Home Abhijith Unnikrishnan എന്ത് മനുഷ്യനാടോ നീയൊക്കെ ഇന്നലെ ഈ കൈ കൊണ്ടല്ലേ കെട്ടിപിടിച്ചേ.. അതിന്റെ ഒരു നന്ദിയെങ്കിലും… Part...

എന്ത് മനുഷ്യനാടോ നീയൊക്കെ ഇന്നലെ ഈ കൈ കൊണ്ടല്ലേ കെട്ടിപിടിച്ചേ.. അതിന്റെ ഒരു നന്ദിയെങ്കിലും… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Abhijith Unnikrishnan

പ്രിയം 2.0 ( ഭാഗം- മൂന്ന് )

ശരി കേൾക്കട്ടെ എന്തൊക്കെയാ നിന്റെ കണ്ടീഷൻസ്..
ഉണ്ണി രശ്മിയുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു..

ഉണ്ണിയുടെ അടുത്തായി രശ്മി ഇരുന്നു.
അത്ര വലിയ ഭാരമുള്ളതൊന്നുമല്ല ചെറിയ രണ്ട് മൂന്ന് കാര്യങ്ങൾ..

ഉണ്ണി ചിരിച്ചു..
ആദ്യം കേൾക്കട്ടെ എന്നിട്ട് ഞാൻ പറയാ ഭാരമുണ്ടോ ഇല്ലയോന്ന്…

എന്നാൽ കേട്ടോ… നിന്റെ ഏട്ടൻ എന്റേതായിരിക്കണം…

ഉണ്ണി വീണ്ടും ചിരിച്ചു..
അതിലെന്താ സംശയം കല്യാണം കഴിഞ്ഞാൽ രശ്മിക്ക്‌ സ്വന്തമായല്ലോ…

അവൾ ഉണ്ണിയുടെ തോളിൽ കയ്യിട്ടു..
അവിടെയാണ് നിനക്ക് തെറ്റിയത്… അങ്ങനെ സ്വന്തമാക്കാനല്ല… നിന്റെ ഏട്ടൻ എന്റെ മാത്രം സ്വന്തമാവുന്നതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്..

ഉണ്ണി രശ്മിയെ ഒന്ന് നോക്കിയിട്ട്…
അടുത്തത്..

ഇതിന് അഭിപ്രായമൊന്നും പറഞ്ഞില്ല…
രശ്മി ഉണ്ണിയുടെ ഭാവമാറ്റത്തിൽ സംശയം തോന്നി ചോദിച്ചു..

അവസാനം എല്ലാം ചേർത്ത് പറഞ്ഞോളാം നീ അടുത്തത് പറ..

രശ്മി വീണ്ടും ഉണ്ണിയുടെ അരികിലേക്കിരുന്നു..
എനിക്ക് അമ്മയുടെ ഓപ്പറേഷനൊക്കെ ആയി കുറെ കാശ് ചിലവായിട്ടുണ്ട്, എന്നെ കൊണ്ട് നിലവിൽ കിട്ടുന്ന ശമ്പളം കൊണ്ട് ഒന്നും നടക്കില്ല..

അതിനാൽ ഏട്ടൻ ആ ലോൺ അടക്കണമായിരിക്കും..
ഉണ്ണി ഇടയിൽ കയറി പറഞ്ഞു..

രശ്മി ചിരിച്ചു..
അവിടെയും നിനക്ക് തെറ്റി… എനിക്ക് ഒരു ജോലി കൂടി കൂട്ടത്തിൽ നിന്റെ ഏട്ടൻ വാങ്ങി തരണം.

ഇവനെന്താ മന്ത്രി വല്ലതുമാണോ ചോദിക്കുമ്പോഴേക്കും ജോലി കിട്ടാൻ..

രശ്മി ഉണ്ണിയുടെ തോളിലൊന്ന് തട്ടി..
മന്ത്രിയൊന്നും ആവണ്ട, നല്ലൊരു കമ്പനിയിലല്ലേ ജോലി ചെയ്യുന്നേ അവിടെ ചോദിച്ചാൽ ഒരു ഒഴിവ് എന്തായാലും കിട്ടും..

രശ്മി ഉണ്ണിയുടെ മുഖമൊന്ന് തിരിച്ചു..
എന്ന് ഞാൻ പറയുന്നത് അപേക്ഷയല്ല ഓർമ്മ വേണം..

തീർന്നോ…
ഉണ്ണി അവളുടെ മുഖത്തെ ഭാവം മാറ്റാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു..

