Home Abhijith Unnikrishnan എന്താ പെട്ടെന്നൊരു റൊമാൻസ്, വരുന്ന വഴിക്ക് ഗ്ളൂക്കോസ് വല്ലോം എടുത്ത് കുടിച്ചോ.. Part – 11

എന്താ പെട്ടെന്നൊരു റൊമാൻസ്, വരുന്ന വഴിക്ക് ഗ്ളൂക്കോസ് വല്ലോം എടുത്ത് കുടിച്ചോ.. Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം – പതിനൊന്ന് )

“അവന്തിക”

ഗായത്രി ഞെട്ടിയിട്ട് ഉണ്ണിയെ നോക്കി..
നിനക്കെങ്ങനെ അറിയാം..

ഉണ്ണിയൊന്നും പറഞ്ഞില്ല, ഗായത്രി തന്നെ ഉറ്റുനോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഉണ്ണിയൊന്ന് ചിരിച്ചിട്ട്..
നമ്മുക്ക് മുകളിലേക്ക് പോവാം..

ഗായത്രി പിന്നീടൊന്നും ചോദിക്കാൻ നിൽക്കാതെ ശരിയെന്ന് തലയാട്ടി..

ഉണ്ണി പുറകിലേക്ക് തിരിഞ്ഞു നോക്കാൻ നിൽക്കാതെ വേഗത്തിൽ സ്റ്റെപ്പുകൾ ഓടികയറി, നഴ്സിംഗ് സ്റ്റേഷന്റെ ഡോറിൽ കൊട്ടി, പ്രിയ കതക് തുറന്നിട്ട് ചിരിച്ചു..
എവിടെയായിരുന്നു ഇത്രയും നേരം, ഞാൻ ഇനി പാതിവഴിയിൽ വിട്ടിട്ട് പോയോ വിചാരിച്ചു, അതുപോട്ടെ എനിക്ക് ചായയും മസാലദോശയും വാങ്ങി തരോ..

ഉണ്ണി ചിരിച്ചു, അവളുടെ മുഖത്ത് കൂടി വിരലോടിക്കാൻ തുടങ്ങി, പ്രിയ ഉണ്ണിയെ നോക്കികൊണ്ട്..
എന്താ പെട്ടെന്നൊരു റൊമാൻസ്, വരുന്ന വഴിക്ക് ഗ്ളൂക്കോസ് വല്ലോം എടുത്ത് കുടിച്ചോ..

ഇല്ലെന്ന് തലയാട്ടി ഉണ്ണി അവളുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു, പെട്ടെന്ന് ഗായത്രിയെ കണ്ടപ്പോൾ രണ്ടുപേരും നിന്നു.

എങ്ങോട്ടാ രണ്ടാളും കൂടി..

പ്രിയ ഉണ്ണിയുടെ തോളിൽ കയ്യിട്ടു..
ഇവന് വിശക്കുന്നത്രേ പാവം ഞാൻ പോയി വല്ലോം വാങ്ങി കൊടുക്കട്ടെ..

അപ്പോൾ എന്നെ വിളിക്കില്ലേ..
ഗായത്രി ചിരിച്ചുകൊണ്ട് ചോദിച്ചു..

ചേച്ചിയെ വിളിക്കണോ കൂടെ പോര് സമയം കളയാതെ…നമ്മുക്ക് പോയി മസാല ദോശ കഴിച്ചിട്ട് വരാ..

ആ.. ഇപ്പോൾ മനസ്സിലായി ആർക്കാ വിശക്കുന്നതെന്ന്..

ചേച്ചി കളിയാക്കാതെ വന്നേ..
പ്രിയ ഗായത്രിയുടെ കയ്യിൽ പിടിച്ച് വലിച്ചു മൂന്നു പേരും നടന്ന് കാന്റീനിലെത്തി, പ്രിയ ഭക്ഷണമൊക്കെ ഓർഡർ ചെയ്‌ത് കഴിക്കാൻ തുടങ്ങി, ഉണ്ണി പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ..
നീ കഴിക്കുന്നില്ലേ..

ഇല്ല നീ കഴിച്ചോ എനിക്ക് വിശക്കുന്നില്ല.

