളുടെ കാലിൽ ഇട്ട ശേഷം കണ്ണികൾ മുറുക്കുകയായിരുന്നു ..
രണ്ടു കാലിലും ഇട്ട കൊലുസ്സുകൾ മുറുകിയെന്നുറപ്പായതും ചെറുചിരിയോടെ അവനാ കാലുകളിൽ ചുണ്ടമർത്തി .. അപ്രതീക്ഷിതമായതിനാൽ അവൾ ഞെട്ടി കാലുകൾ വലിച്ചു.. അവളുടെ അരികിലേക്ക് വന്നവൻ ആകാതിൽ “ഇനിയെന്നും ഈ കൊലുസ്സു പോലെ എൻ്റെ പെണ്ണിനോട് പറ്റി ചേർന്ന് കിടക്കണമെനിക്ക്.. ” എന്നു മന്ത്രിച്ചതും അവളൊന്നു വിറച്ചു.. അവളിലെ ഭാവങ്ങൾ അവനിൽ കുസൃതികൾ നിറച്ചു..

താനടുത്തേക്ക് വരുമ്പോൾ വിറക്കുന്ന ചുണ്ടുകൾ കണ്ടപ്പോൾ അവന് അവയെ സ്വന്തമാക്കാൻ തോന്നി.. തന്നെ കാണുമ്പോൾ ചുവന്നു തുടുത്ത ആ കവിളുകൾ കടിച്ചെടുക്കാൻ തോന്നി..
അടുത്തേക്ക് ചേർന്നിരുന്നാ നെറ്റിയിലൊന്നമർത്തി ചുംബിച്ചതും കണ്ണുകളടച്ചവൾ അതിനെ സ്വീകരിച്ചിരുന്നു… പിടച്ചിലോടെ തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞവളുടെ മുഖം വാരിയെടുത്ത് മുഖത്താകെ തൻ്റെ ചുണ്ടുകൾ ചേർത്തവൻ.. ഒടുവിൽ വിറകൊണ്ട അവളുടെ അധരങ്ങളിലും ..
പരിധികൾ ഭേദിച്ച് അവൻ്റെ പണയം അവളിലേക്ക് ഒഴുകുകയായിരുന്നു..

✨✨✨✨✨✨✨✨✨✨✨✨✨✨

അലാറമടിച്ചതും കഷ്ടപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു ബാല..കൈയ്യെത്തി ഫോണെടുക്കാൻ നോക്കുമ്പോഴാണ് താൻ യദുവിൻ്റെ നെഞ്ചിലാണെന്ന് അറിയുന്നത്.. ഒരു കൈ കൊണ്ട് വേദൂട്ടിയെ ചേർത്തു പിടിച്ചിട്ടുണ്ട് .. മറുകൈ കൊണ്ട് ബാലയെയും.. കൈ മെല്ലെ മാറ്റി അലാറം
ഓഫാക്കി അവൻ്റെ നെഞ്ചിൽ തന്നെ പറ്റിച്ചേർന്നു കിടന്നു… രാത്രിയിലെ ഓർമ്മകൾ അവളുടെ ചുണ്ടിൽ നാണം നിറഞ്ഞൊരു ചിരി വിടർത്തി.

ഇനിയും കിടന്നാൽ വൈകുമല്ലോ എന്നോർത്ത് അവൻ്റെ നെറ്റിയിലെന്നു ചുണ്ടമർത്തി എഴുന്നേറ്റതും യദു ബാലയെ വലിച്ച് തന്നോട് ചേർത്തിരുന്നു..
“കുറച്ച് നേരംകൂടെ കിടക്ക് പെണ്ണെ.. ”

“ഇനിക്കിടന്നാലേ രണ്ടാൾക്കും ജോലിക്കു പോകാൻ വൈകും ട്ടോ..” അവനിൽ നിന്നും മാറിക്കൊണ്ടവൾ പറഞ്ഞു ..

“രണ്ടു മിനിട്ട് കൂടി .. ”

“അയ്യടാ..” എന്നു പറഞ്ഞ് യദുവിൻ്റെ കവിളിലൊന്നു പതിയെ കടിച്ചവൾ..

