Home Latest അവൾ തന്റെ നേർപാതിയായിരുന്നു എന്ന് അയാൾക്ക് ശരിക്കും മനസ്സിലായത് അയാളിൽ നിന്നും അവൾ അടർന്നു മാറിയപ്പോഴാണ്….

അവൾ തന്റെ നേർപാതിയായിരുന്നു എന്ന് അയാൾക്ക് ശരിക്കും മനസ്സിലായത് അയാളിൽ നിന്നും അവൾ അടർന്നു മാറിയപ്പോഴാണ്….

0

രചന : Niviya Roy

കാത്തൂ ഇന്നെങ്കിലും വരുമായിരിക്കും…
കൂടെയുണ്ടായിരുന്നപ്പോൾ പലപ്പോഴും വേദനിപ്പിച്ചിട്ടേയുള്ളു…
ഒന്നും മനഃപ്പൂർവ്വം ആയിരുന്നില്ല.
അവൾ തിരിച്ചു വന്നാൽ ഇനി ഒരിക്കലും അവളെ ഞാൻ വേദനിപ്പിക്കില്ല.

ഏലതോട്ടത്തിലെ ജോലി നിർത്തി ഓരിയിലെ വെള്ളത്തിൽ കാലുകൾ തമ്മിലുരസി തേച്ച് കഴുകുന്നതിനിടയിൽ ഗോപൻ സ്വയം പറഞ്ഞു .

തുലാവർഷത്തിൽ പെയ്യ്ത മഴയിൽ നിറഞ്ഞു കവിഞ്ഞ കിണറിൽ നിന്നും,
പാളത്തൊട്ടിയിൽ തെളിനീര് പോലുള്ള വെള്ളം കോരി കുളിക്കുമ്പോളും അയാൾക്ക് തണുപ്പ് അനുഭവപ്പെട്ടില്ല. അവളെക്കുറിച്ചുള്ള ഓർമ്മകൾ ഉള്ളിൽ തീ പോലെ കത്തി നിന്നത് കൊണ്ടാവാം ‌.

അവൾ തന്റെ നേർപാതിയായിരുന്നു എന്ന് അയാൾക്ക് ശരിക്കും മനസ്സിലായത് അയാളിൽ നിന്നും അവൾ അടർന്നു മാറിയപ്പോഴാണ്….

കിണറ്റിൻ കരയിൽ നിന്നും കയറി മുറ്റത്തെ അയയിൽ നിന്നും തോർത്തെടുത്തു തല തൂവർത്തുമ്പോൾ അയാൾ ഓർത്തു.

കല്യാണം കഴിഞ്ഞ ആദ്യ നാളിൽ ഒരു ദിവസം താനിതുപോലെ കുളിച്ചിട്ടു വന്നപ്പോൾ അവൾ ഓടിവന്ന്
തന്റെ കൈയിൽ നിന്നും തോർത്ത്‌ പിടിച്ചു മേടിച്ചു തല തുവർത്തിതന്നുകൊണ്ട് പറഞ്ഞു.

നന്നായിട്ട് തല തോർത്തിയില്ലെങ്കിൽ പനി പിടിക്കും ഗോപേട്ടാ …ഈ ഗോപേട്ടാന് സ്വന്തം കാര്യം ഒരു നോട്ടവുമില്ല.

നീയൊന്നു പോടീ… ഇത്രയും നാളും ഞാൻ ഇങ്ങനെ തന്നെയായിരുന്നു.

തല വെട്ടിച്ചു മാറിക്കൊണ്ട് താനത്
പറയുമ്പോൾ എന്തൊക്കയോ പിറുപിറുത് അവൾ അയയിൽ തോർത്ത്‌ വിരിച്ചിടുന്നുണ്ടായിരുന്നു.

അന്ന് സ്നേഹത്തോടെ അവളുടെ ചെറിയ കരുതലുകളെ ഒന്ന് ചേർത്തു പിടിക്കേണ്ടതായിരുന്നു.

ഇന്നും ഓർത്തിട്ട് മനസ്സുലാകുന്നില്ല.ശരിക്കും എന്തിനാണ് അവൾ പിണങ്ങിപ്പോയത്.

തന്റെ കരുതലും സ്നേഹവുമൊക്കെ അവൾ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. ഒരിക്കലും പ്രകടിപ്പിക്കാതെ പോയ തന്റെ സ്നേഹത്തെയോർത്ത് അയാൾക്ക്‌ പുച്ഛം തോന്നി.

ഓടിനടന്നു പണി ചെയ്യ്തു അടുക്കള ചായിപ്പിൽ തളർന്നിരുന്നപ്പോൾ അവൾ ചോദിച്ചിട്ടുണ്ട്

ഗോപേട്ടാ… ആ കൂജയിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം എടുത്തു തരുവോ?

പോയി എടുത്തു കുടിക്കടി… ഒന്ന് മുറ്റം അടിച്ചപ്പോൾ തന്നെ തളർന്നോ?

ആ പാടത്തു പണി ചെയ്യുന്ന പെണ്ണുങ്ങളെ കണ്ടോ? അവരെ കണ്ട് പഠിക്ക്. പകലന്തിയോളം പൊരിവെയിലത്തു നിന്നാണ് അവര് ജോലിചെയ്യുന്നത്.

മുറ്റത്തു വെയിലേറ്റ് വാടിയ കനകാംമ്പര പൂക്കൾ പോലെ അവളുടെ മുഖവും വാടുമ്പോൾ അവളെ നോക്കി കളിയാക്കി ചിരിച്ചതോർത്ത്‌ അയാൾക്കു വിഷമം തോന്നി.

