Home Latest വിവാഹത്തിനുള്ള ദിവസം അടുക്കും തോറും ബാലയ്ക്ക് ഉള്ളിൽ ചെറിയ ഭയം തോന്നിത്തുടങ്ങിയിരുന്നു.. Part – 14

വിവാഹത്തിനുള്ള ദിവസം അടുക്കും തോറും ബാലയ്ക്ക് ഉള്ളിൽ ചെറിയ ഭയം തോന്നിത്തുടങ്ങിയിരുന്നു.. Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 14

രചന : രജിഷ അജയ് ഘോഷ്

ബാല പതിവുപോലെ രാവിലത്തെ അങ്കമെല്ലാം കഴിഞ്ഞ് വേദൂട്ടിയെ ഡേ കെയറിലാക്കി നേരത്തെ തന്നെ ബാങ്കിലെത്തി ..
എല്ലാവരും ഓണത്തിൻ്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്ന തിരക്കിലാണ്..

സ്വന്തം സീറ്റിൽ കയറിയിരുന്നു. കമ്പ്യൂട്ടർ ഓൺ ചെയ്ത് വെറുതെ കണക്കുകൾ നോക്കിയിരുന്നപ്പോൾ അരികിലൂടെ നടന്നുപോയ വിവേകിൻ്റെ കണ്ണുകൾ തന്നിൽ പതിയുന്നതവൾ കണ്ടിരുന്നു…
ഉടനെ അയാളുടെ ക്യാബിനിലേക്ക് വിളിപ്പിക്കും എന്നറിയാമായിരുന്നു ..
അൽപം കഴിഞ്ഞപ്പോൾത്തന്നെ ജോസഫേട്ടൻ വന്നു ” കുഞ്ഞേ.. വിവേക് സാർ വിളിക്കുന്നുണ്ട്.. ” എന്നു പറഞ്ഞു.

ബാലയ്ക്ക് അയാളെ കാണുന്നതേ വെറുപ്പാണ്..
അകത്തെത്തിയതും അയാൾ പതിവുപോലെ ഉഴിഞ്ഞു നോക്കുന്നുണ്ട്..

“എന്തിനാ സാർവിളിച്ചത്…”ബാല വേഗം ചേദിച്ചു.

” അത് പിന്നെ.. ഓണമൊക്കെ എങ്ങനെയുണ്ടായിരുന്നു… ”

” നന്നായിരുന്നു .. ” അവൾ അലസമായ് മറുപടി പറഞ്ഞു.

” ഞാൻ തന്നെയൊന്നു കാണാൻ വിളിച്ചതാ.. കുറച്ച് ദിവസമായല്ലോ കണ്ടിട്ട് .. ” ഒരു വഷളൻ ചിരിയോടെ പറയുന്ന അയാളെ നോക്കിയവൾ പല്ലിറുമ്മി ..

“സാർ … പ്ലീസ്.. ദയവു ചെയ്ത് ഇങ്ങനെ സംസാരിക്കരുത്.” വന്ന ദേഷ്യം അടക്കിപ്പിടിച്ചവൾ പറഞ്ഞു..

“തന്നെ കാണുമ്പോൾ എങ്ങനെ സംസാരിക്കാതിരിക്കും… യു ലുക്ക് വെരി ബ്യൂട്ടിഫുൾ.. ഒരു കുഞ്ഞുണ്ടെന്ന് തോന്നുകയേ ഇല്ല.. എൻ്റെ വീട്ടിലും ഉണ്ടൊരെണ്ണം ശീമപ്പന്നി പോലെ..ഹൊ.. ഓർക്കാനെ വയ്യ .. ” ഭാര്യയെക്കുറിച്ച് പറയുമ്പോൾ അയാളുടെ മുഖത്ത് ഇഷ്ടക്കേട് നിറഞ്ഞു നിന്നിരുന്നു..

