Home Latest അപ്പൊ താൻ തന്നെ പറയണം, ഒർജിനൽ അസ്ഥികൂടം എവിടെ പോയെന്ന്..? Part -13(അവസാനഭാഗം )

അപ്പൊ താൻ തന്നെ പറയണം, ഒർജിനൽ അസ്ഥികൂടം എവിടെ പോയെന്ന്..? Part -13(അവസാനഭാഗം )

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sai Bro

ഉടലുണ്ട് തലയില്ല Part – 13 (അവസാനഭാഗം )

“അതൊക്കെ അവിടെ നിക്കട്ടെ, ശശി ചേട്ടനെ രക്ഷിക്കാൻ വേണ്ടി താൻ ആ ഉടൽ എവിടെ കൊണ്ടോയി ഒളിപ്പിച്ചു എന്നുകൂടെ ഇപ്പൊ തന്നെ പറഞ്ഞേക്ക്..? ” ശംഭു കസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് ഹരനോട്‌ അത് ചോദിക്കുമ്പോൾ അയാൾ കാര്യം മനസിലാകാത്തതുപോലെ ഞങ്ങളെ രണ്ട് പേരെയും ഒന്ന് നോക്കി..

“ഉടലോ..? അത് ഞാനെവിടെ കൊണ്ടോയി ഒളിപ്പിക്കാൻ..? തന്റെ വീടിന്റെ മച്ചിൻ മുകളിൽ അല്ലേ അത് കിടക്കുന്നത്..? ” ഹരന്റെ ആ ചോദ്യത്തിന് ഞാനൊരു മറുപടി പറയാനായി വാ തുറക്കുമ്പോഴേക്കും ശംഭു സംസാരിച്ചു കഴിഞ്ഞിരുന്നു..

“ആ, മച്ചിൻ മുകളിൽ ഒരു തലയില്ലാത്ത ഉടൽ കിടപ്പുണ്ടായിരുന്നു.. ഞങ്ങള് അത് കൊണ്ടോയി അമ്പലപറമ്പിലെ ചതുപ്പിൽ കുഴിച്ചിട്ടു.. അതിന്റെ പിറ്റേന്ന് തന്നെ ജെസിബി വന്ന് അത് മാന്തി എടുക്കുകയും ചെയ്തു.. അപ്പോഴാ അറിയുന്നത് അത് പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ട് ഉണ്ടാക്കിയ അസ്ഥിക്കൂടം ആണെന്ന്.. ”

“ങേ, അപ്പൊ ശശി കൊലപ്പെടുത്തിയ രാവുണ്ണിനായരുടെ ഉടൽ എവിടെപോയി..? ” അതും പറഞ്ഞുകൊണ്ട് ഹരൻ വാ പൊളിച്ചു നിന്നു..

“അതല്ലേ ഞാൻ തന്നോട് ചോദിച്ചത്, ആ ഉടൽ എവിടെപോയെന്ന്..? ഞങ്ങൾക്ക് മുൻപേ മച്ചിൻപുറത്ത് തലയില്ലാത്ത അസ്ഥികൂടം കിടപ്പുണ്ടെന്ന കാര്യം ശശിചേട്ടൻ തന്നെയല്ലേ അറിയിച്ചത്.. അപ്പൊ താൻ തന്നെ പറയണം, ഒർജിനൽ അസ്ഥികൂടം എവിടെ പോയെന്ന്..? ”

ശംഭു ശബ്ദമുയർത്തികൊണ്ട് ഹരനോട്‌ അത് പറഞ്ഞപ്പോൾ ഞാനവന്റെ കൈതണ്ടയിൽ ഒന്ന് അമർത്തി പിടിച്ചുകൊണ്ട് ഞങ്ങൾക്കഭിമുഖമായി പകച്ചിരിക്കുന്ന ഹരനെ ഒന്ന് നോക്കി..

“എനിക്ക് ആ പിച്ചള പ്രതിമ ഒരാളെ ഒന്ന് കാണിക്കണം.. അയാളെയും കൊണ്ട് ഞാൻ വരാം.. ” ഞാനത് പറഞ്ഞുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഹരന്റെ മുഖത്തെ പരിഭ്രമം ഞാൻ ശ്രദ്ധച്ചു..

