Home Latest ആരാണെന്നറിയാൻ മോളെയും ചുമലിലിട്ട് ഞാൻ അടുക്കളപ്പുറത്തേക്ക് നടന്നു..

ആരാണെന്നറിയാൻ മോളെയും ചുമലിലിട്ട് ഞാൻ അടുക്കളപ്പുറത്തേക്ക് നടന്നു..

0

രചന : സൽമാൻ സാലി

അവധിക്ക് നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം.. മോളേം കളിപ്പിച്ചോണ്ട് ഉമ്മറത്തിരിക്കുമ്പോൾ പിന്നാമ്പുറത്ത് നിന്നും ഉമ്മ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.. അവരുടെ വിശേഷങ്ങൾ ചോദിക്കുകയും ചായ കൊണ്ട് കൊടുക്കുകയും ചെയ്യുകയാണെന്ന് മനസിലായപ്പോൾ ആരാണെന്നറിയാൻ മോളെയും ചുമലിലിട്ട് ഞാൻ അടുക്കളപ്പുറത്തേക്ക് നടന്നു..

ആരെങ്കിലും വല്ലതും ചോദിച്ചു വന്നാൽ ആദ്യം ചോദിക്കുന്നത് വല്ലതും കഴിച്ചോ എന്നാണ്.. ഇല്ലെങ്കിൽ വീട്ടിൽ ഉള്ളത് കൊടുത്തിട്ടെ അവരെ പറഞ്ഞയക്കൂ..

അവിടെ ഒരു നടന്നു ക്ഷീണിച്ച മെലിഞ്ഞ സ്ത്രീ ചായകുടിച്ചുകൊണ്ടിരിക്കുന്നു.. എന്നേ കണ്ടതും അവർ ചായ ഗ്ലാസ്‌ താഴ്ത്തി വെച്ച് ഒന്ന് ചിരിച്ചു… ഞാനും തിരിച്ചൊരു ചിരി പാസാക്കി ഉമ്മാനെ തേടി അകത്തേക്ക് നടക്കുമ്പോളാണ് സ്റ്റോർറൂമിൽ നിന്നും ശബ്ദം കേട്ടത്..

അങ്ങോട്ട് എത്തി നോക്കിയപ്പോൾ കാണുന്നത് ഞാൻ നാട്ടിലേക്ക് വരുമ്പോൾ കൊണ്ട് വന്ന ബദാം പിസ്ത അണ്ടിപരിപ്പ് പിന്നേ കുറച്ചു ചോക്ലേറ്റ് ഒരു പേപ്പറിൽ പൊതിയുകയാണ് മൂപ്പത്തി.. എന്നേ കണ്ടതും.. ഒന്ന് ചിരിച്ചു..

“”ഒര് ഇടക്കിടക്ക് ഇവിടെ വരുന്നതാ… ഒരേ മോൾക് ഒരു കുട്ടീണ്ട്.. അയിന് ഇച്ചിരി മുട്ടായിയും പിസ്തേം കൊടുക്കട്ടെ…
പേപ്പറിൽ പൊതിഞ്ഞ മിട്ടായിയുമായി ഉമ്മ അടുക്കളപ്പുറത്തേക്ക് നടന്നു…

ഉമ്മ പണ്ടേ ഇങ്ങനെയാണ്.. നാട്ടിലേക് വരുമ്പോൾ ഉമ്മാക്ക് ഒരു സ്പെഷ്യൽ ക്വട്ട തന്നെ ഉണ്ട്…അണ്ടിപരിപ്പും ബദാമും പിസ്തേം ചോക്ലേറ്റും സോപ്പും പാൽപ്പൊടിയുമൊക്കെ കിട്ടിയാൽ പിന്നെ അത് നാലോ അഞ്ചോ വിഹിതമാക്കി വെക്കും..

