Home Latest ഇന്നും ഞാനവളെ പ്രണയിക്കുന്നു .. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ .. Part – 18

ഇന്നും ഞാനവളെ പ്രണയിക്കുന്നു .. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ .. Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 18

രചന : രജിഷ അജയ് ഘോഷ്

സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് മാത്രം തോന്നിയ ഇഷ്ടം.. പിന്നീട് ഞാൻ വളരുന്നതിനൊപ്പം അതും വളർന്നു വന്നു.. പിന്നെ എപ്പോഴോ മനസ്സിലായി അവൾ എന്നെ ഒരിക്കലും പ്രണയിക്കില്ലെന്ന് . അവൾ എന്നെ സ്നേഹിക്കില്ലെന്ന് അറിഞ്ഞിട്ടും  ഞാനവളെ പ്രണയിച്ചു പോയി .. അല്ലേലും തിരിച്ചുകിട്ടണമെന്ന് പറഞ്ഞ് പ്രണയിക്കാനാവുമോ .. ഇന്നും ഞാനവളെ പ്രണയിക്കുന്നു .. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ .. ” എന്നു പറഞ്ഞവൻ വേദൂട്ടിയെ എടുത്ത് നടന്നു..
ഇടറിയ ശബ്ദത്തോടെ പറഞ്ഞ അവൻ്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു…

അവൻ്റെ വാക്കുകൾ ബാലയുടെ മനസ്സിൽ അവൾ പോലുമറിയാതെ നോവ് സൃഷ്ടിച്ചിരുന്നു..

✨✨✨✨✨✨✨✨✨✨✨✨✨✨
തിരികെയുള്ള യാത്രയിൽ ബാല മൗനമായിരുന്നു ..
അവളുടെ മനസ്സ് ആകെ ഇളകി മറിഞ്ഞ അവസ്ഥയിലാണെന്ന് യദുവിന് മനസ്സിലായി.

“ഇതിപ്പൊ ഒന്നു ഫ്രീയാവാൻ പുറത്ത് പോയപ്പോ താനാകെ മൂഡോഫായോ?”യദുഡ്രൈവ് ചെയ്യുന്നതിനിടെ അവളെ നോക്കി ചോദിച്ചു.

“ഏയ്.. അങ്ങനെയൊന്നുമില്ല.. ” അവൾ പറഞ്ഞൊഴിഞ്ഞു.

ഫ്ലാറ്റിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ യദു വയനാട്ടിലേക്ക് പോവാനിറങ്ങി..
യദു അച്ഛമ്മേടെ അടുത്ത് പോയിട്ട് വരാമെന്ന് വേദൂട്ടിയോട് പറഞ്ഞതും
“നാനും അച്ഛ കൂടെ വടാലോ .. അമ്മേം കൂത്താം.. ” എന്നു പറഞ്ഞവൾ ..

” അച്ഛപോയിട്ട് വേഗം വരാലോ.. അച്ഛേടെ കുഞ്ഞൂസ് അമ്മേടെ കൂടെ നിന്നാ മതി ട്ടോ.. ”
യദുകുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

“മേണ്ടാ.. നാനും വടും .. അമ്മേ.. അച്ഛ കൂടെ
റ്റാ റ്റാപോവാം.. “ബാലയെ നോക്കി വിതുമ്പി തുടങ്ങിയവൾ.. യദുവിൻ്റെ കയ്യിൽ നിന്നും ഇറങ്ങാതെ അവൻ്റെ കഴുത്തിൽ രണ്ട് കൈ കൊണ്ടും ചുറ്റിപ്പിടിച്ചിരുന്നു..

” അമ്മേടെ വാവ വായോ .. അച്ഛപോയിട്ട് വേഗം വരൂലോ.. എന്നിട്ട് റ്റാ റ്റ പോവാലോ.. “കൈ നീട്ടി ബാലവിളിച്ചതും യദുവിൻ്റെ തോളിലേക്ക് ചാഞ്ഞവൾ .. ഏങ്ങലടികൾ മാത്രം ഉയർന്നു കേട്ടു .