“പേടിക്കണ്ട, ആ ശിൽപ്പത്തിന്റെ കയ്യിലിരിക്കുന്ന തലയോട്ടിയെ കുറിച്ച് ഞാനയാളോട് പറയില്ല.. ” അത് പറഞ്ഞുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ശംഭുവും എന്റെ പിറകെ വന്ന് കാറിൽ കയറി..

“അളിയൻ ആരെയാ ആ പ്രതിമ കാണിക്കാൻ കൊണ്ടുവരാൻ പോണേ..? ” ശംഭു കൗതുകത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“രാവുണ്ണി നായരുടെ മകൾ പാർവ്വതിയെ.. ” ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് ഞാനത് പറയുമ്പോൾ ശംഭുവിന്റെ നോട്ടം എന്റെ മുഖത്തു തറഞ്ഞിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..

“ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചോടം നടത്തിക്കോ, എനിക്കെന്താ കൊഴപ്പം..” ശംഭു അങ്ങനെ പിറുപിറക്കുമ്പോൾ ഞാനത് കേൾക്കാത്ത മട്ടിൽ ഇരുന്നു..

💀💀💀💀💀💀💀💀💀💀💀💀💀💀

ഒരു സാനം കാണിച്ചു തരാമെന്ന് പറഞ്ഞാണ് പാർവ്വതിയെ കാറിൽ കയറ്റി ഞാൻ ഹരന്റെ പണിശാലയിലേക്ക് കൊണ്ടുവന്നത്..

“ഇത്‌ രാവുണ്ണിനായരുടെ മകൾ, പാർവ്വതി..”അങ്ങനെ പറഞ്ഞാണ് ഹരന് പാർവ്വതിയെ ഞാൻ പരിചയപെടുത്തിയത്.. അത് കേട്ട് അയാളുടെ മുഖത്തുണ്ടായ സംഭ്രമം കണ്ടില്ലെന്ന് നടിച്ചു അവളെയും കൊണ്ട് ഞാനാ പണിപ്പുരയുടെ ഉള്ളിലേക്ക് കയറി..

“ഇവിടേക്കെന്തിനാ ഇയാള് എന്നേം കൂട്ടികൊണ്ട് വന്നത്..? ”

ചുറ്റിനുമുള്ള ശില്പങ്ങളിലേക്ക് കണ്ണോടിച്ചുകൊണ്ട് പാർവ്വതി അത് ചോദിക്കുമ്പോൾ അവളുടെ കൈ പിടിച്ചുകൊണ്ട് ഞാനാ പിച്ചളയിൽ പണിതീർത്ത ഭിക്ഷാടന ശിൽപ്പത്തിന്റെ മുൻപിലെത്തി..

“എന്ത് ഭംഗിയാ ഈ ശിൽപ്പം കാണാൻ..? ” വെട്ടിതിളങ്ങുന്ന ആ ശിൽപ്പത്തെ ആശ്ചര്യത്തോടെ നോക്കികൊണ്ട് അവളത് എന്നോട് ചോദിക്കുമ്പോൾ ഞാനൊരു നിമിഷം മൗനം പൂണ്ടു..

“ഇതിനൊരു പ്രത്യേകയുണ്ട് പാർവ്വതി.. ” ഞാനത് പറയുമ്പോൾ അവളെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

“എന്താത്..? ”

“എന്റെ ചേട്ടൻ ശശി അയ്യപ്പൻ പണിത ശില്പമാണ് ഇത്.. ”

എന്റെ വാക്കുകൾ കേട്ട് അതിശയത്തോടെ അവളാ പ്രതിമയിലേക്ക് കണ്ണ് വിടർത്തി നോക്കുന്നുണ്ടായിരുന്നു.. പെട്ടെന്നാണ് അവളുടെ നോട്ടം ആ ശിൽപത്തിന്റെ കയ്യിലിരിക്കുന്ന തലയോട്ടിയിലേക്ക് പതിഞ്ഞത്.. പാർവ്വതി അതിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ എന്റെ കൈകാലുകൾ ഒന്ന് വിറച്ചു..

