Home Latest വാടോ.. നമുക്കൊരു ഡ്രൈവിന് പോയിട്ട് വരാം.. മോളോട് പറഞ്ഞു പോയില്ലേ.. Part – 17

വാടോ.. നമുക്കൊരു ഡ്രൈവിന് പോയിട്ട് വരാം.. മോളോട് പറഞ്ഞു പോയില്ലേ.. Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 17

രചന : രജിഷ അജയ് ഘോഷ്

യദുവേട്ടനെന്തിനാ ഇതൊക്കെ ചെയ്തെ.. ചായ ഞാനിട്ടു തരുമായിരുന്നല്ലോ.. ” എന്നവൾ ചോദിച്ചു.

“അതിനെന്താ .. വീട്ടിലിരിക്കുന്ന ദിവസം അമ്മയ്ക്കൊപ്പം അടുക്കളയിൽ കയറി സഹായിക്കാറുണ്ട്.. ഈ അടുക്കളയെന്ന് പറയുന്നത് പെണ്ണുങ്ങൾക്ക് മാത്രമുള്ളതല്ലെന്നാണ് അമ്മയെന്നെ പഠിപ്പിച്ചത് .. ” യദുവത് പറഞ്ഞു കൊണ്ട് പുഴുങ്ങിയ പഴം വേദൂട്ടിക്ക് മുറിച്ച് നൽകുന്നുണ്ട്..
വീണ്ടും വീണ്ടും തന്നെ അത്ഭുതപ്പെടുത്തുന്നവനെ
നോക്കിയിരുന്നു ബാല..”താനിതെവിടെയാ.. ചായ കുടിക്കെടോ..” യദു പറഞ്ഞപ്പോൾ അവനിൽ നിന്നുള്ള നോട്ടം മാറ്റി.. ഛെ .. നാണക്കേട്.. അങ്ങേരെന്ത് കരുതിക്കാണും.
ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ മുഖം കുനിച്ചിരുന്നു ചായ കുടിച്ചു.

” അതേ .. ഇത് തനിക്കും കൂടിയാ.. ” പുഴുങ്ങി വച്ച പഴത്തിൻ്റെ പാത്രം കാണിച്ചു പറഞ്ഞപ്പോൾ കൈ നീട്ടി വേഗമെടുത്തു ..

ചായ കുടിച്ച് കപ്പും പാത്രങ്ങളുമായ് അടുക്കളയിൽ ചെന്നപ്പോൾ വീണ്ടും അമ്പരന്നു പോയി.. എല്ലാം അടുക്കി ഒതുക്കി വൃത്തിയാക്കി വച്ചിട്ടുണ്ട് .. ചായയുണ്ടാക്കിയതിൻ്റെ യാതൊരു ലക്ഷണവുമില്ലാത്ത വിധം .. താനാണെങ്കിൽ പോലും ഇത്രയും നന്നായി വയ്ക്കില്ലെന്ന് തോന്നിപ്പോയി…

ചായക്കപ്പുകൾ കഴുകി വച്ച് രാത്രിയിലേക്കുള്ള ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോഴാണ് പിന്നിൽ കുത്തിക്കൊലുസിൻ്റെ കിലുകിലെ ശബ്ദം കേട്ടത്..

” അമ്മേടെ സുന്ദരി വന്നാന്നോ.. അച്ഛേ കിട്ടീപ്പോ അമ്മേ വേണ്ടാലേ കുറുമ്പീ.. ” ബാലഅൽപം പരിഭവം കലർത്തിക്കൊണ്ട് പറഞ്ഞ് തിരിഞ്ഞതും കണ്ടത് യദുവിനോട് ചേർന്നുനിൽക്കുന്ന
മോളെയാണ്..
ഒരു ചമ്മിയ ചിരിയും ചിരിച്ച് വേഗം തിരിഞ്ഞ് ചപ്പാത്തിക്ക് കുഴക്കുന്നത് വേഗത്തിലാക്കിയവൾ..