” അത് കാര്യമാക്കണ്ടാ.. ഞാനെന്തെങ്കിലും പറഞ്ഞ് ശരിയാക്കിക്കോളാം.. യദുവേട്ടൻ ഇറങ്ങാൻ നോക്ക്.. “ബാല പറഞ്ഞു.

” വേണ്ടടോ.. കുറച്ച് നേരം കഴിയട്ടെ.. കുഞ്ഞിൻ്റെ കരച്ചിൽ കണ്ട് പോവാൻ വയ്യ.. ” എന്നും പറഞ്ഞവൻ കുഞ്ഞിനെ തോളിലിട്ട് നടന്നു..
അൽപനേരം കഴിഞ്ഞപ്പോൾ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി.

“ഉറങ്ങീന്നാ തോന്നണെ..”ബാല പറഞ്ഞു.
കുഞ്ഞിനെ പതിയെ കിടക്കയിൽ കിടത്തി ആ കുഞ്ഞി നെറ്റിയിൽ ചുണ്ടമർത്തിയവൻ..

“ന്നാ.. ഇറങ്ങട്ടെടോ.. എത്തീട്ട് വിളിക്കാം.. ”
ബാലയെ നോക്കിയവൻ പറഞ്ഞു.
വെറുതെ തലയാട്ടിയവൾ..
” അതേ .. എൻ്റെ കുഞ്ഞൂനെ കരയിക്കണ്ടാ ട്ടോ..
എണീറ്റാൽ വാശിയാവും.. അടുത്താഴ്ച്ച വരാൻ നോക്കാം ” അവളുടെ മുഖത്ത് നോക്കിയവൻ പറഞ്ഞു.
ശരിയെന്ന അർത്ഥത്തിൽ തലയാട്ടിയവൾ..
തന്നെ മാത്രം നോക്കി നിൽക്കുന്നവനെ നോക്കി എന്തെന്ന ഭാവത്തിൽ പുരികമുയർത്തിയതും ഒന്നുമില്ലെന്ന് കണ്ണും ചിമ്മിക്കാണിച്ചവൻ തിരിഞ്ഞു നടന്നിരുന്നു..

വാതിൽപടിയിൽ അവൻ പോവുന്നതും നോക്കി നിന്നു.. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്നവളെ കണ്ട് അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു..

“തൻ്റെയാള് തിരിച്ച് പോവാണോ ബാലേ..?” സുനന്ദേച്ചിയുടെ ചോദ്യം കേട്ടാണ് തിരിഞ്ഞ് നോക്കിയത്.

” യദുവേട്ടൻ്റെ ലീവ് കഴിഞ്ഞു .. നാളെത്തൊട്ട് ജോലിക്ക് കയറണം..” ബാല പറഞ്ഞു.

“കല്യാണത്തിന് മുൻപ് പാണ്ടി ലോറിക്ക് തല വെക്കാൻ പോവുന്നതിൻ്റെ സങ്കടമാണെന്നൊക്കെ പറയുന്നത് കേട്ടിരുന്നു.. ഇപ്പൊ കുറച്ച് ദിവസമായിട്ട്
ഇവിടെ ഓരോരുത്തര് പതിവില്ലാതെ സാരിയുടുക്കുന്നു.. കറങ്ങാൻ പോവുന്നു.. ഇപ്പൊ ദാ
തിരിച്ചു പോവുന്ന ഭർത്താവിനെ നോക്കി വിരഹഗാനം വരെ പാടുന്നു.. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ എന്നൊരു സംശയം… ” സുനന്ദ അൽപം കുറുമ്പോടെ പറഞ്ഞ് കൊണ്ട് ബാലയെ നോക്കി..

” സുനന്ദേച്ചീ ..വേണ്ടാട്ടോ..” ബാല കണ്ണുരുട്ടി സുനന്ദയെ നോക്കി.

“താനും മോളും ഭാഗ്യം ചെയ്തവരാ ബാലേ..
യദു നല്ലയാളാ.. വേദമോളെ ഇത്രയും കരുതലോടെ, സ്നേഹത്തോടെ നോക്കാൻ മറ്റൊരാൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല .. അരവിന്ദേട്ടനും അതാ പറയുന്നെ.. ” സുനന്ദ പറഞ്ഞു.