പിന്നെ ഒരിക്കൽ തന്നെ പറ്റിച്ചേർന്ന് കിടന്ന് തന്റെ തടിരോമങ്ങളിൽ വിരലോടിച്ചു അവൾ ചോദിച്ചു

ഗോപേട്ടാ എന്റെ പിറന്നാളിന് എനിക്ക്
ഒരു കരിമണി മാല മേടിച്ചു തരുവോ?

ഇപ്പോ എന്താ കരിമണിമാലയോട് ഇത്ര ആഗ്രഹം?

നമ്മുടെ സുചിത്ര ചേച്ചിയെ ഞാൻ കണ്ടിരുന്നു. പശുവിനെ തൊടിയിൽ കെട്ടാൻ പോകുമ്പോൾ.
ഇപ്പോ കുറച്ചു വണ്ണമൊക്കെ വെച്ച് മുഖമൊക്കെ തുടുത്തു നല്ല സുന്ദരിയായിട്ടുണ്ട്.

ഓരോന്ന് സംസാരിച്ചു നിൽകുമ്പോ പറഞ്ഞതാ… ഒരു കരിമണി മാല ചേച്ചി ഇട്ടിട്ടുണ്ട്.എന്താ ഭംഗി….പിറന്നാളിന് മുകുന്ദേട്ടൻ വാങ്ങി കൊടുത്തതാണ്.

ടീ.. പെണ്ണേ സുചിത്ര ഒറ്റ മോള് ആ തറവാടും പറമ്പും ഒക്കെ അവൾക്കാണ്. അവൾക്കെന്ന് വെച്ച അവളുടെ ഭർത്താവിനും കൂടിയുള്ളത്. പിന്നെ അവള് ചോദിച്ചാൽ ഒന്നല്ല മൂന്നു കരിമണി മാല അയാള് മേടിച്ചു കൊടുക്കില്ലേ?

നിനക്കെന്താ ഉള്ളത്? പുറമ്പോക്കിൽ ഒരു വീട് അതിൽ ഉള്ളതോ ഒരു പൊട്ടക്കിണരും. അതിന് അവകാശികൾ മൂന്നു അനിയത്തിമാരും.ഒരു ആങ്ങളയും.

കൂടുതലൊന്നും പറയിക്കാതെ തന്റെ വാ അവൾ പൊത്തിപ്പിടിച്ചപ്പോൾ ആ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
മനസ്സിന്റെ തേങ്ങലുകൾ വിരലുകളോളം എത്തിയപോലെ…

എങ്കിൽ പിന്നെ മുറപ്പെണ്ണിനെ തന്നെ കെട്ടിയപോരായിരുന്നോ?

കെറുവ്കാട്ടി തിരിഞ്ഞു കിടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

വേണ്ടായിരുന്നു. വെറുതെ തമാശക്ക് ഓരോന്ന് പറഞ്ഞതാണ് പാവം എന്റെ കാത്തു.

സുചിത്ര തന്റെ മുറപ്പെണ്ണ് എട്ട് വർഷം നീണ്ട പ്രണയം. പട്ടണത്തിലെ പഠിപ്പൊക്കെ കഴിഞ്ഞു വന്നപ്പോൾ തന്നെ വേണ്ടെന്നായി. പിന്നെ അവളുടെ കല്യാണത്തിന് മുൻപ് തന്നെ തന്റെ കല്യാണം നടത്തണമെന്ന് അമ്മയ്ക്കും പെങ്ങൾക്കും വാശി.

പെങ്ങളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിൽ ഉള്ള കുട്ടിയാണ് കീർത്തന

ഏട്ടാ… ജയേട്ടന്റെ അകന്ന ബദ്ധത്തിൽ ഒരു കുട്ടിയുണ്ട്. കിട്ടപ്പോരൊന്നുമില്ല.എന്നാലും കുട്ടി നല്ല സുന്ദരിയാണ്. നല്ല സ്വഭാവവും.രണ്ടുവരികളിൽ പെങ്ങൾ കീർത്തനയെ ഒതുക്കി.

അങ്ങനെ കീർത്തന തന്റെ ഭാര്യയായി. അവളെ ഒരുപാട് മനസ്സുകൊണ്ട് സ്നേഹിക്കുന്നുണ്ടെങ്കിലും അതൊന്നും പുറമേ കാണിക്കാൻ പറ്റുന്നുമില്ല.ഒത്തിരി സ്നേഹിച്ചിട്ടും സുചിത്ര തനിക്കു നൽകിയ മുറിവുകൾ ആയിരുന്നോ അങ്ങനെ ചെയ്യാൻ കാരണം? എന്തോ അറിയില്ല.

ഒരിക്കൽ കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഒരു പട്ടുസാരി ചോദിച്ചപ്പോളും കളിയാക്കി.
നീ സമ്പാദിച്ചു വച്ചിട്ടില്ലേ അതിൽ നിന്നും മേടിക്ക്….

എന്തിനാ ഗോപേട്ടാ എന്നെ ഇങ്ങനെ എപ്പോഴും വേദനിപ്പിക്കണേ?

ഒന്നും ഇല്ലന്നറിഞ്ഞു തന്നെയല്ലേ എന്നെ കെട്ടിയത്.ഞാൻ ഒരു ഭാരമാണെങ്കിൽ പോയി തന്നേക്കാം.
ഏതെങ്കിലും കാശ്കാരിയെ കെട്ടി ജീവിച്ചോ.

ഉം… ആലോചിക്കുന്നുണ്ട് നീ പോയിട്ട് വേണം.

അതുകേട്ട് അവൾ മുഖം വീർപ്പിച്ചു കൊണ്ട് കഴുകികൊണ്ടിരുന്ന പത്രങ്ങളിൽ തന്റെ ദേഷ്യം തീർത്തു.

