Home Latest നിങ്ങളെ എനിക്കൊരിക്കലും മനസ്സിലാവണില്ലല്ലോ യദുവേട്ടാ.. എന്തിനാ എന്നെയും മോളെയും ഇത്രയേറെ സ്നേഹിക്കണെ… Part – 22

നിങ്ങളെ എനിക്കൊരിക്കലും മനസ്സിലാവണില്ലല്ലോ യദുവേട്ടാ.. എന്തിനാ എന്നെയും മോളെയും ഇത്രയേറെ സ്നേഹിക്കണെ… Part – 22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 22

രചന : രജിഷ അജയ് ഘോഷ്

” ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് നമുക്കൊന്ന് പുറത്തേക്ക് പോവാട്ടോ .. ” യദുവാണ്.

“എവിടേക്കാ.. “ബാലയവനെ നോക്കി..
” അതൊരു സർപ്രൈസ് ആയിക്കോട്ടേ.. ..” എന്നും പറഞ്ഞ് പുറത്തേക്ക് പോയവൻ..
അതെന്ത് സർപ്രൈസ് എന്ന ആലോചനയിലാണ് ബാല..
✨✨✨✨
കുളി കഴിഞ്ഞതും ഇടാനുള്ള ഉടുപ്പും പൊക്കിപ്പിടിച്ച് ഓടാൻ തുടങ്ങിയിരുന്നു വേദൂട്ടി.
“അയ്യയ്യേ.. കുഞ്ഞി പെണ്ണിന് നാണമില്ലല്ലോ .. കഷ്ടം.. കഷ്ടം ..” മൂക്കത്ത് വിരൽ വച്ച് കൊണ്ട് ബാലയവളെ കളിയാക്കി ..

വേദൂട്ടി ഓടി ടിവി കണ്ടു കൊണ്ടിരുന്ന യദുവിൻ്റെ മടിയിൽ കയറിയിരുന്നു ..
“ഇതെന്താ അച്ഛേടെ കുഞ്ഞൂ ഇന്ന് ഉപ്പായി ഇടാതെയാണൊ റ്റാറ്റ പോവണെ ..”

” റ്റാ റ്റാ പോനം ..നാന് ഉപ്പായി ഇദാലോ.. ” എന്നും പറഞ്ഞ് വേദൂട്ടി നോക്കിയപ്പോൾ കണ്ടത് മുൻപിൽ ഉടുപ്പും പിടിച്ച് ദേഷ്യത്തോടെ നിൽക്കുന്ന ബാലയെയാണ്.
“വേദൂട്ടിക്ക്  കുറുമ്പ് കൂടുന്നുണ്ട് ട്ടോ.. കുളി കഴിഞ്ഞാ ഉടുപ്പിടാതെ ഓടിക്കളിക്കുന്നത് ചീത്ത കുട്ടികളാ.. ” ദേഷ്യത്തോടെ പറഞ്ഞവൾ ..

“നാന് ഉപ്പായി ഇദാലോ.. നാന് നല്ലകുത്തിയാ ..” ബാല പറഞ്ഞത് കേട്ട് വിതുമ്പിക്കൊണ്ടവൾ പറഞ്ഞു.
“ഇനി അതിന് കണ്ണ് നിറയ്ക്കണ്ട .. അമ്മേടെ വേദൂട്ടി നല്ല കുട്ടിയാട്ടോ..” എന്നു പറഞ്ഞ് കുഞ്ഞിക്കവിളിൽ ഒരുമ്മ കൊടുത്തവൾ..
“ദാ .. ഇവിടേം കൂടെ..” അത് കണ്ട യദു അവൻ്റെ കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു.

“ദേ .. കുറച്ച് കൂടുന്നുണ്ട് ട്ടോ..” അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞിട്ട് പോയവൾ..

സൗദാമ്മയും റെഡിയായി ഇറങ്ങി.. കാറിൽ കയറുമ്പോഴും ബാലയുടെ എങ്ങോട്ടാണെന്ന ചോദ്യത്തിന് യദു കണ്ണു ചിമ്മി കാണിച്ചു.

ടൗണിൽ നിന്നും ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട യാത്രയായിരുന്നു .. മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കടന്ന് ഒരിടവഴിയിൽ കാർ നിർത്തിയിറങ്ങുമ്പോൾ ഒരാൾ അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു ..
യദു അയാളോട് ചിരിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ അവർ തമ്മിൽ നേരത്തെ പരിചയമുണ്ടെന്ന് ബാലയ്ക്ക് തോന്നി..