“ഇതിന്റെ കയ്യിൽ വെച്ചിരിക്കുന്ന തലയോട്ടി ഒർജിനൽ പോലെയുണ്ടല്ലോ..? ”

എന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവളത് പറയുമ്പോൾ ഞാനൊന്നും മിണ്ടാതെ നിന്നു.. സത്യത്തിൽ ഞാനവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു.. പുറപ്പെട്ടു പോയ അച്ഛന്റെ മുഖം ഒരിക്കൽകൂടി കാണണമെന്നുള്ള മകളുടെ ആ ആഗ്രഹം ഇങ്ങനെ സാധിച്ചു കൊടുക്കാനെ എന്നെകൊണ്ട് സാധിക്കുമായിരുന്നൊള്ളു..

അല്പസമയം കൂടി അവിടെ നിന്നതിനു ശേഷം ഹരനോട് യാത്ര പറഞ്ഞിറങ്ങി കാറിൽ കയറുമ്പോഴും പാർവ്വതി ആ വിഗ്രഹത്തെ കുറിച്ച് തന്നെ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു..

“ഇയാളുടെ ഏട്ടൻ ആളൊരു കേമൻ തന്നെയായിരുന്നുട്ടോ, എന്ത് രസായിട്ടാ ആ ശില്പവും അതിന്റെ കയ്യിലിരിക്കുന്ന തലയൊട്ടിയും പണിത് വെച്ചിരിക്കുന്നത് ”

“ഹമ്, ശശി ചേട്ടൻ ഒരു കേമൻ തന്നെയായിരുന്നു.. ” ഞാനത് പിറുപിറുത്തുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങുമ്പോഴാണ് മൊബൈലിൽ ശംഭുവിന്റെ കാൾ വന്നത്..

“അളിയാ നീ എവിടെ..? ”

“ഞാൻ ദേ പാർവ്വതിയേയും കൊണ്ട് ഹരന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നു, നീ എവിട്യാ..? ”

“ഞാൻ ദേ സ്കൂളിന്റെ മോളിൽ ഓട് വെച്ചുകൊണ്ടിരിക്കുന്നു.., ശേഖറെ എനിക്കൊരു സംശയം തോന്നി, പാർവ്വതി അടുത്തുണ്ടെങ്കിൽ നീയൊന്ന് മാറി നിക്ക്.. ”

ശംഭുവിന്റെ പതിഞ്ഞ സ്വരം മൊബൈലിലൂടെ കേട്ടപ്പോൾ അരികിലിരിക്കുന്ന പാർവ്വതിയെ ഒന്ന് നോക്കിയതിന് ശേഷം ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി..

“എന്താ ശംഭു..? നീ കാര്യം പറയ്..? ”

“അളിയാ കാണാതായ രാവുണ്ണിയുടെ തല നമുക്ക് കിട്ടിയത് ഹരന്റെ പണിപ്പുരയിൽ ഇരിക്കുന്ന ആ പ്രതിമയിൽ നിന്നല്ലേ..? ”

“ഒലക്കേടെ മൂഡ്‌, ഇതാണോ ഇത്ര വല്യ സംശയം.. ” ശംഭുവിന്റെ ആ ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു..

“അതല്ല ശേഖറെ, നീയാ പ്രതിമയുടെ നീളം ശ്രദ്ധിച്ചോ? ഏതാണ്ട് ആറടിയോളം കാണും, അതായത് ഒരു മനുഷ്യന്റെ ഉയരം.. ”

“നീ വളച്ചുകെട്ടാതെ കാര്യം തുറന്ന് പറയ് എന്റെ ശംഭു.. ” തലമാന്തികൊണ്ടാണ് ഞാനത് പറഞ്ഞത്..

“അളിയാ, എനിക്ക് തോന്നുന്നത് നിന്റെ ചേട്ടൻ ആ ശിൽപ്പം പണിതപ്പോൾ രാവുണ്ണിനായരുടെ ഉടലും അതിനടത്തു വെച്ചുകാണും.. പിച്ചളവിഗ്രഹത്തിന്റെ കയ്യിൽ രാവുണ്ണിയുടെ തലയും ഉള്ളിൽ ഉടലും.. എന്നിട്ട് പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുണ്ടാക്കിയ ഡമ്മി അസ്ഥിക്കൂടം മച്ചിന്റെ മോളിലും ഇട്ടുകാണും. ഇന്ന് രാത്രി നമുക്ക് ഹരന്റെ പണിശാലയിൽ ഒന്നുകൂടെ കയറി ആ പ്രതിമ പൊളിച്ചു നോക്കിയാലോ..? ”

“എന്തിന്..? ”

എന്റെയാ ചോദ്യം ശംഭു പ്രതീക്ഷിച്ചില്ലായിരുന്നു എന്നെനിക്ക് തോന്നി..

