Home Latest വരുന്നൂന്ന് യദുക്കുട്ടൻ പറഞ്ഞപ്പോ എനിക്ക് വിശ്വാസം തോന്നീലാട്ടോ.. ഇവൻ വെറുതെ എന്നെ കളിപ്പിക്കാൻ പറയുന്നതാന്നാ ഞാൻ...

വരുന്നൂന്ന് യദുക്കുട്ടൻ പറഞ്ഞപ്പോ എനിക്ക് വിശ്വാസം തോന്നീലാട്ടോ.. ഇവൻ വെറുതെ എന്നെ കളിപ്പിക്കാൻ പറയുന്നതാന്നാ ഞാൻ കരുതിയെ… Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 20

രചന : രജിഷ അജയ് ഘോഷ്

“ഇനി അച്ഛകൊക്ക് .. ഇവിദേം.. ഇവിദേം..”
ബാലയുടെ രണ്ടു കവിളിലും തൊട്ടു കൊണ്ട് പറഞ്ഞതും ബാലയും യദുവും ഞെട്ടി പരസ്പരം നോക്കി..
യദുവിൻ്റെ മുഖത്തെ ഞെട്ടൽ മാറി ഒരു കുസൃതിച്ചിരി വിരിഞ്ഞതും ബാലയവനെ കണ്ണുരുട്ടി നോക്കി..

” ഉമ്മ കൊക്കച്ഛാ.. “വേദൂട്ടി വീണ്ടും പറഞ്ഞു.
ചിരിയോടെ എഴുന്നേറ്റു തനിക്കരികിലേക്ക് വരുന്നവനെ കണ്ടതും അവൾ നിന്നു വിയർത്തു.
✨✨✨
ഈശ്വരാ ഇയാളിതെന്ത് ഭാവിച്ചാ.. ശ്വാസമടക്കിപ്പിടിച്ച് നിന്നവൾ..
മുഖത്തിനടുത്തേക്ക് അവൻ്റെ മുഖം അടുപ്പിച്ചതും കണ്ണുകൾ ഇറുക്കിയടച്ചുപിടിച്ചു.. അവൻ്റെ ചൂടു ശ്വാസം മുഖത്തേക്ക് പതിക്കുന്നതറിഞ്ഞു..

“ഉമ്മ.. ഉമ്മ.. ” എന്നവൻ പറഞ്ഞപ്പോൾ വേദൂട്ടിയുടെകിലുകിലെ ചിരിക്കുന്ന  ശബ്ദം കേട്ട് കണ്ണുകൾ തുറന്നു നോക്കി..
തൻ്റെ കയ്യിലിരിക്കുന്ന വേദൂട്ടിയുടെ കവിളുകളിൽ മാറി മാറി മുത്തുന്നവനെ കണ്ടപ്പോൾ ചിരിച്ചു പോയി..

” അമ്മ ഇപ്പൊ ഉമ്മകിട്ടുമെന്നു കരുതി പാവം ലേ കുഞ്ഞൂ… ” ബാലയെ പാളി നോക്കി കളിയാക്കിയവൻ വേദൂട്ടിയോട് പറഞ്ഞതും അത് ശരിയെന്ന മട്ടിൽ “അമ്മേ അച്ഛ പത്തിച്ചൂ.” എന്ന് പറഞ്ഞ് കുഞ്ഞിക്കൈകൾ കെട്ടിച്ചിരിച്ചവൾ..

” അച്ഛേടെ കുഞ്ഞൂസ് ഇങ്ങു വയോ.. നമുക്ക് ചാച്ചിയുറങ്ങാം.. “യദുകൈ നീട്ടിയതും വേദൂട്ടി അവനൊപ്പം പോയി.
അവൻ്റെ നെഞ്ചിൽ കിടന്ന് കുറുമ്പുകൾ കാട്ടുന്ന വേദൂട്ടിയെ കണ്ടു കൊണ്ട് ചിരിയോടെ അവർക്കരികിൽ കിടന്നവൾ..

