Home Latest അയാൾ മാത്രമല്ല, മരിച്ച് പോയ അയാളുടെ ഭാര്യയും അനാഥയായിരുന്നു…

അയാൾ മാത്രമല്ല, മരിച്ച് പോയ അയാളുടെ ഭാര്യയും അനാഥയായിരുന്നു…

0

രചന : Saji Thaiparambu

അയാളുടെ ഭാര്യയുടെ ഡെഡ്ബോഡി മറവ് ചെയ്ത് കഴിഞ്ഞപ്പോൾ, മരണമറിഞ്ഞെത്തിയവരൊക്കെ പിരിഞ്ഞ് പോയിരുന്നു.

അല്ലെങ്കിലും അയാളെ ആശ്വസിപ്പിക്കാനും അടിയന്തിര ചടങ്ങുകൾ വരെയെങ്കിലും കൂടെ നില്ക്കാനും അയാൾക്കാരുമില്ലായിരുന്നു.

അയാൾ മാത്രമല്ല, മരിച്ച് പോയ അയാളുടെ ഭാര്യയും അനാഥയായിരുന്നു.

യാദൃശ്ചികമായി കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തപ്പോഴാണ്, തങ്ങൾ ഒരേ തൂവൽ പക്ഷികളാണെന്നവർ മനസ്സിലാക്കിയതും, ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും.

മൂന്ന് വർഷം തികയാത്ത ദാമ്പത്യ ജീവിതത്തിനൊടുവിൽ ,ഈ ലോകത്തോട് യാത്ര പറയുമ്പോൾ, അവൾ അയാളെ ഏല്പിച്ച് പോയത്, ഒന്നര വയസ്സുള്ളൊരു മകനെയായിരുന്നു.

വിശന്ന് കരയുന്ന കുഞ്ഞിൻ്റെ കരച്ചില് കേട്ട്, അയാൾ ചിന്തയിൽ നിന്നുണർന്നു.

ഇനിയും താൻ തളർന്നിരുന്നാൽ ഒന്നുമറിയാത്ത തൻ്റെ പിഞ്ച് കുഞ്ഞിൻ്റെ വിശപ്പടക്കാൻ, കഴിയില്ലെന്ന് മനസ്സിലാക്കിയ അയാൾ, വേഗമെഴുന്നേറ്റ് ഫ്രിഡ്ജിലിരുന്ന പാലെടുത്ത് തിളപ്പിച്ചാറ്റി കുപ്പിയിലാക്കി കുഞ്ഞിന് കൊടുത്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ അയൽവീട്ടിൽ താമസിക്കുന്ന വില്ലേജോഫിസിലെ ജീവനക്കാരനും, ഭാര്യയും കൂടി അയാളെ കാണാൻ വന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് പന്ത്രണ്ട് വർഷമായി, ഇത് വരെ കുട്ടികളില്ല ,താങ്കൾക്ക് ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്താൻ പ്രയാസമാണെന്ന് ഞങ്ങൾക്കറിയാം, അത് കൊണ്ട് കുഞ്ഞിനെ ഞങ്ങൾക്ക് തരുമോ? ഞങ്ങളവനെ സ്വന്തം മോനേ പോലെ വളർത്തി കൊള്ളാം

മുഖവുരയില്ലാതെ അവർ കാര്യം പറഞ്ഞു.

ഒരു കുഞ്ഞിന് വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം എത്ര വലുതാണെന്ന് എനിക്ക് നന്നായി മനസ്സിലാകും, പക്ഷേ എൻ്റെ മകനെ ഞാൻ നിങ്ങൾക്ക് തന്നാൽ പിന്നെ എനിക്കാരാണുളളത്, ജനിച്ച നാൾ മുതൽ വിവാഹം കഴിയുന്നത് വരെ, ഞാൻ തനിച്ചായിരുന്നു, അനാഥത്വത്തിൻ്റെ വേദന എത്രത്തോളമാണെന്ന്, അത് അനുഭവിച്ചവർക്കേ അറിയു, എൻ്റെ ജീവിതത്തിലേക്ക് എൻ്റെ ഭാര്യ കടന്ന് വന്നതിന് ശേഷമാണ്, എൻ്റെ ജീവിതത്തിന് ഒരർത്ഥമുണ്ടായത് ,അവളെന്നെ വിട്ട് പോയെങ്കിലും, എനിക്ക് കൂട്ടായി ഒരു മകനെ തന്നിട്ടാണ് അവൾ യാത്രയായത് ,
ആകെയുള്ള മകനെ നിങ്ങൾക്ക് വിട്ട് തന്നിട്ട്, വീണ്ടും അനാഥത്വത്തിലേക്ക് പോകാൻ എനിക്ക് വയ്യ സാർ, എന്നോട് ക്ഷമിക്കു

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.

കുഞ്ഞിനെ ഏല്പിക്കാൻ മറ്റാരുമില്ലാതിരുന്ന അയാൾ, തൻ്റെ കപ്പലണ്ടി കച്ചവടം നടത്തുന്ന നാല് വീലുള്ള വണ്ടിയുടെ തട്ടിന് താഴെ, ഒരു തൊട്ടിലുണ്ടാക്കി കുഞ്ഞിനെ സുരക്ഷിതമായി അതിൽ കിടത്തിയിട്ട്, ബീച്ചിലും പാർക്കിലുമൊക്കെ ആ വണ്ടി ഉന്തി നടന്ന്, തൻ്റെ ഉപജീവന മാർഗ്ഗം തേടി.

