Home Latest ഓടിട്ട വീടാന്ന് പറയാൻ എനിക്കൊരു മടിണ്ടായ് നു… ഒരിക്കൽ ഒരുത്തി വിളിച്ചപ്പോ…

ഓടിട്ട വീടാന്ന് പറയാൻ എനിക്കൊരു മടിണ്ടായ് നു… ഒരിക്കൽ ഒരുത്തി വിളിച്ചപ്പോ…

0

അടുക്കള

രചന : Shabna Shamsu

അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം കയിച്ച് പോണംന്നായിരുന്നു എൻ്റെ ആഗ്രഹം….

പക്ഷേങ്കില് കല്യാണം കയിച്ചത് ഒരു ചെറിയ ഓടിട്ട വീട്ടിലേക്കായിരുന്നു…
സിറ്റൗട്ടില്ല…
കോലായിണ്ട്…
ഈ കോലായിന്ന് മൂന്ന് തവളച്ചാട്ടം ചാടിയാ അടുക്കളേലെത്തും..
പഞ്ചസാര കലക്കുന്നത് മാത്രല്ല…
നാരങ്ങ പിഴിയുന്ന ഒച്ച വരെ കോലായിക്ക് കേക്കും….

ഞാൻ പണ്ട് തൊട്ടേ ഉള്ളതിലും കൂടുതൽ ബഡായി പറയും….
പത്രാസ് പറച്ചില് പാരമ്പര്യായിറ്റ് കിട്ടിയതാ…

കല്യാണം കയിഞ്ഞപ്പോ എൻ്റെ കൂടെ പഠിച്ച കുട്ടികളൊക്കെ വിശേഷം അറിയാൻ വിളിക്കും…

ഓടിട്ട വീടാന്ന് പറയാൻ എനിക്കൊരു മടിണ്ടായ് നു…
ഒരിക്കൽ ഒരുത്തി വിളിച്ചപ്പോ
“ഓടിട്ട വീടാണെടീ…
അതോണ്ട് നല്ല സുഖാ…. ക്ലിനിംഗൊക്കെ വേഗം കയ്യും….
ചൂടും കുറവാ…. പിന്നെ ഒരു 25 സെൻ്റ് മുറ്റം ണ്ടെടീ…. എന്നും അടിച്ച് വാരൽ ഒരു പണിയാ…. പക്ഷേ ഇൻ്റർലോക്ക് ചെയ്തോണ്ട് പുല്ല് പ റിക്കാനൊന്നും ണ്ടാവൂല….. ”

അയ്…. അന്തസ്…

25 സെൻറ് ഇൻറർലോക്ക് ചെയ്ത മുറ്റമുള്ള ഓടിട്ട വീട്…

ഓളിനി വിളിക്കൂല….
എനിക്ക് എന്നോടെന്നെ അഭിമാനം തോന്നി….

പക്ഷേ ഇക്കയും വീട്ടുകാരും ഇങ്ങനേ അല്ല…. എന്താണോ ള്ളത്… അതിൻ്റെ പകുതിയേ കാണിക്കുള്ളൂ….
ഒരു പത്രാസുംല്ല…
ലളിതമായ ജീവിതം….

ഞങ്ങളെ ബെഡ്റൂമില് ഒരു കട്ടില് ഇടാനുള്ള സ്ഥലം മാത്രേ ഉള്ളൂ… പിന്നെ നിസ്കരിക്കാനുള്ള മുസല്ല വിരിക്കാം….

ആദ്യത്തെ മോൾ ഉണ്ടായ സമയത്ത് കട്ടിലിൻ്റെ സൈഡില് ഒരു പലക വെച്ച് വീതി കൂട്ടി….

അത് കഴിഞ്ഞ് രണ്ടാമത്തെ മോൾ ഉണ്ടായപ്പോ ഒരു പലക കൂടി വെച്ചു…..
അപ്പോ കഷ്ടിച്ച് ഒരാൾക്ക് പോവാൻ പാകത്തിന് വാതില് തുറക്കാം….
അത്രേ പറ്റുളളൂ….

അപ്പോ മുതലാണ് പുതിയൊരു വീടിനെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത്….
നല്ലൊരു സന്ദർഭം നോക്കി മൂപ്പരോട് വിഷയം അവതരിപ്പിച്ചു…..

“അതേയ്…… ഞമ്മക്ക് രണ്ടും പെങ്കുട്ട്യോളാ… ഓര് പടക്കം പൊട്ട്ണ മാതിരി ഇപ്പത്തന്നെ വൽതാവും…
പിന്നെ ഓരെ കല്യാണം കയിപ്പിക്കലും പൊരണ്ടാക്കലും എല്ലം കൂടി കയ്യൂല…
വീട് പണി ഇപ്പളേ തൊടങ്ങിയാലോ…. ”

“ഈ വീടിനെന്താ കൊയപ്പം.”

