Home Latest എനിക്കിതൊന്നും ശീലമില്ല ..രാവിലത്തെ തിരക്കിനിടയിൽ സമയം കിട്ടാറേയില്ല.. Part – 16

എനിക്കിതൊന്നും ശീലമില്ല ..രാവിലത്തെ തിരക്കിനിടയിൽ സമയം കിട്ടാറേയില്ല.. Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 16

രചന : രജിഷ അജയ് ഘോഷ്

“അച്ഛമ്മക്കൊരുമ്മ തന്നേ.. “വേദൂട്ടിയോട് കൊഞ്ചി പറയുന്നുണ്ട് സൗദാമ്മ.

റ്റാ റ്റാ പോവാനുള്ള സന്തോഷം കൊണ്ട് രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു..
കണ്ണുനിറച്ച് നിൽക്കുന്ന സൗദാമ്മയോട് യാത്ര പറയുമ്പോൾ ബാലയുടെ കണ്ണുകളും നിറഞ്ഞിരുന്നു..

“അമ്മേ രാത്രി തനിച്ച് കിടക്കണ്ടാ ട്ടോ.. അപ്പുറത്തെ കുട്ടികളെ വിളിച്ചാ മതി.. ” കാറിലിരുന്ന് യദു സൗദാമ്മയോട് പറഞ്ഞു ..

” ശരീടാ.. പോയിട്ട് വാ.. “കൈ വീശിക്കാണിച്ചവർ..

ഫ്ലാറ്റിന് താഴെ എത്തികാറിൽ നിന്നും ഇറങ്ങി
വേദൂട്ടിയെയും ബാഗുകളും എടുത്ത് സ്റ്റെയർ കയറിച്ചെല്ലുമ്പോൾ അരവിന്ദേട്ടനും സുനന്ദേച്ചിയും പുറത്തുണ്ട്..

“ആഹാ.. പുതുപ്പെണ്ണും ചെക്കനും വന്നല്ലോ ” എന്ന് സുനന്ദ പറഞ്ഞതും ബലയൊന്നു് കൂർപ്പിച്ച് നോക്കി..

അരവിന്ദേട്ടൻ വന്ന് യദുവിനു നേരെ കൈനീട്ടി.. രണ്ടാളും സംസാരിച്ച് നിൽക്കുന്നുണ്ട്.. വേദൂട്ടി അപ്പോഴേക്കും സുനന്ദയുടെ കയ്യിലെത്തിയിരുന്നു ..
ബാല ഡോർ തുറന്നു.. “ഇനി അകത്തിരുന്ന് സംസാരിക്കാം.. ” എന്ന് അവരെ നോക്കി പറഞ്ഞു.

ചായ കുടിച്ച് കഴിഞ്ഞപ്പോഴാണ്
“നിങ്ങള് സംസാരിച്ചിരിക്ക്..  കാറിൽ കുറച്ച് സാധനങ്ങൾ കൂടിയുണ്ട് ഞാനതെടുത്തിട്ട് വരാം.. ” എന്നും പറഞ്ഞ് യദു എഴുന്നേറ്റത്..

“നിക്കെടോ.. ഞാനും വരാം.. ” എന്നും പറഞ്ഞ് അരവിന്ദേട്ടനും കൂടെ എഴുന്നേറ്റു പോയി ..

” അല്ല സുനന്ദേച്ചീ ഈ അരവിന്ദേട്ടന് നല്ലോണം ഏറ്റാനൊക്കെ അറിയുമായിരിക്കും ലേ.. “ബാല ചോദിച്ചു.

“അതെന്താ ബാലേ.. കനത്തിൽ കൊണ്ടുവന്നിട്ടുണ്ടോ നിൻ്റെയാള്..” സുനന്ദ ചോദിച്ചു.

” കാറിൻ്റെ ഡിക്കീൽ കൊള്ളാവുന്നതെല്ലാം കേറ്റിട്ടുണ്ട് .. “ബാല ചിരിയോടെ പറഞ്ഞു.
കുറച്ച് നേരം കഴിഞ്ഞ് രണ്ടു കയ്യിലും നിറയെ വാഴക്കുലയും ചേമ്പുമൊക്കെയായ് വന്ന അരവിന്ദനെ കണ്ട് ബാലയ്ക്കും സുനന്ദയ്ക്കും ചിരി വന്നു..