രാവിലെ അടുക്കളയിൽ യദുവിനെ കണ്ടപ്പോൾ
അവനെ നോക്കാൻ മടി തോന്നി ബാലയ്ക്ക്.
അവളുടെ ഭാവങ്ങൾ കണ്ടപ്പോൾ യദുവിന് ചിരി വന്നു തുടങ്ങിയിരുന്നു ..

“ദാ .. ചായ ..” അവൻ നീട്ടിയ ചായക്കപ്പ് മുഖത്ത് നോക്കാതെ വാങ്ങിയവൾ..

“ടോ.. തനിക്കെന്നോട് ദേഷ്യമാണോ.. ” തന്നെ നോക്കാതെ പോകുന്നവളോട് പിന്നിൽ നിന്ന് ചോദിച്ചവൻ..

” ദേഷ്യമോ .. എന്തിന്..” അവൾക്ക് ഒന്നും മനസ്സിലായില്ല..

“ഇന്നലെ കുഞ്ഞൂസ് പറഞ്ഞത് തന്നില്ലല്ലോ.. അതിന് ..” എന്ന് പറഞ്ഞ് കൊണ്ട് ചിരിയോടെ കപ്പിലെ ചായ ചുണ്ടോടു ചേർത്തവൻ..
തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായതും അവനെ ദേഷ്യത്തോടെ കൂർപ്പിച്ച്നോക്കിയവൾ..

ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നപ്പോഴും യദുവിനെ നോക്കിയതേയില്ലവൾ ..

“കുഞ്ഞൂ.. അമ്മ പിണങ്ങിയോടാ..” വേദയെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് യദു മോളോട് ചോദിച്ചു.

” അമ്മ അച്ഛോട് മിന്തൂലേ.. “ബാലയെ നോക്കി വേദൂട്ടി ചോദിക്കുന്നുണ്ട്.

” അമ്മ മിണ്ടൂലോ.. അച്ഛയ്ക്കാ കുറുമ്പ്..”ബാല മോളോട് പറഞ്ഞു.

” ആനോ.. അച്ഛക്ക് കുമ്പാനോ.. ന്നാ .. അച്ഛച്ച്
കോക്കേത്ത് കൊക്കണ്ടാ.. അമ്മച്ചും എനിച്ചും തിന്നാം.. “വേദൂട്ടി കാര്യമായി പറഞ്ഞു.

“ആഹാ.. അത് കൊള്ളാലോ അമ്മേം മോളും ഒന്നായീലേ.. ഇപ്പൊ നമ്മള് പുറത്തായി.. ”
യദുവാണ് ..

അത്കേട്ട് ബാലയും മോളും ചിരിയോടെ നെറ്റിമേൽ നെറ്റിമുട്ടിച്ചു..
“ഇനീം .. ഒന്നൂടെ.. മുത്തിച്ചമ്മേ ..” വേദൂട്ടി ബാലയെ നോക്കി പറഞ്ഞു..

“ഒരിക്കൽകൂടി മാത്രം.. പിന്നെ പറയരുത് ട്ടോ..” എന്നു പറഞ്ഞ് ബാല വീണ്ടും നെറ്റി താഴ്ത്തി.
“മുട്ടിച്ചോ.. മുട്ടിച്ചോ.. ” എന്നു പറഞ്ഞ് നെറ്റിമുട്ടിച്ചവൾ..

” ഒന്നൂടി .. “വേദൂട്ടി പതിവ് പല്ലവി തുടങ്ങിയിരുന്നു ..
അത് വീണ്ടും ഒന്നും രണ്ടുമായി നീണ്ടു കൊണ്ടിരുന്നു..

പാത്രങ്ങളെല്ലാം കഴുകി ഒതുക്കുകയാണ് ബാല..
” നമുക്കൊന്ന് നാട്ടിൽ പോയാലോ.. ” വാതിൽക്കൽ നിന്നും യദുവിൻ്റെ ശബ്ദം കേട്ടു .

