Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.
യാദവം Part – 21
രചന : രജിഷ അജയ് ഘോഷ്
” വേണ്ട യദുവേട്ടാ..അനന്തുവേട്ടനുണ്ടാവും.. എനിക്കാരേം കാണണ്ട .. “ബാല പറഞ്ഞു.
” കാണണം.. തനിക്കവരെയൊക്കെ പേടിയാണോ.”
അവൾക്കരികിൽ വന്നവൻ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“എന്നാപ്പിന്നെ വാ.. ഞാനില്ലേ കൂടെ..” എന്ന് പറഞ്ഞവൻ കൈചേർത്ത് പിടിച്ചപ്പോൾ കാലുകൾ അറിയാതെ അവനൊപ്പം ചലിച്ചു തുടങ്ങിയിരുന്നു…
വീടിനടുത്തേക്ക് എത്തും തോറും ബാലയുടെ കാലുകൾക്ക് വിറയൽ പോലെ തോന്നി.. ആൾത്താമസമില്ലാത്തതുപോലെ മുറ്റത്താകെ ചെറിയ പുല്ലുകൾ മുളച്ചിട്ടുണ്ട് .. താനും ലച്ചൂട്ടിയും അനന്തുവേട്ടനും ജിത്തുവേട്ടനുമൊപ്പം ഓടിക്കളിച്ച മുറ്റമാണ് ..
അനന്തുവിൻ്റെ സൈക്കിളിനു പിന്നിലിരിക്കുന്ന കുഞ്ഞുബാലയെ ഒർമ്മ വന്നു.. ” പതിയെ പോയാ മതീ.. നിക്ക് പേടിയാവുന്നു അനന്തുവേട്ടാ.. “എന്നു പറയുമ്പോ ” കണ്ണടച്ചിട്ട് എന്നെ മുറുക്കെപ്പിടിച്ചിരുന്നാ മതി.. നമുക്ക് പറന്ന് പോവാം.. ” അനന്തു പറയുമായിരുന്നു ..
“വാടോ..” യദു വിളിച്ചപ്പോഴാണ് ബാല ഉമ്മറത്തെത്തിയത് അറിഞ്ഞത്..
“ആരാത്..” ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോഴാണ് അശോകമാമ്മയെ കണ്ടത്..
ബാലയെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു വന്നു..
“ബാലമോളോ … വന്നൂലോ.. അത് മതി .. ” ആ വൃദ്ധൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
കുഞ്ഞിനെയും യദുവിനെയും കണ്ടതും യദുവിൻ്റെ കൈകൾ ചേർത്തു പിടിച്ചു.. വേദൂട്ടിക്ക് നേരെ കൈകൾ നീട്ടിയെങ്കിലും അവൾ യദുവിൻ്റെ തോളിലേക്ക് ചാഞ്ഞു ..
“എൻ്റെ കുട്ടിയെ ചേർത്ത് പിടിച്ചത് സൗദാമിനീടെ മകനാന്ന് അറിഞ്ഞിരുന്നു.. നന്നായി.. പാവാ അത്.. ഒരുപാട് വേദനിച്ചതാ.. ഇനിയെങ്കിലും സന്തോഷായിരിക്കട്ടെ.. ” അയാളുടെ ശബ്ദം ഇടറിയിരുന്നു ..
” മക്കള് കയറി വാ.. നിങ്ങളെകണ്ട സന്തോഷത്തിൽ
അകത്തേക്ക് വിളിച്ചില്ല ഞാൻ..” അയാൾ തുടർന്നു …
ഹാളിലെത്തിയതും എതിരെ ജിത്തു വരുന്നുണ്ടായിരുന്നു.. ബാലയെ കണ്ടതും അവനൊന്ന് അമ്പരന്നു..
“ബാലേ.. മോളെ.. ” എന്നു വിളിച്ചവൻ അവർക്കരുകിലെത്തി. ബാല മങ്ങിയൊരു ചിരി നൽകിയവന്..
