Home Abhijith Unnikrishnan നമ്മുടെ ഉണ്ണിക്ക് നമ്മളെ നല്ല ഓർമ്മയുണ്ട്, ഞാൻ പറഞ്ഞില്ലേ അവൻ മറക്കാനൊരു സാധ്യതയുമില്ലാന്ന്.. Part –...

നമ്മുടെ ഉണ്ണിക്ക് നമ്മളെ നല്ല ഓർമ്മയുണ്ട്, ഞാൻ പറഞ്ഞില്ലേ അവൻ മറക്കാനൊരു സാധ്യതയുമില്ലാന്ന്.. Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം-എട്ട് )

കാറിൽ നിന്നിറങ്ങിയ ആളെ കണ്ടപ്പോൾ ഉണ്ണി പ്രിയയെ പുറകിലേക്ക് നിർത്തി, അവൾ ഉണ്ണിയെ മറികടന്നും കാറിലേക്ക് നോക്കികൊണ്ടിരുന്നു, അയാൾ ഉണ്ണികരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ കാർ റോഡിലേക്ക് നിന്ന് അരികിലേക്ക് മാറ്റിയിട്ട് ഡ്രൈവർ പുറത്തേക്കിറങ്ങി, പ്രിയ ഞെട്ടി പോയി,രണ്ടുപേർക്കും ഒരേ മുഖം, ഉണ്ണി അവളെ പുറകിലേക്ക് തന്നെ നീക്കി നിർത്തി, അവർ അടുത്ത് വന്ന് ഉണ്ണിയെ അടിമുടി നോക്കി, വണ്ടി വീഴുന്നത് കണ്ട് അരികിലേക്ക് ഓടിവന്ന ആളുകളെ കണ്ടപ്പോൾ അവൻ കൈകാണിച്ചുകൊണ്ട്..
ഒന്നുമില്ല അറിയാതെ പറ്റിയതാ, ഞങ്ങൾ സോൾവ് ചെയ്തോളാം, നിങ്ങളാരും ഇടപെടണമെന്നില്ല.
അവൻ ഉണ്ണിയുടെ നേരെ തിരിഞ്ഞു.

സോറി ബ്രോ, അറിയാതെ തിരിച്ചപ്പോൾ തട്ടിയതാ…

ആളുകൾ പിരിഞ്ഞു പോയി..

ശരൺ നീ വെള്ളമടിച്ചിട്ടുണ്ടോ..
ഉണ്ണി അവന്റെ ഭാവം കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയി..

അവനൊന്ന് ചിരിച്ചിട്ട് പുറകിലേക്ക് നോക്കി..
നോക്കിയേടാ… നമ്മുടെ ഉണ്ണിക്ക് നമ്മളെ നല്ല ഓർമ്മയുണ്ട്, ഞാൻ പറഞ്ഞില്ലേ അവൻ മറക്കാനൊരു സാധ്യതയുമില്ലാന്ന്..
ശരണൊന്ന് മുഖത്തിനടുത്തേക്ക് വന്നിട്ട്.
അതുപോലെയല്ലേ നിന്റെ മനസ്സിൽ ഞങ്ങള് കിടക്കുന്നെ..

ഉണ്ണി അടുത്തേക്ക് വന്ന കിരണിനെ നോക്കിയിട്ട്..
ആവശ്യമില്ലാതെയാണ് ഇപ്പോൾ ഈ പ്രശ്നം, വെറുതെ പോയികൊണ്ടിരിക്കുന്ന എന്നെ പിടിച്ച് ഇതിന്റെ ഇടയിലേക്കിടരുത്..

ഉണ്ണി അങ്ങനെ പറയരുത്, പക അത് വീട്ടാനുള്ളതാണ്..
കിരൺ പറയുന്നതിന്റെ ഇടയിലേക്ക് ശരൺ ഓടികയറി..
പേടിയുണ്ടോ നിനക്ക്, ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടുകൊല്ലമാ നീ കളഞ്ഞത്..

കിരൺ അവനെ തള്ളിമാറ്റി..
ഏയ്‌ വിട് പാവം..
ഉണ്ണിയുടെ പുറകിലേക്കൊന്ന് നോക്കിയിട്ട്..
കണ്ടോ ഒന്നിനെ കോഴിക്കുഞ്ഞു പോലെ പൊതിഞ്ഞു വെച്ചിരിക്കുന്നത്… എന്താടാ ഞങ്ങളെ പോലുള്ള പരുന്തുകൾ റാഞ്ചുമെന്ന് പേടിച്ചിട്ടാണോ..

