Home Latest നിന്റെ കയ്യിൽ നിന്ന് കളഞ്ഞുപോയൊരു മാണിക്യകല്ല് എന്റെ കഴുത്തിൽ താലി കയറുന്ന ദിവസം നിനക്ക് കാണാം.....

നിന്റെ കയ്യിൽ നിന്ന് കളഞ്ഞുപോയൊരു മാണിക്യകല്ല് എന്റെ കഴുത്തിൽ താലി കയറുന്ന ദിവസം നിനക്ക് കാണാം.. Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

 

രചന : Abhijith Unnikrishnan

പ്രിയം 2.0 (ഭാഗം -പത്ത്)

ഉണ്ണി കുറച്ച് നേരം നിന്നിട്ട്..
രശ്മി പറയൂ..

രശ്മിയൊന്ന് ചിരിച്ചു..
അവള് വരുന്നുണ്ടെടാ നിന്നെ കാണാൻ..

ഉണ്ണി ആകാംക്ഷയോടെ.
ആര്..?

രശ്മി വീണ്ടും ചിരിച്ചു..
നിന്റെ കയ്യിൽ നിന്ന് കളഞ്ഞുപോയൊരു മാണിക്യകല്ല് എന്റെ കഴുത്തിൽ താലി കയറുന്ന ദിവസം നിനക്ക് കാണാം..
രശ്മി ഫോൺ കട്ടാക്കി.

ഫോൺ കട്ടായെങ്കിലും ഉണ്ണിയുടെ മുഖത്തെ സന്തോഷവും ആകാംക്ഷയും മായാതെ നിന്നു, പെട്ടെന്ന് ഉണ്ണിയെന്നൊരു വിളി കേട്ടപ്പോൾ മുഖത്തെ ചിരി തനിയെ മാഞ്ഞുപോയി, പകരം ടെൻഷൻ കൂടി തുടങ്ങി, പ്രിയ ഉണ്ണിയുടെ അരികിലേക്ക് വന്ന് തോളിൽ തട്ടി..
ഹലോ സാർ എന്ത് നോക്കികൊണ്ട് നിൽക്കാ, അമ്മ വിളിച്ചാലേ അകത്തു വരൂന്നുണ്ടോ..

ഉണ്ണി മറുപടിയൊന്നും പറയുന്നത് കാണാഞ്ഞപ്പോൾ പ്രിയ കയ്യിൽ പിടിച്ച് വലിച്ചു..
നിന്ന് ബലം പിടിക്കാതെ കയറി വാടോ, ഞാനല്ലേ വിളിക്കുന്നേ, ഇത് നമ്മുടെ സ്വന്തം വീട് പോലെ കരുതിയാൽ മതി..

ഉണ്ണിയൊന്ന് പ്രിയയെ നോക്കി..
ഒരു മിനിറ്റ് ഞാൻ മിണ്ടാതിരുന്നാൽ നീ എന്റെ തലയിൽ കേറുമല്ലോ..

നീ എന്നോട് മിണ്ടാത്തതുകൊണ്ടല്ലേ, ഞാൻ എത്ര നേരമായി നിന്നെയും കാത്ത് നിൽക്കുന്നു..

എന്തിന്..?

പ്രിയ ഉണ്ണിയുടെ കയ്യിൽ നുള്ളി..
ഭർത്താവാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല, അനുഗ്രഹം ഞാൻ ഒറ്റയ്ക്ക് വാങ്ങിയാൽ മതിയോ നീയും വേണ്ടേ…

ഉണ്ണി ചിരിച്ചു..
എനിക്ക് തൽക്കാലം അനുഗ്രഹത്തിന്റെ ആവശ്യമില്ല, ചെറുപ്പം തൊട്ടേ കിട്ടുന്നതാ..

അതൊന്നും പറഞ്ഞാൽ പറ്റില്ല, ഇങ്ങോട്ട് വന്നേ..
പ്രിയ കൈപിടിച്ച് മുകളിലേക്ക് നടന്നു..

ഉണ്ണി സംശയത്തോടെ..
അവിടെ എന്താ..?

വാ വന്ന് എനിക്ക് ആദ്യം നിന്റെ മുറി കാണിച്ചു താ ..

ഉണ്ണി പ്രിയയുടെ കൂടെ മുകളിലെത്തി, പതുക്കെ മുറി തുറന്ന് അകത്തേക്ക് കയറി ചുറ്റിലും നോക്കിയിട്ട്..
എല്ലാം നീ വരച്ച പ്ലാനുകൾ തന്നെയാണോ..