അയാൾക്ക് പിന്നാലെ നടന്നെത്തിയത് ഒരു വീടിനു മുന്നിലാണ്.. വലിയ പഴക്കമില്ലാത്ത ഒതുക്കമുള്ളൊരു ടെറസ്സ് വീട്.. പരിസരമെല്ലാം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് ..
” ഈ വീടും ഇതിനോട് ചേർന്ന അരയേക്കർ സ്ഥലവുമാണ് സാർ.. ” കൂടെ വന്നയാൾ പറഞ്ഞു.
“ഞങ്ങളൊന്നു നടന്നു കാണട്ടെ..” എന്നു അയാളോട് പറഞ്ഞ ശേഷം സൗദാമ്മയെയും ബാലയെയും കൂട്ടി എല്ലാം നടന്നു കണ്ടു ..

“എങ്ങനെയുണ്ട് ഈ സ്ഥലം.. ” ചുറ്റിക്കണ്ട ശേഷം അവൻ സൗദാമ്മയോട് ചോദിച്ചു.
“എനിക്ക് ഇഷ്ടപ്പെട്ടു.. ” അവർ പറഞ്ഞതും അവൻ ബാലയെനോക്കി. അവൾ വേറെന്തോ ആലോചനയിലാണെന്ന് തോന്നി..

“നീ ചെന്ന് മോളോട് സംസാരിക്ക് ,ഞാനും മോളും അപ്പുറത്ത് നിൽക്കാം ..” എന്നു പറഞ്ഞ് സൗദാമ്മ പോയി ..

“ടോ.. തനിക്ക് വീടും സ്ഥലവുമൊക്കെ ഇഷ്ടപ്പെട്ടോ.” അവൾക്കരികിൽ ചെന്നവൻ ചോദിച്ചതും അവളൊന്നും മനസ്സിലാവാതെ അവനെ നോക്കി..
“എന്തിനാ നമ്മളിവിടെ വന്നെ.. ”

“തനിക്കിഷ്ടായോന്ന് പറ.. ”

“നല്ല വീടും സ്ഥലവുമാണ് .. പക്ഷേ, നമ്മളെന്തിനാ ഇഷ്ടപ്പെടുന്നത് .. ” അവൾ സംശയത്തോടെ ചോദിച്ചു.
” ഇഷ്ടായാൽ ഇനി നമുക്കിവിടെ ജീവിക്കാം ..
നാട്ടിലെന്തായാലും ശരിയാവില്ല .. വേദമോള് അവിടെ വളരണ്ട .. അവള് എന്നുംനമ്മുടെ മോളായി വളർന്നാ മതീ.. പിന്നെ ഈ ഫ്ലാറ്റിലുള്ള ജീവിതം വല്ലാത്ത മടുപ്പാണെടോ .. ഇവിടെയാവുമ്പോ നമുക്കീ  പച്ചക്കറീം പഴങ്ങളുമൊക്കെ വിഷമില്ലാതെ സ്വന്തമായുണ്ടാക്കാലോ.. ശുദ്ധവായുവും നല്ല വെള്ളവുമൊക്കെ കിട്ടും..” നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്ന യദുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു ബാല..

“എന്താ പെണ്ണെ .. ഇങ്ങനെ നോക്കണെ… ” അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ചോദിച്ചവൻ..

” നിങ്ങളെ .. നിങ്ങളെ എനിക്കൊരിക്കലും മനസ്സിലാവണില്ലല്ലോ യദുവേട്ടാ.. എന്തിനാ എന്നെയും മോളെയും ഇത്രയേറെ സ്നേഹിക്കണെ… ” എന്നു പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

” എൻ്റെ അമ്മേം ഭാര്യേനേം കുഞ്ഞിനേമല്ലാതെ ആരെയാ പെണ്ണെ ഞാൻ സ്നേഹിക്കേണ്ടത്..” അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ ചോദിച്ചു..

അവൻ്റെ കൈകൾ തട്ടിമാറ്റി മുൻപോട്ട് നടക്കുമ്പോൾ കരഞ്ഞു പോയിരുന്നു .. സൗദാമ്മയവളെ ചേർത്തു പിടിച്ചു..
“മോളെന്തിനാ കരയണെ..”

