Home Abhijith Unnikrishnan നിന്നോടുള്ള സ്നേഹം കൊണ്ടാ അവള് നിന്നോട് തന്നെ എല്ലാം സംസാരിക്കുന്നത്.. Part – 9

നിന്നോടുള്ള സ്നേഹം കൊണ്ടാ അവള് നിന്നോട് തന്നെ എല്ലാം സംസാരിക്കുന്നത്.. Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം-ഒമ്പത് )

എന്നാൽ ഒരു കാര്യം പറയാനുണ്ട്..

എന്താണാവോ..
ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു..

അവൾക്ക് ഒരു കണ്ടീഷനും കൂടി ഉണ്ടത്രേ..

ഉണ്ണി അത്ഭുതത്തോടെ..
ഇനിയും കണ്ടീഷനോ..

യെസ്..
രതീഷ് തലയാട്ടി.

എന്നാൽ വിളിക്ക് കയ്യോടെ സംസാരിച്ചേക്കാം, വലിയ ആളുകളെയൊന്നും അധിക നേരം നിർത്തി ബുദ്ധിമുട്ടിക്കാൻ പാടില്ല..

ഓ അവളെ കളിയാക്കൊന്നും വേണ്ട, നിന്നോടുള്ള സ്നേഹം കൊണ്ടാ അവള് നിന്നോട് തന്നെ എല്ലാം സംസാരിക്കുന്നത്..

ഉണ്ണിയൊന്ന് ചിരിച്ചു..
അതേ.. അതെനിക്ക് നന്നായിട്ടറിയാം.

രതീഷ് ഫോണെടുത്ത് രശ്മിയുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി, ഉണ്ണി ഫോൺ കയ്യിൽ നിന്ന് വാങ്ങി കട്ട് ചെയ്തിട്ട് രതീഷിനെ നോക്കി..
എന്നോടല്ലേ വിളിക്കാൻ പറഞ്ഞേ, ഞാനെന്റെ നമ്പറിൽ നിന്ന് വിളിച്ചോളാം..

അങ്ങനെയെങ്കിൽ അങ്ങനെ..
രതീഷ് ഫോൺ തിരിച്ചു വാങ്ങി..

ഉണ്ണി പോക്കറ്റിൽ നിന്ന് ഫോണെടുത്ത് രശ്മിയെ വിളിച്ചു, രണ്ട് റിങ്ങിൽ തന്നെ അറ്റൻഡ് ചെയ്തു..
എന്താണ് അളിയാ രാവിലെ തന്നെ..?

ഉണ്ണിയൊന്ന് ചിരിച്ചിട്ട് രതീഷിന്റെ അരികിൽ നിന്ന് മാറി..
ഇവിടെ ഒരാള് നിനക്കെന്തൊ എന്നോട് അത്യാവശ്യമായിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു, ശരി എന്താണ് ഇത്ര അത്യാവശ്യ കാര്യമെന്ന് അറിയാലോ വിചാരിച്ചു വിളിച്ചതാ, പറയൂ പുതിയ ഏടത്തിയമ്മ എന്താണെന്നോട് പറയാനുള്ളത്..

കളിയാക്കല്ലടാ ഉണ്ണികുട്ടാ, നമ്മള് തമ്മിലുള്ള സ്നേഹം വെച്ചിട്ട് ഞാനൊരു രഹസ്യം പറഞ്ഞു തരാ വിചാരിച്ചതാ, നിന്റെ മനസ്സിൽ ഇങ്ങനെയാണേൽ ഞാനെന്തിന് നിന്നോട് പറയണം..

ഉണ്ണിയൊന്ന് നിന്നു..
തമാശയാണോ കാര്യമായിട്ടാണോ..

ഞാനൊരു കാര്യം അളിയനോട് പറയാം, കേട്ടിട്ട് തമായായിട്ടാണോ കാര്യമായിട്ടാണോന്ന് തീരുമാനിച്ചോ..

ഉണ്ണി ആകാംക്ഷയോടെ..
പറയൂ…

ആദ്യം നീ ലൗഡ് സ്പീക്കറൊക്കെ ഓഫാക്കി എല്ലാവരുടെയും ഇടയിൽ നിന്ന് മാറി നിൽക്ക്..