അല്ല കാശ് കൊടുത്ത് വരപ്പിച്ചതാ, എന്നിട്ട് അതെടുത്ത് ഞാനിവിടെ തൂക്കി..

പ്രിയയൊന്ന് ചിരിച്ചു..
ചൂടാവല്ലേ ഉണ്ണി, ഞാൻ ആദ്യായിട്ട് കാണുന്നത് കൊണ്ട് ചോദിച്ചതല്ലേ..

ഉം.. കണ്ടിട്ടെന്ത് തോന്നുന്നു..?

പ്രിയ അരികിലേക്ക് വന്നു..
അപ്പോൾ ശരിക്കും നീ എഞ്ചിനീയർ തന്നെയാണല്ലേ..

ഉണ്ണി അവളുടെ ഇടുപ്പിനെ ചുറ്റിപിടിച്ചു..
അല്ല ഡോക്ടറാ..

ഉം.. ഞാൻ ശരിക്കും ഭാഗ്യവതി ആണപ്പോൾ ഒരു എഞ്ചിനീയറെ കല്യാണം കഴിക്കാന്നൊക്കെ പറയുന്നത് എന്റെ പൂർവികർ ചെയ്ത പുണ്യം..

ഉണ്ണി അവളെ നോക്കി..
കളിയാക്കി കഴിഞ്ഞോ..?

ഇല്ല ബാക്കി കൂടി പറയട്ടെ…

എന്നാൽ പറയ്..

പ്രിയ തുടർന്നു..
സൽസ്വഭാവിയും സുന്ദരനും അതിലുപരി ഒരു പെണ്ണിനെ പോലും പ്രണയിക്കാത്ത..

പെട്ടെന്ന് ഉണ്ണി കൈ മാറ്റി, പ്രിയ കാര്യം മനസ്സിലാവാതെ നിന്നു, ഉണ്ണി പെട്ടെന്ന് വാതിലിലേക്ക് നോക്കി..
ഓ സോറി അമ്മ വരുന്ന പോലെ തോന്നി.

അതിന് നിനക്കെന്താ…
പ്രിയ സംശയത്തോടെ ചോദിച്ചു..

അല്ല അമ്മ വരുമ്പോൾ കണ്ടാലോ വിചാരിച്ചു പറഞ്ഞതാ..

പ്രിയ ഉണ്ണിയെ തന്നെ നോക്കികൊണ്ടിരുന്നു..
നിനക്ക് ഞാൻ നിന്റെ ആരാണെന്ന് വല്ല ബോധവുമുണ്ടോ, അതോ ഇടയ്ക്ക് മറന്ന് പോവുന്നുണ്ടോ..

ഉണ്ണിയൊന്ന് ദീർഘാശ്വാസമെടുത്തു..
എന്തിനാ നീ അങ്ങനെ പറയുന്നത്..

പ്രിയ ഒന്ന് കൂടി ചേർന്നു..
ഞാനും ശ്രദ്ധിക്കുന്നുണ്ട് നിനക്ക് നല്ല മാറ്റമുണ്ട്, എന്തിനാ ഇത്ര ടെൻഷൻ, അല്ലേൽ എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ ഓടാൻ പോലും സമ്മതിക്കാതെ പിടിച്ചു നിർത്തുന്ന ആളാ കല്യാണം കഴിഞ്ഞതിനു ശേഷം അമ്മ വരുന്നെന്നു പറഞ്ഞ് തള്ളി മാറ്റുന്നത്..

ഉണ്ണി പ്രിയയെ ചേർത്ത് പിടിച്ചു..
ഞാൻ സോറി പറഞ്ഞില്ലേ, അമ്മ വരുന്നത് പോലെ തോന്നി പെട്ടെന്ന് വന്ന് കണ്ടാൽ എന്താ വിചാരിക്കാന്ന് തോന്നി വിട്ടതാ…

അതെന്താ അമ്മയ്ക്ക് അറിഞ്ഞൂടെ നമ്മളൊരു വീട്ടിലാ താമസമെന്ന്…

ഉണ്ണി അവളെ തന്നെ നോക്കികൊണ്ടിരുന്നു..
ഇനി ഞാനെന്താ ചെയ്യേണ്ടതെന്നു കൂടി പറ…

ഇനിയും നീ സോറി പറഞ്ഞാൽ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിക്കും..

ഉണ്ണി അവളുടെ കവിളിലൊരു ഉമ്മ കൊടുത്തു..
സോറി..

