Home Latest ഇയാളും അമ്മ പറഞ്ഞതോണ്ട് മൂളിയതല്ലേ.. പിന്നെ കടപ്പാടും സഹതാപവും.. Part – 13

ഇയാളും അമ്മ പറഞ്ഞതോണ്ട് മൂളിയതല്ലേ.. പിന്നെ കടപ്പാടും സഹതാപവും.. Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

യാദവം Part – 13

രചന : രജിഷ അജയ് ഘോഷ്

“ഒരാഴ്ച്ചകഴിഞ്ഞാൽ അവൻ നിൻ്റെ ഭർത്താവാണ് .. അയാള് എന്നൊക്കെ പറയാമോ.. ” ശേഖര മാമ്മ പറഞ്ഞപ്പോഴാണവൾ അതോർത്തത്..
എത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാവാത്ത മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നവൾ.. “ഇമേം വാ.. “ഡ്രസ്സ് മാറ്റിക്കഴിഞ്ഞപ്പോൾ ഹിമയെ പിടിച്ച് വലിച്ച് പറയുന്നുണ്ട് വേദമോൾ..

പുറത്ത് കാർ വന്ന് നിൽക്കുന്നതിൻ്റെ ശബ്ം കേട്ടപ്പോൾ തന്നെ മനസ്സിലൊരു വിങ്ങൽ തോന്നി ബാലയ്ക്ക്..
“റെഡിയായോ മോളെ.. ” സൗദാമ്മയുടെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയൊന്നു ചിരിച്ചവൾ.

” പോയിട്ട് വാ.. ” വാത്സല്യത്തോടെ അവളെ തലോടിക്കൊണ്ടവർ പറഞ്ഞതും അവരെ കെട്ടിപ്പിടിച്ചു കരഞ്ഞുപോയി.

“എന്താ മോളെ.. എന്തിനാ കരയണേ.. ” വെപ്രാളത്തോടെയവർ ചേദിച്ചു.

“സുജാമ്മേ ഓർത്തു പോയി .. “ബാല വിതുമ്പലോടെ പറഞ്ഞു.

“അമ്മ തന്നെയാണ്.. ബാലമോളുടെ അമ്മ .. പിന്നെ വേദൂട്ടിയുടെ അച്ഛമ്മ ..” അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുണ്ടു ചേർത്തു സൗദാമ്മ.
സന്തോഷത്താൽ ഒന്നൂടെ അവരെ കെട്ടിപ്പിടിച്ചു ബാല..

“അമ്മ കയ്യണ്ട ..നാനും കയ്യും..” വിതുമ്പിക്കൊണ്ട് വേദൂട്ടി പറയുന്നത് കേട്ട്‌ ബാലയവളെ വാരിയെടുത്തു.

” അമ്മ കരഞ്ഞീലല്ലോ .. വേദൂട്ടിക്ക് തോന്നീതാ.” ബാല കൊഞ്ചലോടെ പറഞ്ഞു..
സംശയത്തോടെ ബാലയുടെ മുഖത്താകെ കുഞ്ഞിക്കൈ കൊണ്ട് തൊട്ട് നോക്കി.. പിന്നെയവളുടെ തോളിലേക്ക് ചാഞ്ഞു്..

മുറ്റത്തിറങ്ങിയപ്പോൾ യദുവിനെക്കണ്ടതും ബാലയുടെ കയ്യിൽ നിന്നുമിറങ്ങി ഓടി അവനടുത്തെത്തി..

“കുഞ്ഞൂ.. റ്റാ റ്റാ പോവാം.. “കൊഞ്ചിച്ചു കൊണ്ടവൻ പറഞ്ഞതും അവൻ്റെ കൈകളിലേക്ക് ചാടി..

” കുറുമ്പിപ്പെണ്ണ്.. റ്റാ റ്റാന്ന് പറഞ്ഞപ്പോ ഇവിടാരേം വേണ്ടാലേ..” ഹിമ പുന്നാരത്തോടെ പറഞ്ഞു..

“മാമ കൂടെ പോവാ.. അമ്മേം വാ.. “വേദൂട്ടി പറഞ്ഞു.

