Home Abhijith Unnikrishnan നിന്റെ എടത്തിയമ്മ അടുത്തുണ്ടായിപ്പോയി ഇല്ലേൽ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിച്ചേനെ.. Part – 12

നിന്റെ എടത്തിയമ്മ അടുത്തുണ്ടായിപ്പോയി ഇല്ലേൽ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിച്ചേനെ.. Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം- 12 )

അവന്തിക ഉണ്ണിയുടെ നേരെ തിരിഞ്ഞ് ചിരി നിലനിർത്തികൊണ്ട് തന്നെ നെറ്റിയിലൂടെ വിരലോടിച്ചു..
50 വർഷം കഴിഞ്ഞാലും നിനക്കൊരു മാറ്റവും വരില്ലെന്ന് തോന്നുന്നു..
അവന്തികയുടെ കണ്ണ് നനയാൻ തുടങ്ങി.
നീ എന്നെ മറന്നിട്ടില്ലല്ലോ…

ഉണ്ണി അവളെയൊന്ന് നോക്കിയിട്ട്..
അങ്ങട് മാറി നിൽക്ക് കുരിപ്പേ, ഇനി നീയും കൂടി ഇതിന്റെ ഇടയിൽ വന്ന് കുടുംബം കലക്കോ..

അവന്തിക ഉണ്ണിയുടെ നെഞ്ചിലേക്ക് വീണ് ചിരിക്കാൻ തുടങ്ങി..
അതാണ്… നിന്റെ രൂപവും മാറിയിട്ടില്ല സ്വഭാവവും മാറിയിട്ടില്ല, എന്നാലും എന്തിനാടാ പൊട്ടാ എന്നെ കണ്ടപ്പോൾ ഓടി പോയത്..
തലചെരിച്ച് ഉണ്ണിയെയൊന്ന് നോക്കിയിട്ട്..
തേച്ചിട്ട് പോയതിന്റെ ദേഷ്യമാണോ..

നിന്നോട് ദേഷ്യം തോന്നേണ്ട ആവശ്യമില്ലല്ലോ, പോരാത്തതിന് നിന്നേ കണ്ടയുടനെ വന്ന് സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..

അവന്തിക ഉണ്ണിയെ സൂക്ഷിച്ചു നോക്കി..
ദേഷ്യമില്ല പറഞ്ഞിട്ടാണോടാ ദുഷ്ടാ ഇങ്ങനെയൊക്കെ പറയുന്നേ, അതുപോട്ടെ എന്താ ഇവിടെ..

ഉണ്ണി ഗായത്രിയെ കാണിച്ചിട്ട്.
ഇതെന്റെ ഏടത്തിയമ്മയാണ്..

ഓ ഏടത്തിയമ്മയെ ഡ്രോപ്പ് ചെയ്യാൻ വന്നതാണോ..

ഏടത്തിയമ്മയെ മാത്രമല്ല എന്റെ കെട്ടിയോളെയും കൂടി ഡ്രോപ്പ് ചെയ്യാൻ വന്നതാ..

അവന്തികയുടെ മുഖമൊന്ന് മങ്ങിയെങ്കിലും പെട്ടെന്ന് ചിരിച്ചിട്ട്…
എന്നിട്ട് ആളെവിടെ.. എനിക്ക് പരിചയപ്പെടുത്തി തന്നില്ല..

അവൾ ഒരാവശ്യത്തിന് വേണ്ടി ഡോക്ടറുടെ അടുത്തേക്ക് പോയി, അല്ല നീ എന്താ ഇവിടെ അതുപറ..

ഞാൻ…. ഞാനുമൊരു ആവശ്യത്തിന് വേണ്ടി വന്നതാ, അത് റെഡി ആവുന്ന ലക്ഷണമില്ല, അപ്പോൾ പോയിട്ട് പിന്നെ വരാമെന്ന് വിചാരിച്ചു..

ഉം.. ആയിക്കോട്ടെ..

അവന്തിക ഉണ്ണിയെ നോക്കികൊണ്ടിരുന്നു..
എന്നാലും നീ നിന്റെ കല്യാണം പറയാത്തത് പോട്ടെ, ഏട്ടന്റെ കല്യാണമല്ലേ വരുന്നത് അതെങ്കിലും കണ്ടപ്പോൾ പറയണമെന്ന് തോന്നിയില്ലല്ലോ…

ഉണ്ണി ചിരിച്ചു..
നിനക്കൊക്കെ സ്പെഷ്യൽ ക്ഷണമുണ്ടല്ലോ..