“കുഞ്ഞൂൻ്റെ അമ്മയ്ക്ക് തീരെ കുശുമ്പില്ലാലേ..”
എന്ന് യദു പറയുന്നത് കേട്ടപ്പോൾ ആകെ നാണക്കേട് തോന്നി.. തിരിഞ്ഞു നോക്കാതെ വേഗത്തിൽ മാവെടുത്ത് ഉരുളകളാക്കി ..
ചപ്പാത്തിക്കല്ലിൽ വച്ച് പരത്തി തുടങ്ങിയപ്പോൾ
ഫ്രിഡ്ജ് തുറക്കുന്ന ശബ്ദം കേട്ടു ..

“നമുക്കിത് റെഡിയാക്കാം.. ” എന്ന് മോളോടു പറയുന്നത് കേട്ടപ്പോൾ മെല്ലെ തിരിഞ്ഞു നോക്കി..

” ഞങ്ങള് തന്നെയാക്കി തിരിച്ചു പോന്നപ്പോ കുറച്ച് ചിക്കൻ വാങ്ങി വച്ചിരുന്നു.. “ബാലയുടെ നോട്ടം കണ്ടപ്പോൾ യദു പറഞ്ഞു.

“ഞാനത് കണ്ടില്ല .. ” ബാല പറഞ്ഞു.

” അതിനെന്താ .. ഇതിപ്പൊ റെഡിയാക്കാന്നേ.. കഴുകി വൃത്തിയാക്കി വച്ചതാ.. അര മണിക്കൂർ മതി കറി റെഡി.. താനത് നോക്കിക്കോ.. ” എന്നും പറഞ്ഞ് ഗ്യാസടുപ്പിനടുത്തേക്ക് നടന്നവൻ..

” അതേ .. ആ മസാലകളൊക്കെയൊന്ന് ഇവിടെ വച്ചേക്ക് ട്ടോ..” അവളെ നോക്കി പറഞ്ഞ ശേഷം സവാളയും തക്കാളിയും ഇഞ്ചിയുമൊക്കെ എടുത്തു വച്ചു.

ബാല ഇടയ്ക്ക് നോക്കുമ്പോൾ മുറിച്ച തക്കാളി ഇടയ്ക്ക് വേദൂട്ടിയുടെ വായിലേക്ക് വച്ച് കൊടുക്കുന്നുണ്ട്.. “അച്ഛാ.. ഒന്നൂടേ.. “വേദൂട്ടി തൻ്റെ പതിവ് പോലെ ഒന്നൂടേ.. പറഞ്ഞ് തുടങ്ങി.
അവളെ പിണക്കാതെ മുറിക്കുന്നതിനിടയിൽ ഓരോ കഷ്ണങ്ങൾ കൊടുക്കുന്നുണ്ട്..

ചപ്പാത്തി ഉണ്ടാക്കാൻ  ഗ്യാസടുപ്പിൽ വയ്ക്കുമ്പോഴേക്കും തൊട്ടടുത്ത അടുപ്പിൽ ചിക്കൻ ചൂടുപിടിച്ചു തുടങ്ങിയിരുന്നു ..
” താനിടക്ക് ഇതൊന്ന് ഇളക്കി കൊടുക്കണേ.. ഞാനൊന്ന് കുളിച്ചിട്ട് വരാ”മെന്ന് പറഞ്ഞ് പോകുന്നവനെ നോക്കി തലയാട്ടിയവൾ..

ചപ്പാത്തി ചൂടാറാതിരിക്കാൻ കാസറോളിലിട്ട് അടച്ചു വച്ച് കറി ഇടയ്ക്കിടെ ഇളക്കുന്നതിനിടയിൽ യദു കുളിച്ചെത്തിയിരുന്നു.

“താനിതൊന്ന് ടേസ്റ്റ് ചെയ്ത് നോക്കെടോ.” എന്നു പറഞ്ഞവൻ കയ്യിലേക്ക് പകർന്ന ചൂടുചാറിൽ നാവു തൊട്ടതും  രുചികൊണ്ട് ബാലയുടെ കണ്ണുകൾ വിടർന്നു ..

“സമ്മതിച്ചൂട്ടോ.. സംഭവം ഉഷാറായിട്ടുണ്ട് .. ” അവനെ നോക്കി ചിരിയോടെ പറഞ്ഞവൾ ..