” ഞാൻ കാരണമല്ലേ സൗദാമ്മയ്ക്കും യദുവേട്ടനും ജനിച്ചു വളർന്ന നാടുപേക്ഷിച്ച് വരേണ്ടി വന്നത്..
ദേഷ്യമുണ്ടോ സൗദാമ്മയ്ക്ക് എന്നോട്.. “ബാല അവരോട് ചോദിച്ചു.

“ദേ .. ഇങ്ങനെ കരഞ്ഞാൽ എനിക്ക് ശരിക്കും ദേഷ്യം വരും ട്ടോ.. എൻ്റെ മോൻ്റെയും മരുമോളുടെയും പേരക്കുട്ടിയുടെയും കൂടെയല്ലെ ഞാൻ നിക്കണത്.. നിങ്ങള് സന്തോഷായി ജീവിക്കണത് കണ്ടാ മതിയെനിക്ക്.. ഇനിയിങ്ങനെ ഓരോന്നും പറഞ്ഞ് വന്നാൽ ഞാൻ ശരിക്കും അമ്മായിഅമ്മയാവുട്ടോ..”ബാലയുടെ കവിളിലൊന്ന് തട്ടി അവളെ നോക്കി ചിരിച്ചു കൊണ്ട് സൗദാമ്മ പറഞ്ഞു.

“എനിക്ക് അമ്മയെ മതി .. “കുറുമ്പോടെ ബാല
പറഞ്ഞു.
വീടു വാങ്ങാനുറച്ചാണ് തിരികെ പോന്നത്..

ഫ്ലാറ്റിലെത്തിയതും സ്ഥലത്തിൻ്റെ പേപ്പേർസ് ശരിയാക്കാനായി ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് യദു പുറത്തേക്ക് പോയി..

ബാലയും വേദൂട്ടിയും താമസം മാറുന്നതിൽ സുനന്ദയ്ക്കും അരവിന്ദനമായിരുന്നു എറെ സങ്കടം..
“എന്നാലും ബാലേ ഇത്ര പെട്ടെന്ന് പോവണ്ടായിരുന്നു.. വേദൂട്ടിയെ കാണാതെയുള്ള ദിവസങ്ങൾ  ഓർക്കാനേ വയ്യ .. ” സുനന്ദയാണ്.

” എൻ്റെ സുനന്ദേച്ചീ ..ഞാൻ പോലും അവിടെ ചെന്നിട്ടാ അറിഞ്ഞത്.. യദുവേട്ടന് ഫ്ലാറ്റിൽ താമസിക്കാൻ ഒട്ടും ഇഷടല്ല.. അതാ പെട്ടന്ന് പോവാൻ തീരുമാനിച്ചത്..”ബാല പറഞ്ഞു.

യദുവിനും ബാലയ്ക്കും ലീവ് കുറവായത് കൊണ്ട് ഉടനെ തന്നെ പുതിയ വീട്ടിൽ പാലുകാച്ചാൻ തീരുമാനിച്ചു..
നാട്ടിൽ നിന്നും വീട്ടിലെ സാധനങ്ങളെല്ലാമായി യദുവിൻ്റെ ഫ്രണ്ട്സ് തലേന്ന് രാവിലെ തന്നെ എത്തിയിരുന്നു.. യദുവും അവർക്കൊപ്പം വീടൊതുക്കാൻ പോയിരുന്നു ..

ഫ്ലാറ്റിലെ ഒരു വിധം സാധനങ്ങൾ എല്ലാം രാത്രി തന്നെ കൊണ്ടു പോയി .. രാത്രി യദു വന്നതേയില്ല..

വെളുപ്പിന് ഫോൺ ശബദിച്ചപ്പോഴാണ് ബാല ഉണർന്നത്..
“ടോ.. വാതിലൊന്ന് തുറക്ക്.. ” മറുതലയ്ക്കൽ യദുവിൻ്റെ ശബ്ദം കേട്ടതും ബാല വേഗം എഴുന്നേറ്റ് പോയി വാതിൽ തുറന്നു..

രാവിലെ നേരത്തെ തന്നെ പുതിയ വീട്ടിലേക്ക് പോവാനിറങ്ങി.. യദുവിൻ്റെ ഫ്രണ്ട്സിനെക്കൂടാതെ സുനന്ദയെയും അരവിന്ദനെയും മാത്രമേ പാലുകാച്ചലിന് ക്ഷണിച്ചിരുന്നുള്ളൂ..