“എനിക്ക് മനസ്സിലാവുന്നുണ്ട് സുനന്ദേച്ചീ .. “ബാല പറഞ്ഞു.
“വേദൂട്ടി കുറെ കരഞ്ഞ് ഉറങ്ങീതാ.. എണീറ്റ് കരഞ്ഞാൽ അറിയില്ല .. ഞാൻ നോക്കട്ടെ.. ” എന്നും പറഞ്ഞ് ബാല അകത്തേക്ക് നടന്നു..
വേദൂട്ടിയോട് ചേർന്നു കിടന്ന് അവളുടെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു..
എപ്പോഴോ മയങ്ങിപ്പോയി..

“അമ്മാ.. എനീച്ച് ..” വേദൂട്ടി കുലുക്കി വിളിച്ചപ്പോളാണവൾ ഉണർന്നത്.. ഇരുട്ടു വീണു തുടങ്ങിയിരുന്നു ..
” ശോ.. ഒരു പാട് നേരായല്ലോ.. ” എന്നും പറഞ്ഞവൾ വേദൂട്ടിയെയും എടുത്ത് എഴുന്നേറ്റു.

“അമ്മേ.. അച്ഛ കാനനം .. “വേദൂട്ടി പറഞ്ഞു…

” അച്ഛ വരൂ ട്ടോ.. ഇപ്പൊ അമ്മേടെ കുഞ്ഞിന് മുഖം കഴുകീട്ട് പാല് കുടിക്കാം .. ” കുഞ്ഞിൻ്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞു.

“മേണ്ടാ.. പാല് മേണ്ടാ.. അച്ഛേ കന്താ മതി.. ” വാശിയോടെ ബാലയുടെ കൈ തട്ടിമാറ്റിയവൾ..

” വേദൂട്ടി കരയാതെ പാല് കുടിച്ചാ അച്ഛ വരും.. കുഞ്ഞിന് ചോക്ലേറ്റ് കൊണ്ടോരും.. പിന്നെ കളിക്കാൻ കണ്ണടയ്ക്കുന്ന കുഞ്ഞിപ്പാവ കൊണ്ടോരും.. ” മുഖം വീർപ്പിച്ചിരിക്കുന്നവളെ നോക്കി കൊഞ്ചലോടെ ബാല പറഞ്ഞു..

സംശയത്തോടെ ഒന്നാലോചിച്ചു കൊണ്ട്
” ശരിച്ചും കൂഞ്ഞിപാവ കൊന്തോരോ.. ” എന്നു ചോദിച്ചു വേദൂട്ടി.

” ഉം.. കെണ്ടോരും.. ” എന്ന് വീണ്ടും പറഞ്ഞപ്പോഴാണ് ആ മുഖമൊന്ന് തെളിഞ്ഞത്.

ഹാളിലെത്തിയപ്പോൾ വല്ലാത്ത ശൂന്യത തോന്നി.. കുറഞ്ഞ ദിവസങ്ങൾ മാത്രം കൂടെ ഉണ്ടായിട്ടും യദു പോയപ്പോൾ വല്ലാത്തൊരു മൂകത തോന്നിയവൾക്ക്..

അടുക്കളയിൽ മോൾക്കുള്ളപാല് തിളപ്പിച്ചെടുക്കുമ്പോൾ അരികിലെവിടെയോ അവനുള്ളത് പോലെ ..
യദുവിനെ കാണാതെ വേദൂട്ടിമുഖം വീർപ്പിച്ചിരുന്നു.. രാത്രി ഉറങ്ങാൻ നേരത്ത് വല്ലാതെ വാശി പിടിച്ചവൾ.. ആ രാത്രി വല്ലാത്ത ധൈർഘ്യമേറിയതാണെന്ന് തോന്നിയവർക്ക് ..
രാത്രി എത്തിയ ശേഷം യദു വിളിച്ചപ്പോൾ പിണക്കം നടിച്ച് സംസാരിക്കാൻ വന്നില്ല വേദൂട്ടി..

