Home Latest എന്നെ ഭാര്യയുടെ കടമകൾ പഠിപ്പിക്കാൻ തുടങ്ങുന്നതിനു മുന്നേ ദേവിയമ്മേടെ ശരത് മോനെ ഭർത്താവിന്റെ കടമകൾ പഠിപ്പിക്കുന്നത്...

എന്നെ ഭാര്യയുടെ കടമകൾ പഠിപ്പിക്കാൻ തുടങ്ങുന്നതിനു മുന്നേ ദേവിയമ്മേടെ ശരത് മോനെ ഭർത്താവിന്റെ കടമകൾ പഠിപ്പിക്കുന്നത് നന്നായിരിക്കും… Part – 23

0

Part – 22 വായിക്കാൻ ഇവിടെ Click ചെയ്യുക.

 

രചന – ലക്ഷിത

കാളിന്ദി Part – 23

“ദേവിയമ്മേ ഞാൻ ഇറങ്ങുവാ”
കല്ലുവിന്റെ ശബ്ദം കേട്ട് അടുക്കളപ്പണിയിൽ തിരക്കിലായിരുന്ന ദേവിയമ്മ  തിരിഞ്ഞു നോക്കി
“മോള് പോകുവാണോ”
“ഉം”

അവൾ മൂളിക്കൊണ്ട് പോകാൻ തിരിഞ്ഞു
“ശരത് മോന് സുഖം ഇല്ലാതെ ഇരിക്കുമ്പോൾ പോകുന്നത് ശെരി ആണോ”
അവൾ അതിന് മറുപടി പറയാതെ ബാഗും എടുത്തു പുറത്തേക്ക് നടന്നു അവൾ താൻ പറയുന്നത്  ഒന്ന് ശ്രദ്ദിക്ക പോലും ചെയ്യാതെ പോകുന്നത് കണ്ട് ദേവിയമ്മക്ക് ചെറുതായി ദേഷ്യം വന്നു
“മോളേ..”

അവരുടെ വിളി കേട്ട് അവൾ നിന്നു. ഉള്ളിലുള്ള ദേഷ്യം  മറച്ചു വെച്ചു അവർ ചിരിയോടെ അടുത്ത് വന്നു.
“മോളേ പെൺകുട്ടികൾക്ക് പഠിപ്പും ജോലിയും എല്ലാം വേണം എന്നാലും സുഖമില്ലാത്ത  ഭർത്താവിനെ നോക്കുക എന്ന കടമ മറക്കരുത്. ”
അവളുടെ നെറുകയിൽ തലോടി കൊണ്ട് അവർ പറഞ്ഞു
“എന്നെ ഭാര്യയുടെ കടമകൾ പഠിപ്പിക്കാൻ തുടങ്ങുന്നതിനു മുന്നേ ദേവിയമ്മേടെ ശരത് മോനെ ഭർത്താവിന്റെ കടമകൾ പഠിപ്പിക്കുന്നത് നന്നായിരിക്കും.”
അവൾ പറഞ്ഞിട്ട് ഇറങ്ങി നടന്നു. ദേവിയമ്മയുടെ മുഖം കറുത്തു.

“ഞാൻ ശരത് മോന്റെ സ്വന്തം അമ്മയല്ലല്ലോ അതാ അഹങ്കാരത്തിൽ അങ്ങനെ ഒക്കെ പറഞ്ഞിട്ട് പോയത് ”
ദേവിയമ്മ ദേഷ്യത്തിൽ പല്ലു കടിച്ചു. അവളോടുള്ള ദേഷ്യം തീർക്കാൻ എന്ന പോലെ ഡോർ വലിച്ചടച്ചു. ഉടനെ തന്നെ വള്ളി പുള്ളി തെറ്റിക്കാതെ കാര്യങ്ങൾ എല്ലാം ശാരിയെ ഫോൺ വിളിച്ചു പറഞ്ഞു.
കല്ലു ബസ്സിൽ ഇരിക്കുന്ന സമയത്താണ് ശാരിയുടെ ഫോൺ വന്നത്. ബസ്സിൽ ആയതു കൊണ്ട് ആദ്യം അവൾ എടുക്കാൻ മടിച്ചു പിന്നെയും പിന്നെയും കാൾ വന്നുകൊണ്ടിരിക്കുന്നത് കണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു

“ശരത്തിനു സുഖം ഇല്ലാത്തപ്പോ പോലും നിനക്ക് കുറച്ചു ദിവസം ലീവ് എടുത്തു വീട്ടിൽ നിക്കാൻ പാടില്ലേ കാളിന്ദി? ”
ഫോൺ അറ്റൻഡ് ചെയ്ത ഉടൻ ഉപചാര വാക്കുകൾ ഒന്നും ഇല്ലാതെ ശാരി പറയാൻ തുടങ്ങി
“ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.”
കല്ലു താല്പര്യം ഇല്ലാതെ പറഞ്ഞു

“ഇന്നലെ അല്ലേ അവനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതല്ലേ ഉള്ളു. നീ ഉടനെ തന്നെ ജോലിന്ന് പറഞ്ഞു പോകാമോ ”
ശാരി ഫോണിലൂടെ കത്തി കയറി കല്ലു കൂടുതൽ കേൾക്കാൻ വയ്യാതെ കാൾ കട്ട്‌ ചെയ്തു. കഴിഞ്ഞ രണ്ട്‌ മാസത്തിനുള്ളിൽ ഒരിക്കൽ പോലും തന്നെ വിളിച്ചു സുഖ വിവരം അന്വേഷിക്കാത്തവരാണ് ഉപദേശിക്കാൻ മാത്രമായി കാശു മുടക്കി ഐ എസ് ഡി വിളിക്കുന്നത് എന്നോർത്തു അവൾ പുച്ഛത്തോടെ ചിറി കോട്ടി ഫോൺ ഓഫ്‌ ചെയ്തു ബാഗിലേക്ക് വെച്ചു. കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി രാത്രി എട്ടു മണിയോടെ അവൾ  എത്തി അവളെ കൂട്ടികൊണ്ട് പോകാൻ മെർലിൻ ഹൗസോർണർ അങ്കിളിന്റെ കാറുമായി ബസ് സ്റ്റാൻഡിനു മുന്നിൽ കാത്തു നിന്നിരുന്നു. സ്വാതി വീട്ടിൽ നിന്നും  തിരികെ എത്തീയിരുന്നു. കല്ലു വീട്ടിലേക്ക് കയറുമ്പോൾ സ്വാതി അവളുടെ കല്യാണം ഉറപ്പിച്ചതിന്റെ വിശേഷങ്ങൾ വീണയുമായി പങ്കു വെയ്ക്കുകയായിരുന്നു കല്ലുവും മെർലിനും കൂടി അവരോടൊപ്പം ചേർന്നു സ്വാതിക്ക് ആലോചന ഇഷ്ടമായി പക്ഷേ ചെക്കൻ കുറച്ചു കറുത്തിട്ടാണെന്നത് അവൾ ചെറിയൊരു വിഷമത്തോടെ പറഞ്ഞു

“പുറം കറുത്തിരുന്നാലും ഉള്ളം വെളുത്തതായാൽ പോരേ”
കല്ലു ആരോടെന്നില്ലാതെ പറഞ്ഞു അത് ശെരിയാണെന്ന് എല്ലാവരും തലകുലുക്കി
“അങ്ങനെ നിന്റെ കാര്യവും ഓക്കേ എന്റെ കാര്യം ഒക്കെ ഇനി എന്ന് ഓക്കേ ആകുമോ എന്തോ”
മെർലിൻ കളിയായി പറഞ്ഞു
“ഉം നിന്റെ കാര്യം ഉടനെ എന്നല്ല ഈ ജന്മത്തു നടക്കുമോന്നു സംശയമാണ് ”
വീണ പറഞ്ഞു അത് കേട്ട് സ്വാതിയും കല്ലുവും മുഖത്തോടു മുഖം നോക്കി പിന്നെ നോട്ടം വീണയിൽ എത്തി നിന്നു