“ടീ.. നോവുന്നു.. ”

“നേരം വെളുക്കണേനു മുന്നേ കുറുമ്പു കാണിച്ചാൽ ഇങ്ങനിരിക്കും..” എന്നു പറഞ്ഞ് ബാല ഷെൽഫിൽ നിന്നും ഡ്രസ്സുമെടുത്ത് കുളിക്കാൻ കയറി.. അവൾ
കുളിച്ചിറങ്ങുമ്പോൾ കണ്ണും തുറന്ന് കിടപ്പുണ്ട് യദു.

ഈറൻ മുടി അഴിച്ചിട്ട് അവൻ്റെ മുഖത്തിനു നേരെ ഒന്നുവീശി..
” ഹ .. തണുക്കുന്നു .. നിന്നെയിന്നു ഞാൻ.. ” എന്നു പറഞ്ഞു കൊണ്ട് അവളെപ്പിടിക്കാൻ കൈ എത്തിച്ചവൻ.

“അയ്യടാ.. ഇപ്പ കിട്ടും..” എന്നും പറഞ്ഞ് നനഞ്ഞ മുടിയിൽ ടവ്വൽ ചുറ്റി അവനെ നോക്കി കണ്ണും ചിമ്മി അടുക്കളയിലേക്ക് നടന്നവൾ..

ചൂടായ ദോശച്ചട്ടിയിലേക്ക് മാവൊഴിച്ച് പരത്തുന്നതിനിടയിൽ രണ്ടു കൈകൾ ബാലയുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു… ഒന്നു പുളഞ്ഞ് പോയി പെണ്ണ്… അതറിഞ്ഞതും യദു അവളുടെ പിൻകഴുത്തിൽ പതിയെ ചുണ്ടമർത്തി ..

” യദുവേട്ടാ.. വേണ്ടാട്ടോ.. സൗദാമ്മ വരുമേ..”

“അമ്മ നല്ല ഉറക്കത്തിലാ.. മോളെ.. ” എന്നും പറഞ്ഞവൻ അവളെ ഒന്നൂടി ചേർത്തു പിടിച്ചു..

“ദേ .. ദോശ കരിഞ്ഞു പോവുട്ടോ..”

“ഹൊ.. ഇങ്ങനൊരുത്തി.. ഭാര്യയെ ഒന്നു സ്നേഹിക്കാന്ന് കരുതുമ്പോ അവൾടെ ഒരു ദോശ..” അൽപം നീരസത്തോടെ പറഞ്ഞ് കൊണ്ട് അകന്നു മാറിയവൻ.. ഇതെല്ലാം കണ്ട് ബാലയ്ക്ക് ചിരി സഹിക്കാനായില്ല.. അവൾ ഉറക്കെച്ചിരിച്ചു..

“ഉം .. എന്താ ഇത്ര ചിരിക്കാൻ ..” അൽപം ഗൗരവത്തോടെ ചോദിച്ചവൻ..
“ഒന്നൂല്ലേ.. ” എന്നു പറഞ്ഞവൻ്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചവൾ… അവനിലും ചിരി വിരിഞ്ഞു ..

സൗദാമ്മയും കൂടിയതോടെ രാവിലത്തെ ജോലികൾ വേഗത്തിൽ ഒതുക്കി .. സൗദാമ്മ വേദൂടിയെ നോക്കിക്കോളാമെന്ന് പറഞ്ഞത് കൊണ്ട് യദുവും ബാലയും ഒരുമിച്ചാണ് ഇറങ്ങിയത്.. യദുവിനോട് യാത്ര പറഞ്ഞ് കാറിൽ നിന്നും ഇറങ്ങുമ്പോഴേ മനസ്സിൽ വിവേകിനെ ഓർമ്മ വന്നു ബാലയ്ക്ക് ..

ബാങ്കിനകത്തേക്ക് കയറിയതും “ലീവെല്ലാം കഴിഞ്ഞ് മോള് വന്നോ.. ” എന്ന ചോദ്യവുമായി ജോസഫേട്ടൻ ബാലയ്ക്കരുകിലെത്തി.

” ഇവിടെ അടുത്തൊരു വീട് വാങ്ങി..ഫ്ലാറ്റിൽ നിന്നും
അവിടേക്ക് താമസം മാറി.. അതിൻ്റെ തിരക്കിലായിരുന്നു .. “ബാല അയാൾക്ക് മറുപടി നൽകി..