അതൊക്കെ പതിവുള്ള വഴക്കായിരുന്നു ശ്രദ്ധിച്ചില്ല.
അവളുടെ മുഖഭാവം കണ്ട് ഉള്ളിൽ ചിരി വന്നു.

അന്നത്തെ കാലം തെറ്റി പെയ്യ്ത മഴയിൽ കണക്കുകൂട്ടലുകൾ തെറ്റി.
ഏലം, വാഴ കൃഷിയിൽ വല്യ നഷ്ടം ഉണ്ടായി.പെങ്ങളുടെ കല്യാണത്തിന് എടുത്ത പലിശക്കടം തീർന്നു വരുന്നതേ ഉള്ളൂ. രണ്ട് മാസത്തെ അടവ് മുടങ്ങി.

കവലയിൽ വെച്ച് ബ്ലേഡ് വാസു എല്ലാരും കാൺകെ തടഞ്ഞു നിർത്തി കുറേ ചീത്ത പറഞ്ഞു. ആകെ നാണക്കേടായി. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു അനുഭവം. തലയും കുനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.

വരാന്തയിൽ വിഷമിച്ചിരിക്കുമ്പോളാണ് അവൾ അടുത്ത് വന്നത്. കവലയിൽ മീൻവിൽക്കുന്ന പത്രോസിന്റെ ഭാര്യ പറഞ്ഞ് അവൾ എല്ലാം അറിഞ്ഞിട്ടുണ്ടാവും.

ഗോപേട്ടാ ….
അടുത്ത് വന്നിരുന്നു അവൾ വിളിച്ചു

അയാൾ വിളിയൊന്നും കേട്ടില്ലെങ്കിലും അവൾ തുടർന്നു.

വിഷമിക്കണ്ട എല്ലാം ശരിയാകും.തന്റെ തോളിൽ കൈകൾ വെച്ച് അവൾ പറഞ്ഞു

അതുകേട്ടതും ഉള്ളിൽ ഒതുക്കി വെച്ച ദേഷ്യവും സങ്കടവും എല്ലാം പുറത്തേക്ക് ഒഴുകി
എന്തു ശരിയാകുമെന്നാണ്…? നീ വല്ലതും കൊണ്ട് വന്നിട്ടുണ്ടോ? മിണ്ടാതെ അകത്തു കയറിപ്പോടി.

ഇവിടുന്നു ഒരു പെണ്ണിനെ ഇറക്കി വിട്ടത്
കൊട്ടക്കണക്കിനു പൊന്നും പണവും കൊടുത്തിട്ടാണ്.
ഇങ്ങോട്ട് ഒന്ന് വന്നു കയറിയത് കയ്യും വീശി… ഓരോന്നിന്റെ ഒക്കെ ഭാഗ്യം.മുറിക്കത്തേക്ക് കയറുമ്പോൾ അമ്മ പറയുന്ന കേട്ടു അവളുടെ മിഴിയും മനവും നിറഞ്ഞൊഴുകി….

തൊടിയിൽ കാറ്റത്ത് മറിഞ്ഞു വീണ വാഴകൾ വെട്ടി മാറ്റുമ്പോൾ കണ്ടു.
അടുക്കള പിറകിലുള്ള അലക്കുകല്ലിൽ ഇരുന്ന് അവൾ കരയുന്നത്.

അടുത്ത് ചെന്ന് പിറകിൽ നിന്നും ഒന്ന് ചേർത്തു പിടിക്കണം എന്ന് തോന്നി.

പോട്ടെ കാത്തു ഏട്ടന് ഒത്തിരി സങ്കടവും ദേഷ്യവുമൊക്കെ വന്നപ്പോൾ പറഞ്ഞു പോയതാണ്. നിന്നോടല്ലാതെ ആരോടാ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുക?

അങ്ങനെ അന്ന് ചെയ്തിരുന്നെങ്കിൽ പുറം കൈകൊണ്ട് കണ്ണിരു തുടച്ചു തന്നെ ഏറുകണ്ണിട്ടു നോക്കി അവൾ ചിരിച്ചേനെ. അത്രയുമുണ്ടായിരുന്നുള്ളു അവളുടെ പിണക്കങ്ങളുടെ ആയുസ്സ്.

എന്തോ അങ്ങനെ ഒന്നും അന്ന് താൻ പറഞ്ഞില്ല.

അന്ന് നാല് മണിയായിട്ടും പാടവരമ്പത്തേക്ക് അവളെ കണ്ടില്ല. സാധാരണ വൈകിട്ട് ആകുമ്പോൾ അവൾ വരാറുള്ളതാണ് .വള്ളി ചോറ്റുപാത്രത്തിൽ കാച്ചിലു പുഴുങ്ങിയതോ,
കപ്പതാളിച്ചതോ ആയിട്ട്, കൂടെ അമ്മിയിൽ ചെറുള്ളിയും കോൽപുളിയും ചേർത്തു കുത്തി ചതച്ച വെളിച്ചെണ്ണ ചാലിച്ച നല്ല വെള്ളകാന്താരി ചമ്മന്തിയും ചുക്കുകാപ്പിയും.അപ്പോഴും അവളുടെ മുഖത്ത് ലേശം പരിഭവം മിച്ചമുണ്ടാകും

വാഴക്കൂട്ടത്തിന്റെ തണലിൽ അവളെ തന്നോട് ചേർത്തിരുത്തി. ഓരോ കഥകളൊക്കെ പറഞ്ഞ് ഒരുമിച്ചു കഴിക്കുമ്പോൾ അവളുടെ എല്ലാ പിണക്കങ്ങളും തീരും.‌ ഒരു സുന്ദരമായ ഓർമ്മയുടെ തിളക്കം അയാളുടെ കണ്ണിൽ തെളിഞ്ഞു വന്നു.

