Home Latest നീയെന്താ പെണ്ണേ ഒരു മൈൻഡുമില്ലാതെ നിക്കണത്..കല്യാണമോ വിളിച്ചില്ല.. അറിഞ്ഞു വന്നപ്പോ ഒന്ന് മിണ്ടിക്കൂടേ നിനക്ക്.. Part...

നീയെന്താ പെണ്ണേ ഒരു മൈൻഡുമില്ലാതെ നിക്കണത്..കല്യാണമോ വിളിച്ചില്ല.. അറിഞ്ഞു വന്നപ്പോ ഒന്ന് മിണ്ടിക്കൂടേ നിനക്ക്.. Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 15

രചന : രജിഷ അജയ് ഘോഷ്

മുറിയിൽ നിന്നുമിറങ്ങി പോവുന്ന യദുവിനെ കാണുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നിരുന്നു..
വിവാഹം കഴിഞ്ഞെന്നറിമ്പോൾ പലർക്കും മറുപടി പറയേണ്ടി വരില്ലേ .. ജോലി സ്ഥലത്തും ചോദ്യങ്ങളുണ്ടാവും.. കുഞ്ഞിനെക്കുറിച്ചും അറിയേണ്ടി വരും.. മറ്റുള്ളവർക്ക് മുൻപിൽ തല കുനിക്കേണ്ടി വരില്ലേ.. എന്നിട്ടും എന്തിനാവും മോളെ ഇത്രയേറെ സ്നേഹിക്കുന്നത് .. വിവാഹത്തിന് സമ്മതിച്ചത് .. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളെ തളർത്തിയിരുന്നു ..
രാത്രി വേദൂട്ടിയെ ഉറക്കുന്നതിനിടയിൽ ബാലയും ഉറങ്ങിയിരുന്നു .. ഉറക്കത്തിൽ എപ്പോഴോ പതിവുപോലെ മോളെ നോക്കിയപ്പോഴാണ്  മോൾക്കരികിൽ ഉറങ്ങുന്ന യദുവിനെക്കണ്ടത്..
മോളെ ഉറക്കാൻ വരുമ്പോൾ ടി വി കാണുന്നുണ്ടായിരുന്നു .. വന്നു കിടന്നത് അറിഞ്ഞേയില്ലെന്നവൾ ഓർത്തു…

രാവിലെ ഉണർന്നു നോക്കുമ്പോൾ യദുവിനെ കണ്ടില്ല .. വേദൂട്ടിയ്ക്ക് അരികിൽ തലയിണയും വച്ച് കുളിക്കാൻ കയറി.. തിരിച്ചിറങ്ങുമ്പോഴും ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അടുക്കളയിലേക്ക് നടന്നു..

“സൗദാമ്മ നേരത്തെ എഴുന്നേറ്റോ.. ” ബാല ചോദിച്ചു..

“ഇല്ല മോളെ കുറച്ച് നേരായിട്ടേയുള്ളൂ.. യദൂട്ടന് രാവിലെ ഒരു കട്ടൻ നിർബന്ധാ.. ” സൗദാമ്മയാണ്..

“എന്നിട്ട് ആളെവിടെ.. “ബാല സംശയത്തോടെ ചുറ്റും നോക്കി..

” കാപ്പിയും കുടിച്ച് തോട്ടത്തിലേക്ക് പോയി.. രാവിലെ എട്ടുമണി വരെ അവിടെ ഓരോന്ന് ചെയ്യും.. പിന്നെ വന്ന് കുളിച്ച് ചായ കുടീം കഴിഞ്ഞ് ഓഫീസിലേക്ക് പോവും..” സൗദാമ്മ പറഞ്ഞു.

“പച്ചക്കറികളൊന്നും പുറത്ത് ന്ന് വാങ്ങാൻ സമ്മതിക്കില്ല. എല്ലാം നടലും നനയ്ക്കലും കഴിഞ്ഞിട്ടേ ജോലിക്ക് പോവു.. വന്നാലും എല്ലാ മൊന്നു് നോക്കണം.. ചിലപ്പോ കളിക്കാൻ പോവും വന്നിട്ട് വായനശാലയിൽ പോയിരിക്കും.. പിന്നെ എട്ടരയൊക്കെയാവും വരാൻ.. അവന് കൊറെ കൂട്ടുകാരുണ്ട്..എടയ്ക്ക് ഇങ്ങട്ടും വരും.”
സൗദാമ്മ പറഞ്ഞു കൊണ്ടേയിരുന്നു ..