ഉണ്ണി പുറകിൽ നിൽക്കുന്ന രതീഷിനെയൊന്ന് നോക്കി..
ലൗഡ് സ്പീക്കറൊന്നുമല്ല, പിന്നെ കൂടെയുള്ളത് ഏട്ടനാ, അവനാണേൽ ദൂരെയാ, ആരും കേൾക്കുന്നില്ല രശ്മി ധൈര്യമായിട്ട് പറയൂ..

രശ്മിയൊന്ന് ചിരിച്ചു..
എന്താ ഉത്സാഹം..

എന്നെ ടെൻഷനടിപ്പിക്കാതെ കാര്യം പറ.

പറയാം ശ്രദ്ധിച്ചു കേട്ടോ, പക്ഷെ അതിന് മുമ്പ് ഒരു ചോദ്യം..

എന്താണത്..

നീ ആരെയെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ വേണമെന്ന് മനസ്സിൽ ചിന്തിക്കുന്നുണ്ടോ..

ഉണ്ണിയൊന്ന് നിർത്തിയിട്ട്..
ഇപ്പോൾ നിനക്കിട്ടൊന്ന് തന്നാലോന്ന് ആലോചിക്കുന്നുണ്ട്..

രശ്മി ചിരിച്ചു..
അത് തോന്നും സ്വാഭാവികം.. അതിന് മുമ്പ് ഇതിന് ഉത്തരം പറ..

ഉണ്ണിയൊന്ന് മൗനമായി, രശ്മി വീണ്ടും..
ഹലോ ഫോൺ കട്ടാക്കിയിട്ട് ഓടിയോ..

ഉണ്ണിയൊന്ന് ശ്വാസമെടുത്തു..
എങ്ങോട്ടും പോയിട്ടില്ല, എനിക്ക് നിന്റെ ചോദ്യം മനസ്സിലായില്ല അതെന്താണെന്ന് ആലോചിച്ചു നിൽക്കാ..

അയ്യോ പാവം ആലോചിക്കായിരുന്നോ, പറയണ്ടേ ചേച്ചി ക്ലൂ തരില്ലേ..

എന്നാൽ രശ്മി ക്ലൂ താ, എന്താ സംഭവമെന്ന് ഞാനും നോക്കട്ടെ..

രശ്മി കുറച്ച് നേരം ഇടവേളയെടുത്ത്..
ഉം.. ഒരു പെൺകുട്ടി കാണാൻ നല്ല സുന്ദരിയായിരുന്നു, അവൾക്ക് കോളേജിൽ പുറകെ നടക്കാൻ കുറെ ഫാൻസും ഉണ്ടായിരുന്നു, പക്ഷെ അവൾക്ക് എന്നിട്ടും ഇഷ്ടമായത് അവളെ മൈൻഡ് പോലും ചെയ്യാത്തൊരു ദുഷ്ടനെയായിരുന്നു..

ഉണ്ണിയൊന്നും മിണ്ടാതെ നിന്നു, രശ്മി തുടർന്നു..
പാവമായിരുന്ന അവൾക്ക് ആ ദുഷ്ടന്റെ കൂടെ ജീവിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു, അവൻ അവളെ ഉപേക്ഷിച്ചു പോയതിന് ശേഷവും ആ ആഗ്രഹം തുടർന്നു..

ഉണ്ണി ഉറക്കെ..
ഒന്ന് നിർത്ത്, നീ എന്നെ ടെൻഷനാക്കുകയല്ല ഭ്രാന്താക്കുകയാണ് ചെയ്യുന്നത്, എനിക്ക് ഇനി നീ പറയുന്നതൊന്നും കേൾക്കണമെന്നില്ല..
ഉണ്ണി ഫോൺ കട്ടാക്കി, ശബ്ദം കേട്ട് രതീഷ് അരികിലേക്ക് വന്നു..
എന്തിനാ ഉണ്ണി അവളോട് ദേഷ്യപെടുന്നേ..

ഉണ്ണിയൊന്ന് രതീഷിനെ നോക്കി..
ഏട്ടന്റെ കല്യാണമല്ലേ, എന്തേലും ജോലിയുണ്ടേൽ പോയി നോക്ക്..

ഉണ്ണി വീട്ടിനകത്തേക്ക് നടന്നു, പെട്ടെന്ന് പ്രിയ അരികിലേക്ക് വന്നു..
നമ്മുക്ക് അമ്മയെ കാണാൻ പോയാലോ, വന്നിട്ട് ഇതുവരെ അങ്ങോട്ട് പോയില്ലല്ലോ..