“എന്താ ഇപ്പോ പെട്ടന്ന് .. ” അവൾ അമ്പരപ്പോടെ
യദുവിനെ നോക്കി…

” പോവണം എന്നൊരു തോന്നൽ.. നാളെ വൈകിട്ട് അമ്മയെക്കൂടെ കൂട്ടി തിരികെപ്പോരാം.. ” എന്നവൻ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ സമ്മതം മൂളിയവൾ..

സന്ധ്യ കഴിഞ്ഞാണ് വയനാട്ടിലെത്തിയത്..
സൗദാമ്മ ഓടി വന്ന് വേദമോളെ വാരിയെടുത്തു.
” അച്ഛമ്മേടെ പൊന്ന് വന്നല്ലോ.. ” എന്ന് പറഞ്ഞവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

” വരുന്നൂന്ന് യദുക്കുട്ടൻ പറഞ്ഞപ്പോ എനിക്ക് വിശ്വാസം തോന്നീലാട്ടോ.. ഇവൻ വെറുതെ എന്നെ കളിപ്പിക്കാൻ പറയുന്നതാന്നാ ഞാൻ കരുതിയെ”
സൗദാമ്മ പറഞ്ഞു.

“യദുവേട്ടൻരാവിലെ പെട്ടന്ന് പറഞ്ഞതാ.. “ബാല പറഞ്ഞു.

“അല്ലാ.. എന്നിട്ട് അമ്മ ചോറൊന്നും വച്ചില്ലേ.. “യദു അവരെ നോക്കി ചോദിച്ചു.
” ഇല്ലാ.. അതിന് സമയമുണ്ടല്ലോ .. ” എന്നു പറഞ്ഞവർ ..

സൗദാമ്മയ്‌ക്കൊപ്പം അത്താഴത്തിനൊരുക്കാൻ ബാലയും കൂടി ..
” രണ്ടിനും നല്ലതല്ലു കിട്ടും എൻ്റെ കയ്യീന്ന്.. ” ചിരവി വച്ച തേങ്ങ വാരി തിന്നുന്ന യദുവിനെയും വേദൂട്ടിയെയും നോക്കി കൈയ്യോങ്ങിക്കൊണ്ട് സൗദാമ്മ പറഞ്ഞു.

“അച്ഛേ… അച്ഛമ്മ വക്ക് പയ്യണൂ…” വേദൂട്ടി ചുണ്ടുകൂർപ്പിച്ചു.

“അമ്മേ.. എൻ്റെ കുഞ്ഞൂനെ വെറുതെ വഴക്ക് പറഞ്ഞാലുണ്ടല്ലോ.” യദു സൗദാമ്മയെ
വഴക്കു പറയുന്നത് പോലെ കാണിച്ചതും വേദൂട്ടി കൈകൊട്ടി ചിരിച്ചു..

“വേദൂട്ടീടെ കുറുമ്പ് ലേശം കൂടുന്നുണ്ട്.. അതെങ്ങനാ കുട്ടീടെ വാശിക്കൊപ്പം തുള്ളാൻ നടക്കുവല്ലേ ഇവിടൊരാള് .. “യദുവിനെ കൂർപ്പിച്ച് നോക്കിക്കൊണ്ട് ബാല പറഞ്ഞു.

” ഈ അമ്മക്ക് വെറും കുശുമ്പാ ലേ..കുഞ്ഞൂ.. ”
യദു ബാലയെ നോക്കി  വേദൂട്ടിയെ എടുത്തു കൊണ്ട് പറഞ്ഞു.

” കേട്ടോ.. സൗദാമ്മേ..ഇവര് രണ്ടാളും ഏത് നേരവും എൻ്റെ കുറ്റം കണ്ടു പിടിക്കാൻ നടക്കുവാ.. “ബാല പരിഭവം പറഞ്ഞു.