” അമ്മേ..എക്ക് .. “വേദൂട്ടിയുടെ വിളി കേട്ട് ബാല ചെല്ലുമ്പോൾ കട്ടിലിൽ നിന്നും ഇറങ്ങി മുറിക്കു പുറത്തെത്തിയിരുന്നവൾ..

” അമ്മേടെ സുന്ദരി എണീറ്റോ ..” എന്നും ചോദിച്ചവളെ വാരിയെടുത്ത് ബാല പുറത്തേക്കിറങ്ങുമ്പോൾ കണ്ടു ഒരു വാഴക്കുലയും എടുത്ത് വരുന്ന യദുവിനെ..

” രണ്ടു ദിവസം തോട്ടത്തിൽ പോവാതിരുന്നപ്പോഴേക്കും ഇത് മുഴുവൻ പഴുത്തു .. പകുതി കിളികൾ തിന്നു.. “സൗദാമ്മയോട് പറയുന്നുണ്ട്..

“പച്ചയ്ക്ക് തിന്നുതീർക്കും ജന്തുക്കള്.. പിന്നെയാ പഴുത്തത്..ശ്ശോ..എന്നാലും നശിപ്പിച്ച് കളഞ്ഞല്ലോ ”
സൗദാമ്മ ദേഷ്യത്തോടെ പറയുന്നുണ്ട്..

” അതുങ്ങൾക്കും ജീവിക്കണ്ടേ അമ്മേ.. “യദു പറഞ്ഞു.

“എന്നാപ്പിന്നെ ഇതെന്തിനാ കൊണ്ടന്നേ.. അവിടെ വച്ചാ പോരേ.. അവൻ്റെയൊരു പക്ഷി സ്നേഹം.. ” സൗദാമ്മ അവനെ കൂർപ്പിച്ച് നോക്കി..

യദുവിനെക്കണ്ടതും വേദൂട്ടി ബാലയുടെ കയ്യിൽ നിന്നും ഊർന്നിറങ്ങി അവനടുത്തെത്തി.
“ച്ചാ ..” എന്നു വിളിച്ചവൾ..

“കുഞ്ഞു എണീറ്റോ .. അച്ഛേടെ കയ്യിലാകെ അഴുക്കാ.. കുളിച്ചിട്ട് എടുക്കാവേ.. ” എന്ന് പറഞ്ഞിട്ടും എടുക്കാനായി കൈ നീട്ടി നിൽക്കുന്നത് കണ്ടപ്പോൾ വേഗം കൈ കഴുകിയിട്ട് എടുത്ത് നെഞ്ചോട് ചേർത്തു..

“വേദൂട്ടി വാ.. അമ്മ പല്ല് തേച്ച് തരാലോ.. ” എന്നു ബാല പറഞ്ഞതും കേൾക്കാത്ത മട്ടിൽ യദുവിൻ്റെ തോളിലേക്ക് ചാഞ്ഞവൾ ..

“കള്ളത്തരം കാണിക്കുന്നോ കുറുമ്പീ.. പാല് കുടിക്കണ്ടേ.. വേഗം വന്ന് പല്ല് തേക്ക് .. “ബാല വീണ്ടും പറഞ്ഞു.

” പല്ല് ചേച്ചണ്ട.. പാല് കുച്ചണ്ട .. അമ്മ പോ…. ” ചിണുങ്ങുന്നുണ്ടവൾ ..

” അച്ഛേടെ കുഞ്ഞുപോയി പല്ല് തേച്ച്, പാലുകുടിച്ചിട്ട് വായോ .. അച്ഛേം കുളിച്ചിട്ട് വരാം.. ന്നിട്ട് അമ്മക്കിട്ട് രണ്ട് അടി കൊടുക്കാം.. എന്നാലെ ശരിയാവൂ ” ബാലയെ നോക്കിക്കൊണ്ട് യദു പറഞ്ഞു.

” അടി കൊക്കാം.. ” എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് വേദൂട്ടി ബാലയ്ക്ക് നേരെ കൈ നീട്ടി..