“മാമയല്ല വേദൂട്ടി.. അച്ഛയാണ് .. വേദൂട്ടീടെ അച്ഛൻ..” ഹിമ പറഞ്ഞതും ഒന്നും മനസ്സിലാവാതെയാകുരുന്ന് യദുവിനെ നോക്കി.. ഒരു നിമിഷം അവനും പതറി..
എല്ലാവരും പെട്ടന്ന് നിശബ്ദരായി..

എല്ലാ മുഖഭാവങ്ങളും കണ്ടതും പറയേണ്ടിയിരുന്നില്ലെന്ന് തോന്നി ഹിമയ്ക്ക് ..
” ഞാൻ വെറുതെ .. ” വാക്കുകൾക്കായവൾ
പരതവെ ,
” ഹിമ പറഞ്ഞതാ ശരി.. അച്ഛാന്ന് വിളിച്ചേ.. ” സൗദാമ്മ പറഞ്ഞു.

“ച്ചാ ..” യദുവിനെ നോക്കിയാ കുഞ്ഞിചുണ്ടു മന്ത്രിച്ചതും യദു അവളെ ചേർത്ത് പിടിച്ച് കവിളിൽ മുത്തി.. എന്തിനെന്നറിയാതെ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ബാലയപ്പോഴും തറഞ്ഞു നിന്നു..
” അച്ചമ്മേടെ കുട്ടി പോയിട്ട് വേഗം വരണം ട്ടോ..” വേദയ്ക്കൊരുമ്മ കൊടുത്ത് കൊണ്ട് സൗദാമ്മ പറഞ്ഞു.

“ഇനി വൈകണ്ട.. ഇറങ്ങിക്കോളൂ.. ” ശേഖരമാമ്മ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി..

വേദൂട്ടിയേം മടിയിൽ വച്ച് പുറത്തേക്ക് നോക്കിയിരുന്നവൾ.. യദുവിനെ നോക്കാൻ വല്ലാത്ത മടി തോന്നിയവൾക്ക്. കവലയിൽ എത്തിയപ്പോൾ കാറെന്നു നിർത്തിയപ്പോഴാണ് നോക്കിയത്..
ആരോടോ ചിരിച്ചു സംസാരിക്കുന്നുണ്ട് ..
കാറെടുത്തതും വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു ..

“ച്ചാ ..” എന്നു വേദൂട്ടി വീണ്ടും പറഞ്ഞതും ബാല ദയനീയമായ് അവനെ നോക്കി..

“എന്താടാ കുഞ്ഞൂസേ.. അച്ചേടെ കുഞ്ഞൂന് എന്താ വേണ്ടെ .. ” വാത്സല്യത്തോടെ അവൻ ചോദിച്ചത് കേട്ടപ്പോൾ ബാല അന്തംവിട്ട് അവനെ നോക്കി.

” ച്ചാ.. ” വീണ്ടും വെറുതെ പറഞ്ഞു കുറുമ്പി..
ബാല യദുവിനെ നോക്കുമ്പോൾ ചിരിയോടെ ഡ്രൈവ് ചെയ്യുന്നുണ്ട്..
വല്ലാത്തൊരു ശ്വാസംമുട്ടൽ തോന്നിയവൾക്ക്..

“തനിക്കൊന്നും സംസാരിക്കാനില്ലേ.. “യദുവിൻ്റെ ശബ്ദം കേട്ടതും തലയുയർത്തി നോക്കി..

” അനന്തുവിനോടുള്ള വാശിപ്പുറത്ത് സമ്മതിച്ചതല്ലേ.. പിന്നെന്ത് സംസാരിക്കാനാലേ..” യദുവത് പറഞ്ഞതും ബാലയ്ക്കൊരു നിമിഷം കണ്ണുകൾ നിറഞ്ഞു .. ശരിയാണ്.. വാശിക്ക് തന്നെയാണ് സമ്മതം പറഞ്ഞത്… പക്ഷേ വിട്ടുകൊടുക്കാൻ തോന്നിയില്ല ..

” ഇയാളും അമ്മ പറഞ്ഞതോണ്ട് മൂളിയതല്ലേ.. പിന്നെ കടപ്പാടും സഹതാപവും..”ബാലയും പറഞ്ഞു.