അന്ന് കാപ്പിയുമായി അവള് വരുമ്പോൾ പറയാൻ അയാൾ കുറച്ചു കാര്യങ്ങൾ കരുതി വെച്ചിരുന്നു .

അടുത്ത വിളവെടുപ്പിന് എന്റെ പെണ്ണിന് ഒരു കരിമണി മാല ഉറപ്പ്. അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി ഓർത്തു അയാളും ചിരിച്ചു.

ഇനി അവളെ ഒരിക്കലും താൻ വേദനിപ്പിക്കില്ല.
സമയം കടന്നിട്ടും അവളെ കാണാതെ അയാൾ നീട്ടിവിളിച്ചു….കാത്തു. മറുപടികേട്ടില്ല…

പതിയെ അവിടെ വരെ ചെന്ന് നോക്കി. അടുക്കള വാതിൽ ചാരിയിട്ടിരിക്കുന്നു. പതിയെ വാതിൽ തുറന്ന്
അകത്തു കടന്നു. വിറക് അടുപ്പ് പുകഞ്ഞു കത്തുന്നുണ്ട്. അടുപ്പിനു മുകളിൽ അലുമിനിയ കലത്തിൽ തനിക്കു കുളിക്കാനുള്ള വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട് . അകത്തു ആളനക്കം ഇല്ല. വീണ്ടും വിളിക്കുള്ള മറുപടി കണ്ടില്ല.അടുത്ത മുറിയിൽ അമ്മ കട്ടിലിൽ കിടന്ന് ഉറങ്ങുന്നുണ്ട്.

കിടപ്പു മുറിയിലും അവളെ കണ്ടില്ല.ഭിത്തിയലമാരയിൽ അവൾക്കുണ്ടായിരുന്ന മഞ്ഞ പുള്ളി സാരിയും സെറ്റ് മുണ്ടും കണ്ടില്ല. മുറിയിൽ നിന്നും ഇറങ്ങുമ്പോൾ തറയിൽ വീണു കിടന്ന അവളുടെ പാദസരത്തിന്റെ മുത്ത്‌ അയാളുടെ കാല് തട്ടി ചിണുങ്ങി. അയാൾ ആ മുത്തെടുത്തു തന്റെ നെഞ്ചോട് ചേർത്തു…….പാവം..അവൾ പോയി.ഒരു നെടുവീർപ്പു അയാളുടെ ഓർമകളെ വിഴുങ്ങി .

കുളിച്ചു തോർത്തി, നിറം മങ്ങിയ നിലകണ്ണാടിയിൽ നോക്കി മുടി ചീകി വെയ്ക്കുമ്പോൾ അവളുടെ ചുവന്ന സ്റ്റിക്കർ പൊട്ടുകൾ അങ്ങിങ്ങായി ഒട്ടിച്ചിരിക്കുന്നത് കണ്ട്
അയാൾക്ക്‌ നെഞ്ചിനു വല്ലാത്ത ഭാരം തോന്നി.
അവളെ ഒന്ന് കാണുവാനും ഒന്ന് ചേർത്തു നിർത്തുവാനും അയാൾ കൊതിച്ചു. ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയരുതെന്നു പറയാൻ മനസ്സ് കൊതിച്ചു .

കട്ടലിൽ കിടന്ന് തലയിണയിൽ മുഖം ചേർത്ത് വയ്ക്കുമ്പോൾ അയാൾ ഓർത്തു.
കാത്തുവിന്റെ വാസന പൗഡറിന്റെ മണം കുറഞ്ഞു തുടങ്ങിയിരിക്കുന്നു.

അങ്ങ് ദൂരെ ഇരുന്ന് അയാളുടെ കാത്തുവും ഓർത്തു
ഏട്ടൻ ഇന്നെങ്കിലും വരുമായിരിക്കും

ഉമ്മറത്ത് തൂക്കിയിട്ടിരുന്ന ശരറാന്തലിന്റെ തിരി ഉയത്തി നീണ്ടു നിവർന്ന് കിടക്കുന്ന പാടവരമ്പിലേക്കു നോക്കി അവളും നിന്നു.

ഇളം മഞ്ഞ നിറത്തിൽ ചെറിയ ചുവന്ന പൂക്കളും പച്ച ഇലകളും നിറഞ്ഞ ഒരു ഓയിൽ സാരിയാണ് അവൾ ഉടുത്തിരുന്നത്.താളിയിട്ട് പതപ്പിച്ചു കഴുകിയ, പട്ടുപോലെ ഒഴുകികിടക്കുന്ന തന്റെ മുടി കാതിനിരുവശത്തേക്കും വകഞ്ഞൊതുക്കി പകുതിക്കു വെച്ച് കെട്ടിട്ട് അതിൽ പനിനീർ ചെമ്പകത്തിന്റെ രണ്ടുമൂന്നു പൂക്കൾ തിരുകിയിരുന്നു.

കണ്ണ് കരിമഷികൊണ്ട് പടർത്തിയെഴുതി…പുരികങ്ങൾക്കു ഒത്ത നടുവിൽ ഒരു സിന്ദൂര പൊട്ട് തൊട്ടിരുന്നു. മുല്ല പൂക്കളുടെ മണമുള്ള വാസന പൗഡറിന്റെ മണം കോലായിൽ നിറഞ്ഞു നിന്നു.

ഈ സമയത്തു ആരെ കാത്തു നിൽക്കുവാ… ?പോയി കിടന്ന് ഉറങ്ങാൻ നോക്ക്.മനുഷ്യരെക്കൊണ്ട് അതുമിതും പറയിക്കാതെ.