രാവിലെ ഉണർന്നപ്പോഴും അരികിൽ അവനില്ലാത്തത്ത് വല്ലാത്തൊരു വിടവായിരുന്നു.
പതിവ് തിരക്കിനിടയിൽ താനും മോളും വീണ്ടും ഒറ്റപ്പെട്ടത് പോലെ തോന്നി ബാലയ്ക്ക് .. എന്തിനോ കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നുണ്ടായിരുന്നു ..

” അല്ലെങ്കിലും ഞാനെന്തിനാ ഇങ്ങനെ വിഷമിക്കുന്നത് .. അയാളെൻ്റെ ആരാ.. ആരുമല്ലല്ലോ .. അയാൾക്ക് ഒരു പ്രണയമുണ്ട്.. തന്നെ ഒരിക്കലും പ്രണയിക്കില്ലെന്നറിയാം.. എന്നിട്ടും .. ” കൊണ്ടുപോവാനുള്ള ചോറ് പാത്രം ബാഗിലേക്ക് വെക്കുന്നതിനിടെ അവൾ പിറുപിറുത്തു..

കുറച്ചു ദിവസം ഡേ കെയറിൽ പോവാതെ യദുവിനൊപ്പം കളിച്ച് നടന്നത് കൊണ്ട് വേദൂട്ടിയും രാവിലെ മടി പിടിച്ചിരിപ്പാണ്..
“ദാ .. ഈ ചോന്ന പൂക്കളുള്ള ഉടുപ്പിട്ടാൽ വേദൂട്ടിയെ കാണാൻ പൂമ്പാറ്റയെ പോലെ ഉണ്ടാവുമല്ലോ.. അപ്പൊ ഡേ കെയറിലെ അംബികാമ്മ ചോദിക്കും ഇതേതാ .. ഈ സുന്ദരി പൂമ്പാറ്റാന്ന്.. വേഗം വന്നോട്ടോ..” വേദൂട്ടിയെ സോപ്പിടലാണ് ബാല..

” ശരിച്ചും പൂമ്പാത്തയാവോ..” കക്ഷിക്ക് അത്ര വിശ്വാസമായിട്ടില്ല ..

” ഉം.. സുന്ദരി പൂമ്പാറ്റയാവും.. നമുക്ക് സുന്ദാമ്മയോട് ചോദിക്കാലോ.. “ബാല വീണ്ടും പറഞ്ഞതും ഒരു അര മനസ്സോടെ കൈകൾ നീട്ടിയിരുന്നു വേദൂട്ടി ..

വാതിൽ ലോക്ക് ചെയ്ത് ഇറങ്ങുമ്പോൾ പതിവുപോലെ കാത്തു നിൽക്കുന്ന സുനന്ദേച്ചിയെ കണ്ടപ്പോൾ “സുനന്ദേച്ചീ .. വേദൂട്ടിയെ കണ്ടാൽ പൂമ്പാറ്റയെ പോലില്ലേ.. ” എന്നു ചോദിച്ചു ബാല.

“ആ.. സുന്ദാമ്മേടെ കുട്ടി സുന്ദരി പൂമ്പാറ്റയായല്ലോ ”
സുനന്ദയും പറഞ്ഞപ്പോൾ വേദൂട്ടി ചിരിച്ചു..
സുനന്ദയുടെ കവിളിൽ ഉമ്മയും കൊടുത്ത് ബാലയ്ക്കൊപ്പം പോവുമ്പോഴും കുഞ്ഞിച്ചുണ്ടിൽ ചിരി തന്നെയായിരുന്നു..

മോളെ ഡേ കെയറിലാക്കി ബാങ്കിലേക്ക് നടക്കുമ്പോൾ യദുവിനൊപ്പം പോയ ദിവസങ്ങളായിരുന്നു മനസ്സിൽ നിറയെ.. കൂടെ കരുതലുള്ള പുരുഷനുള്ളത് തന്നെപ്പോലുള്ള സ്ത്രീകൾക്ക് കരുത്താണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ ..