പ്രിയ ഉണ്ണിയുടെ കയ്യിൽ നിന്ന് ബലമായി ഇറങ്ങി പോയി, ഉണ്ണി പുറകിൽ ചെന്നു..
പ്രിയ പ്ലീസ്, എന്നെ വിട്ട് പോവരുത്..

ഉണ്ണി പെട്ടെന്ന് നിന്നു, കണ്ണടച്ച് നിലത്തിരുന്നു, മനസ്സിൽ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരാൻ തുടങ്ങി, പെട്ടെന്ന് പ്രിയ മുതുകിൽ കൊട്ടി..
ഡോ.. ലാലേട്ടന്റെ റേഞ്ചിൽ അഭിനയിക്കൊന്നും വേണ്ട, എഴുന്നേറ്റ് കൂടെ വാ, നിന്നെയൊക്കെ വിട്ട് എങ്ങോട്ട് പോവാനാണ്..

ഉണ്ണിയൊന്ന് പ്രിയയെ നോക്കി, അവളൊന്ന് ചിരിച്ചു..
എന്തുപറ്റിയെടാ നിനക്ക് രാവിലെ തൊട്ട്, തീരെ വയ്യേ..

ഏയ്‌ ഒന്നുമില്ല, പെട്ടെന്നെന്തോ ഓർമ്മ വന്നു..

അത് സാരമില്ല, മനസ്സ് ശരിയല്ലേൽ രണ്ട് മിനിറ്റ് ഇരുന്നിട്ട് വാ..

ഉണ്ണിയൊന്ന് ചിരിച്ച് കാണിച്ചു..
ഒരു കുഴപ്പവുമില്ല നിന്നെയൊന്ന് പേടിപ്പിക്കാൻ വേണ്ടി കാണിച്ചതാ..

പ്രിയയും ചിരിച്ചു കൊണ്ട്..
ഞാൻ ഒന്ന് തൊഴിച്ചാലുണ്ടല്ലോ, നീ എഴുന്നേറ്റ് കൂടെ വന്നേ പോയിട്ട് വേറെ പണിയുള്ളതാ..

ആ വന്നു..
ഉണ്ണി എഴുന്നേറ്റ് പ്രിയയുടെ പുറകെ നടന്നു, അമ്മയെ കണ്ടപ്പോൾ രണ്ടുപേരും നിന്നു, അമ്മ ഉണ്ണിയെയൊന്ന് നോക്കി..
എന്താടാ മുഖത്തൊരു കള്ളലക്ഷണം..

ഉണ്ണി അമ്മയുടെ അരികിലേക്ക് ചെന്നിട്ട്.
അത് പാരമ്പര്യമാ , എന്റെ അച്ഛനും ഉണ്ടായിരുന്നു ഈ ലക്ഷണം..

പോടാ അവിടുന്ന് വെറുതെ അച്ഛനെ പറയാതെ, നിന്റെ ഏട്ടനെ കണ്ടോ അവനൊരു കുഴപ്പവുമില്ലല്ലോ..

ഉണ്ണി ചിരിച്ചു..
ആ അതുശരിയാ എന്റെ മുഖത്തെ ലക്ഷണമുള്ളൂ, ഏട്ടൻ ശരിക്കും കള്ളനാ..

നിനക്ക് അവനെ കുറ്റം പറയാനേ നേരമുള്ളോ..

ഉണ്ണിയൊന്നും പറയാതെ ഹാളിലേക്ക് വന്നു, പ്രിയ മുന്നിലേക്ക് വന്ന് തടഞ്ഞു നിർത്തി..
അനുഗ്രഹം വാങ്ങിക്കണ്ടേ..

ഉണ്ണി അവളുടെ കൈപിടിച്ച് കൊണ്ട് അമ്മയുടെ കാലിൽ വീണു..
പെട്ടെന്ന് സംഭവിച്ചപ്പോൾ അമ്മയൊന്ന് ഞെട്ടിയെങ്കിലും തലയിൽ തൊട്ട് അനുഗ്രഹിച്ചു..
നന്നായി വരട്ടെ..

ഉണ്ണി പുറത്തേക്കിറങ്ങി, അമ്മ പുറകിൽ നിന്ന്..
മോനെ അവൻ ഒറ്റക്കാ ഓരോന്ന് ചെയ്യുന്നത് നിന്റെ ഒഴിവു പോലെ അവനെയൊന്ന് സഹായിക്ക്..

ഉണ്ണി തലയാട്ടി, പ്രിയ കയ്യിൽ തൂങ്ങാൻ തുടങ്ങി..
അമ്മയ്ക്ക് നിന്നെ വലിയ ഇഷ്ടാണെന്ന് തോന്നണു..