“അല്ല ശേഖറെ, തലയല്ലേ നമ്മള് കണ്ടൊള്ളൂ, ബാക്കി ഉടൽ എവിടെ പോയെന്ന് അറിയണ്ടേ..? ”

“ശംഭു, രാവുണ്ണിനായരുടെ കാണാതായ തല എവിടെ എന്നുള്ള എന്റെ ചോദ്യത്തിന് മറുപടി പറയാതെ കടലാസ്സിൽ ഞങ്ങളുടെ രണ്ടാളുടെയും പേര് എഴുതിയിട്ടതിന് ശേഷം ചേട്ടൻ ആത്മഹത്യ ചെയ്തപ്പോഴാണ് ആ തല എവിടെപോയെന്ന് കണ്ടുപിടിക്കണമെന്ന് എനിക്ക് തോന്നിയത്.. കൊറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാനത് കണ്ടെത്തുകയും ചെയ്തു..മതി, ഇതോടെ ഈ കളി ഞാൻ നിർത്തി..കാണാതായ ഉടൽ എന്റെ വിഷയമല്ല.. അതിന് പിറകെപോകാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല..” ദൃഢമായ വാക്കുകളാൽ ഞാനത് പറയുമ്പോൾ അപ്പുറത്ത് നിന്ന് ശംഭു ദീർഘശ്വാസം വലിച്ചു വിടുന്നത് ഞാൻ ഫോണിലൂടെ എന്റെ ചെവിയിലേക്ക് പതിക്കുന്നുണ്ടായിരുന്നു..

“നിനക്ക് താൽപര്യമില്ലെങ്കിൽ പിന്നെ എനിക്കെന്ത് കാര്യം, ഞാനാ കേസ് വിട്ട്.. “ശംഭു അത് പറഞ്ഞുകൊണ്ട് കാൾ കട്ട് ചെയ്യുമ്പോൾ മൊബൈൽ പോക്കറ്റിൽ ഇട്ടതിന് ശേഷം ഞാൻ കാറിലേക്ക് കേറി..

കാർ ഡ്രൈവ് ചെയ്യുന്നതിനിടെ അരികിലിരിക്കുന്ന പാർവ്വതി എന്റെ ഇടത്തെ തോളിലേക്ക് തലചേർത്തു വെച്ചപ്പോൾ ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുവെങ്കിലും എന്റെ ചിന്തകൾ ഒരാഴ്ച്ച പിറകിലേക്ക് സഞ്ചരിക്കുകയായിരുന്നു.

‘അന്ന്, മച്ചിൽനിന്ന് രാവുണ്ണിനായരുടെ തലയില്ലാത്ത അസ്ഥിക്കൂടവും ചേട്ടൻ പണിത ഡമ്മി തലയോട്ടിയും ചാക്കിൽ കയറ്റി കാറിന്റെ ഡിക്കിയിൽ തള്ളികേറ്റി വെച്ചതിനു ശേഷം വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു.. ആ മഴയത്തു കാർ ഡ്രൈവ് ചെയ്ത് ആദ്യം പോയത് ചതുപ്പിനരികെ എന്നെയും കാത്തുനിൽക്കുന്ന ശംഭുവിന്റെ അരികിലേക്കായിരുന്നില്ല…മറ്റൊരിടത്തേക്കായിരുന്നു.. അതേ, ശംഭു അറിയാതെ മറ്റൊരു പ്ലാൻ ഞാൻ തയ്യാറാക്കിയിരുന്നു. ”