രാത്രികളിൽ യദു ഫോൺവിളിക്കുമ്പോൾ വേദൂട്ടിക്ക് പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടാവും.
അവളുടെ കഥ പറച്ചിലെല്ലാം കഴിഞ്ഞ് ബാലയും എന്തെങ്കിലുമൊക്കെ സംസാരിക്കും..
ശനിയാഴ്ച്ച യദു വരും.. ഞായറാഴ്ച്ച നിന്ന ശേഷം തിരിച്ചു പോവും.. ഇപ്പൊ വേദൂട്ടിക്ക് ഇതൊരു പതിവായത് കൊണ്ട് വല്യവാശി കാണിക്കാറില്ല ..

താനും മോളും മാത്രമുള്ള ലോകത്തേക്ക് യദുവും കടന്നു വരുന്നത് അവളറിഞ്ഞിരുന്നു..

“അമ്മേ.. അച്ഛേവിച്ചനം.. ഫോണെക്ക്.. ” ഡേ കെയറിൽ നിന്നും എത്തിയതും വേദൂട്ടിവാശി പിടിച്ചു തുടങ്ങി ..

” വിളിക്കാം.. കുളിച്ച് സുന്ദരിയായി..ചായ കുടിച്ച്
കഴിഞ്ഞിട്ട് വിളിക്കാം..” എന്ന് ബാല പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.ഒടുവിൽ ഫോണെടുത്ത് യദുവിന് ഡയൽ ചെയ്തെങ്കിലും ആൾ ഫോണെടുത്തില്ല..

വേദൂട്ടി വാശിയിൽ കരച്ചിൽ തന്നെയാണ്.. ഒടുവിൽ
“ദേ..കുഞ്ഞാണെന്ന് നോക്കൂല ഞാൻ .. തൊട്ടതിനും പിടിച്ചതിനുമൊക്കെ വാശി .. പെണ്ണിന് നല്ലതല്ലിൻ്റെ കുറവുണ്ട്… ആ വടിയിങ്ങെടുക്കട്ടെ .. ” അൽപം ദേഷ്യത്തോടെ ബാല പറഞ്ഞപ്പോഴാണ് കരച്ചിൽ നിർത്തിയത്.മുഖം ഒരു കൊട്ടക്ക് വീർപ്പിച്ച് വെച്ചിട്ടുണ്ട് .. ഇടയ്ക്കിടക്ക് ബാലയെ ഇടംകണ്ണിട്ട് നോക്കും.. ബാലനോക്കുന്നത് കാണുമ്പോൾ മുഖം തിരിക്കും.. ഇതെല്ലാം കണ്ടപ്പോൾ ബാലയ്ക്ക് ചിരി പൊട്ടി .

” അമ്മേടെ കുറുമ്പിക്കുട്ടി ഇങ്ങ് വായോ …” എന്നും പറഞ്ഞവൾ കുഞ്ഞിനെ വാരിയെടുത്തു ..

സന്ധ്യയായപ്പോഴാണ് യദു തിരിച്ച് വിളിച്ചത്.. ബാല ഫോണെടുത്ത് സ്പീക്കറിലിട്ട് വേദൂട്ടിയുടെ അടുത്ത് വെച്ചു.
അച്ഛയുടെ “കുഞ്ഞൂ.. ” എന്ന വിളി കേട്ടതും അവളുടെ മുഖം തെളിഞ്ഞിരുന്നു..
അച്ഛനും മോളും പറയുന്നതെല്ലാം കേട്ട് ബാലയിരുന്നു ..

” കുഞ്ഞൂൻ്റെ അമ്മ എവിടെ..?”യദു
ചോദിച്ചപ്പോഴാണ് വേദൂട്ടി ബാലയെ നോക്കുന്നത്.

“ഇവിദെ ഉണ്ടല്ലോ.. കൊക്കാമേ.. “പറഞ്ഞു കൊണ്ട്
ഫോൺ ബാലയ്ക്ക് നേരെ നീട്ടിയവൾ..

“കൃഷിഓഫീസർ ഇന്ന് തിരക്കിലായിരുന്നോ..
നേരത്തെ വിളിച്ചിട്ട് എടുത്തില്ലല്ലോ .. ” ചെറുചിരിയോടെ ബാല പറഞ്ഞു.

“ഇന്ന് വന്നപ്പോ കുറച്ച് പച്ചക്കറിവിത്തുകൾ കൊണ്ടുവന്നിരുന്നു..
അതൊക്കെ നട്ടുനനച്ച് എത്തിയതേയുള്ളൂ.. “യദു
മറുപടി നൽകി.