ശരൺ പ്രിയയെ ശ്രദ്ധിക്കാൻ തുടങ്ങി..
കൊള്ളാലോ.. നീ ഇതിനെ കെട്ടിയിട്ട് കൂടെ കൊണ്ടു നടക്കാണോ അതോ ഗേൾഫ്രണ്ടെന്ന് പറഞ്ഞ് സെറ്റ് ചെയ്ത് വെച്ചിരിക്കുന്നോ..

ഉണ്ണി അവനെയൊന്ന് തറപ്പിച്ചു നോക്കിയിട്ട്, പ്രിയയെയും കൊണ്ട് ബൈക്കിനരുകിലേക്ക് നടന്ന്, ബൈക്ക് നിവർത്തി, സ്റ്റാർട്ടാക്കി പ്രിയ കയറിയപ്പോൾ ശരൺ മുന്നിലേക്ക് വന്നിട്ട്…
നമ്മുക്ക് കാണാം… ഞങ്ങൾ കല്യാണത്തിന് വരുന്നുണ്ട്… സ്പെഷ്യൽ ഇൻവിറ്റേഷന്റെ പുറത്ത്.. നമ്മുക്കവിടെ വെച്ച് കാണാം..

ഉണ്ണി മറുപടിയൊന്നും പറയാൻ നിന്നില്ല, ബൈക്കെടുത്ത് മുന്നിലേക്ക് ഓടിച്ചു, കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സൈഡിലൊതുക്കി നിർത്തി, പ്രിയ താഴേക്കിറങ്ങി, ഉണ്ണി വേഗത്തിൽ സ്റ്റാൻഡിട്ട് അവളെ നോക്കി..
നിനക്ക് നല്ലോം മുറിവ് പറ്റിയോ…

അവൾ കൈ കാണിച്ചുകൊടുത്തിട്ട്..
ഏയ്‌ കയ്യൊന്നു മുറിഞ്ഞു അത്രേയുള്ളൂ വേറെ കുഴപ്പമൊന്നുമില്ല..

ഉണ്ണി അവളെ ചേർത്തുപിടിച്ചു..
സോറി.. അറിയാതെ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബാലൻസ് കിട്ടിയില്ല..

അതൊന്നും കുഴപ്പമില്ല… ചെറിയ മുറിവല്ലേ… നീ സമയം കളയാതെ എന്നെ ഹോസ്പിറ്റലിൽ വിട്..

ഉണ്ണി അവളെയൊന്ന് നോക്കിയിട്ട്..
ഇന്ന് പോവണ്ട പ്ലീസ്… ഈ മുറിവും കൊണ്ട് അങ്ങോട്ട് ചെന്നാൽ എടത്തിയമ്മ വഴക്ക് പറയാൻ നിൽക്കും, നമ്മുക്ക് വീട്ടിൽ പോയി റെസ്റ്റെടുക്കാം..

പ്രിയക്ക്‌ ഉണ്ണിയുടെ മുഖഭാവം കണ്ടപ്പോൾ പാവം തോന്നി, അവൾ ശരിയെന്ന് തലയാട്ടി, ഉണ്ണി ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു, വീടിന് മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ അച്ഛമ്മ ഇറങ്ങി വന്നു..

എന്തേ മോളെ പോയില്ലേ..

പ്രിയ കൈ ഷാളിനടിയിലേക്ക് മറച്ചിട്ട് അകത്തേക്ക് നടന്നു..
ഒന്നുമില്ല അച്ഛമ്മ… എനിക്ക് കുറച്ച് ദൂരം പോയപ്പോൾ മടി തോന്നി… ഞാനിങ്ങ് തിരിച്ചു പോന്നു..

അതെന്തായാലും നന്നായി… നിനക്ക് പോവാൻ ഉദ്ദേശ്യമില്ലായിരുന്നേൽ മോനെ വെറുതെ ബുദ്ധിമുട്ടിക്കണായിരുന്നോ..

അതോർത്ത് സങ്കടപെടേണ്ട അവൻ എന്നെക്കാളും മടിയനാ..

ഉം..
അച്ഛമ്മയൊന്ന് മൂളി.

ഉണ്ണി ഹാളിലെ സോഫയിൽ വന്നിരുന്നു, പ്രിയയെ എത്തിനോക്കി, അവൾ കണ്ടപ്പോൾ മുകളിലേക്ക് വാ എന്ന് പറഞ്ഞ് ഉണ്ണി എഴുന്നേറ്റ് നടന്നു, പ്രിയ മുറിയിൽ നിന്നിറങ്ങി, അച്ഛമ്മയെ കണ്ടപ്പോൾ..
പുറത്ത് നല്ല മഴയുണ്ട് തോന്നണു ലെ, ഞാൻ നോക്കിയിട്ട് വരാം..