“കഴിഞ്ഞില്ല.. ഇതൂടെയുണ്ട്.. ” എന്നും പറഞ്ഞ് അൽപം കറിവേപ്പിലയും ഇട്ട ശേഷം വെളിച്ചെണ്ണയും ഒഴിച്ച് മൂടി വെച്ചു..

കുഞ്ഞിന് ചപ്പാത്തി കഴിക്കാൻ കഴിയാത്തത് കൊണ്ട്”വേദൂട്ടി മാമുണ്ണാൻ വായോ ..” എന്ന് പറഞ്ഞ് കൊണ്ട് ബാല പ്ലേറ്റിൽ ചോറുമെടുത്ത് വന്നപ്പോൾ വേദൂട്ടി യദുവിനൊപ്പമിരുന്ന് കാർട്ടൂൺ കാണുന്നുണ്ട്..
രണ്ടാളും ഇടയ്ക്കിടെ കൈകൊട്ടി ചിരിക്കുന്നത് കണ്ടപ്പോൾ “രണ്ടിനും രണ്ട് വയസ്സാണല്ലോ” എന്ന് മനസ്സിലോർത്തു ബാല..

കുഞ്ഞുരുളകൾ വായിലേക്ക് വച്ച് കൊടുക്കുമ്പോഴും ആള് ടി വിയിൽ തന്നെയാണ് ശ്രദ്ധ.. രണ്ടു മൂന്ന് വായ കഴിച്ചതും മതി.. എന്നും പറഞ്ഞ് എഴുന്നേറ്റ് ഓടാൻ തുടങ്ങിയിരുന്നു ..

“ദേ .. ഇത് മുഴുവൻ കഴിച്ചാലേ വല്യ കുട്ടിയാവുള്ളൂട്ടോ..” പ്ലേറ്റ് മെടുത്ത് പിന്നാലെ നടന്നു കൊണ്ട് ബാല പറയുന്നുണ്ട്..

“നിച്ച് വേണ്ട .. അമ്മ തിന്നോ ..” എന്ന് പറഞ്ഞവളെ ദേഷ്യത്തോടെ നോക്കി, “ഇന്നെൻ്റെ കയ്യീന്ന് തല്ലു വാങ്ങും.. നല്ല കുട്ടിയായിട്ട് വന്നേ.. ” എന്ന് വീണ്ടും പറഞ്ഞു ബാല.

“നാൻ വരൂല.. ” എന്നും പറഞ്ഞ് വീണ്ടുംഓടാൻ തുടങ്ങി കുറുമ്പിപ്പെണ്ണ്.
ഇതെല്ലാം കണ്ട് ചിരിയോടെ ഇരിക്കുന്ന യദുവിനെ കണ്ടപ്പോൾ ഒന്നു കണ്ണുരുട്ടി ബാല..

” ഇതെങ്ങനെയെങ്കിലും ഒന്ന് കുഞ്ഞിൻ്റെ വയറ്റിലായാ മതീന്ന് വിചാരിച്ചിരിക്കുമ്പോഴാ ഓരോരുത്തത് ചിരിച്ചോണ്ട് ഇരിക്കണത്..” പിറുപിറുത്തവൾ..

” അച്ഛേടെ കുഞ്ഞൂസ് ഇങ്ങു വന്നേ.. എന്നിട്ട് കുഞ്ഞികുംബ നിറച്ച് മാമുണ്ടാൽ റ്റാ റ്റാ കൊണ്ടുപോവാലോ.. “കുഞ്ഞിനെ നോക്കിയവൻ പറഞ്ഞതും വേദൂട്ടിയുടെ കണ്ണുകൾ വിടർന്നു ..

“കൊന്തോവോ..” സംശയത്തോടെ യദുവിനെ നോക്കിയവൾ..

“മാമുണ്ട് കഴിഞ്ഞാൽ കൊണ്ടോവാം.” എന്നവൻ പറഞ്ഞതും വേദൂട്ടി ഓടി മടിയിലിലെത്തിയിരുന്നു..
മടി കൂടാതെ ചോറുണ്ണുന്ന കുഞ്ഞിനെ നോക്കി യദു “കള്ളിപ്പെണ്ണ് “എന്ന് പറയുമ്പോൾ ബാലയ്ക്ക് ചിരിയാണ് വന്നത്..
ഉണ്ടു കഴിഞ്ഞ് വന്നതും “ന്നാ.. പോവാം” എന്നു പറഞ്ഞവൾ യദുവിന് നേരെ കൈകൾ ഉയർത്തി..

