Home Latest എന്റെ മുൻപിൽ വച്ചു ഒരുത്തൻ എന്റെ പെണ്ണിനെ കേറിപിടിച്ചാൽ എനിക്ക് വെറുതെ നിക്കാൻ പറ്റുമോ?

എന്റെ മുൻപിൽ വച്ചു ഒരുത്തൻ എന്റെ പെണ്ണിനെ കേറിപിടിച്ചാൽ എനിക്ക് വെറുതെ നിക്കാൻ പറ്റുമോ?

0

അന്ന് ആ മഴയത്തായിരുന്നു ഞാനവളെ ആദ്യമായി കാണുന്നത്.. നനഞ്ഞു കുളിച്ചു വരാന്തയിലേക്ക് കയറിവരുന്ന അവളുടെ മുഖം ഇന്നും എന്റെ മനസിലുണ്ട്. ആ ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസിനെ കീഴ്പെടുത്തിയവൾ. അന്ന് അവിടെ വച്ചു ഉറപ്പിച്ചതാ.. ഇവളെ മറ്റൊരുത്തനും വിട്ടുകൊടുക്കൂലാന്ന്..
അവൾക്കു ഒരു വല്ലാത്ത ഭംഗിയായിരുന്നു. നീട്ടിയെഴുതിയ കരിമഷി കണ്ണും.. ചുവന്നു തുടുത്ത ചുണ്ടും ഒക്കെയുള്ള ഒരു കൊച്ചു സുന്ദരി. നെറ്റിയിൽ ഒരു ചന്ദനക്കുറിയും മുട്ടോളമെത്തുന്ന മുടിയിൽ തിരുകിയ തുളസിക്കതിരും.. എല്ലാംകൊണ്ടും ഒരു നാടൻ പെണ്ണ്.
“നീയാരെ സ്വപ്നം കണ്ടോണ്ട് നിക്കുകയാ” എന്റെ ചെങ്ങായിമാരു വന്നുവിളിച്ചപ്പോഴാ പരിസരബോധം വന്നത്..
“ഏയ് ഒന്നുല്ലടാ. വാ പോവാം” അവരൊപ്പം നടന്നു നീങ്ങുമ്പോഴും എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു. നുണക്കുഴി ഉള്ളതിനാൽ അവളുടെ ചിരിക്ക് വല്ലാത്ത ഭംഗിയായിരുന്നു. ദിവസം കഴിയുംതോറും എനിക്ക് അവളോടുള്ള ഇഷ്ട്ടം കൂടി കൂടി വന്നു. ആരോടെങ്കിലും പറയാതെ വയ്യെന്നായി.
അങ്ങനെ എന്റെ ചെങ്ങായിമാരുടെ അടുത്ത് ഞാൻ കാര്യം അവതരിപ്പിച്ചു.. നുമ്മക്ക് നുമ്മള ചെങ്ങായി മാരല്ലേ എല്ലാം.. അവരണേൽ ഒടുക്കത്തെ സപ്പോർട്ടും.
അങ്ങനെ ഒരു ദിവസം അവളോട്‌ പറയണം എന്ന ഉറച്ച തീരുമാനത്തോടെ അവളുടെ മുന്നിൽ എത്തി..
“എന്റെ ദേവീ.. നീ കാത്തോണേ.. ” എക്സാം പേപ്പർ തരുമ്പോൾ പോലും ഇത്രേം ടെൻഷൻ അടിച്ചിട്ടുണ്ടാവില്ല.
അവളാണേൽ കുട്ടുകാരൊത്തു ഒരേ സംസാരം. എങ്ങനാ ഒന്ന് വിളിക്കുന്നെ.. എവിടുന്നൊക്കെയോ ധൈര്യം സംഭരിച്ചു ഞാൻ വിളിച്ചു.. ” മീനു.. ” (ഈ ദിവസത്തിനിടയിൽ അവളുടെ പേര് മീനാക്ഷിയാണെന്നു ഞാൻ കണ്ടുപിച്ചിരുന്നു )
അവൾ തിരിഞ്ഞു നോക്കി.. ” ഒന്നിങ്ങു വരുമോ ? ഒരു കാര്യം പറയാനുണ്ട് ” അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നു.
എന്നിട്ട് പതിഞ്ഞ സ്വരത്തിൽ ഒരു ചോദ്യം. ” ആരാ ? നിക്ക് മനസിലായില്ലല്ലോ.. ന്താ പറയാനുള്ളത് ?”
” അതേ.. എന്റെ പേര് അഭി. എനിക്ക് തന്നെ ഇഷ്ടാ.. ” ഒരടി പ്രതീക്ഷിച്ചായിരുന്നു ഞാൻ നിന്നെ.. എന്നാൽ എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു ഒരക്ഷരം പോലും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു..
ദിവസങ്ങൾ കടന്നു പോയി.. ഒരു ചെറുപുഞ്ചിരി പോലും സമ്മാനിക്കാൻ അവള് തയ്യാറായില്ല.