കസവിൻ്റെ വീതിക്കരയുള്ള സെറ്റും
മുണ്ടുമുടുത്ത് ഇറങ്ങി വന്ന ബാലയെ കണ്ടതും യദുവിൻ്റെ കണ്ണുകൾ വിടർന്നു ..

” ഇന്നെൻ്റെ പെണ്ണ് സുന്ദരിയായിട്ടുണ്ടല്ലോ.. ”
അവളരികിൽ എത്തിയതും കാതോരമവൻ പറഞ്ഞു..
“ഇന്നു മാത്രല്ല..എന്നും അങ്ങനെത്തന്നെയാ.. ” എന്നും പറഞ്ഞ് അവൻ്റെ മൂക്കിൻ തുമ്പിലൊന്നു നുള്ളിയിട്ടവൾ കാറിനരികിലേക്ക് നടന്നിരുന്നു..

വീട്ടിലെത്തി അകത്തേക്ക് കയറിയതും ബാലയാകെ അമ്പരന്നു പോയി.. സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വൃത്തിയാക്കി വച്ചിട്ടുണ്ട് ..
യദു എങ്ങനെയുണ്ടെന്ന് കണ്ണുകൊണ്ട് ബാലയോട്
ചോദിച്ചതും ഉഗ്രൻ എന്നവൾ കൈ കൊണ്ട് കാണിച്ചു.

“ഇതെന്തുവാ ഇവിടെ കഥകളി വല്ലതും നടക്കുന്നുണ്ടോ..” സുനന്ദ ചോദിച്ചതും രണ്ടും ചമ്മി നിന്നു..

സൗദാമ്മയാണ് അടുപ്പിൽ തീ കത്തിച്ച് പാൽ തിളയ്ക്കാൻ വച്ചത്..എല്ലാവരും പ്രാർത്ഥനയോടെ നിന്നു..
തിളച്ച പാൽ ക്ലാസുകളിലാക്കി എല്ലാവർക്കും
കൊടുത്തു ബാല.. യദുവിനെ കാണാത്തതു കൊണ്ട് ഓരോ മുറിയിലും കയറി നോക്കിയപ്പോഴാണ് ജനലരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്നവനെ കണ്ടത്..

“യദുവേട്ടാ..” അവൾ വിളിച്ചതും അവൻ തിരിഞ്ഞു.അവൻ്റെ നിറഞ്ഞ കണ്ണുകളും മുഖഭാവവും കണ്ടതും “എന്താ .. മുഖമൊക്കെ വാടിയിരിക്കണെ.. എന്തേലും പ്രശ്നമുണ്ടോ?”വെപ്രാളത്തോടെ
ചോദിച്ചവൾ…

“ഏയ്.. ഒന്നൂല്ലടോ..”

“ഞാനാകെ ഭയന്നു പോയി.. പാല് എടുത്തോളൂ.. അടുക്കളേല് തിരക്കുണ്ട് .. ” എന്നു പറഞ്ഞവൾ പാൽഗ്ലാസ് അവനു നൽകി തിരികെ നടന്നു..

യദുവേട്ടന് എന്താവും പറ്റിയത്.. എന്തിനായും ആ കണ്ണുകൾ നിറഞ്ഞത് .. ബാലയുടെ മനസ്സിൻ്റെ സമാധാനം നഷ്ടമായിരുന്നു..

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞതും എല്ലാവരും പോയിരുന്നു .. വേദൂട്ടി യദുവിൻ്റെ മടിയിൽ ഇരിക്കുന്നത് കണ്ടാണ് ബാല അടുക്കളയിലേക്ക് പോയത്.. സൗദാമ്മ ഉച്ചയ്ക്കു ശേഷമുള്ള പതിവ് ഉറക്കത്തിനായ് പോയി..

വലിയ മഴത്തുള്ളികളുടെ ശബ്ദം കേട്ടപ്പോൾ ബാല മുറ്റത്തേക്ക് നോക്കി.. ആകെ ഇരുണ്ട് മൂടിയിട്ടുണ്ട് ..
വാതിലടച്ച് റൂമിൽ ചെന്നപ്പോൾ വേദൂട്ടി ഉറക്കത്തിലാണ്..
യദുവേട്ടനിതെവിടെപ്പോയി.. എന്ന് ചിന്തിച്ചു കൊണ്ട് പുറത്തേക്ക് നോക്കുമ്പോഴാണ്  മഴയുടെ ഭംഗി ആസ്വദിച്ച് സിറ്റൗട്ടിൽ ഇരിക്കുന്നവനെ കണ്ടത്..
താൻഅവനരികിൽ ചെന്നിരുന്നതൊന്നും അറിയാതെ മറ്റേതോ ലോകത്താണവനെന്ന് തോന്നി ബാലയ്ക്ക്…

” എന്താ ഇത്രയ്ക്ക് ആലോചിക്കാൻ ..” അവന് അരികിലിരുന്നു കൊണ്ട് ബാല ചോദിച്ചു.