ഏടത്തിയുടെ കനത്ത ശബ്ദം കേട്ട് അവൾ കിടപ്പു മുറിയിലേക്ക് നടന്നു

അന്ന് രാത്രി ഏട്ടത്തി ഏട്ടനോട് തനിക്കു കേൾക്കാവുന്ന ഉച്ചത്തിൽ പറയുന്ന കേട്ടു.

എത്ര നാളാ അവളെ നമ്മുടെ കൂടെ നിർത്താൻ പറ്റുക? നമ്മുക്കും രണ്ടു പെൺകുട്ടികൾ വളർന്നു വരുന്നു.
കൂടെ നിങ്ങടെ രണ്ട് അനിയത്തിമാരും അമ്മയ്ക്കാണെങ്കിൽ എപ്പോളും എന്തെങ്കിലുമൊക്കെ അസുഖങ്ങൾ എല്ലാം കൂടി ചിലവ് കൂടിവരികയാ…

അതിനിപ്പോൾ എന്തുചെയ്യാൻ പറ്റും. അവള് വേറെ എവിടെ പോകാനാണ്…?ഏട്ടൻ പറയുന്നത് കേട്ടു .

ഞാൻ ഒരു കാര്യം പറയട്ടെ …?ഇന്ന് മനക്കലെ പുറംപണിക്കാരി പാറുവമ്മ ചേമ്പുതാള് പൊട്ടിക്കാൻ വന്നു. അപ്പോ ഒരു കാര്യം പറഞ്ഞു.

കഴിഞ്ഞ് ദിവസം കീർത്തനയെ അമ്പലത്തിൽ വച്ചു മനക്കലെ ദേവന്റെ അമ്മ കണ്ടപ്പോ

ഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്. ഇപ്പോ ദേവൻ കല്യാണത്തിനു സമ്മതിച്ചു എന്നാ കേൾക്കണേ.

കീർത്തനയെകൊണ്ട് കെട്ടിക്കാൻ ആ അമ്മയ്ക്ക് താല്പര്യം ഉണ്ടത്രേ.

പണ്ട് ഒന്ന് ആലോചന വന്നതാണ് അന്ന് രണ്ടാംകെട്ടാണെന്നു പറഞ്ഞു ഒഴിഞ്ഞു.
ഇന്നിപ്പോ അവളും അങ്ങനെ അല്ലേ?

എന്നാലും മായേ… ദേവന് കീർത്തനയേക്കാൾ പത്തു പതിനഞ്ചു വയസ്സ് മൂപ്പില്ലേ?

ങ്ഹ് മൂന്നാല് വയസ്സ് മൂപ്പുള്ള ഒരാളെകൊണ്ട് കെട്ടിച്ചു എന്തായി? എന്നാ പിന്നെ പെങ്ങളെ ഇവിടെ തന്നെ നിർത്തിക്കോ.കെട്ടിച്ചു വിട്ടാൽ കെട്ടിയോന്റെ കൂടെ നിൽക്കണം.വെറുതെ എന്തെങ്കിലും കാരണം കണ്ട് ഇങ്ങ് പോന്നോളും. വെറുതെ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാൻ.

മതി.. മതി എന്താണെന്നു വെച്ചാൽ ആലോചിച്ചു ചെയ്യാം.
ചേട്ടത്തിയുടെ മുറുമുറുപ്പിനിടയിൽ ഏട്ടൻ പറയുന്ന കേട്ടു.

ഞാൻ ഈ പറയുന്നത് ജീവിതകാലം മുഴുവൻ അവൾക്കു സുഖമായി ജീവിക്കാം. പിന്നെ നമ്മൾക്കെല്ലാവര്ക്കും കൂടി വേണ്ടിയിട്ടുമാണെ.

ഏട്ടൻ ഒന്ന് ഇരുത്തി മൂളുന്നത് കേട്ടു.

പിറ്റേന്ന് മുറ്റമടിച്ചുകൊണ്ട് നിന്ന അവളോട് ചേട്ടന്റെ മകൾ ചോദിച്ചു?

എന്തിനാ കാത്തു ചിറ്റ കരയാണെ?

കരഞ്ഞതല്ല മുറ്റമടിച്ചപ്പോൾ പൊടി വീണതാ…

ഇല്ല ചിറ്റ കരയുവാ…

അമ്മേ ചിറ്റ കരയാണ്…

കുളിച്ചു മുടിതോർത്തികൊണ്ട് നിന്ന ഏട്ടത്തി അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.

ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല.ഒരു ദേഷ്യത്തിന് താൻ എടുത്തു ചാടിയതാണ്. ഗോപേട്ടൻ തന്നെ കൂട്ടാൻ വരുമെന്ന് വിചാരിച്ചു….താൻ ഇങ്ങോട്ടു മടങ്ങി വരരുതായിരുന്നു.

ചേട്ടത്തിയുടെ കുത്തുവാക്കുകൾക്ക് മൂർച്ചക്കൂടിക്കൂടി വന്നു. അച്ഛന്റെയും അമ്മയുടെയും ദൈന്യതയും പരാതികളിലേക്ക് വഴിമാറി തുടങ്ങിയിരിക്കുന്നു.തിരിച്ചു പോയാലോ പലവട്ടം അവൾ ആലോചിച്ചു.

താൻ അവിടെ നിന്നും ഇറങ്ങിപോയിട്ട് ഗോപേട്ടൻ ഒന്ന് അന്വേഷിച്ചു പോലുമില്ല. ഇത്ര മാത്രം ഗോപേട്ടൻ തന്നെ വെറുത്തിരുന്നോ? എന്തായാലും ഒരു തീരുമാനം എടുത്തേ മതിയാകൂ… അവൾ മനസ്സിലുറച്ചു.