നിനക്ക് വേണേൽ എങ്ങോട്ടെങ്കിലും പോ, ഞാനൊന്നും വരുന്നില്ല..

ഉണ്ണി പറഞ്ഞു കഴിഞ്ഞപ്പോൾ പെട്ടെന്ന് പ്രിയയെ നോക്കി, അവൾ വല്ലാത്തൊരു ഭാവത്തിൽ നോക്കുന്നത് കണ്ടപ്പോൾ ഉണ്ണിയൊന്ന് ചിരിച്ചു..
ഇങ്ങോട്ട് വാ..

പ്രിയ ഉണ്ണിയെ ചേർന്ന് നിന്നു, ഉണ്ണി അവളെ കെട്ടിപിടിച്ചുകൊണ്ട്..
അപ്പോൾ എന്നെ പേടിയുണ്ട് ലെ..

പ്രിയയൊന്ന് ഉണ്ണിയെ നോക്കിയിട്ട്..
നീ ശരിക്കും ദേഷ്യപ്പെടാണോ അതോ തമാശക്കാണോന്ന് മനസ്സിലാവാതെ നോക്കിയതാ..

ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാ..
ഉണ്ണി ചിരിച്ചു..

ആണല്ലേ.. എന്നാ എന്റെ കുട്ടി ഇടുപ്പത്ത് നിന്ന് കയ്യെടുക്ക് ഞാനൊരു കാര്യം കാണിച്ചു തരാം..

ഉണ്ണി കയ്യെടുത്ത് അവളെ നോക്കി..
എന്താ രാവിലെ തന്നെ ഉമ്മ തരാണോ, അച്ഛമ്മ കാണുമെന്ന് പേടിയൊന്നുമില്ലാലെ..

ഏയ്യ് തീരെ ഇല്ല..

ആണോ..

പിന്നല്ലാതെ ഇതിന് അങ്ങനെ നേരവും കാലവുമൊന്നുമില്ലല്ലോ, ഇഷ്ടമുള്ളപ്പോൾ തരും..

എന്നാൽ താ..
ഉണ്ണി അരികിലേക്ക് ചെന്നു..

ഇന്നാ വേടിച്ചോ..
പ്രിയ കൈ മടക്കി വയറിലേക്കൊരു ഇടി കൊടുത്തു..

ഉണ്ണി വേദനിച്ചിട്ട് നിലത്തിരുന്നു..
എടി മഹാപാപി, നീ രാവിലെ തന്നെ എന്നെ കൊല്ലാൻ നോക്കാണോ..

പ്രിയ ഉണ്ണിയുടെ അടുത്തിരുന്നു..
വേദനിച്ചോ.. എനിക്ക് നീ പറയുമ്പോൾ നല്ലോം നൊന്തു, അതുകഴിഞ്ഞ് തമാശയാണെന്ന് പറഞ്ഞപ്പോൾ പിന്നെയും നൊന്തു, അതു വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത്..

ഉണ്ണിയൊന്ന് പ്രിയയെ നോക്കി..
ഒരു തമാശ പോലും നിന്നോട് പറയാൻ പറ്റില്ലേ..

പ്രിയ ഉണ്ണിയുടെ വയറിൽ കൈകൊണ്ട് തലോടി..
സോറി.. അപ്പോഴത്തെ സങ്കടത്തിൽ ചെയ്തതാ, നീ എന്നോട് തമാശക്ക്‌ പോലും ദേഷ്യപ്പെടരുത് പ്ലീസ്, എനിക്ക് നിന്നെ അങ്ങനെ കാണുന്നത് തന്നെ ഇഷ്ടല്ല, ഞാൻ നിന്നെ നേരെ നോക്കുന്നില്ലേ അപ്പോൾ നീയും എന്നെ വേദനിപ്പിക്കാതെ നല്ലോം നോക്കണ്ടേ..

ഉണ്ണിയൊന്ന് പ്രിയയെ നോക്കി ചിരിച്ചു..
നിന്നെ എനിക്ക് ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇങ്ങനെ വെറുപ്പിക്കുന്നെ..