“ആഹാ.. അത്രയ്ക്കായോ.. അച്ഛനും മോളും കൂടി അടുക്കളയിൽ നിന്ന് തിരിയാതെ ഒന്നു പോയേ.. ഇല്ലേൽ ഇന്നു രണ്ടിനും അത്താഴം തരില്ലാട്ടോ..” സൗദാമ്മ കളിയായി പറഞ്ഞു.

“ഹൊ ഈ പെണ്ണുങ്ങൾ രണ്ടും ഒന്നായി കുഞ്ഞൂസേ.. ബാ നമുക്ക് പോയി വല്ല കാർട്ടൂണും കാണാം.. ” എന്നു പറഞ്ഞ് യദുവും വേദൂട്ടിയും പോവുന്നതും നോക്കി ബാലയും സൗദാമ്മയും വായും പൊത്തി ചിരിച്ചു..

രാത്രി കഴിച്ച് കഴിഞ്ഞ് മുറിയിലേക്ക് പോവുമ്പോൾ സൗദാമ്മ ബാലയ്ക്കരികിലേക്ക് വന്നു..
” അന്ന് കല്യാണം കഴിഞ്ഞ് മക്കൾ തിരിച്ചു പോവുമ്പോ എൻ്റെ മനസ്സാകെ ആധിയായിരുന്നു ..ഇന്ന് എല്ലാവരും കൂടെ കളിയും ചിരിയുമായി നിന്നപ്പോൾ വല്ലാത്ത സന്തോഷം തോന്നിയെനിക്ക് .. അവനൊരു പാവാ മോളെ.. സ്നേഹിക്കാൻ മാത്രേ അറിയൂ.. ആരെയും വേദനിപ്പിക്കാനറിയില്ല .. സ്വന്തം വേദന ആരോടും തുറന്നു പറയേമില്ല.. ” സൗദാമ്മയുടെ വാക്കുകൾ ഇടറിയിരുന്നു ..

“എന്താ സൗദാമ്മേ ഇങ്ങനെ പറയണേ.. “ബാല അവരുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“ഒന്നൂല്ല മോളെ.. സന്തോഷം തോന്നീന്ന് പറഞ്ഞതാ.
എന്നും സന്തോഷായിരിക്കണം എൻ്റെ മക്കള്..അത് മാത്രം മതിയീ അമ്മയ്ക്ക് .. ” അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

” അമ്മയെ ഞാനൊരിക്കലും സങ്കടപ്പെടുത്തില്ല.. അമ്മേടെ മോനെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്..” ചെറിയൊരു ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു …

ബാല മുറിയിലെത്തുമ്പോൾ വേദൂട്ടി ഉറങ്ങിയിരുന്നു .. അവൾക്കരികിൽ തലയിണകൾ വെച്ചിട്ടുണ്ട് .. തുറന്നിട്ട ജനലിനരികിൽ വെറുതെ പുറത്തേക്ക് നോക്കി നിന്നവൾ..

സൗദാമ്മ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ നിറയെ.. യദുവേട്ടൻ ഇപ്പൊ തൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷത്തിലും നിറഞ്ഞു നിൽക്കുന്നത് അറിയുന്നുണ്ടായിരുന്നു.. ആ കുറുമ്പുകളും കരുതലുമെല്ലാം താനാസ്വദിക്കുന്നുണ്ട്.. ചില സമയത്ത് ആ നോട്ടം കാണുമ്പോൾ അതിലലിഞ്ഞ് പോവുന്നത് പോലെ .. പക്ഷേ.. യദുവേട്ടൻ തന്നെ സ്നേഹിക്കുമോ.. അതോ താലി കെട്ടിയതിൻ്റെ പേരിൽ സ്നേഹിക്കാൻ ശ്രമിക്കുന്നതാവുമോ .. ചിലപ്പോഴെല്ലാം ആ മനസ്സ് എന്താണെന്നറിയാത്തത് പോലെ ..