“തനിക്കെല്ലാം അറിയാലോ…”യദു ചിരിച്ചു.

“എന്തിനാ വെറുതെ സമ്മതിച്ചത്… ആളുകൾ കളിയാക്കില്ലേ.. “ബാല അവൻ്റെ മുഖത്തേക്ക് നോക്കി..

“താൻ പറഞ്ഞില്ലേ സഹതാപം ..അതോണ്ട് .. “യദു പറഞ്ഞതും ബാലയിൽ വീണ്ടും നോവുണർന്നു.

ചുരം ഇറങ്ങിക്കഴിയാറായപ്പോൾ അരികിലെ തട്ടുകടയ്ക്കരികിൽ കാർ നിർത്തി.
“ഇറങ്ങ്.. ഒരു ചായ കുടിക്കാം .. “യദു പറഞ്ഞു.

ഇറങ്ങിയപ്പോഴേക്കും മോളെ എടുത്ത്
“വേദൂട്ടിക്ക് അപ്പാപ്പുവാങ്ങാം….” എന്നും പറഞ്ഞവൻ നടന്നു ..

” ച്ചാ ..കോക്കേത്ത് മതി .. ” ചോക്ലേറ്റിലേക്ക് ചൂണ്ടിയവൾ പറഞ്ഞു..

“അപ്പൊ അച്ഛേടെ കുഞ്ഞൂന് കുംബ വിശക്കില്ലേ.. അപ്പാപ്പു തിന്നിട്ട് നിറയെ ചോക്ലേറ്റ് വാങ്ങിത്തരാം..”
യദു കൊഞ്ചിച്ച് പറയുന്നുണ്ട്..

“നിച്ച് അപ്പാപ്പു മേണ്ട.. കോക്കേത്ത് മതി .. ” ആള് ചിണുങ്ങാൻ തുടങ്ങി ..ഒടുവിൽ കൈ നിറയെ ചോക്ലേറ്റും വാങ്ങി തിരിഞ്ഞപ്പോഴാണ് ദേഷ്യത്തോടെ നിൽക്കുന്ന ബാലയെക്കണ്ടത്…

“ഒരച്ഛനും മോളും.. ഇന്നിനി വേറൊന്നും വേണ്ടി വരില്ല…” ദേഷ്യത്തോടെയവൾ പറയുന്നത് കേട്ട് യദുവിന് ചിരി വന്നു..

ചൂടുള്ള കാപ്പി ഊതിക്കുടിക്കുമ്പോൾ
“വാ അമ്മയെടുക്കാലോ ” എന്നു പറഞ്ഞ് കൈ നീട്ടി ബാല ..
“ച്ചാ ..കൂടെയാ.. ” എന്നു പറഞ്ഞ് വേദൂട്ടി യദുവിൻ്റെ തോളിലേക്ക് ചാഞ്ഞതും ബാലയുടെ മുഖം ഒന്നുകൂടി കനത്തു..

തിരികെ കാറിൽ കയറിയിട്ടും മുഖം കനപ്പിച്ചിരിക്കുന്ന ബാലയെ കണ്ടപ്പോൾ യദുവിന് ചിരി വന്നു..
“കുശുമ്പ് തീരെയില്ലാ.. ” യദു പതിയെ പറഞ്ഞു..

അൽപ നേരം കഴിഞ്ഞപ്പോൾ വേദൂട്ടി ഉറങ്ങിയിരുന്നു .. ബാലയ്ക്ക് യദുവിനോട് സംസാരിക്കണം എന്നുണ്ടെങ്കിലും അവൻ്റെ മുഖത്ത് നോക്കുമ്പോൾ അറിയാതെ വായടച്ചു പോവും..
“തനിക്കെന്തെങ്കിലും പറയാനുണ്ടോ..” പല തവണ നോക്കുന്നത് കണ്ടിട്ടാവാം അവൻ ചോദിച്ചു.

