Home Latest കണ്ണിൽ ഇരുട്ടു കയറി നിലത്തേക്ക് ഊർന്നിരിക്കുമ്പോഴും ചുണ്ടുകൾ പതിയെ പിറു പിറുത്തു… Part – 19

കണ്ണിൽ ഇരുട്ടു കയറി നിലത്തേക്ക് ഊർന്നിരിക്കുമ്പോഴും ചുണ്ടുകൾ പതിയെ പിറു പിറുത്തു… Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 19

രചന : രജിഷ അജയ് ഘോഷ്

ബാലയുടെ മനസ്സിലപ്പോൾ യദു മാത്രമായിരുന്നൂ.. അവനണിയിച്ച താലിയിൽ മുറുകെ പിടിച്ചു.. സർവ്വശക്തിയുമെടുത്ത് ആഞ്ഞ് തളളി.. അയാളൊന്ന് വേച്ച് പോയപ്പോൾ കയ്യിൽ തടഞ്ഞ ഫ്ലവർ ബോട്ടിലെടുത്ത് ആഞ്ഞടിച്ചു.. അത് പൊട്ടി ചിതറിപ്പോയി.അയാൾ വേദനയോടെ തലയിൽ കൈവച്ചതും കിതപ്പോടെ വീണ്ടും ആഞ്ഞ് തള്ളിയിരുന്നു ..

അയാൾ നിലത്തേക്ക് അടിച്ചു വീഴുന്നതും തലയിൽ നിന്നും രക്തമൊഴുകുന്നതും കണ്ടു.. കണ്ണിൽ ഇരുട്ടു കയറി നിലത്തേക്ക് ഊർന്നിരിക്കുമ്പോഴും ചുണ്ടുകൾ പതിയെ പിറു പിറുത്തു… “കൊന്നു.. ഞാനയാളെ കൊന്നു.. ”

✨✨✨✨✨✨✨✨✨✨✨✨✨✨✨
ഫ്ലാറ്റിന് താഴെ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി മുകളിലേക്ക് നടക്കുമ്പോൾ യദുവിൻ്റെ
മനസ്സാകെ ബാലയെയും കുഞ്ഞിനെയും കാണാനുള്ള തിടുക്കമായിരുന്നു .. വേദൂട്ടി പറഞ്ഞ പാവയും ചോക്ലേറ്റുമെല്ലാം കയ്യിലുണ്ട്..

കോളിംഗ്ബെൽ അടിച്ച് കുറച്ച് നേരം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല.. വീണ്ടും തുടരെ തുടരെ ബെൽ അടിച്ചുവെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.
സുനന്ദേച്ചിയോട് ചോദിക്കാമെന്ന് കരുതി
അവിടെച്ചെന്നപ്പോഴാണ് വേദൂട്ടിയെ കണ്ടത്.. യദുവിനെ കണ്ടതും അവൾ അച്ഛാ.. എന്ന് വിളിച്ച് അവൻ്റെ കയ്യിലേക്ക് ചാടി..
” അച്ഛേടെ കുഞ്ഞൂ.. ” എന്ന് വിളിച്ചവൻ അവളുടെ കുഞ്ഞിക്കവിളിൽ മുത്തി.

“ബാലയെവിടെപ്പോയതാ സുനന്ദേച്ചീ .. ബെൽ അടിച്ചിട്ട് വാതിൽ തുറക്കുന്നില്ലല്ലോ .. “യദു ചോദിച്ചു.

” ഞാൻ കുഞ്ഞിനേം കൊണ്ട് വരുമ്പോ അവിടെത്തന്നെ ഉണ്ടായിരുന്നല്ലോ.. ഇനീപ്പോ കുളിക്കാനെങ്ങാൻ കയറിക്കാണുമോ.. ” സുനന്ദ പറഞ്ഞു.

“താനാ ഫോണെടുത്ത് വിളിച്ച് നോക്ക്.. ” എന്നു പറഞ്ഞ് കൊണ്ട് അരവിന്ദനും പുറത്തേക്ക് വന്നു..