“രണ്ടും കൂടെ ചിരിക്കാണ്ട് ഇതൊന്ന് വാങ്ങിവയ്ക്ക്.. ” അരവിന്ദൻ പറഞ്ഞു.
എല്ലാ ഇറക്കി വച്ച് കഷ്ടപ്പെട്ട് ശ്വാസമെടുക്കുന്ന അരവിന്ദനെ നോക്കി സുനന്ദ ചോദിച്ചു…

” കഴിഞ്ഞോ അരവിന്ദേട്ടാ..”

“എവിടെക്കഴിയാൻ..ആ നാട്ടിലെ മുഴുവൻ സാധനങ്ങളും കാറിൽ കയറ്റീട്ടുണ്ടല്ലോ.. ” എന്നു പറയുന്ന അരവിന്ദനെ നോക്കി ബാല ചിരിച്ചു..

“രാത്രി ഭക്ഷണം അവിടെയക്കാട്ടോ .. നിങ്ങളൊന്ന് ഫ്രഷായിട്ട് ഇറങ്ങ്..” ഇറങ്ങാൻ നേരം അരവിന്ദേട്ടൻ പറഞ്ഞു.

കുളിയെല്ലാം കഴിഞ്ഞ് അവരുടെ ഫ്ലാറ്റിലെത്തുമ്പോൾ രണ്ടാളും അടുക്കളയിൽ പാചകത്തിലാണ്.ബാലയും യദുവും വേദൂട്ടിയും കൂടെ ചേർന്നപ്പോൾ നല്ല ബഹളമായി..
എല്ലാവരും ചേർന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചാണ് തിരിച്ചു പോന്നത്.

ബാഗിൽ കൊണ്ടുവന്ന ഡ്രസ്സെല്ലാം ഒതുക്കി വച്ച് ബാല റൂമിലെത്തുമ്പോൾ യദുവിൻ്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന വേദൂട്ടിയെയാണ് കണ്ടത്..
ഒരു നിമിഷം നോക്കി നിന്നു പോയി.. ചെറുപ്പത്തിൽ തന്നെയും ലച്ചൂട്ടിയെയും അച്ഛൻ കിടത്തിയുറക്കുന്നത് ഓർമ്മ വന്നവൾക്ക്..അകത്ത് കയറി വാതിലടച്ച് പതിയെ കട്ടിലിൽ കയറി ചുമരരുകിൽ ചേർന്ന് കിടന്നു.. അപ്പോഴും യദുവിൻ്റെ കൈ പതിയെ വേദൂട്ടിയെ തലോടുന്നുണ്ടായിരുന്നു ..

അഞ്ചരയ്ക്ക് ശബ്ദിച്ച ഫോൺ ഓഫാക്കി എഴുന്നേൽക്കുമ്പോൾ യദുവിനോട് ചേർന്നു കിടക്കുന്ന വേദൂട്ടിയെ കണ്ടു .. ചരിഞ്ഞ് കിടന്ന് ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചുറങ്ങുന്നുണ്ട് യദു .. ഒരു നിമിഷം അവരെത്തന്നെ നോക്കിയിരുന്ന ശേഷം ബാത്റൂമിലേക്ക് കയറി..

കറിക്കായുള്ളത് അരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് യദു അടുക്കളയിലേക്ക് വന്നത്..

“താൻ നേരത്തെ എഴുന്നേറ്റോ.. ” അവൻ ചോദിച്ചു.

” കുളി കഴിഞ്ഞ് വന്ന് തുടങ്ങിയതേയുള്ളൂ.. ഞാൻ ചായയിട്ട് തരാം..” എന്നു പറഞ്ഞവൾ എഴുന്നേറ്റു.

“താനവിടെ ഇരിക്ക്.. ഞാൻ ചായയിടാം .. ചായയിടുന്ന പാത്രവും പൊടിയുമൊന്ന് കാണിച്ചു തന്നാ മതി.. ”
അൽപം കഴിഞ്ഞ് അവൾക്കു മുൻപിൽ ഒരു കപ്പ് ചായ നീട്ടിയവൻ..