എല്ലാ അമ്മമാർക്കും മക്കളെ നല്ല ഇഷ്ടം തന്നെയാ, പിന്നെ എന്നോട് ഇഷ്ടക്കൂടുതലുള്ളത് കൊണ്ടൊന്നുമല്ല, ഏട്ടന് ഒറ്റയ്ക്ക് ഈ പണികളൊന്നും ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്നതുകൊണ്ടാ അങ്ങനെ പറഞ്ഞത്..

ആണോ കേട്ടപ്പോൾ എനിക്കങ്ങനെയല്ല തോന്നിയത്..

നിനക്കങ്ങനെ പലതും തോന്നും..

രണ്ടുപേരും വീടിനുള്ളിലേക്ക് കയറിയപ്പോൾ ഗായത്രി ഭക്ഷണം കഴിക്കുകയായിരുന്നു, ഉണ്ണി ഗായത്രിയെ നോക്കിയിട്ട്..
കഴിക്കുമ്പോൾ വേണോന്ന് ചോദിച്ചൂടെ..

ഗായത്രി തലയുയർത്തി നോക്കി..
എന്തിന്…. രണ്ടാളും ഇപ്പോൾ അവിടുന്ന് കഴിച്ചിട്ടല്ലേ വരുന്നത്..

ഉണ്ണി ഗായത്രിയുടെ അരികിലായിരുന്നു..
അതേ അവിടെ ചിക്കൻ ബിരിയാണിയുണ്ടായിരുന്നു, അത് കഴിച്ചതു മുതൽ നല്ല വിശപ്പ്, എടത്തിയമ്മയുടെ കൂടെ ഇരുന്ന് കഴിച്ചാലേ ശരിയാവൂ..

ഗായത്രിയൊന്ന് ചിരിച്ചു…
എന്നെ നല്ലോം അങ്ങ് സന്തോഷിപ്പിക്കുന്നുണ്ട്, എന്തോ കാര്യം സാധിക്കാനുണ്ട് തോന്നണു..

ഏയ്‌ അതൊന്നുമില്ല..

അല്ല നീ പറ… എന്നെ കൊണ്ട് ആവുന്നതാണേൽ ചെയ്തു തരാം..

എന്താ എടത്തിയമ്മ ഇങ്ങനെയൊക്കെ പറയുന്നേ, ഞാൻ എന്തേലും സാധിക്കാൻ വേണ്ടിയാണോ പറയുന്നേ..

ദേ തുടങ്ങി സെന്റിമെൻസ്….എന്നെയങ്ങു കരയിക്കോടാ നീ..

ഉണ്ണി ചിരിച്ചിട്ട് കഴിക്കാൻ തുടങ്ങി, കുറച്ചു നേരം കഴിഞ്ഞപ്പോൾ ഹാളിൽ വന്നിരുന്നു, സമയം പോവാൻ വേണ്ടി ഓരോന്ന് ചെയ്തോണ്ടിരിക്കുമ്പോഴാണ് പ്രിയ റൂമിൽ കാര്യമായെന്തോ നോക്കുന്നത് കണ്ടത്, എഴുന്നേറ്റ് അരികിൽ ചെന്നപ്പോൾ പഴയ ഫോട്ടോകൾ നിരത്തി വെച്ചിരിക്കുന്നു, ഉണ്ണിയെ കണ്ടപ്പോൾ പ്രിയയൊന്ന് നോക്കിയിട്ട്..
ഇരിക്ക്…

ഉണ്ണി അവളെ ചേർന്നിരുന്നു, കയ്യിലിരുന്ന ഫോട്ടോകളൊക്കെ കാണിച്ചു കൊണ്ട്..
നേരെ നോക്കിക്കോ ഇതൊക്കെ നിന്റെ അമ്മായിഅച്ഛന്റെയും അമ്മായിഅമ്മയുടെയും വിലപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയ രസക്കൂട്ടാ..

ഉണ്ണി ഓരോ ഫോട്ടോകളായി നോക്കികൊണ്ടിരുന്നു, ഒരു ഫോട്ടോയിൽ കണ്ണുടക്കി..
ഇത് നീയല്ലേ..

എവിടെ നോക്കട്ടെ..
പ്രിയ ഫോട്ടോയിലേക്ക് നോക്കി..
ആ അത് ഞാൻ തന്നെ… അയ്യോ അതൊക്കെ ഇടയിലുണ്ടായിരുന്നോ… അതിങ്ങ് തന്നേ..