അവന്തിക അത്ഭുതത്തോടെ..
സ്‌പെഷ്യലോ… എന്ത് സ്പെഷ്യൽ..

ബെസ്റ്റ് ഫ്രണ്ടിന്റെ ക്ഷണം… അതുമല്ലാതെ പഴയ കാമുകന്റെ ക്ഷണം..

അവന്തിക ഉണ്ണി പറയുന്നത് മനസ്സിലാവാതെ..
എന്റെ കാമുകൻ നീയല്ലായിരുന്നോ, നീ എപ്പോഴാ എന്നെ ക്ഷണിച്ചേ..

ഞാനല്ല വേറെ ഒരാളുണ്ടല്ലോ കുറെ പിന്നാലെ നടന്നൊരാൾ…

അവന്തിക ആളെ പിടുത്തം കിട്ടാതെ ഉണ്ണിയെ നോക്കി..
നീ ആരെയാ ഉദ്ദേശിക്കുന്നെ..

മനു…

ഉണ്ണി ആ പേര് പറഞ്ഞപ്പോൾ അവന്തിക അരികിലേക്ക് ചേർന്ന് നിന്നു..
നിന്റെ എടത്തിയമ്മ അടുത്തുണ്ടായിപ്പോയി ഇല്ലേൽ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിച്ചേനെ…

അവന്തിക ദേഷ്യത്തിലാണെന്ന് തോന്നിയപ്പോൾ ഉണ്ണി അവളെ നോക്കികൊണ്ട്..
ഇത് ഞാൻ പറഞ്ഞതല്ല അവൻ എന്നോട് പറഞ്ഞതാ..

അവന്തികയൊന്ന് തണുത്തു, പിന്നീട് ചിരിച്ചിട്ട്..
ആ തെണ്ടി അങ്ങനെ പറഞ്ഞോ..

ഉണ്ണിയും ചിരിച്ചു..
സത്യമായിട്ടും…

അവനെ ഞാൻ കാണട്ടെ ചോദിച്ചു നോക്കാം… എന്നാലും എപ്പോഴാടാ അവൻ എന്റെ കാമുകനായത്..

ഉണ്ണി ചുറ്റിലും നോക്കി..
ശരി സമ്മതിച്ചു… ഞാൻ മാത്രേ കാമുകനായിട്ടുണ്ടായിരുന്നുള്ളൂ, അറിയാതെ പറഞ്ഞു പോയി നീ ക്ഷമിക്ക്..

അവന്തിക ഗായത്രിയോട്..
ചേച്ചി… ഇവൻ വീട്ടിലും ഇതേ സ്വഭാവമാണോ…

ഗായത്രി ഉണ്ണിയെ നോക്കിയിട്ട്..
അവൻ എല്ലായ്‌പോഴും ഇതേ സ്വഭാവം തന്നെയാ..

ആണോ കൊള്ളാം… ഞാൻ വിചാരിച്ചു ഇവൻ എവിടേലും യാത്രയൊക്കെ ചെയ്ത് നടക്കായിരിക്കുമെന്ന്, കുഴപ്പമില്ല കല്യാണമൊക്കെ കഴിച്ച് ജീവിക്കണമെന്ന് നല്ല ബുദ്ധി തോന്നിയല്ലോ..

അതെന്താ യാത്ര ചെയ്യുന്നവരൊന്നും ജീവിക്കുന്നില്ലേ..

അവന്തിക ചിരിച്ചു..
ഉണ്ട്.. പക്ഷെ അതിന് കുറച്ച് കൂടി കഴിവ് വേണം, അത് നിന്റെ അടുത്തില്ല..

ഇനി എന്താ പരിപാടി…എവിടെയാ നീ ജോലി ചെയ്യുന്നേ…
ഉണ്ണി അവളോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

ജോലിയൊന്നും ചെയ്യുന്നില്ലെടാ, ഓരോന്ന് നോക്കുന്നുണ്ട് ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല… നീ എവിടെയാ ഇപ്പോൾ വർക്ക്‌ ചെയ്യുന്നേ..

ഞാൻ ഇവിടെ നാട്ടിൽ തന്നെ..