“അയ്യട.. അച്ഛേം മോളും കൂടിയങ്ങ് പല്ല് തേച്ചാ മതി.. അടി കൊടുക്കാന്ന് പറഞ്ഞപ്പോ ഒരുത്തി പല്ല് തേക്കാൻ വന്നേക്കുന്നു .. “ബാല ദേഷ്യത്തോടെ പറഞ്ഞ് തിരിഞ്ഞു നടന്നു…

“എടോ.. ഞങ്ങള് തമാശ പറഞ്ഞതല്ലേ.. എനിക്ക് പല്ലുതേപ്പിക്കാനൊന്നും അറിയില്ലാട്ടോ..” യദു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

തിരിഞ്ഞു വന്ന് കുഞ്ഞിനെയെടുത്ത് തന്നെ ഉരുട്ടി നോക്കി പോവുന്നവളെ നോക്കി ചിരിയോടെ നിന്നവൻ..

“ഇന്ന് പോന്നുണ്ടോ നീയ്യ്.. ഞാൻ കരുതി ഇന്ന് ലീവാവുംന്ന്.. “ചായ കുടി കഴിഞ്ഞ് ഡ്രസ് മാറി വന്ന യദുവിനെ നോക്കി സൗദാമ്മ ചോദിച്ചു.

“കുറച്ച് വർക്ക് തീർക്കാനുണ്ട്..നാളെ ബാലയെ തിരികെ കൊണ്ടാക്കണം. അപ്പൊ ലീവെടുക്കണ്ടേ..” എന്നു പറഞ്ഞവൻ ..
വേദൂട്ടിക്ക് ഉമ്മയും കൊടുത്ത് പോവുന്നവനെ അകത്ത് നിന്നു കണ്ടിരുന്നു ബാല..

തിരക്കെല്ലാം കഴിഞ്ഞ് സൗദാമ്മയ്ക്കൊപ്പം യദുവിൻ്റെ പച്ചക്കറിത്തോട്ടം കാണാനിറങ്ങിയപ്പോൾ അത്ഭുതം തോന്നി..
പയറും പാവലും പടവലവും എല്ലാം പടർന്നു പന്തലിച്ച് കിടക്കുന്നു .. എല്ലാത്തരം പച്ചക്കറികളുമുണ്ട്.. എല്ലാം നല്ല വൃത്തിയാക്കി വച്ചിരിക്കുന്നു .. ആ കൊച്ചു തോട്ടത്തിൽ അത്യാവശ്യം പഴവർഗ്ഗങ്ങളും ഉണ്ടായിരുന്നു ..

വൈകിട്ട് വേദൂട്ടിക്കൊപ്പം മുറ്റത്തൂടെ നടക്കുമ്പോഴാണ് യദുവിൻ്റെ ബൈക്ക് വന്നത്..
വേദൂട്ടി അപ്പോഴേക്കും “ച്ചാ .. വന്നേ.. “എന്നു പറഞ്ഞ് അവനരികിൽ എത്തിയിരുന്നു ..

കുഞ്ഞിനെ എടുത്ത് മുൻപിലിരുത്തി മുറ്റത്തൂടെ റൗണ്ടിടക്കുന്നുണ്ടവൻ.. വണ്ടി നിർത്തിയപ്പോൾ ഒന്നൂടെ….. എന്നു പറഞ്ഞു  വീണ്ടും അള്ളിപ്പിടിച്ചിരുന്നവൾ.. വീണ്ടും വീണ്ടും ഒന്നൂടെയെന്ന് പറഞ്ഞ് വാശി പിടിക്കുന്നുണ്ടവൾ..

” അച്ഛേടെ കുഞ്ഞുവല്ലേ… ഇനി നാളെ ഓടിക്കാല്ലോ.. വാ നമുക്ക് അകത്തേക്ക് പോവാം.”യദു പറയുന്നുണ്ട്..

“ച്ചാ .. ഒന്നൂടേ.. ” എന്ന് പറഞ്ഞ് വേദൂട്ടി വീണ്ടും ചിണുങ്ങാൻ തുടങ്ങിയപ്പോൾ തന്നെ ദയനീയമായ് നോക്കുന്ന യദുവിനെ കണ്ടപ്പോൾ അറിയാതെ ചിരി പൊട്ടി ബാലയ്ക്ക് ..

” അമ്മേടെകുട്ടി വായോ .. നമുക്ക് ചോക്ലേറ്റ് ഉണ്ടോന്ന് നോക്കാം.. അച്ഛയ്ക്ക് കൊടുക്കണ്ടാ.. ട്ടോ…” എന്നും പറഞ്ഞ് കൈനീട്ടി.

” കോക്കോത്ത് തരോ.. ” സംശയത്തോടെ ചോദിച്ചു.