യദു ഫോണെടുത്ത് ബാലയെ കോൾ
ചെയ്തെങ്കിലും റിങ്ങടിച്ചതല്ലാതെ ആരും ഫോണെടുത്തില്ല..
“വാ.. ഒന്നൂടിനോക്കാം.. ” എന്നും പറഞ്ഞ് അരവിന്ദൻ നടന്നു..
അരവിന്ദന് പിന്നിൽ നടക്കുമ്പോൾ എന്തെന്നില്ലാത്ത ഭയം നിറയുന്നതവൻ അറിഞ്ഞിരുന്നു…
✨✨✨✨✨✨✨✨✨✨✨✨✨✨
എന്തെല്ലാമോ ശബ്ദങ്ങൾ കേട്ടാണ് ബാല കണ്ണുകൾ വലിച്ച് തുറന്നത്.. തലയ്ക്ക് വല്ലാത്ത കനം തോന്നി.. ഒരു നിമിഷം വേണ്ടി വന്നു കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ .. മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നവനെ കണ്ടപ്പോൾ വീണ്ടും കണ്ണടയുന്നത് പോലെ .. ഭയം കൊണ്ട് ശരീരമാകെ വിറക്കാൻ തുടങ്ങി ..
വാതിലിൽ തുടരെ മുട്ടുന്ന ശബ്ദവും കോളിംഗ് ബെല്ലിൻ്റെ ശബ്ദവും കൂടി കേട്ടപ്പോൾ വീണ്ടും ഭയം കൂടി ..

ഇടയ്ക്കെപ്പോഴോ വേദൂട്ടിയുടെ കരച്ചിലിൻ്റെ ശബ്ദം കേട്ടപ്പോൾ വെപ്രാളത്തോടെ പിടഞ്ഞെണീറ്റു.. വിറയ്ക്കുന്ന ശരീരത്തോടെ കാലുകൾ വലിച്ച് വാതിലിനു നേരെ നടന്നവൾ..
വാതിലിൻ്റെ ലോക്ക് മാറ്റി പതിയെ തുറന്നതും മുന്നിൽ നിൽക്കുന്ന യദുവിനെ കണ്ടു..

“താനിതെവിടെപ്പോയി കിടക്കാരുന്നു.. മനുഷ്യനെ പേടിപ്പിക്കാൻ..” ദേഷ്യത്തോടെ പറഞ്ഞവൻ ..

“യദുവേട്ടാ..ഞാൻ…” എന്നു പറഞ്ഞവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ്റെ ദേഹത്തേക്ക് ചാഞ്ഞു ..

“എന്താടാ .. എന്തിനാ ഇങ്ങനെ കരയണെ..” അവളുടെ ഭാവവും കരച്ചിലും കണ്ടവൻ ചോദിച്ചു..

” അയാളെ .. അയാളെ ഞാൻ കൊന്നു.. ” വിക്കി വിക്കി പറയുന്നവളെ നോക്കി ഒന്നും മനസ്സിലാവാതെ നിന്നവൻ.
ഭയത്തോടെ ബാലയുടെ കണ്ണുകൾ നീണ്ട വഴിയേ നോക്കിയതും ചോരയിൽ കുളിച്ച് കിടക്കുന്ന ഒരാളെ കണ്ടു .. എന്തു ചെയ്യുമെന്നറിയാതെ അവൻ്റെ കാലുകൾ നിശ്ചലമായ് .. പെട്ടന്ന് തന്നെ ,
” അരവിന്ദേട്ടാ.. അവിടെ ഒരാൾ.. ” എന്ന് പറഞ്ഞ് പിന്നിൽ നിന്ന അരവിന്ദനെ കാണിച്ചു ..

അരവിന്ദൻ അകത്തേക്ക് കയറി.. ബാലയപ്പോഴും ഭയത്തോടെ യദുവിൻ്റെ ദേഹത്ത് മുറുകെ പിടിച്ചു നിന്നു.. വേദൂട്ടിയെ സുനന്ദയുടെ കയ്യിലേക്ക് നൽകി വിറയ്ക്കുന്നവളെ ചേർത്തു പിടിച്ചവൻ അകത്തേക്ക് കയറി..