തീർന്നില്ല…

എന്നാൽ രശ്മി ഒരു കാര്യം ചെയ്യ് ഒരു പേനയും പേപ്പറും എടുത്ത് എഴുതി താ ഞാൻ സൗകര്യം പോലെ വീട്ടിൽ പോയിരുന്ന് വായിച്ചോളാം…

അടുത്തത് കേട്ടോ… നിങ്ങളുടെ അമ്മയെ നോക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്.. അതുകൊണ്ട്…

അതുകൊണ്ട്…
ഉണ്ണി ആകാംക്ഷയോടെ കാതോർത്തു..

അതുകൊണ്ട് ഉണ്ണിക്കും അവകാശമുണ്ടല്ലോ ഉണ്ണിയും വീട്ടിൽ കൊണ്ടുപോയി നോക്കണം..

എന്റെ അമ്മയല്ലേ ഞാൻ നോക്കിക്കോളാം…

രശ്മി വേറെ എന്തേലും പറയുന്നതിന് മുന്നേ ഉണ്ണി മതിയെന്ന് പറഞ്ഞു നിർത്തി..
കുറച്ച് തിരക്കുണ്ട് രശ്മി വൈകുന്നേരം എന്നെ ഫോണിൽ വിളിക്കാവോ..

ഓ അതിനെന്താ അനിയൻ ചെല്ല് ഞാൻ വൈകുന്നേരം വിളിക്കാം…

ആയിക്കോട്ടെ..
ഉണ്ണി കിട്ടിയ തക്കത്തിന് എഴുന്നേറ്റു, രതീഷ് രശ്മിയെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ..
ഹോ ഇവിടെ ഒരുത്തന് ഇത്രേം കേട്ടതൊന്നും പോരെ..

രതീഷ് ഉണ്ണിയെ നോക്കി..
നീ അവളോടൊന്നും പറയുന്നില്ലേ..

എനിക്ക് ആലോചിക്കണം ഏട്ടൻ എഴുന്നേറ്റ് വണ്ടിയെടുക്ക്..

പോവാൻ നേരം രശ്മി ഉണ്ണിയുടെ അരികിലേക്ക് ചെന്ന് മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു..
ഉണ്ണിക്ക് എപ്പോഴേലും ഞാൻ ഗായത്രി ആണെന്ന് തോന്നിയിട്ടുണ്ടോ…

ഇല്ല ഒരിക്കലുമില്ല..

അങ്ങനെ തോന്നരുത്..
രശ്മി മുഖത്തെ ചിരി മായ്ച്ചുകൊണ്ട് പറഞ്ഞു..

ഉണ്ണി രതീഷിനെയൊന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു..

രതീഷ് മനസ്സില്ലാമനസ്സോടെ പുറത്തിറങ്ങി കാർ എടുത്ത് റോഡിലേക്കിറക്കി, കുറച്ച് ദൂരം പിന്നിട്ടപ്പോൾ കാർ സൈഡിലേക്ക് ഒതുക്കി, ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു..
അല്ല നിന്റെ പ്ലാനെന്താ..

എന്ത് പ്ലാൻ..
ഉണ്ണി കാര്യം മനസ്സിലാവാതെ രതീഷിനെ നോക്കി..

അവളെ എനിക്ക് കെട്ടിച്ചു തരാൻ വല്ല ഉദ്ദേശവുമുണ്ടോ…

ആര് പറഞ്ഞു കെട്ടണ്ടാന്ന് പക്ഷെ അവള് പറയുന്നത് കേൾക്കുമ്പോൾ പേടിയാവുന്നു…

എനിക്ക് പേടിയില്ലല്ലോ..

ഏട്ടന് പേടി കാണില്ല, പേടിക്കണേൽ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് ഇടയ്ക്ക് അവള് പറയുന്നതുകൂടി കേൾക്കണമായിരുന്നു…

അല്ല മുഴുവൻ കേട്ട നീയൊന്നും മിണ്ടിയില്ലല്ലോ അതെന്താ… നിന്നെ ഞാൻ കാര്യങ്ങൾ സംസാരിക്കാനല്ലേ കൊണ്ടുവന്നത് അല്ലാതെ അവളുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കാനല്ലല്ലോ…

എന്റെ ഏട്ടാ ഒന്ന് മിണ്ടാതെയിരിക്ക് ഞാനൊന്ന് ആലോചിക്കട്ടെ…

രതീഷ് മൂഡ് ഓഫായി കാർ സ്റ്റാർട്ടാക്കി, വഴി നീളെ പിന്നെയൊന്നും മിണ്ടാൻ നിന്നില്ല, വീടിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഉണ്ണി ഇറങ്ങി രതീഷിനരുകിലേക്ക് ചെന്നു..
ഏട്ടൻ എനിക്ക് കുറച്ച് സമയം താ ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ..