” ഉം.. തരാലോ.. ”

“ന്നാ.. പോബാം .. ച്ചക്ക് കൊക്കണ്ട..” എന്നും പറഞ്ഞ് ബാലയുടെ അടുത്തേക്ക് കൈ നീട്ടിയവൾ..

യദു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്നും ആരോ വിളിക്കുന്നുണ്ട് ..
ബാലയ്ക്ക് മനസ്സിലാവാത്തത് കൊണ്ട് സൗദാമ്മയെ വിളിച്ചു ..

“കേറി വാ മക്കളെ .. അവൻ ചായ കുടിക്കുന്നേയുള്ളൂ ..” സൗദാമ്മ പറഞ്ഞു.

” ശ്രീബാലയ്ക്ക് ഞങ്ങളെ മനസ്സിലായില്ലേ.. ” ഒരാൾ ചോദിച്ചു ..

“ഇല്ല .. “ബാല പറഞ്ഞു.

“യദുക്കുട്ടൻ്റെ കൂട്ടുകാരാ മോളെ.. ഇവരെല്ലാം ഒരുമിച്ച് പഠിച്ചതാ.. ” സൗദാമ്മ പറഞ്ഞു.

” ആണോ.. എനിക്കറിയില്ലാട്ടോ..” ബാല പറഞ്ഞു. അപ്പോഴേക്കും യദുവും എത്തി.

“എടാ നീ ഞങ്ങളെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലേ ..
ശ്രീബാലയ്ക്കറിയോ ഇവനുണ്ടല്ലോ പണ്ട് സ്കൂളിൽ .. ” എന്നൊരു കൂട്ടുകാരൻ പറഞ്ഞ് തുടങ്ങിയതും യദു
” മതിയെടാ കത്തിയടിച്ചത് .. നീ വാ കളിക്കാൻ പോവാം.” എന്ന് പറഞ്ഞ് അവനെ വലിച്ചുകൊണ്ട് പുറത്തേക്ക് പോയി..

അവർക്കൊപ്പം ഫുഡ്ബോളുമായ് പോവുന്ന യദുവിനെ കാണവെ തൻ്റെ മനസ്സിലെ വഴക്കാളി ചെക്കൻ വെറുമൊരു തെറ്റായിരുന്നോ എന്നവൾക്ക് തോന്നി..

“ബാല മോളെ.. ഒന്നിങ്ങു വന്നേ.. “സൗദാമ്മയുടെ ശബ്ദം കേട്ടാണ് ബാല പുറത്തേക്ക് വന്നത്.
അമ്മയോട് സംസാരിച്ച് നിൽക്കുന്ന മൃദുവിനെ കണ്ടതും വല്ലാത്ത കുറ്റബോധം തോന്നി..

“നീയെന്താ പെണ്ണേ ഒരു മൈൻഡുമില്ലാതെ നിക്കണത്..കല്യാണമോ വിളിച്ചില്ല.. അറിഞ്ഞു വന്നപ്പോ ഒന്ന് മിണ്ടിക്കൂടേ നിനക്ക്.. ” മൃദു അൽപം ഗൗരവത്തിൽ പറഞ്ഞു.

“സോറീ.. മൃദു ഞാൻ നിന്നെ പെട്ടന്ന് കണ്ടപ്പോ .. ” ബാല വാക്കുകൾക്കായ് പരതി.. മൃദു ഉറക്കെ ചിരിച്ചു. ബാല അമ്പരന്നു നോക്കുമ്പോൾ മൃദു അരികിലെത്തി ..

” ഞാനൊന്നു വെറുതെ പറഞ്ഞതല്ലേ.. ഇങ്ങനൊരു മണ്ടിപ്പെണ്ണ്.. ” എന്നും പറഞ്ഞ് മൃദു അവളുടെ കവിളിൽ പിടിച്ച് വലിച്ചു.

“ഞാനിന്നാ അറിഞ്ഞത്.. അമ്മ പറഞ്ഞപ്പോ സത്യം പറഞ്ഞാ വിശ്വാസം തോന്നീലാ.. നിന്നെ കണ്ടപ്പോഴാ എല്ലാം സത്യാന്ന് മനസ്സിലായത്..” മുറിയിലെ കട്ടിലിലിരുന്ന് മൃദു പറഞ്ഞു.

