Home Afsal Madathiparambil അടുത്ത മാസം പെങ്ങളുടെ കല്യാണം ആണ്,ലോൺ അടക്കേണ്ട ദിവസം അടുത്ത് വരുന്നു എന്നു പറയുമ്പോൾ…

അടുത്ത മാസം പെങ്ങളുടെ കല്യാണം ആണ്,ലോൺ അടക്കേണ്ട ദിവസം അടുത്ത് വരുന്നു എന്നു പറയുമ്പോൾ…

0

രചന : Afsal Madathiparambil

ചൂട് തുടങ്ങിയാൽ ചുട്ടു പൊള്ളുകയും തണുപ്പു തുടങ്ങിയാൽ തണുത്തു വിറയ്ക്കുകയും ചെയ്യുന്ന ഈ മരുഭൂമിയിൽ എത്ര എടുത്താലും തീരാത്ത പണിയും..

അതിനു ഇടയിൽ ചിലപ്പോൾ വീട്ടിലേക്കു വിളിക്കാൻ മറക്കുന്നവർ സ്വന്തം റൂമിൽ ഉള്ളവരെ കാണാൻ പോലും സമയം കിട്ടാത്തവർ ഇങ്ങനെ എല്ലാം ആണെങ്കിലും ഉറക്കം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല റൂമിലെ കൂട്ടുകാർ ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷമേ ഉറങ്ങാൻ പാടൊള്ളു എന്നും നിർബന്ധമുള്ള മറ്റു ചിലർ….

എല്ലാവരും വന്നതിനു ശേഷം കഥകളും കഷ്ടപ്പാടുകളും പറഞ്ഞു ഒരു പാത്രത്തിൽ നിന്നും ഒരു മടിയും കൂടാതെ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നവർ… എല്ലാം കഴിയുമ്പോൾ അറിയാവുന്ന വരികൾ പാടി എല്ലാ രാത്രികളും പെരുന്നാളും ഓണവും ക്രിസ്തുമസും ആയി ഒരു പോലെ ആഘോഷമാക്കുന്നവർ… അതോടെ പറഞ്ഞ കഥകളും കഷ്ടപ്പാടുകളും എല്ലാം മറന്നു..

ഇപ്പോൾ രാവിലെ ആകും,നാളെ ഡ്യൂട്ടിക്ക് പോകണം എന്ന് പറഞ്ഞു നിദ്രയിലേക്ക്…
അതിനിടയിൽ ഒരു ചെറിയ ശബ്ദത്തിൽ നാളെ ആവാതിരുന്നാൽ മതിയായിരുന്നു എന്നും പറഞ്ഞു കിടക്കുന്നവർ…

എല്ലാവരും കിടക്കാൻ പോകുമ്പോൾ കല്യാണം ഉറപ്പിച്ച പെണ്ണിനെ വിളിക്കാൻ അവളുടെ വീട്ടിൽ സമ്മതമില്ലാത്തതു കൊണ്ട് രാത്രി ഉറങ്ങാതെ രാവിലെ വരെ അവളുടെ വീട്ടുകാർ അറിയാതെ ഫോൺ വിളിക്കുന്ന ചിലർ..

വീട്ടുകാർ അറിയാതെ കുടുംബത്തിലെ അകന്ന ബന്ധുവിന്റെ മകളെ നിക്കാഹ് ചെയ്യാമെന്ന വാക്കു കൊടുത്തു കടൽ കടന്നു വന്നവർ..

ഒരു മാസം ശമ്പളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നാട്ടിൽ എനിക്ക് കിട്ടുന്ന വരുമാനം മതി ജീവിക്കാൻ പിന്നെ ഇങ്ങോട്ട് വന്നത്,അത് വെറുതേ ഒരു മാറ്റത്തിന് എന്നു പറയുന്ന ചിലർ..കിട്ടുന്ന ശമ്പളം തികയാതെ പലതും സ്വപ്നങ്ങളിൽ മാത്രം ഒതുക്കുന്ന ചിലരും…

എന്ത് ഉണ്ടായാലും എനിക്ക് പ്രശ്നം ഇല്ല എന്ന മട്ടിൽ ആരോടും അധികം സംസാരിക്കാൻ നിൽക്കാതെ എപ്പോളും വീട്ടുകാരെ വിളിച്ചു ചീത്ത പറയുന്നവർ…

ആരെയും വിളിക്കാൻ ഇല്ലാത്തതു കൊണ്ട് അസൂയയോടെ ഇരിക്കുന്ന എന്നെ കളിയാക്കുമ്പോൾ അവരുടെ മുന്നിൽ പിടിച്ചു നിൽക്കുന്നതിന്,ഞാൻ നാട്ടിൽ എത്തുന്നതും കാത്തിരിക്കുന്ന ഒരുപാട് നല്ല പെൺകുട്ടികളുടെ വീട്ടുകാർ ഉണ്ടെന്നു വെറുതേ ഇല്ലാത്തതു പറയുന്ന ഞാൻ…