” അത് .. വേദൂട്ടിയെ ചൊല്ലിയാണ് അനന്തുവേട്ടനും ഞാനും അകന്നത്.. അവൾക്ക് വേണ്ടി മാത്രാണ് ഇത്രയും നാൾ ഞാൻ ജീവിച്ചതും .. ഒരിക്കലും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല.. എന്നെങ്കിലും വേദമോൾ ഇയാൾക്കൊരു ഭാരമായ് തോന്നിയാൽ അതൊരിക്കലും കുഞ്ഞിന് താങ്ങാനാവില്ല.. അത്കൊണ്ട് .. ” അവൾ പറഞ്ഞു നിർത്തിയവനെ നോക്കി..

” അത്കൊണ്ട് .. ” അവൻ ചോദ്യഭാവത്തിൽ നോക്കി.

” ഇനിയും ആലോചിക്കാൻ സമയമുണ്ട് .. സഹതാപം മാറുമ്പോൾ ഇയാൾക്ക് ഞാനും മോളും ശല്യമായാലോ.. പിന്നീടത് വേദനയാവും.. ഇനിയൊരിക്കൽക്കൂടി  തോൽക്കാൻ വയ്യ.. ” പതറിയ ശബ്ദത്തിൽ ബാല പറഞ്ഞു തീർന്നതും യദുവിൻ്റെ കാലുകൾ ബ്രേക്കിലമർന്നു..
പെട്ടന്ന് വണ്ടി നിന്നതും ബാലയവനെ ഞെട്ടലോടെ നോക്കി..

” ഈ പൊടി കുഞ്ഞിനെ ഉപേക്ഷിക്കാൻ പറയാൻ ഞാൻ അനന്തദേവല്ല.. യദുകൃഷ്ണനാണ് .. പിന്നെ ഇവളെന്നെ അച്ഛാന്ന് വിളിക്കുമ്പോൾ വിളി കേൾക്കുന്നത് അവളുടെ അച്ഛനായിത്തന്നെയാണ്.. അല്ലാതെ വാശി തീർക്കാനല്ല .. ” യദു ദേഷ്യത്തോടെ പറഞ്ഞു തീർത്തിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു ..

ബാലനോക്കുമ്പോൾ യദു മുഖം കനപ്പിച്ചു പിടിച്ചിട്ടുണ്ട് ..
അവൻ്റെ വാക്കുകൾ കേട്ടപ്പോൾ ഒരു കുഞ്ഞു സന്തോഷം തോന്നിയെങ്കിലും അവസാനം പറഞ്ഞ വാക്ക് ഓർക്കവെ നോവും തോന്നി..
ഇടയ്ക്ക് നോക്കുമ്പോഴൊക്കെയും ആൾമുഖം വീർപ്പിച്ച് തന്നെ ഇരിപ്പാണ്..

ഫ്ലാറ്റിന് താഴെ കാർ നിർത്തി വേദൂട്ടിയെ എടുത്തപ്പോഴേക്കും അവൾ കണ്ണു തുറന്നു..
യദു ബാഗെല്ലാം എടുത്ത് പുറത്ത് വച്ച ശേഷം ഡോറച്ചേപ്പോഴേക്കും വേദൂട്ടി അവന് നേരെ കൈകൾ നീട്ടി..

“ച്ചാ ..എക്ക് .. ”

കൈ നീട്ടി കുഞ്ഞിനെ എടുത്ത ശേഷം ബാലയെ ഒന്നുരുട്ടി നോക്കി..
ബാല ബാഗെല്ലാം എടുത്തതും ” ഒന്നിങ്ങ് താ.. ” അവൻ കൈ നീട്ടി.. മുഖത്തെ ഭാവം കണ്ടതും അറിയാതെ കൊടുത്തു പോയി ..
സ്റ്റെയർ കയറി മുകളിലെത്തിയതും സുനന്ദേച്ചി നിൽക്കുന്നത് കണ്ടു..

“സുന്ദാമ്മേടെ വേദൂട്ടി എത്തിയോ.. “വേദൂട്ടിയെ കൊഞ്ചിച്ചു കൊണ്ടവർ ചോദിച്ചു.

” സുന്ദമ്മേ.. ച്ചാ ..” എന്നും പറഞ്ഞ് വേദൂട്ടി യദുവിനെ നോക്കി..

സുനന്ദ യദുവിനെ നോക്കി ചിരിച്ചു. ആരെന്ന ഭാവത്തിൽ ബാലയെ നോക്കി.. ബാല എന്നു പറയുമെന്നറിയാതെ നിന്നു..

