Home Article കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ ഒരു യുവാവിന്റെ കണ്ണീർ വീണ ജീവിതവും തുടർന്നുള്ള മരണവും ആരും...

കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ ഒരു യുവാവിന്റെ കണ്ണീർ വീണ ജീവിതവും തുടർന്നുള്ള മരണവും ആരും മറക്കാനിടയില്ല….

0

രചന : Dr. Anuja Joseph

‘മനുഷ്യത്വം’ വിലയ്ക്ക് വാങ്ങാനാകില്ല . തന്റെ മുന്നിലേക്ക്‌ വരുന്ന ഓരോ വ്യക്തിയിലും അവനവനെ കാണാൻ കഴിയണം. എനിക്ക് വേദനിക്കുന്നതു പോലാണ് അവനും, എനിക്ക് നീതി കിട്ടാതിരിക്കുന്നതും ഞെരുക്കപ്പെടുമ്പോഴും ഉണ്ടാകുന്ന മനസ്സിന്റെ ദെണ്ണവും ഒരുപോലാണെന്നും ചിന്തിക്കാൻ കഴിയണം.

ജീവിക്കാനുള്ള ആരുടെയും അവകാശം നിഷേധിക്കാൻ അധികാരമില്ലെന്നു ഏതു സ്ഥാനത്തിരിക്കുന്നവരായാലും തിരിച്ചറിയണം. കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ ഒരു യുവാവിന്റെ കണ്ണീർ വീണ ജീവിതവും തുടർന്നുള്ള മരണവും ആരും മറക്കാനിടയില്ല.

തന്നെ ജീവിക്കാൻ ഇവിടാരും അനുവദിക്കുന്നില്ലെന്നു ഉള്ളു നീറി ഈ സമൂഹത്തോട് ആ യുവാവ് പങ്കുവച്ചപ്പോൾ, ആ വേദന ഏറ്റുവാങ്ങിയവരാണ് നമ്മളോരോരുത്തരും.

തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയാണെന്നും പറയുന്ന വീഡിയോ സമൂഹ മനസ്സാക്ഷിക്കു നേരെ ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ നാട്ടിൽ നടന്ന ഒരു സംഭവം ഓർത്തു പോകുന്നു.
അയലുവക്കത്തെ വീട്ടിൽ തെങ്ങിൻ ചുവട്ടിൽ കള്ളൻ എന്നോരോപിച്ചു ഒരു മനുഷ്യനെ കൈയും കാലും ബന്ധിച്ചു നിർത്തിയിരിക്കുന്നു,

പാതിരാത്രിയിൽ ആ ഭാഗത്തുള്ള എല്ലാവരും കള്ളനെന്നാരോപിച്ച വ്യക്തിക്കു ചുറ്റിലും കാഴ്ചക്കാരായി നിൽപ്പുണ്ട്, കൂട്ടത്തിൽ ആൾക്കാർക്കിടയിൽ താനൊരു ധീരനാണെന്നു സ്ഥാപിച്ചെടുക്കാൻ തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന മനുഷ്യന്റെ ശരീരത്തിൽ ചിലർ അടിക്കുകയും തൊഴിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ടായിരുന്നു.

വീടിന്റെ പിന്നാമ്പുറത്തു നിന്നു പാത്രം മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ഓരോരുത്തർ അവരവരുടെ കൈക്കരുത്തു തന്റെ മേൽ തീർക്കുമ്പോഴും അയാൾ തല താഴ്ത്തി നിശബ്ദനായി നിന്ന ആ കാഴ്ച മനസ്സിൽ വേദന പടർത്തിയിരുന്നു. തുടർന്നു പോലീസുകാരെത്തി അയാളെ കൊണ്ടു പോകുകയും ചെയ്തു.
അയാൾ തെറ്റു ചെയ്തോ ഇല്ലയോ എന്നായിരുന്നില്ല എന്റെ ചിന്ത,ഒരു മനുഷ്യനായി അയാളെ പരിഗണിക്കാൻ, വേദനിപ്പിക്കാതിരിക്കാൻ ആ കൂട്ടത്തിലെ ഒരാൾക്ക് പോലും തോന്നിയില്ലല്ലോ എന്നായിരുന്നു.

കൊടുംക്രൂരത കാണിച്ചു നടക്കുന്നവർ നിർഭയമായി സമൂഹത്തിൽ നടക്കുമ്പോൾ, തങ്ങളുടെ നിസ്സഹായതയിൽ
തെറ്റുകാരാക്കപ്പെടുന്നവരുടെ ജീവനെടുക്കാൻ എന്തവകാശമാണുള്ളത്.

എന്തു പറഞ്ഞാലും തങ്ങൾ മാത്രം ശരിയാണെന്നു ചിന്തിക്കുന്ന ഒരു കൂട്ടരുണ്ട്.മറ്റുള്ളവരുടെ വേദന തങ്ങൾക്കൊരു പ്രശ്നവുമല്ലെന്നു കരുതുന്ന സ്വർത്ഥത ലാക്കാക്കിയവർ.

അധികാരസ്ഥാനത്തായാലും അല്ലെങ്കിലും ഒന്നു തിരിച്ചറിയുക,
ഇന്നു ഞാനെങ്കിൽ നാളെ നീയും, നിനക്കും ഈ അവസ്ഥ വന്നു കൂടായ്ക ഒന്നുമില്ല,അതൊരു പ്രപഞ്ച സത്യമാണ്. പീഡനമെന്നത് ശരീരത്തിലെ മുറിവ് മാത്രമല്ല, മനസ്സിനേൽക്കുന്ന ആഘാതവുമാണെന്ന് തിരിച്ചറിയുക.

എവിടെയായാലും മനുഷ്യരെ തിരിച്ചറിയാത്തവരായി മാറുന്ന ജനത, കേവലം മനുഷ്യരെന്നു നടിക്കുന്നവർ നാടിന്റെ ശാപമാണെന്നു നിസ്സംശയം പറയാം.ഇനിയും ഒട്ടേറെ ചോദ്യങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കടന്നു പോയവർക്കായി,
ആരുടെയും ജീവൻ തിരിച്ചു നൽകാൻ നമുക്ക് കഴിയില്ല, ജീവനെടുക്കാതിരിക്കാനെങ്കിലും ശ്രമിച്ചൂടെ. മാറ്റം വരണം നമ്മുടെ ചിന്തകളിൽ, പ്രവൃത്തിയിൽ.

Dr. Anuja Joseph
Trivandrum.

LEAVE A REPLY

Please enter your comment!
Please enter your name here