ഗായത്രി ചിരിച്ചു..
എന്താ ഈയിടെയായി നല്ല സ്നേഹത്തിലാണല്ലോ, ആരുമില്ലെങ്കിൽ വാരി കൊടുക്കും തോന്നണു..

ആരെങ്കിലുമുണ്ടേലും എനിക്ക് കുഴപ്പമൊന്നുമില്ല എന്റെ കെട്ടിയോനല്ലേ.

ഉണ്ണിയൊന്ന് അവളെ നോക്കിയിട്ട് അരയിലൂടെ കയ്യിട്ടു..
നീ ഇരുന്ന് കഴിക്ക്.. ഞാൻ നിന്നെ നോക്കി ഇരുന്നോളാ..

കണ്ടോ എന്റെ പാതിയുടെ സ്നേഹം..

ഗായത്രി ചിരിക്കാൻ തുടങ്ങി..
ഇവള് ഇതൊന്നുമല്ലല്ലോ ഉണ്ണി മുമ്പേ പറഞ്ഞിരുന്നത്..

ശരിയാണ് ഇവള് എന്നെ ഇങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത് ഈയിടെയായിട്ട് കുറച്ച് സ്നേഹം കൂടിയിട്ടുണ്ട്, ചിലപ്പോൾ കല്യാണം കഴിക്കാൻ പോവുന്നത് കൊണ്ടാവും..

പ്രിയയൊന്ന് ഉണ്ണിയെ നോക്കിയിട്ട് തലതാഴ്ത്തി..
സോറി..

അതാ പെണ്ണ് മൂഡ് ഓഫായി, പ്രിയകുട്ടി ഞാൻ വെറുതെ പറഞ്ഞതല്ലേ..

അതിനല്ല മസാല ദോശ നിനക്ക് വാരി തരാ വിചാരിച്ചതാ, സംസാരത്തിന്റെ ഇടയിൽ ഞാൻ തന്നെ മുഴുവൻ കഴിച്ചു..

ഗായത്രി ചിരിച്ചു..
ഞാനും വിചാരിച്ചു ഇനി ഇവളെങ്ങാനും നിന്നോടുള്ള സ്നേഹം മൂത്ത് കഴിഞ്ഞു പോയതിന് സോറി പറഞ്ഞതായിരിക്കുമെന്ന്..

ഇവളോ… ഒലക്കയാണ്… തീറ്റ മാത്രം നടന്നൂന്ന് നൈസ് ആയിട്ട് പറഞ്ഞത് കണ്ടില്ലേ..
ഉണ്ണി പ്രിയയെ നോക്കി കണ്ണിറുക്കി കാണിച്ചു..

ഒന്ന് പോടാ അവിടുന്ന്, നീ വല്ലോം കാണിച്ചിട്ടുണ്ടേൽ മാത്രേ ഞാനും തിരിച്ചു പറഞ്ഞിട്ടുള്ളൂ, അല്ലാതെ വല്ലോം നീ കേട്ടിട്ടുണ്ടെൽ നിന്റെ കയ്യിലിരിപ്പ് ശരിയല്ലാഞ്ഞിട്ടായിരിക്കും..

ഗായത്രി എഴുന്നേറ്റു..
രണ്ടുപേരും തല്ലുകൂടി കഴിഞ്ഞാൽ എഴുന്നേറ്റ് വന്നേ, ഡോക്ടർ വരുന്നതിനു മുമ്പേ മുകളിൽ പോവാനുള്ളതാ..

ഗായത്രി പോയപ്പോൾ ഉണ്ണി പ്രിയയെ നോക്കി..
അതെന്താ നീ കയ്യിലിരിപ്പ് ശരിയല്ല പറഞ്ഞേ, ഞാൻ നല്ല കുട്ടിയല്ലേ..

പ്രിയ ചിരിച്ചുകൊണ്ട്..
ആണോ… എന്നാൽ എന്റെ കുട്ടി ഇപ്പോൾ വെച്ചിരിക്കുന്ന കൈ ആദ്യമൊന്നെടുത്തേ .

ഉണ്ണി കൈമാറ്റി, പ്രിയ എഴുന്നേറ്റ് ഉണ്ണിയോട്..
ഒരു ഗ്യാപ് കിട്ടിയാൽ മതി അവന് വൃത്തികെട്ടവൻ..