“യദൂ .. നമുക്കിയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാം.. “അരവിന്ദൻ വെപ്രാളത്തോടെ പറയുന്നത് കേട്ടു ..
ബാലയെ വേഗം സോഫയിലിരുത്തി തിരിഞ്ഞതും അവളവൻ്റെ കയ്യിൽ മുറുക്കിപ്പിടിച്ചു..

“എനിക്ക് പേടിയാവണൂ.. യദുവേട്ടാ..” കണ്ണു നിറച്ചവൾ പറഞ്ഞു.

” ഒന്നൂല്ലെടാ.. താൻ സമാധാനായിരിക്ക്..” എന്നു പറഞ്ഞവൻ..
യദുവും അരവിന്ദനും ചേർന്നയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി ..

“എന്താ ബാലേ ഇതൊക്കെ.. ആരാ അയാൾ?” സുനന്ദ വെപ്രാളത്തോടെ അവളെ പിടിച്ച് കുലുക്കി ..
നടന്നതെല്ലാം സുനന്ദയോട് പറഞ്ഞപ്പോഴേക
സുനന്ദ ഉടനെ തന്നെ അരവിന്ദനെ വിളിച്ച് കാര്യം പറഞ്ഞു…
✨✨✨✨✨✨✨✨✨✨✨✨✨✨

കാറിൻ്റെ പിൻസീറ്റിൽ വിവേകിനെയും പിടിച്ച് ഇരിക്കുന്നുണ്ട് യദു ..അയാളുടെ തലയിൽ നിന്നൊഴുകുന്ന രക്തം അവൻ്റെ ദേഹത്തും നനവ് സൃഷ്ടിച്ചു..
സുനന്ദ വിളിച്ചു പറഞ്ഞ കാര്യങ്ങൾ അരവിന്ദനിൽ നിന്നും അറിഞ്ഞപ്പോൾ മുതൽ തൻ്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞ പെണ്ണിൻ്റെ മുഖമായിരുന്നു മനസ്സിൽ ..

“എൻ്റെയൊരു സുഹൃത്ത് സുദർശൻ ഇവിടെ അടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറാണ്.. ഞാനവനെ വിളിച്ചൊന്നു സംസാരിക്കാം.. കേസാവാതെ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ചോദിക്കാം .. ”
അരവിന്ദൻ പറഞ്ഞപ്പോൾ സമ്മതത്തോടെ മൂളിയവൻ..

ഹോസ്പിറ്റലിൽ എത്തിയതും വിവേകിനെ കാറിൽ നിന്നിറക്കിയപ്പോഴേക്കും അറ്റൻഡേർസ് സ്ട്രെക്ചറുമായി വന്നിരുന്നു..

അരവിന്ദനുമൊത്ത് ഹോസ്പിറ്റലിനുള്ളിലെ ചെയറിൽ ഇരിക്കുമ്പോഴും അയാൾക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമായിരുന്നു യദുവിന് ..

“യദൂ .. സുനന്ദ വിളിച്ചിരുന്നു.. ബാലയ്ക്ക് പനിയ്ക്കുന്നുണ്ടെന്ന് പറഞ്ഞു .. താനങ്ങോട്ട് ചെല്ല്.. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.. ” അരവിന്ദൻ പറഞ്ഞു.

” അരവിന്ദേട്ടൻ തനിച്ച് ..” യദു സംശയത്തോടെ അരവിന്ദനെ നോക്കി..

” അത് സാരമില്ലടോ..സുദർശൻ ഇവിടെ ഉണ്ടല്ലോ.. പിന്നെ.. ആ വിവേകിൻ്റെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും വരുമായിരിക്കും..” അരവിന്ദൻ പറഞ്ഞു.