“നിങ്ങൾ അറിഞ്ഞില്ലായിരുന്നോ നമ്മുടെ മെർലിൻ മേഡത്തിന് ഒരു ചെറിയ പ്രേമം കൂടെ വർക്ക്‌ ചെയ്യുന്ന ഒരു ഡോക്ടർ…”
സ്വാതി അത്ഭുതത്തിൽ കണ്ണു മിഴിച്ചു മെർലിനെ നോക്കി അവൾ ഒന്ന് ചിരിച്ചു കാണിച്ചു കല്ലുവിനും അത് കേട്ട് ചിരി വന്നു
“ആണോ ഡി?”
സ്വാതി അത്ഭുതത്തിൽ അവളോട് ചോദിച്ചു മെർലിൻ പതിയെ തലയാട്ടി
“ബാക്കി കൂടി കേൾക്കു..”
വീണയുടെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ വീണയിലേക്ക് തിരിഞ്ഞു.

“ഫൈസൽ മുഹമ്മദ്‌ എന്നാ ആ ഡോക്ടറിന്റെ പേര് അവൾടെ അപ്പൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ നിങ്ങള്ക്ക്”
വീണ പറഞ്ഞത് കേട്ട് സ്വാതിയും കല്ലുവും ഒരുമിച്ചു ഇല്ലെന്നു തലയാട്ടി മെർലിൻ  ഇത് കണ്ട് വിഷമത്തോടെ മുഖം താഴ്ത്തി

“വീട്ടുകാര് സമ്മതിക്കില്ലെന്നു അറിഞ്ഞു വെച്ചോണ്ട് എന്തിനാ ഇങ്ങനെ ഓരോ ഏടാകൂടത്തിൽ ചെന്നു തല വെക്കുന്നത് ”
വീണ അതും പറഞ്ഞു ചെന്നു മെർലിനെ കെട്ടിപ്പിടിച്ചു അവൾ വീണയുടെ തോളിലേക്ക് മുഖം അമർത്തി കിടന്നു കുറച്ചു നേരം കൂടി
അവരോട് സംസാരിച്ചിരുന്നിട്ട് കല്ലു എഴുന്നേറ്റു പോയി കുളിച്ചു വന്നു ഭക്ഷണം കഴിച്ചു. കിടക്കാൻ നേരം ആണ് അവൾ വീണ്ടും ഫോൺ അന്വേഷിച്ചത്. ബാഗിൽ നിന്നും ഫോൺ എടുത്തു. ഓൺ ചെയ്തു മിസ്സ്ഡ് കാൾ നോട്ടിഫിക്കഷൻസ് തുരു തുരെ വന്നു കൊണ്ടിരുന്നു.ഒന്ന് രണ്ടു മിനിറ്റുകൾക്കുളിൽ ശ്രീദേവിയുടെ കാൾ വന്നു അവൾ കാൾ അറ്റൻഡ് ചെയ്തു
“കല്ലു നിന്റെ ഫോണിന് എന്താ പറ്റിയെ എത്ര തവണ ആയി ഞാൻ വിളിക്കുന്നു ”
ശ്രീദേവി ദേഷ്യപ്പെട്ടു

“ഫോൺ ഓഫ്‌ ആയി പോയി ഞാൻ ശ്രദ്ദിച്ചില്ല ”
കല്ലു പതിയെ പറഞ്ഞു
“ഫോൺ ഓഫ്‌ ആയി പോയാതൊ നീ മനപ്പൂർവം ഓഫ്‌ ചെയ്തു വെച്ചതോ?”
ശ്രീദേവി ചോദിച്ചു കല്ലുവിന് അത് കേട്ട് ദേഷ്യം വന്നു
“അമ്മ ഇപ്പൊ എന്തിനാ വിളിച്ചേ ”
സ്വരം പരമാവതി നിയന്ത്രിച്ചു അവൾ ചോദിച്ചു
“ശരത്തിനു സുഖം ഇല്ലാത്തപ്പോ നീ എന്താ അവിടെ നിക്കാതെ തിരിച്ചു വന്നേ നാളെ തന്നെ ലീവ് എടുത്തു പോണം കേട്ടോ കല്ലു അല്ലെങ്കിൽ മോശമാ ”