അവളുടെ വരവും കാത്തിരുന്നു അയാളും മടുത്തു തുടങ്ങിയിരുന്നു.ഇനിയും കാത്തിരിക്കാൻ വയ്യ അവളെ ഉടനെ തന്നെ കൂട്ടികൊണ്ട് വരണം. തനിയെ ഇറങ്ങിപ്പോയതല്ലേ വരാൻ ഒരുമടി കാണും.ഇങ്ങനെ വാശിയെടുത്തിരുന്നാൽ തീർന്നുപോകുന്നത് ഞങ്ങളുടെ ജീവിതമാണ്.

ഗോപൻ ആ പ്രാവശ്യത്തെ കച്ചവടത്തിൽ നിന്നും ലാഭം കിട്ടിയതിന്റെ പങ്കിൽ അവൾക്കു പട്ടണത്തിലെ കടയിൽ നിന്നും ഒരു കരിമണി മാല മേടിച്ച അവളെ കാണാൻ പോകാൻ അയാൾ തീരുമാനിച്ചു.

ഈ വരുന്ന തൃകാർത്തിക ഉത്സവ തലേന്ന് അവളെ കൂട്ടാൻ പോണം.അവളോടൊത്ത് വീടാകെ വിളക്ക് തെളിക്കണം. ഉത്സവ പറമ്പിൽ നിന്നും നിറയെ കുപ്പിവളകൾ മേടിക്കണം …. അവളുടെ കൈകളിൽ ഇട്ട് കൊടുക്കണം.

അയാൾ അങ്ങനെ ഓരോന്നോർത്തു അവളെ വിളിക്കാൻ പോകാൻ കാത്തിരുന്നു.

ഉത്സവതലേന്ന് രാവിലെ എഴുന്നേറ്റു കുളിച്ച് ഇടാനുള്ള സ്വർണ്ണകസവിന്റെ മുണ്ടും അവൾക്കിഷ്ടമുള്ള ചന്ദന കളറിലെ ഷർട്ടും ഇസ്തിരി ഇടുമ്പോളാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.

ആരാണ് ഈ നേരത്ത് …..കതക് തുറക്കുമ്പോൾ അയാൾ ഓർത്തു.

ഒരു രജിസ്റ്റർഡ് ഉണ്ട് . പോസ്റ്റ്‌മാൻ ആണ്

ഒപ്പിട്ടു വാങ്ങി പെട്ടിച്ചു നോക്കിയ അയാൾ കുറച്ചു നേരം കസേരയിൽ തളർന്നിരുന്നു.പിന്നെ ഓർത്തു
അവൾക്കു വേണ്ടെങ്കിൽ തനിക്കും വേണ്ട. അയാളും തീരുമാനിച്ചു.

വിവാഹ മോചനത്തിന്പി ശേഷം അയാൾ പിന്നീട് കൂട്ടുകാരന്റെ മകന്റെ വിവാഹചടങ്ങിൽ വെച്ചാണ് കീർത്തനയെ കണ്ടത്.

വിലകൂടിയ സാരിയും ആവശ്യത്തിൽ അധികം സ്വർണവും അണിഞ്ഞു ഭർത്താവിന്റെ കൂടെ ആ ചടങ്ങിന് വന്ന അവളെ വീട്ടുകാർ വളരെ ആദരവോടെ സ്വീകരിക്കുന്നതു കണ്ടു

പയ്യൻ നിൽക്കുന്ന കടയുടെ മുതലാളിയാണ് .ആരോ പറയുന്ന കേട്ടു.

ഭക്ഷണം കഴിഞ്ഞു കൈ കഴുകാൻ വരുമ്പോൾ
അവൾ അയാളെ കണ്ടു
പഴയപരിചയക്കാരെപ്പോലെ അവർ ചിരിച്ചു
അയാളുടെ അടുത്തേക്ക് വന്ന് അവൾ ചോദിച്ചു

ഗോപേട്ടന് സുഖമല്ലേ?

അയാൾ തലയാട്ടി…
അവളുടെ കൈയിൽ പിടിച്ചു നിൽക്കുന്ന പട്ടുപാവാട ഇട്ട പെൺകുട്ടിയെ നോക്കി അയാൾ കണ്ണിറുക്കി ചിരിച്ചു

മോൾടെ പേരെന്താ?
ഹരണി
ഗോപേട്ടന്റെ ഭാര്യ… കുട്ടികൾ?
ഭാര്യക്ക് ഇപ്പോൾ അഞ്ചുമാസം ആയി.റെസ്റ്റിൽ ആണ്.

മ്മ്… സൂക്ഷിക്കണം അത് പറഞ്ഞ് അവൾ തലയാട്ടി നടന്നകന്നു….

എന്തിനാ പെണ്ണേ നീയെന്നെ വിട്ടു പോയതെന്ന് ചോദിക്കാൻ മനസ്സ് ഒരുപാട് കൊതിച്ചു.
അനൗചിത്യമായ ആ ചോദ്യം മനസ്സിന്റെ അഴങ്ങളിൽ എവിടെയോ തേങ്ങിയമർന്നു…

വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു…

അയാളുടെ വീട് പരിഷ്കാരത്തിന്റെ മാറ്റങ്ങളിൽ തലയെടുത്തു നിന്നു.
എന്നിട്ടും തേക്കിൽ കൊത്തുപണികൊണ്ട് അലംകൃതമായ അലമാരയുടെ തട്ടുകളിലൊന്നിൽ പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞ തന്റെ ഡ്രെസ്സുകൾക്ക് താഴെ അവളുടെ അടർന്നു വീണ നിറം മങ്ങിയ വെള്ളിക്കൊലുസിന്റെ
മണി അയാൾ സൂക്ഷിച്ചിരുന്നു.