“ഞാൻ പണ്ട് പഠിച്ച, ശംഭു ഓട് പൊളിച്ചു മേഞ്ഞുകൊണ്ടിരിക്കുന്ന ആ സ്കൂളിന്റെ മുൻപിൽ കാർ ഒതുക്കിനിർത്തുമ്പോൾ ഇനി ചെയ്യാൻ പോകേണ്ടത് എന്താണെന്നതിനെകുറിച്ച് എനിക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു.. ഡിക്കിയിൽ നിന്ന് ചാക്കും തോളിലേറ്റി ഒപ്പം കയറുചുരുളും എടുത്തുകൊണ്ട് നടന്ന് സ്ക്കൂൾ കേട്ടീടത്തിനോട് ചേർന്ന് നിൽക്കുന്ന ഞാവൽ മരത്തിലേക്ക് ഞാനൊന്ന് നോക്കി.. അതിന്റെ ശാഖകൾ നീണ്ടുപോയിരിക്കുന്നത് സ്കൂളിന്റെ മുകൾഭാഗത്തേക്കാണെന്ന് മനസിലായപ്പോൾ ചാക്കും ചുമന്നുകൊണ്ടു ഞാനാ ഞാവൽ മരത്തിലൂടെ കയറി നടന്ന് സ്കൂളിന്റെ മുകളിലെത്തി. അന്ന് സ്കൂളിന്റെ മുകളിലെ ഓടെല്ലാം ഇറക്കിവെച്ചിരിക്കുകയായിരുന്നു എന്നും മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റ് കഴുക്കോലിന് മുകളിലൂടെ ഇട്ടിട്ടുണ്ട് എന്നും ശംഭു പറഞ്ഞു മുന്നേ അറിഞ്ഞത് കൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നു. ഷീറ്റ് മാറ്റി ഉത്തരത്തിൽ കെട്ടിയ കയറിൻ തുമ്പിലൂടെ ഞാൻ ഊർന്നിറങ്ങിയത് സ്കൂളിലെ ബയോളജി ലാബിലേക്കായിരുന്നു.. ”

“പണ്ട് പഠിക്കുന്ന കാലത്ത് ലാബിൽ ഇരിക്കുന്ന അസ്ഥികൂടം കണ്ട് പേടിച്ചു കൂട്ടുകാരി തലകറങ്ങി വീണപ്പോൾ ആ കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് ആ അസ്ഥിക്കൂടം ഒർജിനൽ അല്ല, പ്ലാസ്റ്റർ ഓഫ്‌ പാരീസ് കൊണ്ടുണ്ടാക്കിയ ഡമ്മിയാണെന്ന് ബയോളജി ടീച്ചർ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ടായിരുന്നു. ലാബിലെ ആ ഡമ്മി അസ്ഥിക്കൂടം എടുത്തു ചാക്കിൽ കയറ്റി പകരം രാവുണ്ണിനായരുടെ ഒർജിനൽ അസ്ഥികൂടവും അതിൽ ചേട്ടൻ പണിത ഡമ്മി തലയോട്ടിയും ഫിറ്റ് ചെയ്തതിന് ശേഷം ചാക്കുമായി സ്കൂളിൽ നിന്ന് ഇറങ്ങി കാറെടുത്തു അമ്പലപ്പറമ്പിലെ ചതുപ്പിനെ ലക്ഷ്യമാക്കി പോകുമ്പോൾ മഴ കനത്തിരുന്നു. കാറിന്റെ ടയർ പഞ്ചർ ആയതുകൊണ്ടാണ് നേരം വൈകിയത് എന്ന് ശംഭുവിനോട് കള്ളം പറയുമ്പോൾ മനസ്സിൽ ഒരു കുറ്റംബോധം തോന്നിയിരുന്നു. പക്ഷെ ചാക്കിലെ അസ്ഥികൂടം ചതുപ്പിൽ താഴ്ത്തുമ്പോൾ എന്റെ മനസ്സ് പറഞ്ഞിരുന്നു ഇതെന്നെങ്കിലും പൊന്തി വരുമെന്ന്.. അങ്ങിനെ സംഭവിച്ചാലും രാവുണ്ണിനായരുടെ യഥാർത്ഥ ഉടൽ സ്കൂൾ ലാബിൽ സേഫ് ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു. അത് വഴി എന്റെ കുടുംബവും സേഫ് ആകും എന്നും..”