“വാടോ.. നമുക്കൊരു ഡ്രൈവിന് പോയിട്ട് വരാം.. മോളോട് പറഞ്ഞു പോയില്ലേ.. ” ബാലയെ നോക്കി യദുപറഞ്ഞു.

“ഇപ്പഴോ.. അച്ഛയും മോളും കൂടി പോയാമതി.. എനിക്ക് വേറെ പണിയുണ്ട്.. ” എന്നും പറഞ്ഞ് തിരിഞ്ഞു നടന്നവൾ..

” അമ്മ വരുന്നില്ലാന്ന് പറഞ്ഞല്ലോ കുഞ്ഞൂസേ.. ഇനിപ്പോ എന്താ ചെയ്യാ.. ന്നാ നാളെ പോവാല്ലേ.. ”
കുറുമ്പിയോട് യദു പറഞ്ഞു നോക്കി.

” റ്റാ റ്റാ പോനം .. ഇപ്പ പോനം ..” വേദൂട്ടി ചിണുങ്ങിത്തുടങ്ങി.

“അമ്മ വന്നാലല്ലേ പോവാൻ പറ്റൂളൂ ..”
അടുക്കളയിൽ നിൽക്കുന്നവളെ നോക്കി യദു
വേദൂട്ടിയോട് പറഞ്ഞു.

“പോവാം..ഇനി ഇതിൻ്റെ പേരിൽ രണ്ടും കൂടി വഴക്കിടണ്ട .. ” എന്നു പറഞ്ഞ് ബാല അവർക്കരികിലെത്തി ..
✨✨✨✨✨✨✨✨✨✨✨✨
ഓടുന്ന കാറിലിരുന്ന് റോഡിലൂടെ ഇരുട്ടിൽ ചീറിപ്പായുന്ന വണ്ടികളുടെ ലൈറ്റുകൾ കാണുമ്പോൾ വേദൂട്ടിയുടെ കുഞ്ഞിക്കണ്ണുകളിൽ വല്ലാത്ത തിളക്കം കണ്ടു.. ടൗണിലെത്തുമ്പോൾ
ഇരുവശങ്ങളിലും നിരയായ് നിൽക്കുന്ന കടകളിലെ വെളിച്ചം ആ കണ്ണുകളിൽ അത്ഭുതം നിറക്കുന്നുണ്ടായിരുന്നു .. കുഞ്ഞിക്കൈകൾ കൊട്ടിയും കിലുകിലെ ചിരിച്ചും കുറുമ്പി സന്തോഷം പ്രകടിപ്പിക്കുന്നത് കാണവെ ബാലയുടെ നെഞ്ചിൽ വല്ലാത്തൊരു നോവ് പടർന്നു ..
താനും ഇരുട്ടിൽ പുറം ലോകത്തെ കാഴ്ച്ചകൾ കണ്ടിട്ട് ഏറെ കാലമായെന്നവൾ ഓർത്തു ..

പകൽ വെളിച്ചത്തിൽ മാത്രം പുറത്തെ കാഴ്ച്ചകൾ കണ്ടിട്ടുള്ള വേദൂട്ടിക്ക് ആ രാത്രി ഏറെ സന്തോഷം നിറഞ്ഞതായിരുന്നു .. തിരികെ ഫ്ലാറ്റിലെത്തിയപ്പോൾ യദുവിനെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മകൾ നൽകിയവൾ സന്തോഷം പ്രകടിപ്പിക്കുന്നത് ബാല കണ്ടു.. ഒപ്പം യദുവിലെ അച്ഛൻ്റെ മുഖത്തെ പ്രകാശവും..