” കുറച്ച് ദിവസം മുൻപ് താനെന്നോട് ചോദിച്ചില്ലേ , ഞാൻ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയെക്കുറിച്ച്..
അവളെ  ഞാനിടയ്ക്ക് കണ്ടിരുന്നു” ചിന്നി ചിതറുന്ന മഴത്തുള്ളികളിലേക്ക് നോക്കിയവൻ പറഞ്ഞു.

ബാലയൊന്നു ഞെട്ടി…

“ആ പഴയ പെണ്ണ്.. അവളുടെ ചിരി ഞാൻ കണ്ടു..അവളെ വീണ്ടും കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി… തനിക്കറിയോ ആ നിമിഷങ്ങളിൽ ഞാനനുഭവിച്ച സന്തോഷം.. ഈ ലോകം കീഴടക്കിയത് പോലെ തോന്നിയെനിക്ക് .. ” വല്ലാത്തൊരാവേശത്തോടെ പറയുന്ന യദുവിനെ കണ്ടതും ബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“എന്തിനാ വെറുതഇതിനിടയിൽഎന്നെക്കൂടി
മോഹിപ്പിച്ചെ.. ഓരോന്നു പറഞ്ഞും കാണിച്ചും ഒരുപാട് കൊതിപ്പിച്ചിട്ട്.. ഒടുവിൽ അവളെ കണ്ടപ്പോൾ  എന്നെ വേണ്ടാലേ..”ബാല യദുവിൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു..

“അല്ലേലും എന്നെ പറഞ്ഞാമതീ..നിങ്ങളൊന്ന്
ചിരിച്ചു കാണിച്ചപ്പോ.. ചേർത്ത് പിടിച്ചപ്പോ നിങ്ങളെന്നെ സ്നേഹിക്കുമെന്ന് കരുതിയ ഞാനെന്ത് മണ്ടിയാലേ .. യദുവേട്ടാ..
യദുവേട്ടൻ ഒരു കുട്ടിയെ പ്രണയിക്കുന്നെന്ന് പറഞ്ഞതാ എന്നിട്ടും .. ഞാൻ ..ഞാൻ വെറുതെ .. ” അവൻ്റെ ഷർട്ടിൽ നിന്നും കൈവിടാതെയവൾ പുലമ്പിക്കൊണ്ടിരുന്നു..

“തനിക്കവളെ കാണണോ.. ” അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കിയവൻ
ചോദിച്ചു.

തൻ്റെ ഹൃദയം മുറിഞ്ഞവേദന തോന്നി ബാലയ്ക്ക് .. താൻ വീണ്ടും തോറ്റു പോയിരിക്കുന്നു  ..

“ടോ.. കാണണോന്ന്.. ” വീണ്ടുമവൻ ചോദിച്ചതും
” ഉം.. കാണണം..” പതിയെ പറഞ്ഞവൾ ..

“ദാ .. എൻ്റെ അരികിലുണ്ട്.. എൻ്റെ പ്രണയം…” അവളുടെ കാതോരം അവൻ പറഞ്ഞതും ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ച് അവനെത്തന്നെ നോക്കി നിന്നവൾ..

“ടോ.. എനിക്കിഷ്ടം തന്നെയാണെന്ന്.. താനാണ് എൻ്റെ പ്രണയം.. “യദു പറഞ്ഞ് കൊണ്ട് അവളെ ചേർത്ത് പിടിച്ചതും ബാല അവനിൽ നിന്നും കുതറി മാറി..

“വെറുതെ പറയ്യാ.. എനിക്കറിയാം.. ” വിശ്വാസം വരാതെയവൾ പറഞ്ഞു.