അനന്തു വീട്ടിൽ വന്നതും ഒടുവിൽ അവനോടുള്ള വാശിക്ക് യദുവുമായുള്ള വിവാഹത്തിന് സമ്മതം പറഞ്ഞതും എല്ലാം ബാല മൃദുവിനോട് പറഞ്ഞു.

” മൃദൂ നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ ..” ബാല ചോദിച്ചു

“എന്തിന്.. ഞാൻ മാത്രമേ യദുവേട്ടനെ സ്നേഹിച്ചിരുന്നുള്ളൂ.. പിന്നെ… വല്ലോരും അങ്ങേരെ കെട്ടി സുഖായി ജീവിക്കുന്നൂന്ന് കേൾക്കുമ്പോ സങ്കടം തോന്നിയേനെ.. ഇതിപ്പോ നീയാവുമ്പോ എനിക്ക് ധൈര്യായിട്ട് ഇരിക്കാലോ നീയെൻ്റെ ചങ്കല്ലേ .. നല്ലോണം നോക്കിക്കോണെ പെണ്ണെ ..” കളിയായി മൃദു പറയുമ്പോഴും ബാല തലകുനിച്ചിരുന്നു..

“എന്താടാ .. എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നെ.. ”
മൃദു അവളുടെ മുഖം പിടിച്ചുയർത്തി.

” മൃദൂ .. ഞാൻ കാരണം യദുവേട്ടൻ്റെ ഇഷ്ടം പോലും നഷ്ടായി.. യദുവേട്ടൻ നിന്നെപ്പോലും വേണ്ടെന്ന് പറഞ്ഞത് ആ ഇഷ്ടത്തിന് വേണ്ടിയല്ലേ.. എന്നിട്ടും .. “ബാലയുടെ വാക്കുകൾ ഇടറി..

” സൗദാമ്മ പറഞ്ഞതു കൊണ്ടാണ് യദുവേട്ടൻ ഈ വിവാഹത്തിന് സമ്മതിച്ചത് ..  യദുവേട്ടൻ മോളോട് സ്നേഹം കാട്ടുമ്പോൾഎന്നോട്സംസാരിക്കുമ്പോൾ ഒക്കെ വല്ലാത്തൊരു കുറ്റബോധം തോന്നുന്നെനിക്ക് … ഞാനൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു .. എല്ലാം സഹിക്കുകയാവില്ലേ യദുവേട്ടൻ.. ഓർക്കും തോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു..” ബാല പുലമ്പിക്കൊണ്ടിരുന്നു..

“ബാലേ.. ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് അതേ നടക്കൂ.. നീയിങ്ങനെ സങ്കടപ്പെടാതെ .. ഈ ജന്മം യദുവേട്ടൻ്റെ ഭാര്യയായി ജീവിക്കാനാവും നിനക്ക് വിധി.. അങ്ങനെ സമാധാനിക്ക് നീ..” മൃദു ഓരോന്ന് പറഞ്ഞവളെ ആശ്വസിപ്പിക്കുന്നുണ്ട്..

“എങ്കിലും യദുവേട്ടൻ കാത്തിരുന്ന ആ
പെൺകുട്ടിയോ… അവളുടെ സ്വപ്നങ്ങളോ.. “ബാല വീണ്ടും പറഞ്ഞു.

“എൻ്റെ ബാലേ.. നീയിങ്ങനെ തുടങ്ങിയാൽ കഷ്ടമാവുട്ടോ.. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് വിഷമിക്കാതെ.. യദുവേട്ടന് നിന്നേം മോളെം ഒക്കെ അറിയാം.. കഴിഞ്ഞതെല്ലാം മറന്ന് നീയും സന്തോഷമായിരിക്കണം .. ” മൃദു സ്നേഹത്തോടെ പറഞ്ഞു.

എല്ലാം പറഞ്ഞ് തീർത്തു മൃദു ഇറങ്ങുമ്പോൾ മനസ്സിനൊരു സുഖം തോന്നി ബാലയ്ക്ക് ..

രാവിലെ മുതലേ സൗദാമ്മയുടെ മുഖം വാടിയിട്ടാണ് .. താനും മോളും പോവുന്നതാണു് കാരണമെന്ന് ബാലയ്ക്കറിയാം..

“എൻ്റെ സൗദാമ്മേ.. ന്നാ പോയി റെഡിയായേ, നമുക്കൊരുമിച്ച് പോവാം… ഈ മുഖവും വീർപ്പിച്ചുള്ള നിൽപ്പ് കണ്ടിട്ട് തിരിച്ചു പോവ്വാൻ വയ്യെനിക്ക് .. ” അൽപം പരിഭവത്തോടെ തന്നെ ബാല പറഞ്ഞു.