“അമ്മ… അമ്മയെങ്ങെനെയാ അറിഞ്ഞേ?”
“ശാരി വിളിച്ചിരുന്നു അവൾ ആകെ സങ്കടപ്പെട്ടാ സംസാരിച്ചേ ”
അവൾ അതിന് മറുപടി ഒന്നും പറയാതെ നിന്നു. ദേഷ്യവും സങ്കടവും കണ്ട് കണ്ണു നിറഞ്ഞു വാക്കുകൾ നഷ്ടപ്പെട്ടു
“നീ എന്താ ഒന്നും പറയാത്തെ ”
കല്ലുവിന്റെ മൗനത്തിന്റെ  കാരണം അറിയാതെ അവർ ചോദിച്ചു
“എന്ത് കൊണ്ട് ഞാൻ തിരിച്ചു വന്നു എന്ന് അമ്മ ഒരു വാക്ക് ചോദിച്ചില്ലല്ലോ തുടക്കത്തിലേ വഴക്ക് പറയുവല്ലേ ”
ഇടയ്ക്കിടെ വിങ്ങികൊണ്ട് അവൾ പറഞ്ഞു

“വഴക്കല്ല കല്ലു ഞാൻ കാര്യം പറഞ്ഞതാ  ഒരാളിന്റെ പ്രശ്നം പറഞ്ഞു തീർത്തിട്ട് അധികം ആയിട്ടില്ല ഇനി നിന്റെ കാര്യം കൂടി…. ”
ഭാര്യയും ഭർത്താവും തമ്മിലുള്ള എന്തോ ചെറിയ സൗന്ദര്യപിണക്കമാണ് കല്ലു പിണങ്ങി വന്നതിനു കാരണം എന്ന് കരുതി അവർ പറഞ്ഞു കൊണ്ടിരുന്നു.കല്ലു താൻ എന്തു കൊണ്ടു പിണങ്ങി വന്നു എന്നത് പറയാൻ മനസ്സിൽ ഓർത്തു എവിടെ തുടങ്ങണം എങ്ങനെ പറയണം എന്നറിയാതെ നിന്നു ശ്രീദേവിയുടെ ഉപദേശം തുടരവേ തല മന്ദിച്ചത് പോലെ തോന്നി കൂടുതൽ സംസാരിക്കാൻ നിൽക്കാതെ കല്ലു ഫോൺ കട്ട്‌ ചെയ്തു.അമ്മ തന്റെ ഭാഗം കേൾക്കാൻ മനസു പോലും കാണിച്ചില്ലല്ലോന്ന് ചിന്തിച്  അവൾ ഉറങ്ങാൻ കിടന്നു.

“കബനി നീ മാരീഡ് ആണെന്ന് വരുൺ സർന് അറിയോ?”
ലാവണ്യ അവളുടെ മുഖത്തേക്ക് നോക്കി വർക്കിൽ തന്നെ ശ്രദ്ദിച്ചിരുന്ന കിട്ടു അത് കേട്ടില്ല. രണ്ട് പേരും ഓഫീസിൽ ഇരിക്കുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വരുൺ കിട്ടുവിനോട് ഫ്രീ ആയി ഇടപെടുന്നത് കണ്ട് ലാവണ്യക്ക് സംശയം തോന്നി തുടങ്ങി
“എന്താ എന്താ നീ ചോദിച്ചേ കേട്ടില്ല”
“ഡി നിന്റെ കല്യാണം കഴിഞ്ഞതാണെന്ന് വരുൺ സർന് അറിയോന്ന്?”