ഉം…
രതീഷോന്ന് മൂളി..

ഉണ്ണി തിരിഞ്ഞ് വീടിനുള്ളിലേക്ക് നടന്നു, അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..
ഹലോ എന്താണ് രണ്ടുപേരും കൂടിയൊരു ചർച്ച..

പെട്ടെന്ന് ഉണ്ണിയുടെ ശബ്ദം കേട്ടപ്പോൾ ഗായത്രി ഞെട്ടി, തിരിഞ്ഞു നോക്കിയിട്ട്..
നീ എന്റെ ഉള്ള ജീവൻ കളയോ…

എടത്തിയമ്മ എവിടെ ആലോചിച്ചോണ്ട് നിൽക്കാ, ഞാൻ വരുന്ന അനക്കമൊന്നും കേട്ടില്ലേ..
ഉണ്ണി ഇടംകണ്ണിട്ട് പ്രിയയെ ഒന്ന് നോക്കിയിട്ട്..
അല്ല ഇവിടെ വലിയ ചെവിയുള്ള ഒരാളുണ്ടല്ലോ ആ വ്യക്തിയും കേട്ടില്ലാന്നൊക്കെ പറഞ്ഞാൽ..

പ്രിയ ഉണ്ണിയുടെ പറച്ചിൽ കേട്ട് അവന് നേരെ തിരിഞ്ഞ് നിന്നു..
ഞാൻ ഇപ്പോൾ നിന്നോട് കേട്ടില്ലാന്ന് പറഞ്ഞോ..

ഉണ്ണി അവളുടെ അരികിൽ നിന്ന് മാറി ഗായത്രിയുടെ അടുത്തേക്ക് നീങ്ങി നിന്നു..
ഇവളുടെ ദേഹത്ത് വല്ല ഭൂതവും കയറിയോ രാവിലെ തൊട്ട് ചൂടിലാണല്ലോ..

പ്രിയ ചിരിച്ചു കൊണ്ട്…
ഭൂതമല്ല യക്ഷി യക്ഷി…

അതെനിക്ക് തോന്നി ആ വെള്ള കളർ യൂണിഫോമിട്ടപ്പോൾ ഞാൻ വിചാരിച്ചത് മാലാഖയാണെന്നാ…

തമാശിക്കല്ലെടാ പാതി കെട്ടിയോനെ, രാത്രി ആരാ ഭൂതവും യക്ഷിയുമൊക്കെയായിട്ട് വരുന്നതെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു കൊടുക്കണോ…

ഉണ്ണി അവളെയൊന്ന് നോക്കി..
ഒറ്റ വാക്ക് കൊണ്ട് നീയെന്നെ നിന്ന നിൽപ്പിൽ ഭസ്മമാക്കി കളഞ്ഞല്ലോടി മഹാപാപി….

ഗായത്രി ഉണ്ണിയെ തട്ടി..
ഉം.. നല്ല കുട്ടിയാണെന്നാ വിചാരിച്ചേ… ഞാൻ പറഞ്ഞാൽ കേൾക്കില്ലാന്നുണ്ടോ..

ഉണ്ണി ഗായത്രിയുടെ കയ്യിൽപിടിച്ചു..
സത്യമായിട്ടും ഇവളുപറയുന്നത് വിശ്വസിക്കരുത്…ഞാൻ ഇടയിൽ വെള്ളം കുടിക്കാൻ പോയപ്പോൾ ഇവളും അവിടെ നിൽക്കുന്നു അങ്ങനെ കണ്ടതാ…അല്ലാതെ വേറൊന്നുമില്ല.

പ്രിയ അരികിലേക്ക് വന്നിട്ട്..
രാത്രിയിൽ ഒരാള് എത്ര തവണ വെള്ളം കുടിക്കുമെന്ന് ചോദിക്ക് ചേച്ചി…

ഉണ്ണി പ്രിയയെ ചേർത്തുപിടിച്ച് നുള്ളി..
കുറെ നേരമായി തുടങ്ങിയിട്ട്..

ആ വേദനിക്കുന്നു… ചേച്ചി നോക്ക്..

മതി ഉണ്ണി അവൾക്ക് വേദനിക്കുന്നുണ്ടാവും..
ഗായത്രി ഉണ്ണിയുടെ കൈ വിടുവിച്ചു..