അങ്ങനെ കോരിച്ചൊരിയുന്ന മഴയത്തു ക്ലാസ്സ്‌ വിട്ടു അവൾ വീട്ടിലേക്കു നടക്കുകയാണ്. പിന്നാലെ ഞാനും എന്റെ പിള്ളേരും. പെട്ടന്നാണ് അത് സംഭവിച്ചത്. ഒരുത്തൻ അവളുടെ കൈയ്യിൽ കയറി പിടിച്ചു. അവളാണേൽ നിന്നു കരയുകയാണ് ഒന്നും പ്രതികരിക്കാനാവാതെ. എന്റെ മുൻപിൽ വച്ചു ഒരുത്തൻ എന്റെ പെണ്ണിനെ കേറിപിടിച്ചാൽ എനിക്ക് വെറുതെ നിക്കാൻ പറ്റുമോ.. എന്നാൽ ഞാൻ പോവും മുന്നേ എന്റെ ചെങ്ങായിമാരു പണിതുടങ്ങി. പിന്നാലെ ഞാനും..
എല്ലാം കഴിഞ്ഞ ശേഷം അവളെന്നോട് ” നന്ദി.. നിങ്ങളില്ലായിരുന്നെങ്കിൽ ഒരു പക്ഷെ…. ”

അവൾ പൊട്ടിക്കരഞ്ഞു.. ” കാണുന്നവൻ കൈയ്യിൽ കയറിപ്പിടിച്ചാൽ നിന്ന് കരയുന്നവളാവരുത് പെണ്ണ്. കൈ മടക്കി മുഖം മുറിയെ കൊടുക്കുന്നവളാവണം ” എന്ന നല്ലൊന്നാന്തരം ഡയലോഗ് അങ് പറഞ്ഞു ഞാനും എന്റെ പരിവാരങ്ങളും ആ തകർത്തുപെയ്യുന്ന മഴയത്തു സ്ലോ മോഷനിൽ അങ്ങനെ നടന്നു..
അങ്ങനെ ആ മഴക്കാലം അവസാനിക്കും മുന്നേ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു. കലാലയ ഇടനാഴിയിലെ തൂണുകളോടൊപ്പം നിന്നു നമ്മൾ രഹസ്യം പറഞ്ഞു.. വാക മരച്ചോട്ടിൽ ഒന്നിച്ചിരുന്നു സ്വപ്‌നങ്ങൾ നെയ്തുകൂട്ടി. അവിടുത്തെ ചെറുപുൽനാമ്പിനുപോലും അറിയാമായിരുന്നു നമ്മളുടെ പ്രണയം..
“ദേ മനുഷ്യാ.. പകൽ സ്വപ്നം കാണാതെ ഒന്നു പോയി ആ ചോറു വെന്തുവോന്നു നോക്കിക്കേ.. ഞാൻ ഈ നെയിൽ പോളിഷ് ഒന്നു ഇട്ടു തീർന്നതിന് ശേഷം വന്നേക്കാം ” ഭാര്യ പറഞ്ഞു തീർന്നില്ല.. ” ദാ.. ഞാൻ പോയി മോളു.. ” എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്കു നടന്നു..
ഹാ എന്തു ചെയ്യാനാ.. എന്നെ നന്നായി തേച്ചിട്ട് ഒരു അമേരിക്കകാരനൊപ്പം പോയ മീനാക്ഷിയോടുള്ള ഒരു മധുര പ്രതികരമായിരുന്നു പണത്തിന്റെ മുകളിൽ കിടക്കുന്ന അതിരയുമായുള്ള വിവാഹം.. ഇപ്പോൾ അവധി ദിവസങ്ങളിൽ ചോറും കറിയും വച്ചു ജീവിക്കുന്നത് കൊണ്ട് ഒരു റിലാക്‌സേഷൻ ഒക്കെയുണ്ട്.
‘ചോറു വെന്തു എന്ന് തോന്നുന്നു ”

രചന: കാവ്യ രാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here