” ഓഫീസില് വരണവിത്തുകളൊക്കെ ഓഫീസറ് തന്നെ കൊണ്ടുവന്ന് നടലാ പണീലേ.. പാവം ജനങ്ങൾ ഇതൊക്കെ അറിയുന്നുണ്ടോ.. ആവോ.. ” അവനെ കളിയാക്കിക്കൊണ്ട് ബാല പറഞ്ഞു.

“എൻ്റെ അമ്മേം ഭാര്യയും കുഞ്ഞുമൊക്കെ  വിഷമില്ലാത്ത നല്ല പച്ചക്കറികളും പഴങ്ങളുമൊക്കെ കഴിക്കുന്നതാ എനിക്കിഷ്ടം.. ” എന്നും പറഞ്ഞ് യദു ചിരിച്ചു.. അവളും..
കുറച്ച് നേരം കൂടി സംസാരിച്ച ശേഷം
” നാളെ വരാം ഞാൻ.. ശനിയും ഞായറും ലീവാ.. ” എന്നു പറഞ്ഞ് യദു ഫോൺ വെച്ചു..

“വേദൂട്ടീ.. അച്ഛനാളെ വരാന്ന് പറഞ്ഞൂലോ.. ” കുഞ്ഞിനെ എടുത്തുയർത്തി കവിളിൽ മുത്തിക്കൊണ്ട് ബാല പറഞ്ഞു.

” അച്ഛ വടൂലോ.. ” എന്നും പറഞ്ഞ് ബാലയുടെ കയ്യിൽ നിന്നുമിറങ്ങി കുഞ്ഞിക്കൈകൾ കൊട്ടികൊണ്ടവൾ തുള്ളിച്ചാടി ..

പിറ്റേന്ന് രാവിലെ ഉണരുമ്പോൾ വല്ലാത്ത ഉത്സാഹം തോന്നി ബാലയ്ക്ക് .. യദു വൈകിട്ട് എത്തുന്നതിനെക്കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു വെപ്രാളം.. തിരക്ക് പിടിച്ച് ഓരോന്ന്
ചെയ്യുന്നതിനിടയിലും അവൻ്റെ മുഖം അവളുടെ കൺമുന്നിൽ തെളിയുന്നുണ്ടായിരുന്നു..

വൈകിട്ട് ഒരു മണിക്കൂർ നേരത്തെയിറങ്ങി മോളെയും കൂട്ടി ഫ്ലാറ്റിലെത്തി..
വേദൂട്ടിയെ മേല് കഴുകിച്ച് ഉടുപ്പിട്ട് കൊടുക്കുമ്പോൾ കുഞ്ഞിപ്പെണ്ണ്” അച്ഛ വടൂലോ.. ” എന്ന് ഇടയ്ക്കിടെ പറയുന്നത് കേട്ടു.

‘കടയിൽ നിന്നു വാങ്ങുന്നതൊന്നും യദുവേട്ടന് ഇഷ്ടമല്ലാ.. ഇനീപ്പൊ എന്താ ഇണ്ടാക്കാ.., ബാല മനസ്സിലോർത്തു.. ശർക്കരയിട്ട കൊഴുക്കട്ട ഇഷ്ടമാണെന്ന് സൗദമ്മ എപ്പോഴോ പറഞ്ഞതോർമ്മ വന്നു..
അരിപ്പൊടിയെടുത്ത് ചൂടുവെള്ളത്തിൽ കുഴയ്ക്കുമ്പോഴാണ് സുനന്ദേച്ചി വന്നത്..

” അരവിന്ദേട്ടൻ നേരത്തെ വന്നിട്ടുണ്ട് .. വേദൂട്ടിയെ കൊണ്ടുവരാൻ പറഞ്ഞു വിട്ടതാ എന്നെ.. ” അവർ പറഞ്ഞു.
” അച്ഛ വരുംന്ന് പറഞ്ഞ് ഇരിക്കാ ആള്..”ബാല പറഞ്ഞു.
“യദു വരുമ്പോൾ താനൊന്ന് വിളിച്ചാ മതീടോ.. ഞാൻ കൊണ്ടു വരാം.. “സുനന്ദ പറഞ്ഞപ്പോൾ ബാല പിന്നെയൊന്നും പറഞ്ഞില്ല..