അവന്തിക അത്ഭുതത്തോടെ..
നീ നാട്ടിൽ തന്നെ സെറ്റിൽഡായോ..?

പിന്നെന്താ ജീവിക്കാൻ പഠിച്ചില്ലേ..

എടാ മിടുക്കാ കൊള്ളാലോ, നിന്നെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്, തേച്ചിട്ട് പോയപ്പോഴും ഒരു മൂലയിലിരുന്ന് കരഞ്ഞു തീർക്കാതെ ജീവിതത്തിൽ മുന്നേറിയില്ലേ..

ഉണ്ണിയൊന്ന് ചിരിച്ചിട്ട്..
താങ്ക്സ്… മോട്ടിവേറ്റ് ചെയ്ത് ഈ അവസ്ഥയിലാക്കിയതിന്..

അവന്തികയൊന്ന് ഉണ്ണിയുടെ നെഞ്ചിൽ തൊട്ടു..
എനിക്ക് പിന്നെ ജീവിതത്തിൽ കര കയറാനൊന്നും പറ്റിയില്ല, അല്ല എങ്ങനെ കയറും ഉണ്ടായിരുന്ന കയറും കയ്യിൽ നിന്ന് പോയില്ലേ..

ഉണ്ണി അവളെയൊന്ന് നോക്കി പെട്ടെന്ന് പുറകിൽ നിന്ന്..
ഹേയ് കുഴിമടിയാ… നീ ഇനിയും കറങ്ങി കഴിഞ്ഞില്ലേ..

ഉണ്ണിയൊന്ന് ഞെട്ടിയിട്ട് അവന്തികയിൽ നിന്ന് വിട്ട് മാറി, ഉണ്ണിയുടെ ഭാവ വ്യത്യാസം കണ്ടപ്പോൾ അവന്തിക ശബ്ദം കേട്ടിടത്തേക്ക് തലചെരിച്ചു നോക്കി, പ്രിയ നടന്ന് വരുന്നത് കണ്ടപ്പോൾ..
ഭാര്യയാണോ..

ഉണ്ണി തലയാട്ടി..

നല്ല സുന്ദരികുട്ടിയാണല്ലോ നിന്റെ ഭാര്യ..

ഉണ്ണി അരികിലേക്ക് നടന്ന് വരുന്ന പ്രിയയോട്..
എടത്തിയമ്മക്ക് ഇവിടുത്തെ സ്ഥലങ്ങളൊന്നും അറിയില്ലാത്രെ, അതുകൊണ്ട് നീ വന്നിട്ട് പോവാമെന്ന് വിചാരിച്ചു നിന്നതാ..

പ്രിയ അരികിലെത്തി ഉണ്ണിയുടെ തോളിൽ കയ്യിട്ടു..
പോ അവിടുന്ന്, ഇത്രേം ദൂരം രണ്ട് തവണ നടന്നപ്പോഴേ കാല് വേദനിച്ചിട്ട് വയ്യ..

കാല് വേദനിക്കുന്നോ എന്റെ മുത്തിന്.. ഞാൻ വേണേൽ തലയിൽ ചുമന്നിട്ട് നടക്കാം..

ഒന്നും വേണ്ട..
പ്രിയ സംസാരത്തിനിടയിലാണ് അവന്തിക നോക്കുന്നത് ശ്രദ്ധിച്ചത്..
ഇതാരാ ഉണ്ണി..

ഉണ്ണി രണ്ടുപേരെയും മാറി മാറി നോക്കിയിട്ട്..
ഇത്… ഇതെന്റെ കൂടെ പഠിച്ച ഫ്രണ്ടാ..

ആണോ..
പ്രിയ അവന്തികക്ക് നേരെ കൈനീട്ടി.
ഹായ്.. ഞാൻ പ്രിയ..

അവന്തിക ചിരിച്ചുകൊണ്ട്..
ഞാൻ അവന്തിക..

എനിക്ക് ഇവന്റെ ഹിസ്റ്ററിയൊക്കെ കുറച്ച് പറഞ്ഞു തരാവോ… ഇവന്റെ മുഖത്തൊരു കള്ള ലക്ഷണമുണ്ട് അതെന്താണെന്ന് കണ്ടുപിടിക്കാനാ..