പ്രിയ ഉണ്ണിയുടെ മുഖത്തിനടുത്തേക്ക് വന്നു…
ഞാൻ സോറി പറഞ്ഞല്ലോ, ഇനിയും അഭിനയിക്കാതെ നീ എഴുന്നേൽക്ക് ഇല്ലേൽ അച്ഛമ്മ വന്ന് കണ്ടാൽ ചീത്ത കേൾക്കും..

ഉണ്ണി പതിയെ എഴുന്നേറ്റ് പ്രിയയുടെ കൈ തൊട്ടു നോക്കി..
ഇതാണോ നീ പറഞ്ഞ സിറിഞ്ച് മാത്രം പിടിക്കുന്ന മൃദുലമായ കൈ വിരലുകൾ..

പ്രിയ ചിരിക്കാൻ തുടങ്ങി..
ഞാൻ പറഞ്ഞല്ലോ സോറി, ഇനി വേണേൽ കാലിൽ വീഴാം ഇത് തന്നെ പറഞ്ഞോണ്ടിരിക്കരുത്..

ഒരിക്കലുമില്ല, ഇടയ്ക്ക് ഇടയ്ക്ക് ഓർമിപ്പിക്കുകയേയുള്ളൂ..

അങ്ങനെയാണേൽ ഇന്നലത്തെ കാര്യം ഞാൻ ചേച്ചിയോടും പറയും..

ഉണ്ണി പെട്ടെന്ന് ചുറ്റിലും നോക്കി..
എന്റേടോ നീ വെറും പാരയാണല്ലോ , ഇന്നലെ അറിയാതെ സംഭവിച്ചതല്ലേ..

പ്രിയ ചിരിച്ചു..
അയ്യോ അതല്ല സാർ, അതു കഴിഞ്ഞുള്ള ഒരു സംഭവമാ ഉദ്ദേശിച്ചേ..

ഉണ്ണി പ്രിയയുടെ വാ പൊത്തി..
മതി എനിക്ക് മനസ്സിലായി, നീ വിളിച്ചു കൂവി ബാക്കിയുള്ളവരെ കൂടി അറിയിക്കണ്ട..

ഒരിക്കലുമില്ല ചേച്ചിയോട് മാത്രേ പറയൂ..

ഉണ്ണി പ്രിയയെ നോക്കികൊണ്ട്..
നിനക്ക് എവിടെയാ പോവണം പറഞ്ഞത് അമ്മയെ കാണാനല്ലേ വാ പെട്ടെന്ന് പുറപ്പെട് ഇപ്പോൾ തന്നെ പോവാം…

ആ അങ്ങനെ വാ വഴിക്ക് വാ..
പ്രിയ മുറിയിലേക്ക് നടന്നു, ഉണ്ണി സോഫയിലിരുന്ന് കുറച്ചു നേരം ആലോചിച്ചിട്ട് എഴുന്നേറ്റ് ഡ്രെസ്സൊക്കെ മാറി പുറത്തേക്ക് വന്നു, ഹാളിൽ നിൽക്കുന്ന പ്രിയയെ കണ്ടപ്പോൾ..
അല്ല നീ എങ്ങോട്ട് പോവുന്നു..?

ദേ മനുഷ്യാ എന്നെ ദേഷ്യം പിടിപ്പിക്കരുത്, റെഡിയായി വരാൻ പറഞ്ഞിട്ട്..

ഉണ്ണി അവളുടെ അരികിൽ ചെന്ന് അടിമുടി നോക്കിയിട്ട്..
എന്ന് കരുതി ഇതെന്ത് ഒരുങ്ങലാ, അല്ലെങ്കിൽ തന്നെ ബാക്കിയുള്ളവൻ ഓരോന്ന് അഡ്ജസ്റ്റ് ചെയ്തിട്ടാ നിന്റെ കെട്ടിയോനാണെന്ന് പറഞ്ഞു നടക്കുന്നെ, ഇനി ഞാനെന്ത് ചെയ്യും..

പ്രിയയൊന്ന് വെറുതെ ചിരിച്ചു കാണിച്ചു..
ഇല്ലാട്ടോ എനിക്കത് തീരെ സുഖിച്ചില്ല, നീ വേറെ എന്തേലും ട്രൈ ചെയ്യ്..

ഒരു സത്യം പറഞ്ഞപ്പോൾ ഇഷ്ടായില്ല..

പ്രിയ ഉണ്ണിയെയൊന്ന് നോക്കി..
സത്യം അതും നിന്റെ അടുത്ത് നിന്ന്.. കൊള്ളാം..

