പെണ്ണു കാണാൻ വന്ന ചെറുക്കനെ കണ്ട് ഞാൻ ഞെട്ടി, ഞെട്ടൽ മുഖത്ത് വരാതെ ഞാൻ ആ ചായ അവനു നേർക്ക് നീട്ടി, പഴയ ആ കള്ള ചിരിയോടെ ചായ അവൻ വാങ്ങുമ്പോഴെക്കും എന്റെ മനസ്സിൽ ആ കോളേജ് ദിവസം ഓടിവന്നു..
കുറച്ച് ദിവസമായി പുറകിലുണ്ടായിരുന്ന അനൂപ്, ഇന്നിതാ ആളുകളുടെ മുന്നിൽ തടഞ്ഞു നിർത്തിയിരിക്കുന്നു… ചുറ്റുമുള്ളവരുടെ കണ്ണുകൾ ഞങ്ങളുടെ മുഖങ്ങളിലായപ്പോഴാണു എന്റെ കൈ പിടിച്ച് അമ്മു എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അവൻ പറഞ്ഞത്, കൂട്ടുകാരുടെ ഇടയിൽ ചൂളിയത് കൊണ്ടാണു കൈ വലിച്ച് അവന്റെ മുഖത്തിനിട്ട് ഒരെണ്ണം കൊടുത്തിട്ട് അവിടുന്ന് ഓടി മറഞ്ഞത്, പിന്നിട് അനൂപ് പഠിത്തം നിർത്തിയെന്ന് ആരോ പറഞ്ഞ് അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി ..
നീ എന്താ കുട്ടി സ്വപ്നം കാണുകയാണോ എന്ന അമ്മവന്റെ ചോദ്യമാണു ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്, തിരിഞ്ഞു നടക്കുമ്പോഴും ഒളിക്കണ്ണിൽ അവന്റെ ആ കള്ളചിരി എനിക്ക് കാണാൻ കഴിഞ്ഞിരുന്നു, വീട്ടിൽ അച്ഛനോടും അമ്മയോടും ഒരുപാട് തർക്കിച്ചെങ്കിലും, കോളെജിലുണ്ടായ അടിയുടെ കാര്യം പറഞ്ഞെങ്കിലും അവർക്ക് വലുത് കുടുംബത്തിനു ചേർന്ന ദുബായിക്കാരൻ അനൂപായിരുന്നു …
ലീവ് കുറവായത് കൊണ്ട് തന്നെ കല്ല്യാണം വളരെ വേഗം നടന്നു, ആദ്യ രാത്രിയിൽ തന്നെയും പ്രതീക്ഷിച്ച് മണിയറയിൽ ഇരിക്കുന്ന അനൂപിനെ കണ്ടപ്പോൾ തന്നെ എനിക്ക് ദേഷ്യം കൂടി, എന്നെ തൊടാനായി ഉയർത്തിയ കൈ തട്ടി മാറ്റിയിട്ട് ഞാൻ പറഞ്ഞു.
അനൂപേ, എനിക്ക് നിന്റെ ഉദ്ദേശം അറിയാം, ഒന്ന് എന്റെ അച്ഛന്റെ പണവും, പിന്നെ കോളേജിൽ അന്ന് നടന്ന സംഭവവും, ഇത് രണ്ടുമാണ് നീ എന്നെ തിരഞ്ഞു വരാൻ കാരണമെന്ന് എനിക്കറിയാം, നിനക്ക് വേണമെങ്കിൽ എന്റെ ശരീരം കവരാൻ കഴിയും, പക്ഷെ .. എന്റെ മനസ്സ്…. അത് ഒരിക്കലും നിനക്ക് കിട്ടില്ല.