“എനിക്കിതൊന്നും ശീലമില്ല ..രാവിലത്തെ തിരക്കിനിടയിൽ സമയം കിട്ടാറേയില്ല.. “ചായ വാങ്ങിക്കൊണ്ട് ചിരിയോടെ പറഞ്ഞവൾ ..

“ബാക്കി ഞാൻ നുറുക്കിത്തരാം .. താൻ കുക്ക് ചെയ്യാൻ നോക്കിക്കോ.. ” എന്നു പറഞ്ഞവനെ നോക്കി “ഞാൻ ചെയ്തോളാം.. യദുവേട്ടൻ ചായ കുടിച്ചോളൂ.” എന്നു പറഞ്ഞപ്പോൾ
ചെറുചിരിയോടെ തന്നെ നോക്കുന്നവനെ കണ്ടപ്പോൾ ചമ്മലോടെ വേഗം എഴുന്നേറ്റു ബാല..

“യദുവേട്ടൻ..” അവൾ വിളിച്ചതോർത്തപ്പോൾ അത്ഭുതം തോന്നിയവന് ..ഇയാൾ എന്ന വിളി കേട്ടിട്ടുണ്ട് .. ചിലപ്പോൾ ഒന്നും വിളിക്കാതെ പറയാനുള്ളത് പറയും.. ആദ്യമായാണ് യദുവേട്ടനെന്ന് പറയുന്നത് കേട്ടത്..

പറഞ്ഞതിലെ ചമ്മൽ മാറ്റാനെന്നവണ്ണം തിടുക്കത്തിൽ എന്തെല്ലാമോ ചെയ്യുന്നവളെ കാണുമ്പോൾ ചിരി പൊട്ടിയവന് ..

” അമ്മേ.. എക്ക് .. ” വേദൂട്ടിയുടെ പതിവ് വിളി വന്നപ്പോൾ വേഗം റൂമിലേക്കോടി ബാല..

“എടോ …മോളെ രണ്ടു ദിവസം ഡേ കെയറിൽ വിടണ്ടാ..ഞാൻ നോക്കിക്കോളാട്ടോ..” ബ്രേക്ക് ഫാസ്റ്റിനിടയിൽ യദു പറഞ്ഞപ്പോൾ വേദമോൾക്ക് ദോശ മുറിച്ച് വായിൽ വച്ച് കൊടുക്കുകയായിരുന്ന
ബാല അവനെ നോക്കി..

” ഇവള് കഴിക്കാനൊക്കെ മടികാട്ടും .. പിന്നെ അത്യാവശ്യം കുറുമ്പുമുണ്ട്.. ബുദ്ധിമുട്ടാവില്ലേ.. ”

“അതൊക്കെ ഞാൻ നോക്കിക്കോളാം.. താൻ കഴിച്ചിട്ട് റെഡിയാവാൻ നോക്ക്.. ഞങ്ങള് കൊണ്ടു വിടാം അല്ലേ കുഞ്ഞൂ.. “യദു പറഞ്ഞതും വേദൂട്ടി
“നങ്ങള് കൊന്തുവിദാം.. “ബാലയെ നോക്കി പറഞ്ഞു.

വേദമോളുടെ പിന്നാലെ ഓടാത്തതു കൊണ്ടാവാം പതിവിലും നേരത്തെ ബാലയുടെ പണിയെല്ലാം ഒതുങ്ങിയിരുന്നു .. കുഞ്ഞിനെ കുളിപ്പിച്ച് ഉടുപ്പിട്ട് കൊടുത്ത് റെഡിയാവാൻ പോയി..

അലമാര തുറന്നപ്പോൾ രാത്രി ഒതുക്കി വച്ച ഡ്രസ്സുകൾക്കിടയിലെ സൗദാമ്മ വാങ്ങി വച്ചിരുന്ന സാരികൾ കണ്ണിൽ പെട്ടു .ക്ലോക്കിൽ നോക്കുമ്പോൾ 8 മണികഴിഞ്ഞതേയുള്ളൂ.. സാരിയുടുത്താലോ സമയമുണ്ട്..