യദു ഫ്ലാറ്റിലെത്തുമ്പോൾ വേദൂട്ടി ഉറങ്ങിയിരുന്നു ..
” നിങ്ങള് പോയേപ്പിന്നെ കരഞ്ഞിരിപ്പായിരുന്നു..
തണുത്ത് വിറയ്ക്കുന്നത് കണ്ട് നോക്കിയപ്പോൾ പൊള്ളി പനിയ്ക്കുന്നുണ്ട്.. ടാബ്‌ലെറ്റ് കൊടുത്ത് കിടത്തീതാ.. ” കട്ടിലിൽ തളർന്നുറങ്ങുന്ന ബാലയെ നോക്കി സുനന്ദ പറഞ്ഞു.

“ഇപ്പഴും പനിയുണ്ടല്ലോ.. ” അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കിക്കൊണ്ട് യദു പറഞ്ഞു.

” കുറഞ്ഞതാ.. നേരത്തെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.പിന്നെ വേദൂട്ടിയെ
ബാലയ്ക്കൊപ്പം കിടത്തേണ്ട പനി പിടിച്ചാലോ  .. ഞാൻ നോക്കിക്കോളം .” എന്ന് പറഞ്ഞ് സുനന്ദ അടുത്ത റൂമിലേക്ക് പോയി..
ബാലയ്ക്കരികിലിരുന്ന് അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു യദു ..

“വല്ലാതെ പേടിച്ചു പോയോ പെണ്ണേ.. ഇനിയൊരിക്കലും ഈ കണ്ണുകൾ
നനയിക്കാതെ നോക്കിക്കോളാം ഞാൻ ..” അവളെ നോക്കി ആർദ്രമായവൻ പറഞ്ഞു..

രാത്രിയിൽ ഉറക്കത്തിനിടയിൽ പിച്ചും പേയും പറയുന്നുണ്ടവൾ.. എന്താണവൾ പറയുന്നതെന്നറിയാൻകാതോർത്തപ്പോഴാണ്
“യദുവേട്ടാ.. പേടിയാവണൂ..” എന്ന് വിറയലോടെ പറയുന്നത് കേട്ടത്..

” ഞാൻ.. ഞാനുണ്ട് പെണ്ണേ നിനക്ക്.. ” എന്നു പറഞ്ഞവളെ നെഞ്ചോട് ചേർത്ത് പിടിച്ചവൻ..
ഹൃദയം നുറുങ്ങുന്ന വേദന തോന്നിയവന് ..
തൻ്റെ നെഞ്ചിലെ ചൂടിലേക്ക് ഒന്നുകൂടി ചേർന്ന് തന്നിലേക്ക് പറ്റിച്ചേർന്നുറങ്ങുന്നവളെ നോക്കിക്കിടന്നവൻ…

രാവിലെ കൺപോളകൾക്ക് വല്ലാത്ത ഭാരം തോന്നി ബാലയ്ക്ക് .. കണ്ണുകൾ വലിച്ച് തുറന്നു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് തന്നെ ചേർത്തു പിടിച്ചുറങ്ങുന്ന യദുവിനെ കണ്ടത്.. അടുത്ത് വേദൂട്ടിയെ കണ്ടതുമില്ല..

“മോളെവിടെ യദുവേട്ടാ.. യദുവേട്ടനെപ്പഴാ വന്നേ.. ”
വെപ്രാളത്തോടെ അവനെ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു.
യദു കണ്ണ് തുറന്നപ്പോൾ കണ്ടത് ആധിയോടെ തന്നെ നോക്കുന്ന
ബാലയെയാണ് ..

“തനിക്ക് പനിയായത് കൊണ്ട് വേദൂട്ടി സുനന്ദേച്ചീടെ കൂടെയാ കിടന്നത്..”യദു പറഞ്ഞപ്പോഴാണവൾക്ക് ആശ്വാസമായത്..

” പനിയൊക്കെ പോയല്ലോ..?” അവളുടെ നെറ്റിയിൽ കൈവച്ചു കൊണ്ടവൻ പറഞ്ഞു.

” എനിക്കൊന്നും ഓർമ്മയില്ലല്ലോ .. തല വല്ലാതെ വേദനിച്ചപ്പോഴാ കിടന്നത്..” അവൾ ആലോചനയോടെ പറഞ്ഞു.