ഇങ്ങനെ എല്ലാം ആണെങ്കിലും ഒരാളുടെ ആവശ്യം എല്ലാവരുടെയും ആണെന്നുള്ള നല്ല മനസ്സുള്ളവർ..
അടുത്ത മാസം പെങ്ങളുടെ കല്യാണം ആണ്,ലോൺ അടക്കേണ്ട ദിവസം അടുത്ത് വരുന്നു എന്നു പറയുമ്പോൾ ഒരു മടിയും കൂടാതെ വിഷമിക്കണ്ട കല്യാണം നമുക്ക് നടത്താ മുത്തേ..ലോൺ അടക്കേണ്ട ദിവസം എന്നാണ് എന്നു അന്വേഷിച്ചു അതിനു മുൻപേ നമ്മുടെ വീട്ടിലേക്കു പൈസ അയച്ചു കൊടുക്കുന്ന നമ്മുടെ കൂട്ടുകാർ അല്ല നമ്മുടെ സഹോദരങ്ങൾ…

ഇന്നു സ്വന്തം സഹോദരങ്ങൾ പലരും തിരിഞ്ഞു നോക്കാത്ത ഈ കാലത്തു അവരെക്കാൾ വലിയവർ ഇന്നലെ കണ്ട ഇവരാണ് എന്നു മനസ്സിൽ അറിയാതെ പറയുന്നവർ…ഇവർക്ക് കാലം നൂറ്റാണ്ടുകൾക്കു മുൻപേ നൽകിയ പേര് പ്രവാസി…

ഇങ്ങനെ ഞങ്ങൾ പ്രവാസികളുടെ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ഇല്ലാ കഥകളായി കാണുന്ന നാട്ടിലുള്ളവർ.. അത് കൊണ്ട് ആരോടും ഒന്നും പറയാതെ എല്ലാം മനസ്സിൽ ഒതുക്കി ജീവിക്കുന്നവർ…

സ്വന്തം വീട്ടിലേക്ക് വിരുന്നുകാരൻ ആയി പോകേണ്ടി വന്നവർ…

****************
ഈ പറഞ്ഞത് മാത്രമല്ല പ്രവാസിയുടെ കാര്യങ്ങൾ…
ആ ജീവിതം പറഞ്ഞാൽ തീരില്ല..

എന്റെ ചെറിയ ഒരു അനുഭവം ആണ് ഇവിടെ കുറിക്കുന്നത്..
കുറച്ചു മാസങ്ങൾക്കു മുൻപ് നല്ല ചൂടു സമയം
ഒരു വെള്ളിയാഴ്ച ഞാനും കൂട്ടുകാരനും കൂടി വെറുതെ ഒന്ന് നടന്നു പുറത്തേക്കു..ഒരു കഫ്റ്റീരിയൽ ചെന്ന് ഞങ്ങൾ ഓരോ ഷവർമയും ജ്യൂസ് കുടിച്ചു അവിടെന്നു ഇറങ്ങി…

കുറച്ചു നടന്നപ്പോൾ ഒരു ഗ്രോസറി കണ്ടു അവൻ ചോദിച്ചു നിനക്ക് ഡ്യൂ വേണോ..

ഞാൻ ഷോൾഡർ ഒന്ന് കുലുക്കി വേണ്ട എന്ന ആംഗ്യം കാണിച്ചു..ഞങ്ങൾ ആ ഗ്രോസറിയിൽ കയറി അവൻ ഒരു ഡ്യൂ എടുത്തു പൈസ കൊടുത്തപ്പോൾ കടക്കാരൻ തിരിച്ചു ബാക്കി പൈസ കൊടുത്തു…അന്നേരം ഞാൻ ചോദിച്ചു എത്ര പൈസ ബാക്കി ഉണ്ട്…അവൻ പറഞ്ഞു 50 പൈസ..
എന്തെ നിനക്ക് വല്ലതും വേണോ..?
അവന്റെ അടുത്ത ചോദ്യം..

ഞാൻ പറഞ്ഞു ഇല്ല ബാക്കി പൈസ ലബെന്പ് വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങാന്നു കരുതി..കുഴപ്പമില്ല വാ പോവാ ഞാൻ പറഞ്ഞു.. ഞങ്ങൾ പുറത്തു ഇറങ്ങി നടന്നപ്പോൾ ഒരു വിളി പുറകിൽ നിന്നു…

ആ ബോസ്സ്…
എന്നും പറഞ്ഞു…

ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ അത് ആ കടക്കാരൻ ആയിരുന്നു…കയ്യിൽ ഒരു ലബനപ് ആയി നിൽക്കുന്നു…
ഞങ്ങൾക്ക് കാര്യം മനസ്സിലായി..
പൈസ ഇല്ലാത്തതു കൊണ്ട് വേടിക്കാതെ പോയ ആ ലബന്പ് തരാൻ വേണ്ടി ആണ് എന്ന്…
ഞങ്ങൾ തിരിച്ചു നടന്നു…

അദ്ദേഹം ഞങ്ങളുടെ കയ്യിലേക്ക് ആ എടുത്ത ലബന്പ് നീട്ടിയിട്ടു പറഞ്ഞു..