എടി നീ തിരിച്ചു വീട്ടിലേക്ക് വരില്ലേ ഞാൻ കാണിച്ചു തരാട്ടോ..

ഓ പിന്നെ കാണാൻ പറ്റിയൊരു മുതല്..

ഉണ്ണി ചുറ്റിലും നോക്കിയിട്ട് പ്രിയയുടെ നേരെ തിരിഞ്ഞു..
ഇങ്ങനെ പരസ്യമായിട്ട് നാണം കെടുത്തണോ..

എന്റെ കൂടെ നടക്കുമ്പോൾ അതിനെ കുറിച്ച് ആലോചിക്കരുത്..

ഇതാണ് അവസാനത്തെ വരവ്..ഇനി നിന്റെയൊപ്പം ഞാൻ വരുന്നില്ല.

വേണ്ട ഞാനെന്റെ ഹസ്ബന്റിന്റെ കൂടെ വന്നോളാം..
പ്രിയ കൈകഴുകി തിരിച്ചു വന്നു, ഗായത്രിയുടെ കൂടെ മുകളിലേക്ക് നടക്കാൻ തുടങ്ങി , ഉണ്ണി പുറകെ വരുന്നത് കണ്ടപ്പോൾ ഒന്ന് നിന്നിട്ട്..
അല്ല നീ എങ്ങോട്ടാ..

ഞാൻ നിങ്ങളെ മുകളിലാക്കിയിട്ട് പോവാമെന്ന് വിചാരിച്ചു..

ഓ ഞങ്ങൾക്ക് വഴി അറിയില്ലല്ലോ, അടവെടുക്കല്ലേ… മിണ്ടാതെ എന്റെ പൊന്നുമോൻ വീട്ടിൽ പോ..

ഇവളെന്താ എടത്തിയമ്മ ഇങ്ങനെ, എനിക്ക് ഹോസ്പിറ്റൽ കാണണമെന്ന് ആഗ്രഹമൊന്നുമുണ്ടാവില്ലേ..

പ്രിയ ഉണ്ണിയെ നോക്കികൊണ്ട്..
ഹോസ്പിറ്റൽ പുറത്ത് നിന്ന് നോക്കിയാലും കാണാം, വേണേൽ റോഡ് സൈഡിൽ പോയി നിന്ന് നോക്കിക്കോ വളരെ വലുതായിട്ട് കാണാം..

ശരി ഞാൻ വരുന്നില്ല, നീ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമല്ലോ അപ്പോൾ വിളിക്ക് ട്ടോ, ബാക്കി മറുപടി അപ്പോൾ പറഞ്ഞു തരാം..

പ്രിയ ഉണ്ണിയുടെ അരികിലേക്ക് വന്നു..
ഏതൊക്കെ ബ്ലോക്കാ കാണേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ കാണിച്ചു തരാം..

അല്ല നീ കുറച്ച് മുമ്പേ പറ്റില്ലാന്ന് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ അതെന്തിനാ..

പ്രിയ ഉണ്ണിയുടെ തോളിൽ കയ്യിട്ടു..
കഴിഞ്ഞത് കഴിഞ്ഞു, ഇനി അതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല വേണേൽ നമ്മുക്ക് രണ്ടുപേർക്കും ഈ ഹോസ്പിറ്റൽ ഒരു റൗണ്ട് കറങ്ങിയിട്ട് വരാം…

ഞാൻ പറയുന്നിടത്തു കൂടിയൊക്കെ കൊണ്ടുപോവോ…

മോർച്വറി ഒഴിച്ച് എവിടെ വേണേലും കൊണ്ടുപോവാം…

ആ അതുമതി… എന്നാ മുന്നിൽ നടക്ക്..

പ്രിയ ഉണ്ണിയുടെ കൈപിടിച്ച് വലിച്ചു..
മുന്നിലല്ല എന്റെ കൂടെയിങ്ങു പോന്നാൽ മതി, ഇല്ലേൽ നീ പാതി വഴിയിൽ മുങ്ങും..

ഒരിക്കല്ലുമില്ല… ഞാൻ അത്രക്കാരൻ നഹി ഹേ… എടത്തിയമ്മ എന്നെ കുറിച്ച് പറഞ്ഞു കൊടുക്ക് അവൾക്ക്..