ആകാശനീല കളറിൽ ചെറിയ ഗോൾഡൻ ബോർഡറുള്ള ചെറിയ സ്റ്റോൺ പതിപ്പിച്ച സിംപിൾ സാരിയും ഗോൾഡൻ ബ്ലൗസും എടുത്തു .. “കെള്ളാം ഇത് നന്നായിട്ടുണ്ട് .. ”
സാരി ഞൊറിഞ്ഞുടത്ത് കണ്ണാടിക്കു മുന്നിൽ നിന്നു.. ചെറിയ പൊട്ടെടുത്ത് നെറ്റിയിൽ വച്ചു..

“കല്യാണം കഴിഞ്ഞ പെൺകുട്ടികൾ നെറ്റിയിൽ സിന്ദൂരം അണിഞ്ഞു വേണം നടക്കാൻ..” കല്യാണം കഴിഞ്ഞതിന് പിറ്റെ ദിവസം രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലെത്തിയപ്പോൾ സൗദാമ്മ പറഞ്ഞത് ഓർമ്മ വന്നു..
ഒരു നുള്ള് സിന്ദൂരം എടുത്ത് സിന്ദൂരരേഖയിൽ വരച്ചു .. അറിയാതെ കണ്ണുകൾ താലിയിലേക്ക് നീണ്ടു .. താലിയും സിന്ദൂരവും തനിക്കേറെ മാറ്റം വരുത്തിയെന്നവൾക്ക് തോന്നി..

ഉച്ചത്തേക്കുള്ള ചോറെടുക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ ” അമ്മ ചുന്ദരിയായല്ലോ.. ” എന്നും പറഞ്ഞ് വേദൂട്ടി കാലിൽ വട്ടം പിടിച്ചിരുന്നു.. അവളെയെടുത്ത് നെറ്റിയിൽ നെറ്റിമുട്ടിച്ചു..

“ഒന്നൂടെ..” വീണ്ടും നെറ്റിമുട്ടിക്കാൻ വന്നവളെ “ഇനി വന്നിട്ട് ..” എന്നു പറഞ്ഞ് ഒരു മുത്തം കൊടുത്ത് പതിയെ താഴേ നിർത്തി തിരിഞ്ഞപ്പോഴാണ് ചിരിച്ചു കൊണ്ട് നിൽക്കുന്ന യദുവിനെ കണ്ടത്.. നോട്ടം തന്നെയാണെന്ന് തോന്നിയതും വേഗം അടുക്കളയിലേക്ക് നടന്നു..

ബാങ്കിലേക്കുള്ള യാത്രയിൽ പുറത്തേക്ക് നോക്കി ഓരോന്നു പറയുന്ന വേദൂട്ടിയെ ചേർത്തു പിടിച്ചു.. അധിക ദിവസവും മോളെ ഡേ കെയറിലാക്കി സമയത്ത് ബാങ്കിലെത്താനുള്ള വെപ്രാളമാവും ഈ നേരത്ത്..

ബാങ്കിന് താഴെയുള്ള പാർക്കിങ്ങിൽ കാർ നിർത്തിയപ്പോൾ അത്ഭുതത്തോടെ യദുവിനെ നോക്കി ബാല..
” ഈ സ്ഥലമൊക്കെ അറിയാമോ.. ” അമ്പരപ്പ് നിറഞ്ഞു നിന്നിരുന്നു അവളുടെ ചോദ്യത്തിൽ ..

” ഞാൻ പറഞ്ഞിട്ടില്ലെ എൻ്റെയൊരു ഫ്രണ്ട് ഇവിടെ അടുത്തുണ്ടെന്ന് .. ആളുടെ കൂടെ ഒരിക്കൽ വന്നിട്ടുണ്ട് .. “യദു പറഞ്ഞു.
കുഞ്ഞിക്കവിളിൽ ഒരുമ്മയും കൊടുത്ത്മോളെ സീറ്റിലിരുത്തി ബാലയിറങ്ങി ..

” പറഞ്ഞാ കേക്കണം ട്ടോ..വികൃതി കാണിക്കല്ലേ .. പിന്നെ… മാമുണ്ണണം ട്ടോ..” കുഞ്ഞിക്കൈയിൽ തൊട്ടു കൊണ്ട് പറഞ്ഞു.ആള് എല്ലാം ചെയ്യാമെന്ന മട്ടിൽ തലയാട്ടിക്കൊണ്ട് ഇരിക്കുന്നുണ്ട്..