“ജിത്തുവേട്ടൻ എപ്പഴാ വന്നെ?” എന്തെങ്കിലും ചോദിക്കണ്ടെയെന്നു കരുതി വെറുതെ ചോദിച്ചു.
” രണ്ടു ദിവസായി.. ”
പിന്നെയൊന്നും പറയാനില്ലാതെ മൗനമായ് നിന്നു..
“യദൂ ..” എന്നും വിളിച്ചു കൊണ്ട് ജിത്തു യദുവിനെ കെട്ടിപ്പിടിച്ചതും
” ൻ്റെ അച്ഛയാ ..” വേദൂട്ടി ദേഷ്യത്തോടെ പറഞ്ഞു.
” അച്ഛയെ തൊട്ടപ്പൊ കുഞ്ഞിപ്പെണ്ണിന് ദേഷ്യം വന്നല്ലോ.. “ജിത്തു വേദൂട്ടിയുടെ തടിത്തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞതും അവളാ കൈ തട്ടിമാറ്റിയിരുന്നു ..
അകത്തെ മുറിയിലെ ശോഷിച്ച രൂപം കണ്ടപ്പോൾ ബാലയൊന്നു ഞെട്ടി.. ക്ഷീണിച്ച് അവശയായി
ക്കിടക്കുന്ന സുഭദ്ര അമ്മായിയെ കണ്ടാൽ പെട്ടന്ന് മനസ്സിലാവാത്തതുപോലെ തോന്നിയവൾക്ക്..
ജിത്തു വിളിച്ചപ്പോൾ കണ്ണുകൾ വലിച്ചു തുറന്നവർ..
അൽപ നേരം ബാലയെ തന്നെസൂക്ഷിച്ചു നോക്കി.. പിന്നെയാ കണ്ണുകൾ യദുവിലേക്കും വേദൂട്ടിയിലേക്കും നീണ്ടു ..കണ്ണുകൾ നിറയുന്നതും കൺകോണിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നതും
കണ്ടു..
ജിത്തുവിനെ നോക്കി തലയനക്കി എന്തോ പറഞ്ഞതും അവൻ അവരെ പിടിച്ചുയർത്തി തലയിണയിൽ ചാരിയിരുത്തി..
ബാലയെ തലകൊണ്ട് അരികിലേക്ക് വിളിച്ചു..
ഒരിക്കൽ തന്നെ നോവിച്ചവരാണ്.. നീറിപ്പിടയുന്ന സമയത്ത് വീണ്ടും വീണ്ടും കുത്തിനോവിച്ചവർ.. എന്നിട്ടും അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ തൻ്റെ കണ്ണുകൾ നിറയുന്നതും അവളറിഞ്ഞു..
യദുവിനെ നോക്കിയപ്പോൾ ” ചെല്ലെടോ..”
എന്നവൻ പതിയെ പറഞ്ഞു.
ശോഷിച്ച കൈയുയർത്തി ബാലയുടെ തലയിലും മുഖത്തുമൊക്കെ തൊട്ടുനോക്കിയവർ .. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
എന്തെല്ലാമോ പറയാനായി തുടങ്ങുന്നതും പാതിവഴിയിൽ നിന്നു പോവുന്നതും കണ്ടു..
” അവള് മോളോട് ചെയ്തു കൂട്ടിയതിനൊക്കെ മാപ്പു പറയുന്നതാ… വയ്യാതായപ്പോഴാ ചെയ്തതെല്ലാം തെറ്റായിരുന്നെന്ന് അവൾക്ക് മനസ്സിലായത്..
അമ്മ കാരണമാ അവൻ്റെ ജീവിതം നശിച്ചതെന്നും പറഞ്ഞ് അനന്തു അവളോട് മിണ്ടാറില്ല .. അന്ന് ആവുന്ന പോലൊക്കെ ഞാൻ പറഞ്ഞതാ ബാല മോളെയും കുഞ്ഞിനേം നമുക്കിങ്ങ് കൊണ്ടോരാന്ന്.. ഇവള് ഓരോന്ന് പറഞ്ഞ് പറഞ്ഞ്
അനന്തൂനെക്കൊണ്ട് മോളോട് ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ വരെ പറഞ്ഞില്ലേ .. എന്നിട്ടെന്തായി
ഒടുവിൽ കിടന്ന കിടപ്പിലായപ്പോൾ എല്ലാം തെറ്റാന്ന് മനസ്സിലായി.. ” അശോകമാമ്മ വാതിൽക്കൽ നിന്നു പറഞ്ഞു.