പ്രിയ കൈ തഴുവികൊണ്ട്..
എന്ത് മനുഷ്യനാടോ നീയൊക്കെ ഇന്നലെ ഈ കൈ കൊണ്ടല്ലേ കെട്ടിപിടിച്ചേ.. അതിന്റെ ഒരു നന്ദിയെങ്കിലും…

ഗായത്രി ചിരിച്ചിട്ട് പുറത്തേക്കിറങ്ങി..
നിങ്ങളായി നിങ്ങളുടെ പാടായി ഞാൻ പോയിട്ട് എന്റെ പണി നോക്കട്ടെ…

ഉണ്ണി പ്രിയയുടെ അരികിലേക്ക് ചെന്ന് കയ്യിൽ നോക്കി..
ശരിക്കും വേദനിച്ചോ..

ഏയ് നല്ല സുഖം..

അയ്യോ കയ്യൊക്കെ ചുവന്നല്ലോ..
ഉണ്ണി അവളുടെ കൈ തഴുകികൊണ്ട് മുഖത്തേക്ക് നോക്കി..

അതുവിട് പുറത്ത് പോവാന്ന് പറഞ്ഞിട്ട് എന്തേ വൈകി വന്നേ…

അതുപിന്നെ പോയ കാര്യം ശരിയായില്ല ഞാൻ ദേഷ്യം വന്നപ്പോൾ ഇട്ടിട്ട് പോന്നു..

ആണോ അപ്പോൾ നീ പെണ്ണുകാണാനല്ലേ പോയെ…

അതിന് തന്നെയാ പോയത് ഇവിടെ വന്നപ്പോഴാ ഓർമ്മ വന്നതെന്ന് മാത്രം..

പ്രിയ ഉണ്ണിയുടെ മുഖത്തുകൂടി തൊട്ടുനോക്കി..
വെയിലുകൊണ്ട് ക്ഷീണിച്ചല്ലോ..

അതു നിനക്ക് തോന്നുന്നതാ… അല്ല പെട്ടെന്നെന്താ ഒരു സ്നേഹം…

അതുപിന്നെ എന്റെ കെട്ടിയോനല്ലേ ഇടയ്ക്ക് എനിക്ക് ഓർമ്മ വരുമ്പോൾ ഞാൻ സ്നേഹിക്കും..

എന്തായാലും സ്നേഹം വന്ന സ്ഥിതിക്ക് ഞാനൊരു ഉമ്മ വെക്കട്ടെ..

നിനക്കാരേലും ഉമ്മയിൽ കൈവിഷം തന്നിട്ടുണ്ടോടാ… എപ്പോ ചാൻസ് കിട്ടിയാലും ഇതുതന്നെയാണല്ലോ..

പറ്റുമെങ്കിൽ മതി ഇല്ലേൽ ഇന്ന് വൈകുന്നേരം നടന്ന് പൊയ്ക്കോ..

ഓ എന്റെ കുട്ടി പേടിപ്പിക്കല്ലേ ഞാൻ ഇത് വരെയും ഒറ്റക്ക് തന്നെയാ പോയിരുന്നത്..

എന്നാൽ ഇന്നും അങ്ങനെ പൊയ്ക്കോ…
ഉണ്ണി പ്രിയയെ വിട്ട് മുറിയിലേക്ക് നടന്നു..

ഉണ്ണി നിൽക്ക് പ്ലീസ്..
പ്രിയ പുറകെ നടന്നെങ്കിലും ഉണ്ണി മുറിയിൽ കയറി കതകടച്ചു..

വൈകുന്നേരം ഗായത്രി റെഡിയായി വന്ന് ഉണ്ണിയുടെ മുറിയുടെ കതകിൽ തട്ടി, വാതിൽ തുറന്നപ്പോൾ ഗായത്രി ഉണ്ണിയുടെ മുഖത്തേക്കൊന്ന് നോക്കി..
നീയെന്താ ഈ നേരത്ത് കിടന്നുറങ്ങാണോ..

ഏയ്‌ ഉറങ്ങൊന്നുമല്ല ഓരോന്ന് ആലോചിച്ചിരിക്കായിരുന്നു…

എന്നാൽ ആലോചന മതിയാക്കിയിട്ട് ഞങ്ങളെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി വിട് സമയമായി..

ഒരു അഞ്ചുമിനിറ്റ്..
ഉണ്ണി പെട്ടെന്ന് റെഡിയായി പുറത്തേക്കിറങ്ങി, വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ ഗായത്രി പുറകിലേക്ക് കയറി, പോവുന്ന വഴിയിൽ ഗായത്രി കണ്ണാടിയിലൂടെ ഉണ്ണിയുടെ മുഖം നോക്കി…
നീ എന്തിനാ വിഷമിച്ചിരിക്കുന്നെ..

