രചന : സൽമാൻ സാലി
“”ഓഫീസിൽ ജോലി ചെയ്തോണ്ടിരിക്കുമ്പോളാണ് നാട്ടിലെ നമ്പറിൽ നിന്നും ഒരു കാൾ വന്നത്.. അറിയാത്ത നമ്പർ ആയത് കൊണ്ട് ആദ്യം ഞാൻ ഫോൺ കട്ടാക്കിയെങ്കിലും വീണ്ടും കാൾ വന്നത് കൊണ്ട് ഞാൻ കാൾ എടുത്തു…
“”ഹലോ.. അസ്സലാമുഅലൈക്കും… സൽമാൻ അല്ലെ..?
“”അതെ സൽമാൻ ആണ്.. ആരാണ്..?
പിന്നേ ഫോണിലൂടെ പറഞ്ഞത് കേട്ട് എന്റെ കൈകാലുകൾ തളർന്നു പോയിരുന്നു…
കൂടെ ജോലി ചെയ്യുന്ന നാസർക്കാന്റെ ഭാര്യ മരണപെട്ടിരിക്കുന്നു.. നാസർക്കയെ അറിയിച്ചിട്ടില്ല അറിയിക്കാതെ എങ്ങനെ എങ്കിലും നാട്ടിലേക്ക് കയറ്റി വിടണം എന്നായിരുന്നു അവർ പറഞ്ഞത്…
ഒരു നിമിഷം ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പകച്ചു പോയിരുന്നു…
നാസർക്കായുടെ ക്യാബിനിൽ ഒരു പാകിസ്ഥാനിയോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ട് പേപ്പറുകൾ ശരിയാക്കി കൊടുക്കുന്ന നാസർക്കയെ കണ്ടപ്പോൾ എനിക്ക് തലച്ചുറ്റുന്നത് പോലെ തോന്നി .. തലേ ദിവസം രാത്രി കൂടി ഫോണിലൂടെ ഫോൺ വിളി കഴിഞ്ഞു വന്ന നാസർക്കയോട് ഞാൻ ചോദിച്ചിരുന്നു ഇത്രേം വർഷം ആയിട്ടും ഇങ്ങളെ പഞ്ചാരയടിക്ക് ഒരു കുറവുമില്ലലോ ഇക്കാ.. ന്ന്.. അതിന് മറുപടിയായി ഇക്ക പറഞ്ഞത് പതിനാല് കൊല്ലം ആയെങ്കിലും ഞാനും ഓളും ഒരുമിച്ച് ജീവിച്ചത് രണ്ടോ മൂന്നോ കൊല്ലം അല്ലേടാ.. എന്നാണ്…
അതെ.. അങ്ങനെ തന്നെയാണ്.. വർഷത്തിൽ ഒരു മാസം ലീവിന് പോകുമ്പോൾ മാത്രം ഒരുമിച്ച് ജീവിക്കുകയും ബാക്കിയുള്ള പതിനൊന്നു മാസം ഫോണികൂടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ കൈമാറുകയും ചെയ്യുന്ന അനേകം പ്രവാസികളിൽ ഒരാൾ ആയിരുന്നു നാസർക്കയും…
പലപ്പോഴും അവരുടെ സ്നേഹം കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ട്..ഇടക്ക് ഇക്കയോട് ഞാൻ പറഞ്ഞിട്ടുമുണ്ട് “ഇങ്ങനെ പോയാൽ ഇങ്ങക്ക് പെട്ടന്ന് പഞ്ചാരയുടെ അസുഖം വരും. അമ്മാതിരി പഞ്ചാരയടിയല്ലേ ഇങ്ങള്.. ന്ന്..
“”എടാ സാലിയെ.. ഒരു പെണ്ണ് കെട്ടി ഓള ഒന്ന് പ്രേമിച്ചു നോക്കിയാൽ മനസിലാകും നിനക്ക് അതിന്റെ ഒരു ലഹരി… അവളുടെ ഓരോ വാക്കും നമ്മൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട് എന്ന് മനസിലാക്കിയാൽ പിന്നെ അവർക്ക് പങ്കിടാൻ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകുമെടാ.. അതിൽ ചെറിയ ഒരു കാര്യംപോലും ഓർത്തു വെച്ച് നമ്മൾ നടത്തികൊടുക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന സന്തോഷം ഇല്ലേ.. അതാണ് ഒരു ഭാര്യയുടെ മുന്നിൽ ഭർത്താവിന്റെ വിജയം..ഞാൻ ഏറ്റവും ആസ്വദിക്കുന്നതും അവളുടെ സന്തോഷം ആണെടാ ..