ഉണ്ണി ഫോട്ടോ മാറ്റിപ്പിടിച്ചു..
തരില്ല നല്ല രസമുണ്ട്..

എന്തിനാടാ നിനക്ക് ആ ഫോട്ടോ കിട്ടിയിട്ട് ഞാൻ നിന്റെ മുന്നിൽ ജീവനോടെ നിൽക്കുന്നില്ലേ..

അതുപോലെയല്ലല്ലോ ഇത്… ഈ ഫോട്ടോ ഞാൻ വലുതാക്കി ഫ്രെയിം ചെയ്ത് ഹാളിൽ തൂക്കും…

ദുഷ്ടൻ… വേറെയൊന്നും കിട്ടിയില്ല ഹാളിൽ തൂക്കാൻ…

എനിക്കിത് തരുമോ ഇല്ലയോ..

പ്രിയയൊന്ന് ഉണ്ണിയെ നോക്കി..
നിനക്ക് വേണേൽ എടുത്തോ…

താങ്ക്സ്..

അയ്യടാ അവന്റെയൊരു താങ്ക്സ്… അത് കിട്ടിയിട്ടെന്തിനാ..

ഉണ്ണി അവളെ ചേർന്നു..
ഇതിൽ നോക്ക് നിന്റെ മുഖം… കാണാൻ നല്ല ചന്തമില്ലേ…

പ്രിയ ചിരിച്ചു..
അമ്മയും പറയും ചെറുപ്പത്തിൽ കാണാൻ നല്ല രസമുണ്ടായിരുന്നെന്ന്… ഇപ്പോഴും ചെറുതായിട്ട് ഒരു രസമൊക്കെയില്ലേ..

ഉണ്ട്… ചെറുതായിട്ടേയുള്ളൂയെന്ന് മാത്രം..

പോടാ… നിന്നോട് തന്നെ ചോദിക്കും വേണം..

സമയം പോയികൊണ്ടിരുന്നു, വൈകുന്നേരം ഹോസ്പിറ്റലിൽ പോവാൻ വേണ്ടി രണ്ടുപേരും ഇറങ്ങി പുറത്ത് നിന്നു, ഉണ്ണി ബൈക്കെടുത്ത് വന്നപ്പോൾ ഇരുവരും കയറി, ഹോസ്പിറ്റലിലെത്തി പ്രിയ മുകളിലേക്ക് നടന്നു, ഉണ്ണിയും ഗായത്രിയും സാവധാനത്തിൽ പുറകെ ചെന്നു, ഫസ്റ്റ് ഫ്ലോറിലെത്തിയപ്പോൾ ഗായത്രി ഉണ്ണിയോട്..
ഒരുമിനിറ്റ് ഞാനൊരു കാര്യം പറഞ്ഞിട്ട് വരാം..

ഓക്കേ..

5 മിനിറ്റ് നേരം കഴിഞ്ഞപ്പോൾ ഗായത്രി തിരികെ വന്നു..
സോറി… ഡോക്ടറുണ്ടായിരുന്നു, നമ്മുക്ക് മുകളിൽ പോവാം..

ഉം..
ഉണ്ണിയൊന്ന് മൂളിയിട്ട് കൂടെ നടക്കാനൊരുങ്ങി, പെട്ടെന്ന് നിന്നിട്ട് പുറകിലേക്ക് തിരിഞ്ഞു നോക്കി, ഉണ്ണി നിന്നത് കണ്ടപ്പോൾ ഗായത്രി അവനെ നോക്കികൊണ്ട്..
എന്തുപറ്റി…

ഉണ്ണി ഉത്തരമൊന്നും പറയുന്നത് കാണാഞ്ഞപ്പോൾ ഗായത്രി മുന്നിലേക്ക് നോക്കി..
ആ അളിയനെ നോക്കായിരുന്നോ..
ഒന്ന് നിർത്തിയിട്ട്..
നീ മൂപ്പരുടെ അടുത്ത് നിൽക്കുന്ന കുട്ടിയെ കണ്ടോ… ആള് നല്ല കോമഡിയാ..
എനിക്ക് ആദ്യം പരിചയപ്പെട്ടപ്പോൾ തന്നെ നല്ല ഇഷ്ടായി… പേര് കൂടി ഓർമ്മയിലുണ്ട്..
ഗായത്രി ആലോചിക്കാൻ തുടങ്ങി..

ഉണ്ണി ഗായത്രിയെ നോക്കി..
“അവന്തിക”..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here