“ആ… ചിലപ്പോ അറിയുമായിരിക്കും”
“നീ പറഞ്ഞില്ലേ?”
ലാവണ്യ സംശയത്തോടെ ചോദിച്ചു
“ചോദിച്ചില്ല അത് കൊണ്ട് പറഞ്ഞില്ല”
“എനിക്ക് തോന്നുന്നത് അയാൾക്ക് അങ്ങനെ ഒരു കാര്യം അറിയില്ലെന്നാ നിന്നോട് ഇടപെടുന്ന രീതി വെച്ചു അയാൾക്ക് നിന്നോടൊരു സോഫ്റ്റ്‌ കോർണർ ഉണ്ട് ”
“ഒന്ന് പോയെടി ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ് ”
“എനിക്ക് തോന്നുന്നില്ല മോളേ കഴിഞ്ഞ ദിവസത്തിന് മുൻപ് വരെ ഒരു ഡൌട്ട് മാത്രേ ഉണ്ടായിരുന്നുള്ളു ഇന്നലെ മാളിൽ വെച്ചുള്ള അയാളുടെ പ്രകടനം കണ്ടപ്പോ എനിക്ക് ഉറപ്പായി”
കിട്ടു മോണിറ്ററിൽ നിന്നും നോട്ടം മാറ്റി ലാവണ്യയെ തന്നെ നോക്കി ഇരുന്നു
“നീ എന്താ പറഞ്ഞു വരുന്നേ വീഴാൻ പോയപ്പോ ഒന്ന് പിടിച്ചു നിർത്തിയതിനാണോ നീ ഇത്രേം ഡെവലപ് ചെയ്തു പറയണേ കഷ്ടം നീ ഹിന്ദി സീരിയൽ കാണുന്നത് നിർത്തേണ്ട കാലം കഴിഞ്ഞു പെണ്ണേ ”
“പോടീ നീ വീഴാൻ പോയപ്പോ നിന്നെ പിടിച്ചില്ലേ അപ്പൊ സർന്റെ കണ്ണിൽ….”
“എന്നോടുള്ള പ്രണയം ആയിരുന്നുന്നാ..”
“അങ്ങനെ അല്ല അതു പോലത്തെ ഭാവം ആയിരുന്നു”

“ഇതാ ഞാൻ പറഞ്ഞത് നീ സീരിയൽ കാണുന്നത് കുറക്കണംന്ന്‌ ഞാൻ അയാൾടെ കണ്ണിൽ കണ്ണട മാത്രേ കണ്ടുള്ളു ”
ലാവണ്യ ചുണ്ട് കോട്ടി
“ഞാൻ പറയാൻ വന്നത് ഇത്രേ ഉള്ളു നീ മാരീഡ് ആണെന്ന് സർനെ അറിയിക്ക് അല്ലെങ്കിൽ നാളെ മുതൽ നെറ്റിയിൽ കുറച്ച് സിന്ദൂരം എങ്കിലും ഇട്ടിട്ട് വാ സർ തനിയെ മനസിലാക്കി കൊള്ളും അല്ലെങ്കിലേ നീയും ജിത്തു ഏട്ടനും തമ്മിൽ പ്രശ്നമാ സർനെ കാരണം അത് കൂടണ്ട.”
ലാവണ്യ പറഞ്ഞിട്ട് വർക്കിലേക്ക് തിരിഞ്ഞു കിട്ടു അവൾ പറഞ്ഞതിനെ കുറച്ചു ചിന്തിച്ചിരുന്നു  നെറുകയിൽ ഒന്ന് തൊട്ട് നോക്കി ചുവക്കാത്ത സീമന്ത രേഖ. ഒന്ന് നെടുവീർപ്പിട്ട് ചിന്തകളെ ഒതുക്കി കൊണ്ട് വീണ്ടും അവൾ വർക്കിലേക്ക് തിരിഞ്ഞു