” ശ്രീബാലയൊന്നു സഹകരിച്ചാൽ തനിക്ക് പ്രൊമോഷൻ ഉറപ്പാ.. ഞാൻ പറയാടോ.. ഇതൊന്നും ആരുമറിയില്ലന്നേ.. ” അവളെ ഉഴിഞ്ഞുനോക്കി അയാൾ പറയുന്നത് കേട്ട് ബാലയ്ക്ക് കലികയറി..

” ഛെ.. തനിക്ക് നാണമില്ലേടോ ഇങ്ങനെ സംസാരിക്കാൻ .. വൃത്തികെട്ടവൻ.. ഇനിയും താനിങ്ങനെ സംസാരിച്ചാൽ ഞാൻ കംപ്ലെയിൻ്റ് ചെയ്യും.. തൻ്റെ പ്രൊമോഷൻ എനിക്കു വേണ്ട.. മാനം വിറ്റ് ജീവിക്കാൻ എൻ്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടില്ല .. ”

എത്ര നിയന്ത്രിച്ചിട്ടും അവളിലെ രോഷം വാക്കുകളായ് പുറത്തേക്ക് വന്നു.. വെറുപ്പോടെ അയാളെ ഒന്നുകൂടി നോക്കി പുറത്തിറങ്ങുമ്പോൾ
“തന്തയില്ലാത്ത കൊച്ച് പിന്നെങ്ങനെ ഉണ്ടായ താടി .. നിന്നെ ഞാനെടുത്തോളാം.” എന്നയാൾ പറയുന്നുണ്ടായിരുന്നു…

വൈകിട്ട് മോളെയും കൂട്ടി ഫ്ലാറ്റിലെത്തിയ ശേഷം അവൾക്ക് കഴിക്കാൻ കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ശബദിച്ചത്.
പരിചയമില്ലാത്ത നമ്പറായതു കൊണ്ട് ഒന്നു ശങ്കിച്ചു .. പിന്നെ എടുത്തു.

“ഹലോ.. ” എന്നു പറഞ്ഞപ്പോഴേക്കും മറുതലയ്ക്കൽ നിന്നും ” ഞാൻ യദുവാ.. മോളെവിടെ…” എന്ന ചോദ്യം വന്നിരുന്നു..
ഫോൺ സ്പീക്കറിലിട്ട് വേദൂട്ടിയുടെ അടുത്ത് വച്ചു..

“ച്ചാ ..”സന്തോഷത്തോടെയുള്ള കുഞ്ഞിൻ്റ വിളി കേട്ടിരുന്നവൾ..

“കുഞ്ഞൂ.. പാപ്പു തിന്നോ ..” കൊഞ്ചിച്ച് ചോദിക്കുന്നുണ്ടയാൾ ..

“പാപ്പു തിന്നുവാ..ച്ചക്ക് ..മേനോ.. “അവൾ ചോദിച്ചു.

” അച്ച കഴിച്ചൂട്ടോ.. കുഞ്ഞു കുംബനിറയെ കഴിക്കണേ..” രണ്ടാളും കൂടി നിർത്താതെ സംസാരിക്കുന്നത് കേട്ടിരുന്നു ബാല..ഒടുവിൽ മോൾക്ക് ഉമ്മയും കൊടുത്ത് യദു ഫോൺ വച്ചു..

വിവേകിനോട് ദേഷ്യപ്പെട്ടതിനാലാവാം പിന്നെയുള്ള ദിവസങ്ങളിൽ അയാൾ വല്യ ശല്യത്തിന് വന്നില്ല ..
വിവാഹത്തിനുള്ള ദിവസം അടുക്കും തോറും ബാലയ്ക്ക് ഉള്ളിൽ ചെറിയ ഭയം തോന്നിത്തുടങ്ങിയിരുന്നു.. സൗദാമ്മ ഇടയ്ക്ക്
വിളിച്ച് സംസാരിക്കും.. ഡ്രെസ്സെടുത്തതും താലിയും മാലയും വാങ്ങിയതുമെല്ലാം പറഞ്ഞപ്പോഴും വെറുതെ മൂളിയവൾ..