“കൊയപ്പൊന്നൂല്ല… ന്നാലും ഒരു വീട് വേണല്ലോ…. നേരത്തേ തൊടങ്ങാന്ന് വെച്ച് പറഞ്ഞതാ ”

“അത് മാണ്ട… ഞമ്മളെപ്പളും ഞമ്മളേക്കാളും താഴെ ഉള്ളോരെ പറ്റി ചിന്തിക്കണം.. സ്വന്തായിറ്റ് ഒരു വീടില്ലാത്ത എത്ര ആൾക്കാര് ണ്ടെന്നറിയോ….
രാത്രി ഇയ്യാ കൽപ്പറ്റ അങ്ങാടിക്കൊന്ന് പോയ്യോക്ക്…. എത്ര ആളാ പീടിയക്കൊലായില് നെരന്ന് കെടക്ക്ണത്…. ഞമ്മക്ക്പ്പോ വെയിലും മഴേം കൊള്ളാത്ത ഒരു വീട്ണ്ടല്ലോ… അത് മതി .”

പിന്നേ….. രണ്ട് മൂന്ന് മെഡിക്കൽ ഷോപ്പും മൂന്നാലേക്കറ് സ്ഥലത്തിൻ്റെ ആധാരോം മേശേല് വെച്ചിട്ടാണല്ലോ ഓരൊക്കെ പിടിയ കൊലായില് കെടക്ക്ണത്…
ഞാൻ ഒന്നും പറീണില്ല….
എന്നൊക്കെ എനിക്ക് പറയാൻ പൂതിണ്ടേലും ഞാമ്പറയൂല…..
കാരണം കെട്ടിയോന്മാരോട് തർക്കുത്തരം പറഞ്ഞാ നരകത്തിൽ പോവും..

അങ്ങനെ ആ പൂതി പറച്ചില് ഞാൻ നിർത്തി…

ഞങ്ങളെ വീടിൻ്റെ ഭാഗത്ത് ഭയങ്കര കൊരങ്ങൻമാരെ ശല്യം ആണ്.
ഉള്ള പച്ചക്കറീം തേങ്ങയും വാഴക്കുലേം ഒക്കെ നശിപ്പിക്കും….
എന്നിട്ട് വീടിൻ്റെ ഓടിൻ്റെ മേലെ കേറി നിന്ന് സർക്കസ് കളിക്കും….
അപ്പോ ഓട് ഓരോന്നായിറ്റ് പൊട്ടും..

മഴക്കാലം ആവുമ്പോ ഈ പൊട്ടിയ ഓട്മ്മന്ന് വെള്ളം ചോരാൻ തുടങ്ങും….

മഴക്കാലത്ത് ഓട്ടിൻ പുറത്ത് കേറാൻ ആളെ കിട്ടൂലാന്ന് പറഞ്ഞ് അത് നന്നാക്കൂല…

മഗ്രിബ് നിസ്ക്കാരം കഴിഞ്ഞ് ഒരു ഏഴ് മണി ആവുമ്പോ വാപ്പ അടുക്കളേക്ക് വരും…
എന്നിട്ട് മേലോട്ട് നോക്കി ഒരു 10 മിനിറ്റ് നിക്കും…
നാലാമത്തെ വരീല് മൂന്നാമത്തെ ഓടാണ് പൊട്ടീക്ക്ണത്…
അടീലൊരു പ്ലാസ്റ്റിക്കിൻ്റെ കഷണം വെച്ച് ഒരു കോല് വെലങ്ങത്തില് വെച്ചാ മതി…..
എന്നും പറഞ്ഞ് പോവും…..

പിന്നെ ഒരു ഒമ്പതര അവുമ്പോ എൻ്റെ മണിമാരൻ വരും ….
കുളിയൊക്കെ കഴിഞ്ഞ് അടുക്കളേലെത്തും..
അഞ്ച് മിനിറ്റ് മുകളിലേക്ക് നോക്കി നിക്കും….
മൂന്നാമത്തെ വരീല് നാലാമത്തെ ഓടാണ് പൊട്ടിയത് …
അടിലൊരു പ്ലാസ്റ്റിക് വെച്ച് വടി നേരെ വെച്ചാ മതി…. പിന്നെ ചോരൂല…”

ഇതും പറഞ്ഞ് മൂപ്പരും പോവും…..
കോല് വടി ആവും… വേറെ വ്യത്യാസൊന്നുല്ല..

ആ സമയത്തൊക്കെ എനിക്ക് ഏറ്റവും കൂടുതൽ കടപ്പാട് ഉജാല സോപ്പ് പൊടീൻ്റെ കമ്പനിക്കാരോടായിരുന്നു….
അഞ്ച് കിലോ സോപ്പ് പൊടി വാങ്ങുമ്പോ ഒരു ബക്കറ്റ് ഫ്രീ കിട്ടും.
അങ്ങനെ കുറേ ബക്കറ്റ്ണ്ട് വീട്ടില് ….
അതും പിന്നെ പെയിൻ്റിൻ്റെ ബക്കറ്റും അടുക്കളേല് നിരത്തി വെക്കും….
നിറയുമ്പോ കൊണ്ടോയി മറിക്കും….

മഴക്കാലവും ഈ ബക്കറ്റുകളും തമ്മിൽ വർഷങ്ങളായി വല്ലാത്തൊരു ആത്മ ബന്ധം ഉണ്ട്….