രണ്ടീസായിട്ട് ഒച്ചേം ബഹളോമൊക്കെ ഉണ്ടായിരുന്നു .. ഇന്നിപ്പോ തനിച്ചാണല്ലോന്ന് ഓർത്തപ്പോ ഒരു സങ്കടം തോന്നി.. ” സൗദാമ്മ പറഞ്ഞു.
“തനിച്ചാക്കി പോവാന്ന് തോന്നണുണ്ടോ..എന്നോട് ദേഷ്യണ്ടോ സൗദാമ്മയ്ക്ക് .. ” ബാലയവരെ നോക്കി ചോദിച്ചു.

“ഇല്ല മോളെ.. അമ്മയ്ക്കറിയാം മോൾക്കിവിടെ ഈ നാട്ടിൽ നിക്കാനിഷ്ടമല്ലാന്ന്.. വേദമോള് ഇവിടെ വളരണ്ട…. ഞാൻ വരും ൻ്റെ മക്കളുടെ കൂടെ ജീവിക്കാൻ..”എന്നും പറഞ്ഞവർ അവളെ ചേർത്തു പിടിച്ചു.ബാലയവരുടെ കവിളിലൊന്നു മുത്തി..

“ഇങ്ങേരിതെവിടെ പോയി .. ” വേദമോളും റെഡിയായിട്ടും യദുവിനെ കാണാതിരുന്നപ്പോൾ പുറത്തിറങ്ങിയ ബാല ആ കാഴ്ച്ച കണ്ട്
കണ്ണുമിഴിച്ച് പോയി..

ഒരു മിനിലോറിയിലേക്കുള്ള പച്ചക്കറികൾ കാറിൻ്റെ ഡിക്കിയിൽ വയ്ക്കുന്ന തിരക്കിലാണ് കക്ഷി..

“ഇതെന്താ സൗദാമ്മേ.. ഇനി അവിടെപ്പോയിട്ട് വല്ല പച്ചക്കറി വിൽപ്പനയ്ക്കും ഉദ്ദേശമുണ്ടാവോ..” ബാല അടുത്തു നിന്ന സൗദാമ്മയോട് പതുക്കെ ചോദിച്ചു.

” അതാ ഞാനും വിചാരിച്ചേ.. ” സൗദാമ്മ താടിക്ക് കൈയ്യും കൊടുത്ത് നിൽപ്പാണ്..

” ആമോളെ.. നിങ്ങടെ മുറീല് മോൾക്കുള്ള സാരികള് വച്ചത് കണ്ടില്ലാരുന്നോ.. .. പോവുമ്പോ അതെടുത്ത് വയ്ക്കാൻ മറക്കണ്ടാ ട്ടോ..” സൗദാമ്മയാണ്.

എല്ലാം ഒതുക്കി വച്ച് കഷ്ടപ്പെട്ട് ടിക്കി അടച്ചു യദു വരുന്നത് കണ്ടപ്പോൾ ഇതൊക്കെ അവിടെച്ചെന്ന് ഇറക്കി ഫ്ലാറ്റിലേക്ക് കൊണ്ടുപോവാൻ
ലോഡിങുകാരെ വിളിക്കേണ്ടി വരുമല്ലോ എന്ന ചിന്തയിലായിരുന്നു ബാല..

“അച്ഛമ്മക്കൊരുമ്മ തന്നേ.. “വേദൂട്ടിയോട് കൊഞ്ചി പറയുന്നുണ്ട് സൗദാമ്മ.

റ്റാ റ്റാ പോവാനുള്ള സന്തോഷം കൊണ്ട് രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു..
കണ്ണുനിറച്ച് നിൽക്കുന്ന സൗദാമ്മയോട് യാത്ര പറയുമ്പോൾ ബാലയുടെ കണ്ണുകളും നിറഞ്ഞിരുന്നു..

“അമ്മേ രാത്രി തനിച്ച് കിടക്കണ്ടാ ട്ടോ.. അപ്പുറത്തെ കുട്ടികളെ വിളിച്ചാ മതി.. ” കാറിലിരുന്ന് യദു സൗദാമ്മയോട് പറഞ്ഞു ..

” ശരീടാ.. പോയിട്ട് വാ.. “കൈ വീശിക്കാണിച്ചവർ..

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here