വെള്ളിയാഴ്ച്ച ലീവ് ചോദിക്കാനായ് വിവേകിൻ്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ ലീവ് കിട്ടുമോ എന്ന സംശയം തോന്നി ബാലയ്ക്ക് ..
” ഉം.. എന്താ ..” ഗൗരവത്തിൽ തന്നെ അയാൾ ചോദിച്ചു.
“സാർ ..വൺ വീക്ക് ലീവ് വേണമായിരുന്നു.” ശബ്ദം താഴ്ത്തിയവൾ പറഞ്ഞു.
” വൺ വീക്കോ.. അത് നടക്കില്ലല്ലോ ശ്രീബാല .. ” കേട്ട പാടെ അയാൾ പറഞ്ഞു.
“സാർ പ്ലീസ്..”
“നിർബന്ധമാണെങ്കിൽ ടു ഡെയ്സ് ലീവ് തരാം.. ” എന്നും പറഞ്ഞയാൾ ലാപ് ടോപ്പിൽ എന്തോ നോക്കിക്കൊണ്ടിരുന്നു..
വീണ്ടും ചോദിച്ചിട്ട് കാര്യമില്ലെന്ന് ഉറപ്പുള്ളതിനാൽ 2 ദിവസത്തേക്കുള്ള ലീവും പറഞ്ഞ് ഇറങ്ങി ..

വെള്ളിയാഴ്ച്ച രാത്രി തന്നെ പാക്കിംഗ് എല്ലാം ചെയ്തു.. വേദൂട്ടിയോട് പതിവുപോലെ സംസാരിക്കുന്നതിനിടയിൽ ” അച്ഛ രാവിലെ എത്താട്ടോ.. കുഞ്ഞും അമ്മേം റെഡിയായിരുന്നോട്ടോ.. ” എന്ന് താൻ കേൾക്കാനായി യദു പറഞ്ഞത് കേട്ടു ..
ഫോൺ വച്ചതും “ച്ചാ…വടൂലോ.. റ്റാ റ്റാ പോബൂലോ.” എന്നു പറഞ്ഞ് വേദൂട്ടി തുള്ളിച്ചാടാൻ തുടങ്ങിയിരുന്നു…
വേദമോളെ ചേർത്ത് പിടിച്ച് കിടന്നിട്ടും ഉറക്കം വരാതെ കിടന്നവൾ… യദുവിൻ്റെ മുഖം ഓർമ്മയിൽ തെളിഞ്ഞതും താൻ കാരണം അയാളുടെ ഇഷ്ടങ്ങളും കൂടി ഇല്ലാതാവുകയാണല്ലോ എന്ന ചിന്ത മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു.. എപ്പോഴോ കണ്ണുകൾ അടഞ്ഞിരുന്നു..

രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം സുനന്ദേച്ചീടെ ഫ്ലാറ്റിലേക്ക് പോയി.. അരവിന്ദേട്ടനോടും സുനന്ദേച്ചിയോടും യാത്ര പറഞ്ഞു.. തിരികെ ഫ്ലാറ്റിലെത്തി ശേഖരമാമ്മയെ വിളിച്ചു സംസാരിക്കുമ്പോൾ കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടു..
വാതിൽ തുറന്നതും “ച്ചാ .. വന്നൂ.. ” എന്നും പറഞ്ഞ് യദുവിൻ്റെ കൈകളിലേക്ക് ചാടിയിരുന്നു വേദൂട്ടി.
കുഞ്ഞിനെയെടുത്ത് കവിളിലേക്ക് മുത്തുന്നവനെ കാണുമ്പോൾ ചെറിയ ചിരി അവൾക്കും വന്നിരുന്നു…
“എല്ലാം എടുത്തു വച്ചോ. “ബാലയെ നോക്കി ചോദിച്ചു.
” ഉം.. ” പതിയെ മൂളിയവൾ..