സുഭദ്ര തല കുമ്പിട്ടിരുന്നു കരയുകയായിരുന്നു ..
“സാരല്ലാ.. അമ്മായി വിഷമിക്കണ്ടാ ട്ടോ..” എന്നു പറഞ്ഞ് അവരെ ചേർത്തു പിടിച്ചു ബാല..
ഏറെ നേരം അവളുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നവർ… അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..
” ഏട്ടനുണ്ട് ഇവിടെ.. കാണണ്ടേ..” സുഭദ്രാമ്മയെ കിടത്തി റൂമിൽ നിന്നും ഇറങ്ങുമ്പോൾ ജിത്തു ചോദിച്ചു.
ബാല വേണ്ടെന്ന് പറയാൻ തുടങ്ങിയതും
‘അനന്തുവിനെക്കൂടിക്കാണാനാ വന്ന ‘തെന്ന് യദു പറഞ്ഞിരുന്നു..
✨✨✨✨✨✨✨✨✨✨✨✨✨
കട്ടിലിൽ ചടഞ്ഞുകിടക്കുന്ന അനന്തുവിനെക്കണ്ടതും ജിത്തു അകത്തേക്ക് കയറി.
“ബാല വന്നിട്ടുണ്ട് .. “അവനെ നോക്കി പറഞ്ഞു..
കേട്ട പാടെ പിടഞ്ഞെഴുന്നേറ്റ് പുറത്തേക്ക് നോക്കുന്നവനെ കണ്ടതും “താഴെയാണ്.. യദുവുമുണ്ട്.. ” എന്ന് പറഞ്ഞ് ജിത്തു നടന്നു ..
അവൾക്കരികിലേക്ക് നടക്കുമ്പോൾ മനസ്സിൽ നിറയുന്ന വികാരമെന്തെന്നറിയാതെ വിഷമിച്ചവൻ..
അടുത്ത് നിന്നിട്ടും ഒന്നും പറയാനാവാതെ
രണ്ടുപേരും വെറുതെ നിൽക്കുന്നത് കണ്ടപ്പോൾ യദു അരികിലേക്ക് വന്നു..
“യദൂ .. ഞാനൊന്ന് മോളെ എടുത്തോട്ടെ..” അനന്തു ഇടർച്ചയോടെ ചോദിച്ചു.
“കുഞ്ഞൂ.. ദാ.. ഈ അങ്കിള് കുഞ്ഞിനെ വിളിക്കുന്നുണ്ടല്ലോ..” എന്ന് യദു പറഞ്ഞപ്പോൾ
വേദൂട്ടി തലയുയർത്തി നോക്കി.. അനന്തു കൈ നീട്ടിയപ്പോൾ യദുവിനെ നോക്കി..
“ചെല്ലെടാ..” എന്നവൻ പറഞ്ഞതും അനന്തുവിൻ്റെ കയ്യിലേക്ക് ചാടി.. വല്ലാത്തൊരാവേശത്തോടെ കുഞ്ഞിനെ തുരുതുരെ മുത്തിയവൻ..
ഒടുവിലവളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞവൻ… വേദൂട്ടിയും കരഞ്ഞു തുടങ്ങിയതും ബാല ഓടിച്ചെന്ന് കുഞ്ഞിനെ വാങ്ങി..
” ശ്രീക്കുട്ടീ… “നേവോടെ വിളിച്ചവൻ..
” ശ്രീബാല .. ശ്രീബാല യദുകൃഷ്ണൻ.. അങ്ങനെ വിളിച്ചാ മതി.. “ഉറച്ച വാക്കുകളോടെ പറഞ്ഞവൾ ..