ഓരോന്ന് ചിന്തിച്ച് നിന്നപ്പോഴാണ് ജനലിലൂടെ ആകാശത്തിലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ ശ്രദ്ധിച്ചത്… ചിലത് വല്ലാതെ പ്രകാശിക്കുന്നു .. മറ്റ് ചിലത് അൽപം മതി നിൽക്കുന്നു .. ചിലത് കണ്ണു ചിമ്മുന്നത് പോലെ .. കൗതുകത്തോടെ നോക്കി നിൽക്കുന്നതിനിടയിലാണ് ” ഇന്നെന്താ നക്ഷത്രങ്ങളെണ്ണി കളിക്കുവാണോ?” കാതിനരുകിൽ യദുവിൻ്റെ ശബ്ദം കേട്ടത്.. അവൻ്റെ ചൂടുശ്വാസം കഴുത്തിൽ പതിഞ്ഞതും ശരീരത്തിലെ രോമങ്ങൾ എഴുന്നേറ്റു നിന്നതറിഞ്ഞു..

ബാല പിന്നിലേക്ക് മാറാൻ ശ്രമിച്ചപ്പോൾ യദുവിൽ തട്ടി നിന്നു.. അവനോട് ചേർന്ന് നിന്നതും ഒരു വിറയൽ ശരീരമാകെ പടരുന്നതറിഞ്ഞു..
രണ്ടുപേരും നിശബ്ദമായ നിമിഷങ്ങൾ ..

“ടോ.. തനിക്ക് ഉറക്കം വരുന്നില്ലേ.. ” യദുവിൻ്റെ ശബ്ദം ദൂരെ നിന്നും കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്.. അവൻ തന്നിൽ നിന്നും അകന്ന് പോയത് അറിഞ്ഞതേയില്ലവൾ ..

അച്ഛനും മോൾക്കുമരികിൽ കിടന്ന് തല ചെരിച്ച് യദുവിനെ നോക്കുമ്പോൾ അവനെന്തോ ആലോചനയിലാണ്… ബാലയവനെ നോക്കിക്കിടന്നു.. പെട്ടന്നവൻ തിരിഞ്ഞു കിടന്നതും കണ്ണുകൾ ഇറുക്കിയടച്ചു..

ബാല രാവിലെ ഉണരുമ്പോൾ അച്ഛനും മോളും നല്ല ഉറക്കത്തിലാണ്.. വേദൂട്ടിയുടെ നെറ്റിയിലൊന്നു വാത്സല്യത്തോടെ തലോടി കുഞ്ഞിക്കവിളിൽ ഒരു മുത്തവും നൽകി എഴുന്നേറ്റു.. കണ്ണുകൾ വെറുതെ യദുവിലേക്ക് നീണ്ടു .. ശാന്തമായുറങ്ങുന്ന മുഖത്തേക്ക് നോക്കവെ അവളുടെ ചുണ്ടിൽ നേർത്തൊരു ചിരി വിടർന്നിരുന്നു… അലസമായ് അവൻ്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളെ പതിയെ ഒതുക്കിവച്ച ശേഷം പുറത്തേക്കിറങ്ങി ..

ചായ കുടിച്ച ശേഷം ബാലയുടെ വീട്ടിലേക്ക് പോവാനിറങ്ങി..
” നമുക്ക് വയലിലൂടെ നടന്നു പോയാലോ.. ” കാറിൻ്റെ താക്കോലും വിരലിലിട്ട് കറക്കിക്കൊണ്ട് വരുന്ന യദുവിനോട് ബാല ചോദിച്ചു.

” പോവാലോ.. എനിക്കതാ ഇഷ്ടം.. “യദുകേട്ട പാടെ പറഞ്ഞു.