മൂന്നു ദിവസങ്ങൾക്കു ശേഷം ഉള്ള ഒരു മഴയുള്ള വെളുപ്പാൻ കാലം മുഖമില്ലാത്ത ഒരു സത്വം കട്ടിലിൽ കിടക്കുകയായിരുന്ന കല്ലുവിന്റെ മുഖത്തേക്ക് എന്തോ കട്ടിയുള്ള സാധനം എടുത്തിട്ട് അമർത്തി അവൾ അതിനടിയിൽ കിടന്നു ഞെളിപിരി കൊണ്ടു ശ്വാസം മുട്ടി കണ്ണു തുറിച്ചു. കല്ലു ഞെട്ടി ഉണർന്നിരുന്നു കിതച്ചു പുറത്തു തകർത്ത് മഴ പെയ്യുന്നുണ്ടെങ്കിലും അവളിരുന്നു വിയർത്തു ദാഹിച്ചു തൊണ്ട വരണ്ടു അവൾ എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്യാൻ നോക്കി കറന്റ് ഇല്ലായിരുന്നു ഫോൺ തപ്പി എടുത്തു ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു അടുക്കളയിലേക്കു പോയി വെള്ളം എടുത്തു കുടിച്ചു തിരികെ വന്നു കിടന്നിട്ടും കണ്ട സ്വപ്നവും അതെല്പിച്ച ഭയവും അവളെ വിട്ടു പോയില്ലേ എന്തു കണ്ട് ഇങ്ങനെ ഒരു സ്വപ്നം എന്നാലോചിച്ചു ഉറമില്ലാതെ അവൾ കിടന്നു 6 മണിയോടെ കറൻറ് വന്നു അപ്പോൾ തന്നെ അവൾ എഴുന്നേറ്റ് അടുക്കളയിൽ കയറി പണികൾ ഒക്കെ ഒതുക്കി കോളേജിലേക്ക് പോകാൻ ഇറങ്ങി വീട് പൂട്ടി സ്വാതിയോടൊപ്പം ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അനന്ദുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്. അവളുടെ മനസ്സിൽ ഒരു ഭയം മൊട്ടിട്ടു. കാർ തുറന്നു നിർവികാരമായ മുഖത്തോടെ ഇറങ്ങിയ അനന്ദുവിനെയും ആകാശിനെയും കണ്ട് അവൾ പടികൾ ഓടി ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു

“എന്താ അനന്ദു ഏട്ടാ അച്ഛനെന്തെങ്കിലും ”
അവൾ പേടിയോടെ ചോദിച്ചു
“ഇല്ല അമ്മാവന് കുഴപ്പം ഒന്നും ഇല്ല നമുക്ക് ഒന്ന് വീടു വരെ പോകാം ഒരു കാര്യം ഉണ്ട് ”
അവൾ അവന്റ ഷർട്ടിൽ മുറുകെ പിടിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി

“പറയാം നീ വാ ”
അനന്തു കല്ലുവിന്റെ കൈകൾ ഷർട്ടിൽ നിന്നും വിടുവിച്ചു അവളെ കാറിൽ കയറ്റി ഇരുത്തിയിട്ട് സ്വാതിയുടെ അടുത്തേക്ക് ചെന്നു കല്ലു കാറിന്റെ ഗ്ലാസ്സിലൂടെ അതും നോക്കി ഇരുന്നു അനന്ദു സ്വാതിയോട് എന്തോ പറഞ്ഞു കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ അവളുടെ മുഖം മാറി വാ പൊത്തി അവൾ കരച്ചിൽ അടക്കാൻ ശ്രമിക്കുന്ന പോലെ തോന്നി കല്ലുവിന്
“അക്കു സത്യം പറ അച്ഛന് എന്ത് പറ്റി ”
“ചേച്ചി വല്യച്ഛന് ഒന്നും ഇല്ല വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഫോൺ വിളിച്ചു താരം ”
ആകാശ് പറഞ്ഞു കല്ലു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു

“എന്നാ വിളിക്ക് പെട്ടെന്ന് വിളിക്ക് ”
കല്ലു അവനെ നോക്കി പറഞ്ഞു അവൻ ഉദയനെ വീഡിയോ കാൾ വിളിക്കാൻ ശ്രമിച്ചു കാൾ കണക്ട് ആയ ഉടനെ തന്നെ കട്ട്‌ ആകുകയും ചെയ്തു അച്ഛന്റെ മുഖം മിന്നായം പോലെ കല്ലു കണ്ടു
“റേഞ്ച് ഇല്ല ചേച്ചി”
ആകാശ് പറഞ്ഞിട്ട് ഫോൺ മാറ്റി വെച്ചു ഒരു നിമിഷത്തേക്കെങ്കിലും അച്ഛൻ സുഖമായി ഇരിക്കുന്നത് കണ്ടല്ലോ എന്നോർത്തു അവൾ സമാധാനപ്പെട്ടു. സീറ്റിലേക്ക് ചാരി അനന്ദു സ്വാതി എടുത്തു കൊടുത്ത കല്ലുവിന്റെ ബാഗും ആയി വന്നു കാറിലേക്ക് കയറി

“എന്താ കാര്യംന്ന്‌ പറ അനന്ദു ഏട്ടാ”
കല്ലു ചോദിച്ചു കൊണ്ടിരുന്നു അയാൾ ഒന്നും പറഞ്ഞില്ല പ്രിയപ്പെട്ട ആരോ മരണപ്പെട്ടു എന്ന് അവൾക്ക് തോന്നി അച്ഛന് കുഴപ്പമൊന്നും ഇല്ലെങ്കിൽ പിന്നെ ആർക്ക് എന്ത് സംഭവിച്ചു അച്ഛമായുടെ മുഖം ആണ് ആദ്യം മനസ്സിൽ തെളിഞ്ഞത്
“അനന്ദു ഏട്ടാ അച്ഛമ്മക്ക് എന്തെങ്കിലും ”

“ഉം”
അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ അച്ഛമ്മയുടെ ഓർമയിൽ കണ്ണീർ വാർത്തു കൊണ്ട് സീറ്റിലേക്ക് ചാരി എപ്പിഴോ കണ്ണുകൾ അടഞ്ഞു പോയി ഇടയ്ക്കു ഉണർന്നപ്പോൾ കണ്ട വഴി കണ്ട് അവൾ ഞെട്ടി നേരെ ഇരുന്നു ഒന്ന് കൂടി നോക്കി ഇത് ശരത്തിന്റെ വീട്ടിലേക്കുള്ള വഴി ആണല്ലോ എന്നോർത്തു അവൾക്ക് ഭയമായി. നെഞ്ച് വേദനിക്കാൻ തുടങ്ങി.ആകെ അസ്വസ്ഥത ശ്വാസം എടുക്കാൻ പ്രയാസം പോലെ
“അനന്തു ഏട്ടാ”

അവൾ അനന്ദുവിന്റെ തോളിൽ അമർത്തി പിടിച്ചു. അവൻ ഒന്നും മിണ്ടാതെ ഇരുന്നു
. ശരത്തിന്റ വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കാറ്‌ കയറി പോയി ചുറ്റും കൂടി നിൽക്കുന്ന ആൾക്കാരെ കണ്ടു അവൾ വിറക്കാൻ തുടങ്ങി അനന്ദുവിന്റെ തോളിലേ അവളുടെ പിടി മുറുകി കാർ നിർത്തി അനന്ദു ഇറങ്ങി ബാക്കിലെ ഡോർ തുറന്നു

“കല്ലു… ”
ദയനീയമായ മുഖത്തോടെ അനന്ദു അവളെ വിളിച്ചു കല്ലു ഇല്ലെന്ന് തലയാട്ടി ഇവിടന്നു ഓടി ഒളിക്കാൻ അവളുടെ മനസുവെമ്പി. അനന്ദു അവളുടെ കൈ പിടിച്ചു വെളിയിലേക്ക് ഇറക്കി കിലുകിലെ വിറക്കുന്ന അവളെ ചേർത്തു പിടിച്ച് അകത്തേക്ക് നടന്നു.ലിവിങ് റൂമിൽ കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ശരത്തിനെ കണ്ട് കല്ലുവിന്റെ ഉടൽ വിറച്ചു കാഴ്ച മങ്ങി അനന്ദുവിന്റെ കൈകളിൽ നിന്ന് ഊർന്ന് അവൾ താഴെ വീണു.

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here