പോവ്വാണെന്ന മട്ടിൽ യദുവിനെ നോക്കുമ്പോൾ ചെറുചിരിയോടെ തന്നെയും മോളെയും നോക്കിയിരിക്കുന്നത് കണ്ടു..

“യദുവേട്ടാ.. മോളെ ശ്രദ്ധിക്കണെ.. ഞാൻ പോട്ടെ..”
എന്നവൾ പറഞ്ഞതും അവൻ്റെ മുഖം വിടർന്നിരുന്നു..

” ശരി..വൈകിട്ട് വരാം.. ” എന്ന് പറഞ്ഞവൻ..
ബാങ്കിലേക്ക് നടക്കുമ്പോൾ മനസ്സിന് ഭാരം കുറഞ്ഞത് പോലെ തോന്നിയവൾക്ക്..

ബാങ്കിനകത്തേക്ക് കടന്നതും ചുറ്റുമുള്ള കണ്ണുകൾ വിസ്മയത്തോടെ തന്നെ നോക്കുന്നതറിഞ്ഞു..
ചെറിയൊരു പുഞ്ചിരി അവർക്കായ് സമ്മാനിച്ചിട്ട് സ്വന്തം സീറ്റിലേക്കിരുന്നവൾ…

” വീണ്ടും കല്യാണം കഴിഞ്ഞെന്നാ തോന്നുന്നെ.. ആരായാലും കൊച്ചൊന്ന് ഫ്രീയാ.. ” സൂസി മാഡം അരികിലിരിക്കുന്നവരോട് പറയുന്നുണ്ട്..
പലപ്പോഴും അവരുടെ മുറുമുറുപ്പുകൾ തന്നിൽ വേദന സൃഷ്ടിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല..

” ശ്രീബാലക്കുഞ്ഞേ…” ജോസഫേട്ടൻ്റെ ഉദ്വേഗം നിറഞ്ഞ ശബ്ദം കേട്ടാണവൾതലുയർത്തിയത്.
“കല്യാണത്തിനാ ലീവെടുത്തത് അല്ലേ.. ” അയാൾ ചോദിച്ചു.

” ഉം.. “വെറുതെയൊന്നു മൂളിയവൾ ..

” കാറിൽ കൊണ്ടുവിട്ട ആളാണോ കുഞ്ഞിൻ്റെ ഭർത്താവ് .. “ജോസഫേട്ടൻ അവളെ നോക്കി.

” ഉം.. ജോസഫേട്ടൻ കണ്ടിരുന്നോ.. ”

” കണ്ടു മോളെ.. നല്ല പയ്യൻ.. മോൾക്ക് നന്നായി ചേരൂട്ടോ..” ജോസഫേട്ടൻ നിഷ്കളങ്കമായ് പറയുന്നുണ്ട്..
സൂസി മാഡവും മറ്റു സ്റ്റാഫുകളും അസൂയയോടെ തന്നെ നോക്കുന്നത് ബാലകണ്ടു..

ഉച്ചക്ക് ഊണ് കഴിക്കാനിരുന്നപ്പോൾ യദുവും മോളും കഴിച്ചു കാണുമോ എന്നു് സംശയം തോന്നി..
വിളിച്ചു നോക്കാൻ ഫോണെടുത്തെങ്കിലും മടി തോന്നി.. കഴിച്ച ശേഷം ഫോണിൽ വേദൂട്ടിയെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ജോസഫേട്ടൻ വന്നത്..

“കുഞ്ഞ് കഴിച്ച് കഴിഞ്ഞെങ്കിൽ വിവേക് സാറൊന്നു ചെല്ലാൻ പറഞ്ഞു.. ”
അന്ന് ദേഷ്യപ്പെട്ടതിൽ പിന്നെ വല്യ ശല്യമില്ലായിരുന്നു… ഇന്നിനി എന്തിനാണാവോ വിളിക്കുന്നത് ..

“സാർ ..” ബാലവിളിച്ചതും അയാൾ നോക്കി..