ഗായത്രിയൊന്ന് ഉണ്ണിയെ നോക്കി..
എന്ത്..

എന്നെ കുറിച്ചുള്ള കാര്യങ്ങളൊക്കെ വിശദമായി, ഞാൻ ആരാണെന്നും ആരായിരുന്നെന്നും..

ഞാൻ പറഞ്ഞു കൊടുക്കട്ടെ എല്ലാം..

ഉണ്ണി തിരിഞ്ഞു ഗായത്രിയോട്..
എടത്തിയമ്മാ കിട്ടിയ അവസരം മുതലാക്കാണോ..

അങ്ങനെയൊന്നുമില്ല, ഒരവസരം കിട്ടുമ്പോൾ പറഞ്ഞില്ലെന്നു തോന്നരുതല്ലോ..

ഒന്നും വേണ്ട, ഞാൻ എടത്തിയമ്മയോട് അറിയാതെ പറഞ്ഞതാ..

പ്രിയ ഉണ്ണിയോട്..
അല്ല രണ്ടാളും കൂടി എന്താ രഹസ്യം പറയുന്നത്..ഞാനും കൂടി കേൾക്കട്ടെ..

ഉണ്ണി ചിരിച്ചു കൊണ്ട്…
അത് രഹസ്യമായതു കൊണ്ടാണല്ലോ നീ കേൾക്കാതെ പറയുന്നത്..

കളിയാക്കല്ലേ… പറ എന്താ രണ്ടുപേരും കൂടിയൊരു ഗൂഢാലോചന..

ഗായത്രി മുന്നിലേക്ക് വന്നു..
അത് വേറൊന്നുമല്ല, ഉണ്ണിക്ക് ഒരു കെട്ട് കൂടി കെട്ടിയാലോന്ന് ഒരു ആലോചന..

പ്രിയ ഉണ്ണിയെ നോക്കികൊണ്ട്..
സത്യമാണോ..

ഉണ്ണിയൊന്ന് തലതാഴ്ത്തി സങ്കടഭാവത്തിൽ…
നിന്നോട് എങ്ങനെ പറയുന്നതെന്ന് വിചാരിച്ചു ഇരിക്കായിരുന്നു, ഇത് കേട്ടിട്ട് എന്താ നിന്റെ അഭിപ്രായം..

പ്രിയയൊന്ന് ആലോചിക്കുന്നത് പോലെ കാണിച്ചു, എന്നിട്ട് ഗായയത്രിയുടെ നേരെ തിരിഞ്ഞിട്ട്..
അല്ല ചേച്ചി ഇതിലിപ്പോൾ എന്താ ഇത്ര ആലോചിക്കാനുള്ളതല്ലേ, അവന് താല്പര്യമുണ്ടെങ്കിൽ ഒന്ന് കൂടി കെട്ടിക്കോട്ടെ..

ഉണ്ണിയൊന്ന് നിന്നു..
പോരല്ലോ… ഇത് നിന്റെ മറുപടി ആയില്ലല്ലോ..മനസ്സിലുള്ളത് മുഴുവൻ പോരട്ടെ..

പ്രിയ ചിരിച്ചു..
ആ അങ്ങനെ ചോദിക്ക്, അത് കഴിഞ്ഞിട്ട് ഞാനും തുല്യത തികയ്ക്കാൻ വേണ്ടി ഒന്ന് കൂടി കെട്ടുമല്ലോ..

ഉണ്ണി അവളുടെ കയ്യിൽ പിടിച്ചു..
വേണ്ട… തമാശ വിട്…

ഒന്നങ്ങട് തന്നാലുണ്ടല്ലോ, നിനക്ക് എന്ത് വേണേലും പറയുകയും ചെയ്യുകയും ചെയ്യാം, ഞാൻ ചെയ്താൽ കുറ്റം..

എന്ന് ഞാൻ പറഞ്ഞില്ലല്ലോ, നീ തന്നെ ആലോചിച്ചു നോക്ക്, ഇത്രേം ചീത്ത കേട്ടിട്ടും ഇങ്ങനെ നിന്നെ ചേർന്ന് നിൽക്കുന്നൊരു മനുഷ്യൻ വേറെയുണ്ടോ, അതുപോട്ടെ നിനക്ക് വേറെ കിട്ടോ..