നിലാവ് വല വിരിച്ച തന്റെ വീടിന്റെ മട്ടുപാവിലിരുന്നു അവളും പലവട്ടം ഓർത്തിരുന്നു.
ഏലം പൂക്കുന്ന നാളുകളിൽ ഇറയത്തു പായ വിരിച്ചു ഗോപേട്ടനെ ചേർന്നിരുന്നു പറഞ്ഞ കഥകൾ പലതും ….

ഒരിക്കൽ കാത്തു തന്റെ മകളുടെ വിവാഹത്തിന് അയാളെ ക്ഷണിക്കാൻ ചെന്നു.
കോളിങ് ബെൽ അടിച്ചു കാത്തു നിൽകുമ്പോൾ
ടൈൽസ് പാകിയ മുറ്റത്തു വരിവരിയായി അടുക്കി വെച്ച ചെടിച്ചട്ടിയിലെ പലവർണ്ണങ്ങളിലുള്ള പൂക്കൾ അവൾ വെറുതെ നോക്കി നിന്നു

പണ്ട് വേലിയുടെ ഒരത്തായിട്ട് ഓറഞ്ചു നിറത്തിലെ കനകാംമ്പര പൂക്കൾ കുലകുത്തി പൂത്തിരുന്നു.
വൈകുന്നേരങ്ങളിൽ താനത് പൊട്ടിച്ചു മാലകോർത്ത് തലയിൽ ചൂടിയിരുന്നു.

അവളുടെ ഓർമ്മകളെ തടസ്സപ്പെടുത്തി കതക് തുറന്നു കുറച്ചു പ്രായമായ ഒരാൾ ചോദിച്ചു

ആരാ…?

ആര് വന്നെന്നു പറയണം…?

കാത്തു വന്നിട്ടുണ്ടെന്നു പറഞ്ഞാ മതി.ഒന്നാലോചിച്ച ശേഷം അവൾ പറഞ്ഞു …

പെട്ടന്നു തന്നെ അയാൾ മടങ്ങി വന്നു പറഞ്ഞു.

അകത്തേക്ക് വന്നോളൂ

വിശാലമായ സ്വീകരണമുറിയുടെ ഇരു വശത്തും കണ്ണാടി ജന്നലുകളുള്ള ഇടവഴിയിലൂടെ അയാൾക്ക്‌ പിന്നിലൂടെ അവൾ നടന്നു . ചിത്രത്തുന്നലുകൾ കൊണ്ട് അലങ്കരിച്ച ജാലക വിരിപ്പുകൾ നിശ്ചലമായി തന്നെ നിന്നു.

ഇതാ ഗോപൂന്റെ മുറി….?അയാൾ പറഞ്ഞു

വാതിൽ തുറന്നു അകത്തുകടക്കുമ്പോൾ ഗോപൻ പതിയെ കട്ടിലിൽ എഴുനേറ്റിരിക്കാൻ ശ്രമിക്കുകയായിരുന്നു.

നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കൂടി കാഴ്ച.രണ്ടു പേരും പരസ്പരം പുഞ്ചിരിച്ചു ഒരുപാട് കാര്യങ്ങൾ ചോദിക്കുവാൻ ഇരുവരും കൊതിച്ചെങ്കിലും
കുറച്ചു നേരം ഒന്നും പറയാൻ കഴിഞ്ഞില്ല.

ഗോപേട്ടന്റെ ഭാര്യ….?

കേറിവരുമ്പോൾ കണ്ടില്ലേ..?

ഇല്ല തെല്ല് അതിശയത്തോടെയാണ് അവളത് പറഞ്ഞത്.

എന്നെ തനിച്ചാക്കി സ്വീകരണ മുറിയിലെ ഭിത്തിയിൽ ഒരു ഫോട്ടോയിൽ അവൾ ഒളിച്ചു.

പിന്നെയും അവർക്കിടയിൽ മൗനം നിഴൽ വിരിച്ചു

കുടിക്കുവാൻ സ്വർണ്ണ നിറത്തിലെ ട്രേയിൽ വക്കുകളിൽ സ്വർണ്ണ നിറം പൂശിയ വെള്ള കോപ്പയിൽ ചായയും കൊണ്ട് വന്ന ആളെ നോക്കി ഗോപൻ പറഞ്ഞു.

ഇത് ശങ്കരമാമ ഇപ്പോ ഇവിടുത്തെ എല്ലാം എല്ലാം.കതക് തുറക്കുമ്പോൾ കണ്ടിരുന്നില്ലേ?

അതു കേട്ട് തന്നെ നോക്കി പുഞ്ചിരിച്ച അവളെ നോക്കി ശങ്കരമാമ ചോദിച്ചു. മധുരം കുഴപ്പമില്ലല്ലോ..?

ഇല്ല….അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ശങ്കരമാമയുടെ ചായക്ക്‌ ഒരു പ്രത്യേക രുചിയാണ് …
തിരിഞ്ഞു നടക്കുന്ന അയാളെ നോക്കി ഗോപൻ പറഞ്ഞു.

ഭർത്താവ് എന്താ കൂടെ വരാതിരുന്നത് ?ചായ ആസ്വദിച്ചു കുടിക്കുന്ന അവളോട് ഗോപൻ ചോദിച്ചു

ദേവേട്ടന് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്.

ഗോപേട്ടന്റ മക്കൾ?

ഒരു മോൻ ….അവൻ കാനഡയിലാണ് .വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു …എന്നാലും എന്നും വിളിക്കും.