” സുനന്ദേച്ചി എപ്പഴാ വന്നേ.. ” വിഷയം
മാറ്റാനായവൾ ചോദിച്ചു..

“ഇന്നലെ രാത്രിയെത്തി..അരവിന്ദേട്ടന് ഇന്ന് ലീവില്ല .. ” സുനന്ദ പറഞ്ഞു.

“വേദൂട്ടിയിങ്ങു വാ.. എത്ര ദിവസായി ഒന്നെടുത്തിട്ട്. ”
സുനന്ദ വേദൂട്ടിയ്ക്ക് നേരെ കൈ നീട്ടി.
യദുവിൻ്റെ കയ്യിൽ നിന്നും സുനന്ദയുടെ കയ്യിലേക്ക് ചാടിയവൾ..

ബാല വേഗം ഡോർ തുറന്നു..
ബാഗുകൾ റൂമിൽ വച്ച് വന്നപ്പോൾ അകത്ത് യദുവും മോളും കളിക്കുന്നത് കണ്ടു.. തൻ്റെ കളിപ്പാട്ടങ്ങൾ ഓരോന്നായി കൊണ്ടുവന്ന് യദുവിനെ കാണിക്കുന്ന തിരക്കിലാണവൾ..

“ചായ ..” നീട്ടിയ ചായ വാങ്ങുമ്പോഴും മുഖത്ത് നോക്കാതെ കനപ്പിച്ച് യദു  ഇരിക്കുന്നത് കണ്ടപ്പോഴേ നേരത്തെ  പറഞ്ഞതിൻ്റെ ദേഷ്യമാണെന്ന് മനസ്സിലായി..
ചായ കുടിച്ചു കഴിഞ്ഞതും
“ന്നാ.. അച്ഛപോയിട്ട് പോയിട്ട് വരാട്ടോ .. ” എന്ന് വേദൂട്ടിയോട് പറയുന്നത് കേട്ടു ..

“ച്ച പോണ്ട..നാനും ണ്ട്.. “കുറുമ്പി ചിണുങ്ങി ത്തുടങ്ങിയിരുന്നു ..

“കുഞ്ഞൂനെക്കൂട്ടാൻ അച്ഛ വരൂലോ.. കുത്തിക്കൈ നിറയെ ചോക്ലേറ്റും കൊണ്ടുവരാം.. “കുഞ്ഞിനെ എടുത്തുയർത്തി അവനത് പറഞ്ഞതും
വേദൂട്ടി കിലുകിലെ ചിരിച്ചു കൊണ്ടവൻ്റെ തോളിൽ ചാഞ്ഞിരുന്നു..

” എൻ്റെ ഒരു ഫ്രണ്ടുണ്ട് ഇവിടെ അടുത്ത്.. ഇന്നവിടെ നിന്നിട്ട് രാവിലെ ഞാൻ പോവും..” യദു ബാലയെ നോക്കി പറഞ്ഞു.

” ഉം.. “ബാലയൊന്നു മൂളി.

“പിന്നെ.. താനെന്നാ വരുന്നേ എന്ന് പറഞ്ഞാ മതി.. ഞാൻ കൂട്ടാൻ വരാം.. ” അവളെ നോക്കിയവൻ പറഞ്ഞതും
“ഇയാള് വെറുതെ ബുദ്ധിമുട്ടെണ്ടാ.. ഞാൻ ട്രെയിനിന് വന്നോളാം.. കോഴിക്കോട് എത്തുമ്പോ ടാക്സി വിളിച്ചാ മതീലോ.. ” എന്നും പറഞ്ഞവനെ നോക്കിയതും അവൻ്റെ കനപ്പിച്ച മുഖവും പല്ലിറുമ്മിയുള്ള നോട്ടവും കണ്ടതോടെ പറയേണ്ടായിരുന്നു എന്നു തോന്നി ബാലയ്ക്ക്.