” ഇനിയും വെറുപ്പാണോ നിനക്കെന്നോട്? ” ദയനീയമായവൻ ചോദിച്ചു.
” ഉണ്ടായിരുന്നു .. ഇപ്പോഴില്ല.. ” അവൾ പതിയെ ചിരിച്ചു.
” അമ്മയെ കാണാൻ വരുമെന്ന് കരുതിയില്ല.. ”
“യദുവേട്ടൻ പറഞ്ഞിട്ടാ വന്നത്.. ഞാനൊരിക്കലും ഒരു കൂടിക്കാഴ്ച്ച ആഗ്രഹിച്ചിരുന്നില്ല .. ഇപ്പൊ തോന്നുന്നു വന്നത് നന്നായെന്ന്.. മനസ്സിനൊരു സുഖമുണ്ട്.. പഴയ ഓർമ്മകളെല്ലാം ഇവിടെ ഉപേക്ഷിച്ച് പോവ്വാണ് .. ഇനിയീ നീറുന്ന ഓർമ്മകൾ വേണ്ടെനിക്ക് .. “ബാല പറഞ്ഞു.
തന്നിൽ നിന്നുമകന്ന് ദൂരേക്ക് പോകുന്നവളെ അനന്തു നോക്കി നിന്നു.. കൺകോണിൽ ഉരുണ്ടുകൂടിയ നീർത്തുള്ളികളെ വിരലിനാൽ തട്ടിത്തെറിപ്പിച്ചു..
“എന്നിലെ പ്രണയമേ,
എങ്ങു പോയാലുമെൻ പ്രാണനിൽ നീ മാത്രം
നിറഞ്ഞു നിൽക്കും..
നിൻ പുഞ്ചിരി മുത്തുകൾ എന്നുമെന്നുള്ളിൽ
വസന്തം തീർക്കും..
അത് മതി ഇനിയുള്ള കാലമീ മണ്ണിൽ വെറുതെ ജീവിച്ച് തീർക്കാൻ ..”
“ഏട്ടാ…” ജിത്തു അനന്തുവിൻ്റെ തോളിൽ കൈ ചേർത്തു.അനന്തു പെട്ടന്നവൻ്റെ തോളിലേക്ക് ചാഞ്ഞു .. പൊട്ടിക്കരഞ്ഞു..
ഏറെ നേരത്തിനുശേഷം കണ്ണുകൾ തുടച്ചവൻ എഴുന്നേറ്റു..
“ഇത്രയും സ്നേഹിച്ചിട്ടും അമ്മ പറയുന്നത് കേട്ട് എന്തിനാ ഏട്ടാ ബാലയെ വേദനിപ്പിച്ചത് .. “ജിത്തു ചോദിച്ചു.
“ഏതോ ഒരു നിമിഷത്തിൽ പറ്റിപ്പോയതാ.. തെറ്റാണ് എന്നറിഞ്ഞപ്പോഴേക്കും അവളെന്നെ വെറുത്തിരുന്നു.. അവളെക്കുറ്റം പറയാനാവില്ല..
ഒരിക്കലും ശ്രീക്കുട്ടിയില്ലാതെ വയ്യെന്ന് തോന്നിയിട്ടാണ് വീണ്ടും വീണ്ടും അവളെക്കാണാൻ പോയത്.. ഒടുവിൽ യദുവുമായുള്ള വിവാഹത്തിന് അവൾ സമ്മതിച്ചത് പോലും എന്നോടുള്ള വാശിക്കായിരുന്നു .. പിന്നീടുള്ള ദിവസങ്ങളിലൊക്കെ ഒരു തരം മരവിപ്പായിരുന്നു ..
തോറ്റു പോയി .. ജിത്തൂട്ടാ .. “ഇടർച്ചയോടെ അനന്തു പറഞ്ഞു.