“തലയുണ്ട് ഉടലില്ല, ഉടൽ എവിടെപോയെന്ന് ആർക്കും അറിയില്ല.. ” പുഞ്ചിരിച്ചുകൊണ്ട് ഞാനങ്ങിനെ സ്വയം പിറുപിറുത്തപ്പോൾ കാറിൽ എനിക്കരുകിൽ ഇരുന്ന പാർവ്വതി എന്നെയൊന്ന് നോക്കി..

“ഇയാളിപ്പോ എന്താ പറഞ്ഞേ..? ”

” അത് പിന്നെ, തലയുണ്ട് ഉടലില്ല എന്ന പേരിലൊരു പടം റിലീസ് ആയിട്ടുണ്ട്, അതൊന്ന് കണ്ടുനോക്കണം എന്ന് പറഞ്ഞതാ എന്റെ പാർവ്വതികുട്ട്യേ.. ” അത് പറഞ്ഞുകൊണ്ട് ആക്സിലറേറ്ററിൽ കാലമർത്തുമ്പോൾ പാർവ്വതി എന്നോട് ചേർന്നിരിക്കുന്നുണ്ടായിരുന്നു..

💀💀💀💀💀💀💀💀💀💀💀💀💀💀

“എന്തായി, പണി കഴിയാറായോ..? താഴെ ക്ലാസ്സ്‌ മുറി അടിച്ചുവാരാൻ ആള് റെഡിയാണ്.. ”

സ്കൂളിന്റെ മുകളിലെ കഴുക്കോലിൽ ഓട് കയറ്റുന്ന ശംഭുവിനെ നോക്കി താഴെ നിന്നിരുന്ന സ്കൂളിലെ പ്യൂൺ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു..

“ഓ, ആയിക്കോട്ടെ.. അവരോട് ക്ലീനിങ് തുടങ്ങികോളാൻ പറയ്.. ഇത് ദേ കഴിഞ്ഞു.. ” അവസാനത്തെ ഓടും ഉറപ്പിച്ച ശേഷം നെറ്റിയിലെ വിയർപ്പ് തുടച്ചുമാറ്റികൊണ്ടാണ് ശംഭു ആ മറുപടി കൊടുത്തത്..

ലാബ് റൂം തൂത്ത് വാരി വൃത്തിയാക്കികൊണ്ടിരിക്കുന്ന ചേച്ചി പെട്ടന്ന് തിരിഞ്ഞപ്പോൾ ആ കൈതട്ടി പിറകിൽ കുട്ടികൾക്ക് പഠിക്കാനായി വെച്ചിരിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി താഴെ വീണത് കണ്ട് അവരൊന്നു പരിഭ്രമത്തോടെ ചുറ്റിനും നോക്കി.. ആരും അത് കണ്ടില്ലെന്ന് ഉറപ്പ് വരുത്തി നിലത്തുനിന്ന് ആ തലയോട്ടി എടുത്തു അസ്ഥികൂടത്തിന്റെ മുകളിൽ കയറ്റിവെക്കുമ്പോൾ ആ തലഭാഗത്ത്‌ അതുണ്ടാക്കിയ ശില്പിയുടെ പേര് എഴുതിയിരിക്കുന്നത് ആ സ്ത്രീ ശ്രദ്ധിച്ചില്ല.

💀💀💀💀💀💀💀💀💀💀💀💀💀💀

താഴെ വീണുകിടക്കുന്ന ഞാവൽ പഴങ്ങളിൽനിന്ന് ഒരെണ്ണം പെറുക്കിയെടുത്തു വായിലിട്ടുകൊണ്ട് കൂട്ടുകാരൻ തന്നെ സമർത്ഥമായി പറ്റിച്ചതറിയാതെ പുറത്തേക്ക് നടക്കുമ്പോൾ ശംഭു അങ്ങിനെ പിറുപിറുത്തു..

“ആദ്യം തലയാർന്നു കാണാതായത്, അത് കിട്ടീപ്പോ ദാണ്ടെ ഉടല് പോയി., ഇപ്പൊ തലയുണ്ട് ഉടലില്ല.. അടിപൊളി ”

– END –
Sai Bro.

LEAVE A REPLY

Please enter your comment!
Please enter your name here