കഴിക്കാനിരിക്കുമ്പോൾ ബാലയുടെമനസ്സാകെ നിറഞ്ഞിരുന്നു..
ചപ്പാത്തിയും കോഴിക്കറിയും രുചിയോടെ കഴിക്കുമ്പോഴും ഇടയ്ക്ക് അവളുടെ കണ്ണുകൾ വേദൂട്ടിയെ മടിയിൽ വച്ച് കഴിക്കുന്ന യദുവിലേക്ക് നീളുന്നുണ്ടായിരുന്നു.. അയാളിലെ അച്ഛൻ അവളെ വല്ലാതെ അത്ഭുതപ്പെടുത്തി..

ആ രാത്രിയും വേദൂട്ടി അച്ഛൻ്റെ നെഞ്ചിൻ ചൂടുപറ്റി
ശാന്തമായുറങ്ങി..

രാവിലെ അടുക്കളയിൽ തലേ ദിവസത്തെ പോലെ അവൾക്കായ് ഒരു കപ്പിൽ ചൂടു ചായ നീട്ടിക്കൊണ്ട് അവനും ഉണ്ടായിരുന്നു .. സാമ്പാറിന് കഷ്ണങ്ങൾ നുറുക്കിയും ഉപ്പേരിക്ക് പയറ് അരിഞ്ഞും ബാലക്കൊപ്പം യദുവും കൂടി.

ബാങ്കിലേക്കുള്ള യാത്രയിൽ പതിവിന് വിപരീതമായ് അവൻ പറയുന്നതെല്ലാം കേട്ടവൾ ഇരുന്നു .. ചിലപ്പോഴെല്ലാം മറുപടികൾ നൽകി.
” അച്ഛേം മോളും കുറുമ്പു കാട്ടാതെ ഇരിക്കണേ..”
എന്നു പറഞ്ഞ് വേദൂട്ടിയ്ക്കൊരു മുത്തവും നൽകി ഇറങ്ങി…
തലേ ദിവസം ദേഷ്യപ്പെട്ടതിനാലാവാം വിവേകിൻ്റെ ശല്യം ഉണ്ടായതേയില്ല.. ഉത്സാഹത്തോടെ ജോലികൾ തീർക്കുമ്പോഴും മനസ്സാകെ ശാന്തമായിരുന്നു ..
ജോലി കഴിഞ്ഞിറങ്ങുമ്പോൾ പുറത്ത് കാത്ത് നിൽക്കുന്ന അച്ഛനും മകൾക്കും അരികിലേക്ക് ചെറുചിരിയോടെ നടന്നവൾ..

✨✨✨✨✨✨✨✨✨✨✨✨✨✨ ഞായറാഴ്ച്ച അവധിയായത് കൊണ്ട് വൈകിയാണ് എഴുന്നേറ്റത്.. കണ്ണു തുറന്ന് നോക്കുമ്പോൾ വേദൂട്ടി അരികിലുണ്ട്.. യദുവിനെ കണ്ടില്ല ..
എവിടെപ്പോയതാവും എന്ന ചിന്തയോടെ റൂമിൽ നിന്നും ഇറങ്ങി നോക്കുമ്പോൾ അടുക്കളയിൽ നിന്നും ശബ്ദം കേട്ടു..

“നേരത്തെ എണീറ്റോ ..” അടുക്കളയിലെത്തി അവൾ ചോദിച്ചു.

” ഉം.. കുറച്ച് നേരായി .. ഒരു ചായയിട്ടു .. ” ചിരിയോടെ അവൻ പറഞ്ഞു.

” സൺഡേ അലാറമില്ലാതെ ഉറങ്ങും.. തിരക്കില്ലാത്ത ദിവസമല്ലേ.. അതോണ്ടാ ലേറ്റായത്..” അവൾ മടിയോടെ പറഞ്ഞു.

“അതിനെന്താ .. തനിക്ക് ചായ ഇടട്ടെ..” യദു അവളെ നോക്കി.

“ഞാൻ എഴുന്നേറ്റതേ ഉള്ളൂ.. യദുവേട്ടനെ കാണാതിരുന്നപ്പോൾ നോക്കി വന്നതാ.. ഒന്നു ഫ്രഷായിട്ട് വരാം.. ” എന്നു പറഞ്ഞവൾ കുളിക്കാൻ കയറി..

ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിനിടയിലാണ്
” നമുക്കൊന്ന് പുറത്ത് പോയാലോ? ലഞ്ച്
പുറത്ത് ന്ന് കഴിക്കാം .. ” എന്ന് ചോദിച്ചു കൊണ്ട് യദു വന്നത്.

” പോവാം.. ” എന്നു പറഞ്ഞവൾ.

” ഉച്ചകഴിഞ്ഞ് തിരിച്ചു പോവണമെനിക്ക് .. നാളെ മുതൽ ജോലിക്ക് കയറണം..” കുറുമക്കായ് മുറിച്ചു വച്ച ക്യാരറ്റിൻ്റെ കഷ്ണമെടുത്ത് വായിലേക്ക് വച്ചു കൊണ്ടവൻ പറഞ്ഞു.
“ഉം … “വെറുതെ മൂളിയവൾ..

ചായ കുടിയും കഴിഞ്ഞ് ഡ്രസ്സെല്ലാം മാറിയപ്പോൾ മുതൽ .. ” റ്റാ റ്റാ പോബാല്ലോ…. ” എന്നും പറഞ്ഞ് തുള്ളിച്ചാടുന്നുണ്ട് വേദൂട്ടി…

വലിയ തിരക്കില്ലാത്ത ചെറിയൊരു പാർക്കിൽ വേദൂട്ടിയുടെ കളി ചിരികൾ കണ്ടിരുന്നവർ..
“ബാ .. കലിച്ചാം .. ” എന്നു പറഞ്ഞ് യദുവിനെ പിടിച്ചു വലിക്കുന്നുണ്ട് വേദൂട്ടി..
അവളുടെ ചെറിയ വാശികൾ ഓരോന്നും നടത്തിക്കൊടുക്കുന്നുണ്ട് യദു ..

“ടോ.. താനിതെവിടെയാ.. പൈസ കൊടുക്കാതെ എവിടെയൊക്കെയോ പോയി വന്നത് പോലുണ്ടല്ലോ.. “കളിയായി അവൻ പറഞ്ഞു.

” ഞാൻ വെറുതെ .. ” അവൾ മെല്ലെ ചിരിച്ചു. വേദൂട്ടിയെയും എടുത്ത് കൊണ്ടവൻ അവൾക്കരികിലായ് ഇരുന്നു.

” ഇനിയും കഴിഞ്ഞു പോയതെല്ലാം ഓർത്തിരിക്കുന്നത് വേദന മാത്രമേ നൽകൂ.. ജീവിതം പലപ്പോഴും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം കൂടിച്ചേർന്നതാണ്.. അതിൽ
തനിക്കുണ്ടായ സങ്കടങ്ങളെ മാത്രം ഓർത്ത് എന്നും നീറി നീറി ജീവിക്കുകയാണ് താനിപ്പോൾ ..
നഷ്ടങ്ങൾക്കിടയിലും തനിക്ക് കിട്ടിയ ഭാഗ്യമല്ലേ വേദമോൾ… ആ സന്തോഷം കൂടി ഓർത്ത് താനൊന്ന് ജീവിച്ചു നോക്കടൊ..” യദു പറഞ്ഞു.

“യദുവേട്ടൻ പ്രണയിച്ചിട്ടുണ്ടോ?”ബാല പെട്ടന്ന് ചോദിച്ചു.
പ്രതീക്ഷിക്കാതെയുള്ള ചോദ്യം കേട്ട് അവൻ അമ്പരന്നു..
“ഉം .. പ്രണയിച്ചിട്ടുണ്ടല്ലോ.. എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ ..”യദു ബാലയെ നോക്കി.

“നമ്മൾ പ്രണയിക്കുന്നയാൾ ,ജീവിതാവസാനം വരെ നമ്മുടെ കൂടെയുണ്ടാവുമെന്ന് കരുതുന്നയാൾ, നമ്മളേറ്റവും തകർന്നു നിൽക്കുന്ന സമയത്ത്  ഉപാധികളോടെ ജീവിതം വച്ചുനീട്ടുമ്പോൾ അതെങ്ങനെ സഹിക്കാനാവും.. ആ വേദന എങ്ങനെ മറക്കാനാവും.. അങ്ങനെ പ്രണയത്തിന് ഉപാധികളുണ്ടോ?” അവൾ സംശയത്തോടെ യദുവിനെ നോക്കി..