” വിവേക്… അയാൾ.. “ബാല സംശയത്തോടെ യദുവിനെ നോക്കി.

” അരവിന്ദേട്ടൻ അവിടെയുണ്ട്.. ഞാൻ പോയി നോക്കിയിട്ട് വരാം.. ” എന്നും പറഞ്ഞ് യദു എഴുന്നേറ്റു.. തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് എന്തോ ആലോചനയിലിരിക്കുന്ന ബാലയെയാണ് ..
മനസ്സിലെന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയവന് ..

“ടോ.. താനിതെവിടെയാ.. അയാൾക്കൊന്നും സംഭവിക്കില്ല.. നമുക്ക്.. നമുക്ക് ജീവിക്കണ്ടേടോ..”
അവൾക്കരികിലിരുന്ന് ആർദ്രമായവൻ  ചോദിച്ചു.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവനെ നോക്കിയവൾ….അവൻ്റെ കണ്ണിലേക്ക് നോക്കിയതും സ്വയം മറന്നു പോയവൾ…
“വേണം യദുവേട്ടാ.. എനിക്കും ജീവിക്കണം… അയാളെന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ യദുവേട്ടൻ മാത്രമായിരുന്നു മനസ്സിൽ… വേറെ ഒരു വഴിയും കാണാത്തതോണ്ടാ തലയ്ക്കടിച്ചത് .. ” പറഞ്ഞപ്പോഴേക്കുമവൾ ഒരു കരച്ചിലോടെ അവനിലേക്ക് ചാഞ്ഞിരുന്നു..

“ഒന്നൂല്ലെടാ.. ഇനി ഒരാളും എൻ്റെ പെണ്ണിനെ വേദനിപ്പിക്കാൻ വരില്ല.. ” ഉച്ച വാക്കുകളോടെ പറഞ്ഞ് കൊണ്ട് അവളെ തലോടി ആശ്വസിപ്പിച്ചവൻ..

യദുകുളിക്കാൻ പോയപ്പോഴും ‘എൻ്റെ പെണ്ണ്.. ‘ എന്നവൻ പറഞ്ഞതോർത്തിരുന്നു ബാല…..
ആ നോവുകൾക്കിടയിലും അവളിൽ ഒരു ചിരി വിടർന്നു .. കൈകൾ അവൻ ചാർത്തിയതാലിയിൽ മുറുകി..

✨✨✨✨✨✨✨✨✨✨✨✨✨✨✨
യദു ഹോസ്പിറ്റലിലെത്തി അരവിന്ദനെ നോക്കി നടക്കുമ്പോഴാണ് ഐ സി യു വിന് മുന്നിൽ ഒരു വൃദ്ധനെയും അവിടെ ഇരിക്കുന്ന  സ്ത്രീയെയും കുട്ടികളെയും കണ്ടത്.
വൃദ്ധൻ അരവിന്ദനോട് എന്തെല്ലാമോ സംസാരിക്കുന്നുണ്ട്.. ഇടയ്ക്ക് കണ്ണുകൾ കർച്ചീഫ് കൊണ്ട് ഒപ്പുന്നുണ്ട്..

“ദാ ..ഇതാണ് ആ പെൺകുട്ടീടെ ഭർത്താവ് .. “യദു അടുത്തെത്തിയതും അരവിന്ദൻ പറഞ്ഞു. ആ വൃദ്ധൻ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.

യദു ആരെന്ന ഭാവത്തിൽ അരവിന്ദനെ നോക്കിയതും .. “വിവേകിൻ്റെ അച്ഛനാണിത്… ആ ഇരിക്കുന്നതാണ് ഭാര്യയും മക്കളും .. ” അരവിന്ദൻ പറഞ്ഞു.

യദു അവരെ നോക്കി.. ഒറ്റനോട്ടത്തിൽ തന്നെയറിയാം പാവം സത്രീയാണെന്ന്.. മൂന്ന് പെൺകുട്ടികളും..