അയാളുടെ നോട്ടം തൻ്റെതാലിയിലേക്കും സിന്ദൂരത്തിലേക്കുമാണെന്നവൾക്ക് മനസ്സിലായി.. ആദ്യം അമ്പരപ്പ് നിറഞ്ഞ മുഖം പിന്നീട് ഇരുളുന്നതും അവിടെ പുച്ഛം നിറയുന്നതും കണ്ടു.

“ഓ.. വിവാഹമൊക്കെ കഴിഞ്ഞോ.. ഞാൻ പറഞ്ഞപ്പൊ തനിക്കൊന്നിനും താൽപര്യമില്ലായിരുന്നല്ലോ.. ” പുച്ഛത്തോടെ പറഞ്ഞു വിവേക് .

” ഒഫീഷ്യലായിട്ട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയൂ സാർ.. എനിക്ക് തിരക്കുണ്ട്.. “ബാല ഈർഷ്യയോടെ പറഞ്ഞു.

“ഹാ.. അങ്ങനെ പറഞ്ഞാലോ.. ഇനിയായാലും മതി.. വല്ലപ്പോഴും നമ്മളേം കൂടിയൊന്ന് പരിഗണിക്ക് മോളെ.” ശരീരം ഉഴിഞ്ഞു നോക്കിയുള്ള അയാളുടെ സംസാരം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ..

” ഡോ.. താനെന്താ എന്നെ പറ്റി വിചാരിച്ചേ.. ഇനിയും താനീ വൃത്തികെട്ട നാവുകൊണ്ട് വല്ലതും പറഞ്ഞാൽ..” എന്നും പറഞ്ഞവൾ ഫോൺ എടുത്തു ..

“ദാ .. ഇതിലുണ്ട് താൻ പറഞ്ഞതെല്ലാം .. ഇനി ഒരിക്കൽ കൂടി താനെന്നോട് അപമര്യാദയായ് പെരുമാറിയാൽ തൻ്റെ വീട്ടിൽ പോയി ഭാര്യയെയും മക്കളെയും കാണിക്കും ഞാനിതെല്ലാം .. അന്ന് തീരും തൻ്റെ സൂക്കേട്.. “ഫോൺ ഉയർത്തി കാണിച്ച് അവൾ പറഞ്ഞത് കേട്ട് അയാളുടെ മുഖം വിളറി ..
ദേഷ്യത്തോടെ അയാളെ ഒന്നുകൂടി നോക്കിയിട്ട് പുറത്തിറങ്ങിയവൾ..

രാവിലെ വരുമ്പോൾ മനസ്സിൽ തോന്നിയ സന്തോഷമെല്ലാം പെട്ടന്ന് തന്നെ സങ്കടത്തിലേക്ക് വഴിമാറിയിരുന്നു ..

ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മുൻപിൽ നിർത്തിയിട്ട കാറിൽ ചാരി നിൽക്കുന്ന യദുവിനെയും വേദൂട്ടിയെയും കണ്ടു..

” അച്ഛാ.. അമ്മ വന്നല്ലോ.. ” എന്നു പറഞ്ഞ് കൈകൊട്ടുന്നത് കണ്ടപ്പോൾ ചിരിയോടെ അടുത്തേക്ക് നടന്നു..

“അമ്മേ.. ച്ചാ അല്ല.. അച്ഛയാ ..” പുതിയ കാര്യം പഠിച്ചതിൻ്റെ ആവേശത്തോടെ വേദൂട്ടി പറഞ്ഞപ്പോൾ ബാലയുടെ കണ്ണുകൾ യദുവിലേക്ക് നീണ്ടു ..ആളുടെ ചിരി കണ്ടപ്പോൾ തന്നെ മനസ്സിലായി കഷ്ടപ്പെട്ട് അച്ഛാ എന്ന് വിളിക്കാൻ പഠിപ്പിച്ചതാണെന്ന്..

ചിരിയോടെ കാറിൽക്കയറി വേദൂട്ടിയെ മടിയിലിരുത്തി..
” ഇന്ന് അമ്മേടെ കുട്ടിഎന്തൊക്കെ കുറുമ്പുകളാ കാട്ടിയേ..” കുഞ്ഞു താടിയിൽ പിടിച്ച് കൊണ്ടു് ബാല ചോദിച്ചു.