” അത് നന്നായി.. അല്ലേലും ടൗണിനെക്കാൾ എപ്പോഴും ജീവിക്കാൻ സുഖം നാട്ടിൻ പുറത്താ.. അല്ല.. അപ്പോ മോൾടെ ഭർത്താവിൻ്റെ ജോലിയോ.. ആളങ്ങ് നാട്ടിലായിരുന്നില്ലേ.. “ജോസഫേട്ടൻ ബാല യെ വിടുന്ന മട്ടില്ല ..

” ആള് കൃഷി ഓഫീസറാണ്.. നാട്ടിലായിരുന്നു .. ഇപ്പൊ ഇവിടേക്ക് ട്രാൻസ്ഫറായി .. “ബാല ചിരിയോടെ പറഞ്ഞു.

“ആഹാ.. അപ്പൊ ഗവൺമെൻ്റ് ജോലിക്കാരനാല്ലേ.”
സൂസി മാഡത്തിൻ്റെ ശബ്ദം കേട്ടപ്പോഴാണ് മറ്റുള്ളവരും തൻ്റെയും ജോസഫേട്ടൻ്റെയും സംസാരം ശ്രദ്ധിച്ചിരിക്കുകയാണെന്നു്ബാലയ്ക്ക് മനസ്സിലായത്..

” അതേ .. “ചെറുചിരിയോടെ പറഞ്ഞവൾ ..

“ആ.. കുഞ്ഞേ വിവേക് സാറിനൊരു ആക്സിഡൻ്റുണ്ടായി… “ജോസഫേട്ടൻ പെട്ടന്ന് ഓർത്തത് പോലെ പറഞ്ഞതും ബാലയൊന്നു ഞെട്ടി… തിരിച്ചൊന്നും ചോദിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല ..

“കുഞ്ഞറിഞ്ഞ് കാണില്ലല്ലേ.. ” അവളുടെ ഞെട്ടൽ കണ്ടയാൾ വീണ്ടും ചോദിച്ചു.. ഇല്ലെന്നവൾ
തലയനക്കി ..

” ബൈക്ക് മറിഞ്ഞതാന്നാ പറഞ്ഞെ.. ഒരാഴ്ച്ച ഹോസ്പിറ്റലിൽ ആയിരുന്നു .. അവിടെ നിന്നും നേരെ സാറിൻ്റെ നാട്ടിലേക്കാ പോയത്.. ഇനിയിങ്ങോട്ട് ഇല്ലെന്നാ പറഞ്ഞത് .. ” അയാൾ പറഞ്ഞു കൊണ്ടിരുന്നു..

അയാൾ ഇനിയിങ്ങോട്ടില്ലെന്ന് പറഞ്ഞ് കേട്ടതും ബാലയ്ക്ക് ആശ്വാസം തോന്നി.. ഇനി ഒരിക്കലും അയാളെ കാണരുതെന്ന് മനസ്സാലെ ആഗ്രഹിച്ചിരുന്നവൾ..

” പുതിയ മാനേജർ രണ്ടു ദിവസം മുൻപ് സുചിത്ര മാഡം ഇന്നലെ വന്നു.. “സൂസി മാഡം പറയുന്നത് കേട്ടു ..

സുചിത്ര മാഡത്തിനെ പരിചയപ്പെട്ട് തിരികെ തൻ്റെ സീറ്റിലെത്തുമ്പോൾ  വല്ലാത്ത ആശ്വാസം തോന്നി ബാലയ്ക്ക്… ചെറുചിരിയോടെ സംസാരിക്കുന്ന നല്ലൊരു സ്ത്രീയായിരുന്നവർ..

✨✨✨✨✨✨✨✨✨✨✨✨

മാസങ്ങൾക്ക് ശേഷം ഒരുനാൾ പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബാല വേദൂട്ടിക്ക് നെയ്യിട്ട പഴം കൊടുക്കുന്ന തിരക്കിലാണ് ..

“വേദൂട്ടി ഇതൊന്ന് കഴിച്ചിട്ട് പോ.. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..”അവൾക്ക് പിന്നാലെ ഓടിക്കൊണ്ട് ബാല പറഞ്ഞു.

“നിച്ച് മതി .. ഇനി അമ്മ ഇന്നോ ..”