അതുശരിയാ, അതുകൊണ്ട് തൽകാലം ക്ഷമിക്കുന്നു..

ആ എന്നാൽ നടക്ക്..
പ്രിയ മുന്നിൽ നടന്നു, പെട്ടെന്ന് പ്രിയയെ ചിത്ര പുറകിൽ നിന്ന് വിളിച്ചു..
പ്രിയേ നിന്നെ ഡോക്ടർ അന്വേഷിച്ചിരുന്നു, റൂം 220 ലേക്ക് വരാൻ പറഞ്ഞു…

പ്രിയ ഉണ്ണിയെ നോക്കിയിട്ട്..
നീ ഇവിടം ചുറ്റികാണ് , ഞാൻ ആ മരണ മണി എന്തിനുള്ളതാണെന്ന് നോക്കിയിട്ട് വരാം..

വരില്ലേ..

എടാ ദുഷ്ടാ ഞാൻ അമേരിക്കയിലേക്ക് വിസ കിട്ടി പോവുന്നതൊന്നുമല്ല, തൊട്ടപ്പുറത്തെ മുറിയിൽ പോവാണെന്നാ പറയുന്നേ..

എന്നാൽ പോയിട്ട് വാ, ഞാൻ വെയിറ്റ് ചെയ്യാ, ഇത്രയും കാലം വെയിറ്റ് ചെയ്തു ഇനി കുറച്ച് നിമിഷങ്ങളല്ലേ കുഴപ്പമില്ല..

പ്രിയ തിരിഞ്ഞ് ചിത്രയുടെ കൂടെ നടന്നു..
രണ്ട് ദിവസായി ഒറ്റയ്ക്കിരുന്ന് ഏതൊക്കെയോ സിനിമ കാണുന്നുണ്ടെന്ന് തോന്നുന്നു, അവസാനം പറഞ്ഞ ഡയലോഗ് കേട്ടില്ലേ… പാവം.

ചിത്ര മറുപടിയൊന്നും പറയാതെ ചിരിച്ചിട്ട് പ്രിയയുടെ കൂടെ നടന്നു..

ഉണ്ണി ഗായത്രിയെയൊന്ന് നോക്കിയിട്ട് മുന്നിലേക്ക് നടന്നു, പെട്ടെന്ന് രണ്ടുപേരും നിന്നു, ഉണ്ണിയുടെ ഹാർട്ട്‌ ബീറ്റ് കൂടി, അടുത്ത് വന്ന രൂപം അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു, കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി..
എന്താ ഉണ്ണി എന്നെ കണ്ടപ്പോൾ ഓടി കളഞ്ഞത്, ഞാൻ അടുത്തേക്ക് വരാൻ വേണ്ടി നിൽക്കായിരുന്നു..എന്നെ കാണരുതെന്ന് വിചാരിച്ചാണോ മാറിയത്.

ഏയ്‌ ഒന്നുമില്ല, വേറെ എന്തോ നോക്കികൊണ്ടിരിക്കായിരുന്നു..
ഉണ്ണി കഷ്ടിച്ച് പറഞ്ഞൊപ്പിച്ചു..

പുറകിൽ ഗായത്രിയെ കണ്ടപ്പോൾ അവന്തികയൊന്ന് ചിരിച്ചു..
ഹായ് ഞാൻ ഇന്നലെ പരിചയപെട്ടിരുന്നു ഓർമ്മയുണ്ടോ..

പിന്നെയെന്താ മറക്കാൻ പറ്റോ അത്ര പെട്ടെന്ന്.
ഗായത്രി മറുപടി നൽകി..

അവന്തിക ഉണ്ണിയുടെ നേരെ തിരിഞ്ഞ് ചിരി നിലനിർത്തികൊണ്ട് തന്നെ നെറ്റിയിലൂടെ വിരലോടിച്ചു..
50 വർഷം കഴിഞ്ഞാലും നിനക്കൊരു മാറ്റവും വരില്ലെന്ന് തോന്നുന്നു..
അവന്തികയുടെ കണ്ണ് നനയാൻ തുടങ്ങി.
നീ എന്നെ മറന്നിട്ടില്ലല്ലോ…

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here