കാലക്രമേണ അയാളുടെ കച്ചവടത്തിനൊപ്പം, മകനും വളർന്ന് കൊണ്ടിരുന്നു.

നാല് വയസ്സായപ്പോൾ മകനെ അയാൾ പ്ളേ സ്കൂളിലാക്കി, പിറ്റേ വർഷം LKG യിലും ചേർത്ത് കഴിഞ്ഞപ്പോൾ, തൻ്റെ തുശ്ചവരുമാനം കൊണ്ട് മോന് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അയാൾ, കപ്പലണ്ടി കച്ചവടം കഴിഞ്ഞുള്ള സമയങ്ങളിൽ ,തട്ട് ദോശയുടെ കച്ചവടം കൂടി ചെയ്തു.

മകൻ പടിപടിയായി ഓരോ ക്ളാസുകൾ മുകളിലേക്ക് കയറിക്കൊണ്ടിരുന്നപ്പോൾ, അവനോടൊപ്പം അയാളുടെ പ്രതീക്ഷകളും വളർന്നു കൊണ്ടിരുന്നു .

പഠനത്തിൽ മിടുക്കനായിരുന്ന മകൻ വിദ്യാഭ്യാസം പൂർത്തിയാക്കി അധികം താമസിയാതെ സർക്കാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു .

വിവാഹ പ്രായമെത്തിയപ്പോൾ ഉദ്യോഗസ്ഥയായ പെണ്ണിനെ തന്നെയാണ് അയാൾ മകന് വേണ്ടി കണ്ടെത്തിയതും

വിവാഹം കഴിഞ്ഞപ്പോൾ മകൻ തന്നിൽ നിന്നും അകന്ന് പോകുന്നത് പോലെ അയാൾക്ക് തോന്നി

ഏത് നേരവും ഭാര്യയോടൊപ്പം ചിലവഴിക്കുന്ന മകൻ തൻ്റെ ഒരു കാര്യത്തിലും ശ്രദ്ധ ചെലുത്തുന്നില്ലെന്ന് മനസ്സിലാക്കിയ അയാൾക്ക് വേദന തോന്നി

ഒരു ദിവസം തൻെറ മുറിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന മകനെ കണ്ട് അയാൾക്ക് സന്തോഷമായി.

അച്ഛാ .. ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് മാറുകയാണ്, അത് പറയാനാണ് ഞാൻ വന്നത്

അത് കേട്ടയാൾ ഞെട്ടിപ്പോയി

എന്തിനാ മോനേ.. നിങ്ങളിവിടുന്ന് മാറിത്താമസിക്കുന്നത് ഇവിടെയെന്താ ഒരു കുറവ്?

അത് അച്ഛാ.. ഇവിടെ തീരെ പ്രൈവസി ഇല്ലെന്നാണ് അവള് പറയുന്നത് ,ഞാനും അവളും മാത്രമുള്ളൊരു ലോകത്ത് ജീവിക്കണമെന്നാണ് അവളുടെ ആഗ്രഹം

അത് കേട്ടയാൾ ഒരിക്കൽ കൂടി ഞെട്ടി

അനാഥനായ താൻ ചുറ്റിനും നിറയെ ബന്ധുക്കളുള്ള വീട്ടിൽ താമസിക്കാനായിരുന്നു കൊതിച്ചത്, പക്ഷേ എല്ലാവരുമുള്ള തൻ്റെ മരുമകൾ ആരുമില്ലാത്തൊരിടം തേടി പോകുന്നു.

മോനേ … ഈ വീട്ടിൽ നിങ്ങളുടെ സ്വകാര്യ ജീവിതത്തിന് തടസ്സമായിട്ടുള്ളത് ഞാനൊരാളല്ലേ ?അതിന് ഞാൻ മാറിയാൽ പോരെ ? നിങ്ങളിവിടുന്ന് പോയാൽ ഞാൻ വീണ്ടും അനാഥനാകും ,അതെനിക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്

അത്രയും പറഞ്ഞയാൾ ഒരു പഴയ ബാഗിൽ തൻ്റെ ഉടു തുണികൾ മാത്രം കുത്തി നിറച്ച് പുറത്തേയ്ക്കിറങ്ങി

ഉള്ളിലെ തേങ്ങല് തൊണ്ടയിലൊതുക്കി കാല് വലിച്ച് വച്ച് നടക്കുമ്പോൾ അയാൾക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.

നഗരാതിർത്തിയിലെ, വൃദ്ധസദനമെന്ന പേരുള്ള ആ പഴയ കെട്ടിടം ,

പിറ്റേ ദിവസം മുതൽ
കാഴ്ച മങ്ങിയ അനേകം കണ്ണുകൾക്കൊപ്പം അയാളുടെ കണ്ണുകളും പ്രതീക്ഷയോടെ മുൻവശത്തുള്ള തുരുമ്പെടുത്ത ഗേറ്റിലേക്ക് നോക്കിക്കൊണ്ടിരുന്നു,
തന്നെയന്വേഷിച്ച് മകൻ വരുമെന്ന പ്രതീക്ഷയോടെ…….

രചന
സജി തൈപ്പറമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here