അത് കഴിഞ്ഞ് പിന്നെ ചിമ്മിനിക്കൂട് ചോരാൻ തുടങ്ങി…
നമ്മള് ഗ്യാസ് ഉപയോഗിക്കല് വളരെ കുറവാ..
ഇഷ്ടം പോലെ വിറക് ഉള്ളോണ്ട് അധികവും അടുപ്പാണ് ഉയോഗിക്കാ….
അടുപ്പിൻ്റട്ത്ത് ബക്കറ്റ് വെക്കാൻ പറ്റൂല….

ബിരിയാണി വെക്കുന്ന ചെമ്പട്ടി വെക്കും….
അതും നിറയുമ്പോ എടുത്ത് ഒഴിച്ച് കളയും….
അപ്പോ എൻ്റെ മണിമാരൻ വീണ്ടും വരും….
“എന്തെല്ലാം സൗകര്യങ്ങളാ അനക്ക് ഞാൻ ചെയ്ത് തര്ന്നത്..
അടുപ്പിലേക്ക് വരെ വാട്ടർ കണക്ഷണാ….
അൻ്റെ പൈസക്കാര് അമ്മോൻമാരാവ്ടെ ണ്ടോ ഇജ്ജാദി സെറ്റപ്പ്….”

ഇനിക്ക് ങ്ങനെ അരിച്ച് കയറും….എ ബി സി ഡി X Y Z വരെ പറയാൻ മുട്ടും…
അപ്പൾത്തേക്കും നരകം ഓർമ വരും…. പിന്നൊന്നും മുണ്ടൂല….

ആകപ്പാടെ കുളം പോലെ ആയ അടുക്കള മുക്കി പിഴിഞ്ഞ് തുടക്കുമ്പോ ഞാനിങ്ങനെ ആലോയ്ക്കും….
എന്തൊക്കായ്നും…
പഞ്ചാര കലക്ക്ണ ഒച്ച കേക്കാത്ത സിറ്റൗട്ട്… വല്യ വീട്…. ഇത്പ്പോ ജില്ലാശുപത്രീന്ന് മെഡിക്കൽ കോളേജ്ക്ക് വന്ന പോലായി….

അങ്ങനെ കുറേ കഴിഞ്ഞ് ഞാൻ മൂന്നാമത്തെ മോളെ പ്രഗ്നൻ്റായി….
ഇനീം കട്ടിലിന് പലക വെച്ചാ വാതില് തൊറക്കാൻ പറ്റൂലാന്ന് തോന്നീറ്റായ്ക്കും മൂപ്പര് പുതിയ വീടിന് കുറ്റിയടിച്ചു……

അങ്ങനെ വീട് പണി തുടങ്ങിയപ്പോ എൻ്റെ അഭിപ്രായങ്ങളുടെ ലിസ്റ്റ് കൊടുത്തു..

ചിമ്മിനിക്കൂട് നല്ല കട്ടീല് വാർക്കണം….
അടുക്കള ഓട് വേണ്ട.
അടുപ്പിലേക്ക് വാട്ടർ കണക്ഷൻ ആവശ്യല്ല…
റിമോട്ട്ളള ഫാൻ വേണം..
പലക വെക്കാത്ത കട്ടിൽ വേണം..

അങ്ങനെ ചെറിയ ചെറിയ അനുഭവത്തിലെ പാളിച്ചകള് പറഞ്ഞു..

പ്രസവവും വീട് പണിയും ആരാദ്യം എന്ന് പറഞ്ഞ് നടന്നോണ്ടിരുന്നു.

അങ്ങനെ മോള് ണ്ടായി കുറച്ച് കഴിഞ്ഞപ്പോ വീട് പണീം കഴിഞ്ഞു…

അയ്…. വീണ്ടും അന്തസ്സ്…

നല്ല പത്രാസ്ള്ള വീട്…
പണ്ടെങ്ങോ ഉറങ്ങി പോയ വീമ്പത്തരം വീണ്ടും തലപൊക്കി…

വീടിൻ്റെ തലങ്ങും വിലങ്ങും നിന്ന് ചറപറ ഫോട്ടോസെടുത്ത് ഗ്രൂപ്പിലിട്ട്…. ഒരു മനസ്സുഖം….

കുറേ കഷ്ടപ്പെട്ടതിന് കാര്യണ്ടായി…
ഞാൻ വിജാരിച്ച പോലത്തെ അടുക്കള കിട്ടി….

ഇപ്പോ അടുക്കളേന്ന് ഇടക്കിടക്ക് പഞ്ചാര കലക്കുമ്പോ മോളെ ഞാൻ സിറ്റൗട്ടില് നിർത്തും….
എന്നിട്ട് ഉറക്കെ ചോയ്ക്കും….

” കേൾക്കുന്നുണ്ടോ ”

“ഇല്ലമ്മച്ചിയേ….”

ഇത് കേൾക്കുമ്പോ ഒരു സുഖാ….. ഒരു മനസുഖം…

Shabna shamsu❤️

LEAVE A REPLY

Please enter your comment!
Please enter your name here