“അയാൾക്കിപ്പൊ എങ്ങനുണ്ട്.. “യദു അരവിന്ദനോട് ചോദിച്ചു.

“ബോധം തെളിഞ്ഞിട്ടുണ്ട് .. പരിക്കുകൾ തലക്കായത് കൊണ്ട് സ്കാനിംഗ് ചെയ്തിരുന്നു..
അടിച്ചു വീണതിൻ്റെ ചില ചെറിയപ്രശ്ങ്ങൾ ഉണ്ട്.. മുറിവുകൾ സ്റ്റിച്ച് ചെയ്തിട്ടുണ്ട് .. പേടിക്കാനൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത് .. എന്തായാലും കുറച്ച് ദിവസം കിടക്കേണ്ടി വരും.. ” അരവിന്ദനാണ് ..

” ഉം.. “യദുവൊന്ന് മൂളി.

“മോനേ.. അവനോട് ക്ഷമിക്കാൻ പറയുന്നത് ശരിയല്ലെന്നറിയാം .. എന്നാലും എനിക്ക് വേറെ വഴിയില്ല.. ആ കുഞ്ഞുങ്ങളുടെ ഭാവി ഓർത്തെങ്കിലും മോൻ ക്ഷമിക്കണം .. അവൻ്റെ ഭാര്യ ശ്യാമയും ഒരു സാധുവാ.. അവൻ്റെ മോശസ്വഭാവം കാരണം എന്നും കണ്ണീരാ അതിന് ..
എല്ലാമൊന്നു ശരിയായാൽ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ഞങ്ങൾ ..” ആ വൃദ്ധൻ യദുവിന് മുൻപിൽ കൈകൂപ്പി നിന്നു..

“ആ പെൺകുട്ടികളോട് പറയാൻ പറ്റുമോ അച്ഛൻ ഇത്തരക്കാരനാണെന്ന്.. സാറ് ഇതിൻ്റെ പേരിൽ കേസിനൊന്നും പോവരുത് .. നാണക്കേട് കൊണ്ട് ജീവനൊടുക്കേണ്ടി വരും ഞങ്ങൾക്ക്.. ” കരഞ്ഞ് കൊണ്ട് വിവേകിൻ്റെ ഭാര്യ ശ്യാമയും പറഞ്ഞു.

” ശരി.. നിങ്ങളെയോർത്ത് ഞാൻ സമ്മതിക്കാം പക്ഷേ, ഇനിയൊരിക്കൽ അവൻ്റെ നിഴൽ പോലും എൻ്റെ പെണ്ണിൻ്റെ മേലെ വീണാൽ .. അന്നവസാനിക്കുമവൻ .. “യദുവിൻ്റെ സ്വരം ഉറച്ചതായിരുന്നു..

“ഇനി നമുക്ക് പോവാം.. ഇവിടെ ഇവരുണ്ടല്ലോ.. ” എന്ന് അരവിന്ദൻ പറഞ്ഞപ്പോൾ യദുവും അത് ശരിവെച്ചു.

തിരികെയുള്ള യാത്രയിൽ ” ഞാൻ കരുതിയത് യദു കംപ്ലെയിൻ്റ് ചെയ്യുമെന്നാണ്. ” എന്ന് അരവിന്ദൻ പറഞ്ഞപ്പോൾ യദുവൊന്നു ചിരിച്ചു.

“എന്നിട്ടെന്തിനാ.. അവസാനം കോടതിക്ക് മുന്നിലും മറ്റുള്ളവർക്ക് മുന്നിലും എൻ്റെ ബാല കുറ്റക്കാരിയാവാനോ.. എന്നാണിവിടെ ഇരയ്ക്ക് നീതി കിട്ടിയിട്ടുള്ളത് .. അങ്ങനെ ആർക്കു മുൻപിലും അവളെ വിട്ടുകൊടുക്കില്ല ഞാൻ.. ആ വിവേക് എഴുന്നേറ്റു നടക്കാനാവട്ടെ.. എന്നിട്ട് എനിക്കവനെയൊന്ന് ശരിക്കും കാണണം… എൻ്റെ പെണ്ണിന് നേരെ ഉയർത്തിയ കൈ ഇനിയവൻ ഉയർത്തില്ല.. ” കിതപ്പോടെ അതിലേറെ പകയോടെ പറയുന്ന യദുവിനെ കണ്ട് അരവിന്ദനും ഭയം തോന്നി.
പൊതുവെ സൗമ്യനായ യദുവിൽ അത്തരമൊരു ഭാവം അയാൾ ആദ്യമായാണ് കണ്ടത്..