“ബാലയും യദുവും സന്തോഷമായിത്തന്നെ ജീവിക്കുമേട്ടാ.. എൻ്റെ ഏട്ടൻ ഇങ്ങനെ അടഞ്ഞ് കൂടി ഇരിക്കരുത്.. തിരികെ പോണം.. ” ജിത്തു അവനെ നിർബന്ധിച്ചു.
” അവര് തമ്മിൽ നല്ല ചേർച്ചയാലേ.. ജിത്തൂട്ടാ .. ”
നോവുള്ള ചിരിയോടെ അനന്തു ചോദിച്ചു.
” ഉം.. “ജിത്തു മൂളി ..
” അവളെന്നും സന്തോഷായിരുന്നാ മതി.. അത് മതി .. ” എന്ന് പറഞ്ഞ് പോകുന്ന ഏട്ടനെ നോക്കി നിന്നു ജിത്തു ..
✨✨✨✨✨✨✨✨✨✨✨✨✨✨✨
വീട്ടിലെത്തിയ ശേഷം തിരികെ പോവാനുള്ള തയ്യാറെടുപ്പിലാണ് ബാല..
അവളുടെ മനസ്സ് ശാന്തമായിരുന്നു ..
വേദൂട്ടിയുടെ ഡ്രസ്സെല്ലാം ബാഗിലാക്കി തിരിഞ്ഞപ്പോഴാണ് യദു അകത്തേക്ക് കയറി
വന്നത്..
“റെഡിയായോ.. ” അവൻ ചോദിച്ചു.
” ഒന്ന് വേഗം കുളിച്ചിട്ട് വരാം.. ” എന്നു പറഞ്ഞവൾ കുളിക്കാൻ കയറി..
തിരികെ ഇറങ്ങുമ്പോൾ യദു കട്ടിലിൽ ഇരിപ്പുണ്ട് ..
അവനെയൊന്നു നോക്കിയിട്ട് കണ്ണാടിക്ക് മുൻപിൽ നിന്നും ടവ്വൽ കൊണ്ട് കെട്ടിവച്ച നനഞ്ഞമുടി അഴിച്ചിട്ടവൾ.. തിരികെ നടക്കാൻ തുടങ്ങിയതും
യദു അവൾക്കരികിൽ എത്തിയിരുന്നു ..
എന്തെന്ന ഭാവത്തിൽ അവനെ നോക്കിയതും..
കുസൃതിച്ചിരിയോടെ കണ്ണു ചിമ്മിയവൻ.. കൈ നീട്ടി
മേശപ്പുറത്തിരിക്കുന്ന സിന്ദൂരചെപ്പെടുത്ത് അതിൽ നിന്നും ഒരു നുള്ളെടുത്ത് അവളുടെ നെറ്റിയിൽ ചാർത്തിക്കൊടുത്തു..
അമ്പരപ്പോടെ തന്നെ നോക്കുന്നവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ..
പെട്ടന്ന് തന്നെ ഡ്രസ്സെടുത്ത് കുളിക്കാൻ കയറി..
ബാല അപ്പോഴും തരിച്ച് നിൽപ്പായിരുന്നു .. നിമിഷ നേരം കൊണ്ട് എന്തൊക്കെയാ സംഭവിച്ചത്.. സ്വപ്നമായിരുന്നോ.. സംശയത്തോടെ കണ്ണാടിയിൽ നോക്കിയപ്പോൾ ചുവന്ന സിന്ദൂരരേഖകണ്ടതും അവളിൽ ചിരി വിടർന്നു ..
അവൻ്റെ ചുണ്ടുകൾ പതിഞ്ഞ നെറ്റിക്കപ്പോഴും ചൂടു പോലെ തോന്നി..
ഇത്തവണ സൗദാമ്മയെയും കൂട്ടിയാണ് പോവുന്നത്. ഒരുങ്ങിയിറങ്ങിയപ്പോൾ സൗദാമ്മയ്ക്ക് വല്ലാത്ത സങ്കടം പോലെ തോന്നി..
“ഇതെന്തുവാ അമ്മേ.. മുഖം വീർപ്പിച്ചു വച്ചേക്കണെ..” യദു ചോദിച്ചു.