കുഞ്ഞിനെ  കയ്യിലേൽപ്പിച്ച് ദേഷ്യത്തോടെ നടന്നുപോകുന്നവനെ നോക്കി നിന്നവൾ.. ദേഷ്യം നിറഞ്ഞ മുഖം കാണുമ്പോൾ ഏതോ ഒരുത്തനെ പൊതിരെ തല്ലിയിട്ട് നിലത്ത് വീണപ്പോൾ ചവിട്ടിക്കൂട്ടുന്ന പഴയ പത്താം ക്ലാസുകാരൻ യദുവിനെ ഓർമ്മ വന്നു..
‘ആ തല്ലു കൊണ്ടവൻ്റെ സ്ഥാനത്ത് ഇനിയുള്ള കാലം ഞാനാവുമോ ..’ സ്വയം ചോദിച്ചു പോയി ബാല..

“ബാലേ.. തൻ്റെ കസിൻ പോയോ.. ” സുനന്ദേച്ചി വിളിച്ചപ്പോഴാണ് യദു പോയിട്ട് കുറച്ച് നേരമായെന്ന് മനസ്സിലായത്..
“ഓ.. പോയി .. ” ദയനീയമായവൾ പറഞ്ഞു.

“ആരായിരുന്നു അത്.. വേദക്കുട്ടി ആളോട് നല്ല കൂട്ടാണല്ലോ.. ” സുനന്ദേച്ചി വിടുന്നമട്ടില്ല ..

“കെട്ടാൻ പോണ ആളാ സുനന്ദേച്ചീ .. ”
ബാല ഉദാസീനയായ് പറഞ്ഞു.

“ങേ… ” സുനന്ദ ഒന്നും മനസ്സിലാവാതെയവളെ നോക്കി…

“എന്നെ കെട്ടാൻ പോണ ആളാന്ന്.. “ബാല പറയുന്നത് കേട്ട് ..
“ഇതെപ്പോ.. ” സുനന്ദ കണ്ണ് മിഴിച്ചു നിന്നു..

“അതൊക്കെ സംഭവിച്ചൂ.. എല്ലാം വളരെപ്പെട്ടന്നായിരുന്നു.. അല്ലേലും വരാനുള്ളതൊന്നും വഴീൽ തങ്ങൂലാന്ന് പറയില്ലേ.. അതന്നെ.. ” നിരാശയയോടെ പറയുന്ന ബാലയെ കണ്ട് വായും പൊളിച്ചു നിൽക്കുന്നുണ്ട് സുനന്ദ ..

“അതേയ്.. വായടച്ച് വെക്ക് .. വല്ല ഈച്ചയും പാറ്റയും കേറും.. ” ബാലയവരോട് പറഞ്ഞു.

“അല്ലാ.. അതിന് നിനക്കെന്താ ഇത്ര സങ്കടം.. കൂട്ടിനൊരാളെക്കിട്ടുമ്പോ സന്തോഷിക്കല്ലേ വേണ്ടത്..” സുനന്ദ ബാലയേ നോക്കി.

” അറിഞ്ഞോണ്ട് പാണ്ടി ലോറിക്ക് തല വെക്കുമ്പോ ആർക്കേലും സന്തോഷണ്ടാവോ എൻ്റെ സുനന്ദേച്ചീ .. ”
എന്നും പറഞ്ഞ് ബാല അകത്തേക്ക് കയറി..
സുനന്ദയ്ക്ക് ഒന്നും മനസ്സിലായില്ല..

ബാല പതിവുപോലെ രാവിലത്തെ അങ്കമെല്ലാം കഴിഞ്ഞ് വേദൂട്ടിയെ ഡേ കെയറിലാക്കി നേരത്തെ തന്നെ ബാങ്കിലെത്തി ..
എല്ലാവരും ഓണത്തിൻ്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്ന തിരക്കിലാണ്..

സ്വന്തം സീറ്റിൽ കയറിയിരുന്നു. കമ്പ്യൂട്ടർ ഓൺ ചെയ്ത് വെറുതെ കണക്കുകൾ നോക്കിയിരുന്നപ്പോൾ അരികിലൂടെ നടന്നുപോയ വിവേകിൻ്റെ കണ്ണുകൾ തന്നിൽ പതിയുന്നതവൾ കണ്ടിരുന്നു…

തുടരും..

LEAVE A REPLY

Please enter your comment!
Please enter your name here