യാത്രയിലാകെ നിശബ്ദത നിറഞ്ഞു നിന്നു.. വേദൂട്ടി പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി..
“തനിക്ക് എത്ര ദിവസത്തെ ലീവുണ്ട് “യദു ചോദിച്ചു
” രണ്ടു ദിവസത്തേക്കേ കിട്ടിയുള്ളൂ.. ”
“അപ്പൊ ചൊവ്വാഴ്ച്ച തിരികെ പോരണമല്ലോ.. “യദു അവളെ നോക്കി..
“ഒരാഴ്ച്ചത്തേക്ക് ചോദിച്ചതാ ആ മാനേജർ തന്നില്ല .. “ബാല മറുപടിയായ് പറഞ്ഞു ..
വീണ്ടും സംസാരിക്കാൻ വിഷയങ്ങളില്ലാതെ രണ്ടാളും മൗനമായിരുന്നു ..

“ആഹാ.. കല്യാണപ്പെണ്ണ് വന്നല്ലോ.. കല്യാണത്തലേന്ന് ചെക്കനും പെണ്ണും കൂടി ഇങ്ങനെ കറങ്ങാനും വേണം ഒരുയോഗം…” കാർ നിർത്തിയതും അരികിലെത്തിയ ഹിമ പറഞ്ഞു.
” പെണ്ണിന് നാവിനൊരു ലൈസൻസുമില്ല.. ” എന്നും പറഞ്ഞ് നളിനി അവളുടെ ചെവിക്ക് പിടിച്ചു.
ബാലയും യദുവും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ..
വേദൂട്ടിയെ എടുത്ത് ബാല അകത്തേക്ക് കയറി..
“നാളെ അമ്പലത്തിൽ വച്ച് കാണാം ” എന്ന് ശേഖര മാമ്മയോട് പറഞ്ഞ് യദുവും പോയി ..

രാത്രി കുഞ്ഞിനെ ഉറക്കിയ ശേഷം കിടന്നപ്പോഴാണ് നളിനി അമ്മായി വന്നത്..
“ഇതാ ഇതെല്ലാം സുജേടെ ആഭരണങ്ങളാ.. ഇവിടത്തെ അലമാരയിൽ ഇരുന്നത് .. മോളൊന്ന് നോക്കിക്കേ.. ” കയ്യിലെ ആഭരണപ്പെട്ടി തുറന്നു പിടിച്ചു കൊണ്ടവർ പറഞ്ഞു.
“ഇപ്പൊ എന്തിനാ ഇതൊക്കെ .. എന്നെക്കൊണ്ട് വയ്യ ഇതൊക്കെ ഇട്ട് നിൽക്കാൻ ..” ബാല പറഞ്ഞു.
“അതൊന്നും പറഞ്ഞാ പറ്റില്ല.. ഇതെല്ലാം ഇടണം.. കൂട്ടത്തിൽ ദാ.. ഇതൂടെ ..” എന്നും പറഞ്ഞ് ശേഖര മാമ്മയും എത്തി.
“ഇതെന്താ.. വളകളും മാലയുമൊക്കെ.. “ബാല മാമ്മയെ നോക്കി..
” ഇതും മോൾക്കുള്ളതാ.. ആരെയും വിളിച്ചില്ലെങ്കിലും ഇതെല്ലാം അണിഞ്ഞ് സുന്ദരിയായിട്ട് വേണം എൻ്റെ കുട്ടി ഇറങ്ങാൻ.. നന്ദനും സുജയും അതാഗ്രഹിക്കുന്നുണ്ടാവും.. മോളിനി എതിരൊന്നും പറയണ്ട.” അവളെ ചേർത്ത് പിടിച്ച് അച്ഛൻ്റെ വാത്സല്യത്തോടെ പറയുന്ന മാമ്മയോട് മറുത്തൊന്നും പറയാനവൾക്ക് കഴിഞ്ഞില്ല.. എല്ലാവരും പോയിട്ടും ഉറക്കം മാത്രം അവളെ തേടി വന്നില്ല ..

നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞപ്പോഴേക്കും അമ്മായിയും ഹിമയും മുറിയിലേക്ക് വന്നു..
“നേരത്തെ അമ്പലത്തിൽ പോവേണ്ടതല്ലേ.. വേഗം റെഡിയാവാം.. ” നളിനി പറഞ്ഞു.
” അമ്മായി മോളെഴുന്നേറ്റില്ലല്ലോ .. “വേദൂട്ടിയെ നോക്കി ബാല പറഞ്ഞു.
“അവളെഴുന്നേൽക്കുമ്പോൾ ഞാൻ കുളിപ്പിച്ച് റെഡിയാക്കിക്കൊള്ളാം.. ” ഹിമ പറഞ്ഞു.
അവർക്ക് മുൻപിൽ പ്രതിമ കണക്കെ നിൽക്കുമ്പോഴും മനസ്സിൽ ഭയം നിറഞ്ഞു നിന്നിരുന്നു..

“ഇനിയൊന്നു കണ്ണാടീൽ നോക്കിയേ..” തലയിൽ മുല്ലപ്പൂവും വച്ച ശേഷം ഹിമ പറഞ്ഞു.
കണ്ണാടിക്ക് മുൻപിൽ നിന്നപ്പോൾ മറ്റാരോ ആണെന്ന് തോന്നി.. ചുവപ്പിൽ ഗോൾഡൻ ബോർഡറുള്ള സാരിയും ആഭരണങ്ങളും പൂവുമെല്ലാം അണിഞ്ഞു നിൽക്കുന്ന ആരോ തന്നെ നോക്കുന്നത് പോലെ .. ചിരിക്കാൻ ശ്രമിച്ചിട്ടും മനസ്സിലെ ആധികാരണം അതും വെറുതെയായി..

അമ്പലത്തിൽ വല്യ തിരക്കൊന്നുമില്ലായിരുന്നു ..
തൻ്റെ പൂവിലും മുഖത്തും ഇടക്കിടെ തൊട്ടു നോക്കി രസിക്കുന്ന വേദൂട്ടിയെ ഒന്നു കൂടെ ചേർത്തു പിടിച്ചു ബാല… മനസ്സിൽ പെരുമ്പറ മുഴങ്ങുന്നുണ്ട്..
“ഒരുക്കങ്ങളെല്ലാം കഴിഞ്ഞു ഇനി കെട്ടു നടത്താമെന്ന് ” ആരോ പറയുന്നത് കേട്ടപ്പോൾ
ശരീരമാകെ ഒരു വിറയൽ പടരുന്നതറിഞ്ഞു..
“താനീ ലോകത്തൊന്നുമല്ലെ .. ” എന്ന യദുവിൻ്റെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയപ്പോഴാണ് വേദൂട്ടി യദുവിൻ്റെ കയ്യിലെത്തിയത് അറിയുന്നത്..

“മോളെ.. ഇങ്ങു വാ.. ” നളിനി അമ്മായി യദുവിനരികിലവളെ നിർത്തി. അത് വരെ ഉണ്ടായിരുന്ന ധൈര്യം ചേർന്നു പോകുന്നതവൾ അറിഞ്ഞു ..
പൂജാരി നൽകിയ മഞ്ഞച്ചരടിൽ കോർത്ത താലി യദു അവളുടെ കഴുത്തിൽ ചാർത്തി .. പകപ്പോടെ അവൻ്റെ മുഖത്തേക്ക് ഉറ്റുനോക്കിയവൾ..
നെറ്റിയിൽ അവൻ്റെ വിരലുകൾ സിന്ദൂരച്ചുവപ്പ് പടർത്തിയപ്പോഴും അവൾ കണ്ണുകൾ മിഴിച്ചവനെ നോക്കി.. എത്രയൊക്കെ പറഞ്ഞു പഠിപ്പിച്ചിട്ടും നടന്നതൊന്നും അംഗീകരിക്കാനവളുടെ മനസ്സ് വിസമ്മതിച്ചു കൊണ്ടിരുന്നു..
“അമ്മേ..എക്ക് ..ന്നെ .. എക്ക് .. “വേദൂട്ടി ഹിമയുടെ കയ്യിലിരുന്നു ബഹളം വയ്ക്കാൻ തുടങ്ങി ..
ബാല പെട്ടന്ന് കുഞ്ഞിനെ തിരഞ്ഞു..
“രണ്ടാളും പരസ്പരം കൈകൾ ചേർത്തു പിടിച്ച് മൂന്നു പ്രാവശ്യം വലംവച്ച ശേഷം പുറത്തേക്കിറങ്ങാം.. ” എന്ന് പുജാരി പറഞ്ഞപ്പോൾ ബാല പക്ഷേ കുഞ്ഞിനെയാണ് നോക്കിയത്. അവളുടെ കരച്ചിൽ അത്രമേൽ ബാലയെ നോവിച്ചിരുന്നു..
യദു ഹിമയുടെ കൈയ്യിൽ നിന്നും വേദൂട്ടിയെ വാങ്ങി.. മറുകൈ ബാലയ്ക്ക് നേരെ നീട്ടിയപ്പോൾ അറിയാതെ അവളും അവൻ്റെ കൈയ്യിൽ കൈ ചേർത്തു ..