” പെട്ടന്നുള്ള പോക്കായത് കൊണ്ട് വല്ലാത്ത വിഷമം പോലെ.. ” അവർ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.
“അമ്മയിങ്ങനെ കരഞ്ഞ് ബാലയെ ഒന്നും അറിയിക്കണ്ട.. അറിഞ്ഞാൽ ചിലപ്പോ അവള് സമ്മതിക്കില്ല.. എല്ലാം റെഡിയാക്കീട്ട് പറഞ്ഞാ മതി.. “യദു പറഞ്ഞപ്പോൾ അവർ
തലയാട്ടി..
ബാഗെല്ലാം എടുത്തിറങ്ങുമ്പോൾ അരികിലേക്ക് വന്ന യദുവിനെ നോക്കാൻ ബാലയ്ക്ക് മടി തോന്നി..
ഒളികണ്ണിട്ട് നോക്കുമ്പോൾ ചിരിയോടെ തന്നെ നോക്കി നിൽപ്പുണ്ട് .. പെട്ടന്ന് മുഖം തിരിച്ച് വേഗം കാറിനടുത്തേക്ക് നടന്നവൾ..
മുഖം തരാതെയുള്ള പെണ്ണിൻ്റെ പോക്കു കണ്ടതും അവനിൽ ചിരി വിടർന്നു ..
ഡ്രൈവിങ്ങിനിടയിൽ അവൻ്റെ കണ്ണുകൾ പലപ്പോഴും തന്നെത്തേടി വരുന്നതറിഞ്ഞിരുന്നു.. ലേശം കുറുമ്പ് കൂടുന്നുണ്ട്.. ചുണ്ടു കോട്ടിക്കൊണ്ട് പിറുപിറുത്തവൾ..
രാത്രി വൈകിയാണ് ഫ്ലാറ്റിലെത്തിയത്.. വേദൂട്ടി ഉറങ്ങിയിരുന്നു..പുറത്ത് നിന്നും ഭക്ഷണംകഴിച്ചാണ് വന്നത്.. വേദൂട്ടിയെ കിടത്തിയ ശേഷം സൗദാമ്മയ്ക്ക് റൂമും കാണിച്ച് കൊടുത്തു.. കുറച്ച് നേരം ഓരോന്ന് പറഞ്ഞിരുന്നു..
തിരികെ റൂമിലെത്തുമ്പോൾ അച്ഛനും മോളും പൊത്തിപ്പിടിച്ച് കിടപ്പുണ്ട് .. യാത്രാക്ഷീണം കാരണം
യദുവും ഉറങ്ങിയിരുന്നു ..
രാവിലെ ബേക്ക് ഫാസ്റ്റിന് പത്തിരിമാവ് കുഴക്കുമ്പോഴാണ് “ടോ.. തനിന്നൊരു ചായയിട്ട് താടോ..” എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലെ സ്ലാവിലേക്ക് കയറി ഇരുന്നത്.
ഇന്നെന്താപ്പൊ ഇങ്ങനെ .. സാധാരണ സ്വന്തം ചായയിടാറാണല്ലോ പതിവ് എന്ന് ചിന്തിച്ചവൾ..
ബാല ചൂടോടെ ചായക്കപ്പ് യദുവിന് നേരെ നീട്ടിയതും അവളെ ഇടുപ്പിൽ ചുറ്റിപിടിച്ച് തന്നോടടുപ്പിച്ചിരുന്നവൻ.. പെട്ടന്നുള്ള അവൻ്റെ പ്രവർത്തിയിൽ ചായക്കപ്പ് കയ്യിൽ നിന്നും താഴെ വീണ് പെട്ടിച്ചിതറി.. അവളാകെ വിളറി നിന്നു.. അവന് പക്ഷേ യാതൊരു ഭാവമാറ്റവുമില്ലായിരുന്നു .
” വിട്.. വിട്.. ” അവൾ കുതറിയതും യദു ഒന്നൂടെ ചേർത്തുപിടിച്ചവളെ..