അവർ പോയതും ഡോർ ലോക്ക് ചെയ്ത ശേഷം വീണ്ടും കൊഴുക്കട്ട ഉണ്ടാക്കാൻ തുടങ്ങി .. അവസാനത്തെ ബോളിനകത്തും ഏലക്കായ് പൊടിച്ചു ചേർത്ത തേങ്ങയും ശർക്കരയും നിറച്ച ശേഷം ഗ്യാസടുപ്പിൽ ഇഡ്ഡലി ചെമ്പിൽആവിയിൽ വച്ചു..
വേവുമ്പോഴേക്കും വേഗം കുളിച്ചിട്ടു വരാമെന്ന് കരുതി ബാത്റൂമിൽ കയറി .. ബാല കുളി കഴിഞ്ഞ് വന്നപ്പോഴേക്കും കൊഴുക്കട്ട റെഡിയായിരുന്നു.. തണുക്കാതെ മൂടിവച്ച ശേഷം റൂമിലേക്ക് നടന്നു..

കണ്ണാടിയിലെ തൻ്റെ രൂപത്തെ വെറുതെ നോക്കി നിന്നവൾ.. “എന്താ ശ്രീബാലയ്ക്ക് പറ്റിയത്.. നിനക്ക് യദുവിനോട് പ്രണയമാണോ?”സ്വയം ചോദിച്ചു..

പ്രണയമാവുമോ … അറിയില്ല .. കാണാതിരിക്കുമ്പോൾ കാണാൻ തോന്നുന്നുണ്ട്..
ആളെക്കുറിച്ചോർക്കുമ്പോൾ ഒരു തരം കുളിർമ തന്നെ പൊതിയുന്നുണ്ട്..

കണ്ണുകൾ പതിവില്ലാതെ കണ്ണ് കൺമഷി കൊണ്ട് കറുപ്പിച്ചു ..നെറ്റിയിലൊരു കുഞ്ഞിപ്പൊട്ടു തൊട്ടു ..
സിന്ദൂരരേഖ ചുവപ്പിച്ചു … കണ്ണാടിയിൽ നോക്കി ചിരിച്ചു.. ‘കൊള്ളാം.. ‘മനസ്സിൽ പറഞ്ഞു.. കോളിംഗ് ബെൽ ശബദിച്ചപ്പോൾ ഹൃദയമിടിപ്പ് കൂടുന്നതറിഞ്ഞു..
യദുവേട്ടൻ വന്നൂന്നാ തോന്നണേ..പ്രണയം നിറഞ്ഞ ചിരിയോടെ പതിയെ വാതിൽ തുറന്നു..

കൺമുന്നിൽ നിൽക്കുന്നയാളെ കണ്ടതും അവളുടെ മുഖത്ത് ഭയവും വെറുപ്പും നിറഞ്ഞുനിന്നു..
” വിവേക് .. സാർ.. ” അവളുടെചുണ്ടുകൾ പിറുപിറുത്തു.

” ശ്രീബാല .. ഒരാൾ വീട്ടിൽ വന്നാൽ കയറി ഇരിക്കാൻ പറയാതെ വന്ന കാലിൽ തന്നെ പുറത്ത് നിർത്തുന്നത് ശരിയാണോ.. ” ശബ്ദം കേട്ടതും ഞെട്ടിപ്പോയവൾ..

“സാർ.. സാറെന്താ..ഇ .. ഇവിടെ.. ” വിക്കി വിക്കി ശബ്ദം പുറത്തേക്ക് വന്നു..

“അതൊക്കെ അകത്തേക്ക് കയറിയിട്ട് പറയാം.. ” എന്നും പറഞ്ഞയാൾ വാതിൽ തള്ളിയതും
ബാലയാ വാതിൽ അടയ്ക്കാൻ ശ്രമിച്ചു.പക്ഷേ അയാളുടെ ശക്തിക്ക് മുൻപിലവൾക്ക് പിടിച്ചു നിൽക്കാനായില്ല.. അയാളുടെ തള്ളലിൽ അവൾ വേച്ചു പിന്നിലോട്ടു പോയതും വിവേക് അകത്ത് കയറി വാതിൽ അടച്ച് ലോക്ക് ചെയ്തിരുന്നു..