ആർഭാടമേതുമില്ലാതെ.. ബഹളങ്ങളില്ലാതെ.. യദുവിൻ്റെ വീട്ടിൽ സൗദാമ്മ നീട്ടിയ നിലവിളക്കുമായ് ബാല അകത്തേക്ക് കയറി.. പൂജാമുറിയിൽ വിളക്ക് വച്ച് കണ്ണടച്ച് കൈകൂപ്പി നിൽക്കുമ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു ..
സാരിയും ആഭരണങ്ങളും അഴിച്ചുമാറ്റിയപ്പോൾ തന്നെ വല്ലാത്തൊരാശ്വാസം തോന്നി ബാലയ്ക്ക് ..
യദു അണിയിച്ചതാലിയിലേക്കും സിന്ദൂരത്തിലേക്കും കണ്ണുകൾ നീണ്ടു .. കൈകൾ താലിയിൽ പിടിമുറുക്കി .. ആഗ്രഹിച്ചിരുന്നു ഇതു പോലെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന താലി.. ആ താലിയുടെ അവകാശിയെ പ്രാണനായ് പ്രണയിക്കുന്നത് സ്വപ്നം കണ്ടിരുന്നു..
അത് ഒരിക്കലും യദുവായിരുന്നില്ല.. അനന്തുവേട്ടനായിരുന്നെന്ന് മാത്രം.. റൂമിൽ കാലനക്കം കേട്ടപ്പോഴാണ് ബാലതിരിഞ്ഞു നോക്കിയത്.. യദുവാണ്. കല്യാണ വേഷം മാറ്റി മറ്റൊരു ഷർട്ടും മുണ്ടുമുടുത്ത് അവൻ പുറത്തേക്ക് പോയി..

ശേഖരമ്മാമ്മയും നളിനിയും ഹിമയും മാത്രമേ ഉച്ചയ്ക്ക് ഊണിനുണ്ടായിരുന്നുള്ളൂ.. ഭക്ഷണം കഴിക്കുമ്പോഴും മൗനമായ് ഇരുന്നവൾ..
വേദൂട്ടി പെട്ടന്നു തന്നെ ആ വീടുമായ് ഇണങ്ങി ..
എല്ലാവരും ഇറങ്ങാൻ നേരം ശേഖരമാമ്മ ബാലയെക്കൂട്ടി പുറത്തേക്കിറങ്ങി ..
“എന്താ മോളെ മുഖമെല്ലാം വല്ലാതിരിക്കണെ.. ഇനിയും ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ.. യദു
മോളെ നന്നായി നോക്കും.വേദമോൾക്ക് അവൻ നല്ലൊരു അച്ഛനായിരിക്കും.. മാമ്മയ്ക്ക് നല്ല ഉറപ്പുണ്ട്.. മോള് എല്ലാം മനസ്സിലാക്കണം.. ജീവിതം പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് പോലെ ആവണമെന്നില്ലല്ലോ .. “ശേഖരമാമ്മയത് പറഞ്ഞപ്പോഴേക്കും ബാല അയാളുടെ നെഞ്ചിലേക്ക് വീണ് കരഞ്ഞിരുന്നു.. അയാളവളെ ചേർത്തുപിടിച്ചു..ഒരച്ഛനെന്ന പോലെ ..