മഴയോ.. എവിടെ..

പ്രിയ അച്ഛമ്മയെ കേൾക്കാതെ മുകളിലേക്ക് നടന്നു,അച്ഛമ്മ പുറകിൽ നിന്ന്..
ആ എന്റെ കുട്ടി മഴ കാണാൻ ആകാശത്തേക്കാണോ പോവുന്നേ..

പ്രിയയൊന്ന് തിരിഞ്ഞു നോക്കി ചിരിച്ചിട്ട് വേഗത്തിൽ നടന്നു, ഉണ്ണിയുടെ മുറിയുടെ വാതിൽ പതിയെ തുറന്ന് അകത്തേക്ക് കടന്നു, ഉണ്ണി അവളെ കണ്ടപ്പോൾ..
കയ്യിൽ മാത്രല്ലേ മുറിവായുള്ളൂ, വേറെ എവിടേലും വേദനിക്കുന്നുണ്ടോ..

പ്രിയ ഉണ്ണിയുടെ അരികിലായിരുന്നു..
എനിക്കൊന്നുമില്ലെന്ന് പറഞ്ഞില്ലേ നീ വെറുതെ ടെൻഷൻ ആവണ്ട..

ഉണ്ണി പ്രിയയുടെ കൈകളിലേക്ക് നോക്കി..
സോറി..

പ്രിയ ഉണ്ണിയുടെ തലയിലൊന്ന് കൊട്ടി..
കുഴപ്പമില്ലെന്ന് പറഞ്ഞാൽ വീണ്ടും സങ്കടപെടുത്തുന്നോ…

അതുപിന്നെ നിന്നെ കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നതല്ലേ..

ഒരു തോന്നലും വേണ്ട…

സംസാരിക്കുന്നതിനിടയിൽ ഉണ്ണി പെട്ടെന്ന് പ്രിയയുടെ കാലിൽ ശ്രദ്ധിച്ചിട്ട്…
ഇതെന്താ കാലിൽ മുറിഞ്ഞിട്ടുണ്ടോ…

പ്രിയ കാലുമാറ്റി വെച്ചു..
അത് സാരമില്ല എന്തായാലും മരുന്ന് വെക്കണം, ഞാൻ നോക്കി എവിടെയാണ് ഉള്ളതെന്ന് വെച്ചാൽ അവിടെയൊക്കെ വെച്ചോളാം..

ഉണ്ണി അവളുടെ കാലെടുത്ത് മടിയിൽ വെച്ച് മുറിവ് നോക്കി…
ചോര വരുന്നുണ്ടെന്ന് അപ്പോഴേ പറഞ്ഞിരുന്നേൽ ഏതേലും അടുത്തുള്ള ഹോസ്പിറ്റലിൽ പോവായിരുന്നില്ലേ..

പ്രിയയൊന്ന് ഉണ്ണിയെ നോക്കിയിട്ട് നെഞ്ചിലേക്ക് ചേർന്നിരുന്നു..
ആരാ അവരൊക്കെ അതാദ്യം പറ..?

ഉണ്ണി ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു, ഒന്ന് ശ്വാസമെടുത്തിട്ട് അവളുടെ മുടിയിലൂടെ തഴുകി..
നമ്മൾ എന്തേലും നല്ലതെന്ന് വിചാരിച്ചു ചെയ്യുന്നത് ഭാവിയിൽ നമ്മുക്ക് വില്ലനായി വരുകയാണെങ്കിലോ…അങ്ങനെ ഞാൻ ചെയ്തൊരു കാര്യം ഇന്ന് എനിക്ക് കുറുകെ വന്ന് നിൽക്കാണ് വില്ലനായിട്ട്..

പ്രിയ മനസ്സിലാവാതെ..
എത്ര വർഷം മുമ്പുള്ളതാ…

ഉണ്ണിയൊന്ന് ചിരിച്ചു..
പഴയതൊന്നുമല്ല… പുതിയതാ,ഇത് കോളേജിൽ പഠിക്കുമ്പോൾ നടന്നൊരു പ്രശ്നമാ, അതു പക്ഷെ അവിടെ തീർന്നെന്നാ വിചാരിച്ചത്, അത് തെറ്റായിപോയെന്ന് ഇപ്പോൾ മനസ്സിലായി..