മറുപടിയായി അവൻ പറഞ്ഞത്; “അതേടീ … നിന്റെ അച്ഛന്റെ പണം കണ്ടിട്ട് തന്നെയാ, പിന്നെ അന്ന് നീ ആളുകളുടെ മുന്നിൽ വെച്ച് തന്നത് ഒരിക്കൽ നിന്റെ വീട്ടുകാരുടെ മുന്നിലിട്ട് തരുകയും വേണം, അപ്പോഴെ എന്റെ ചങ്കിലെ കനൽ അണയൂ. അല്ലാതെ വെള്ളപ്പാറ്റ പോലെയുള്ള നിന്നെ കണ്ടിട്ടല്ലാ” എന്നായിരുന്നു. പുതപ്പുമായി സോഫയിൽ കിടന്ന് അവൻ ഉറക്കമായെങ്കിലും, ഭാവി ജീവിതം ആലോചിച്ച് എന്റെ ഉറക്കം നഷ്ടമായിരുന്നു…
ആദ്യത്തെ ഒന്ന് രണ്ട് ദിവസം ചെറിയ ചെറിയ വഴക്കിലുടെ മുന്നോട്ട് പോയെങ്കിലും, അഞ്ചാം ദിവസം ബാത്റൂമിൽ കുളിക്കുന്നിതിനിടയിൽ തല കറങ്ങി വീണ എന്നെ വാരിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയത് അനുപായിരുന്നു…ഒരു കയ്യിലെയും, കാലിന്റെയും പൊട്ടലുകൾക്ക് പ്ലാസ്റ്ററിനൊപ്പം ഡോക്റ്റർ പറഞ്ഞത് ഒരു മാസത്തെ റെസ്റ്റും കൂടിയായിരുന്നു…
വീട്ടിലേക്ക് കൊണ്ട് പോകാൻ എന്റെ അമ്മ ഒരുപാട് നിർബന്ധിച്ചെങ്കിലും അനൂപ് സമ്മതിച്ചില്ല, കുളി അനൂപിന്റെ അമ്മയുടെ സഹായത്തോടെ ആയിരുന്നെങ്കിലും, ആഹാരം വാരി തരാൻ വന്നത് അനൂപായിരുന്നു …കഴിക്കാൻ വിസമ്മതിച്ച എന്നെ നോക്കി, ” എനിക്ക് നിന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടൊന്നുമല്ല , വീണു കിടക്കുന്നവനെ വീണ്ടും ചവിട്ടുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ലാത്തത് കൊണ്ടാ” എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടപ്പോൾ അറിയാതെ എന്റെ വാ തുറന്ന് പോയി.
പതിയെ പതിയെ ഞാൻ സ്നേഹിച്ച് തുടങ്ങിയിരുന്നു അനൂപേട്ടനെ..അന്ന് രാത്രി ഞാൻ ഉറങ്ങിയെന്നു കരുതി എന്റെ കൈയ്യിലും, കാലിലും തലോടിയിട്ട് അനൂപേട്ടൻ കിടക്കാൻ പോയപ്പോൾ അറിയാതെ നിറഞ്ഞ് തുളുമ്പിരുന്നു എന്റെ കണ്ണുകൾ. പ്ലാസ്റ്റർ മാറ്റിയിട്ട് പിറ്റെന്ന് ഒരു ഗ്ലാസ് ചായയുമായി അനൂപേട്ടന്റെ മുന്നിലെത്തിയിട്ട്, ഒരു ചെറു ചമ്മലോടെ ഏട്ടാ…ന്നു വിളിച്ചപ്പോൾ , കൈകൾ മാറ്റി ആ നെഞ്ചിലെക്ക് അടുപ്പിച്ചിരുന്നു എന്നെ…
“ഇത്രയേറെ ദ്രോഹിച്ചിട്ടും ഏട്ടൻ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാവുകയാ …ഏട്ടന്റെ ഭാര്യയാക്കാനുള്ള യോഗ്യത എനിക്കില്ല. ഏട്ടൻ അറിയാത്ത ഒരു സത്യം ഉണ്ട് എന്റെ ജീവിതത്തിൽ…” എന്ന് പറഞ്ഞ് തുടങ്ങും മുമ്പെ ആ കരങ്ങൾ കൊണ്ട് എന്റെ വാ അടച്ചിട്ട്… നീ അവരുടെ ദത്ത് മകളാണെന്നും, അവരുടെ സ്വത്തിൽ നിനക്കോരു പങ്കും ഇല്ലെന്നും അറിഞ്ഞിട്ട് തന്നെയാടി വെള്ളപ്പാറ്റെ ഞാൻ നിന്റെ പുറകെ കൂടിയതെന്നു പറഞ്ഞപ്പോഴെക്കും ആ നെഞ്ച് എന്റെ കണ്ണിരിൽ കുതിർന്നിരുന്നു……
രചന: ഷാനവാസ് ജലാൽ