വയൽ വരമ്പിലൂടെ നടക്കുമ്പോൾ താൻ പഴയ ബാലയായതുപോലെ തോന്നിയവൾക്ക്..
മനസ്സാകെ വല്ലാത്ത ഉന്മേഷം വന്നു നിറയുന്നത് പോലെ .. കാലടികൾക്ക് തിടുക്കം കൂടിത്തുടങ്ങിയിരുന്നു.. യദുവും വേദൂട്ടിയും വഴിയിൽ കാണുന്നതിനെക്കുറിച്ചെല്ലാം പറയുന്നുണ്ട്..
ബാലയുടെ മനസ്സപ്പോൾ ബാല്യവും കൗമാരവും ഓടിനടന്ന വഴികളിലൂടെ വെറുതെ സഞ്ചരിക്കുകയായിരുന്നു .. കാലൊന്ന് തെന്നിയതും താഴേക്ക് വീഴാൻ പോയവൾ..
യദുവിൻ്റെ കൈകൾ അപ്പോഴേക്കും അവളെ താങ്ങിയിരുന്നു ..

” നോക്കി നടക്കണ്ടേ.. ഇപ്പൊ ചേറിൽ കിടന്നേനെ.. ”
അവളെ ചുറ്റിപ്പിടിച്ച കൈ എടുത്തു കൊണ്ടവൻ പറഞ്ഞു.

” ഒരുപാട് ഓടിക്കളിച്ച വഴിയല്ലേ യദുവേട്ടാ.. അൽപ നേരത്തേക്കെങ്കിലും മനസ്സ് പഴയ കാലത്തേക്ക് പോയി.. അപ്പോ കാലും സ്ലിപ്പായി.. ” നേർത്ത ചിരിയോടെ അൽപം നോവോടെ അവൾ പറഞ്ഞു.

” അത് ശരിയാ.. ഒരുപാട് കളിച്ചിട്ടുണ്ട് ഈ വയലുകളിൽ .. “യദുവും അത് ശരിവച്ചു.

കുഞ്ഞിലെ താനും ലച്ചൂട്ടിയും കാട്ടിക്കൂട്ടുന്ന കുറുമ്പുകളെല്ലാം വല്ലാത്തൊരാവേശത്തോടെ
പറയുന്നുണ്ട് ബാല.. അവളുടെ മുഖത്തെ ചിരിയും
ആവേശവും കണ്ടപ്പോൾ പഴയ ബാലയെ ഓർമ്മ വന്നു യദുവിന്..

“ഇതെന്താ ഇന്നീ വഴിക്ക് നടന്നു പോന്നത്..” മുറ്റത്തേക്ക് കയറിയതും ശേഖരമാമ്മ ചോദിച്ചു.

“വെറുതെ.. നടന്നു വരാൻ തോന്നി.. “ബാല ചിരിച്ചു.
” വേദൂട്ടീ.. ഇങ്ങ് വായോ ..” എന്നു പറഞ്ഞ് ഹിമ കൈ നീട്ടിയതും വേദൂട്ടി അവൾക്കൊപ്പം പോയി ..

ശേഖരമാമ്മയും യദുവും സംസാരിച്ചു നിൽക്കുന്നുണ്ട്.. അവരോട്
“ഇപ്പൊര വരാട്ടോ .. ” എന്നും പറഞ്ഞവൾ അച്ഛനും അമ്മയും ലച്ചൂട്ടിയും ഉറങ്ങുന്നിടത്തേക്ക് നടന്നു..

ഇത്തവണ അവൾക്ക് പറയാൻ ഏറെ വിശേഷങ്ങൾ ഉണ്ടായിരുന്നു .. വേദൂട്ടിയുടെ കുറുമ്പുകൾ… യദുവിനെക്കുറിച്ച് അവനെ എപ്പോഴോ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയതിനെക്കുറിച്ച്.. ഒരുപാട് നേരം അവിടെ നിന്ന ശേഷം തിരിഞ്ഞു നടന്നവൾ..