രാവിലെ കുളി കഴിഞ്ഞ് വന്നിട്ടേയുള്ളൂ എന്നിട്ടും അവളാകെ വിയർത്തു.. നെറ്റിയിൽ നിന്നും വിയർപ്പു മണികൾ ഒഴുകാൻ തുടങ്ങിയിരുന്നു ..
“തനിക്കിപ്പോഴും എന്നോടിത്തിരി പോലും ഇഷ്ടം തോന്നുന്നില്ലേ പെണ്ണേ… ” അവളുടെ കാതിനരുകിലേക്ക് ചേർന്നവൻ ചോദിച്ചു. അവൻ്റെ
ശ്വാസം മുഖത്തടിച്ചതും അവളൊന്നു പിടഞ്ഞു ..
” ഒത്തിരിയൊത്തിരി ഇഷ്ടമാണെ”ന്ന് പറയാൻ തോന്നിയെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു…
” അമ്മേ .. ” വാതിൽക്കൽ നിന്നും വേദൂട്ടിയുടെ ശബ്ദം കേട്ടതും യദു ബാലയെ വിട്ടു.. അവൾ ആശ്വാസത്തോടെ ശ്വാസം വലിച്ചു ..
വേഗം പോയിമോളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു .. അപ്പോഴും അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു ..
മോളെയും എടുത്ത് തിരിഞ്ഞപ്പോൾ യദു പൊട്ടിയ കപ്പിൻ്റെ ചില്ലുകൾ പെറുക്കുന്നത് കണ്ടു.. അടുത്ത് ചെന്ന് മോളെ അവനു നേരെ നീട്ടി.. അവളെ കണ്ണടച്ചു കാണിച്ച് വീണ്ടും ക്ലീൻ ചെയ്യുന്നവൻ്റെ കയ്യിൽ പിടിച്ചു..
“മോളെ പിടിക്ക് .. ഞാൻ ചെയ്തോളാം.. ” അവൾ പറഞ്ഞതും അവൻ കുഞ്ഞിനെ വാങ്ങി.. ബാല തറയെല്ലാം വൃത്തിയാക്കി തിരിഞ്ഞപ്പോൾ
” അതേ .. ചായ കിട്ടീലാട്ടോ..” പിന്നിൽ നിന്നും നിന്നും യദുവിൻ്റെ ശബ്ദം കേട്ടു ..
വീണ്ടും ചായ ഗ്യാസടുപ്പിലേക്ക് വെച്ചപ്പോഴേക്കും
” ക്ഷീണം കൊണ്ട് നേരം വെളുത്തതൊന്നും അറിഞ്ഞേയില്ല.. ” എന്നു പറഞ്ഞോണ്ട് സൗദാമ്മ വന്നു.. ബാല അമ്മയെ നോക്കി ചിരിച്ചു.. അവൾക്കൽപ്പം ആശ്വാസം തോന്നി..
ചായയിട്ട് സൗദാമ്മയ്ക്ക് നൽകി..
“ഇതൊന്ന് യദുവേട്ടന് കൊടുക്കണേ..” എന്നു പറഞ്ഞ് സൗദാമ്മയുടെ കയ്യിൽ കൊടുത്തു.
ഇപ്പൊ എങ്ങനെയുണ്ടെന്ന മട്ടിൽ യദുവിനെ പാളി നോക്കുമ്പോൾ കണ്ണുരുട്ടി നോക്കിയവൻ..
” ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് നമുക്കൊന്ന് പുറത്തേക്ക് പോവാട്ടോ .. ” യദുവാണ്.
“എവിടേക്കാ.. “ബാലയവനെ നോക്കി..
” അതൊരു സർപ്രൈസ് ആയിക്കോട്ടേ.. ..” എന്നും പറഞ്ഞ് പുറത്തേക്ക് പോയവൻ..
അതെന്ത് സർപ്രൈസ് എന്ന ആലോചനയിലാണ് ബാല..
തുടരും..