അപ്പോൾ നിനക്കെന്നെ തീരെ വിലയില്ലേ .

ഏയ്‌ എന്തിന്..

ആ ബെസ്റ്റ്… സാരമില്ല.. എനിക്കിത് പുത്തരിയല്ല..

ഉണ്ണി പ്രിയയുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ്, ഗായത്രി കയറി വന്നത്, രണ്ടു പേരെയും കണ്ടപ്പോൾ ഗായത്രിയൊന്ന് നിന്നു..
അല്ല എങ്ങോട്ടാ രണ്ടാളും കൂടി..?

ഹണിമൂൺ..
പ്രിയ ഗായത്രിയെ നോക്കി കണ്ണടിച്ചു..

അതുകൊള്ളാം… പക്ഷെ അതിനു മുമ്പ് ലൈസൻസ് കാണിക്ക് നോക്കട്ടെ..

ഒന്ന് പോ ചേച്ചി, ഞങ്ങൾക്കെന്തിന് ലൈസൻസ്, ഞങ്ങള് ഫ്രീ ആയിട്ടങ്ങനെ പറന്നു നടക്കല്ലേ..

ഗായത്രി ചിരിച്ചിട്ട് ഉണ്ണിയുടെ നേരെ തിരിഞ്ഞു..
എങ്ങോട്ടാ..?

ഇവൾക്ക് അമ്മയെ കാണണമെന്ന് നല്ല മോഹം അപ്പോൾ കാണിച്ചു കൊടുക്കാമെന്നു വിചാരിച്ചു കൂടെ കൂട്ടിയതാ..

ഉം.. അതിനാണോ ഇത്ര അണിഞ്ഞൊരുങ്ങൽ, എന്തായാലും നീ കൊണ്ടുപോയി അവൾക്ക് അമ്മായിഅമ്മയെ കാണിച്ചു കൊടുത്തേക്ക്..

എടത്തിയമ്മ എന്ത്യേ ഡോക്ടർ..

മൂപ്പർക്കെന്തോ അർജന്റ് കാര്യമുണ്ടെന്ന് പറഞ്ഞിട്ട് പോയി..

ഓക്കേ എന്നാൽ ഞങ്ങള് കല്യാണവീട്ടിൽ പോയിട്ട് വരാം..

ഗായത്രി തലയാട്ടിയപ്പോൾ ഉണ്ണി പുറത്തേക്കിറങ്ങി, വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മ പുറത്ത് തന്നെയുണ്ടായിരുന്നു, പ്രിയയെ കണ്ടപ്പോൾ അരികിലേക്ക് വന്നിട്ട്..
ആഹാ ഇന്ന് മോളെ കാണാൻ മഹാലക്ഷ്മിയേ പോലെയുണ്ടല്ലോ, എങ്ങോട്ടാ രണ്ടാളും കൂടി അണിഞ്ഞൊരുങ്ങിയിട്ട്..

പ്രിയ ചിരിച്ചു..
അമ്മയെ കാണാൻ വന്നതാ..

അമ്മ സന്തോഷത്തിൽ കെട്ടിപിടിച്ചു..
എന്നാൽ മോള് വലതുകാൽ വെച്ച് അകത്തേക്ക് വാ..

അപ്പോൾ ഞാനോ..
ഉണ്ണി അമ്മയെ നോക്കി സംശയത്തോടെ ചോദിച്ചു..

നീ എങ്ങനേലും വാ, എനിക്കെന്റെ മരുമകളുടെ കാര്യം നോക്കിയാൽ മതി..

ആയിക്കോട്ടെ…

അമ്മ പ്രിയയെയും കൂട്ടി അകത്തേക്ക് നടന്നു, ഉണ്ണി കയറാൻ നിന്നപ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്തത്, ഫോണെടുത്ത് കാതിൽ വെച്ചു.
ഹലോ..

ഉണ്ണി ഫോൺ കട്ടാക്കരുത്, നീ ഒരു മിനുട്ട് ക്ഷമയോടെ കേൾക്ക്..

ഉണ്ണി കുറച്ച് നേരം നിന്നിട്ട്..
രശ്മി പറയൂ..

രശ്മിയൊന്ന് ചിരിച്ചു..
അവള് വരുന്നുണ്ടെടാ നിന്നെ കാണാൻ..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here