” അച്ഛ കൂദെ കലിച്ചു.. പാപ്പം തിന്നൂ.. പിന്നെ… മാമുണ്ടൂ.. ചാച്ചിയുടങ്ങി .. ” അങ്ങനെ ഓരോന്നും പറയുന്നുണ്ട് കുറുമ്പി.

” ബുദ്ധിമുട്ടിച്ചോ ഇവള് .. “ബാലയദുവിനെ നോക്കി ചോദിച്ചു.

“ഏയ്.. അച്ഛേടെ കുഞ്ഞു നല്ല കുട്ടിയാലേ..” വേദൂട്ടിയെ നോക്കി യദു വാത്സല്യത്തോടെ പറയുമ്പോൾ ബാലയ്ക്ക് മനസ്സിലൊരു തണുപ്പ് തോന്നി.

ഫ്ലാറ്റിലെത്തുമ്പോൾ പതിവ് പോലെ പുറത്ത് നിൽപുണ്ട് സുനന്ദേച്ചി .. തന്നെക്കണ്ടപ്പോൾ ആ മുഖത്ത് അമ്പരപ്പ് നിറയുന്നത് ബാല കണ്ടു.
ഒരു ആക്കിച്ചിരിയോടെയുള്ള നിൽപ്പ് കണ്ടാലറിയാം തന്നെ വാരാനുള്ള നിൽപ്പാണെന്ന്..

“ആഹാ.. എന്താ മോളെ ഒരു ഇളക്കം..” അടുത്തെത്തിയപ്പോൾ സുനന്ദ പതിയെ ബാലയുടെ കാതിൽ ചോദിച്ചു.

“എന്തിളക്കം..” പാവം നിഷ്കളങ്കമായ് സുനന്ദയെ നോക്കി..

” അല്ലാ..സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ടുണ്ടല്ലോ.. അതാ പറഞ്ഞെ. ” സുനന്ദയാണ്

“ഓ.. അതാണോ? അത് രാവിലെ സമയമുണ്ടായിരുന്നതോണ്ട് ഉടുത്തതാ.. “ബാല അവരെ നോക്കി മുഖം കൂർപ്പിച്ചു.

” ഉം.. അതെയതെ.. എനിക്ക് മനസ്സിലായി.. ” ആക്കിപ്പറയുന്ന സുനന്ദയെ നോക്കി പേടിപ്പിച്ചിട്ട് അകത്തേക്ക് പോയവൾ..

ഡ്രസ്സ് മാറി ചായയെടുക്കാൻ നടന്നപ്പോഴാണ് ഡൈനിങ്ങ് ടേബിളിൽ ചായയും നേന്ത്രപ്പഴം  പുഴുങ്ങിയതുംഎടുത്ത് വച്ചിരിക്കുന്ന യദുവിനെം വേദൂട്ടിയെയും കണ്ടത്..
“വാടോ.. ചായ കുടിക്കാം .. “യദു പറയവെ,

“യദുവേട്ടനെന്തിനാ ഇതൊക്കെ ചെയ്തെ.. ചായ ഞാനിട്ടു തരുമായിരുന്നല്ലോ.. ” എന്നവൾ ചോദിച്ചു.

“അതിനെന്താ .. വീട്ടിലിരിക്കുന്ന ദിവസം അമ്മയ്ക്കൊപ്പം അടുക്കളയിൽ കയറി സഹായിക്കാറുണ്ട്.. ഈ അടുക്കളയെന്ന് പറയുന്നത് പെണ്ണുങ്ങൾക്ക് മാത്രമുള്ളതല്ലെന്നാണ് അമ്മയെന്നെ പഠിപ്പിച്ചത് .. ” യദുവത് പറഞ്ഞു കൊണ്ട് പുഴുങ്ങിയ പഴം വേദൂട്ടിക്ക് മുറിച്ച് നൽകുന്നുണ്ട്..
വീണ്ടും വീണ്ടും തന്നെ അത്ഭുതപ്പെടുത്തുന്നവനെ
നോക്കിയിരുന്നു ബാല..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here