“വേദൂട്ടി നമുക്ക് പോയാലോ.. ” സൗദാമ്മയുടെ കയ്യിലിരിക്കുന്ന വേദമോളോട് ഹിമ ചോദിച്ചു.
“നാനില്ല.. നാനി)വിദെയാ.. ച്ചാ ..കൂടെ..” യദുവിനെ നോക്കിയവൾ പറഞ്ഞു.
“അച്ഛേനെ കിട്ടിയപ്പോ ഞങ്ങളെയൊന്നും വേണ്ടാലേ കുറുമ്പീ.. ” ഹിമ അവളോട് പറഞ്ഞു.

“ൻ്റെ..ച്ചാ ..” എന്നും വിളിച്ച് യദുവിൻ്റെ നേരെ കൈ നീട്ടി വേദമോൾ.. അവളെ വാങ്ങി കവിളിൽ താടിയുരുമ്മുമ്പോൾ ഇക്കിളി കൊണ്ട് കിലുകിലെ ചിരിച്ചവൾ..
എല്ലാവരും പോയപ്പോൾ സൗദാമ്മയുടെ മടിയിൽ വെറുതെ കിടന്നു ബാല.. അവരുടെ വിരലുകൾ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു..

“മോളുറങ്ങി.. “യദുവിൻ്റെ ശബ്ദം കേട്ടാണവൾ തലയുയർത്തിയത് ..
കുഞ്ഞിനെ വാങ്ങി റൂമിൽ കിടത്തി തിരിയുമ്പോൾ അരികിൽ യദുവുണ്ടായിരുന്നു ..
“കുറച്ച് സംസാരിക്കാനുണ്ടായിരുന്നു .. ” യദു പതിയെ പറഞ്ഞു.
എന്തെന്ന ഭാവത്തിൽ ബാലയവനെ നോക്കി.
“താനിങ്ങനെ മിണ്ടാതെ നടക്കുന്നത് എന്തിനാണെന്നറിയില്ല .. ചില സമയങ്ങളിൽ ഈ മൗനം വല്ലാത്തൊരു വേദനയാണെടോ.. തനിക്കൊന്ന് മനസ്സ് തുറന്ന് സംസാരിച്ചൂടെ.. ഒരു നല്ല സുഹൃത്തായിട്ടെങ്കിലും ” പ്രതീക്ഷയോടെ പറയുന്നവനെ നോക്കി മെല്ലെ പുഞ്ചിരിച്ചവൾ..
” ഞാൻ..ശ്രമിക്കാം .. ” എന്നു പറഞ്ഞപ്പോൾ അവൻ്റെ മുഖത്തൊരു ചെറുപുഞ്ചിരി വിടർന്നിരുന്നു..
മുറിയിൽ നിന്നുമിറങ്ങി പോവുന്ന യദുവിനെ കാണുമ്പോൾ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നിരുന്നു..
വിവാഹം കഴിഞ്ഞെന്നറിമ്പോൾ പലർക്കും മറുപടി പറയേണ്ടി വരില്ലേ .. ജോലി സ്ഥലത്തും ചോദ്യങ്ങളുണ്ടാവും.. കുഞ്ഞിനെക്കുറിച്ചും അറിയേണ്ടി വരും.. മറ്റുള്ളവർക്ക് മുൻപിൽ തല കുനിക്കേണ്ടി വരില്ലേ.. എന്നിട്ടും എന്തിനാവും മോളെ ഇത്രയേറെ സ്നേഹിക്കുന്നത് .. വിവാഹത്തിന് സമ്മതിച്ചത് .. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളെ തളർത്തിയിരുന്നു ..

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here