പ്രിയ ഉണ്ണിയെ നോക്കി..
അത് ചെറിയൊരു പ്രശ്നമല്ലെന്ന് എനിക്ക് മനസ്സിലായി, ആയിരുന്നേൽ അവർ എന്നെ അപമാനിച്ചപ്പോഴേ നീ തല്ലിയേനെ..

ഉണ്ണി അവളെ തലോടികൊണ്ട്..
നിന്നെ പറയുന്നത് കേൾക്കാനുള്ള മനസ്സുണ്ടായിട്ടല്ല, ഇനിയുമൊരു പ്രശ്നം പുതിയതായി ഉണ്ടാക്കിയാൽ അത് പെട്ടെന്ന് പരിഹരിക്കാൻ പറ്റിയെന്നു വരില്ല, അന്ന് ഞാൻ ഒറ്റ..
ഉണ്ണിയൊന്ന് വിക്കി..

അന്ന് നീ ഒറ്റക്കായിരുന്നു, ഇന്ന് എന്നെ നോക്കണം ഗായത്രി ചേച്ചിയെ നോക്കണം, ഒരുപാട് കാര്യങ്ങളുണ്ട് അതല്ലേ..

ഉണ്ണി ആലോചനയിൽ നിന്നെന്ന പോലെ..
അതേ..

അതുവിട്… ഇനിയും അവന്മാർ തല്ലുണ്ടാക്കാൻ വന്നാൽ തിരിച്ചടിച്ചേക്ക്, ഞങ്ങളൊക്കെ അതുകാണാനാ വെയിറ്റ് ചെയ്യുന്നേ..

ഉം.. ഇങ്ങനെ പറഞ്ഞിട്ടാ എല്ലാ പ്രശ്നവും ഉണ്ടാവുന്നെ..

അത് സാരമില്ല ഞാനില്ലേ കൂടെ..

അതാണല്ലോ ഇപ്പോഴത്തെ വലിയ പ്രശ്നം..
ഉണ്ണി അവളുടെ കാലുകളെ തലോടി..
നല്ല സുഖമുണ്ടോ ഞാൻ തൊടുമ്പോൾ..

പ്രിയയൊന്ന് ഉണ്ണിയെ നോക്കിയിട്ട്..
എന്റെ കുട്ടി കയ്യെടുത്തെ… ഒറ്റക്ക് ഇങ്ങോട്ട് കയറിപോന്നത് അബദ്ധമായി തോന്നണു..

ഏയ്‌ പ്രിയകുട്ടി ഇന്ന് ഇവിടെ എന്റെ അടുത്തിരിക്കോ..

കൊള്ളാം എന്ത് ചോദ്യമാ ഇത്.. നീ എന്തേലും പറഞ്ഞിട്ട് ഞാൻ അനുസരിച്ചിട്ടുണ്ടോ… ഇതും സ്വപ്നം കാണണ്ട ഞാൻ അച്ഛമ്മയുടെ കൂടെ ഇരുന്നോളാം..

ഉണ്ണി അവളെ അരികിലേക്ക് ചേർത്തു..
ഇവിടെ നിന്ന് പോയാലല്ലേ..

പ്രിയ ഒന്ന് മാറിയെങ്കിലും ഉണ്ണി വലിച്ച് അടുപ്പിച്ച് ചേർത്ത് കിടത്തി..
ഉണ്ണി പ്ലീസ് അച്ഛമ്മയുണ്ട് താഴെ, കുറെ നേരമായിട്ടും താഴെ പോവാതിരുന്നാൽ ചിലപ്പോൾ ഇങ്ങോട്ട് വരും, എന്തിനാ വെറുതെ ചീത്ത കേൾക്കാൻ നിൽക്കുന്നെ..

അതിന് നീ എന്റെ ഭാര്യയല്ലേ..

പ്രിയയൊന്ന് ചിരിച്ചിട്ട്..
എടോ അത് ഇവർക്കറിയില്ലല്ലോ എനിക്കല്ലേ അറിയൂ..

ഉം..അപ്പോൾ സ്വപ്നം മാത്രം കണ്ടാൽ മതിയെന്ന് സാരം..

പോടാ തമാശ കളിക്കാതെ..

ഉണ്ണി രണ്ടാമതൊന്ന് പറയാതെ കയ്യെടുത്തു, പ്രിയ എഴുന്നേറ്റ് പുറത്തേക്ക് നടന്നു, വാതിൽ ചാരുന്നതിനിടയിൽ..
എന്റെ കെട്ടിയോൻ രാത്രി കുറ്റിയിടണ്ടാട്ടോ.. ചിലപ്പോൾ എന്റെ മനസ്സ് മാറിയാലോ..