ഉണ്ണി പെട്ടെന്ന് തിരിഞ്ഞു നോക്കിയിട്ട്..
എനിക്കോ എന്ത് വിഷമം… എടത്തിയമ്മക്ക് വെറുതെ തോന്നുന്നതാ..

അവളൊരു പാവമല്ലെടാ… നീ തമാശക്കാണേലും വെറുതെ എന്തിനാ അതിനെ വേദനിപ്പിക്കുന്നെ…

അത് വേണംവെച്ചിട്ടല്ലല്ലോ എടത്തിയമ്മ അറിയാതെ പറ്റുന്നതല്ലേ, അറിഞ്ഞുകൊണ്ട് അവളുടെ ദേഹം നോവാൻ വേണ്ടി ഞാനെന്തേലും ചെയ്യോ..

സോറി നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, അവളും നിന്നെ പോലെ ഒരു മൂലയിൽ ഇരിക്കുന്നുണ്ടായിരുന്നു അത് ഓർത്തപ്പോൾ പറഞ്ഞെന്നേയുള്ളൂ..

സംസാരത്തിനിടയിൽ ഹോസ്പിറ്റലിലെത്തി, ഗായത്രി ബൈക്കിൽ നിന്നിറങ്ങി ഉണ്ണിയെ നോക്കികൊണ്ട്..
ഞാൻ വേണേൽ ഇവിടെ തന്നെ നിൽക്കാ ചേച്ചിയുടെ കുട്ടി അവളെ കൂട്ടികൊണ്ട് വന്ന് ഇവിടെ വിട്ടേക്ക്..

ഉണ്ണിയൊന്ന് ചിരിച്ചു..
എടത്തിയമ്മ മുകളിൽ പൊയ്ക്കോ ഞാൻ വിളിച്ചിട്ട് വരാ…

ഉം ഓക്കേ..
ഗായത്രി അകത്തേക്ക് നടന്നു..
ഉണ്ണി ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു, വാതിൽക്കൽ തന്നെ പ്രിയ നിൽക്കുന്നുണ്ടായിരുന്നു, ഉണ്ണി അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി, പ്രിയ കുറച്ച് നേരം വെയിറ്റ് ചെയ്തിട്ടും ഉണ്ണിയെ കാണാഞ്ഞപ്പോൾ അകത്തേക്ക് വന്നിട്ട്…
അറ്റ്ലീസ്റ്റ് ബസ്സ്റ്റോപ്പ് വരെയെങ്കിലും കൊണ്ടാക്കോ..

അതെന്താ നീ ഹോസ്പിറ്റലിൽ പോവുന്നില്ലേ..

തമാശ വിട്… എന്നെ ഡ്രോപ്പ് ചെയ്യോ ഇല്ലേ പറ..

ഉണ്ണി എഴുന്നേറ്റ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പ്രിയയെ നോക്കി..
ഒരു കാര്യമുണ്ട് സാധിച്ചു തരോ..

എന്താണ് ഉമ്മ വേണോ…

അതൊന്നും വേണ്ട നീയാദ്യം കയറ് ബാക്കിയൊക്കെ ഞാൻ പറഞ്ഞു തരാം..

പ്രിയ പുറകിലേക്ക് കയറിയപ്പോൾ ഉണ്ണി വണ്ടി മുന്നോട്ടെടുത്തു, ഹോസ്പിറ്റലിന് മുന്നിൽ നിർത്തി, അവളുടെ പുറകെ മുകളിലേക്ക് നടന്നു, നഴ്സിംഗ് സ്റ്റേഷനിൽ ഗായത്രി ഇരുവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു, പ്രിയ ഉണ്ണിയെയൊന്ന് നോക്കിയിട്ട് അകത്തേക്ക് പോയി, ഗായത്രി ഉണ്ണിയുടെ അരികിലേക്ക് വന്ന് അവന്റെ കൈപിടിച്ച് മാറ്റി നിർത്തി..
നീ ഇങ്ങോട്ട് വാ ചോദിക്കട്ടെ..

ഉണ്ണി കാര്യം മനസ്സിലാവാതെ…
എന്താ എടത്തിയമ്മ…

പോയ കാര്യമെന്തായി…?

ഏത് പെണ്ണുകാണലോ… അതൊന്നും പറയണ്ട അവള് കല്യാണത്തിന് മുന്നേ ഒരു ലിസ്റ്റ് കണ്ടീഷനൊക്കെയാ പറയുന്നേ….

ഗായത്രിയൊന്ന് ചിരിച്ചു..
എന്നാ ഞാനൊരു ഐഡിയ പറയട്ടെ.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here