“യദുവേട്ടൻ കേൾക്കണുണ്ടോ ഇവൾക്ക് മതീന്ന്.. എന്ത് കൊടുത്താലും മതീ.. മതീ.. എന്നു പറഞ്ഞാ മതീലോ.. ചോക്ലേറ്റാണെങ്കിൽ വയറുനിറയെ കഴിച്ചോളും..” അടുക്കളയിൽ സൗദാമ്മയ്ക്കൊപ്പം ചായ ഇടാൻ സഹായിക്കുന്ന യദുവിനോടായ് വിളിച്ചു പറഞ്ഞു ബാല..

“കുഞ്ഞൂ.. വയറു നിറച്ച് ഭക്ഷണം കഴിച്ചാലേ വലു കുട്ടിയാവൂന്ന് അച്ഛ പറഞ്ഞിട്ടില്ലേ.. ” ഒരു കപ്പ് ചായ ബാലയ്ക്ക് നേരെ നീട്ടിക്കൊണ്ട് യദു വേദൂട്ടിയോട് പറഞ്ഞു..

“ന്നാ.. അച്ഛ താ ..” യദുവിൻ്റെ അരികിൽ വന്ന് കൊഞ്ചി കുറുമ്പി..

” ഇങ്ങു വാ.. അച്ഛ തരാം .. ” എന്ന് പറഞ്ഞ് വേദൂട്ടിയെ എടുത്ത് ഡൈനിങ്ങ് ടേബിളിനരികിലേക്ക് നടന്നു യദു ..

“യദുവേട്ടനാ ഇവളെ കൊഞ്ചിച്ച് വഷളക്കുന്നത് .. ”
ദേഷ്യത്തോടെ പറഞ്ഞു ബാല..

” അമ്മയ്ക്ക് കുശുമ്പാ ലേ ..കുഞ്ഞൂ.. ” എന്നു യദു പറഞ്ഞതും ബാലയവനെ നോക്കി കണ്ണുരുട്ടി ..

ചായ കുടിക്കുന്നതിനിടയിൽ പുറത്താരുടെയോ ശബ്ദം കേട്ട് ബാല എഴുന്നേറ്റു.. മുന്നിൽ നിൽക്കുന്നവരെക്കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു .. സുനന്ദയും അരവിന്ദനുമായിരുന്നു അത്..

“വേദൂട്ടീ ഇങ്ങു വന്നേ..ഇതാരാ വന്നേന്ന് നോക്കിക്കേ.. “ബാലയുറക്കെ വിളിച്ചതും വേദൂട്ടി ഓടിയെത്തിയിരുന്നു..

“സുന്ദാമ്മേ.. ” എന്നും വിളിച്ചവൾ സുനന്ദയുടെ കൈയ്യിലേക്ക് ചാടിയിരുന്നു ..
സുനന്ദയവളെ വാരിയെടുത്ത് തുരുതുരെ ചുംബിച്ചു ..അരവിന്ദനത് കണ്ടു നിന്നു..

” ഇങ്ങു വന്നേ കുറുമ്പിക്കുട്ടീ.. ” എന്നയാൾ പറഞ്ഞപ്പോൾ വേദൂട്ടി അരവിന്ദൻ നീട്ടിയ കയ്യിലേക്ക് ചാടി..
അപ്പോഴേക്കും യദുവും സൗദാമ്മയും അവിടേക്ക് വന്നു.. എല്ലാവരും ചേർന്നിരുന്നു സംസാരിച്ചു..

“എത്ര നാളായി വിളിക്കണൂ.. ഇന്നെങ്കിലും വരാൻ തോന്നിയല്ലോ.. ” ഇടയ്ക്ക് പരിഭവത്തോടെ ബാല പറഞ്ഞു.

“എന്തു ചെയ്യാനാ ബാലേ..അരവിന്ദേട്ടനെന്നും ഓരോ തിരക്കാവും.. ഇന്നിപ്പോ ഹോസ്പിറ്റലിൽ പോവേണ്ടത് കൊണ്ട് ഉച്ചകഴിഞ്ഞ് ലീവെടുത്തതാ.”
സുനന്ദയാണ് ..

“എന്തു പറ്റി ഹോസ്പിറ്റലിൽ പോവാൻ..”ബാല ചോദിച്ചതും സുനന്ദയുടെ മുഖത്തൊരു നാണം വിടർന്നു ..അരവിന്ദനെ നോക്കുമ്പോൾ ആൾക്കും ചെറിയൊരു ചിരിയുണ്ട്..