“താൻ എന്നോട് എപ്പോഴോ ചോദിച്ചില്ലേ എന്തിനാ തന്നെ ഇത്രയേറെ സ്നേഹിക്കുന്നേന്ന് .. തനിക്കറിയോ തന്നോളം ഞാനാരെയും സ്നേഹിച്ചിട്ടില്ല പെണ്ണെ .. തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും പ്രണയിച്ചു പോയ് .. ”
ആർദ്രമായവൻ പറഞ്ഞു കൊണ്ട് അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ..

” ഞാനൊരിക്കലും അറിഞ്ഞിട്ടേയില്ല യദുവേട്ടാ.. കല്യാണം കഴിഞ്ഞ ശേഷം പലപ്പോഴും വെറുതെ ആഗ്രഹിച്ചിരുന്നു.. ആ പെൺകുട്ടി ഞാനായിരുന്നെങ്കിലെന്ന്… ” ബാല വിതുമ്പി.. നിറഞ്ഞ കണ്ണുകളോടെ അവൻ്റ മുഖത്തേക്ക്  നോക്കി.. അവളെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചവൻ.. ഇനിയൊരിക്കലും വിട്ടു കളയില്ലെന്ന ഭാവത്തോടെ..

“എനിക്കറിയണം യദുവേട്ടാ.. യദുവേട്ടനെപ്പഴാ എന്നെ സ്നേഹിച്ചു തുടങ്ങിയതെന്ന് .. ഞാനറിയാത്ത ആ പ്രണയകഥ എനിക്ക് കേൾക്കണം.. ” അവൻ്റെ നെഞ്ചിൽ ചാരിയിരുന്നവൾ
പറഞ്ഞു ..

“കുഞ്ഞുന്നാളിൽ അമ്മയ്ക്കൊപ്പം വരുമ്പോഴെല്ലാം മുറ്റത്തൂടെ ഓടി നടക്കുന്ന പെൺകുട്ടിയെ കാണുമ്പോൾ നോക്കി നിൽക്കുമായിരുന്നു .. അവളുടെ കാലിലെ കൊലുസ്സിൻ്റെ ശബ്ദം കേൾക്കുമ്പോൾ കൗതുകമായിരുന്നു .. വയൽ വരമ്പിലൂടെ പാവാടത്തുമ്പുയർത്തിപ്പിടിച്ച് അവൾ ഓടി നടക്കുന്നത് കാണുമ്പോൾ ആ ഒപ്പം ഓടാൻ കൊതിച്ചിട്ടുണ്ട് .. അന്നൊന്നും അതൊരു പ്രണയമാണെന്ന് തോന്നിയതേയില്ല..
ഒരിക്കൽ സ്കൂളിൽ കൂടെ പഠിക്കുന്ന പയ്യൻ
അവളെ മോശമായിനോക്കുന്നത് കണ്ടപ്പോൾ അറിയാതെ ദേഷ്യം വന്നിരുന്നു.. നടു റോഡിലിട്ട് അവനെ തല്ലിച്ചതച്ചിട്ടുണ്ട്.. അതിന് സ്കൂളിൽ നിന്നും സസ്പെൻഷൻ കിട്ടി.. വീണ്ടും അവൻ എൻ്റെ പെണ്ണിൻ്റെ പിന്നിൽ തന്നെയാണെന്നറിഞ്ഞപ്പോൾ വീണ്ടും വഴക്കായി.. ഇത്തവണ അമ്മയെന്നെ സ്കൂളിൽ നിന്നും മാറ്റി..

പിന്നെയാണ് അറിഞ്ഞത് അവൾക്ക് മറ്റൊരു പ്രണയമുണ്ടെന്ന് .. വല്ലാതെ തകർന്നു പോയി ഞാനന്ന്.. അമ്മയുടെ മടിയിൽക്കിടന്ന് കൊച്ചു കുഞ്ഞിനെപ്പോലെ കരഞ്ഞിട്ടുണ്ട് .. എത്രയൊക്കെ ശ്രമിച്ചിട്ടും അവളെ മറക്കാൻ മാത്രം കഴിഞ്ഞില്ല.. അനന്തുവിനൊപ്പം താൻ പോകുന്നത് കാണുമ്പോഴൊക്കെ ഹൃദയം തകർന്നു പോവുന്നുണ്ടായിരുന്നു ..”
ഇടർച്ചയോടെ പറഞ്ഞു കൊണ്ട് യദു ബാലയെഒന്നു കൂടി ചേർത്തു പിടിച്ചു കൊണ്ട് തുടർന്നു ..