ഫ്ലാറ്റിലെത്തി ഭക്ഷണവും കഴിച്ച ശേഷമാണ് സുനന്ദയും അരവിന്ദനും പോയത്..

“ഇവളെ ശ്രദ്ധിക്കണേ യദൂ… ക്ഷീണം ശരിക്കും മാറീട്ടില്ലാട്ടോ..” സുനന്ദ ഇറങ്ങാൻ നേരം ബാലയെ
നോക്കി പറഞ്ഞു.

” അത് ഞാൻ നോക്കിക്കോളാം.”യദു പറഞ്ഞു.

” അച്ഛേ .. അമ്മ വാവൂ മാടിയോ?” യദുവിൻ്റെ നെഞ്ചിൽ കിടന്നു കൊണ്ട് വേദൂട്ടി ചോദിക്കുന്നതും കേട്ടുകൊണ്ടാണ് ബാല റൂമിലേക്ക് വന്നത്..

” മാറീലോ.. ദാ.. നോക്കിയേ അമ്മ നല്ല മിടുക്കിക്കുട്ടിയായി വന്നിട്ടുണ്ടല്ലോ.. “ബാലയെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് യദു പറഞ്ഞു.

“ന്നാ.. അച്ഛേം നാനും അമ്മച്ച് ഉമ്മ കൊക്കാം.. ”
വേദൂട്ടി കാര്യമായിത്തന്നെ പറയുന്നുണ്ട്.

“അതെന്തിനാ.. “യദു അവളെ നോക്കി..

ബാലയാകെ ചമ്മി നിൽപ്പാണ്… യദുവിനെ നോക്കിയപ്പോൾ ചുണ്ടിൽ ചെറുചിരിയുണ്ട്..

“നാന് നല്ല കുത്തിയായാ അമ്മ ഉമ്മ തടൂലോ.. അപ്പൊ അമ്മച്ചും ഉമ്മ കൊക്കണം.. “വേദൂട്ടി പറഞ്ഞു.

” അതിന് അമ്മേടെ വേദൂട്ടി തന്നാ മതീലോ.. “ബാല വേഗം പറഞ്ഞു.
വേദൂട്ടി അപ്പോഴേക്കും ബാലയുടെ നേരെ കൈനീട്ടിയിരുന്നു.. അവളെ എടുത്തതും മുഖത്ത് കുഞ്ഞിക്കൈകൾ ചേർത്ത് പിടിച്ച് ബാലയുടെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തിരുന്നു…
ബാല തിരിച്ചുവൾക്കും മുത്തം നൽകി.

“ഇനി അച്ഛകൊക്ക് .. ഇവിദേം.. ഇവിദേം..”
ബാലയുടെ രണ്ടു കവിളിലും തൊട്ടു കൊണ്ട് പറഞ്ഞതും ബാലയും യദുവും ഞെട്ടി പരസ്പരം നോക്കി..
യദുവിൻ്റെ മുഖത്തെ ഞെട്ടൽ മാറി ഒരു കുസൃതിച്ചിരി വിരിഞ്ഞതും ബാലയവനെ കണ്ണുരുട്ടി നോക്കി..

” ഉമ്മ കൊക്കച്ഛാ.. “വേദൂട്ടി വീണ്ടും പറഞ്ഞു.
ചിരിയോടെ എഴുന്നേറ്റു തനിക്കരികിലേക്ക് വരുന്നവനെ കണ്ടതും അവൾ നിന്നു വിയർത്തു..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here