” ഉം.. “ബാല സുനന്ദയയെ നോക്കിയൊന്ന് അർത്ഥം വച്ച് മൂളി ..

” ഉം ” അത് ശരിവച്ച് കൊണ്ട് ചിരിയോടെ സുനന്ദയും മൂളിയതും ബാല ഓടിച്ചെന്ന് സുനന്ദയെ കെട്ടിപ്പിടിച്ചു..

“സന്തോഷായി .. എൻ്റെ സുനന്ദേച്ചീടെ പ്രാർത്ഥന ദൈവം കേട്ടല്ലോ.. “ബാലയവളുടെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു ..

“ഇവളെ നാട്ടിലേക്ക് കൊണ്ടാക്കുവാ.. ഇവിടെ പകലൊക്കെ തനിച്ചല്ലേ.. ജോലിക്ക് പോവുമ്പോ എനിക്കൊരു സമാധാനം ഉണ്ടാവില്ല.. ” അരവിന്ദൻ
പറഞ്ഞു.

” അരവിന്ദേട്ടനെ തനിച്ചാക്കിപ്പോവാൻ എനിക്ക് ഇഷ്ടമേയില്ല ബാലേ.. എന്തിനും ഏതിനും സുനന്ദേന്ന് വിളിച്ച് നടക്കണ ആളാ.. ” സുനന്ദ പരിഭവത്തോടെ അരവിന്ദനെ നോക്കിപ്പറഞ്ഞു.

” പറഞ്ഞയക്കാൻ ഇഷ്ടമുണ്ടായിട്ടല്ല പെണ്ണെ ..
നല്ലോണം റെസ്റ്റ് വേണംന്ന് ഡോക്ടർ പറഞ്ഞതല്ലേ.. ഒരുപാട് കാലത്തിനു ശേഷം കിട്ടിയതല്ലേ അതോണ്ട് നല്ലോണം ശ്രദ്ധിക്കണം എന്നും പറഞ്ഞില്ലേ .. ബാലേ.. നീയൊന്നിവളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്ക്.. ” എന്നു പറയുമ്പോൾ അരവിന്ദൻ്റെ സ്വരത്തിൽ സുനന്ദയോടുള്ള സ്നേഹവും കരുതലും നിറഞ്ഞിരുന്നു.

ഒടുവിൽ സുനന്ദയും അരവിന്ദനും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇടയ്ക്ക് നാട്ടിലേക്ക് വരാമെന്ന് യദുവും ബാലയും വാക്കു കൊടുത്തു..

അന്ന് രാത്രി യദുവിൻ്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴും ബാല മറ്റെവിടെയോ ആണെന്ന് തോന്നിയവന്..

“ടോ.. താനെന്താ ആലോചിക്കുന്നെ.. ”  അവളുടെ പാറിക്കിടന്ന മുടിയിഴകൾ ഒതുക്കിക്കൊണ്ടവൻ ചോദിച്ചു..

“സുനന്ദേച്ചിയേം അരവിന്ദേട്ടനേം കുറിച്ച്.. എന്തൊരു സ്നേഹാലേ അവർക്ക് .. ഇപ്പൊ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷംഒരു കുഞ്ഞും കൂടി
വരാൻ പോവുന്നു… എന്നും സുഖായിരിക്കട്ടേ..”
ബാല പറഞ്ഞു..

“നല്ല കപ്പിൾസാല്ലേ.. നമ്മളെപ്പോലെ..
അല്ല പെണ്ണെ നമുക്കും ഒരു കുഞ്ഞാവ വേണ്ടെ .. നമ്മുടെ കുഞ്ഞൂന് ഒരു കൂട്ട് .. ” കുസൃതിയോടെ അവളുടെ മൂക്കിൽ തുമ്പിൽ ചുണ്ടു ചേർത്തവൻ..

മറുപടി പറയാതെ നാണത്തോടെ അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയവൾ..

✨✨✨✨✨✨✨✨✨✨✨✨✨

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .. ഇന്ന് വേദൂട്ടി സ്കൂളിൽ ചേരുന്ന ദിവസമാണ്..

“മോൾടെ പേരെന്താ ..” യദുവിനും ബാലയ്ക്കും നടുവിലെ ചെയറിലിരിക്കുന്ന വേദൂട്ടിയെ നോക്കി
ടീച്ചർ ചോദിച്ചു.