നളിനി അമ്മായി ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച്
കളി ചിരികളുമായ് വെറുതെ ഉമ്മറത്തിണ്ണയിൽ ഇരിക്കുന്നവനിലേക്ക് ഇടയ്ക്കിടെ ബാലയുടെ കണ്ണുകൾ നീളുന്നുണ്ടായിരുന്നു…

“ബാലക്കുട്ടിയേ..”ശേഖരമാമ്മയാണ്. അവൾ ചിരിയോടെ അയാൾക്കരികിലേക്ക് നടന്നു..
“എൻ്റെ കുട്ടീടെ മുഖത്ത് ഈ ചിരി കാണാൻ വേണ്ടി മാത്രാണ് മാമ്മ ഈ കല്യാണത്തിന് നിർബന്ധിച്ചത് ..
യദുക്കുട്ടനോളം എൻ്റെ മോളെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല.. മോളുടെ സങ്കടങ്ങളും നഷ്ടങ്ങളും ഇത്രത്തോളം ആരും അടുത്തറിഞ്ഞിട്ടില്ലല്ലോ .. ” അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് ശേഖരമാമ്മ പറഞ്ഞു.

“എന്താ മാമ്മേ ഇങ്ങനെ പറയണെ..”ബാല അയാളെ നോക്കി.
“ഈ വൃദ്ധനൊറ്റയ്ക്ക് കോയമ്പത്തൂരെ ഹോസ്പിറ്റലിൽ എന്ത് ചെയ്യാനാവും മോളെ..
വയ്യാത്ത ലച്ചുമോളും തകർന്ന മനസ്സുമായി ബാലമോളും… മോളറിയാതെ നിഴലുപോലെ അവനുണ്ടായിരുന്നു എല്ലാത്തിനും.. ” അയാൾ പറയുന്നത് കേട്ടവൾ വിശ്വസിക്കാനാവാത നിന്നു പോയി.

“യദുവേട്ടനോ… ഞാൻ കണ്ടിട്ടേയില്ലല്ലോ .. ” അവൾ പറഞ്ഞു.
“നന്ദനും സുജാതയും മരിച്ച ശേഷം പിറ്റെ ദിവസം നമ്മൾ തിരികെ കോയമ്പത്തൂർക്ക് പോവുമ്പോൾ അവൻ്റെ വണ്ടിയിലാ പോയത്.. മോളന്ന് ശ്രദ്ധിച്ചു കാണില്ല.. പിന്നെ ഹോസ്പിറ്റലിൽ ഓരോ ആവശ്യത്തിനും അവനുണ്ടായിരുന്നു .. അവസാനം കൈക്കുഞ്ഞുമായ് തിരികെ പോരുമ്പോഴും
രാത്രിയിൽ ഈ നാട്ടിൽ നിന്ന് കുഞ്ഞിനെയും കൊണ്ട് പോവുമ്പോഴും യദുക്കുട്ടൻ കൂടെ ഉണ്ടായിരുന്നു .. തളർന്നു പോയ മോളോടു പഠിക്കാൻ പറഞ്ഞതും അതിനായുള്ള സൗകര്യമൊരുക്കിയതുമെല്ലാം യദുവാണ് .. ഇത്രത്തോളം എൻ്റെ മോളെ മനസിലാക്കിയ അവൻ്റെയൊപ്പം നീ സന്തോഷമായിരിക്കും
എന്നെനിക്കറിയാം മോളെ.. ” പറയുമ്പോൾ അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

കേട്ടതിൻ്റെ ഞെട്ടലിലായിരുന്നു ബാല.. തനിക്കു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ മാത്രം യദുവേട്ടന് താൻ ആരായിരുന്നു ..

“മാമ്മ എന്നോടെന്താ ഒന്നും പറയാതിരുന്നത് .. ” അവൾ വീണ്ടും ചോദിച്ചു.

” മറ്റൊരാൾ തന്നെ സഹായിച്ചൂന്നറിഞ്ഞാൽ ബാലയ്ക്ക് ഇഷ്ടമാവില്ല.. ശേഖരേട്ടൻ അവളോട് ഒന്നും പറയണ്ട.. എന്ന് യദുക്കുട്ടൻ പറഞ്ഞിരുന്നു.”
ശേഖരമ്മാമ്മ പറഞ്ഞു.