“സാർ പ്ലീസ്.. വാതിൽ തുറക്ക്.. എന്തിനാ നിങ്ങളിങ്ങനെ ചെയ്യുന്നെ.. ” ഭയത്താൽ അവളുടെ
സ്വരം വിറച്ചിരുന്നു..

“ഒരിക്കൽ .. ഒരിക്കലെങ്കിലും നിന്നെ വേണമെനിക്ക് ..അത്രയ്ക്ക് മോഹിച്ചു പോയി.. അതാ വന്നത്.. ശനിയാഴ്ച്ചയായാൽ നിൻ്റെ ഭർത്താവു വരുമെന്നറിയാം… ഇന്നെന്തായാലും നീ തനിച്ചല്ലേ.. ഇന്ന് മതി .. ” എന്നു പറഞ്ഞയാൾ അവൾക്കരികിലേക്ക് വന്നു..

മദ്യത്തിൻ്റെ രൂക്ഷഗന്ധം ബാലയുടെ മൂക്കിലേക്ക് അടിച്ചു കയറി…

” തൊടരുതെന്നെ.. ” ബാലയുടെ നേർക്ക് അയാൾ കൈ നീട്ടിയപ്പോൾ അവളലറി..
ആ ശബ്ദത്തിൽ അയാൾ ഒന്നു ഭയന്നെങ്കിലും വീണ്ടും അവളെ നോക്കി.. തനിക്കു നേരെ നടന്നു വരുന്നവനെ കാണുമ്പോൾ ഭയത്താലവൾ പിന്നിലേക്ക് നീങ്ങി… ചുമരിൽ തട്ടി നിന്നപ്പോൾ കണ്ണുകളിൽ ഭയം നിറഞ്ഞു.

“ഇന്ന് നീ വല്ലാതെ സുന്ദരിയായിരിക്കുന്നു .. നിന്നെപ്പോലൊരു ഗ്രാമീണ സൗന്ദര്യമുള്ള പെണ്ണിനെ ഈ കൊച്ചിയിൽ കണ്ടിട്ടേയില്ല.. “വശ്യമായ നോട്ടത്തോടെ വിവേക് ബാലയ്ക്കരുകിലേക്ക് നടന്നു..

അയാളുടെ ശ്വാസം മുഖത്തടിച്ചതും ശർദ്ദിക്കാൻ വരുന്നത് പോലെ തോന്നിയവൾക്ക്..അയാൾ കൈ ഉയർത്തി അവളുടെ തോളിൽ സ്പർശിച്ചതും അവൾ പൊള്ളിപ്പിടഞ്ഞു..

ബാലയുടെ മനസ്സിലപ്പോൾ യദു മാത്രമായിരുന്നൂ.. അവനണിയിച്ച താലിയിൽ മുറുകെ പിടിച്ചു.. സർവ്വശക്തിയുമെടുത്ത് ആഞ്ഞ് തളളി.. അയാളൊന്ന് വേച്ച് പോയപ്പോൾ കയ്യിൽ തടഞ്ഞ ഫ്ലവർ ബോട്ടിലെടുത്ത് ആഞ്ഞടിച്ചു.. അത് പൊട്ടി ചിതറിപ്പോയി.അയാൾ വേദനയോടെ തലയിൽ കൈവച്ചതും കിതപ്പോടെ വീണ്ടും ആഞ്ഞ് തള്ളിയിരുന്നു ..

അയാൾ നിലത്തേക്ക് അടിച്ചു വീഴുന്നതും തലയിൽ നിന്നും രക്തമൊഴുകുന്നതും കണ്ടു.. കണ്ണിൽ ഇരുട്ടു കയറി നിലത്തേക്ക് ഊർന്നിരിക്കുമ്പോഴും ചുണ്ടുകൾ പതിയെ പിറു പിറുത്തു… “കൊന്നു.. ഞാനയാളെ കൊന്നു.. ”

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here