പോടീ ഞാൻ കുറ്റിയിടും..

വാതിൽ ചാരിയിട്ട് പ്രിയ പുറത്തേക്ക് പോയി, ഉണ്ണി കിടന്നുകൊണ്ട് കുറെ നേരം ആലോചിച്ചു, കാറ്റിൽ ജനാലയിലെ കർട്ടൻ ആടാൻ തുടങ്ങി, താഴെയുണ്ടായിരുന്ന ഫോട്ടോയിലേക്ക് ഉണ്ണി നോക്കാൻ തുടങ്ങി..
നമ്മള് ചെയ്തതൊക്കെ നമ്മളെ തേടി വരുന്നുണ്ടല്ലോ..

ഉണ്ണി തിരിച്ച് ബെഡ്ഡിൽ കിടന്ന് കണ്ണടച്ചു..
മനസ്സിൽ പഴയൊരു ബെല്ലിന്റെ ശബ്ദം അലയടിക്കാൻ തുടങ്ങി..
ഏയ്‌ നീ മാറി നിൽക്ക് വെറുതെ അവരുമായി പ്രശ്നത്തിനൊന്നും പോവേണ്ട.. ഞാൻ പറഞ്ഞാൽ കേൾക്കില്ലേ..

പെട്ടെന്ന് ഉണ്ണി കണ്ണ് തുറന്നു, ശ്വാസം വേഗത്തിലായി..
നിനക്ക് വേണ്ടിയല്ലേ…
ഉണ്ണിയുടെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി..

പെട്ടെന്ന് മൊബൈൽ റിങ്ങ് ചെയ്തു, ഉണ്ണി സ്വപ്നത്തിൽ നിന്നെന്ന പോലെ എഴുന്നേറ്റ് ഫോൺ അറ്റൻഡ് ചെയ്തു..
എന്തേ അവളിന്ന് ലീവ് ആയെ.. ഞാൻ അറിയാതെ എന്തേലും പരിപാടിയുണ്ടോ രണ്ടാൾക്കും കൂടി..

ഉണ്ണി ഗായത്രിയുടെ ശബ്ദം കേട്ടപ്പോൾ പൂർണമായും പഴയതു പോലെയായി..
ഒന്നുമില്ല എടത്തിയമ്മ.. അവൾക്ക് വയ്യാ പറഞ്ഞു ഞാൻ അപ്പോൾ തന്നെ തിരിച്ചു വീട്ടിലാക്കി അത്രതന്നെ..

ഉം.. മിടുക്കൻ.. നീ കഴിച്ചോ..

ഇല്ല കുറച്ച് കഴിഞ്ഞിട്ട്..

എന്നാൽ നീ കഴിച്ചിട്ട് കിടന്നോ നമ്മുക്ക് രാവിലെ കാണാം..

ഉം..
ഉണ്ണിയൊന്ന് മൂളിയിട്ട് ഫോൺ കട്ടാക്കി..

പിറ്റേ ദിവസം രാവിലെ ഉണ്ണി എഴുന്നേറ്റപ്പോൾ വീടിന് മുന്നിൽ ഡെക്കറേഷൻ വണ്ടിയൊക്കെ നിൽക്കുന്നത് കണ്ട് ഞെട്ടിപ്പോയി, അടുത്ത് ചെന്നപ്പോൾ രതീഷ് അവരോടൊക്കെ കാര്യമായിട്ടെന്തോ സംസാരിക്കുന്നു, ഉണ്ണിയെ കണ്ടപ്പോൾ രതീഷ് അരികിലേക്ക് വന്നു..

എങ്ങനെയുണ്ട് സെറ്റപ്പൊക്കെ ഉഷാറായില്ലേ..എല്ലാം രശ്മി പറഞ്ഞതാ

ഉണ്ണി ഡെക്കറേഷൻ വണ്ടിയും രതീഷിനെയും മാറി മാറി നോക്കിയിട്ട്..
ഉം.. ഉഷാറായി..

എന്നാൽ ഒരു കാര്യം പറയാനുണ്ട്..

എന്താണാവോ..
ഉണ്ണി ആകാംക്ഷയോടെ ചോദിച്ചു..

അവൾക്ക് ഒരു കണ്ടിഷനും കൂടി ഉണ്ടത്രേ..

ഉണ്ണി അത്ഭുതത്തോടെ..
ഇനിയും കണ്ടീഷനോ..

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here