” വേദാലശ്മി .. “കൊഞ്ചലോടെ പറഞ്ഞവൾ..

” അച്ഛൻ്റെ പേരെന്താ ..”

“എദു കിഷ്ണൻ.. ”

” അമ്മേടെ പേരോ ..”

” ശീബാല..” ടീച്ചറുടെ ചോദ്യങ്ങൾക്ക് ശ്രദ്ധയോടെ മറുപടി കൊടുക്കുന്നുണ്ട് വേദമോൾ ..

“പിന്നെ മോൾടെ വീട്ടിലാരൊക്കെയുണ്ട്.. “ടീച്ചർ ചോദിച്ചു.

” അച്ഛമ്മ ഇണ്ടല്ലോ.. പിന്നെ.. ” എന്നും പറഞ്ഞവൾ ബാലയെ നോക്കി..
” അമ്മേടെ കുംബേല് എൻ്റെ കുഞ്ഞാവേം ഉണ്ടല്ലോ.. കുഞ്ഞാവ വന്നിട്ട് എനിച്ച് കളിക്കണം ..
എൻ്റെ കൂടെ ഉക്കൂളിൽ കെണ്ടോരൂലോ.. ” നിർത്താതെ പറയുന്നുണ്ട് വേദൂട്ടി.
ബാലയും യദുവും ചമ്മിയ ചിരി ചിരിച്ചു..

” മിടുക്കിക്കുട്ടി.. മോൾക്കൊപ്പം കുഞ്ഞാവയ്ക്കും കൂടിയുള്ള സീറ്റ് നമുക്ക് റെഡിയാക്കാട്ടോ .. ” എന്നു പറഞ്ഞ് അവൾക്കൊരു ചോക്ലേറ്റ് നൽകി ടീച്ചർ ..

അവിടെ നിന്നും ഇറങ്ങുമ്പോൾ,
“അച്ഛേടെ കുറുമ്പി കുഞ്ഞൂ.. ” എന്നും പറഞ്ഞവളെ വാരിയെടുത്തു യദു ..

” സൂക്ഷിച്ച് ..പതിയെ വന്നാ മതി.. “യദു പിന്നാലെ വരുന്ന ബാലയെ നോക്കി പറഞ്ഞു.

” പതിയെ തന്നെയാ വരണെ.. ഈ അച്ഛനും മോളും
കൂടി ഒന്ന് അനങ്ങാൻ സമ്മതിക്കൂലാ.. ” പരിഭവത്തോടെ ബാല പറഞ്ഞു.

“സ്നേഹം കൊണ്ടല്ലേ പെണ്ണേ.. ” കാറിൽ കയറി ഇരിക്കുമ്പോൾ യദു ബാലയോട് പറഞ്ഞു ..
ബാലയവനെ നോക്കി ചിരിച്ചു..

അച്ഛൻ്റെയും മകളുടെയും കളിചിരികൾ നോക്കിയിരുന്നവൾ.. യദു നല്ലൊരു അച്ഛനാണ്, നല്ലൊരു കാമുകനാണ് ,നല്ലൊരു സുഹൃത്താണ്, അതിനെല്ലാം മേലെ നല്ലൊരു ഭർത്താവാണ് ..
നിറഞ്ഞ മനസ്സോടെ പതിയെ അവൻ്റെ തോളിലേക്ക് ചാഞ്ഞവൾ .. പ്രണയത്തോടെ അവൻ്റെ മുഖത്തേക്ക് കണ്ണുകൾ ചെന്നതും
മെല്ലെയവളുടെ നെറ്റിയിലൊന്ന് ചുണ്ടമർത്തിയവൻ..

അവർ പ്രണയിക്കട്ടെ.. ഒരിക്കലും അവസാനിക്കാത്ത പ്രണയ ലോകത്തവർ ജീവിക്കട്ടെ..

അവസാനിച്ചു.

( ദാ.. കഴിഞ്ഞൂട്ടോ.. ഇന്നില്ലേ എന്നു ചോദിച്ച് വേഗം എഴുതാൻ പ്രേരിപ്പിച്ചവരോടും വായിച്ചവരോടും എന്നെ സഹിച്ച എല്ലാവരോടും ഒത്തിരി സ്നേഹം )

LEAVE A REPLY

Please enter your comment!
Please enter your name here