അവന്തിക ഉണ്ണിയെ നോക്കിയിട്ട്..
ഏയ്‌… കുഴപ്പമൊന്നുമില്ലല്ലോ, പിന്നെ പ്രിയ പറഞ്ഞ ലക്ഷണം ഇവന്റെ മുഖത്ത് ജന്മനാ ഉള്ളതാ, അത് ദൈവം അവനെയാരും കണ്ണ് വെക്കരുതെന്ന് വിചാരിച്ചു വെച്ചതായിരിക്കണം…

ദൈവമേ ഇവന് എല്ലാവരും സപ്പോർട്ടാണല്ലോ..

അവന്തിക ചിരിച്ചുകൊണ്ട്..
പ്രിയക്ക് ഭാഗ്യമുള്ളതുകൊണ്ടല്ലേ ഇവനെ കിട്ടിയത്..

പ്രിയ അവന്തികയെയൊന്ന് നോക്കിയിട്ട്..
അയ്യോ ഇവന്റെ മുന്നിൽ വെച്ചൊന്നും ഇങ്ങനെ പറഞ്ഞേക്കല്ലേ, ഇല്ലെങ്കിലേ ഒരു സമാധാനം തരുന്നില്ല, ഇങ്ങനെയുള്ളതൊക്കെ കേട്ടാൽ ഇവന്റെ അഹങ്കാരം കൂടും..

ഉണ്ണി പ്രിയയുടെ നേരെ തിരിഞ്ഞ്..
അവളുടെ മുന്നിൽ വെച്ച് എന്നെ അപമാനിക്കുന്നോ..

പോടാ… കെട്ടിയോനാണല്ലോ വിചാരിച്ചു ബഹുമാനിച്ചാൽ തലയിൽ കയറുന്നോ..

അവന്തിക ഉണ്ണിയോട്..
നിനക്ക് പറ്റിയ ആളെയാണല്ലോ കിട്ടിയിരിക്കുന്നെ..

എന്തോ എനിക്ക് തല്ലുകൂടാൻ ഒരിഷ്ടം..
ഉണ്ണിയൊന്ന് ചിരിച്ച് കാണിച്ചു..

അവന്തിക അവനെയൊന്ന് നോക്കിയിട്ട്..
ഞാൻ നടക്കട്ടെ, വീട്ടിൽ പോയി കുറച്ച് തിരക്കുണ്ട്..
അവന്തിക മൂന്ന് പേരോടും പറഞ്ഞിട്ട് പുറത്തേക്ക് നടക്കാനൊരുങ്ങി..

പെട്ടെന്ന് പ്രിയ പുറകിൽ നിന്ന് വിളിച്ചു..
ഹലോ ഒന്ന് നിന്നേ പോവുമ്പോൾ ഇവനെ കൂടി കൊണ്ടുപൊയ്ക്കോ..

അവന്തികയൊന്ന് നിന്നു..
ഇവനെ കൂടെ കൂട്ടണമെന്നുണ്ട്, പക്ഷെ തൽക്കാലം ഇപ്പോൾ വേണ്ട..

ഞാൻ ബസ് സ്റ്റോപ്പ്‌ വരെ ഇവന്റെ കൂടെ പോയാൽ പോരെയെന്നാ ചോദിക്കുന്നേ, എന്തിനാ വെറുതെ അത്രയും ദൂരം നടക്കുന്നേ..

ഏയ്‌ കുഴപ്പമില്ല, ഞാൻ ബസ്സിലല്ല ഓട്ടോ വിളിച്ചു പോവാമെന്ന് വെച്ചിട്ടാ…

എന്നാൽ ആയിക്കോട്ടെ പിന്നെ കാണാം..

അവന്തിക വീണ്ടും ചിരിച്ചിട്ട് പുറത്തേക്ക് പോയി, പ്രിയയൊന്ന് ഉണ്ണിയെ നോക്കിയിട്ട്..
ഫ്രണ്ടിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലേ..

ഉണ്ണി ആശ്ചര്യത്തോടെ..
അതെങ്ങനെ മനസ്സിലായി, കഴുത്തിൽ താലി കാണാത്തതുകൊണ്ടാണോ..

ഏയ്‌ അതൊന്നുമല്ല, നിന്റെ വായ്നോട്ടം കണ്ടിട്ടാ..ഞാൻ അടുത്തുള്ളപ്പോഴേ ഈ അവസ്ഥ…

ശ്ശെടാ പരിചയക്കാരെയൊന്ന് നോക്കാനും പാടില്ലേ..