“മോളെല്ലാം അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം മാമ്മ പറഞ്ഞതാ… ” എന്നും പറഞ്ഞ് ശേഖര മാമ്മ നടന്നകലുമ്പോഴും ബാലയുടെ കണ്ണുകൾ വേദൂട്ടിയ്ക്കും ഹിമയ്ക്കുമൊപ്പം കളി ചിരികളുമായിരിക്കുന്ന യദുവിലായിരുന്നു…

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ വീണ്ടും ബാലയുടെ കൺകോണിൽ നനവ് പടർന്നിരുന്നു..

ഒരു കൈ കൊണ്ട് മുണ്ടിൻ്റെ തുമ്പുയർത്തിപ്പിടിച്ച് വേദൂട്ടിയെയും എടുത്ത് നടക്കുന്ന യദുവിൻ്റെ പിന്നിലായ് നടക്കുന്നുവൾ ..

‘എനിക്ക് മനസ്സിലാവുന്നില്ലല്ലോ യദുവേട്ടാ നിങ്ങളെ .. ജീവിതത്തിൽ തോറ്റു പോവേണ്ടിയിരുന്നവൾക്ക് കരുത്ത് പകർന്ന് നിഴലായ് കൂടെയുണ്ടായിരുന്നെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല .. ‘ അവൻ്റെ കാലടികൾക്ക് പിന്നിൽ നടന്നവൾ മനസ്സിലോർത്തു.

യദു തിരിഞ്ഞു നോക്കുമ്പോൾ പതിയെ എന്തോ ഓർത്തു വരുന്ന ബാലയെയാണ് കണ്ടത്..
“ഇങ്ങോട്ടു വരുമ്പോ ഓടിച്ചാടി നടന്നയാൾക്ക് ഇപ്പൊ എന്താ പറ്റിയേ.. വീട്ടിൽ നിന്നും വേഗം പോന്നതിൻ്റെ സങ്കടമാണോ?” അവൻ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു.
ഒന്നുമില്ലെന്ന അർത്ഥത്തിൽ വെറുതെ ചുമല് കുലുക്കിയവൾ.. എന്തെങ്കിലും പറഞ്ഞു പോയാൽ താൻ കരഞ്ഞുപോവുമെന്ന് തോന്നിയിരുന്നു ..

കുറച്ച് ദൂരം നടന്നപ്പോഴാണ് വഴിമാറിയതു പോലെ തോന്നിയത്.. തലയുയർത്തി നോക്കിയപ്പോൾ സുഭദ്രാമ്മായിയുടെ വീട്ടിലേക്കുള്ള വഴിയാണ്.

“യദുവേട്ടന് വഴിതെറ്റിപ്പോയി.. നമുക്ക് അങ്ങോട്ടല്ലേ പോവേണ്ടത് .. “എതിർ ദിശയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞവൾ ..

“നമുക്കൊന്നിവിടെ കയറീട്ട് പോവാടോ..” യദു അവളെ നോക്കി പറഞ്ഞു.

” വേണ്ട യദുവേട്ടാ..അനന്തുവേട്ടനുണ്ടാവും.. എനിക്കാരേം കാണണ്ട .. “ബാല പറഞ്ഞു.
” കാണണം.. തനിക്കവരെയൊക്കെ പേടിയാണോ.”
അവൾക്കരികിൽ വന്നവൻ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.

“എന്നാപ്പിന്നെ വാ.. ഞാനില്ലേ കൂടെ..” എന്ന് പറഞ്ഞവൻ കൈചേർത്ത് പിടിച്ചപ്പോൾ കാലുകൾ അറിയാതെ അവനൊപ്പം ചലിച്ചു തുടങ്ങിയിരുന്നു…

തുടരും
(വൈകിയതിന് സോറീട്ടോ.. ഗസ്റ്റുണ്ടായിരുന്നു .. രണ്ടു ദിവസം എഴുതാനെ പറ്റിയില്ല.. ഇനി ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഇടാം.. എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.)

LEAVE A REPLY

Please enter your comment!
Please enter your name here