അത് അപ്പുറത്തെ വീട്ടിലെ കൂലി പണിക് പോകുന്ന രവിയേട്ടന്റെ വീട്ടിലേക്കും ഭർത്താവ് മരിച്ച ആയിഷുമ്മക്കും പാൽകാരി ശാന്തേച്ചിക്കും ആമിനാത്തക്കും മീൻ കാരൻ രാജേട്ടനുമൊക്കെ കൊടുത്താലേ ഉമ്മാക്ക് സന്തോഷം ആവുള്ളു.. ഓർക്കൊക്കെ ഇത് ആരെങ്കിലും കൊടുക്കുമ്പോൾഅല്ലേടാ കിട്ടൂ എന്നാണ് ഉമ്മ പറയാറ്…

ഉമ്മയുടെ സ്നേഹപൊതിക്ക് പകരമായി രവിയേട്ടന്റെ ഭാര്യ ദേവിയെടത്തി കൊണ്ട് തരുന്ന അരിയുണ്ടയും ആയിശുമ്മ കൊണ്ട് വരുന്ന നടന്മുട്ടയും ശാന്തേച്ചിയുടെ വക പശുവിൻ നെയ്യും എനിക്കുള്ളതാണ്…

അവധി കഴിഞ്ഞു തിരിച്ചു വരുന്ന ദിവസം എല്ലാവരും എന്തെങ്കിലും പലഹാരം ഉണ്ടാക്കി കൊണ്ട് വരും.. അതിൽ ദേവിയെടത്തി വാഴയിലയിൽ പൊതിഞ്ഞു കൊണ്ട് വരുന്ന തേങ്ങ വലിപ്പത്തിൽ ഉള്ള അറിയുണ്ടക്ക് റൂമിൽ ഫാൻസ്‌ കൂടുതൽ ആണ്.. അത്രക്ക് രുചിയാണ് ആ ഉണ്ടക്ക്…

മൂപ്പത്തി അങ്ങനെയാണ് എന്തേലും കിട്ടിയാൽ അത് എല്ലാർക്കും പകുത്തു നൽകുന്ന സ്വഭാവം..

അടുക്കളപുറത്ത് കാര്യമായിട്ട് അവരുടെ സങ്കടം കേൾക്കുകയാണ് ഉമ്മ.. ആരെങ്കിലും സങ്കടം പറഞ്ഞാൽ അതും ഓർത് രണ്ട് ദിവസം നടക്കും…

കെട്യോൾ രാവിലെ മോളെ നോക്കാത്തതിന് വഴക്ക് പറഞ്ഞ ദേഷ്യം എന്റെ ജീൻസ് പാന്റ്റ് കൊണ്ട് അലക്ക് കല്ലിൽ തല്ലി തീർക്കുന്നുണ്ട്..

ഉമ്മ എണീറ്റ് അടുത്ത് വന്നിട്ട് പറഞ്ഞു “”ഇയ്യ്‌ എന്തേലും കൊടുത്തേക്ക്.. ഒര്ക വല്യ കഷ്ടപ്പാടാ…

എത്ര കൊടുക്കണം എന്ത് കൊടുക്കണം എന്ന് ഉമ്മ പറയാറില്ല..

ഉമ്മ അങ്ങനെയാണ് സ്നേഹം കൊണ്ടും പ്രവർത്തി കൊണ്ടും ഒരുപാട് നല്ല പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കും…

നിങ്ങൾ കരുതുന്നുണ്ടാവും ഇതൊക്കെ എന്തിനാണ് ഇപ്പൊ ഇവിടെ പറയുന്നത് എന്ന്.. അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് എന്തേലും വേണോ എന്ന് ഫോൺ വിളിച്ചു ചോദിച്ചപ്പോ കേട്ട സ്ഥിരം ക്വട്ട കേട്ടപ്പോൾ നിങ്ങളുമായി പങ്ക് വെച്ചു എന്ന് മാത്രം….

സൽമാൻ..

LEAVE A REPLY

Please enter your comment!
Please enter your name here