നോക്കിക്കോ വീട്ടിൽ പോയി നോക്കിക്കോ..

ശരി എന്നാൽ ഞാൻ പോണു..
ഉണ്ണി ഗായത്രിയോട് പറഞ്ഞു പുറത്തേക്കിറങ്ങി, ബൈക്കെടുത്ത് പോവുന്ന വഴിയിൽ അവന്തികയെ നോക്കിയെങ്കിലും കാണാൻ സാധിച്ചില്ല, വീട്ടിൽ തിരിച്ചെത്തി കിടന്നുറങ്ങി, രാവിലെ ഗായത്രി മുറ്റമടിക്കുമ്പോഴാണ് അമ്മ പാത്രം കഴുകുന്നത് കണ്ടത്, ഗായത്രിയൊന്ന് അമർത്തി മൂളിയിട്ട്..
ഞാൻ സഹായിക്കണോ..

അമ്മയൊന്ന് ചുറ്റിലും നോക്കിയിട്ട് ഗായത്രിയെ കണ്ടപ്പോൾ..
നിന്റെ സഹായം ആർക്ക് വേണം..

ഗായത്രി അകത്തേക്ക് നോക്കിയിട്ട്..
പ്രിയേ ചേച്ചി സഹായിക്കണോന്ന്..

ഏയ്‌ വേണ്ട ചേച്ചി ഞാൻ നോക്കിക്കോളാം..

അമ്മ മതിലിനരുകിലേക്ക് വന്നിട്ട്..
നീ ആ കൊച്ചിനെ പണിയെടുപ്പിച്ചു കൊല്ലുമോ..

ഗായത്രിയൊന്ന് ചിരിച്ചു..
അമ്മ എന്നെ അവിടെയിട്ട് കൊല്ലുകയായിരുന്നല്ലോ, അപ്പോൾ ഇവളെ ഇവിടെയിട്ട് പണിയെടുപ്പിക്കുമ്പോഴും തല്കാലം മിണ്ടണ്ട..

പ്രിയ പുറത്തേക്ക് വന്നു..
ചേച്ചി കറികളൊക്കെ ആയി, ഞാനൊന്ന് തുണി അലക്കിയിട്ട് വരാം..
മതിലിനരുകിൽ അമ്മയെ കണ്ടപ്പോൾ..
ആരിത് അമ്മയോ, രാവിലത്തെ പണിയൊക്കെ ഒരുങ്ങിയോ..

ഓ പിന്നെന്താ മോളെ, ഒറ്റക്കാണേലും എല്ലാം തീർത്തു, മോളുടെ പണിയൊക്കെ ഒരുങ്ങിയെങ്കിൽ ഇങ്ങോട്ട് വായോ നമ്മുക്ക് എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാം..

അതിനെന്താ അമ്മേ ഞാൻ വരാലോ..
പ്രിയ പുറത്തേക്ക് ഇറങ്ങി..

പെട്ടെന്ന് ഗായത്രി അവളെ നോക്കിയിട്ട്..
നിനക്ക് ഡ്രസ്സ്‌ അലക്കണ്ടേ, അതു കഴിഞ്ഞിട്ട് കുറച്ച് നേരം പോയി കിടന്നുറങ്ങ്, ഉറങ്ങാത്തതുകൊണ്ട് മുഖം എന്തോപോലെയുണ്ട്, ഇന്നും നൈറ്റ്‌ ഡ്യൂട്ടിയാണെന്ന് ഓർമ്മ വേണം..

പ്രിയ അമ്മയോട്..
അയ്യോ അമ്മേ കുറച്ച് കൂടി പണി ബാക്കിയുണ്ട്, ഞാൻ ഒഴിവ് കിട്ടിയാൽ ഉടനെ അങ്ങോട്ട് വരാം..

ശരി മോളെ..

പ്രിയ അകത്തേക്ക് പോയി, ഗായത്രി അമ്മയുടെ അരികിലേക്ക് നടന്നെത്തി..ദേഷ്യത്തിൽ നിൽക്കുന്ന അമ്മയോട്…
അമ്മയ്ക്ക് മിണ്ടാനും പറയാനും ഞാനില്ലേ.. അമ്മ പറയൂ വിശേഷങ്ങൾ.. ഞാൻ കേൾക്കാം..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here