” എല്ലാ സങ്കടങ്ങളും മനസ്സിൽ ഒതുക്കി ജീവിക്കുന്നതിനിടയിലാണ് തൻ്റെ ജീവിതത്തിൽ ഓരോ ദുരന്തങ്ങൾ വന്നു കൊണ്ടിരുന്നത്.. അന്ന് അച്ഛനും അമ്മയും മരിച്ചു പോയ ദിവസം തളർന്നുവീണ തന്നെ വീഴാതതാങ്ങിപ്പിടിക്കുമ്പോൾ
എൻ്റെ മനസ്സും തകർന്നു പോയിരുന്നു ..
പിന്നെയുള്ള ഓരോ ദിവസങ്ങളിലും തൻ്റെ നോവിനൊപ്പം താനറിയാതെ ഞാനുമുണ്ടായിരുന്നു.
പലപ്പോഴുംചേർത്തുപിടിച്ചൊന്ന്
ആശ്വസിപ്പിക്കാൻവല്ലാതെ ആഗ്രഹിച്ചിരുന്നു.
ഒടുവിൽ എല്ലാം ഉപേക്ഷിച്ച് ചോരക്കുഞ്ഞിനെ പൊതിഞ്ഞ് പിടിച്ച് മനസ്സ് തകർന്നു പോകുന്നവളെ കണ്ടപ്പോൾ വല്ലാത്ത ഭയമായിരുന്നു .. മനസ്സ് കൈമിട്ട് പോവുമോ എന്ന ഭയം..ആ ഭയം കൊണ്ടാ നിഴലുപോലെ കൂടെ നിന്നത് ..

ഒടുവിൽ നിയോഗം പോലെ താലിച്ചരടിനാൽ തന്നെ, ഞാനെൻ്റെ സ്വന്തമാക്കിയപ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാൻ ഞാനായിരുന്നു .. തൻ്റെ നോവുകളെ എൻ്റേതു കൂടിയാക്കുവാൻ.. തൻ്റെ സ്വപ്നങ്ങളെ എന്നോടു ചേർത്തു പിടിക്കാൻ വല്ലാത്ത കൊതിയായിരുന്നു പെണ്ണെ ..” എന്നവൻ പറഞ്ഞപ്പോൾ അവൻ്റെ നെഞ്ചിൽ ചൂടു പറ്റിയിരുന്ന ആപെണ്ണറിയുകയായിരുന്നു അവൻ്റെ പ്രണയം..

ബാല അത്ഭുതത്തോടെ അവനെ നോക്കി..
“എന്നിട്ട് അന്ന് ഞാൻ ചോദിച്ചപ്പോ ആ കുട്ടിയെ കണ്ടിട്ട് മൂന്നു വർഷമാവാനായെന്ന് പറഞ്ഞതോ.. ” ബാല സംശയത്തോടെ ചോദിച്ചു.

” മൂന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ സ്നേഹിച്ച ബാലയായിരുന്നില്ല പിന്നീട്.. കളിചിരികളില്ലാത്ത.. എല്ലാവരിൽ നിന്നും ഒളിച്ചോടി ജീവിക്കുന്നൊരു പെണ്ണായി മാറിയിരുന്നവൾ.. ഞാൻ പ്രണയിച്ചത് നിറയെ ചിരിക്കുന്ന കിലുകിലെ സംസാരിക്കുന്ന പെണ്ണിനെയായിരുന്നു ..അത് കൊണ്ടാ ഞാനവളെ കണ്ടിട്ട് മൂന്നു വർഷമാവാനായെന്ന് പറഞ്ഞത് ..

പക്ഷേ, കുറച്ച്ദിവസംമുൻപ് വയൽ
വരമ്പിലൂടെ പഴയതുപോലെ ഓടി നടന്നു് ചിരിക്കുന്നവളെ കണ്ടു .. അവളിൽ പഴയ ഭാവങ്ങൾ കണ്ടു.. ” അവളെ വാത്സല്യത്തോടെ തലോടിക്കൊണ്ടവൻ പറഞ്ഞു..

“ഞാൻ.. ഞാൻ മാത്രം ഒന്നുമറിഞ്ഞില്ലല്ലോ .. ഇത്രമേൽ സ്നേഹിക്കുന്നയാളെ ദേഷ്യത്തോടെയേ നോക്കീട്ടുള്ളൂ ..” കണ്ണുകൾ നിറച്ച് പതം പറയുന്നവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുണ്ടമർത്തിയവൻ..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here