പൈസ പിന്നെ എപ്പോളെങ്കിലും വരുമ്പോൾ തന്നാ മതി..ഇത് കുടിച്ചോ…
കണ്ണ് നിറഞ്ഞു പോയ നിമിഷങ്ങൾ…

അത് വരെ തുരു തുരാ സംസാരിച്ച ഞങ്ങൾക്ക് പറയാൻ വാക്കുകൾ ഇല്ലാതായി… അല്ലെങ്കിലും അദ്ദേഹത്തിനോട് എന്ത് വാക്കാണ് ഞങ്ങൾ പറയുന്നേ..ഏറ്റവും വല്യ വാക്കുകൾ അല്ലെ അദ്ദേഹം ഞങ്ങളോട് പറഞ്ഞത്…ഞങ്ങൾ ഒന്നേ പറഞ്ഞൊള്ളൂ ഒരു പാട് നന്ദി ഉണ്ട്..പറഞ്ഞാൽ തീരാത്ത അത്രേം…

എന്നിട്ട് ഞങ്ങൾ പറഞ്ഞു പൈസ ഇല്ലാഞ്ഞിട്ടല്ല കയ്യിൽ ഉള്ളത് 50 ദിർഹംസിന്റെ നോട്ട് ആണ്..അത് മാറ്റേണ്ടല്ലോ എന്നു കരുതി ആണ് ഞങ്ങൾ വാങ്ങാതിരുന്നത്..ഡ്യൂ വേടിച്ചതിൽ ബാക്കി കോയിൻസ് ഉണ്ടെങ്കിൽ ലബന്പ് വാങ്ങാനാണ് വിചാരിച്ചത് അല്ലാതെ താങ്കൾ കരുതിയ പോലെ പൈസ ഇല്ലാഞ്ഞിട്ടല്ല..
എന്നിട്ടും ഒരുപാട് നിർബന്ധിച്ചു അദ്ദേഹം..

അവസാനം പേഴ്സ് കാണിച്ചപ്പോൾ ആണ് വിശ്വസിച്ചത് ഞങ്ങൾ പറയുന്നത് സത്യമാണെന്നു..
അങ്ങനെ ഇത്രയും വലിയ ആ മനുഷ്യനെ ഞങ്ങൾ പേരും നാടുമെല്ലാം ചോദിച്ചു പരിജയ പെട്ടു..
കൂടുതൽ ഒന്നും ചോദിക്കാൻ സത്യത്തിൽ ഞങ്ങളുടെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു..
അത് കൊണ്ട് തന്നെ അവിടെന്നു ഇറങ്ങി..
പക്ഷെ സാധാരണ കടകളിൽ നിന്നു ഇറങ്ങുന്ന പോലെ അല്ല അവിടെന്നു ഇറങ്ങിയത്..
പ്രത്യേകം അദ്ദേഹത്തിനും കുടുംബത്തിനും ആ ഗ്രോസറിക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാണ് അവിടെന്നു ഇറങ്ങിയത്..

ആദ്യമായി കാണുന്ന ഞങ്ങളോട് കാണിച്ചത് ഇങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബക്കാരോടും കൂട്ടുകാരോടും അദ്ദേഹം എങ്ങനെ ആയിരിക്കും അല്ലെ…
ഇവിടെ എഴുതാൻ പോലും സത്യത്തിൽ പറ്റുന്നില്ല കണ്ണ് നിറഞ്ഞിട്ട്…

മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനുഷ്യർ ഇപ്പോളും ജീവിച്ചിരിക്കുന്നുണ്­ടെന്ന വിശ്വാസത്തിൽ ഇനിയുള്ള ജീവിതം ജീവിക്കാം കൂടെ അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു വരണേ എന്നും പ്രാർത്ഥിക്കാം…

ഇനിയുമുണ്ടാകും നമ്മൾ അറിയാത്ത നന്മയുള്ള മനസ്സുള്ളവർ നമ്മുടെ തൊട്ടടുത്ത്…

അവർ വലിയവർ ആകണം എന്നില്ല സാധാരണ ജീവിതം നയിക്കുന്നവർ ആയിരിക്കും…അത് തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയം..
അത് കൊണ്ട് ആരെയും വില കുറച്ചു കാണാതിരിക്കുക…
എല്ലാവർക്കും നന്മകൾ നേരുന്നു…

രചന- Afsal Madathiparambil

LEAVE A REPLY

Please enter your comment!
Please enter your name here