മ്മ്മ്… എന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ഞാൻ വന്നത്. ചായ കോപ്പ ട്രെയിൽ വച്ചിട്ട് ഹാൻഡ് ബാഗിൽ നിന്നും ക്ഷണക്കത്തു അയാൾക്ക്‌ നീട്ടികൊണ്ട് അവൾ പറഞ്ഞു.

വായിച്ചതിനു ശേഷം. ഊന്നുവടിയുടെ സഹായത്തോടെ അയാൾ അലമാരയുടെ അടുത്തേക്ക് നീങ്ങി …
കൈയിൽ ഒരു ചെറിയ ആഭരണപ്പെട്ടിയുമായി അയാൾ അവളുടെയടുത്തു വന്നു പറഞ്ഞു.

അത്രയും ദൂരം യാത്ര ബുദ്ധിമുട്ടാണ് …ഇത് മോൾക്കുള്ള എന്റെ സമ്മാനമാണ്…ഒരു കരിമണി മാല …

നേർത്ത ഒരു മൗനത്തിന് ശേഷം അയാൾ തുടർന്നു .

ഇത് വാങ്ങി കാത്തുവിനെ വിളിക്കാൻ വരാനിരുന്നപ്പോഴാണ് ഡിവോഴ്സ് നോട്ടീസ് കിട്ടുന്നത്.

ഇത് ഇനി മോൾക്ക് ഇരിക്കട്ടെ….അവളുടെ കൈയിൽ വച്ചുകൊടുക്കുമ്പോൾ അയാൾ പറഞ്ഞു .

അവൾ ഒന്നും മിണ്ടാതെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന സൂര്യസ്തമയ ചിത്രത്തിൽ നോക്കി ഇരുന്നു .

കാത്തു ഞാൻ ഒന്ന് ചോദിച്ചോട്ടേ?

വെറുതെ ഒരു ബാലിശ്യമായ ചോദ്യമാണെന്ന് അറിയാം എങ്കിലും എന്റെ ഒരു സമാധാനത്തിന്….

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ …. എന്നോടൊത്ത് ജീവിച്ചൂടെ..
എനിക്കൊന്നു കൊതി തീരെ സ്നേഹിക്കാൻ…

വീടിന്റെ പടി ഇറങ്ങുമ്പോൾ അവൾ പറഞ്ഞു.
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് എന്റെ ദേവേട്ടനെ ഒന്ന് സ്നേഹിക്കണം. ഇന്ന് വരെ എന്റെ കണ്ണ് നിറയാൻ ആ മനുഷ്യൻ അനുവദിച്ചിട്ടില്ല. ആ മനുഷ്യനെ ഒന്ന് സ്നേഹിക്കണം..

ഈ ജന്മം നിങ്ങളെ അല്ലാതെ മാറ്റാരെയും ഞാൻ സ്നേഹിച്ചിട്ടില്ല ഗോപേട്ടാ…

അയാളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി അവളത് പറയുമ്പോൾ കണ്ണീർ ഒരു മഴയായി അവർക്കിടയിൽ പെയ്തിറങ്ങി….

നമ്മൾ വെറുതെ പിണങ്ങി….നമ്മൾ ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നല്ലേ? എന്നിട്ടും….

അത് പറഞ്ഞു മുഴുവനാക്കാതെ വീടിന്റെ പടികൾ ഇറങ്ങി അവൾ കാറിൽ കയറി.
അവൾ കണ്ണിൽ നിന്നു മറഞ്ഞിട്ടും അയാൾ വെറുതെ ആ വഴിയേലേക്കു നോക്കിയിരുന്നു .

വിലമതിക്കാനാവാത്ത ഒന്നാണ് സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെ ഒന്നിനും കൊള്ളില്ലാത്തതും.അങ്ങനെ ഓരോന്ന് ഓർത്തിരുന്ന
അയാളുടെ കണ്ണിൽ ഉരുണ്ടു കൂടിയ നീർമണിയിൽ സന്തോഷവും സങ്കടവും ഇടകലർന്നു തിളങ്ങി നിന്നു.

അന്ന് ഏറെ വൈകിയാണ് അയാൾ ഉറങ്ങിയത്.
രാവിലെ ശങ്കരമാമ്മ വന്നു വിളിച്ചിട്ടും അയാൾ ഉണർന്നില്ല. അയാളുടെ മുഖത്ത് ഒരിക്കലും ഇല്ലാത്ത ഒരു ശാന്തത നിറഞ്ഞു നിന്നിരുന്നു.

ശങ്കരമാമ്മ അറിയിച്ചതനുസരിച്ചു
കാത്തുവും വന്നു. അയാളുടെ അരികത്തു വന്ന് അവൾ ഇരുന്നു.ഒരിക്കലും ഇനി തുറക്കാത്ത അയാളുടെ കണ്ണുകൾ നോക്കി അവൾ കരഞ്ഞു. അപ്പോഴാണ് അയാളുടെ ചുരുട്ടി പിടിച്ച കൈ അവൾ ശ്രദ്ധിച്ചത്. ആ കൈകൾ അവൾ നിവർത്തിയപ്പോൾ നിറം മങ്ങിയ ഒരു വെള്ളി കൊലുസിന്റെ മണി അയാളുടെ കൈയിൽ നിന്നും നിലത്തു വീണു തേങ്ങി…ഒപ്പം അവളുടെ മനസ്സും….

നിവിയ റോയ്

ഒരുപാട് സ്നേഹിച്ചു ….എന്നിട്ടും ….പിരിഞ്ഞു പോകുന്ന എത്രയോ പേർ ….

LEAVE A REPLY

Please enter your comment!
Please enter your name here