” ഇത് തന്നെയാ ഞാൻ പറഞ്ഞത് .. താനിപ്പോഴും
പാസ്റ്റ് ഓർത്ത് കൊണ്ട് ജീവിക്കുന്നുവെന്ന് ..
മതിയെടോ.. ഇനിയെങ്കിലും താനൊന്ന് പ്രസൻ്റിൽ ജീവിക്കെടോ..” യദു അവളെ നോക്കി പറഞ്ഞു.

” ആ കുട്ടി ഇപ്പൊ എവിടെയാ.. ” വിഷയം മാറ്റാനെന്നവണ്ണം ബാല ചോദിച്ചു.

“ഏത് കുട്ടി .. “യദു തിരിച്ച്ചോദിച്ചു.

“യദുവേട്ടൻ സ്നേഹിച്ച ആ പെൺകുട്ടി.. “ബാല അവൻ്റെ മുഖത്തേക്ക് നോക്കി.
യദുവിൻ്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.

“വിടർന്ന കണ്ണുകളുള്ള,ഉറക്കെ ചിരിക്കുന്ന പെണ്ണ്..
വെള്ളിക്കൊലുസ്സണിഞ്ഞ പാദങ്ങൾ കാണത്തക്ക രീതിയിൽ പാവാടത്തുമ്പ് ഉയർത്തിപ്പിടിച്ച് വയൽ വരമ്പുകളിലൂടെ ഓടി നടക്കുന്നവൾ.. അവൾ എങ്ങോ പോയി .. ഞാനവളെ കണ്ടിട്ട് ഏകദേശം മൂന്നുവർഷമാവാനായി..” പ്രണയത്തോടെ യദു പറയുമ്പോൾ അവൻ മറ്റേതോ ലോകത്താണെന്ന് തോന്നി ബാലയ്ക്ക് ..

“എന്നിട്ടെന്തിനാ നിങ്ങൾ പിരിഞ്ഞത്? “ബാല സംശയത്തോടെ അവനെ നോക്കി..

” പിരിഞ്ഞില്ലല്ലോ .. ” അവൻ ചെറുചിരിയോടെ പറഞ്ഞു.

“പിന്നെ.. ”

“പിരിയാൻ ഞങ്ങളൊരിക്കലും അടുത്തിട്ടില്ലെടോ..
ഞാൻ മാത്രമേ അവളെ പ്രണയിച്ചിരുന്നുള്ളൂ.. ” അവൻ്റെ കണ്ണുകളിൽ നോവു പടർന്നു ..

“അതെന്താ.. ആ കുട്ടിക്ക് ഇഷ്ടമല്ലായിരുന്നോ..?”
ബാല സംശയത്തോടെ ചോദിച്ചു.

” സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് മാത്രം തോന്നിയ ഇഷ്ടം.. പിന്നീട് ഞാൻ വളരുന്നതിനൊപ്പം അതും വളർന്നു വന്നു.. പിന്നെ എപ്പോഴോ മനസ്സിലായി  അവൾ എന്നെ ഒരിക്കലും പ്രണയിക്കില്ലെന്ന് . അവൾ എന്നെ സ്നേഹിക്കില്ലെന്ന് അറഞ്ഞിട്ടും ഞാനവളെ പ്രണയിച്ചു പോയി.. അല്ലേലും തിരിച്ചുകിട്ടണമെന്ന് പറഞ്ഞ് പ്രണയിക്കാനാവുമോ .. ഇന്നും ഞാനവളെ പ്രണയിക്കുന്നു .. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ .. ” എന്നു പറഞ്ഞവൻ വേദൂട്ടിയെ എടുത്ത് നടന്നു..

ഇടറിയ ശബ്ദത്തോടെ പറഞ്ഞ അവൻ്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം മാത്രമായിരുന്നു…

അവൻ്റെ വാക്കുകൾ ബാലയുടെ മനസ്സിൽ അവൾ പോലുമറിയാതെ നോവ് സൃഷ്ടിച്ചിരുന്നു..

തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here