“”ആഹ്.. ആരോട് പറയാൻ.. പെണ്ണ് കെട്ടേണ്ട പ്രായത്തിലും ക്രിക്കറ്റ് കളിയുമായി നടക്കുന്ന നിന്നോട് പ്രണയത്തിന്റെ ലഹരിയെ കുറിച്ച് പറഞ്ഞ എന്നേ പറഞ്ഞാൽ മതി ….
ഇക്കയുടെ സംസാരം അങ്ങനെ ആണ്.. പ്രവാസിയായി വന്നത് മുതൽ ഒരു ജേഷ്ട്ടനെ പോലെ ചിലപ്പോൾ ഒരു കൂട്ടുകാരനെ പോലെ എന്റെ എല്ലാം കാര്യത്തിലും ഒരു ശ്രദ്ധയുണ്ടായിരുന്നു…
ആ… മനുഷ്യനോട് തന്റെ പ്രാണനായ പ്രിയപെട്ടവൾ ഇനി ഈ ലോകത്ത് ഇല്ലാ എന്ന് പറഞ്ഞാൽ ഒരു നിമിഷം ചങ്ക് തകർന്ന് വീണുപോകും…..
ഓഫീസിലെ ac റൂമിലും ഞാൻ വിയർത്തു കുളിച്ചിരുന്നു…
ഞാൻ ക്യാബിനിൽ നിന്നും ഇറങ്ങി നേരെ HR ന്റെ അടുത്ത് ചെന്നു കാര്യം അവതരിപ്പിച്ചു… ഈജിപ്ഷ്യൻ ആയ ആ നല്ല മനുഷ്യൻ അടുത്ത ഫ്ളൈറ്റിന് തന്നെ പോകാനുള്ള അവസരം ശരിയാക്കാമെന്ന് ഉറപ്പും തന്നു….
പക്ഷെ പിന്നെയും എന്റെ മുന്നിൽ വലിയൊരു കടമ്പ ബാക്കിയായിരുന്നു… നാസർക്കയോട് എന്ത് പറഞ്ഞു നാട്ടിലേക്ക് പറഞ്ഞയക്കും. എന്നത്…
അങ്ങനെ നാട്ടുകാരൻ കൂടിയായ അഹമ്മദ്ക്കനോട് വിളിച്ചു കാര്യം അവതരിപ്പിച്ചു. ഞാൻ നാസർക്കയെ കൂട്ടി അവരുടെ ഹോട്ടലിൽ വരുമെന്നും നിങ്ങൾ കാര്യം പറഞ്ഞു മനസിലാക്കണം എന്നും പറഞ്ഞു ഫോൺ വെച്ചു നാസർക്കയെ കൂട്ടി ഹോട്ടലിലേക്ക് പുറപ്പെട്ടു..പക്ഷെ ഹോട്ടലിൽ എത്തും മുൻപ് നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിലെ മരണവാർത്തയിൽ തന്റെയും പ്രിയതമയുടെയും പേര് കണ്ട നാസർക്ക കുറച്ചു നേരത്തേക്ക് സ്തംഭിച്ചുപോയിരുന്നു…
ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തിയതും നാസർക്കാ ചാടിയിറങ്ങി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആരെയൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്, പക്ഷെ ആരും എടുക്കുന്നുണ്ടായിരുന്നില്ല.. ഒടുവിൽ ആരോ ഫോൺ എടുത്തപ്പോൾ നാസർക്ക എന്താണ് വാട്സപ്പിൽ കള്ളം പ്രചരിപ്പിക്കുന്നു എന്നൊക്കെ ചൂടായെങ്കിലും മറുതലക്കൽ നിന്നും വന്ന വാർത്ത കേട്ടതും ഫോൺ കയ്യിൽ നിന്നും നിലത്തേക്ക് പോയി… ഒപ്പം നാസർക്കയും….
മൂന്നാല് പേര് താങ്ങി പിടിച്ചു ഹോട്ടലിൽ ഇരുത്തി മുഖത്ത് വെള്ളം കുടഞ്ഞപ്പോൾ നാസർക്ക കണ്ണുകൾ തുറന്നു.. പക്ഷെ അതിന് ശേഷം നടന്നത് വാക്കുകളിൽ വിവരിക്കാൻ കഴിയുകയില്ല… അഹമ്മദ്ക്കയെ കെട്ടിപിടിച്ചുകൊണ്ട് ഒരു ഭ്രാന്തനെ പോലെ അലറി കരഞ്ഞും ഇടക്ക് തല ചുമരിൽ അടിച്ചും മൂക്കള ഒളിപ്പിച്ചുകൊണ്ട് കരയുന്നത് കണ്ട് പിടിനിൽക്കാൻ എനിക്കും കഴിഞ്ഞിരുന്നില്ല…..
ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു അന്നത്തെ എയർ ഇന്ത്യ ഫ്ളൈറ്റിൽ നാസർക്കയെ നാട്ടിലേക്ക് കയറ്റി വിട്ടത്…..
————————————————————————
ഒന്നര വർഷത്തിന് ശേഷം എന്റെ കല്യാണം വിളിക്കാനാണ് ഞാൻ നാസർക്കയുടെ വീട്ടിലേക് പോയത്…
നാസർക്ക മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ചുകിണ്ടിരിക്കുമ്പോളാണ് ഞാൻ അവിടേക്ക് കേറി ചെല്ലുന്നത്..
നാസർക്കയെ ഒന്നര വർഷം കൊണ്ട് ഒരു മനുഷ്യൻ ഇത്രയും വാർദ്ധക്യം സംഭവിക്കുമോ എന്ന് ഞാൻ അത്ഭുതപെട്ടുപോയി..
മുടിയും താടിയും നരവീണു മെലിഞ്ഞു ഒരു കോലം ആയിപോയിരുന്നു നാസർക്ക…
സലാം പറഞ്ഞു കെട്ടിപിടിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നാസർക്കയുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകൻ ജ്യൂസുമായി വന്നു..ഇളയവൾ ആറാം ക്ലാസ്സിൽ ആണെന്നും രണ്ടാളും നന്നായി പഠിക്കുമെന്നും മക്കളെ കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു നാസർക്ക…
എന്റെ കല്യാണം ഉണ്ടെന്നും എല്ലാരും വരണമെന്നും പറഞ്ഞു ഇറങ്ങാൻ നേരം ഞാൻ നാസർക്കയോട് ചോദിച്ചു “”അല്ല നാസർക്കാ ഇങ്ങക്ക് ഒന്നൂടെ കെട്ടിക്കൂടെ…?
സഹതാപം നിറഞ്ഞ ഒരു ചിരിയോടെ നാസർക്ക തുടർന്നു…
“”സാലിയെ ഇൻക്ക് ആലോചനയുമായി ഒരുപാട് ആളുകൾ വന്നിട്ടുണ്ട്.. ഓരോക്കെ ആഗ്രഹിച്ചതും എനിക്ക് ഒരു പെൺതുണ വേണമെന്നാ ഡാ…
“”പക്ഷെ പതിനാല് കൊല്ലം കൊണ്ട് ന്റെ റസിയ ഒരായുസിന്റെ സ്നേഹം തന്നിട്ടല്ലേടാ പോയത്.. ഓളെ ഓർമകൾ നിക്കുന്ന ഈ ഖൽബിലേക്ക് വേറൊരു പെണ്ണിന് ഞാൻ ഇടംകൊടുക്കാൻ. ന്നേ. കൊണ്ട് കയ്യൂല ഡാ…..
“”ന്റെ റസിയ നട്ട് നനച്ചു ഉണ്ടാക്കിയ ഈ ചെടികളും പിന്നെ വെള്ളിയാഴ്ച ദിവസം ജന്നാത്തുൽ ഫിർദൗസിന്റെ അത്തറ് പുരട്ടി മൈലാഞ്ചി ചെടികൾ തണൽ വിരിച്ച ഓളെ ഖബറിൻ പുറത്ത് പോയി ഓളോട് ഞാൻ ഇപ്പളും സംസാരിക്കാറുണ്ട്.. ഓളെ നിസ്കാരക്കുപ്പായതിന് എപ്പോളും ആ മണം ആയിരുന്നു..ഓൾക് ജന്നാത്തുൽ ഫിറ്ദൗസിന്റെ അത്തർ അത്രക്ക് ഇഷ്ട്ടമായിരുന്നെടാ…
” ന്റെ റസിയ ന്റെ കൂടെ തന്നെ ഉണ്ടെടാ…അതുകൊണ്ട് വേറെ ഒരു തുണ ഇൻക്ക് .. മാണ്ടാ….ന്റെ മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ ആകിയിട്ട് വേണം ഇൻക്കും ആ മൈലാഞ്ചി ചെടികൾക്കിടയിൽ വിശ്രമിക്കാൻ…
മറുത്തൊരു ആശ്വാസ വാക്കുപോലും പറയാൻ കഴിയാതെ നാസർക്കയോട് സലാം പറഞ്ഞു അവിടെ നിന്നിറങ്ങി….
പടച്ചോന്റെ തീരുമാനങ്ങൾ ചിലപ്പോൾ ഇങ്ങനെ ആണ്.. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് പെട്ടെന്ന് തിരിച്ചെടുക്കും…
.. സൽമാൻ..
Nb.കേട്ടറിഞ്ഞ ഒരു ജീവിതം ഭാവനയിൽ എഴുതിയതാണ്.. കഥാപാത്രങ്ങൾ സങ്കല്പികം…